Thursday, March 31, 2011

ശില്‍പിയും ശിലയും

ശിലയും ശില്പിയും

പണ്ട് ഒരു കരുത്തനായ കൃഷ്ണ ശിലയുണ്ടായിരുന്നു. ചുറ്റും ഒരുപാട് മറ്റുകല്ലുകളും. ദുര്‍ബലങ്ങളും വിരൂപങ്ങളുമായിരുന്നു ചുറ്റുമുള്ളവ. ഒരുവലിയവട വൃക്ഷത്തിന്റെ ചുവട്ടില്‍ വലിയ അല്ലലൊന്നും കൂടാതെ അവ സ്ഥിതിചെയ്തു. ഒരിക്കലൊരാള്‍ വന്നു,കയ്യിലൊരു ഉളിയും കൊട്ടുവടിയുമായി. എല്ലാകല്ലുകളിലും അയാള്‍ കൊത്തിനോക്കി. ദുര്‍ബലങ്ങളായ ശിലകളെ അയാള്‍ വേഗം ഒഴിവാക്കി. അവസാനം അയാള്‍ ആ കൃഷണശിലക്കരികെയെത്തി. അതിലും ഒന്നു കൊത്തിനോക്കി. പൊടുന്നനെ അയാളുടെ മുഖം സന്തോഷം കോണ്ടു വിടര്‍ന്നു. തുടര്‍ന്നു് അയാള്‍ അതിന്റെമേല്‍ കൊത്തുപണി തുടങ്ങി. ശിലക്ക് വേദനയും ദുഖവും തോന്നി. മറ്റെല്ലാത്തിനെയും വിട്ട് ഇയാള്‍ എന്തിനെന്നെ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു?. കുറേകാലം ശില വേദനകള്‍ സഹിച്ചു. പൊറുക്കവയ്യാതായപ്പോള്‍ അവന്‍ തന്റെ ദുഃഖം തന്റെ അയല്‍ വാസിയും സുഹൃത്തുമായ വടവൃക്ഷത്തോടു പറഞ്ഞു.
നോക്കൂ താങ്കള്‍ക്ക് ഒട്ടും നീതിബോധമില്ലേ. ഈമനുഷ്യന്‍ എന്റെ മേല്‍ കാണിക്കുന്ന ഈ അധിക്രമങ്ങളൊന്നും നിങ്ങള്‍ കാണുന്നില്ലേ?. ഓരോദിവസവും ഞാന്‍ എത്ര മാത്രം യാതന സഹിക്കുന്നുവെന്നോ. നിങ്ങളൊക്കെ ഇത് നിശ്ശബ്ദമായി നോക്കി ആസ്വദിക്കുകയാണല്ലോ...
മരം ചിരിച്ചു. പക്വമതിയും നിസ്സംഗനുമായ ഒരു യോഗിവര്യന്റെ ചിരി.
എന്നിട്ടു പറഞ്ഞു എടോ വിഡ്ഡിയായ കരിങ്കല്ലേ. അയാള്‍ ഒരുശില്പിയാണ്. വിശ്വശില്പി. താന്‍ പണിയാന്‍ പോകുന്ന അതിസുന്ദരമായ ശില്പത്തിന്നനുയോജ്യമായ ശിലയും തേടി അലയുകയായിരുന്നു അയാള്‍. അവസാനം അയാള്‍ നിന്നെകണ്ടെത്തി.
ഇത്രയും കാലം നീസഹിച്ചതിന്റെ ഫലമായി നിന്നില്‍ നിന്നും പുറത്തുവന്ന സുന്ദരമായശില്പം എനിക്കുകാണാം. നീ അതുകാണാറായിട്ടില്ല.പണി പൂര്‍ത്തിയാകുമ്പൊള്‍ നിനക്കതുകാണാം. അപ്പോള്‍ നിനക്കുമനസ്സിലാകും നീസഹിച്ച വേദനയൊന്നും പാഴായില്ല എന്ന്.


.