Wednesday, April 22, 2020

അന്നം ജീവനാകുന്നു

അന്നം ജീവനാകുന്നു...
നാട്ടിൽ കേട്ട ഒരു കഥയാണ് അന്നത്തെ ബഹുമാനിക്കാത്തതിന് ഒരു കുലം മുടിഞ്ഞ് പോയ കഥ. എല്ലാ കഥകളേയും പോലെ പണ്ട് പണ്ട് നടന്ന കഥ. കഥമാത്രം. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്. ആയിരങ്ങൾ പാട്ടം അളക്കാനുള്ള ഭൂസ്വത്ത്.‌  തറവാടിന്റെ ഐശ്വര്യം അതിന്റെ ഉഛസ്ഥായിയിലെത്തി നിൽക്കുന്ന കാലം കാരണവർക്ക് തോന്നി വീട് പ്രതാപത്തിനൊത്ത് പോരാ. ഇന്നത്തെപ്പോലെ അന്നും പ്രതാപം പ്രകടിപ്പിക്കാനുള്ള വിദ്യ വലിയ വീട് പണിയലായിരുന്നു.‌ വൈക്കോൽ പുര പൊളിച്ചുമാറ്റി ലക്ഷണമൊത്ത ഒരു നാലുകെട്ട് പണിയണം. കവളപ്പാറ കൊട്ടാരത്തേയും ദേശമംഗലം മനയേയുമൊക്കെ 
വെല്ലുന്ന ഒരു നാലുകെട്ട്. നാട്ടിൽ പ്രസിദ്ധരായ തച്ചു ശാസ്ത്ര വിദഗ്ദരെ വരുത്തി പുരക്ക് ഭൂമിയുടെ കിടപ്പിൽ മാറ്റം വരുത്തുന്നതിന്  ഭൂമിദേവിയോട് സമ്മതം വാങ്ങി കുറ്റിയടിച്ചു.‌ തറവാട്ടു വളപ്പിലെ ജീവിച്ച് കൊതി തീർന്ന മരത്തോടും അതു വെട്ടുകമൂലം പാർപ്പിടം നഷ്ടപ്പെടുന്ന പക്ഷി മൃഗാദികളോടും സമ്മതം വാങ്ങി മരം വെട്ടി. നാട്ടിലെ ഈർച്ചക്കാരായ മാപ്പിളമാരെക്കൊണ്ട് വന്ന് അവ ഈർന്ന് ഉരുപ്പടികളാക്കി.  പ്രസിദ്ധ തച്ചന്മാരെക്കൊണ്ട് മരപ്പണിയും തുടങ്ങി. 
അസ്തിവാരം കീറി തറപണിതു. ചുമരിന്റെ പണിതുടങ്ങി. മണ്ണുകൊണ്ടായിരുന്നു ചുമര്. ആശ്രിതരായ ചെറുമക്കളായിരുന്നു പണിക്കാർ. പശയുള്ള മണ്ണ വെട്ടിക്കൂട്ടി കൂനയാക്കി വെള്ള ഒഴിച്ച് ഒരുപാടാവർത്തി ചവിട്ടിക്കൂട്ടി വീണ്ടും  വെള്ള മൊഴിച്ചു നിർത്തി പിറ്റേന്ന് വീണ്ടും ചവിട്ടി അങ്ങനെ അങ്ങനെ പദം വരുത്തിയ മണ്ണ് കൊണ്ടായിരുന്നു അന്നൊക്കെ ചുമര് പണിതിരുന്നത്. പണി തുടങ്ങും മുമ്പ് മൂത്താശാരി കാരണവർക്ക് മണ്ണിന് ഉറപ്പ് കൂടാൻ ഒരുപായം പറഞ്ഞുകൊടുത്തു. ഉണങ്ങനെല്ലിട്ട് വേവിച്ച കഞ്ഞി മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക. ചുമരിന് വലിയ ഉറപ്പായിരിക്കും. കൊത്തിയാൽ കരിങ്കല്ലിൽ നിന്നെ പോലെ തീപറക്കും. കാരണവർക്ക് ഉപായം ഇഷ്ടപ്പെട്ടു. ആയിരം പറ പാട്ടം വരാനുള്ളവർക്ക് നാല് വടിപ്പൻ അരിയിട്ട് കഞ്ഞി വെച്ച് മണ്ണിൽ ചവിട്ടിച്ചേർക്കുക  ഒരു പ്രശ്നമാണോ.‌ അന്ന് മുതൽ വലിയ ചെമ്പിൽ കഞ്ഞിവെച്ച് ചുമരിനുള്ള മണ്ണിൽ ഒഴിച്ച് ചവിട്ടിക്കൂട്ടുക പതിവായി. പട്ടിണി കൊടും പിരി കൊണ്ട കാലം.‌ ഒരുനേരത്തെ അന്നത്തിനായി മനുഷ്യർ പെടാപാട് പടുന്നകാലം. ഒഴിഞ്ഞ വയറുമായി ജന്മിയുടെ ആശ്രിതർ കൊഴുത്ത പച്ചരിക്കഞ്ഞി ഒഴിച്ചമണ്ണ് ഹൃദയ വേദനയോടെ ചവിട്ടിക്കുഴച്ചു. കൂട്ടത്തിലൊരുത്തൻ മൺ കൂനയുടെ നെറുകയിൽ കെട്ടി നിർത്തിയ കഞ്ഞി കൈക്കുടന്നയിൽ കോരിക്കുടിച്ചത് യാദൃച്ഛികമായി അതു വഴി വന്ന കാരണവർക്ക് സഹിച്ചില്ല. ആള് കണിശക്കാരനാണല്ലോ അടുത്ത പണിക്കാരന്റെ കയ്യിൽ നിന്ന് കൈക്കോട്ട് പിടിച്ച് വാങ്ങി കഞ്ഞി കുടിച്ച കൊതിയന്റെ മണ്ടക്ക് ഒരടികൊടുത്തു. ഒരർച്ചയോടെ അവനപ്പൊഴേ യമപുരി പൂകുകയും ചെയ്തു. ചുറ്റും നിന്നവരോ കുറച്ചകലെ പണിയെടുത്തിരുന്ന തച്ചന്മാരോ ആരും ഒന്നും കണ്ടില്ല കേട്ടുമില്ല. കൊല്ലിനും കൊലക്കും അധികാരമുള്ള തറവാട്ടിലെ കാരണവരല്ലേ....
താമസിയാതെ പുരപ്പണി പൂർത്തിയായി. നാട്ടിൽ പ്രമാണികളെയൊക്കെ ക്ഷണിച്ച് നടത്തിയ ഗൃഹപ്രവേശവും അതി കേമമായി. അന്ന് രാത്രി അമൃതേത്ത് കഴിഞ്ഞ് അറപൂകിയ കാരണവർ പിന്നെ എഴുന്നേറ്റ് നടന്നില്ല പക്ഷാഘാതമായിരുന്നു... പിന്നെ വീട്ടിൽ ഒരു നിത്യരോഗി പതിവായി ഭാന്ത്, വെള്ളപ്പാണ്ട് അങ്ങനെ എന്തെങ്കിലുമൊന്ന്. അശ്വര്യം ക്ഷയിച്ചു. ക്രമേണ കുടുബം മുടിഞ്ഞു....മുച്ചൂടും മുടിഞ്ഞു.....

പെട്ടന്നിങ്ങനെയൊരു കഥപറയാനെന്തേ പ്രചോദനം എന്ന് ചോദിച്ചാൽ വെയർ ഹൗസിലെ അരിയെടുത്ത് കൈകഴുകാനുള്ള സാനിറ്റൈസർ  ഉണ്ടാക്കാനുള്ള തീരുമാനമത്രേ....

ചെമ്മീൻ

ഞാനാദ്യമായി കണ്ട സിനിമയാണു ചെമ്മീൻ. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്ന കാലം. ഒരു സിനിമയൊക്കെ കാണാൻ അവസരം കിട്ടുക എന്നത് ഗ്രാമത്തിലെ എന്റെ പ്രായക്കാർക്ക്..വലിയൊരു ഭാഗ്യമായിരുന്നു. കുട്ടികൾ സിനിമകാണുന്നത് ശരിയല്ല എന്ന് കരുതപ്പെട്ട കാലം.
അന്ന് സിനിമാലോകത്ത് സംഭവം തന്നെയായിരുന്നു ചെമ്മീൻ. പിന്നീടും അതുപോലൊരു ക്ലാസിക്ക് ഇറങ്ങിയിട്ടില്ല എന്നു തോന്നുന്നു വായന ഒരു ശീലമാക്കിയ മലയാളി വളരെയേറെ ഇഷ്ടപ്പെട്ട നോവലിന്റെ ചലച്ചിത്രാവിഷ്കരണം. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലത്ത് ഒരു മുഴു നീളൻ ഈസ്റ്റുമാൻ കളർ ചിത്രം. ഇറങ്ങിയേടങ്ങളിലെല്ലാം ഒരുപാടു കാലം ഓടിയ ചിത്രം. ആദ്യമായി രാഷ്ട്രപതിയുടെ സ്വർണണ മെഡൽ നേടിയ മലയാളചിത്രം. അങ്ങനെ ഒരു പാട് വിശേഷണങ്ങൾ.
വലിയ ടൗണുകളിലൊക്കെ ഇറങ്ങി കുറേ കാലം കഴിഞ്ഞാണ് ഷൊർണൂരിലെ ഓല മേഞ്ഞ 
ജവഹർ ടാക്കീസിൽ ചെമ്മീൻ എത്തിയത്. ഒരു പെരുന്നാൾകാലം. അന്ന് തറവാട്ടിൽ കുട്ടിയായി ഞാനൊറ്റക്കായിരുന്നു. അനുജൻ അലിയും ബൽകീസും ഉമ്മായുടെ കൂടെ ഉമ്മാന്റെ വീട്ടി ലായിരുന്നു എന്നാണ് ഓർമ്മ. 
ഉച്ചക്ക് പെരുന്നാൾ സദ്യയൊക്കെ കഴിഞ്ഞപ്പോൾ ഹംസക്കോയ എളാപ്പകൂട്ടുകാരായ കോമുക്ക മുഹമ്മൗട്ടിക്ക തുടങ്ങിയവരുമായി സിനിമക്ക് പോകാൻ പരിപാടിയിടുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിച്ചു നിൽകുന്നത് കണ്ടു കൊണ്ട് വെല്ല്യുമ്മ കടന്നു വന്നു. പെരുന്നാളിന് ഒറ്റക്കുനിൽകുന്ന എന്നോട് വെല്ല്യുമ്മാക്ക് സഹതാപം തോന്നിയിരിക്കണം. വെല്ല്യുമ്മ പറഞ്ഞു പോകുമ്പൊ കുഞ്ഞാപ്പൂനിം കൂട്ടിക്കോള്യെടാ... 
ജോളിയായി സിനിമക്കു പോകാനിരിക്കുന്ന കൂട്ടുകാർക്ക് ഞാനൊരു കുരിശായി എന്നു പ്രത്യേകം പറയേണ്ടല്ലോ. എന്റെ കയ്യിൽ പൈസ ഇല്ല എന്നായി എളാപ്പ. പൈസ ഞാൻ തരാം എന്ന് വെല്ലുമ്മയും. പിന്നെ തർക്കമുണ്ടായില്ല. നാലുമണിയോടെ അവരെന്നെ കൂട്ടി റെയിലോരത്തുകൂടി നടന്ന് ഷൊറ്ണൂരിലെത്തി. ഇന്ന് സ്റ്റേറ്റു ബാങ്കു നിൽകുന്ന റോഡിനു കുറേകൂടി താഴെയായിരുന്നു അന്ന് ജവർ ടാക്കീസ്. അവിടെ എത്തി ചായയൊക്കെ കുടിച്ചു. എളാപ്പ സെക്കന്റ് ക്ലാസിലാണ് ഇരുന്നത്. ഞാനും കോമുക്കയും മുഹമ്മൗട്ടിക്കയും ബെഞ്ചിലും. സിനിമ കഴിഞ്ഞു ആറോട്ടിലൂടെ തന്നെ പരിത്തിപ്ര വന്ന് റെയിൽ മാർഗ്ഗം നടന്ന് പത്തു മണിയോടെ വീട്ടിലെത്തി. പിറ്റേന്ന് വെല്ല്യുമ്മ സിനിമയുടെ കഥ ചോദിച്ചു.കണ്ടതിൽ നിന്നും മനസിലായ കഥ ഞാൻ വിവരിച്ചു കൊടുത്തു. പരീക്കുട്ടിയും കറുത്തമ്മയും കൂട്ടുകാരായിരുന്ന കഥ. കറുത്തമ്മയെ പളനി കല്ല്യാണം കഴിച്ച് കൊണ്ടു പോയ കഥ. പരീക്കുട്ടിയുടെ പക്കൽ നിന്നും‌ തോണിയും വലയും വാങ്ങാൻ മീൻ കൊടുക്കാമെന്ന കരാറിൽ കറുത്തമ്മയുടെ അച്ഛൻ ചെമ്പൻ കുഞ്ഞ് കടം വാങ്ങി പരീകുട്ടിയെ ചതിച്ച കഥ. പരീക്കുട്ടി കച്ചവടം തുലഞ്ഞ് കടപ്പുറത്ത് അലഞ്ഞ കഥ. കറുത്തമ്മയെ കുറിച്ച് അപവാദം പറഞ്ഞ് കൂട്ടുകാർ പളനിയെ പിണക്കിയ കഥ. അവസാനം രാത്രിയിൽ  ഒരു സ്രാവിനെ പിടിക്കാനുളള ശ്രമത്തിൽ പളനി ചുഴിയിൽ മുങ്ങിയ കഥ. അന്ന് കറുത്തമ്മയെ അന്വേഷിച്ച് കടപ്പുറത്തെത്തിയ പരീക്കുട്ടിയുടെ പാട്ടുകേട്ട് കറുത്തമ്മ ഇറങ്ങിച്ചെന്ന കഥ. അവർ കടകിൽ മുങ്ങി മരിച്ച കഥ. അവസാനം പളനിയുടെ കുഞ്ഞിനേയുമെടുത്ത് ചേച്യേ എന്നും വിളിച്ചു കൊണ്ട് കടപ്പുറത്തലയുന്ന കറുത്തമ്മയുടെ അനുജത്തിയിൽ പടം അവസാനിക്കുന്നത്.. ഒരു പത്തു വയസുകാരന്റെ വാഗ്വിലാസത്തിൽ ഞാൻ വെല്ല്യുമ്മാക്ക് കഥ പറഞ്ഞു കൊടിത്തു....

Tuesday, April 14, 2020

വിഷു

വിഷു
******
ഇന്ന് വിഷുവാണ്. നല്ലത് കണി കണ്ടു കൊണ്ടുണരണമെന്ന് മലയാളികൾ കരുതുന്ന ദിവസം. സുന്ദരമായ ഒരു വിഷുസ്മരണ പങ്ക് വെച്ചുകൊണ്ട് തുടങ്ങാം. ആയിരത്തിത്തോള്ളായിരത്തി എൺപത്തിമൂന്ന് ഏപ്രിൽ പതിനാല്. ഞാൻ പെരുവണ്ണാമൂഴി ഇറിഗേഷൻ പ്രൊജക്റ്റിലെ ബാച്ച്‌ലർ കോർട്ടേഴ്സിൽ താമസിച്ചിരുന്ന കാലം. ഒറ്റക്കായിരുന്നു പൊറുതി. ഭാര്യയും മകളും നാട്ടിൽ. ഒഴിവു ദിവസങ്ങളിൽ ഓഫീസിൽ പോയി കുറച്ചു നേരം ജോലി ചെയ്താൽ ഒരു ദിവസത്തെ കോമ്പൻസേഷൻ ലീവ് തരാക്കാം. അങ്ങനെ മൂന്നോ നാലോ ഒത്താൽ വീട്ടിൽ വരാം. പൈസക്ക് വലിയ മൂല്ല്യമുണ്ടായിരുന്നകാലമായിരുന്നു. മൊത്ത ശമ്പളം നാലക്കം തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മാസത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാൻ പെടാപാട് പെട്ടിരുന്ന അക്കാലത്ത് ഒരാഴ്ചത്തെ അവധിയെങ്കിലും ഇല്ലാതെ നാട്ടിൽ പോകുന്നത് മുതലാകാത്ത കച്ചവടമായിരുന്നു. അവധി ദിവസം ജോലിചെയ്യണമെങ്കിൽ സൂപ്രണ്ടിന്റെ അനുവാദം വേണം. ഒറ്റപ്പാലത്തുകാരൻ സഹസ്രനാമ അയ്യരായിരുന്നു ബോസ്. വലിയ കൊമ്പൻ മീശയുമൊക്കെയായി ഒരജാനബാഹു. വിരമിക്കാനിനി ഒരുകൊല്ലം മാത്രം ബാക്കി. കാഴ്ചക്ക് ഭീകര രൂപിയായിരുന്നെങ്കിലും തങ്കപ്പെട്ട മനുഷ്യൻ. ഹോളീഡേവർക്ക് തന്നെ എന്നെപ്പോലുള്ളവർക്ക് അദ്ദേഹം ബോധപൂർവ്വം നൽകിയ ഔദാര്യമായിരുന്നു. 
ഞാൻ പുലർച്ചെ ഉണർന്നു. സൂപ്രണ്ട് താമസിക്കുന്ന  C 1 കോർട്ടേഴ്സിലേക്ക് പുറപ്പെട്ടു. എന്റെ കോർട്ടേഴ്സ് നിൽക്കുന്ന കുന്നിന്റെ നെറുകിലായിരുന്നു സി 1. അവിടെച്ചെന്ന് മൂപ്പരുടെ സമ്മതം വാങ്ങി ഒന്നര കിലോമീറ്റർ അകലെയുള്ള ഫാമിലേക്ക് നടക്കണം. വഴിക്ക് കെ വൈ ഐ പി കാന്റീനിൽ നിന്ന് പ്രാതലും അതായിരുന്നു പരിപാടി. ഞാൻ സി 1 ലേക്ക് കുറുക്ക് വഴിക്ക് കുന്ന് കയറി. ഇന്നലെ രാത്രി പെയ്ത മഴയിൽ കുതിർന്ന് കിടക്കുന്ന വഴിയിൽ ചിതറിക്കിടക്കുന്ന മരുതിൻ പൂക്കൾ. നെറുകിലെത്തി തിരിഞ്ഞു നോക്കി. സുന്ദരിയായ പ്രകൃതിയെ കണികണ്ടു. കക്കയം മലകൾക്ക് മുകളിലൂടെ ഉദിച്ചുയരുന്ന സൂര്യന്റെ പ്രഭയിൽ മുങ്ങി നിൽക്കുന്ന ഡാമും പരിസരങ്ങളും മനോഹരമായ കാഴ്ച കുറച്ച് നേരം ആസ്വദിച്ച് ഞാൻ സി 1 ലേക്ക് നടന്നു. കോർട്ടേഴ്സിനു മുന്നിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്ന. ചെന്ന് ബെല്ലടിച്ചു. താമസിയാതെ അദ്ദേഹം വാതിൽ തുറന്നു ഗൗരവത്തിൽ നോക്കി. ചോദ്യരൂപത്തിൽ നീട്ടിയൊരു മൂളൽ. ങൂൂൂം…
ഞാൻ വിനീതനായി"ഓഫീസിൽ കുറച്ച് പണിയുണ്ട്. കാഷ്വൽ തൊഴിലാളികളുടെ വേജ് കൂട്ടണം. സ്റ്റോക് എൻട്രിയും ഉണ്ട്. അത് തീർത്താൽ എനിക്ക് അടുത്ത ആഴ്ച വീട്ടിലൊന്ന് പോകാമായിരുന്നു. സംഗതി പിടികിട്ടിയമട്ടിൽ അദ്ദേഹം ചിരിച്ചു. കേറിയിരിക്ക് എന്നും പറഞ്ഞു അദ്ദേഹം അകത്തേക്ക് പോയി. ഞാൻ ഇരുന്നു. ഒറ്റക്കാണ് താമസമെങ്കിലും എല്ലാം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
കയ്യിൽ ഒരു പഴ്സുമായി പുറത്ത് വന്നു. അതിൽ നിന്നും രണ്ടു രൂപയുടെ പുതിയ കെട്ട് എടുത്ത് പൊട്ടിച്ചു. ഒരു നോട്ടെടുത്ത് എന്റെ നേരെ നീട്ടി. ഞാൻ എഴുന്നേറ്റു. ഉപചാര പൂർവ്വം രണ്ട് കയ്യും നീട്ടി അത് വാങ്ങുകയും ചെയ്തു.
അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു ഇന്ന് ഇവിടെ എന്റെ കൂടെയാ ഇയാൾക്ക് ഡ്യൂട്ടി. ഇവിടെ ഇരുന്നോ. സർ ഞാൻ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ടില്ല. അവിടെ ഇരി എല്ലാം ഇവിടെ വരും. എല്ലാം വന്നു. കുറേകഴിഞ്ഞപ്പോൾ മോഹൻ ദാസ് സാറും അനന്ദരാജ് സാറും വന്നു. അവർക്കെല്ലാം രണ്ടു രൂപയുടെ പുതിയ ഓരോ നോട്ട് കൈനീട്ടം. പ്രൊജക്റ്റിലെ പണിക്കാരും വന്ന് കൈനീട്ടം വാങ്ങുന്നുണ്ടായിരുന്നു. പിന്നെ റമ്മികളി തുടങ്ങി. കളിയും ചിരിയും തമാശകളുമായി അന്ന് ഉച്ചവരെ അവരോടൊപ്പം കൂടി. ഊണ് കഴിച്ച് മടങ്ങി റൂമിൽ വന്ന് കിടന്നുറങ്ങി………

അത് അന്നത്തെകാലം. ഇനി വർത്തമാന കാലത്തിലേക്ക്, എന്റെ ഇന്നത്തെ കണി ഇനി ശിഷ്ടകാലം എനിക്ക് മറക്കാൻ കഴിയും എന്ന് തോന്നുന്നില്ല. യുപി യിൽ ജാതിപറഞ്ഞ് ആശുപത്രിയിൽ നിന്ന് ഇറക്കിവിടപ്പെട്ട ഒരു സഹോദരി നടപ്പാതയിൽ പ്രസവിച്ച്കിടക്കുന്ന കാഴ്ച. തളർന്ന് കൂട്ടുകാരിയുടെ മടിയിൽ ചാഞ്ഞു കിടക്കുന്ന അമ്മയും സിമന്റ് പാതയിൽ കിടന്ന് തൊണ്ടകീറിക്കരയുന്ന പൈതലും. അതിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നില്ല. അതിന്റെ ഫോട്ടോതന്നെ മതിയാകും മനുഷ്യർക്ക്.
കോവിഡിനേക്കാൾ വിഷം വമിക്കുന്ന വൈറസുകളുണ്ട് നമുക്കിടയിൽ എന്ന് നാം തിരിച്ചറിയുക