Sunday, October 7, 2018

കാബൂളി വാല

തീവണ്ടിയാപ്പീസിന്റെ അടുത്തായിരുന്നു ഉമ്മായുടെ വീട്‌... റെയിൽവേ സ്റ്റേഷനെ ഞങ്ങൾ കാരക്കാട്ടുകാർ ആപ്പീസ് എന്നു വിളിച്ചു. മറ്റൊരോഫീസും  നാട്ടിൽ ഇല്ലായിരുന്നതുകൊണ്ടാകാം. ചുറ്റും ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തെ കമ്പനിത്തൊടു എന്നും. ഉമ്മായുടെ വീട്ടിലേക്കു വിരുന്നു  പോയാൽ അവിടെയായിരുന്നു കളി. ഒരു പാടു കുട്ടികൾ‌‌ വരും ഇടക്കിടെ വരുന്ന വണ്ടികൾ‌കാണാം അതിൽ നിന്നിറങ്ങുന്ന നാട്ടുകാരും അല്ലാത്തവരുമായ ആളുകളെകാണാം . റെയിലിനപ്പുറത്തെ ചെത്തുവഴിയിലൂടെ പോകുന്ന കാളവണ്ടികളോ ഇടക്ക് റേഷൻ കടയിലേക്ക് വരുന്ന ലോറിയോ കാണാം. ചിലപ്പോൾ റെയിലിനു മേലെ പണിയേടുക്കുന്ന ഗാങ്കു പണിക്കാരെ കാണാം അതൊക്കെയായിരുന്നു വലിയ കാഴ്ചകൾ. അതുകൊണ്ട്‌ തഞ്ചം കിട്ടിയാൽ വീട്ടിൽ നിന്നിറങ്ങി കമ്പനിത്തൊടിയിൽ പോയി നില്കുക എനിക്കും അനുജൻ അലിക്കും  വലിയ ഇഷ്ടമായിരുന്നു.  ഇടക്കിടെ കെട്ടുകളും ബാണ്ഢങ്ങളുമായി നാടോടികൾ ഇറങ്ങും  അവരെ ഞങ്ങൾ കാബൂൾക്കാർ എന്നു വിളിച്ചു. അവ‌‌ർ വന്നാൽ ഉമ്മ ഞങ്ങളെ പുറത്തു പോകാനനുവദിക്കില്ല. അവർ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നാണു പറയുന്നത്. ചെറിയ പെങ്ങൾ ബൽക്കീസ് കരയുമ്പോൾ കരയണ്ട കാബൂൾക്കാര്‌ പിടിച്ചു കൊണ്ടു പോകുമെന്നു പറയുന്നതും കേട്ടിട്ടുണ്ട് ... അതിനാലൊക്കെ കാബൂൾക്കാരെ എനിക്കും പേടിയായിരുന്നു.
പിന്നീട് വാടാനാംകുറുശ്ശി സ്കൂളിൽ അഞ്ചാം  ക്ലാസിൽ ചേർന്നപ്പോൾ വേണു മാഷ് എനിക്ക് ടാഗോറിന്റെ കഥാ സമാഹാരം വായിക്കാൻ തന്നു. അതിലുണ്ടായിരുന്ന കാബൂളിവാല എന്ന കഥ  വായിച്ചതോടെ കാബൂൾക്കാരെക്കുറിച്ചുള്ള എന്റെ ധാരണ പാടേ മാറിപ്പോയി
കഥയുടെ വിശദാംശങ്ങൾ നല്ല  ഓർമ്മയില്ല. രത്നച്ചുരുക്കം ഇങ്ങനെ ...
മിനിക്കുട്ടി എന്ന കുസൃതിക്കുടുക്കയും നാടോടി കച്ചവടക്കാരനായ കാബൂളിവാലയും  തമ്മിലുള്ള ഹൃദയം നിറഞ്ഞ നിഷ്‌കളങ്കസ്‌നേഹത്തിന്റെ
കഥയാണിത്. കുട്ടി  തലയില്‍ക്കെട്ടും ചുമലില്‍ ചാക്കും  അഴുക്കുപുരണ്ട വസ്ത്രധാരണവുമുള്ള കാബൂളിവാലയായ റഹ്മത്തുമായി വളരെ അടുപ്പത്തിലാകുന്നു.അയാൾ കമ്പിളി യും മറ്റു സാധനങ്ങളും  വിറ്റുകൊണ്ടു നാടോടുന്ന ഒരു കച്ചവടക്കാരനായിരുന്നു.  കുട്ടിക്കും  വീട്ടുകാർക്കു മൊക്കെ ആദ്യം  കാബൂളി വാല കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നൊക്കെത്തന്നെ യായിരുന്നു വിശ്വാസം. ആഅദ്യമൊക്കെ കുട്ടി അയാളെ കണ്ടാൽ ഓടി ഒളിക്കുമായിരുന്നു.  പക്ഷേ റഹ്മത്തിന്റെ ഹൃദ്യമായ പെരുമാറ്റം  കുട്ടിയെ ആകർഷിച്ചു വിദ്യാസമ്പന്നനായ പിതാവ് പതിയെ അതിനു സമ്മതവും കൊടുത്തു. അങ്ങനെ ഇടക്കിടെ അയാൾ കുട്ടിയെ സന്ദർശിക്കും. ഓരോതവണ വരുമ്പോഴും എന്തെങ്കിലും  സമ്മാനം നല്കുകയും ചെയ്യും. അങ്ങനെ ആ അടുപ്പം വളർന്നു. ഒരു ദിവസം യാദൃശ്ചികമായി അയാൾ ഒരു കുത്തു കേസിൽ പെട്ടു.  പോലീസ് അയാളെ കൊണ്ടു  പോകുന്നത് കുട്ടിയുടെ പിതാവ്‌ കണ്ടു.അതോടെ അയാളെക്കുറിച്ച് അദ്ദേഹത്തിനുണ്ടായ മതിപ്പ് കുറഞ്ഞു. കാലം കഴിഞ്ഞു പോയി. പെൺകുട്ടി വളർന്നു വലുതായി. അവളുടെ വിവാഹ ദിനത്തിൽ കാബൂളി വാല വീണ്ടും വന്നു. അയൾ അന്ന് ജയിൽ മോചിതനായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ ശുഭദിനത്തിൽ അയാൾ തന്റെ മകളെ കാണേണ്ട എന്ന് അദ്ദേഹം  കരുതി. അയാളെ മടക്കി അയച്ചു. കുറച്ചു ദൂരം പോയ അയാൾ തിരിച്ചു വന്നു കയ്യിലുണ്ടായിരുന്ന കുറച്ച് ഉണക്കമുന്തിരിയും  നിലക്കടലയും മകൾക്ക്‌ കൊടുക്കാനേല്പിച്ചു.അതിന്റെ വില കൊടുക്കാൻ മുതിർന്ന പിതാവിനോടയാൾ പറഞ്ഞു ഞാനീ വീട്ടിൽ ഒരിക്കലും കച്ചവടത്തിന്നു കയറിയിട്ടില്ല.  അങ്ങു ദൂരെ കാബൂളിൽ താങ്കളുടെ മകളുടെ പ്രായക്കാരിയായ ഒരു മ്കൾ എനിക്കുണ്ട് താങ്കളൂടെ മകളിലൂടെ ഞാൻ അവളെ കാണുകയായിരുന്നു.
എന്നിട്ടയാൾ തന്റെ കുപ്പായത്തിനകത്തെ കീശയിൽ നിന്നും  പഴകി മുഷിഞ്ഞ ഒരു കടലാസെടുത്ത് അദ്ദേഹത്തെ കാണിച്ചു. വെള്ളക്കടലാസിൽ പതിപ്പിച്ച് ഒരു കൊച്ചു കൈപ്പത്തിയുടെ മുദ്ര. താൻ പോകുന്നേടത്തൊക്കെ തന്റെ മകളുടെ മുദ്രയും നെഞ്ചേറ്റി നടക്കുകയായിരുന്നു കാബൂളിവാല. എല്ലാം മറന്ന് പിതാവ്‌ തന്റെ മകളെകാണാൻ അയാളെ അനുവദിക്കുന്നു. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ച അയാൾ നവോഢയായ യുവതിയെ കണ്ടതോടെ തന്റെ മകളിപ്പോൾ ഇതുപോലെ വളർന്നിരിക്കുമല്ലോ എന്ന് ഓർത്ത് വളരെ ദുഖിതനാകുന്നു. അതുമനസിലാക്കിയ മിനിയുടെ പിതാവ് മകളുടെ വിവാഹത്തിന്റെ ആഡംബരച്ചിലവുകളൊക്കെ വെട്ടിക്കുറച്ച് കുറേ പണം  റഹ്‌മത്തിനു നല്കി മകളെ പോയികാണാൻ ഉപദേശിക്കുന്നേടത്ത് കഥ അവസാനിക്കുന്നു. അദ്ദേഹത്തിനറിയാമായിരുന്നു തന്റെ മകൾക്ക് ആഡംബരത്തേക്കാൾ കൂടുതൽ ശ്രേയസ്കരം  തന്റെ ഈ പ്രവൃത്തിയായിരിക്കും എന്ന്‌.
എല്ലാ സൗകര്യങ്ങളുമുണ്ടായാലും  അകലെയുള്ള മക്കൾ പിതാക്കളുടെ മനസിലെപ്പോഴും  നൊമ്പരമായി നിലനില്കും... ക്യാമറ സർവത്രമല്ലാത്ത അക്കാലത്ത് മകളുടെ കൈപ്പത്തിയുടെ മുദ്രയും നെഞ്ചോടുചേർത്ത് പേറിക്കൊണ്ടു നടക്കുന്ന റഹ്‌മത്തെന്ന കാബൂളി വാലയും  ഫോണും ചാറ്റുമെല്ലാം ഉണ്ടായിട്ടും ദൂരെയുള്ള  മക്കളെക്കുറിച്ചുള്ള ഓർമ്മകളിൽ കഴിയുന്ന ഇന്നത്തെ  പിതാക്കന്മാരും  ഇക്കാര്യത്തിൽ സമം  തന്നെ...

No comments: