Wednesday, February 6, 2019

തവളപ്പേടി

നാലുകെട്ടിൽ നിന്നും കുറെ അകലെ വിശാലമായ പറമ്പിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ പാടത്തിന്റെഅതിരിലായിരുന്നു കുളം. ചുറ്റും കുറ്റിച്ചെടികളും മരങ്ങളും തിങ്ങിവളർന്നിരുന്ന മനോഹരവും വിശാലമായ കുളം. നട്ടുച്ചക്കും നിഴൽ പരത്തി ഇരുണ്ട പരിസരം മനോഹരമെന്ന പോലെ അപരിചിതർക്ക് ഭീകരവുമായിരുന്നു. തൃസന്ധ്യകളിലും നട്ടുച്ചകളിലുമൊക്കെ ജിന്നുകളും ഗന്ധർവന്മാരുമൊക്കെ വിഹരിച്ചിരുന്നുവത്രേ പണ്ട്.
പുഴപോലും വറ്റിവരണ്ട വേനലറുതികളിൽ   ഗ്രാമീണരെല്ലാവരും സ്വന്തമെന്ന പോലെ കരുതി സ്വതന്ത്രമായി ഉപയോഗിച്ചിരുന്ന കുളം.
ഈയുള്ളവൻ മരണവുമായി നടത്തിയിട്ടുള്ള ഒരുപാട് അഭിമുഖങ്ങളിൽ മൂന്നെണ്ണം ഈ കുളത്തിന്റെ  പശ്ചാത്തലത്തിരായിരുന്നു എന്നത് കുളവുമായുള്ള സ്നേഹം വർദ്ധിക്കാനൊരു കാരണമായി.
വളരെ കുഞ്ഞായിരുന്നു ഞാൻ. അശു, വലിയതലയും മെലിഞ്ഞ ഉടലുമായി കാണാൻ വലിയ കൗതുകമൊന്നുമില്ലാത്ത ഒരു കുട്ടി. എങ്കിലും തറവാട്ടിലെ ഈ തലമുറയിലെ ആദ്യ ആൺകുഞ്ഞ് എന്ന ഒരു പരിഗണനയും ലാളനയും എനിക്കു കിട്ടി. എനിക്ക് തലേദിവസം എന്റെ മൂത്താപ്പാക്ക് ജനിച്ച മാളു കഴിഞ്ഞേ സീനിയോറിറ്റിയുള്ളൂ എങ്കിലും. എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ട്  പാടത്തും പറമ്പിലും ഒക്കെ കൊണ്ടു നടക്കും. അന്ന് കുഞ്ഞുട്ടി എളാപ്പാന്റെ ഒക്കത്തായിരുന്നു ഞാൻ. കൂടെ ഹംസക്കോയ എളാപ്പയും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നത്രേ എനിക്കോർമ്മയില്ല. എന്നെയുമെടുത്തുകൊണ്ട് പാടത്തേക്ക് പോകാനായിരുന്നു പരിപാടി. കുളത്തിന്റെ വക്കിലൂടെ അപ്പുറത്തേക്ക് ചാടിക്കടന്നതും എളാപ്പ കാൽ വഴുതി എന്നെയും കൊണ്ട് കുളതിലേക്കു വീണു. വീഴ്ചയിൽ കുളത്തിന്റെ പടവിലിരുന്നിരുന്ന ഒരു കണ്ണുതുറിയൻ പോക്കാച്ചിത്തവളയും ഞങ്ങളോടൊപ്പം ചാടി. അവന്റെ തുറിച്ച കണ്ണുകൾ എന്റെ കൊച്ചു മനസി  ലെവിടെയോ ഉടക്കി നില്പായി. വെള്ളത്തിൽ വീണിട്ടും എളാപ്പ എന്നെ വിട്ടില്ല. ചിരിച്ചുകൊണ്ട് എന്നെയും കൊണ്ട് നീന്തി കരകയറി. തവളയുടെ കണ്ണുകൾ എന്റെ കൊച്ചുമനസിൽ മായാത്ത ഭീതിയായി. വൈകുന്നേരം പനി തുടങ്ങി തവളേ തവളേ എന്ന് ഉച്ചത്തിൽ കരച്ചിലും. എവിടെ നോക്കിയാലും തവളകൾ മുകളിലെ അറയിൽ ഉമ്മാന്റെ കൂടെ കിടന്നപ്പോൾ അവിടെയൊക്കെ തവളകൾ. തെക്കിനിയിൽ വെല്ലിമ്മന്റെ കട്ടിലിൽ അവർകൊപ്പം എന്നെകിടത്തിയപ്പോൾ ചുവരിലൂടെ വരി വരിയായി തവളകൾ.വെല്ലിമ്മാന്റെ അടുത്തേക്ക് തിരിച്ചു കിടത്തിയപ്പോൾ അവരുടെ ശരീരത്തിലൂടെ ചാടിനടക്കുന്ന തവളകൾ കറുത്ത് തുറിച്ച കണ്ണുകളുമായി ചാടിക്കളിക്കുന്ന തവളകൾ. ധാരാളം ആളുകൾ വന്നു വിശേഷമന്വേഷിക്കാൻ. അവരിൽ അബ്ദുറഹ്മാൻ കുട്ടിക്കയും ഉസ്സനിക്കയുമൊക്കെയുണ്ടായിരുന്നു.   ഉണ്ണിപ്പരവന്റെ മരുന്നും കഷായവും, ഒരു സപ്ലിമെന്റെ എന്ന് നിലക്ക് മൗല്യാന്മാരുടെ മന്തിരിച്ചൂതലും. ഇത്കൊണ്ടൊന്നും  ഒരുകുറവുമില്ലാതെ തവളയെ വിളിച്ചുകരഞ്ഞുകൊണ്ട് രണ്ടു മൂന്നു ദിവസം.
പതുക്കെ ജ്വരം ശമിച്ചു. തവളകൾ അപ്രത്യക്ഷരായി. ഒന്നാം അഭിമുഖത്തിനു വിരാമമായി...
ഇന്നും എളാപ്പ അതു പറഞ്ഞ് എന്നെ കളിയാക്കാറുണ്ട്. എന്റെ തലയുടെ ഓവർ വൈറ്റുകൊണ്ട് ബാലൻസ് തെറ്റിയതിനാൽ മൂപ്പർ കുളത്തിൽ വീണൂ എന്ന്...

No comments: