Saturday, October 21, 2017

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..

ചരിത്രം തിരുത്തിയ കാട്ടു ചിലന്തി..
**********************************
പുറത്ത് വെയിൽ കത്തിയെരിയുകയായിരുന്നു.
ഗുഹയുടെ പൊള്ളുന്ന ഏകാന്തതയിൽ, താനൊരുക്കിയ വലയുടെ അവസാന മിനുക്കുപണികൾ തീർക്കുക യായിരുന്നു അവൾ. മരുഭൂവാസിയായ വലിയ പെൺചിലന്തി. മരുഭൂമിയിൽ പകൽ ചുട്ട് പഴുക്കുമ്പോൾ ഗുഹയിലെ ആശ്വാസം തേടി പറന്നുവരുന്ന ചെറു പ്രാണികളായിരുന്നു ലക്ഷ്യം. അവ യഥേഷ്ടം ഉണ്ടായിരുന്നതിനാൽ അഷ്ടിക്കു മുട്ടില്ലാതെ അവൾ കഴിഞ്ഞു പോന്നു... അങ്ങനെയൊരു വിരസമായ നാളിലാണ് തികച്ചും അപ്രതീക്ഷിതമായി അവൾക്ക് രണ്ടതിഥികൾ വന്നത്...
തേജോമയനായ  ഒരാളും അദ്ദേഹത്തിന്റെ ശിഷ്യനെന്ന് ഭാവഹാവദികളിൽ നിന്ന് മനസിലാക്കാവുന്ന മെലിഞ്ഞു നീണ്ട ഒരാളും. എന്തോ സാധാരണ മനുഷ്യരെ കാണുമ്പോൾ ഉച്ചത്തിൽ ചിറകടിച്ച് സ്ഥലം വിടാറുളള തന്റെ   അയൽവാസി കാട്ടുപ്രാവ് ഗുഹാഭിത്തിയിലെ തന്റെ കൂട്ടിൽ നിന്ന് അനങ്ങുക പോലും ചെയ്യാഞ്ഞതിനാലാകാം അവൾക്കും  പേടിയൊന്നും  തോന്നിയില്ല. മറിച്ച് ഭയത്തിനുപകരം ആ ദർശനം അവളിൽ സ്നേഹം നിറഞ്ഞ ബഹുമാനമുണർത്തി. ലോകത്തിനാകമാനം അനുഗ്രഹമായ ഒരാളെ കണ്ടാലെന്നപോലെ...  അവൾ അഭിമാനപൂർവ്വം അവരെ തന്റെ അതിഥികളായി സ്വയം വരിച്ചു.
അവർ ആരെയോ ഭയപ്പെടുന്നു എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമായിരുന്നു. നല്ലവർക്കെ പ്പോഴുമുണ്ടാകുമല്ലോ ശത്രുക്കൾ ........
ബിസ്മില്ലാഹി റഹ്മാനി റഹീം എന്നുച്ചരിച്ചുകൊണ്ട് ഗുഹയുടെ വലതു വശത്തുകൂടി  തന്റെ വലയുടെ കാലുകൾ തകർത്തുകൊണ്ട് വളരെ തിടുക്കത്തിൽ  ഗുഹയുടെ ഇരുളിലേക്കവർ പ്രവേശിച്ച് ഗുഹയുടെ ഇരുളിൽ അഭയം തേടി. തകർക്കപ്പെട്ട തന്റെ വലയെക്കുറിച്ചവൾക്ക് വേവലാതിയൊന്നും തോന്നിയില്ല.  വേഗത്തിലദ്ധ്വാനിച്ചാൽ അല്പനേരം കൊണ്ടത് പൂർവ്വസ്ഥിതിയിലാക്കിയെടുക്കാവുന്ന തേയുള്ളൂ...... പിന്നെ സമയം കളയാതെ അവൾ പണി തുടങ്ങി. വലയുടെ കോണിലെ തന്റെ കേന്ദ്രത്തിൽ വിശ്രമിക്കുന്നതിനിടെ അവരുടെ സംസാരങ്ങളിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി തന്റെ അതിഥികൾ നിസ്സരക്കാരല്ല, ആരാധനക്കർഹൻ സർവ്വേശരൻ മാത്രമാകുന്നു എന്ന ചിരികാലസത്യം ഇനിയങ്ങോട്ടുളള മനുഷ്യരെ പഠിപ്പിക്കാൻ നിയുക്തനായ മഹമ്മദ് എന്ന പ്രവാചകനും അദ്ദേഹത്തിന്റെ പ്രഥമശിഷ്യൻ അബൂബക്കറുമാണ് അവർ എന്ന്.
സൃഷ്ടികളിലേറ്റം ബുദ്ധി നടിക്കുന്ന മനുഷ്യർക്കുമാത്രമേ ഇക്കാര്യത്തിൽ തർക്കമുള്ളൂ എന്ന് ഒട്ടൊരു അതിശയത്തോടെ അവളോർത്തു. അതുകൊണ്ടു തന്നെ അവർക്ക് ഇടക്കിടെ പ്രവചകന്മാരുടെ ആവശ്യം വരുന്നു. വിശേഷ ബുദ്ധിയില്ലാത്ത ജീവികൾക്കെല്ലാം ഈശ്വരൻ പ്രധാനം ചെയ്ത ജന്മവാസന എന്ന് മനുഷ്യർ പരിഹസിക്കുന്ന നൈസർഗ്ഗിക ബോധം കൊണ്ട് വഴിതെറ്റാതെ ജീവിക്കാനാകുന്നു... പ്രവാചകന്മാരേറെ അയക്കപ്പെട്ടിട്ടും മനുഷ്യർ തങ്ങളുടെ ഇടങ്ങൾ നരകസമാനമാക്കുകയും ചെയ്യുന്നു.
താഴെ കുതിരക്കുളമ്പടികളും ക്രുദ്ധ്രാരായ മനുഷ്യരുടെ ആരവങ്ങളും, അപ്പോളാദ്യമായി അവൾക്ക് പേടിതോന്നി. സർവ്വേശ്വരാ എന്റെ അതിഥികൾക്കാപത്തൊന്നും വരുത്തല്ലേ എന്ന് അവളുള്ളുരുക്കി... സ്തബ്ദയായി ശ്വാസം പോലും വിടാതെ വലയുടെ കോണിൽ അവളിരുന്നു.  ഗുഹാമുഖത്തേക്കവർ കയറി വന്നു. ഊരിപ്പിടിച്ച വാളുകളിന്മേൽ സൂര്യന്റെ പ്രതിഫലനം... ഉച്ചത്തിൽ ചിറകടിച്ചുകൊണ്ട് അവരുടെ മുഖത്തിനു നേരേ പറന്നു പറന്നു ചെന്ന കാട്ടു പ്രാവ് തന്റെ മുഖത്ത് തട്ടാതിരിക്കാൻ നേതാവ് ഞെട്ടി പിറകോട്ടു മാറി. ജാള്യതയോടെ അയാൾ പറഞ്ഞു'' അവരിതിൽ കയറിയിരുന്നൂ എങ്കിൽ ആ പ്രാവ് ഇവിടെ കാണുമായിരുന്നില്ല.'' അവളുടെ തികവുറ്റ വലക്ക് നേരേ വാൾ ചൂണ്ടി പ്രമാണി പറഞ്ഞു  ''പോരാത്തതിന്ന് കേടൊന്നും പറ്റാത്ത് ഈ ചിലന്തിവലയും അതിന്ന് മുഹമ്മദിനേക്കാൾ പ്രായമുണ്ട്,  വരൂ നമുക്ക് കളയാൻ സമയമില്ല ....''
അവർ തിടുക്കത്തിൽ ചരുവിറങ്ങി കുറച്ചകലെ നിർത്തിയിരുന്ന കുതിരപ്പുറത്ത് കയറി വേഗത്തിൽ ഓടിച്ചു പോയി.
'' അവർ അവരുടെ കാൽചുവട്ടിലേക്ക് നോക്കിയിരുന്നെങ്കിൽ നമ്മെയവർ കണ്ടേനേ...'' എന്ന് വേവലാതിപൂണ്ട ശിഷ്യനോട് '' ഓ അബൂബക്കർ മൂന്നാമാനായി സർവ്വേശ്വരൻ കൂടെയുള്ള രണ്ടു പേരെക്കുറിച്ച് താങ്കളെന്താണു കരുതിയത്'' *** എന്ന
സൗമ്യമായ ആ ചോദ്യം അവളെ സ്തബ്ദതയിൽ നിന്നുണർത്തി...  പ്രകാശരൂപികളായ വലിയൊരു സൈന്യം ഗുഹയിലും ചുറ്റും നിറഞ്ഞതിന്നവൾ സാക്ഷിയായി. അവർ രണ്ടു പേരും അത് കാണുന്നുണ്ടായിരുന്നില്ല......
ശത്രുക്കൾ സ്ഥലം വിട്ടു കഴിഞ്ഞിരുന്നു. കുറ നേരങ്ങൾക്കു ശേഷം തന്റെ അതിഥികളും യാത്രയായി. നിസ്സാര ജീവിയായ താൻ ലോകചരിത്രത്തിൽ വരുത്തിയ പരിവർത്തനമറിയാതെ ഗുഹയിലേക്ക് പറന്നു വരുന്ന പ്രാണികളെ കാത്ത് അവളിരുന്നു... ശത്രുക്കളെകണ്ട് പലായനം ചെയ്ത പ്രാവ് തിരികെ കൂടണഞ്ഞു. ലോക ചരിത്രം തിരുത്തിയ ഒരു പലായനത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതുയുഗം അവിടെ പിറക്കുകയായിരുന്നു.
*** അവരിരുവരും ഗുഹയിലായിരുന്ന സന്ദർഭം അദ്ദേഹം തന്റെ കൂട്ടുകാരനോട് ദുഖിക്കരുത് അല്ലാഹു നമ്മോടൊപ്പമുണ്ട് എന്ന് പറഞ്ഞപ്പോൾ അല്ലാഹു അവർക്കുമേൽ അവന്റെ ശാന്തി ചൊരിഞ്ഞു. അദൃശ്യമായ സൈന്യങ്ങളെക്കൊണ്ട് അദ്ദേഹത്തെ ബലപ്പെടുത്തുകയും ചെയ്തു. അങ്ങനെ സർവ്വേശ്വരൻ സത്യനിഷേധികളുടെ സ്വരത്തെ താഴ്തുകയും സ്വന്തം സ്വരം ഉയർത്തുകയും ചെയ്തു. അല്ലാഹു പ്രതാപശാലിയും യുക്തിമാനുമത്രേ...
സൂറത് തൗബ : 40