Wednesday, October 24, 2018

തത്വ സംബന്ധി

ഇന്നല്പം  തത്വസംബന്ധിയായിരിക്കട്ടെ...
ഒരു തത്വത്തിനും മൂല്യം കല്പിക്കപ്പെടാത്ത ഈ തെരഞ്ഞെടുപ്പ് വേളയിൽ ഇത് അധികമാരും ശ്രദ്ധിക്കില്ല എന്നറിയാം എങ്കിലും അല്പം തത്വം....
മനുഷ്യ ഭാവനക്ക് പലപ്പോഴും പ്രവചനങ്ങളോടു സാമ്യമുണ്ട് എന്നും കലാകാരന്മാരുടെ ഭാവനകൾ പൽപ്പോഴും സത്യമായി പുലരാമെന്നും തന്റെ ''Islam between east and west '' എന്ന വിഖ്യാത കൃതിയിലൂടെ പ്രസിദ്ധ ബോസ്നിയൻ എഴുത്തുകാരൻ അലിജാ ഇസ്സത് ബെഗോവിച്ച് സിദ്ധാന്തിക്കുന്നുണ്ട്. (ഇസ്ലാം രാജമാർഗ്ഗം എന്ന പേരിൽ ഈപുസ്തകം എൻ പി മിഹമ്മദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്... ഒരുമലയാളിക്കും ഈ മൗലികവാദം മനസിലാകരുത് എന്ന് വിവർത്തകനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നും വായിച്ചാൽ...)
ഇന്നു നടക്കുന്ന പലസംഭവങ്ങളും അതുപോലേ ഇന്നത്തെ പലകണ്ടു പിടുത്തങ്ങളും ദശാബ്ദങ്ങൾക്കു മുമ്പേ എഴുതപ്പെട്ടിരുന്നു എന്നു കാണുമ്പോൾ  മനുഷ്യ‌മനസ്സെന്ന അത്ഭുത പ്രതിഭാസത്തിനു മുന്നിൽ നാംസ്തബ്ദരായിപ്പോകുന്നു.ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ പ്രസിദ്ധീകരിച്ച ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ മൃത്യു കിരണം എന്ന നോവലിൽ ദൂരെ നിൽകുന്ന കപ്പലുകളെ മാരകമായ രശ്മി ഉപയോഗിച്ച് കത്തിച്ചു കളയുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നീടെത്രയോ കാലങ്ങൾക്കു ശേഷം ലേസർ രശ്മിയുടെ കണ്ടു പിടുത്തത്തിലൂടെ ഇതു പ്രാവർത്തികമായി...
അതുപോലെ കാൻസറിന് ജീവനുള്ള മനുഷ്യ മാസം കൊണ്ട് ഇന്റർ ഫെറോൺ എന്ന മരുന്ന് ഉണ്ടാക്കുന്നതായും അതിന് വേണ്ടി മനുഷ്യരെ കൊണ്ടു പോയി കൊല്ലുന്നതായും കഥ എത്രയോ മുമ്പ്  എഴുതപ്പെട്ടു. പിന്നീട് വളരെ കാലങ്ങൾക്കു ശേഷം ഇന്റർ ഫെറോൺ എന്ന പേരിൽ തന്നെ സമാനരീതിയിൽ മരുന്ന് നിർമ്മിക്കപ്പെടുകയും ചെയ്തു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെങ്ങോ മാധവിക്കുട്ടി എഴുതിയ വിശുദ്ധപശു എന്നൊരു കഥയുണ്ട്. ചവറ്റുകൊട്ടയിൽ നിന്നും പഴത്തൊലിപെറുക്കിതിന്നുകയായിരുന്നു തെരുവു ബാലൻ. അത് അപഹരിക്കാൻ വന്ന പശുവിനെ അവൻ  അടിച്ചോടിക്കുന്നു. അതുകണ്ടു വന്ന സന്യാസിമാർ നീഏതു മതക്കാരനാണെന്ന്  ചോദിക്കുന്നു. എനിക്കറിയില്ല എന്ന് മറുപടി പറഞ്ഞ ബാലനെ നീഒരു മുസ്ലിമാണ് എന്നു പറഞ്ഞ് അടിച്ചു കൊല്ലുകയും ചെയ്യുന്ന കഥ...
പിന്നീടിതാ തിന്നത് പശുവിറച്ചിയാണ് എന്ന സംശയത്തിന്റെ പേരിൽ മനുഷ്യൻ കൊല്ലപ്പെടുന്നു...
007 ജെയിംസ് ബോണ്ട് പടങ്ങളിലെ പല ഭാവനകളും ഇന്ന് പ്രാവർത്തികമായതു കാണാം...
ഇതു പോലെ ഒരുപാടു കാര്യങ്ങൾ ഭൂമിയിൽ സംഭവിക്കുന്ന തിന്നു മുമ്പു തന്നെ സാഹിത്യകാരന്മാർ അത് ഭാവനയിൽ കണ്ടിരുന്നതായി കാണാം. മനുഷ്യ ഭാവനക്ക് സത്യവുമായി അകന്ന ബന്ധമുണ്ട് എന്ന് ബെഗോവിച്ചിന്റെ തത്വം ഒരുപക്ഷേ ശരിയായിരിക്കാം....

No comments: