Thursday, September 26, 2019

പട്ടാമ്പി പുരാണം‌‌.... വൈദ്യം

പണ്ട് അതായത് പട്ടാമ്പി മഞ്ഞളുങ്ങലിന്നുമേൽ അധിനിവേശം നടത്തുന്നതിന്ന് മുമ്പ് പട്ടാമ്പി മേലേ പട്ടാമ്പി മഞ്ഞളുങ്ങൽ എന്നിങ്ങനെയായിരുന്നു രാജ്യങ്ങളുടെ ക്രമം. പുഴക്കടവു മുതൽ വലിയ ജുമാ മസ്ജിദു വരെ പട്ടാമ്പി പിന്നെ മൂന്നും കൂടിയേടം മുതൽ ഹൈസ്കൂൾ വരെ വടക്കോട്ടും ചെറുപ്പുള്ലശ്ശെരി റോഡുവരെ കിഴക്കോട്ടും മേലേ പട്ടാമ്പി. അവിടന്നങ്ങോട്ട് മഞ്ഞളുങ്ങൽ. പ്രാശാന്തസുന്ദരം എന്നു തന്നെ വേണം പറയാൻ. അക്കാലത്ത് നാട്ടിൽ ഡോക്റ്റർമാർ രണ്ടു പേരായിരുന്നു. രണ്ടും സവർണ്ണർ എൽ ഐ എം ബിരുദക്കാരനായ പട്ടരും  എൽ എം പി ക്കാരനായ വാരരും.വടക്കേ മലബാറിലെ പഴഞ്ചനായ ദറ്‌സൽ അപ്പോത്തിക്കിരി എന്നിത്യാദി സംബോധനകളിലൊന്നും ഞങ്ങൾ കാരക്കാട്ടുകാർക്ക് താല്പര്യമില്ലാതിരുന്നതിനാൽ
ഞങ്ങൾ അവരെ ആങ്കലേയത്തിനു ചെറിയൊരു കാരക്കാടൻ സ്പർശം നല്കി ലാക്കട്ടർമാർ എന്നു വിളിച്ചുവന്നു. പരിസരപ്രദേശങ്ങളുടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെല്ലാം അവർ പരിഹരിച്ചു പോന്നു.  ഗ്രാമത്തിന്റെ വൈദ്യന്മാർ വാഴേലെ തണ്ടാൻ ഇണ്ണിപ്പരവൻ  കുഞ്ചു വൈദ്യർ തുടങ്ങിയവരായിരുന്നു. എല്ലാവരും അവർണ്ണർ. വാഴേലെ തണ്ടാൻ മണ്ണാൻ കുഞ്ചു ഇണ്ണിപ്പരവൻ തുടങ്ങി അവരുടെ ജാതിപ്പേരിൽ തന്നെ അറിയപ്പെട്ടു.  അവർ ചുരുങ്ങിയ ചിലവിൽ പച്ചമരുന്നുകൾ കൊണ്ട്‌ ഗ്രാമത്തിന്റെ ആരോഗ്യം  പരിപാലിച്ചു വരവേയാണ്‌‌‌ ആധുനിക വൈദ്യം പൊട്ടിവീണത്. വർഷങ്ങൾക്കു ശേഷം വന്നു പെട്ടേക്കാവുന്ന രോഗം ചികഞ്ഞു കണ്ടു  പിടിച്ച് ബേധമാക്കി ആയുസ്സ് നീട്ടുന്ന ഒരു  പരിപാടിയും ഇല്ലാതിരുന്നതുകൊണ്ടാകാം അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു. പറ്റെ അവശരാകുമ്പോൾ മാത്രം ചികിത്സതേടി. ഇന്നത്തെപ്പോലെ നാലു നേരം തിന്ന് ബാക്കി കൊണ്ടു പോയി കൊട്ടിക്കളയാൻ മാത്രം വിഭവങ്ങളില്ലയിരുന്നതിനാൽ അമിതാഹാരം കൊണ്ടുള്ള രോഗങ്ങളൂണ്ടായിരുന്നില്ല. അരവയറുമായി കഠിനാദ്വാനം ചെയ്തിരുന്നതുകൊണ്ട് വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും ഇല്ലായിരുന്നു. പത്തടി അകലേക്ക് വണ്ടികയറുന്ന ഏർപടും  കുറവായിരുന്നല്ലോ അതിനാൽ വ്യായാമക്കുറവുകൊണ്ടുള്ള രോഗങ്ങളും കുറവ്‌.  മരണവും  ജനനവും  ഇന്നത്തെ പോലെ രോഗങ്ങളൂടെ ഗണത്തിൽ വന്നിരുന്നില്ല എന്നു സാരം. പ്രസവം വയറ്റാട്ടിമാരും ഒസാത്തികളും കൈകാര്യം ചെയ്തു. മരണം കാരണവന്മാർ ലക്ഷണം നോക്കി മനസിലാക്കി.
ആധുനികന്മാർ എത്തിയതോടെ കളി മാറി. പ്രസവങ്ങൾക്ക് ഡാക്റ്റർ മാരെ ആവശ്യമായിത്തുടങ്ങി. ഡോക്റ്ററെ കൊണ്ടു വന്നാലേ പ്രസവിക്കൂ എന്ന് ചില കശ്മലകൾ വാശി പിടിച്ചതായും  ചരിത്രമുണ്ട്. ഡാക്കിട്ടറെ കൊണ്ടു വായോ എന്ന് വലിയ വായിൽ നിലവിളിച്ച പെൺകൊടിയുടെ കഥ ബേപ്പൂർ സുൽത്താൻ വിവരിച്ചത് ഓർക്കുക.
അത്യാസാന്ന നിലയിലായവരുടെ അടുത്തേക്ക് ഡോകർമാരെ കൊണ്ടു വരികയായിരുന്നു പതിവ്‌. ആരുടെയെങ്കിലും വീട്ടിലേക്ക് ഡോക്റ്ററെ കൊണ്ടു വരുന്നത് കുട്ടികൾക്കും മുതിർന്ന വർക്കുമൊക്കെ വലിയ കൗതുകമായിരുന്നു. അടിവശം കറുപ്പും മുകളിൽ മഞ്ഞയും ചായം പൂശിയ വാടകക്കാറുകളിലാണ്‌ വരവ്‌. ഡോറ്റർക്ക് അഞ്ചു രൂപ ഫീസ് കാറിന്ന് മൂന്നു രൂപ ഡോക്റ്ററുടെ പെട്ടുതൂക്കുന്നതിന്ന് ഡ്രൈവർക്ക് ഒരു രൂപ അലവൻസ്.
പട്ടര്‌‌ വലിയ ദേഷ്യക്കാരനായിരുന്നു. ഏതുരോഗിയെ കൊണ്ടു  ചെന്നാലും എന്തേ ഇത്ര വൈകിയത്  എന്ന് ചോദിച്ച് കൂടെയുള്ളവരെ വിരട്ടുന്നത് മൂപ്പരുടെ സ്ഥിരം പതിവായിരുന്നു. അപ്പോൾ കൂടെയുള്ളവർ വായ്കൈ പൊത്തി ഭവ്യതയോടെ നില്കണം  എന്നാണ്‌ നിയമം.  ഏതവസരത്തിലും  നർമ്മം  വിടാത്ത കാരക്കാട്ടുകാർ അദ്ദേഹത്തിന്റെ ക്ഷോഭം ആസ്വദിക്കയായിരുന്നു എന്ന് മൂപ്പർക്ക് ഒരിക്കലും മനസ്സിലായില്ല. ഒരിക്കൽ മാവിൽ നിന്നും വീണ ഒരാളെയും കൊണ്ട്‌  ഡോക്റ്ററുടെ അടുത്തെത്തി. മൂപ്പർ പതിവു പോലെ ഫയറിങ്ങ് തുടങ്ങി കൂടെ യുള്ളവൻ വിനയ പൂർവ്വം  ചോദിച്ചു അതിനിങ്ങട്ട് വീണ്‌ കിട്ടണ്ടെ യശമാ എന്ന്. ചോദ്യം കേട്ട് ഡോക്റ്ററൂം ചിരിച്ചു എന്നാണ്‌ ചരിത്രകാരൻ കേട്ടിട്ടുള്ളത്. പിന്നെ എം ബി ബി എസ്സുകാർ വന്നു പ്രഥമൻ നമ്പൂതിരിപ്പാടായിരുന്നു. ഈ നാട്ടുകാരൻ തന്നെ.ഒരു പാടുകാലം പട്ടാമ്പി സർക്കാർ ആശുപ്ത്രിയിൽ സേവനം ചെയ്തു. പിന്നെ ബാല ഗോപാലനും  ബാലമീനാക്ഷിയും റബേക്കയും വന്നു. ഡോറ്റർമാരൊരു പാട് വന്നു. എംഡി കളും  എഫ് ആർ സി എസും ബിരുദമുളള വർ.  പതുക്കെ പതുക്കെ രോഗങ്ങളും കൂടി വന്നു.അവർക്കൊക്കെ ചികിത്സിക്കാൻ വേണ്ടത്ര രോഗികളുമുണ്ടായി. രോഗിയുടെ അടുക്കൽ വരുന്ന ഡോക്ക്റ്റർമാരുടെ കാറിന്റെ ഹോൺ‌ രോഗികളെ ആശുഒഅത്രിയിലേക്കു കൊണ്ടൂ‌പോകുന്ന ആമ്പുലന്സുകളൂടേ‌ ഭീകരമായ കൊലവിളികൾക്ക് വഴിമാറി. നല്ല നല്ല പെരുകളിൽ ആതുരരെ ശുസ്രൂഷിക്കാൻ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ സർവ്വത്രയായി. ചുരുക്കിപ്പറഞ്ഞാൽ രോഗികളെ സേവിച്ച് സേവിച്ച്    വൈദ്യം ഒരു വലിയ വ്യവസായമായി പടർന്ന് പന്തലിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...

Thursday, September 19, 2019

മഴയുടെ പാട്ട്....

പ്രഭാതത്തിൽ ഓർക്കാപ്പുറത്ത് ഓടിയെത്തിയ മഴ കുട്ടിയെ നിരാശനാക്കി. സ്കൂളും മദ്രസയുമില്ലാത്ത ദിവസം അവനൊരുപാട് കളികൾക്ക് പദ്ധതിയിട്ടിരുന്നതാണ്. ഇന്നിനി ഒന്നും നടക്കുമെന്നു തോന്നുന്നില്ല. പൂമുഖക്കോലായുടെ അരത്തിണ്ണയിലേക്ക് പാതി കമഴ്ന്നു കിടന്നുകൊണ്ട് അവൻ മിറ്റത്തേക്ക് നോക്കി. മിറ്റം നിറയെ വെള്ളം. അതിൽ വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി കുറേ ദൂരം ഒഴുകിയ ശേഷം പൊട്ടിപ്പോകുന്നതു കാണാൻ നല്ല രസം. അങ്ങ് പുഴക്കക്കരെയുള്ള കൊണ്ടൂരക്കുന്ന് കാണാനേയില്ല. വൈകോൽ മേഞ്ഞ തൊഴുത്തിനു മേൽ പടർത്തിയ മത്തൻ വള്ളിയിൽ നിറയെ മഞ്ഞപ്പൂക്കൾ... മഴക്കുമുമ്പ് ആപൂക്കൾക്കു ചുറ്റും പറന്നു നടന്നിരുന്ന കറുത്തവണ്ടുകൾ
ഇപ്പോൾ എവിടെയാണാവോ .
തൊഴുത്തിൽ പോത്തുകളും മൂരികളും അവയെ വിടാൻ കോപ്പൻ വരുന്നതും കാത്ത് നിൽകുകയാണ്. തൊഴുത്തിന്റെ അരികിൽ കയറി നിൽകുന്ന നനഞ്ഞ കോഴികൾ. മഴക്കിടയിലൂടെ കൂക്കിവിളിച്ചുകൊണ്ട് കിഴക്കോട്ട് പോയ തീവണ്ടി ഒരു നിഴൽ പോലെ. ചെവിനിറയെ കേൾക്കാനിമ്പമാർന്ന മഴയുടെ ഇരമ്പം. ചെവികൾ രണ്ടും കൈകൾ കൊണ്ട് ഇടക്കിടെ അടച്ചും തുറന്നും മഴയുടെ ഇരമ്പലിനെ മധുരമാർന്ന സംഗീതമാക്കി ആസ്വദിച്ചു കൊണ്ടവൻ കിടന്നു.... മഴതോരുന്നതും കാത്ത്....

Tuesday, September 17, 2019

കാരക്കാട്ടെത്തിയ ദിവ്യന്മാർ 1

അതൊരു ശ അ ബാൻ മാസത്തിന്റെ തുടക്കത്തിലായിരുന്നു. ആറേകാലിന്റെ കോഴിക്കോട്ടേക്കുള്ള ഷട്ടിൽ അന്ന് ലേശം  വൈകി. സൂര്യൻ പടിഞ്ഞാറെ ഒറ്റക്കൊടിമരത്തിന് അപ്പുറത്തേക്ക് ചാഞ്ഞിറങ്ങുന്ന നേരത്താണ് ഒരുപാട് പുക പിറകിലേക്ക് പറപ്പിച്ച് കൂവിയാർത്തു കിതച്ച് വിയർത്ത് മൂപ്പർ ആപ്പീസിൽ വന്ന് നിന്നത്. വൈകാതെ വലിയപള്ളിയിൽ നിന്നും ചേക്കുമൊല്ലക്കായുടെ ഈണത്തിലുള്ള  ബാങ്ക് വിളി ഈണത്തിൽ മുഴങ്ങി. കാലിക്കൊട്ടകളും‌ ചാക്കുകെട്ടുകളുമൊക്കെ തലയിലേറ്റി, ഉയർത്തിക്കെട്ടിയിട്ടില്ലാത്ത മണൽ വിരിച്ച പ്ലാറ്റ്ഫോമിലേക്ക് അഞ്ചെട്ട് പേർ ഊർന്നിറങ്ങി. അല്പ നേരത്തിന്ന് ശേഷം പിറകിലെ കമ്പാർട്ട് മെന്റിലെ ഗാർഡ് വിസിലടിച്ച് പച്ചക്കൊടി വീശി. ആപ്പീസിന്ന് മുന്നിൽ നിന്ന മുഹമ്മദുണ്ണി മാഷും കൊടി വീശി പോട്ടർ കുഞ്ഞിരാമൻ സ്റ്റേഷൻ മണി മൂന്ന് തവണ അടിക്കുകകൂടി ചെയ്തതോടെ ഒന്ന്കൂടി നീട്ടിക്കൂവി ആവിയും പുകയും പറത്തി വണ്ടി പടിഞ്ഞാറോട്ട് യാത്രയായി.  കൈയിൽ  സിഗ്നൽ വിളക്കും തൂക്കി പിടിച്ചു കൊണ്ട്  കൊടിമരങ്ങളിൽ  വിളക്കു വെക്കാൻ പോയിരുന്ന പോട്ടർ കാട്ടു ബാവക്ക  പടിഞ്ഞാറുനിന്നും പ്ലാറ്റ് ഫോമിലേക്ക് കയറി. കാരക്കാട് എന്നെഴുതിയ ബോർഡിന്നടുത്ത് നില്പായി.  വണ്ടിയിൽ നിന്ന് ഇറങ്ങിയ കൊള്ളിപ്പറമ്പത്തേക്ക് പോകയായിരുന്ന ആളുകളുടെ ടിക്കറ്റുകൾ  കുശലങ്ങൾ പറഞ്ഞുകൊണ്ട്  അദ്ദേഹം ശേഖരിച്ചു.   വണ്ടിയുടെ ഏറ്റവും പിറികലെ പെട്ടിയിൽ നിന്നും ഇറങ്ങിയ ഒരാൾ മാത്രം പ്ലാറ്റ്ഫോമിൽ ബാക്കിയായി. ഒത്ത ഉയരവും ഉറച്ച പേശികളും മുഖത്ത് വെട്ടിയൊതുക്കിയിട്ടില്ലാത്ത താടിമീശകളുമായി ഒറ്റമുണ്ട് മാത്രമുടുത്ത് തലൗയർത്തിപ്പിടിച്ച് നടന്നടുത്ത അജാനബാഹുവിന്ന് നേരേ ബാവക്ക ലോഹ്യ ഭാവത്തിൽ ടിക്കറ്റിനായി കൈനീട്ടി. ഒട്ടും വിലവെക്കാതെ ബാവക്കായെ രൂക്ഷമായി ഒന്ന് നോക്കിയ ശേഷം അയാൾ പടിഞ്ഞാറോട്ട് നടകൊണ്ടു. എന്തോ അയാളുടെ മട്ടും ബാവവും കണ്ടിട്ടായിരിക്കാം ബാവക്ക പതിവുപോലെ ആളെ പിടിച്ച് സ്റ്റേഷൻ മാസ്റ്ററുടെ മുന്നിൽ ഹാജറാക്കാനൊന്നും മിനക്കെട്ടില്ല. അയാൾ നേരേ റോട്ടിലേക്കിറങ്ങി പടിഞ്ഞാറോട്ട് നടക്കാൻ തുടങ്ങി.
വയ്യാട്ടിലെ ഏന്തീൻ കുട്ടിക്കാടെ റേഷൻ കടയിലും കുയിലെ ഈസൂക്കാടെ പലചരക്കു കടയിലും അധികാരിവളപ്പിലെ ഈസൂക്കാടെ ചായ്യക്കടയിലും മിസീം കാദറിക്കാടെ തുന്നക്കടയിലും അതിനോട് ചേർന്നുള്ള നിസ്കാരപ്പള്ളിക്ക് ചുറ്റും ഒക്കെ നിന്നിരുന്ന ഞങ്ങൾ  കാരക്കാട്ടുകാർ തെല്ല് അമ്പരന്നു. പടച്ചോനേ ഇതാരാ ഇത് ഈ മുന്നും കൂടിയ മോന്ത്യാമ്പൊ ? ആരായാലും നിസാരക്കാരനാകൂലാ... കൂട്ടത്തിൽ ചിലർ വന്നയാളുടെ കൂടെക്കൂടി. ആളുടെ അല്പം പിറകിലായി നടക്കാൻ തുടങ്ങി. ആലി ഹാജിയുടെ പീടികക്കടുത്തെത്തിയപ്പോഴേക്കും‌ അവരത് കണ്ട് പിടിച്ചിരുന്നു... വന്നിറങ്ങിയത് ഒരു വലിയ ദിവ്യനാണ് എന്ന സത്യം...

Thursday, September 5, 2019

പെൺചൊല്ല് കേട്ടാൽ

പൂച്ചകളെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു. നവവധുവായ കളത്രത്തിനു നേരെ മറിച്ചും. പൂച്ചയെ കണ്ണെടുത്താൽ കണ്ടുകൂടാ. നായക്കാണെങ്കിൽ നന്ദിയുണ്ടാകും. പൂച്ചയുടെ വിചാരം അവൻ അവൻ മൻഷ്യന്റെ യജമാനനാണെന്നാ... ഇതായിരുന്നു അവളുടെ വാദം. തന്നെ ലാളിക്കേണ്ടതു പോലെ അയാൾ പൂച്ചയെ ലാളിക്കുന്നത് തനിക്ക് സഹിക്കുന്നില്ല എന്ന സത്യം അത് മറഞ്ഞുതന്നെ കിടന്നു. 
കുടുംബകലഹത്തിനു വേറെ എന്തു വേണം.‌കലഹം പതിവായി. ഒടുവിൽ അഭ്യുദയ കാംക്ഷികളുടെ മാദ്ധ്യസ്ഥത്തിൽ ഒരു വിധം ഒത്തു ഒത്തുതീർപ്പായി. പൂച്ചയെ അകത്തു കയറ്റേണ്ട. അങ്ങനെ കാറില്ലാത്ത ഷെഡിലേക്ക് മൂപ്പരെ മാറ്റിപ്പാർപ്പിച്ചു. ഭാര്യക്ക് അതും അത്ര തൃപ്തികരമൊന്നുമായിരുന്നില്ല. ഷെഡിൽ ചെന്ന് അയാൾ പൂച്ചയെ കൊഞ്ചുന്നത് മുറുമുറുപ്പോടെ അവൾ സഹിച്ചു. അവസരം വരും എന്നവൾക്കറിയാമായിരുന്നു. താമസിയാതെ അവർ കാറുവാങ്ങി ചുവന്നു മിനുങ്ങുന്ന പളപളപ്പൻ. കഷ്ടകാലമെന്നു തന്നെ പറയണം.പിറ്റേദിവസം മുതൽ പൂച്ച കാറിനു മീതെയാക്കി താമസം. സിംഹാസനസ്ഥനായരാജാവിനെപ്പോലെ അവൻ പുത്തൻ കാറിനു മേൽ വിളങ്ങി വിലസി. കശ്മലക്കു സഹിക്കുമോ കിട്ടിയ അവസരം മുതലാക്കാനുറച്ച് അവൾ കലഹം പുനരാരംഭിച്ചു. പൂച്ചയുടെ നഖം കോണ്ട് കാറിനുമേൽ വരവീഴുന്നു എന്ന ശ്രദ്ധേയമായ ഒരു കാരണവും അവൾ കണ്ടെത്തി. നോക്കുമ്പോൾ ശരിതന്നെ വരവീഴുന്നുണ്ട്. മനമില്ലാ മനസോടെ അയാൾ പൂച്ചയെ ഒരു ചാക്കിലാക്കി കാറിൽ കയറ്റി ദൂരെ കൊണ്ടാക്കി.
മുപ്പത്തിയാർക്കു പെരുത്ത് സന്തോഷമായി. താനും പൂച്ചയും തന്റെ ഭർത്താവും എന്ന വർത്തമാകാല യാഥാർത്ഥ്യം താനും തന്റെ ഭർതാവും എന്ന ചിരകാല സ്വപ്നത്തിലേക്ക് വഴിമാറുന്നു.
ആഹ്ലാദകരമായ ദിനങ്ങൾ കഴിഞ്ഞു പോയി. ഒരു ദിവസം കാലത്ത് അവർ നാട്ടിലേക്കുള്ള യാത്രക്കിറങ്ങിയതായിരുന്നു. കാറു വാങ്ങിയതിനു ശേഷമുള്ല ആദ്യത്തെ ദൂര  യാത്ര. സാധനങ്ങളെല്ലാം കാറിൽ കയറ്റി. വീടുപൂട്ടി. അവർ കയറി. അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തതും എഞ്ചിനിൽ നിന്നും പുക ഉയരുന്നു. തീ പിടിക്കുമോ എന്ന ഭയത്തിൽ അയാൾ വർക്ക് ഷോപ്പിലേക്ക് വിളിച്ചു.വിദഗ്ദർ വന്നു പരിശോധിച്ചു ഫലവും കിട്ടി. വയറിങ്ങ് മുഴുവൻ എലികടിച്ചു നശിപ്പിച്ചിരിക്കുന്നു. തീപിടിക്കാഞ്ഞതു ഭാഗ്യം. സിസ്റ്റം മുഴുവൻ മാറ്റണം. നാളെയോ മറ്റന്നാളോ ശരിയാക്കിത്തരാം. പതിനായിരം രൂപ കരുതിക്കോ......
അയാളോർത്തു നാടുകടത്താൻ പിടിച്ചു ചാക്കിലിടുമ്പോൾ തന്റെ മുഖത്തേക്ക് പരിഭ്രമത്തോടെ നോക്കിയ തന്റെ പൂച്ചയുടെ കണ്ണുകൾ...... അകലെ കൊണ്ടു പോയി ചാക്കഴിച്ച് വിട്ടപ്പോൾ തിരിഞ്ഞു നോക്കാതെ അവൻ ഓടിയ ഓട്ടം. പാവം തന്റെ പൂച്ച....
അവനന്ന് എന്താണെന്നോട്  പറയാതെ പറഞ്ഞത്.... പെൺചൊല്ലുകേട്ട പെരുമാൾ മുതൽ നീവരെ ആരും ഖേദിക്കാതിരുന്നിട്ടില്ല എന്നോ.... ?
അയാൾ നിശ്ശബ്ദനായി കാറിൽ നിന്നും ബാഗുകൾ ഇറക്കാൻ തുടങ്ങി.