Wednesday, December 13, 2017

എന്റെ ജനനം

വാർദ്ധക്യത്തിൽ നിന്ന്കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ ഏറ്റവും തെളിവ് ബാല്ല്യത്തിന്റെ ഓർമ്മകൾക്കാകുന്നു. ഓർമ്മവെക്കുന്നതിന്ന് മുമ്പുള്ള കാലത്തെ നമുക്ക് ശൈശവം എന്ന് വിളിക്കാം. ശൈശവത്തിലെ കാര്യങ്ങൾ കേട്ടറിവേ നമുക്കുണ്ടാകൂ. മാതാപിതാക്കളോ ബന്ധുക്കളോ വീട്ടിലെ വിഏലക്കാരോ ഒക്കെ പറഞ്ഞു കേട്ട കഥകൾ. എന്റെ കഥയിൽ മുഖ്യം എന്റെ ജനനത്തിന്റെ കഥതന്നെയാകുന്നു. ജനിച്ചിട്ട് കുറേ നേരം കരയാൻ മഠിച്ച കുഞ്ഞിന്റെ കഥ. എന്നെ ഒന്ന് കരയിക്കാൻ പാടുപെട്ട് എന്റെ ഉറ്റവരുടെ കഥ... അതു ഞാനൊരിക്കൽ പങ്കു വെച്ചിട്ടുള്ള താണ്. അതു തന്നെയാകട്ടെ ആദ്യം അതിപ്രകാരമാകുന്നു......
**********************
അതത്ര വലിയ ഒരു സംഭവമൊന്നുമായിരുന്നില്ല. അക്കാലത്ത് എല്ലാവരും ജനിക്കുമ്പോലെ ഒരു ജനനം, ഒറ്റ വ്യത്യാസമേ പറയപ്പെട്ടിട്ടുള്ളൂ അതാണു കഥ. കാരക്കാട് റെയിൽ വേ സ്റ്റേഷനു തെക്ക് പുലാക്കൽ അബ്ദുറഹ്മാനിക്കാന്റെ അതായത് എന്റെ ഉമ്മാന്റെ വീട്ടിലെ വടക്ക്യാറ എന്ന വലിയവെളിച്ചമില്ലാത്ത മുറിയിലായിരുന്നു സംഭവം.ഒരു വേനൽ കാലത്ത്. ആശുപത്രിയില്ലാതെ പേറു നടക്കില്ല എന്ന നിലയിലേക്കൊന്നും ജനം അന്ന് പുരോഗമിച്ചിരുന്നില്ല. എന്തിന് സുൽത്താന്റെ കഥയിലെ കതീസാനെപ്പോലെ ഡാക്കിട്ടരെ കൊണ്ടുവായോ എന്ന് വാശിപിടിക്കാൻ പ്പോലും അന്നത്തെ സ്ത്രീകൾ വളർന്നിട്ടുണ്ടായിരുന്നില്ല
ഒസാത്തിയായിരുന്നു കർമ്മി. നഴ്സുമാരും രംഗപ്രവേശം ചെയ്തിരുന്നില്ല. സന്ധ്യയോടെ ഉമ്മാക്ക് നോവുതുടങ്ങി ചെറുതായിട്ട്. പ്രസവവേദന. ചിലരിതിനെ നൊമ്പലം തുടങ്ങുക എന്നും പറഞ്ഞുവന്നു. വെല്ലിമ്മാക്ക് സംശയം നോവുതന്നെയാണോ. സംഗതി ആകെയുള്ള മകളുടെ കടുഞ്ഞൂലായതുകൊണ്ട് വെല്ല്യുപ്പ ചില മുൻകരുതലൊക്കെ ചെയ്തിരുന്നു. വാല്ല്യക്കാരൻ ചാമിയെ വീട്ടിൽ നിർത്തിയിരുന്നു. ബീരാപ്പവെല്ലിപ്പാന്റെയും ഔളവെല്ലിപ്പാന്റെയും വീട്ടിൽ വിവരമറിയിച്ചു. അവർ വെല്ലിമ്മാരെയും കൂട്ടി വീട്ടിൽ വന്നു. ഇസാ ബാങ്കുകൊടുത്തപ്പോൾ വെല്ലിമ്മാക്കുറപ്പായി നോവുതന്നെ. കൊള്ളിപ്പറമ്പത്തേക്ക് ഒസാത്തിയെ വിളിക്കാൻ ഓല ചൂട്ടും കെട്ടി ചാമിയെ വിട്ടു. താമസിയാതെ ഒസാത്തിവന്നു. അറയിലേക്കുകയറി കതകടച്ചു. വെല്ല്യുമ്മമാർ പുറത്ത്. പ്രാർത്ഥനകളും ദിക്കൃകളുമായി, കോലായിൽ പുരുഷാരം. അയല്പക്കക്കാരും ബന്ധുക്കളും. പുലരാറായി കൊറ്റുദിച്ചു. പ്രഭാത നക്ഷത്രമുദിക്കുന്നതിനെ ഞങ്ങൾ കൊറ്റുദിക്കുക എന്ന് പറഞ്ഞിരുന്നു. ഒസാത്തി അറയുടെ വാതിൽ പാതി തുറന്നു പതിയെ പറഞ്ഞു പെറ്റു, കുട്ടികരയിണില്ലലോ. ആകെ ബേജാറായി കരയാത്തകുട്ടി മരിച്ചു പോവുകയോ ജീവിച്ചാൽതന്നെ മന്ദബുദ്ധിയായിപ്പോവുകയോ ചെയ്യുമത്രേ.. .വൈദ്യരെ വിളിക്കണോ.. കാത്തിരിക്കണോ എന്നൊക്കെയുള്ള ആലോചനലകൾക്കിടെ ആരോ പറഞ്ഞു കാഞ്ഞീരത്തിന്റെ തളിരുകൾകൊണ്ട് വീശിയാൽ ശരിയാകും. അതിന് ഈ ഇരുട്ടത്ത് എവിടെപ്പോയി തെരയാനാ... കേട്ടപാട് വെല്ലിപ്പ ഇരുട്ടിലേക്ക് ഇറങ്ങിയോടി... അന്നു വകുന്നേരം നമ്പുറത്തുള്ള പാടത്തുനിന്നും വരുംവഴി ഈശ്വരാനുഗ്രഹം പോലെ അദ്ദേഹം കണ്ടിരുന്നു കമ്പനിത്തൊടിയിൽ നിറയെ തളിർത്തു നിൽകുന്ന കാഞ്ഞിരക്കുറ്റി. വേനലിലും എനിക്കുവേണ്ടി തളിർത്തു നിന്നവൻ.. ഇരുട്ടിൽ തപ്പിപ്പിടിച്ച് കാഞ്ഞിരത്തളിരുമായി വെല്ലിപ്പഓടിയെത്തി... അദ്ദേഹത്തിന്റെ കാൽ വിരൽ വെച്ചുകുത്തി ചോര ഒഴുകുന്നുണ്ടായിരുന്നു... കിട്ടിയ ഉടൻ ഒസാത്തി അതുകൊണ്ട് വീശി. ഉടൻ തന്നെ ഞാൻ വാവിട്ട് കരയാൻ തുടങ്ങി വീട്ടിനകത്തും പുറത്തുമുള്ളവർ ചിരിക്കാനും. അതൊരു ഏപ്രിൽ മാസത്തിലായിരുന്നു. ഒരു റംസാൻ പതിനേഴ്.
*****************************
പലപ്പോഴും വല്ലിപ്പാന്റെ കൈപിടിച്ച് നമ്പ്രത്തേക്കും പുഴയിലേക്കുമൊക്കെ പോകുമ്പോഴും ഉമ്മ സ്നേഹപൂർവ്വം ചോറു വാരിത്തരുമ്പോഴും പേൻ നോക്കിത്തരുമ്പോഴുമൊക്കെ കേട്ടവർത്തമാനങ്ങളിൽ നിന്ന്... ഒരിക്കൽ എന്റെ വികൃതി സഹിക്കാതായപ്പോൾ ഉമ്മ പറഞ്ഞു ബലാല് പെറ്റപ്പൊ കരയാതിരുന്നത് അന്ന്തന്നെ അങ്ങ് ചത്തില്ലല്ലോ... കയ്യെത്താത്ത ദൂരത്തേക്ക് മാറിനിന്ന് ഞാൻ പറഞ്ഞു, പെറ്റപ്പൊ ഞാൻ ചിരിക്ക്യേർന്നു. ചിമ്മിനിയുടെ വെളിച്ചത്തിൽ ഒസാത്തി കാണാഞ്ഞതാ... ഉമ്മവടിയുമായി പിറകെയോടി. എന്നെകിട്ടിയില്ല.
അതെ എന്റെ ഉമ്മ സ്നേഹനിധിയായിരുന്നു. എന്നെ ധാരാളം അടിച്ചും പ്രാകിയും ഒരുപാടു നല്ലകാര്യങ്ങൾ പഠിപ്പിച്ചു... ഇന്നും എനിക്കുപകരിച്ചു കൊണ്ടിരിക്കുന്ന ശീലങ്ങൾ.


ദേശപുരാണം

വളരെ വിഖ്യാതമായ ദേശമാകുന്നു കാരക്കാട്..... അതായത് കേരള രാജ്യത്തെ പാലക്കാട് ജില്ലയിൽ  ഒറ്റപ്പാലം താലൂക്കിൽ ഇപ്പോഴത്, പട്ടാമ്പി ആണ് എന്നും കേൾക്കുന്നുണ്ട്, പട്ടാമ്പി പളളിപ്രം അംശത്തിലെ നമ്മുടെ കാരക്കാട്. കേരളത്തെ രാജ്യം എന്നു വിശേഷിപ്പിച്ചതിൽ പിണങ്ങണ്ട. രാഷ്ട്ര ഭാഷയിൽ രാജ്യം എന്നാൽ സ്റ്റേറ്റാകുന്നു. ദേശം എന്നാൽ രാജ്യവുമാകുന്നു. അതിനാൽ കാരക്കാട്ടുകാർ കാരക്കാടിനെ അത്യധികം സ്നേഹിക്കുന്ന ദേശസ്നേഹികളാവുകയും ചെയ്യുന്നു.
കിഴക്ക് ചേരിക്കല്ല് കട്ടി* മുതൽ പടിഞ്ഞാറ് കൊളളിപ്പറമ്പ് വരേയും വടക്ക് കാലം കുളം കുന്നംകുളം മുതൽ തെക്ക് ഭാരതപ്പുഴയിലെ മാമര് കുണ്ട് വരേയും പരന്ന് മലർന്ന് കിടക്കുന്നു ഞങ്ങളുടെ ദേശം.
ഇനിയാണു പുരാണം. പുരാണമെന്തിന് ചരിത്രം പോരേ എന്ന് ചോദിക്കുന്നു ഹ്യൂമാനിറ്റി വിദ്യാർത്ഥികളോട് പുതിയ നിയമത്തിൽ ഒന്നാമദ്ധ്യായത്തിൽ ഒന്നാം വാക്യപ്രകാരം ചരിത്രത്തേക്കാൾ പ്രധാനം പുരാണമാകുന്നു എന്നാണു മറുപടി. ചരിത്രം ശാസ്ത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ട് തിരുത്തപ്പെടാനോ പെടാതിരിക്കാനോ സാദ്ധ്യതയുണ്ട്. എന്നാൽ പുരാണം വിശ്വാസവുമായി നേരിട്ടാണ് അവിഹിതം അതിനാൽ പണ്ട് ചേട്ടത്തി പറഞ്ഞപോലെ  അതിന്മേൽ തൊട്ടാൽ അതങ്ങ് മുഴുക്കും. പിന്നെ അതും കൊണ്ട് കളിക്കേണ്ടി വരും ശിഷ്ടകാലം...
അതുകൊണ്ട് പുരാണം മതി  അതാണ് സേഫ്... എന്തേയ്.
പറഞ്ഞു തുടങ്ങിയാൽ പണ്ട് ഗണപതിയൻ കാവ് എന്നറിയപ്പെട്ടിരുന്ന ഓങ്ങല്ലൂർ പാറപ്പുറം മുതലായ അയൽ രാജ്യങ്ങളുടെ ചരിത്രങ്ങളും പുരാണ വേഷം പൂണ്ട് രംഗപ്രവേശം ചെയ്തേക്കാം. അതിൽ വിഷമം കരുതരുത്... പുരാണം തന്നെയാകുന്നു ചരിത്രം എന്ന് മുകളിൽ നിന്ന് ഉത്തരവായിട്ടുളളതിനാൽ പുരാണം പറയുന്ന ആൾ ചിലപ്പോൾ ചരിത്രകാരൻ എന്നോ സ്വന്തം ഗുരുവിനെ അനുകരിച്ച് വിനീതനായ ചരിത്രകാരൻ എന്നോ സ്വയം വിശേഷിപ്പിച്ചാൽ അലോഹ്യം കരുതരുത്... അനുകരണം എന്ന് അധിക്ഷേപിക്കയും അരുത്.

* കട്ടി എന്നാൽ ആംഗലത്തിലെ കട്ടിങ്ങാകുന്നു. റെയിൽ പാതയിടാൻ വെട്ടിത്താഴ്തിയ കുന്നുകൾ കട്ടി എന്നറിയപ്പെട്ടു.