Saturday, March 30, 2019

കിഴക്കൻ കാറ്റിന്റെ കാലം

മകരമാസമാകുമ്പോള്‍ കിഴക്കന്‍ കാറ്റു വീശും  കൃസ്തുമസ് കഴിഞ്ഞു സ്കൂളു തുറക്കുന്നതോടു കൂടെയായിരുന്നു മൂപ്പരുടെ വരവ്. അഞ്ചു കിലോമീറ്റര്‍ കുന്നു കയറി                  വാടാനാംകുറുശിസ്കൂളിലേക്കുള്ളയാത്ര... പിന്നെ പൂരങ്ങളും  വേലകളും  കഴിയുന്നതോടെ മദ്ധ്യ വേനലവധിയുമാകും. തെറിക്കുന്ന വെയില്‍ഒട്ടും  പാഴാക്കില്ല എന്നായിരുന്നു കരാര്‍. കത്തിനില്കുന്നവെയിലില്‍ കൂട്ടുകാരൊത്ത് കാട്ടിലും  മേട്ടിലും കൊയ്തൊഴിഞ്ഞ പാടങ്ങളിലും പുഴയിലും  തോട്ടിലും   മരങ്ങളുടെ മുകളിലുമൊക്കെയായി അങ്ങനെയൊരുകാലം.ഈ സൂര്യാഘാതം  എന്ന ഏര്‍പാടൊന്നും  അന്നു തുടങ്ങിയിട്ട്ണ്ടായിരുന്നില്ല.  രാത്രിയായാല്‍ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ നോവല്‍ വായന. . പാഠപുസ്തകം  തൊട്ടു നോക്കതെ കണ്ണില്‍ കണ്ട പുസ്തകങ്ങള്‍ വായിച്ച് ഞാന്‍ പിഴച്ചു പോയീ എന്നു തന്നെ പലരും  പ്രവചിച്ചിരുന്നു.അതു കുറേയൊക്കെ ശരിയാണെന്ന് ഇപ്പോള്‍ എനിക്കും    തോന്നുന്നു.  ഈവക തിരക്കുകള്‍ക്കിടയിലും    ഒന്നു വലുതായിക്കിട്ടിയാല്‍ കൊള്ളാമായിരുന്നു എന്ന് ഒരു പ്രാര്‍ത്ഥന എപ്പോഴുമുണ്ടായിരുന്നു.
ഇന്ന് കൈമോശം  വന്നു പോയ ആസുവര്‍ണ്ണകാലഘട്ടത്തെയോര്‍ക്കുമ്പോള്‍ എങ്ങനെയെങ്കിലും ഒന്നു തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് നെടു വീര്‍പ്പോടെ ഓര്‍ത്തു പോകുന്നു.
അന്ന് നടകുമെന്നുറപ്പുള്ള ആശ.. ഇന്നോ ?
നടക്കില്ല എന്നറിഞ്ഞിട്ടും  ആശിക്കുക എന്നത് ചിലരുടെ പ്രത്യേക സ്വഭാവമായിരിക്കും  അല്ലേ ....
ഈശ്വരന്‍ മനുഷ്യനു നല്‍കുന്ന ഏറ്റവും  ആനന്ദകരമായ കാലം  അവന്റെ ബാല്യമാണ്‌. ഇന്നത്തെ മക്കള്‍ക്കു ബാല്ല്യമുണ്ടോ ? രക്ഷിതാക്കളുടെ അഹന്ത അതു കവര്‍ന്നെടുക്കുന്നു...  :(

Tuesday, March 26, 2019

ആരെയാണിഷ്ടം

സുഹൃത്തു ചോദിച്ചു അരെയാ  ഇഷ്ടം  താങ്കള്‍ വായിച്ച മലയാളം  സാഹിത്യകാരന്മാരില്‍ ?
ആലോചിച്ചു നോകിയപ്പോഴാണ്‌അല്പം  കുഴയ്കുന്ന ചോദ്യമാണെന്ന് തിരിഞ്ഞത്.
ആദ്യം  വായിച്ചുതുടങ്ങിയ പൈങ്കിളി നോവലുകളെഴുതിയ മുട്ടത്തു വര്‍ക്കി കാനം  തുടങ്ങിയവര്‍ ഡിറ്റക്റ്റീവു നോവലുകളുടെ കര്‍ത്താക്കളായ കോട്ടയം  പുഷ്പ നാഥ്, ദുര്‍ഘാപ്രസാദ് ഖത്രി,  പിന്നെ ഓടയില്‍ നിന്ന് ഭ്രാന്താലയം , അയൽക്കാർ,റൌഡി മുതലായവയിലൂടെ പരിചയപ്പെട്ട കേശവദേവ്,ചെമ്മീന്‍, തോട്ടിയുടെ മകന്‍ കയര്‍ മുതലായവയുടെ കര്‍ത്താവ് തകഴി, ഇരുട്ടിന്റെ ആത്മാവ്‌, നാലുകെട്ട് തുടങ്ങി പെരും  തച്ചനും  രണ്ടാമൂഴവും  സമ്മാനിച്ച് എം ടി. ഉമ്മാച്ചുവിനേയും  സുന്ദരിമാരെയും  സുന്ദരന്മാരെയും  പരിചയപ്പെടുത്തിത്തന്ന ഉറൂബ്, ഒരു തെരുവിന്റെ കഥയും  ഒരു ദേശത്തിന്റെ കഥയും  കൊണ്ട് വിഖ്യാതനായ എസ് കെ, ഒരു മൊയ്യും  കൂടി ബാക്ക്യുണ്ട്‌എന്ന് മുസ്ലിം  സമൂഹത്തെ ഓര്‍മ്മിപ്പിച്ച മൊയ്തു പടിയത്ത്ഇരട്ടമുഖങ്ങളുടെ കര്‍ത്താവ് വി ടി നന്ദകുമാര്‍, താളം  പിഴച്ച നിര്‍ത്തങ്ങള്‍‌നല്കിയ പി അയ്യന്നേത്ത് ഹിഗ്വിറ്റ, ഇന്നലത്തെ മഴ എഴുതിയ എന്‍ മോഹനന്‍, തിരുത്ത് മുതലായവ നല്കിയ എന്‍ എസ് മാധവന്‍, കസാക്കിന്റെ ഇതിഹാസം  ധര്‍മ്മ പുരാണം  എന്നിവ തന്ന ഒ വി വിജയന്‍, പരിണാമം  എന്ന ഒറ്റ നോവലിലൂടെ മലയാളികളെ സസ്പെന്‍സിലാക്കിയ നാരായണപ്പിള്ള.. എന്റെ കഥയും  നീര്‍മാദളം  പൂത്തകാലവുമെഴുതിയ കമലാ സുരയ്യ, അഗ്നി സാക്ഷിയിലൂടെ നമ്മെകരയിപ്പിച്ച ലളിതാംബിക അന്തര്‍ജ്ജനം, മയ്യഴിപ്പുഴയുടെ തീരങ്ങളും  ദൈവത്തിന്റെ വികൃതികളും കേശവന്റെ വിലാപങ്ങളും   നമുക്ക് തന്ന എം  മുകുന്ദന്‍, സ്മാരകശിലകളിലൂടെ സ്മരണീയനായ പുനത്തില്‍, കൂമന്‍ കൊല്ലി നെല്ല് മുതലായവയിലൂടെ പ്രസിദ്ധയായ പി വത്സല,  ഇനിയൊരു നിറകൺചിരി
കരൾ പിളരും കാലം,മുൻപേ പറക്കുന്ന പക്ഷികൾ,വേർപാടുകളുടെ വിരൽപ്പാടുകൾ,ഇവിടെ എല്ലാവർക്കും സുഖം തന്നെ,സ്പന്ദമാപിനികളേ നന്ദി,പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും,പുഴ മുതൽ പുഴ വരെ... തുടങ്ങിയവയിലൂടെ എന്നെ കീഴടക്കിയ സി രാധാകൃഷ്ണന്‍ എന്ന ദാര്‍ശനികനായ ചമ്രവട്ടത്തുകാരന്‍ ..
ഇവരെയൊക്കെ എനികു പെരുത്തിഷ്ടമാണ്‌... അതുകൊണ്ടാണല്ലോ മറവിയുടെ ഈ പ്രായത്തിലും  ഇതൊക്കെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ രണ്ട് പേരുണ്ട്‌ പ്രത്യേക ഇഷ്ടക്കാര്‍ അവരാണ് ഇവര്‍ സുല്‍താനും നാണ്വാരും...
മറ്റുള്ലവര്‍ അവരുടെ ഭാവനകള്‍ നമ്മെ ബോധിപ്പിച്ചപ്പോള്‍ ബഷീറും  വി കെ എന്നും  അവരുടെ അനുഭവങ്ങള്‍ കൊണ്ട്‌ നമുക്ക് മായാജാലങ്ങൾ കാണിച്ചു തന്നു. ഏതു പ്രതിസന്ധിയെയും  നര്‍മ്മ ബോധത്തോടെ നോക്കിക്കാണാന്‍ എന്നെ പഠിപ്പിച്ചത് ഇവരാണ്.ലോകത്തെ ഒരു കാര്‍ട്ടൂണായി കാണുക. ബോബനും  മോളിയും  പോലെ എന്നിട്ട് സ്വയം  അതിലൊരു കഥാപാത്രമാവുക. ഒന്നു ചെയ്തു നോക്ക്യേ നല്ല രസേര്‌ക്കും  ...  ;)

Monday, March 25, 2019

മഴ തോർന്നപ്പോൾ

തപിച്ചുരുകുന്ന ആകാശത്തിനു കീഴെ തണുത്ത് വിറക്കുന്ന മഴക്കാലത്തെ ഓർക്കുന്നത് സുഖമുളള ഒരു  ഏർപ്പാടാണ്.......
നടുമിറ്റത്ത് ഉച്ചത്തിൽ പതിക്കുന്ന മഴയുടെ ശബ്ദം കേട്ടാണ് അവൻ ഉണർന്നത്. ഇച്ഛാഭംഗത്തോടെ അവനോർത്തു ഇന്നും മഴതന്നെ.
തലേന്ന് പകലും രാത്രി മുഴുവനും
മഴ തോരാതെ പെയ്തിരുന്നു. പുറത്തൊന്നും ഇറങ്ങാൻ ഒരു പഴുതുമില്ലാത്ത മഴ. കുട്ടിയുടെ ഒരു പാട് പദ്ധതികളാണ് മഴ മുക്കിക്കളഞ്ഞത്. മിറ്റത്തും തൊടിയിലും പാടത്തുമൊക്കെ ഓടിനടക്കേണ്ട ഒരൊഴിവു ദിവസം കോലായിൽ ഒതുങ്ങിക്കൂടേണ്ടി വരിക മഹാ മടുപ്പൻ പരിപാടിതന്നെ... കോലായത്തിണ്ണയിലേക്ക് ചാഞ്ഞ് മിറ്റത്ത് പെയ്യുന്ന മഴ നോക്കിക്കൊണ്ട് അവൻ ചിന്തയിലാണ്ടു... തൊഴുത്തിൽ നിൽകുന്ന പോത്തുകളും മൂരികളും തൊഴുത്തിന്റെ ഇറയത്ത് കയറിനിൽകുന്ന നനഞ്ഞൊട്ടിയ കോഴികളും മിറ്റം നിറഞ്ഞ്  പടിഞ്ഞാറോട്ടൊഴുകിപ്പോകുന്ന മഴവെള്ളവും തൊഴുത്തിനു മുകളിൽ പടർന്നു നിൽകുന്ന് മത്ത വള്ളിയിൽ വിടർന്നു നിൽകുന്ന മഞ്ഞപ്പൂക്കൾക്കകത്തേക്ക് പറന്നിറങ്ങിയ കറുത്ത വണ്ടും ഒന്നും അവന്റെ ശ്രദ്ധയെ പിടിച്ചു പറ്റിയില്ല. തൊടിക്കപ്പുറം പാടവും റെയിലും പുഴയുമൊക്കെ വെളുത്ത പുകപോലെപെയ്തിറങ്ങിയ മഴയിൽ മൂടിപ്പോയിരുന്നു....
മഴയുടെ ഇരമ്പം മെല്ലെ കുറഞ്ഞു വന്നു. മഴ മെല്ലെ തോരുകയാണ്. മഴയിൽ മൂടിയിരുന്ന കൊണ്ടൂരക്കുന്ന് മെല്ലെ പ്രത്യക്ഷപ്പെട്ടു. മാനത്തോടൊപ്പം മനവും തെളിഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നിറങ്ങി. അവൻ കുളക്കരയിലേക്കു ചെന്നു. അവിടെ നിന്നാൽ പാടവും പുഴയും പാതയും ദൂരെ കൊണ്ടൂരക്കുന്നും കൂടുതൽ തെളിഞ്ഞു കാണാം. മുകിലുകൾ മാഞ്ഞ് മാനം തെളിഞ്ഞു. കുന്നിനു നെറുകിൽ വെയിൽ പരന്നു. കുട്ടി കൗതുകത്തോടെ നോക്കുമ്പോൾ പുഴയും പാടവും കുളവും ഒന്നായിരിക്കുന്നു. കണ്ടാറിപ്പാടത്ത് നടാൻ വേണ്ടി പറിച്ച് കൂട്ടിയിരുന്ന ഞാറ് പാടം മുഴുവൻ പ്രളയജലത്തിൽ ഒഴുകി നടക്കുന്നു. കോപ്പനും ചാത്തനും ചക്കനുമെല്ലാം ഞാറ്റിൻ മുടികൾ പെറുക്കിയെടുക്കുകയാണ്. ഉപ്പ കുളക്കരയിൽ പണികൾക്ക് മേൽ നോട്ടം വഹിക്കുന്നു. ഉപ്പായുടെ അനുജൻ കുഞ്ഞുട്ടി എളാപ്പ വാഴകൾ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ‌ കുളത്തോടു ചേർന്ന പാടത്തുകൂടി തുഴഞ്ഞു നീങ്ങുന്നു...
ഇപ്പോൾ എല്ലായിടത്തും വെയിൽ പരന്നിരിക്കുന്നു. പാടത്തെ കാഴ്ചകൾ കണ്ടു കൊണ്ടു നിൽകെ കുട്ടികേട്ടു വീട്ടിൽ നിന്നും ആരോ ആവനെ ഉച്ചത്തിൽ വിളിക്കുന്നു... ചായകുടിക്കാനാണ്. ചുമലിൽ നിന്നും വഴുതിയിറങ്ങിയ ട്രൗസറിന്റെ വളളി നേരെയാക്കി അവൻ വീട്ടിനു നേരെ ഒരോട്ടം വെച്ച് കൊടുത്തു....
ഫോട്ടോ: ഗൂഗിൾ

Tuesday, March 19, 2019

കെടുത്ത

സുഹൃത്ത് Abu Thai യുടെ വക പോസ്റ്റ് കണ്ടപ്പോളോര്‍ത്ത ഒരു കാരക്കാടന്‍ കഥ പങ്കു വെയ്കാം .... അബു പറഞ്ഞപോലെ പണ്ട് കല്ല്യാണങ്ങളുടെ മൊഞ്ച് പൂര്‍ത്തിയായിരുന്നത് ഗ്യാസ് ലൈറ്റ് എന്നറിയപ്പെട്ടിരുന്ന ഈ മഹാനിലൂടെയായിരുന്നു പിന്നെ പെട്ടിപ്പാട്ടും. എല്ലാഗ്രാമങ്ങളിലുമെന്നപോലെ കാരക്കാട്ടും  സ്ഥിതി മറിച്ചായിരുന്നില്ല. പുതിയാപ്ലവീട്ടില്‍ കൂടലും ചിലപ്പോള്‍‌കല്ല്യാണത്തിന്റെ അന്നുതന്നെയായിരിക്കും. പുതിയാപ്ലയുടെ കൂടെ കുറേ സ്നേഹിതന്മാരും വീറ്റില്‍ കൂടലിന്റെയന്ന് പെണ്‍ വീട്ടിലെത്തും. രാത്രി ഭക്ഷണത്തിന്നു ശേഷം കളിയും ത്യമാശയുമൊക്കെയായി അവര്‍ കല്ല്യാണപന്തലില്‍ നേരം വെളുപ്പിക്കും
സുഹൃത്ത് നവവധുവുമായി മണിയറയിലും. ചുരുക്കത്തില്‍ വരനും സുഹൃത്തുക്കള്‍ക്കും അന്ന്‌ശിവരാത്രി. ഇതിനെ പുത്യാപ്ലതേട്ടം എന്നാണ്‌നാട്ടില്‍ പറയുന്നത്.
പണ്ട് എന്നു വെച്ചാ പെട്രോള്‍ മാക്സ് സര്‍വ്വത്രയായിട്ടില്ലാത്തകാലം. പുതിയാപ്ലതേട്ടതിനു പോയി മൂന്നുനാലുപേര്‍. രാത്രി വിരുന്നൊക്കെ കഴിഞ്ഞു. തെളിഞ്ഞു കത്തുന്ന പെട്രോമാക്സിന്റെ വെളിച്ചത്ത് പന്തലിലിരുന്ന് കഥപറഞ്ഞ്‌രസിക്കാന്‍ തുടങ്ങി സുഹൃത്തുക്കള്‍. കുറേ നേരം വധുവിന്റെ പിതാവും വെടിവെട്ടത്തിനു കൂടി.. പിന്നെ മക്കളേ വെളക്ക് കെടുത്തി കിടന്നോളിന്‍ എന്നു പറഞ്ഞ് മൂപ്പരും അകത്തുകയറി വാതിലടച്ചു. നോക്കുമ്പോള്‍ ചെറുപ്പക്കാര്‍ക്കാര്‍ക്കും സൂത്രം കെടുത്താനറിഞ്ഞുകൂടാ..
ഇടക്കിടക്ക് വയസന്‍ അകത്തുനിന്നും വിളിച്ചു പറയും " മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും " മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും
" മക്കളേ വെളക്ക് കെടുത്തിന്‍ "
കെടുത്ത കെടുത്തോവ് .... എന്നുമറുപടിയും .... കുറെ കഴിഞ്ഞു വീണ്ടും .......

അങ്ങനെ പല വിദ്യകളും  നോക്കിയിട്ടും കെടുത്താന്‍ പറ്റാതെ അവസാനം വിളക്കൊരു കൊട്ടകൊണ്ടു മൂടി എന്നും അതല്ല എണ്ണ വറ്റി വിളക്ക് സ്വയം കെടുകയായിരുന്നു എന്നും
അഭിപ്രായവ്യത്യാസമുണ്ട്.... ഏതായാലും ഒരുവനെക്കൊണ്ട് കഴിയാത്ത ജോലി ആരെങ്കിലും അവനെ ഏല്പിക്കുന്നതു കണ്ടാല്‍ ഇന്നും കാരക്കാട്ടുകാര്‍ ചിരിച്ചുകൊണ്ട്‌പറയും "
കെടുത്ത കെടുത്തോവ് ....

Sunday, March 17, 2019

പുനർ വായന

പണ്ട് എഴുപ്തുകളുടെ ആദ്യം അമ്മാവൻ കൊണ്ടു വരാറുള്ള കുങ്കുമം വാരികയുടെ ലക്കങ്ങളിൽ നിന്നും രുചിച്ച ചില അദ്യായങ്ങൾ. ഉപ്പയും അമ്മാവനും കൂടി നടത്താറുള്ള സാഹിത്യ ചർച്ചകളിൽ നിന്നും മലയാറ്റൂർ പാലക്കാട്  (ഒറ്റപ്പാലം ) സബ് കലക്റ്ററായിരുന്നു എന്നറിഞ്ഞു. അദ്ദേഹത്തിന്റെ അനുഭ്വങ്ങൾ കൂട്ടിക്കുഴച്ചാണ് രചന എന്നും. പിന്നീട് എഴുപതുകളുടെ അവസാനം ആറളം ഫാമിലായിരിക്കെ സഹപ്രവർത്തകൻ വത്സൻ കൊണ്ടുവന്ന പുസ്തകം ആദ്യസ്മ്പൂർണ്ണ വായന. പിന്നീട് എൺപത്തൊമ്പതിലാണെന്നു തോന്നുന്നു  പെരുവണ്ണാമൂഴിയിൽ വെച്ച് രണ്ടാമതൊരിക്കൽ കൂടി വായിച്ചു. ഇന്നലെ മാവൂർ റോട്ടിൽ ബസ്സിറങ്ങി സ്റ്റേഷനിലേക്കു നടക്കവേ സി എച് ഒവർ ബ്രിഡ്ജിനു സമീപം ഒരു പുസ്തകപ്രദർശനം. കൗതുകത്തോടെ കയറി നോക്കിയപ്പോഴതാ മുന്നിൽ യന്ത്രം. പുറം ചട്ട ചുളുങ്ങിയിട്ടുണ്ട്. വല്ലതും കുറച്ചുകിട്ടുമെന്നു കരുതി  ചോദിച്ചു എന്താവില. മുന്നൂറ്റമ്പതാണു സർ മുന്നൂറിനുതരാം.ഞാൻ പറഞ്ഞു ഇരുനൂറ്റെൺപതാകട്ടെ. കച്ച്വടമുറച്ചു വങ്ങി മറിച്ചുനോക്കി. ചട്ടക്കുമാത്രമേപരിക്കുള്ളു പുതിയതു തന്നെ എങ്കിലും ശ്രമിച്ചാൽ പകുതിവിലക്കു കിട്ടിയേനെ എന്ന് മനസു പറഞ്ഞു. അതാണല്ലോ കോയ ചെയ്ത കച്ചവടങ്ങളിലെല്ലാം നഷ്ടം മാത്രം പറ്റിയ  നഷ്ടങ്ങളുടെ വേദനയെ നേട്ടമായി ആസ്വദിക്കുന്ന ഉപ്പുകൊറ്റൻ.നേരെ സ്റ്റേഷനിലേക്ക് വെച്ചടിച്ചു വണ്ടിയിൽ നിന്നു തന്നെ വായനതുടങ്ങി. കാരക്കാടെത്തിയത് അറിഞ്ഞില്ല.
യാദൃശ്ചികമായി ഐ എ എസ് ന്റെ മായികവലയത്തിലെത്തിച്ചേർന്ന ദരിദ്ര കുടുംബത്തിൽ നിന്നുള്ള ബാലചന്ദ്രൻ. ഒരു പാട് അപകർഷതാ ബോധങ്ങൾക്കുടമ. ട്രൈനിങ്ങ് കാലം മുതൽ അദ്ദേഹം പരിചയപ്പെടുന്ന ഒരുപാട് വ്യക്തിത്വങ്ങൾ. ഒരുക്കലും നീന്തരുത് നീന്തിയാൽ തളരും ഒഴുകുക എന്ന് ഉപദേശിക്കുന്നവർ. അവർക്ക് ഇടയിൽ ഒരുകാരണവശാലും ആദർശം കൈവിടരുത് എന്ന് ഉപദേശിക്കുന്ന ജെയിംസിനെപ്പോലുള്ളവർ. വ്യക്തി വൈജാത്യങ്ങളുടെ, ഒരുകാലത്തെ രാഷ്ട്രീയ കേരളത്തിന്റെ രേഖാചിത്രങ്ങൾ...
തീർച്ചയായും ഈ പുസ്തകം എന്റെ വ്യക്തിജീവിതത്തെയും ഔദ്യോകിക ജീവിതത്തെയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഈ മൂന്നാമത്തെ വായനയിലും എനിക്കുതോന്നുന്ന കൗതുകം അതിനു തെളിവല്ലേ ?  :)

Thursday, March 14, 2019

കുട്ടിശ്ശങ്കരൻ തുപ്പും

അമ്മയുടെ ഏക പുന്നര മോനായിരുന്നു കുട്ടിശ്ശങ്കരൻ.അതുകൊണ്ടു തന്നെ ലാളന വേണ്ടതിലധികം കിട്ടി എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ........
ആയിടെ കുട്ടിശ്ശങ്കര ഒരു ഹോബി പഠിച്ചു വെച്ചു. വീട്ടിൽ വന്നുകയറുന്നവരുടേ മേലേക്ക് കാറിത്തുപ്പുക. അതൊരു പതിവായി. തുപ്പലേറ്റ അതിഥികളുടെ ചമ്മൽ ശങ്കരനൊരു ഹരമായി അമ്മക്കും അകമേ അതൊരു രസമായീ എന്നു തോന്നുന്നു. ആരു വന്ന കയറിയാലും അവർ സ്നേഹപൂർവ്വം ഒരു മുന്നറിയിപ്പു കൊടുക്കും "" സൂക്ഷിക്കണേ കുട്ടിശ്ശങ്കരൻ തുപ്പ്വേ...''
പലർക്കും തുപ്പലേറ്റു പലരും രക്ഷപ്പെട്ടു... ഒന്നുരണ്ടു ദിവസം വീട്ടിലാരും വന്നില്ല... കുട്ടിശ്ശങ്കരനു ബോറടിച്ചു മൂപ്പർ അമ്മകാണാതെ മെല്ലെ പടിയിറങ്ങി. വഴിയിലൂടെ ആദ്യം വന്ന ആൾക്കിട്ട് തുപ്പി. അദ്ദേഹം ജാള്യതയൊന്നും കാണിക്കാതെ മടിയിൽ നിന്നും നാലണയെടുത്ത് കുട്ടിശ്ശങ്കരന് കൊടുത്ത് സ്ഥലം വിട്ടു.കുട്ടിക്ക് പെരുത്ത് സന്തോഷമായി... തന്റെ തുപ്പൽ ഒരു വരുമാന മാർഗ്ഗം കൂടിയാണെന്ന് അവനാദ്യമായി അറിയുകയായിരുന്നു.... കൊളളാ മല്ലോ എന്ന് കരുതി കാത്തിരിക്കവേ അതാവരുന്നു വഴിപോക്കനൊരാൾ...
കപ്പടാമീശക്കാരൻ. അയാൾ വാത്സല്ല്യപൂർവ്വം അവനെ നോക്കി ചിരിച്ചതു കുട്ടി കാറിത്തുപ്പിയതും ഒരുമിച്ചായിരുന്നു.. പിന്നെ ... ഠേ ർന്നൊരു ശബ്ദം മാത്രമേ അവൻ കേട്ടുളളൂ... വഴിയിൽ നിന്നും ഒരല്പ നേരം കഴിഞ്ഞാണ് മൂപ്പരെണീറ്റു പോയത്... കഴ്ചക്കാരിൽ നിന്നും വിവരമറിഞ്ഞ അമ്മ മകനെ മാറോട് ചേർത്ത് നെറുകയി തഴുകി നെടുവീർപ്പിട്ടുകൊണ്ട് വേവലാദിപ്പെട്ടു.. ദുഷ്ടൻ കൊച്ചു കുട്ട്യോടിങ്ങനെ ചെയ്യാൻ പാടുണ്ടോ.... അമ്മയുടെ സാന്ത്വനം ഇഷ്ടപ്പെട്ടെങ്കിലും കുട്ടിശ്ശങ്കരൻ പിന്നീടാരെയും തുപ്പിയിട്ടില്ല എന്ന് ചരിത്രം പറയുന്നു.

Sunday, March 10, 2019

ഞാനും മാതൃഭൂമിയും എന്റെ പത്ര പ്രവർത്തനം 1

ആയിരത്തി തൊളളായിരത്തി എഴുപത്തിനാലിലെ വേനലിലെ ഒരു ഉച്ചക്ക് വിയർത്തു കുളിച്ച് അദ്ദേഹം കയറിവന്നു. തൂവെളള വസ്ത്രം ധരിച്ച് വലിയ കണ്ണടയും പിറകിലേക്ക് ചീകിയൊതുക്കിയ മുടിയും കുടവയറുമൊക്കെയായി കാഴ്ചക്ക് യോഗ്യനായ ഒരാൾ. ഷൊർണൂർ നിന്നും റയിൽ വഴി നടന്നായിരുന്നു വരവ്. കോലായിൽ ഇരിക്കുകയായിരുന്ന കുഞ്ഞുട്ടി എളാപ്പാക്കും എനിക്കും സലാം പറഞ്ഞു. കാഴ്ചക്ക് മനസിലാകില്ലെങ്കിലും ആളൊരു ഇസ്ലാം വിശ്വാസിയാണെന്ന് പെരുമാറ്റത്തിൽ മനസിലായി.
എളാപ്പ എഴുന്നേറ്റ് അദ്ദേഹത്തെ ആദരപൂർവ്വം സ്വീകരിച്ചു ശേഷം എനിക്കു പരിചയപ്പെടുത്തി. ഇദ്ദേഹം എ എ മലയാളി. സ്വാതന്ത്ര്യ സമര പോരാളി. മാപ്പിള സാഹിത്യത്തിൽ ഗ്വേഷണം നടത്തുന്നു. ഇപ്പോൾ മാതൃഭൂമി പത്രത്തിന്റെ പാലക്കാട് ജില്ലാ ഓർഗനൈസർ. ഉച്ച ഭക്ഷണം കഴിച്ച് അദ്ദേഹം ഒരു പാടു സംസാരിച്ചു. അഗ്രിക്കൾച്ചർ കോഴ്സു കഴിഞ്ഞു നിൽകുകയായിരുന്ന എന്നെ വലിയൊരാളെപ്പോലെ പരിഗണിച്ചതിനാൽ എനിക്കദ്ദേഹത്തെ നന്നേ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സന്ദർശനോദ്ദേശം സ്ഥലം കോൺഗ്രസ് നേതാവായ എളാപ്പാനെ ഉപയോഗിച്ച് കാരക്കാട്ട് മാതൃ ഭൂമിക്ക് ഒരു ഏജൻസി തുടങ്ങുക എന്നതായിരുന്നു. അതിലേക്കായി അദ്ദേഹം ഒരു പാടു കാര്യങ്ങൾ പ്രത്യേകിച്ച് സ്ഥലം പത്രമായ മനോരമയുടെ കുറ്റങ്ങൾ. മനോരമ ഒരു മുതലാളി പത്രമാണെന്നും അതിന്റെ ലക്ഷ്യം എന്നും മുതലാളിത്തമാണെന്നും മറിച്ച് മാതൃഭൂമി ഒരു ദേശീയപത്രമാണെന്നും സ്വാതന്ത്ര്യ സമര സേനാനികളിൽ പ്രമുഖരായ നാലപ്പാട്ട് കുടുംബത്തിന്റെ നിയന്ത്രണത്തിലാണെന്നും അതിന്റെ താല്പര്യം തികച്ചു ദേശതാല്പര്യം മാത്രമാണെന്നും ഞങ്ങളെ ബോദ്ധ്യപ്പെടുത്തി.എളാപ്പാനെക്കൊണ്ട് കാരക്കാട്ട് മാതൃഭൂമിയുടെ ഏജൻസി എടുപ്പിച്ച ശേഷം വൈകുന്നേരം മൂന്നരക്ക് കിഴക്കോട്ടുളള ഷട്ടിൽ വണ്ടിയിൽ അദ്ദേഹം പാലക്കാട്ടേക്കു മടങ്ങി.‌
എളാപ്പായുടെ കീഴിൽ എന്റെ പത്രപ്രവർത്തനം അവിടെ തുടങ്ങുന്നു....
നാട്ടിൽ അന്ന് മനോരമമാത്രമേ ഉണ്ടായിരുന്നുളളൂ. മനോരമ പത്രത്തിനും ആഴ്ചപ്പതിപ്പിനും പത്തമ്പത് കോപ്പി വരിക്കാരുണ്ടായിരുന്നു. മാതൃഭൂമി ഇടക്ക് പട്ടാമ്പി പീടികയുടെ വാടക പിരിക്കാൻ പോകുമ്പോൾ കണ്ടുളള പരിചയമേ ഉണ്ടായിരുന്നുളളൂ.
വായിച്ചാൽ  മനോരമ പോലെ എളുപ്പം മനസിലായിരുന്നില്ലെങ്കിലും മാതൃഭൂമി ആഴ്ചപ്പതിപ്പ് എനിക്ക് ഇഷ്ടമായിരുന്നു. വിശേഷിച്ചും അതിൽ വരാറുളള ബഷീർ വികെ എൻ ഉറൂബ് തുടങ്ങിയവരുടെ രചനകൾ
( തുടരും )

Saturday, March 9, 2019

എടപാട് തീർക്കൽ

പണ്ട് നാട്ടിൽ മുസ്ലിങ്ങൾക്കിടയിൽ സർവ്വത്ര നടപ്പുണ്ടായിരുന്ന രസകരമായ ഒരു ഏർപ്പാടായിരുന്നു എടപാടുതീർക്കൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന തലാഖ്. ഇന്ന് അവർക്കിടയിലത് വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും അന്നതിനെ വല്ലാണ്ട് കളിയാക്കിയിരുന്ന സമുദായങ്ങൾക്കിടയിൽ ഡൈവോഴ്സ് എന്ന ആധുനികനാമത്തിൽ ഇത് പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്ര നിരീക്ഷകന്മാർ പറയുന്നത്. സംശയമുള്ളവർക്ക് ഏഷ്യാനെറ്റിന്റെ സീരിയലുകളോ അമൃത കൈരളി എന്നിവയുടെ സമാന്തര കോടതികളോ കണ്ട് ബോദ്ധ്യപ്പെടാവുന്നതാണ് എന്നും അവർ പറയുന്നു. പണ്ട് ഇതിനു മീൻ നുറുക്കിയത് കഷ്ണം വലുതായിപ്പോയി കപ്പയും പോത്തിറച്ചിയും ഒന്നിച്ചു വേവിക്കാൻ പറഞ്ഞത് വേറെവേറെ വേവിച്ചു കളഞ്ഞു എന്നിങ്ങനെ പല ഗുരുതരമായ കാരണങ്ങൾ പറഞ്ഞുകേട്ടിരുന്നു. എല്ലാം ആണുങ്ങൾ കണ്ടെത്തിയ കാരണങ്ങൾ.
" എടോ ഇല്ലാത്ത കായിണ്ടാക്കി ഞാനൊരു വാളമീൻ വാങ്ങി കനം കുറച്ച് നുറുക്കി പൊരിക്കാനും തല ചാറുവെക്കാനും ഏല്പിച്ച് പോയതാ. ഏസ നിസ്കരിച്ച് വന്ന് നോക്കുമ്പോ അവള് ബൂഡ്സിന്റെ ( ഗൂഡ്സ് ട്രൈൻ ) പെട്ടിടത്ര വലിപ്പത്തിൽ മുറിച്ച് പൊരിച്ച്ക്ക്ണൂ.പ്പൂല്ല എരീല്ല പിന്നെ തീർക്ക്വല്ലാതെ എന്താ ചെയ്യ്വാ....." എന്നായിരുന്നു ഞ്യായം. ഇന്ന് രീതി അല്പം മാറിയിട്ടുണ്ട്. പെണ്ണുങ്ങളാണ് മിക്കവാറും കാരണം കണ്ടെത്തുന്നത്. സ്വപ്നത്തിലെ ചെക്കന്മാരുടെ അത്ര പോരാ എന്നതുതന്നെ കാരണം .... ഗാർഹികപീഡനം തുടങ്ങി വ്യക്തമായ നിർവചനമില്ലാത്ത ചിലതും കേൾക്കുന്നുണ്ട്.കാലംപുരോഗമിക്കyaല്ലേ സ്ത്രീ ശാക്തീകരിക്കപ്പെടും തോറും പുരുഷന്റെത് കുറഞ്ഞുവരികയും വേണമല്ലോ...

Friday, March 8, 2019

ഒരു നഷ്ട സന്ധ്യ

വൈകുന്നേരം ചെറുപ്പക്കാരെയൊക്കെ പറഞ്ഞിളക്കി അല്പം വോളീബാളുകളി തട്ടിക്കൂട്ടിയതായിരുന്നു. നടന്നില്ല. സമൃദ്ധമായി കോരിച്ചൊരിഞ്ഞമഴയിൽ കളിക്കാനുള്ള മോഹം അലിഞ്ഞുപോയി. വിളവെടുപ്പ് തീർന്നിട്ടില്ലാത്ത മഞ്ഞളിനുമേൽ മഴ വരുത്താൻ പോകുന്ന പ്രശ്നങ്ങളോർത്തപ്പോൾ കളിക്കാനുള്ള ഉത്സാഹം ഉദാസീനതയായി ക്വാർട്ടേഴ്സിൽ വന്നു കിടന്നയുടൻ ഉറങ്ങി.
ഉണർച്ചയിൽ ആദ്യം തോന്നിയത് നേരം പുലരുകയാണ് എന്നാണ്. സമയബോധം വീണ്ടെടുത്തപ്പോൾ അറിഞ്ഞു.  സന്ധ്യകഴിഞ്ഞുഏഴുമണിയായിരിക്കുന്നു. മഴ ശമിച്ചിരുന്നു. നമസ്കരിച്ച ശേഷം പുറത്തിറങ്ങിയപ്പോൾ അന്തരീക്ഷമാകെ  തണുത്തിരിക്കുന്നു.നല്ല സുഖകരമായതണുപ്പ്. ആകാശത്തേക്കുനോക്കി.  താരകങ്ങളെയൊന്നും കാണാനില്ല. പലജാതി ശബ്ദങ്ങൾ ചീവീടുകളും രാപ്പാടികളും. ഫാമിനപ്പുറം കാട്ടിൽനിന്നും പേടിപ്പെടുത്തുന്ന ഏന്തോശബ്ദം.  അപൂർവ്വമായി വരാറുള്ള വല്ലവിരുന്നുകാരുമായിരിക്കാം. മൃഗമോ പക്ഷിയോ എന്തോ. ദൂരെ എങ്ങുനിന്നോ വാദ്യ മേളങ്ങൾ കേൾക്കുന്നുണ്ട്. എല്ലായിടങ്ങളിലും ഉത്സവങ്ങളുടെ കാലമാണല്ലോ. ഈ ഏകാന്തതയിൽ പ്രകൃതിയോടു ചേർന്നിരിക്കവേ ഞാനനുഭവിക്കുന്ന നിർവൃതി ഓർമ്മകളായി മാറാൻ പോകുന്നു. വയനാടൻ മലയിറങ്ങിയ ഉറൂബിന്റെ മായനെപ്പോലെ ഞാൻ മലയിറങ്ങാൻ പോകുന്നു ഈവരുന്ന നവമ്പറോടെ....
വീണ്ടും മഴ തുള്ളിയിട്ടു തുടങ്ങി. സമയം ഒമ്പതേ ഇരുപത്.  പോയ് കിടന്നുകളയാം. സുഹൃത്തുക്കളേ സുഖമായ് ഉറങ്ങുക. നാളെ ഇന്നത്തേക്കാൾ നന്നായിരിക്കട്ടെ....

തങ്ങളുപ്പാപ്പാന്റെ സംശ്യം

അങ്ങനെ ചെയ്താൽ അല്ലാന്റെ പക്കൽ തെറ്റാക്വോ കുട്ട്യേ.....
പണ്ട് ഒരു തങ്ങളുപ്പാപ്പ ചോദിച്ച ചോദ്യമാണിത്.വളരെ ദരിദ്രനായിരുന്നു ഉപ്പാപ്പ. എങ്കിലും ചെറുപ്പം മുതലേ ഹജ്ജിനു പോകണം എന്ന ആഗ്രഹം അദ്ദേഹത്തിൽ കലശലായിരുന്നു. അന്നത്തെ നിലക്ക് പതിനായിരം രൂപവേണം ഹജ്ജിനു പോകാൻ അതിനായി അദ്ദേഹം കേരലത്തിലുടനീളമുള്ള പള്ളികൾ സന്ദർശിച്ചു. കാണുന്നവരോടെല്ലാം ആഗ്രഹം പറഞ്ഞു. കേട്ടവരെല്ലാം ചെറിയതുകകൾ സംഭാവനകൾ നല്കി സഹകരിക്കുകയും ചെയ്തു. പത്തു പന്ത്രണ്ടു കൊല്ലത്തെ പരിശ്രമം കൊണ്ട് പത്തു പതിനയ്യായിരം രൂപ ഒപ്പിച്ചു. ഹജ്ജിന്‌ അപേക്ഷകൊടുക്കാൻ സമയമായി. ഒരുദിവസം പള്ളിയിൽ അന്തിഉറങ്ങി ഉണർന്നു നോക്കുമ്പോൾ പണം സൂക്ഷിച്ച സഞ്ചി മാത്രം കാണാനില്ല. തലേദിവസം ഇശാ നമസ്കരിച്ച് തന്റെ കൂടെ കിടന്നുറങ്ങിയ സഞ്ചാരിയായ ഭക്തനെയും കാണാനില്ലായിരുന്നു. കാശു പോയീ എന്ന സത്യം തിരിച്ചറിഞ്ഞ ഉപ്പാപ്പ കരയുകയോ ഒച്ച വെയ്കുകയോ ഒന്നും ചെയ്തില്ല. പകരം ഗാഢമായ ചിന്തയിലായി.
എങ്ങനെ ശേഷിച്ച കാലം കൊണ്ട് ഹജ്ജിനുള്ള പാഥേയം പുന:സ്സംഘടിപ്പിക്കമെന്ന് മാത്രമായി ചിന്ത.
അല്പം മതപരമായ അറിവുള്ളവരെന്ന് തോന്നുന്നവരോട് അദ്ദേഹം ചോദിക്കും ... കള്ളന്റെ കയ്യിൽ പെടാതെ ബാക്കിയായ അഞ്ഞൂറു ഉറുപ്പിക പലിശക്ക് കൊടുക്കുക. കളവു പോയതുക തിരിച്ചു വന്നാൽ ഉടൻ നിറുത്തുകയും ചെയ്യാം. ഹജ്ജിനു പോകാനല്ലേ ....അങ്ങനെ ചെയ്താൽ അല്ലാന്റെ പക്കൽ തെറ്റാക്വോ കുട്ട്യേ.....
അദ്ദേഹത്തിന്‌  അനുകൂലമായ ഫത്‌വ കിട്ടിയോ എന്നറിയില്ല.. മരണം വരെ ആദുഖവുമായി തങ്ങളുപ്പാപ്പ കേരളത്തിലെ പള്ളികൾ തോറും അലഞ്ഞോ എന്നും അറിയില്ല...
മതപരമായ സാമ്പത്തിക ചിട്ടകളൊക്കെ കൃത്യമായി പാലിച്ച് കുറേകാലം ജീവിച്ച പലരും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇങ്ങനെ ചോദിക്കുകയും സ്വയം ഉത്തരം കണ്ടെത്തുകയും ചെയ്യുന്നില്ലേ...