Friday, July 27, 2018

യാത്രക്കിടെ

നെറ്റ് ബുക്കിന്റെ ചാര്‍ജ്ജര്‍ കത്തിപ്പോയി പുതിയതൊരെണ്ണം തരാക്കാന്‍ പറ്റ്വോന്നറിയാന്‍ തിരൂര്‌വരെ പോകേണ്ടി വന്നു.... സാധനം കിട്ടി പക്ഷേ പിന്ന് പാകമാകുന്നില്ല. ഒരു വിധത്തില്‍ പഴയപിന്ന്‌ പുതിയതില്‍ മുറിച്ച് ഏച്ചുകൂട്ടി. ഉപകരിക്കുമോ എന്ന ശങ്കയില്‍ മുഴുകി സ്റ്റേഷനിലെത്തിയപ്പോള്‍ വണ്ടി പ്ലാറ്റ്ഫോമില്‍ റഡി..... കയറിയപ്പോള്‍ ഒരു സീറ്റും റഡി എന്നിട്ടും കൃത്യമായ സാധനം കിട്ടാത്തതിന്റെ ദുഖത്തിലിരിക്കുമ്പോള്‍ ഒരാള്‍ കുറേ പുസ്തകങ്ങള്‍ കൊണ്ടു വന്ന് അടുത്ത് വെച്ചിട്ടു പോകുന്നു. പൊതുവേ കുന്നംകുളത്തെ H & C യുടേ കുട്ടിക്കഥകളാണ്‌ പതിവ്‌ അതുകൊണ്ട് ആദ്യം ശ്രദ്ധിച്ചില്ല.... പിന്നെ വെറുതെയിന്നു നോക്കി. നോക്കുമ്പോഴല്ലേ എല്ലാം നല്ല കനപ്പെട്ട പുസ്തകങ്ങള്‍ ... അധികം തിരയേണ്ടി വന്നില്ല രണ്ടെണ്ണം കയ്യില്‍ തടഞ്ഞു... അമേരിക്കന്‍ എഴുത്തുകാരന്‍ വില്ല്യം ബ്ലം എഴുതിയ റോഗ് സ്റ്റേറ്റ് എന്ന പുസ്തകത്തിന്റെ പരിഭാഷയും ജിം കോര്‍ബെറ്റ് എഴുതിയ മാന്‍ ഈറ്റേഴ്സ് ഓഫ്‌കുമയോണ്‍ എന്ന പുസ്തകത്തിന്റെ പരിഭാഷയും....
അമേരിക്ക ഇന്നേവരെ ലോകത്ത് ചെയ്തു കൂട്ടിയിട്ടുള്ള തെമ്മാടിത്തങ്ങളുടെയെല്ലാം തെളിവുസഹിതമുള്ള വിവരണമാണ്‌റോഗ് സ്റ്റേറ്റിലുള്ളത്. പണ്ട് ഹിമാലയന്‍ താഴ് വരയിലെ കുമയൂണ്‍ എന്ന പ്രദേശത്തെ നരഭോജികളായ പുലികളേയും കടുവകളേയും വേട്ടയാടിയ ജീംകോര്‍ബെറ്റ് എന്ന സായ്‌വിന്റെ അനുഭവങ്ങളാണ്‌‌ മാന്‍ ഈറ്റേഴ്സ് ഓഫ് കുമയോണ്‍ ... ഇദ്ദേഹം ഒരു വലിയ പ്രകൃതിസ്നേഹിയും നിരീക്ഷകനുമായിരുന്നു. ഇന്ത്യലിലെ ആദ്യ വന്യമൃഗ സംരക്ഷണ കേന്ദ്രം ഇദ്ദേഹത്തിന്റെ പേരിലാണ്. സിംഹത്തിന്റെ മൃഗരാജന്‍ സ്ഥാനം നഷ്ടപ്പെട്ടതും അതു കടുവയ്കു കിട്ടിയതും ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഹൈസ്കൂളിലെവിടെയോ വെച്ച് ഈപുസ്തകത്തിലെ ഒരദ്ധ്യായം പഠിച്ചതു മുതല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്‌. പക്ഷേ പരിഭാഷ ഒരു സ്ഥിതി വിവരക്കണക്കിനെ ഓര്‍മ്മിപ്പിക്കുന്നു. വാസ്ഥവത്തില്‍ ഒരു നോവല്‍ പോലെ വായിച്ചു പോകാവുന്ന പുസ്തകം .....
ഏതായാലും പോയകാര്യം പൂര്‍ണ്ണമായി നടന്നില്ല്ലെങ്കിലും പുസ്തങ്ങള്‍ ഒരു നേട്ടമായി.....  :)

Wednesday, July 25, 2018

പ്രദർശനോന്മാദം

07.2016

പണ്ടാണ് എഴുപതുകളുടെ ആദ്യം. മലയാളി 'മുല' എന്നത് ഒരു അശ്ലീല പദമായി കരുതിയിരുന്ന കാലം, ഒരു ഭഗവദ്ഗീതയും കുറേ മുലകളും എന്ന ഒരു കഥ എഴുതി നമ്മുടെ ബേപ്പൂർ സുൽത്താൻ. അന്നത്തെ കാലാവസ്ഥ വെച്ചു പറയുകയാണെങ്കിൽ എഴുതിക്കളഞ്ഞു എന്നു വേണം പറയാൻ. സംഗതി പുക്കാറായി ബഷീർ അശ്ലീല മെഴുതുന്നു എന്നായി ചില സാഹിത്യ ത്തമ്പുരാക്കന്മാർ. സുൽത്താൻ ഒരു ചെറിയ ചോദ്യം മുന്നോട്ടു വെച്ചു.. മുലക്ക് മുല എന്നല്ലാതെ ഡുങ്കൂസ് എന്ന പറഞ്ഞാൽ പറ്റുമോ...കുഞ്ഞ് വിശന്നു കരയുകയാണെങ്കിൽ എടി എണീറ്റ് കുട്ടിക്ക് മുലകൊടുക്ക് എന്നല്ലാതെ കുട്ടിക്ക് ഡുങ്കൂസ് കൊടുക്ക് എന്ന് ആരെങ്കിലും പറയാറുണ്ടോ? സുൽതാന്റെ ചോദ്യം
ഉയർത്തിയ ചിരിയുടെ അലകളിൽ വിമർശം അലിഞ്ഞില്ലാതായി. അങ്ങനെയാണ് മലയാളത്തിൽ മുല അശ്ലീലമല്ലാതായത്.
മുല കൊടുക്കലിനെക്കുറിച്ചാണ് ചർച്ച എന്ന് പറയാനൊഴിവില്ലാതെ  മുല എന്നൊക്കെ പറയുന്നത് അശ്ലീലമല്ലേ ചുരുങ്ങിയത് അമ്മിഞ്ഞ എന്നെങ്കിലും ലഘൂകരിക്കേണ്ടതല്ലേ എന്ന് പറഞ്ഞ് ഇന്നും ചിലർ ചാടി വീണേക്കാമെന്നതു കൊണ്ടാണ് ചരിത്രം ആദ്യം വിളമ്പിയത്. എവിടെ വെച്ചും എങ്ങനെയും മുലകൊടുക്കൽ ഞങ്ങളുടെ ജന്മാവകാശമാണ് എന്നും അതിന് ക്യാമറയോ കാണികളോ തടസ്സമായിക്കൂടാ എന്നും പറഞ്ഞുകൊണ്ട് അതിനെ വീണ്ടും അശ്ലീലമാക്കാൻ സ്വതന്ത്ര വനിതകൾ രംഗത്തു വന്നതോടെ ഡുങ്കൂസ് വീണ്ടും ചർച്ചാവിഷയ മായിരിക്കുന്നു.
ഏതായാലും ഞാൻ എന്റെ അഭിപ്രായം പറയാം. ഒന്നാമത് മുലകൊടുക്കൽ അവരുടെ അവകാശമല്ല അവരുടെ കടമയാണ് എന്നാണ് എന്റെ ഒരു ഇത്. കഴുയുമെങ്കിൽ രണ്ട് വർഷം തികച്ചും കൊടുക്കുകയും വേണം. കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അതിനേക്കാൾ നല്ല ആഹാരമോ മരുന്നോ വേറെ ഇല്ല. അതിനാൽ മുലകൊടുക്കൽ അമ്മയുടെ കടമയും കുഞ്ഞിന്റെ അവകാശവുമാകുന്നു. പിന്നെ പരസ്യമായി കൊടുക്കുന്നതിനും നമ്മുടെ നാട്ടിൽ വിലക്കുണ്ട് എന്ന് എനിക്കിതുവരെ തോന്നിയിട്ടില്ല. ട്രൈനിലും ബസ്സിലുമൊക്കെ യാത്ര ചെയ്യുന്നവർ കൈകുഞ്ഞുങ്ങളു മായി യാത്രചെയ്യുന്ന സഹോദരിമാർ തങ്ങളുടെ മക്കൾക്ക് വിശന്നാൽ മുല കൊടുക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ടാകും. നേതാവിന്റെ പ്രയോഗം കടമെടുത്താൽ, ഇന്നേവരെ ആരും അതൊരു ഇശ്യൂ ആക്കിയിട്ടില്ല എന്നു വേണം പറയാൻ. പക്ഷേ അമ്മമാരാരും ആ മഹൽ‌ കർമ്മത്തെ  പരസ്യപ്പെടുത്താറില്ല എന്നുമാത്രം. അല്ലെങ്കിലും കുട്ടിക്ക് മുലപ്പാൽ എന്നല്ല ഏതു ഭക്ഷണം കൊടുക്കുന്നതിനും ഒരു ഒളിയും മറയുമൊക്കെ വേണമെന്ന് അവർ കരുതുന്നു. പിന്നെ അവകാശ സംരക്ഷണവും കർത്തവ്യ നിർവ്വഹണവുമൊക്കെ ക്യാമറക്ക് മുന്നിൽ തന്നെ വേണം എന്ന് തോന്നുന്നത് ഈ കാലഘട്ടത്തിന്റെ ഒരു പ്രശ്നമാണ് എന്ന് വേണം കരുതാൻ. ക്യാമറക്കു മുന്നിലേക്ക് പ്രസവിക്കുക ക്യാമറക്കു മുന്നിൽ മുലകൊടുക്കുക തുടങ്ങിയ ഏർപ്പാടുകൾ പണ്ടുണ്ടായിരുന്നില്ല എന്നുറപ്പ്.
അവകാശങ്ങളാണെങ്കിലും കടമകളാണെങ്കിലും അത് ചിത്രീകരിച്ച് പരസ്യം ചെയ്യണം എന്ന ഇത് അത്ര ഉചിതമല്ലാത്ത അവസരങ്ങളുമുണ്ടല്ലോ. ഉദാഹരണത്തിന് മനുഷ്യന്റെ അവകാശങ്ങളിൽ വളരെ മുഖ്യമാണ് ഇണചേരാനുളള അവകാശം. അതിന് സമൂഹം ഏർപെടുത്തിയിട്ടുളള നിബന്ധനകൾ പൂർത്തിയാക്കി മനുഷ്യൻ തന്റെ അവകാശം നേടുന്നു. മനുഷ്യ ജീവിതത്തിലേ ഏറ്റവും നിർവൃതിദായ കമായ ആ കർമ്മം ക്യാമറക്കുമുമ്പിൽ വെച്ചാകണമെന്ന് നാം ശാഢ്യം പിടിക്കാറില്ല. അതുപോലെ തന്നെ മൂത്രമൊഴിക്കുക കക്കൂസിൽ പോവുക തുടങ്ങിയവയും ഞ്യായമായ ആവശ്യങ്ങൾ തന്നെ. അവിടെയും ക്യാമറ വേണമെന്ന് നാം ശാഠ്യം പിടിക്കാറില്ല. തന്നെയുമല്ല മൂത്രപ്പുരയിലോ കക്കൂസിലോ ആരെങ്കിലും ക്യാമറവെച്ചാൽ അവനെ നാമൊട്ട് വെറുതെ വിടുകയുമില്ല. പിന്നെന്താ.....ഇനി മാതൃത്വത്തെയും വിസർജ്ജനത്തെയും സമീകരിച്ചുകളഞ്ഞു എന്നൊന്നും പറഞ്ഞ് എന്റെ മേക്കിട്ട് കയറരുത്... ജീവിതത്തിലെ സകലമാന മുഹൂർത്തങ്ങളിലും ക്യാമറവേണമെന്ന ചിന്ത അശ്ലീലമാണ് എന്ന തോന്നൽ പങ്കുവെക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ....

എക്സിബിഷനിസം എന്ന മനോവൈകല്ല്യം സമൂഹത്തിൽ പടരുന്നുവോ....?

Saturday, July 21, 2018

യുക്തി ചിന്തകൾ

ഞാനൊരു യുക്തിവാദിയല്ല. എങ്കിലും ചിലകാര്യങ്ങളിൽ യുക്തി തിരയുന്ന ദുസ്സ്വഭാവം എനിക്കുണ്ട്. അതുപ്രകാരം സാഹിത്യകാരൻ രാമനുണ്ണിക്ക് ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കിൽ കൈവെട്ടും എന്ന് കത്തെഴുതിയത് മുസ്ലിം കളിൽ ഏതെങ്കിലും ഒരു വിഭാഗമാണ് എന്ന് വിശ്വസിക്കാൻ ഈ യുക്തി ബോധം എനിക്ക് തടസ്സമാകുന്നു. യഥാർത്ഥ മുസ്ലിം ഖുർ ആനിൽ വിശ്വസിക്കുന്നവനാണ്. ഖുർ ആനിൽ പറയുന്നതാകട്ടെ   '' لَا إِكْرَاهَ فِي الدِّين ِ'' മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്നാണ് താനും. പിന്നെ ഒരു നിശ്ചിത സമയ പരിധിക്കുളളിൽ മതം മാറിക്കൊ ളളണം എന്ന് അൾട്ടിമേറ്റം കൊടുക്കുന്ന പരിപാടി നബി പഠിപ്പിച്ചു കാണുന്നില്ല. ഇതിനു മുമ്പ്  കൈവെട്ടി പേരെടുത്തവർ തന്നെയായിരിക്കും എന്ന മട്ടിൽ ചിന്തിച്ച് മതേതരത്വം തെളിയിക്കാനും കഴിയുന്നില്ല. കാരണം അന്ന് അവർ അവരുടെ ചെയ്തിയെ ഞ്യായീകരിച്ചത് പ്രവാചകനെ നിന്ദിച്ച തിന്നുളള പ്രതികാരം എന്ന് പറഞ്ഞായിരുന്നു. രാമനുണ്ണിയാകട്ടെ  ഒരു യാഥാസ്തിക മുസ്ലിമിനേക്കാൾ ഇസ്ലാമ നുകൂല നിലപാടുളള ആളാണ് താനും. ഹിന്ദു മുസ്ലിം ഐക്യത്തെ പ്രചോദിപ്പിക്കുന്ന ആൾ. (ഇസ്ലാമിയത്തുളള ആൾ എന്നും പറയാം :) ) അദ്ദേഹമിന്നേവരെ ഇസ്ലാമിനെ എതിർക്കുന്ന ഒന്നും എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. അപ്പോൾ അതും യുക്തിക്ക് യോജിക്കുന്നില്ല.....
ഇനി അവശേഷിക്കുന്ന സാദ്ധ്യത അതാണ് വിഗ്രഗം അമ്പലമുറ്റത്ത് പശുവിനെ കൊന്ന് ഇട്ടും ദേവാലയം മലമൂത്ര വിസർജ്ജനം ചെയ്ത് അശുദ്ധമാക്കിയും പളളിയിൽ കിടന്നുറങ്ങുന്ന മനുഷ്യനെ കൊന്നും പെരും നുണകൾ ആവർത്തിച്ച് പെരുപ്പിച്ചും പ്രചരിപ്പിച്ചും പെൺ കുട്ടികളെ ബലാത്സംഗം ചെയ്യാൻ ആഹ്വാനം ചെയ്തുമൊക്കെ കേരളത്തെ നരകമാക്കാൻ                 നിരന്തരം കഠിനമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവർ അവർക്ക് ഇതൊന്നും അധികമായിരിക്കില്ല...
പിന്നെ രാമനുണ്ണിയുടെ പോക്കുകണ്ട് ഇയാൾ എങ്ങാൻ ഇസ്ലാമായിപ്പോകുമോ എന്ന് ഭയപ്പെട്ടിരിക്കാനും മതി.....

Thursday, July 19, 2018

ആധുനികനും പുരാതനനും

ആധുനികന്‍ ഒരുടൂറിലായിരുന്നു....കാടും കടലും ഒക്കെയൊന്നു നടന്നു കാണുക എന്തിന് എന്ന് ചോദിച്ചാല്‍ ആസ്വദിക്കാന്‍ തന്നെ ....
അങ്ങനെ അവന്‍ കാട്ടിലെത്തി കുറെ കാട്ടിനകത്തെത്തിയപ്പോള്‍ അതിനകത്തതാ ഒരു കൊച്ചുഗ്രാമം കിരാതന്മാര്‍ ഇവരെങ്ങനെ ഈ കാട്ടുമൃഗങ്ങ്ള്‍ക്കൊപ്പം കഴിയുന്നു എന്നവന്‍ അതിശയം കൂറി..
ആദ്യം കണ്ട പുരാതനനോടവന്‍ ചോദിച്ചു നിങ്ങളെങ്ങനെയാ കാട്ടിലൂടെ നടക്കുന്നത് നിങ്ങള്‍ക്കു പേടിയില്ലേ?. നിഷ്കളങ്കമായി ചിരിച്ചുകൊണ്ടയാള്‍ ചോദിച്ചു എന്തിന് ? ആനയും പുലിയുമൊക്കെ പിടിച്ച് നിങ്ങളുടെ കൂട്ടര്‍ മരിക്കാറുണ്ടല്ലോ... കുറച്ചൊന്നാലോചിച്ച ശേഷം പുരാതനന്‍ ചോദിച്ചു നാട്ടില്‍ റോട്ടിലൂടെ നടക്കാന്‍ നിങ്ങള്‍ക്കു പേടിയില്ലേ? എന്തിന്... ലോറിയും കാറുമൊക്കെയിടിച്ച് നിങ്ങളുടെ കൂട്ടര്‍ മരിക്കാറുണ്ടല്ലോ. ഇത്തവണയും അവന്‍ ചിരിച്ചു... ആനിഷ്കളങ്കമായ ചിരികണ്ടപ്പോള്‍ ആധുനികന്നു സംശയം ഇവനെന്നെയൊന്നാക്കിയതാണോ എന്ന്..
പിന്നീടയാള്‍ കടല്‍തീരത്തെത്തി... തീരത്തു കണ്ട മുക്കുവനോട് ലോഗ്യം കൂടി അവന്‍ ചോദിച്ചു... ചേട്ടന്റെ അച്ചനെങ്ങന്യാ മരിച്ചേ? അത് കടലീപോയി തോണിമുങ്ങി മരിച്ചതാ..
മുത്തശ്ശനോ? മൂപ്പരും അങ്ങനെത്തന്നെ. അപ്പോ കടലീല്‍ പോകാന്‍ നിങ്ങള്‍ക്കു പേടിയാകില്ലേ?
മുക്കുവന്‍ ചോദിച്ചു.. സാറിന്റെ അച്ചനെങ്ങന്യാ മരിച്ചത് ?
അത് രോഗം വന്ന് കട്ടിലില്‍ കിടന്നാ മരിച്ചത്. മ്ത്തശ്ശനോ അദ്ദേഹവും..അപ്പോ കട്ടിലില്‍ കിടക്കാന്‍ നിങ്ങള്‍ ക്കുപേടിയാവില്ലേ...
സംസ്കാരമില്ലാത്തവരുടെ ഓരോ ചോദ്യങ്ങള്‍ ആധുനികന്‍ പിന്‍ വാങ്ങി.....
20. 07.2012

കറന്റ് ഭാസ്കരൻ നായർ

20.07.2018
പെരുവണ്ണാമൂഴിയിലെ എന്റെ ആദ്യകാലം. 1983. ഇറിഗേഷൻ പ്രൊജക്റ്റിന്റെ ബാച്ചിലർ റൂമിൽ താമസം. കറന്റ് ഭാസ്കരൻ നായർ എന്ന പി ഡ ബ്ല്യൂ ഡി യിലെ ഇലക്ട്രീഷ്യനാ യിരുന്നു തൊട്ടടു ത്ത റൂമിൽ. തിരുവനന്ത പുരത്തു കാരൻ മൂപ്പർ കളത്രവുമായി ലേശം പിണങ്ങിയതു സംബന്ധിച്ച് കശ്മല ചെലവിന്ന് കേസു കൊടുത്തു. വാശിക്കാരനായ മൂപ്പർ വിധി വന്നിട്ടും ചെലവിനു കൊടുത്തില്ല. അങ്ങനെ മൂപ്പർ സസ്പെൻഷനിൽനിൽകുന്ന കാലം. സദാ സമയവും മൂക്കറ്റം മദ്യപിച്ച് ഇറിഗേഷൻ പ്രൊജക്റ്റ് അധികൃതരെ തെറി വിളിക്കുക എന്ന ഒറ്റ ജോലിയേ ഉണ്ടായിരുന്നുളളൂ. ആദ്യമൊക്കെ പേടി തോന്നി. ഇങ്ങനെയൊരു കുടിയനെയാണല്ലോ അയൽവാസിയായി കിട്ടിയത് എന്ന ദുഖവും. ഏതായാലും കുറച്ചു ദിവസം കൊണ്ട് ഇണങ്ങി നോക്കിയപ്പോൾ ആളൊരു പച്ചപ്പാവം. ഭാര്യ വേണ്ടരീതിയിൽ പരിഗണിച്ചില്ല എന്ന പരിഭവം വെറുപ്പായി വിദ്വേഷമായി കേസായി അവസാനം മൂപ്പർ സസ്പെൻഷനിലുമായി അത്ര്യേളളൂ കാര്യം. ഞാൻ നാട്ടിലേക്ക് പോരാത്ത ദിവസങ്ങളിൽ  ഞങ്ങൾ രണ്ടു പേരും ഒറ്റക്കായിരിക്കും. ഒരു ദിവസം രാത്രി ഐ ബിയിലെ കാന്റീനിൽ പോയി ഊണു കഴിച്ച് വരുമ്പോൾ നായർ കെട്ടിടത്തിലേക്കുളള ചവിട്ടു പടിയിൽ കുടിച്ച് ബോധം കെട്ടു വിലങ്ങനെ വീണു കിടക്കുന്നു. തടിയൻ നല്ല കനം. അവിടെയിട്ടു പോയാൽ മഴപെയ്താൽ പഹയൻ നനയും പാവം തോന്നി ഒരു വിധത്തിൽ വലിച്ചിഴച്ച് ചാരിയിട്ടിരുന്ന മുറി തുറന്ന് അകത്ത് കൊണ്ടുപോയി ഇട്ടു. ഇതിനു ശേഷം എന്നോട് വലിയ ഇഷ്ടമായി. വൈകുന്നേരങ്ങളിൽ എന്റെ അടുത്ത് വന്നിരുന്ന് പലകഥകളും പറഞ്ഞ് തരും. ആധൈര്യത്തിൽ ഒരിക്കൽ ഞാൻ മൂപ്പരെ പതുക്കെ ഒന്ന് ഉപദേശിച്ചു. നായരേ ഈ കുടിയൊന്ന് നിർത്തിക്കൂടേ എന്തിനാ നാം സ്വയം നശിക്കുന്നത്. ചെത്തരുത് കുടിക്കരുത് മദ്യം വിഷമാണ് എന്നല്ലേ ശ്രീ നാരായണ ഗുരു പറഞ്ഞിരിക്കുന്നത്. ഞാൻ ഭയപ്പെട്ട പോലെ മൂപ്പരെന്നോട് ദേഷ്യ പ്പെടുകയോ പിണങ്ങുകയോ ഒന്നും ചെയ്തില്ല ദൂരെ വയനാടൻ മലയിലേക്ക് നോക്കി താടി തടവിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ശരിയാണു സാറേ ഗുരു പറഞ്ഞത് വളരേ ശരിയാണ്.തെങ്ങിലോ പനയിലോ ഒക്കെ കയറി ചെത്താനും കവർപ്പും നാറ്റവും സഹിച്ച് കുടിക്കാനും ഒക്കെ വലിയ വിഷമം തന്നെയാണ്. പക്ഷേ അകത്തു ചെന്നുകിട്ടിയാൽ എല്ലാ വിഷമവും മറക്കുന്ന സുഖമാണ്. സാറത് അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് ഞാൻ പറഞ്ഞത് മനസ്സിലാകില്ല. ..  ഒന്ന് പരീക്ഷിക്കണോ ?
പിന്നീടൊരിക്കലും ഈ വിഷയത്തിൽ ഞാൻ അദ്ദേഹത്തെ ഉപദേശിക്കാൻ മെനക്കെട്ടിട്ടില്ല.....

Friday, July 6, 2018

ആശാരി നെഹറു

വെട്ടിയും തിരുത്തിയും വെട്ടിയും തിരുത്തിയും ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലാത്ത
ബാല്ല്യകാല സ്മരണകളിൽ നിന്ന്.
*********************************
പതിവുപോലെ അന്നും കുട്ടി കരഞ്ഞു. യ്ക് നെഹറൂനെ കാണണേയ്..... പുറത്ത് ഔട്ട് ഹൗസിൽ സ്വീകരണമുറിയിൽ തൂക്കിയിട്ടുള്ള ചാച്ചാജിയുടെ ഫോട്ടോ ആയിരുന്നു ഉദ്ദേശം. നെഹറുവിനെ കൂടാതെ മഹാത്മാഗാന്ധിജി, രാജേദ്രപ്രസാദ്, സുബാഷ് ചന്ദ്രബോസ് എന്നിവരുടെ ചിത്രങ്ങളുമുണ്ടായിരുന്നു അവിടെ. കൂട്ടത്തിൽ കുട്ടിയെ ഏറ്റവും ആകർഷിച്ചത് കോട്ടിന്റെ കുടുക്കിനിടയിൽ‌ ചുവന്ന‌പനിനീർ പൂ ചൂടി ചിരിച്ചു കൊണ്ടിരിക്കുന്ന ചാച്ചാജിയുടെ ചിത്രമായിരുന്നു. അന്നുമുതൽ ഇടക്കിടെ കുട്ടി നെഹ്രുവിനെ കാണാൻ വാശി പിടിക്കുക പതിവായി. ആരെങ്കിലും അവനെ വിശിഷ്ടാഥിതികൾ വരുമ്പോൾ മാത്രം തുറക്കാറുള്ള മുറിതുറന്ന് ചിത്രം കാണിക്കുന്ന്തുവരെ കരച്ചിൽ തന്നെ... അതായിരുന്നു. പതിവ്. അന്ന് നാലുകെട്ടിന്റെ മുറ്റത്ത് രാമനാശാരി പണിയുന്നുണ്ടായിരുന്നു. കരയുന്ന കുട്ടിയോട് രാമനാശാരി പറഞ്ഞു ന്നെ കണ്ടോളു കുട്ട്യേ നാനെന്ന്യാ നെഹറു. . പ്രായത്തിൽ കവിഞ്ഞ വളർച്ച യായിരുന്നു കുട്ടിയുടെ നാവിന്.കുട്ടി ചോദിച്ചു ങ്ങള് ആശാരി രാമനല്ലേ.. രാമൻ പറഞ്ഞു ആശാരി രാമന്നും പറയും ആശാരി നെഹറൂന്നും പറയും. കുട്ടി നോക്കി കഷണ്ടിത്തലയും വട്ടക്കണ്ണടയുമായി ഗാന്ധിയപ്പൂപ്പനെപ്പോലെ ആശാരിരാമൻ. അല്പനേരം കൗതുകത്തോടെ നോക്കിനിന്നശ്ശേഷം പറമ്പിൽ നിന്നും കുട്ടികളോടൊപ്പം കയറിവന്ന തള്ളപ്പൂ ച്ചയോടൊപ്പം കുട്ടി അടുക്കളയിലേക്കു പോയി..

ആശാരി നെഹറു II( തുടർച്ച )
*************************
നേരം പാതിരാ... വിശാലമായ വീട്ടു വളപ്പിന്റെ കിഴക്കു ഭാഗത്തുളള കരിമ്പനയുടെ മുകളിരുന്ന് കൂമൻ മൂളുന്നത് കേട്ടാണ് കുട്ടി ഉണർന്നത്. മുറിയുടെ കിളിവാതിലിലൂടെ പാറി വീണ നാലാവിന്റെ വെളിച്ചത്തിൽ കുട്ടി നോക്കി. ഉപ്പയും ഉമ്മയും തന്റെ രണ്ടു വശങ്ങളിലായി  ഉറങ്ങുകയാണ്. ഉമ്മയുടെ മേലേക്ക് ഒരു കാൽ കയറ്റിവെച്ച് കിടക്കുകയാണു കുട്ടി. ഉപ്പായുടെ നേരിയ കൂർക്കം വലി കേൾക്കാം. ദൂരെ പാടത്തിനപ്പുറത്തെ റെയിൽ പാതയിലൂടെ കൂവി ആർത്തു കൊണ്ട് ഒരു തീവണ്ടി പാഞ്ഞു പോയി.
കുട്ടിയുടെ മനസിലേക്ക് രാവിലത്തെ സംഭവങ്ങൾ ഓടിയെത്തി. മുറ്റത്തിരുന്ന് പണിയെടുക്കുകയായിരുന്ന രാമനാശാരി. നെഹറുവിനെ കാണണമെന്ന് ശാഠ്യം പിടിച്ച കുട്ടിയ്യോട് തനിക്ക് ആശാരി നെഹറു എന്നും ഒരു പേരുണ്ടെന്ന് പരിചയ പ്പെടുത്തിയ കാര്യം. ആശാരി നെഹറു... അയാളുടെ മുടിയില്ലാത്ത തലയും കണ്ണടയും കണ്ടാൽ ഗാന്ധിയാണെന്നേ തോന്നൂ എന്ന് കുട്ടി കൗതുകത്തോടെ ഓർത്തു. കുട്ടിക്ക് പെട്ടന്ന് മൂപ്പരെ ഒന്ന് കണ്ടാൽ കൊളളാമെന്നായി. ആഗ്രഹം കലശലായപ്പോൾ കുട്ടി ചിണുങ്ങാൻ തുടങ്ങി. ഉമ്മ പെട്ടന്ന് ഉണർന്നു. അതെന്നും അങ്ങനെയാണ്. താനൊന്ന് അനങ്ങിയാൽ ഉമ്മ ഉണരും. ഉപ്പവലിയ ഉറക്കക്കാരനാണ്. ഉമ്മ എണീറ്റ് പോയി ഒരു പാടു നേരം കഴിഞ്ഞേ ഉപ്പ ഉണരൂ. എന്താടാ നിനക്ക് പള്ളേല് വെരുത്താക്ണുണ്ടോ.
ഇല്ലാ...
തൂറണോ
വേണ്ടാ
ദാഹിക്ക്ണ് ണ്ടോ ?
ഇല്ലാ...
പിന്നെന്തിനാ കരയ്ണ്...?
യ്ക്ക് നെഹറൂനെ കാണണം...
കേൾക്കാനാളായപ്പോൾ ചിണുങ്ങൽ കരച്ചിലായി. ഉപ്പ ഉണർന്നു...
കരച്ചിൽ കൂടുകയാണെന്നു കണ്ടപ്പോൾ വല്ല്യ മുസീബത്തായല്ലോ പഹേനെക്കൊണ്ട് എന്നു പറഞ്ഞ് താഴെ ഓട്ട് ഹൗസിൽ പോയി ചുമരിൽ ചില്ലിട്ടു തൂക്കിയ ചാച്ചാജിയുടെ ചിത്രം കൊണ്ടു വന്നു.
പിന്നീടായിരുന്നു വിപ്ലവം. കുട്ടി ഫോട്ടോവിലേക്ക് നോക്കുകപോലും ചെയ്യാതെ പറഞ്ഞു യ്ക്ക് ഈ നെഹറൂന്യല്ലാ ആശാരി നേഹറൂനെ കാണണം.. ഉറക്കക്കമ്പക്കരനായ ഉപ്പാക്ക് ദേഷ്യം വന്നു വരണമല്ലോ... ധാരാളം അടികിട്ടി. മൂപ്പരുടെ ബെൽട്ട് കൊണ്ടായിരുന്നു പയറ്റ്. താഴെനിന്നും വെല്ലിമ്മയും അമ്മായിയും കുഞ്ഞുട്ടി എളാപ്പയും പാഞ്ഞുവന്നു. തടയാൻ ശ്രമിച്ച എളാപ്പാക്കും കിട്ടി രണ്ട്....
ഉമ്മ അവനെ സമാധാനിപ്പിച്ച് കിടക്കയിൽ കിടത്തി. തേങ്ങി ത്തേങ്ങി കുട്ടി മയക്കത്തിലേക്ക് താഴവേ അവന കേട്ടു പുറത്ത് കരിമ്പനയിൽ വീണ്ടും കൂമൻ മൂളാൻ തുടങ്ങിയിരിക്കുന്നു. ഉറക്കത്തിൽ തന്നെ തഴുകിയ ഉപ്പായുടെ കൈകൾ..... അവനുറപ്പായി.നാളെ ഉപ്പ പ്രത്യേകമായി
എന്തെങ്കിലും വാങ്ങിക്കൊണ്ടു വരും. അതങ്ങനെയാണ്. തല്ലിനെത്തുടർന്ന് സാന്ത്വനം പതിവായിരുന്നു...
അവൻ പിണക്കം നടിച്ചു  ഉമ്മായുടെ ഭാാഗത്തേക്ക് തിരിഞ്ഞു കിടന്ന് കാല് ഉമ്മായുടെ മേലേക്ക് കയറ്റിവെച്ച് ഉറങ്ങി...
**************************************************
ഇന്നും ഉറക്കം ഞെട്ടിപ്പോകുന്ന രാവുകളിൽ  ദൂരെ തെളിഞ്ഞുകാണുന്ന പൊൻ വെളിച്ചം പോലെ ഈങ്ങത്തൊടിയിലെ തറവാട്ടിൽ ഞാൻ അനുഭവിച്ച ബാല്ല്യം....
ഉമ്മായും ഉപ്പായും വെല്ല്യുമ്മയും  മൂത്താപ്പയും എളാപ്പമാരും അമ്മാവനും അന്നത്തെ കൂട്ടുകാരും. ആദ്യം ഉമ്മ പോയി കാലങ്ങൾക്കു ശേഷം മൂത്താപ്പയും ഉപ്പയും.....വെല്ല്യുമ്മയും..

Monday, July 2, 2018

എളിയ ഒരു ബദർ സന്ദേശം

അതൊരു കല്പനയായിരുന്നു. ഇങ്ങോട്ടാക്രമിക്കുകയും സ്വന്തം ഭവനങ്ങളിൽ നിന്നും സ്വന്തം നാട്ടിൽ നിന്നുപോലും തങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തതും പോരാഞ്ഞിട്ട് തങ്ങൾക്കഭയം കിട്ടിയേടത്തു വന്ന് തങ്ങളെ ഉന്മൂലനം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തില്പരം സർവ്വസജ്ജരായ ഒരു വലിയ സൈന്യത്തെ പ്രതിരോധിക്കാനുള്ള കല്പന. അങ്ങനെ കൈവശമുള്ള പരിമിതങ്ങളായ വിഭവങ്ങളുമായി തങ്ങളുടെ എല്ലാമെല്ലാമായ പ്രവാചകന്റെ നേതൃത്വത്തിൽ അവർ മുന്നൂറ്റിപ്പതിമൂന്നുപേർ പുറപ്പെട്ടു. അംഗബലത്തിൽ മാത്രമല്ല ആയുധങ്ങളുടെയും വാഹനങ്ങളുടേയും മറ്റെല്ലാ വിഭവങ്ങളുടെയും കാര്യത്തിലും  അവർ ദരിദ്രരായിരുന്നു. അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും ഈശ്വരവിശ്വാസത്തിലും
മാത്രം അവർ മികച്ചുനിന്നു.വാഹനങ്ങൾ അവർ ഊഴമിട്ട് ഉപയോഗിക്കാൻ നിശ്ചയിച്ചു. വീതിച്ചപ്പോൾ മൂന്നു പേർക്ക് ഒരുവാഹനം എന്നായിരുന്നു കണക്ക്. നബി തിരുമേനിക്കും ഇക്കാര്യത്തിൽ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ ഹുബാബും അലിയുമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളികൾ. തങ്ങൾ വാഹനപ്പുറത്തും നബി കാൽനടയായും സഞ്ചരിക്കുന്നത് യുവാക്കൾക്ക് സഹിച്ചില്ല. അവർ തങ്ങൾ നടന്നുകൊള്ളാമെന്നും തങ്ങളുടെ ഊഴം കൂടി നബി (സ) ക്ക് വിട്ടുകൊടുക്കാമെന്നും ഗുരുവിനെ ഉണർത്തി. സൗമ്യനായി അദ്ദേഹം പറഞ്ഞു " എന്നെക്കാൾ കൂടുതൽ നടക്കാൽ കെല്പുള്ളവരാണു നിങ്ങൾ എന്നു ഞാൻ കരുതുന്നില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാണ് നിങ്ങളീത്യാഗത്തിനൊരുങ്ങുന്ന തെങ്കിൽ ഞാനും നിങ്ങളെപ്പോലെതന്നെ അത് ആഗ്രഹിക്കുന്നവനാണ്."
ബദറിലെത്തുവോളം അദ്ദേഹം തന്റെ ഊഴം നടന്നുതന്നെ യാത്രചെയ്തു.
നീതിയുടെ കാര്യത്തിൽ നേതാവും അനുയായികളും തമ്മിലായാലും ഗുരുവും ശിഷ്യന്മാരും തമ്മിലായാലും ഒരുവിട്ടു വീഴ്ചയുമില്ല എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രപഞ്ചത്തെ അതിന്റെ നാഥൻ നീതിയുടെ മേൽ സ്ഥാപിച്ചിരിക്കുന്നു എന്നുമദ്ദേഹം മനുഷ്യകുലത്തിനു പറഞ്ഞു കൊടുത്തു..... അനീതിപെരുകിയാൽ പ്രപഞ്ചതാളം തെറ്റുകതന്നെ ചെയ്യും.

യൗമുൽ ഫുർഖാൻ

അവർ ദുർബലരായിരുന്നു. അവരിലേക്ക് അവരിൽ നിന്നും നിരക്ഷരനായ ഒരു പ്രവാചകൻ വന്നു. അബ്ദുല്ലായുടെ മകൻ മുഹമ്മദ്.(സ).‌ പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരനൊഴികെ മറ്റാരേയും ആരാധിക്കരുത്, അവൻ മനുഷ്യരിലേക്ക് അയക്കുന്ന സന്ദേശവാഹകരെ വിശ്വസിക്കണം, ജീവിതത്തിന്ന് മരണാനന്തരം ഒരു കണക്കെടുപ്പുണ്ടാകും എന്നീ തത്വങ്ങളിലൂന്നി മനുഷ്യത്വത്തിന്റെ ബാലപാഠങ്ങൾ അവരെ അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ നിന്ദിതരും പീഢിതരും കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി. ഇത് ഉന്നതരെ അസ്വസ്ഥരാക്കി. ധനികരും പുരോഹിതരും പ്രമാണിമാരും ദുർബലരുടെ കൂട്ടയ്മക്കെതിരെ സംഘടിച്ചു.  ധനികരിൽ ഒന്നോരണ്ടോ പേരൊഴികെ എല്ലാവരും മറുചേരിയിലായിരുന്നു. കൂട്ടയ അക്രമങ്ങളെ പ്രതിരോധിക്കാൻ അവർക്കാകുമായിരുന്നില്ല. ശാരീരികവും മാനസികവുമാായ കൊടിയ പീഢനങ്ങൾ ഉപരോധം ചതി എന്നിവയിലൂടെ അവർ സ്വന്തം ജന്മനാട്ടിൽ നിന്നും തുരത്തപ്പെട്ടു. എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് വെറും കയ്യോടെ അവർക്ക് പലായനം ചെയ്യേണ്ടി വന്നു. അവർക്ക് തിരിച്ചടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അനുവാദം നൽകപ്പെട്ടില്ല. ക്ഷമിക്കാനായിരുന്നൂ കല്പന. 
തങ്ങൾ ജന്മദേശത്ത് ഉപേക്ഷിച്ച് പോന്നതൊക്കെയും ശത്രുക്കൾ കയ്യടക്കി എന്ന വേദനാജനകമായ വിവരം ദൂരെയിരുന്ന് കേൾക്കേണ്ടിവന്ന അവർ തിരിച്ചടിക്കാൻ അനുവാദം ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ അനുവാദം നൽകപ്പെട്ടു....
വലിയൊരു സമ്പത്തുമായി ശാമിൽ നിന്നും മടങ്ങു ശത്രുക്കളുടെ നേതാവ് അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടഞ്ഞ് സ്വത്ത് പിടിച്ചെടുക്കാൻ അവർ തീരുമാനിച്ചു. അതിന്നായി വിരലിലെണ്ണാവുന്ന സന്നാഹങ്ങളുമായി അവർ മുന്നൂറ്റിപ്പതിമൂന്ന് പേർ പുറപ്പെടുകയും ചെയ്തു. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. സന്നാഹങ്ങൾ കുറവാണെങ്കിലും ചെറിയ സംഘമായ വർത്തക സംഘത്തെ കിട്ടിയാൽ തങ്ങൾക്ക് എളുപ്പമായിരുന്നേനേ എന്നവർ അകമേ ആഗ്രഹിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. അവർ കച്ചവട സംഘം കടന്നു പോകേണ്ട ബദറിൽ തമ്പടിച്ചു. ഈ വിവരം നേരത്തെതന്നെ അങ്ങ് മക്കയിലറിഞ്ഞിരുന്നു. തങ്ങളുടെ നേതാവിന്റെ സ്വത്ത് പിടിച്ചെടുക്കാൻ മദീനയിൽ നിന്നും മുഹമ്മദും കൂട്ടരും പുറപ്പെട്ടിരിക്കുന്നു. ഉടൻ യുദ്ധ സജ്ജരാവുക. ഖുറൈശികളുടെ നേതാവ് അബൂജഹൽ വിളംഭരം ചെയ്തു. ആയിരത്തിൽ പരം പേർ, സർവ്വ സന്നാഹങ്ങളുമായി അവരും ബദറിലെത്തി. തൊള്ളായിരത്തമ്പത് കാലാൾപ്പട, നൂറ് കുതിരകൾ, നൂറ്റി എഴുപത് ഒട്ടകങ്ങൾ എന്നിവയൊക്കെ അടങ്ങിയതായിരുന്നു കുറൈശിപ്പട. തങ്ങൾ എത്തിയ വിവരം വർത്തക സംഘത്തെ അറിയിക്കാൻ അബൂജഹൽ ദൂതനെ അയച്ചു. ബദറിൽ മുഹമ്മദും കൂട്ടരും കാത്തു നിൽകുന്ന വിവരമറിഞ്ഞ അബൂസുഫ്യാൻ അബൂജഹൽ ഉദ്ദേശിച്ച പോലെ യുദ്ധത്തിന്ന് തയ്യാറായില്ല. അയാൾ തന്റെ കച്ചവട സംഘത്തെ ബദറിൽ നിന്നും അകലെയുള്ള മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു. മടങ്ങിയെത്തിയ ദൂതനിൽ നിന്നും വിവരമറിഞ്ഞ ഖുറൈശികളിൽ ഭൂരിഭാഗവും കച്ചവട സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഏറ്റുമുട്ടൽ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. ബന്ധ്ക്കളും കുടുംബക്കാരുമായ മുസ്ലിം കളോട് അനാവശ്യമായ ഒരേറ്റുമുട്ടൽ അവർ ആഗ്രഹിച്ചില്ല. എന്നാൽ പ്രവാചകനോടും അദ്ദേഹത്തിന്റെ ആദർശത്തോടും ഒടുങ്ങാപകയുണ്ടായിരുന്ന അബൂജഹൽ പിന്മാറാൻ തയ്യാറല്ലായിരുന്നു. എല്ലാം കൊണ്ടും ദുർബലരായ മുസ്ലിംകളേയും മുഹമ്മദിനേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ ഇത്പോലൊരു അവസരം ഇനി ഒത്തു കിട്ടുകയില്ല എന്നയാൾ കണക്കാക്കി. സമാധാനത്തിനു വാദിച്ചവരെ സ്ത്രീകളെന്നും ഭീരുക്കളെന്നും വിളിച്ച്  അധിക്ഷേപിച്ചു. തങ്ങളുടെ ദൈവങ്ങളായ ലാത്തയേയും ഉസ്സയേയും തള്ളിപ്പറഞ്ഞവരെ തോല്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ വാഗ്ദോരണികൊണ്ട് അയാൾ സ്ഥാപിച്ചെടുത്തു... എതിരഭിപ്രായക്കാരെ നിശ്ശബ്ദരാക്കി ആയാൾ സൈന്യത്തെ യുദ്ധ സജ്ജരാക്കി....
അതയിരുന്നു വിധി. ചുരുങ്ങിയ സമയം മാത്രം നീണ്ടു നിന്ന യുദ്ധത്തിൽ കരുത്തരും സർവ്വായുധ വിഭൂഷിതരുമായിരുന്ന ഖുറൈശി സൈന്യം നിലം പരിശായി അവരിൽ അബൂജാഹിൽ അടക്കം പ്രമുഖരായ എഴുപതോളം പേരും മുസ്ലിം കളിൽ നിന്നും പതിനാലു പേരും വധിക്കപ്പെട്ടു. മിഥ്യക്കുമേൽ സത്യത്തിന്റെ വ്യക്തമായ വിജയം. പിന്നീട് ആ ദിവസം യൗമുൽ ഫുർഖാൻ എന്ന് അറിയപ്പെട്ടു....

وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.
-Sura Al-Anfal, Ayah 7