Thursday, October 11, 2018

ഖബറിലേക്ക് ഒരു കമ്പി സന്ദേശം .

ഇന്നത്തെപ്പോലെ ഇ മെയിലും വാട്ട്സപ്പുമൊന്നും ഇല്ലാതിരുന്ന കാലം, രണ്ടു നേരം പള്ള നിറച്ച് വല്ലതും തിന്നാനില്ലാതിരുന്നകാലം അതായത്  ദുനിയാവൊരു കൊച്ചു ഗ്രാമമായിമാറുന്നതിനു മുമ്പ്... അകലങ്ങളിള്ളവർ പരസ്പരം കത്തുകളിലൂടെ ബന്ധപ്പെട്ടു... അയച്ചു കഴിഞ്ഞ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിയും വിവരവും പേറി ശിപായി വീട്ടുമുറ്റത്തെത്താൻ. ഈയിടെ ഹോസ്റ്റലിലേക്ക് പോയ മകളുടെ ഫോൺ കേടായി വിളിക്കാനല്പം വൈകിയതിനാൽ വീട്ടിൽ വിളികാത്തിരുന്ന അമ്മ ടെൻഷൻ മൂത്ത് സിദ്ധികൂടിയതായി കേട്ടിട്ടുണ്ട്. അന്ന് ഇത്തരം ദുരന്തങ്ങൾ പതിവില്ലായിരുന്നു. പോയ മകളുടെ കത്ത് വരും വരെ അവർ ക്ഷമയോടെ കാത്തിരുന്നു.
ഇനി കത്തിനേക്കാൾ വേഗം വിവരമറിയിക്കേണ്ടവർ ടെലഗ്രാഫിനെ ആശ്രയിച്ചു. ഈ ഏർപാടിനെയാണ്  മലയാളത്തിൽ കമ്പിയടിക്കുക എന്ന് പറഞ്ഞിരുന്നത്.  കമ്പിയേക്കാൾ വേഗത്തിൽ പരക്കുന്ന ഒറ്റ ഏർപാടേ ഊണ്ടായിരുന്നുള്ളൂ നാട്ടിൽ.... നുണയും കെണിയും... ഇതിനെ കരക്കമ്പി‌ എന്നും വിളിച്ചു.
ഇക്കാലത്താണു കഥ നടക്കുന്നത്..
നട്ടിൽ പ്രമാണി കുഞ്ഞറമു ഹാജി മരിച്ചിട്ട് കാലമേറെയായിരുന്നു. പ്രമാണിയായതുകൊണ്ട് മൂപ്പരുടെ ഖബർ പള്ളിയുടെ അടുത്തു തന്നെയായിരുന്നു. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള രണ്ടു മീസാൻ കല്ലുകൾ ഖബറിന്റെ രണ്ടങ്ങളിൽ തലയുയർത്തി നിന്നു.
പള്ളിയിൽ താമസമാക്കിയിരുന്ന മുസ്ല്യാരുകുട്ടികൾ ഈ മീസാൻ കല്ലിൽ നിന്നും പള്ളിയുടെ ഇറയത്തേക്ക് ഒരു കമ്പി വലിച്ചുകെട്ടി വസ്ത്രങ്ങൾ ഉണങ്ങാനിടാൻ അയലായി ഉപയോഗിച്ചുവന്നു... ഇക്കാലത്താണ് കുഞ്ഞറമു ഹാജിയുടെ ഭാര്യ മരണപ്പെട്ടത്. വിവരം ആദ്യം അറിയുക പള്ളിയിലാണ്. മരണവാർത്ത മുസ്ല്യാന്മാർക്കും കുട്ടികൾക്കും സന്തോഷകരം തന്നെയായിരുന്നു. മരിച്ചേടത്ത് ഓത്ത്.. മറവുചെയ്യുന്നേടത്ത് ദുആ പിന്നെ കത്തപ്പുരയിൽ ഓത്ത് ഇടക്കിടെ ഖബറിങ്ങൽ ദുആ തുടങ്ങി പല പല ഭക്തി നിർഭരങ്ങളായ ആചാരങ്ങൾ... എല്ലാത്തിലും ഇറച്ചി പത്തിരി ചോറ് ഇറച്ചി പിന്നെ അലുവ ഈത്തപ്പഴം തേങ്ങാപ്പൂള് ചക്കര തുടങ്ങിയവയൊക്കെ പ്രധാന ഘടകങ്ങളായിരുന്നതുകൊണ്ട് രുചികരങ്ങളായ ആചാരങ്ങൾ എന്നു വേണം പറയാൻ. അതിനാൽ വാർത്ത മുസ്ല്യാരുകുട്ടികൾ ആമോദത്തോടെ ചെവിയേറ്റു. കൂട്ടത്തിലൊരു വിദ്വാൻ ഒരു നല്ലകാര്യം ചെയ്യാൻ തീരുമാനിച്ചു. മൂപ്പരൊരു ഇരുമ്പു കഷ്ണവുമായി ഹാജിയുടെ മീസാൻ കല്ലിന്മേലേക്ക് വലിച്ചുകെട്ടിയ കമ്പിയിൽ തുടർച്ചയായി അടിച്ച് ഹാജിയാർക്ക് സന്ദേശം കൈമാറി. "' ഹാജ്യാരേ വീടര് ബ്ട്ന്ന് പൊറപ്പിട്ടിട്ട്ണ്ട്..ന്ന് ച്ച്യാമ്പൊ അങ്ങട്ടെത്തും '' ഉസ്താദ് സംഗതി കണ്ടെങ്കിലും കുട്ടിയെ അടിക്കനൊന്നും നിന്നില്ല.. അദ്ദേഹം അതാസ്വദിച്ചതേയുള്ളൂ....

No comments: