Tuesday, November 19, 2013

മന്ത്രിച്ചൂതിയ നൂല്‌‌


ഒരു വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു ഭക്ഷണവും  കഴിച്ച്  കളിക്കാന്‍ പോകാനുള്ളപുറപ്പാടിലയിരുന്നു അവന്‍. പുറത്ത് കമ്പനിത്തൊടിയിലോ പോത്താക്കല്‍ പുഴയുടെ തീരത്തോ എവിടെയെങ്കിലും അലഞ്ഞുനടക്കുക എന്നത കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു.. പോത്താക്കാല്‍ പുഴയുടെ തീരത്തു നിന്നു നോക്കിയാല്‍ പഞ്ചാരമണലിനെ പകുത്തൊഴുകുന്ന തെളിഞ്ഞപുഴ മങ്ങിയ വെയിലില്‍ മിന്നിത്തിളങ്ങുന്നതുകാണാം അതിന്നപ്പുറം കരിമ്പനകള്‍ തലഉയര്‍ത്തി നില്കുന്ന പാടങ്ങള്‍ പിന്നെ വലിയകോട്ടപോലെ കൊണ്ടുരക്കുന്ന് ...
കൗതുകപൂര്‍വ്വം അതുനോക്കിക്കൊണ്ട് സന്ധ്യ മയങ്ങുവോളം കുട്ടി നില്കും പലപ്പോഴും ഒറ്റയ്ക്. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരും കാണും...
അന്ന് ഉമ്മ അവനെ വിളിച്ചു കുറേ കറുത്തനൂല്‌ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു പോയി ചേക്കു മൊല്ലക്കാന്റെ അടുത്ത് കൊടുത്ത് മന്ത്രിച്ച് കൊണ്ടുവാ...
കുട്ടിക്കു മനസ്സിലായി ആര്‍ക്കും എന്തു രോഗമുണ്ടായാലും ആദ്യം മൊല്ലക്കാനെക്കൊണ്ട് നൂല്‌‌ ജപിച്ചു കെട്ടുക എന്നതായിരുന്നു പ്രാഥമ ചികിത്സ. നൂലു വാങ്ങി ട്രൗസറിന്റെ കീശയിലിട്ട് ഒരു കാറ്‌ ഓടിക്കുന്ന ഭാവത്തില്‍ കുട്ടി പള്ളിക്കു നേരെ വെച്ചു വിട്ടു. റെയില്‍ കടന്ന് മണ്‍ വഴിയിലൂടെ പള്ളിക്കടുത്തെത്തറായപ്പോളതാ പീടികകള്‍ക്കു മുന്നില്‍ ഒരാള്‍ കൂട്ടം തെരു വുസര്‍ക്കസ്സുകാര്‍ .. ചെണ്ടകൊട്ടിയും കുഴലൂതിയും അവര്‍ ആളുകളെ ആകര്‍ഷിക്കുന്നു... സര്‍ക്കസ്സുകാര്‍ക്കു ചുറ്റും കൂടിനില്കുന്ന കുട്ടികളിലൊരാളായി അവനും... പല്‍ അഭ്യസങ്ങളും വലിച്ചു കെട്ടിയ കമ്പിക്കു മീതെ നടക്കുക. ചെറിയ കമ്പി വളയത്തിലൂടെ വലിയ ഒരാള്‍ കടക്കുക. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒരു കമ്പില്‍ കുത്തിഉയര്‍ത്തി ആ കമ്പ് തന്റെ മൂക്കില്‍ നിര്‍ത്തി ചുറ്റും നടക്കുക തുടങ്ങി പല്‍ വിധ രസങ്ങള്‍... കുട്ടി വെയില്‍ മാഞ്ഞു സന്ധ്യയായത് കുട്ടിയറിഞ്ഞില്ല. മഗ്രിബ്‌ ബാങ്കുകേട്ട് കുട്ടി ഞെട്ടി വന്നകാര്യം പാടേ മറന്ന് വീട്ടിലേക്കും ഒരോട്ടം കൊടുത്ത്... വീട്ടിലെത്താറായപ്പോള്‍ ഇരുള്‍ മയങ്ങിയിരുന്നു. മതിലിന്നും മുകളില്‍ വീട്ടിലെ വളര്‍ത്തു പൂച്ച എന്തിനേയോ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഇരിക്കുന്നു. കുട്ടി ഞെട്ടിപ്പോയി വലിയൊരു പാമ്പ് പൂച്ചക്കു നേരെ പത്തി വിടര്‍ത്തി ഊതുന്നു. കുട്ടി അല്പം പിറകോട്ടുമാറി പാമ്പ് പതിയെ ഇറങ്ങി ദൂരെ പോകുകയും ചെയ്തു. കിതപ്പോടെ വീട്ടിലെത്തിയതും ഉമ്മചോദിച്ചു എവിടെയെടാ നൂല്‍.. അപ്പോഴാണ്‌ നൂല്‍ മന്ത്രിക്കാന്‍ കൊടുത്തില്ലല്ലോ എന്ന കാര്യം മൂപ്പ രോര്‍ത്തത്.. മിണ്ടിയാല്‍ കിട്ടാന്‍ പോകുന്ന അടിപേടിച്ച് അവന്‍ കീശയില്‍ നിന്നും നൂലെടുത്ത് ഉമ്മാക്കു കൊടുത്തു. ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം ഉമ്മയൊട്ട് കണ്ടതുമില്ല. എത്ര നേരമായി പോയിട്ട് പോരുന്നു പഠിക്ക്.
ഊതാത്ത നൂലു കെട്ടിയാല്‍ വല്ലകുഴപ്പവുമുണ്ടാകുമോ എന്നായിരുന്നു ആദ്യത്തെ പേടി... ബേജാറോടെ പഠിച്ചെന്നു വരുത്തി ചോറു തിന്നു കിടന്നുറങ്ങുമ്പോഴും ഉമ്മാന്റെ തല വേദന ബേധമാകണേ‌എന്ന പ്രാര്‍ത്ഥനയായിരുന്നു കുട്ടിയുടെ മനസ്സില്‍.. പിറ്റേന്ന് എണീറ്റ് ചെല്ലുമ്പോള്‍ മിറ്റമടിക്കുന്ന കാളിയോട്‌ സംസാരിച്ചുകൊണ്ട് നില്കുകയാണ് ഉമ്മ .. കാള്യേ ചേക്കുമൊല്ലക്ക മന്ത്രിച്ചൂതിയാ നല്ല ശിഫയാ. ഇന്നലെ വല്ലാത്ത തലേകുത്തായിരുന്നു. ഒരു നൂല് മന്ത്രിപ്പിച്ചു കെട്ടണ്ട താമസം വേദന മാറിട്ടോ..
കാളി ശരി വെച്ചു "അത് പിന്നെ പറ്യാണ്ടോ.."
കുട്ടി അതിശയപ്പെട്ടു ... മൊല്ലാക്ക് ഊത്യതുകൊണ്ടല്ലാ ഞാനല്ലാഹുനോട് തേട്യേതുകണ്ടാ എന്നു പറഞ്ഞാല്‍... വേണ്ട ഉമ്മാക്ക് ദേഷ്യം വരും  ദേഷ്യം വന്നാ ഉമ്മ അടിക്കുകതന്നെ ചെയ്യും ...
അവന്‍ ഉമിക്കരിയും  ഈര്‍ക്കിലയുമെടുത്ത് കുളത്തിലേക്കോടി