Friday, July 27, 2018

യാത്രക്കിടെ

നെറ്റ് ബുക്കിന്റെ ചാര്‍ജ്ജര്‍ കത്തിപ്പോയി പുതിയതൊരെണ്ണം തരാക്കാന്‍ പറ്റ്വോന്നറിയാന്‍ തിരൂര്‌വരെ പോകേണ്ടി വന്നു.... സാധനം കിട്ടി പക്ഷേ പിന്ന് പാകമാകുന്നില്ല. ഒരു വിധത്തില്‍ പഴയപിന്ന്‌ പുതിയതില്‍ മുറിച്ച് ഏച്ചുകൂട്ടി. ഉപകരിക്കുമോ എന്ന ശങ്കയില്‍ മുഴുകി സ്റ്റേഷനിലെത്തിയപ്പോള്‍ വണ്ടി പ്ലാറ്റ്ഫോമില്‍ റഡി..... കയറിയപ്പോള്‍ ഒരു സീറ്റും റഡി എന്നിട്ടും കൃത്യമായ സാധനം കിട്ടാത്തതിന്റെ ദുഖത്തിലിരിക്കുമ്പോള്‍ ഒരാള്‍ കുറേ പുസ്തകങ്ങള്‍ കൊണ്ടു വന്ന് അടുത്ത് വെച്ചിട്ടു പോകുന്നു. പൊതുവേ കുന്നംകുളത്തെ H & C യുടേ കുട്ടിക്കഥകളാണ്‌ പതിവ്‌ അതുകൊണ്ട് ആദ്യം ശ്രദ്ധിച്ചില്ല.... പിന്നെ വെറുതെയിന്നു നോക്കി. നോക്കുമ്പോഴല്ലേ എല്ലാം നല്ല കനപ്പെട്ട പുസ്തകങ്ങള്‍ ... അധികം തിരയേണ്ടി വന്നില്ല രണ്ടെണ്ണം കയ്യില്‍ തടഞ്ഞു... അമേരിക്കന്‍ എഴുത്തുകാരന്‍ വില്ല്യം ബ്ലം എഴുതിയ റോഗ് സ്റ്റേറ്റ് എന്ന പുസ്തകത്തിന്റെ പരിഭാഷയും ജിം കോര്‍ബെറ്റ് എഴുതിയ മാന്‍ ഈറ്റേഴ്സ് ഓഫ്‌കുമയോണ്‍ എന്ന പുസ്തകത്തിന്റെ പരിഭാഷയും....
അമേരിക്ക ഇന്നേവരെ ലോകത്ത് ചെയ്തു കൂട്ടിയിട്ടുള്ള തെമ്മാടിത്തങ്ങളുടെയെല്ലാം തെളിവുസഹിതമുള്ള വിവരണമാണ്‌റോഗ് സ്റ്റേറ്റിലുള്ളത്. പണ്ട് ഹിമാലയന്‍ താഴ് വരയിലെ കുമയൂണ്‍ എന്ന പ്രദേശത്തെ നരഭോജികളായ പുലികളേയും കടുവകളേയും വേട്ടയാടിയ ജീംകോര്‍ബെറ്റ് എന്ന സായ്‌വിന്റെ അനുഭവങ്ങളാണ്‌‌ മാന്‍ ഈറ്റേഴ്സ് ഓഫ് കുമയോണ്‍ ... ഇദ്ദേഹം ഒരു വലിയ പ്രകൃതിസ്നേഹിയും നിരീക്ഷകനുമായിരുന്നു. ഇന്ത്യലിലെ ആദ്യ വന്യമൃഗ സംരക്ഷണ കേന്ദ്രം ഇദ്ദേഹത്തിന്റെ പേരിലാണ്. സിംഹത്തിന്റെ മൃഗരാജന്‍ സ്ഥാനം നഷ്ടപ്പെട്ടതും അതു കടുവയ്കു കിട്ടിയതും ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്. ഹൈസ്കൂളിലെവിടെയോ വെച്ച് ഈപുസ്തകത്തിലെ ഒരദ്ധ്യായം പഠിച്ചതു മുതല്‍ ഞാന്‍ ആഗ്രഹിച്ചിരുന്നതാണ്‌. പക്ഷേ പരിഭാഷ ഒരു സ്ഥിതി വിവരക്കണക്കിനെ ഓര്‍മ്മിപ്പിക്കുന്നു. വാസ്ഥവത്തില്‍ ഒരു നോവല്‍ പോലെ വായിച്ചു പോകാവുന്ന പുസ്തകം .....
ഏതായാലും പോയകാര്യം പൂര്‍ണ്ണമായി നടന്നില്ല്ലെങ്കിലും പുസ്തങ്ങള്‍ ഒരു നേട്ടമായി.....  :)

No comments: