Monday, December 31, 2018

പുതു വത്സരാഘോഷം 01-01-2016

ഇബ്രാഹീം ചോദിച്ചു നമുക്കൊന്നു മീൻ പിടിക്കാൻ പോയാലോ ?. കേൾക്കേണ്ട താമസം ചാടിപ്പുറപ്പെടുകയും ചെയ്തു. പണ്ട് ബാല്യ,കൗമാര ഘട്ടങ്ങളിൽ  പലപ്പോഴും ഭാരതപ്പുഴയിൽ നടത്തിയ മീൻ പിടുത്തങ്ങളുടെ അനുഭവം സീനിയർ സിറ്റിസൻ പട്ടം കിട്ടിയ ശേഷം ഒന്നുബ്പുനരനുഭവിച്ചാലെങ്ങനെ ഉണ്ടാകും എന്നറിയാമല്ലോ. ശാഫിയേയും കൂട്ടി ഞങ്ങൾ മൂന്നു പേർ. ഇന്നലെ വികുന്നേരം അഞ്ചു മണിക്ക് പുറപ്പെട്ടു... കാറ് നമ്പ്രത്ത് നിർത്തി പുല്ല് പിടിച്ച വഴിയിലൂടെ വലയും മറ്റും ചുമന്ന് പുഴയിലേക്കിറങ്ങി... പണ്ടത്തെ പഞ്ചാര മണൽ പരപ്പിൽ ഭൂരിഭാഗവും ചവിട്ടിയാൽ പുതയുന്ന ചെളിയിൽ വളർന്നുനിൽകുന്ന് പുൽ പൊന്തകൾ... ഒരു വിധത്തിൽ വഴുക്കി വീഴാതെ കണ്ണമ്പാറ കയത്തിനടുത്തെത്തി. പണ്ട് പുൽമേടിനു താഴെ പുഴയോടു ചേർന്ന് പുരാതനമായ ചെറിയൊരമ്പലവും വലിയൊരാലുമുണ്ടായിരുന്നു. ഇന്ന് വലിയ ആൽമരം നിന്നിരുന്നേടത്ത് ചെറിയ ഒരെണ്ണം. അമ്പലം വളർന്നു  വലുതായിരിക്കുന്നു.
പുഴയിൽ അവിടവിടെ അവശേഷിച്ച  മണൽ പരപ്പുകളിലൊന്നിൽ സധനങ്ങളെല്ലാം വെച്ച് ഞങ്ങൾ മീൻ പിടുത്തം തുടങ്ങി. അപ്പോഴേക്കും മഗ്രിബ് ബാങ്കു കൊടുത്തു. പുഴിയിൽ വെച്ചേ നമസ്കരിച്ചു. വീണ്ടും വെള്ളത്തിലിറങ്ങി. നേരം തണുത്തു വല വലിച്ച് മീൻ പെറുക്കി എടുക്കുമ്പോൾ കൈ തണുത്ത് മരവിച്ചിരുന്നു.ശരീരം പണ്ടത്തെപ്പോലെ വഴങ്ങുന്നില്ല. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശവും കിഴക്കുനിന്നും വീശിയ തണുത്തകാറ്റും പണ്ട് പലപ്പോഴും പുഴയോടൊത്ത് കഴിഞ്ഞ സന്തോഷപൂർണ്ണമായ സന്ദർഭങ്ങളെ ഓർമ്മിപ്പിച്ചു. ഇനിയുള്ള ജീവിതം ഇങ്ങനെയൊക്കെ കഴിയാൻ ഈശ്വരനനുവദിച്ചാൽ ഞാൻ ധന്യനായി. ജീവിതത്തിന്റെ അവസാനഭാഗം ഒറ്റപ്പാലത്തോ പെരുവണ്ണാമൂഴിയിലോ ഒക്കെ കഴിയാൻ അവസര മുണ്ടായിട്ടും അത് ഇവിടത്തന്നെ മതി എന്ന തീരുമാനം ഒട്ടും തെറ്റിയിട്ടില്ല എന്നെനിക്കു തോന്നി...
വേണ്ടത്ര മീൻ കിട്ടി. മീനിനെക്കാൾ വിലപ്പെട്ട അനുഭൂതികളും കിട്ടി.അതുമായി പത്ത് മണിയോടെ വീട്ടിലെത്തി...

Saturday, December 29, 2018

നോട്ട് നിരോധനം ... കഷായം സാധാരണക്കാരനും മേമ്പൊടി പണക്കാരന്നും

പണക്കാരെന്റെ രോഗം മാറാൻ പാവപ്പെട്ടവൻ കഷായം കുടിക്കേണ്ടി വന്ന കഥ.
ആരോഗ്യ രംഗം ഇത്രയങ്ങ്  പുരോഗമിക്കുന്നതിന്നു മുമ്പ് അതായത് കുട്ടികൾക്കുള്ള പ്രതിരോധക്കുത്തിവെപ്പുകൾ ഇത്രക്ക് പ്രചാരത്തിൽ വരുന്നതിന്നും  വളരെമുമ്പ് അതായത് ഒരു പത്തമ്പത് സംവത്സരങ്ങൾക്കു മുമ്പ് കുട്ടികൾക്ക് കഷായം കൊടുക്കുക എന്നൊരേർപാടുണ്ടായിരുന്നു നാട്ടിൽ. ഒരിക്കൽ കുടിപ്പിപ്പപ്പെട്ട കുട്ടി അതിന്റെ രുചി ഓർമ്മയിൽ  വന്നാൽ തന്നെ മുഖം ചുളിക്കും. തന്നെ കഷായം കുടിപ്പിക്കാനുള്ള ഏർപാടുകൾ നടന്നു വരുന്നൂ എന്നസൂചനയെങ്ങാൻ കിട്ടിയാൽ കുട്ടി  നിലവിളിച്ചു കൊണ്ട് വീടിനു ചുറ്റും ഓടാൻ തുടങ്ങും. മൂത്ത കുട്ടികളുടേയോ മറ്റു മുതിർന്നവരുടേയോ സഹായത്തോടെ കുട്ടിയെ ഓടിച്ചിട്ടു പിടിച്ച് കാലിൽ കിടത്തി വായിൽ ഒരു കയിൽ കണ ( handle of spoon :)  ) വായിൽ തിരുകി കഷായം അണ്ണാക്കിലേക്ക് ഒഴിച്ചു കൊടുക്കും. മുതിര്ന്ന കുട്ടികൾ ഒട്ടൊരു നിർവൃതിയോടെ ള ള ള ളേ ന്ന് കരഞ്ഞ് കഷായം കുടിക്കുന്ന കുട്ടിയേ നോക്കി ചുറ്റും നില്കുന്നുണ്ടാകും.
കഷായം കുടിച്ച കുട്ടിക്ക് പിന്നെ ആകെയുള്ള ഒരു സന്തോഷം അതിന്റെ മേമ്പൊടിയായി അമ്മ നാവിൽ പുരട്ടിക്കൊടുക്കുന്ന ഒരല്പം തേനോ കയ്യിൽ വെച്ചു കൊടുക്കുന്ന ഒരച്ചു വെല്ലമോ  ആയിരിക്കും ....
അത് അമ്മ കുഞ്ഞിന്റെ രോഗം മാറാൻ സദുദ്ദേശത്തോടെ കുഞ്ഞിനു കൊടുക്കുന്ന കഷായത്തിന്റെ കഥ. പിന്നെ കുഞ്ഞിന്റെ കൈപുമാറാൻ കൊടുക്കുന്ന മേമ്പൊടിയുടെ കഥ.  ഇപ്പോൾ നാട്ടിൽ നടന്നത് തന്റെ മക്കളുടെ രോഗം മാറാൻ രണ്ടാനമ്മ മൂത്തമക്കളെ കഷായം കുടിപ്പിച്ച കഥ. എന്നിട്ട് മേമ്പൊടി കഷായം കുടിക്കത്ത തന്റെ മക്കൾക്ക് കൊടുത്ത കഥ. അതോ ഇനി നാളെ ഒരല്പം തേൻ കഷായം കുടിച്ച മക്കളുടെ നാവിലും തേച്ചു കൊടുക്കുമോ ... നാളെ അറിയാം  കാത്തിരിക്കാം അല്ലേ ....
അച്ചടക്കത്തോടേ കാത്തിരിക്കാം അങ്ങ് അതിർത്തിയിൽ പട്ടാളക്കാരെത്ര മഞ്ഞു കൊള്ളുന്നു...
നോട്ട് പരിഷ്കരണത്തിന്റെ  ഫലം കഷായത്തിന്റെ ഫലം പോലെയാണ്. പതുക്കെയേ തടിക്ക് പിടിക്കൂ....

Saturday, December 22, 2018

ഘർ വാപ്പസി

വീട് വിട്ട് പോകുനതിനെ ഞങ്ങൾ കാരക്കാട്ടുകാർ രാജ്യം വിട്ടു പോവുക എന്നാണ്‌‌ പറഞ്ഞിരുന്നത്. കാരക്കാടെന്ന ഗ്രാമം ഞങ്ങൾക്ക് രാജ്യമായിരുന്നു. മാതാപിതാക്കളും മക്കളുമായുള്ള ബന്ധങ്ങളിൽ സർക്കാർ കടന്നുകയറ്റം അന്ന് തുടങ്ങിയിട്ടുണ്ടായിരുന്നില്ല. ചൈൽഡ് ഹെല്പ്ലൈൻ പോയിട്ട് അഡൽട്ട് ഹെല്പ്ലൈൻ പോലും അന്നുണ്ടായിരുന്നില്ല എന്ന് വെച്ചോളൂ. മക്കൾ  വേണ്ടാത്തതു കാണിച്ചാൽ ചുട്ട പിടകിട്ടുന്ന കാലമായിരുന്നതു കൊണ്ടായിരിക്കാം ഒരു പത്തു പന്ത്രണ്ട് വയസ്സായാൽ ഒരിക്കലെങ്കിലും ഒന്ന് നാടുവിട്ടു പോകണമെന്ന് തോന്നാത്ത കാരക്കാട്ടുകാരുണ്ടായിരുന്നില്ല എന്നാണ്‌ ചരിത്രകാരൻ പറയുന്നത്. വീട് വിട്ടു പോയിരുന്ന മറ്റൊരു കൂട്ടർ വീട്ടിലെ പട്ടിണി സഹിക്കാത്തതുകൊണ്ട് പോയവരായിരുന്നു. അവർ മ‌‌ഗലാപുരം മദിരാശി ബേംഗ്ലൂര്‌‌ മുതലായ വിദേശ രാജ്യങ്ങളിലേക്കാണ്‌ പോയിരുന്നത്. കുറച്ചു കൂടി ധൈര്യമുള്ളവർ ഇന്ന് മുമ്പേയായി അറിയപ്പെടുന്ന ബോംബേയിലേക്കും പോയി. അവിടെനിന്നും വടക്കോട്ട് ആരും പോയതായി രേഖകളിൽ കാണുന്നില്ല. അജ്മീറിലേക്ക് തീർത്ഥയാത്ര പോയവർ ഇതിൽ പെടുന്നില്ല.ഇങ്ങനെ പോയവർ ഒന്നോ രണ്ടോ കൊല്ലത്തിൽ ഒരിക്കൽ പെരുന്നാളുകളോട ടുപ്പിച്ച് നല്ല പത്രാസിൽ നാട്ടിൽ വന്നു പോകുന്നത് യുവതലമുറക്ക് പ്രചോദനവുമായിരുന്നു. എന്റെ അമ്മായിയുടെ മകൻ കുഞ്ഞിപ്പ  മംഗലാപുരം വരെ പോയി കാലങ്ങൾക്ക് ശേഷമാണ്‌ തിരിച്ചു വന്നത്. അതോടെ അവന്‌ വീട്ടിൽ വലിയ സ്വീകാര്യതയായി ആരും പിന്നീട് പഠിപ്പിന്റെ കാരം പറഞ്ഞ്‌ അവനെ അലട്ടിയതേയില്ല. പഠിനത്തിന്റെ പേരിലോ വീട്ടിൽ വികൃതി കാണിച്ചതിന്റെയോ പേരിലോ ദിവസത്തിൽ ഒരിക്കലെങ്കിലും പീഢനത്തിനു വിധേയനാകുമായിരുന്ന എനിക്ക് ഇത് ഒരു വലിയ പ്രചോദനമായി. ഞാൻ ആറാം ക്ലാസിൽ പഠിക്കുന്നകാലം വൈകുന്നേരം അടുക്കളയിൽ എല്ലാവരും കൂടി പലക ഇട്ട് ഇരുന്നണ്‌ അത്താഴം. ഡൈനിങ്ങ് ടേബിൾ എന്ന ഏർപാടൊന്നും അന്നുണ്ടായിരുന്നില്ല. ഒന്നുണ്ടായിരുന്നു ഞങ്ങൾ ഉപ്പയും ഉമ്മയും മക്കളും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം. ആ സമയത്ത് ഉമ്മ ഒരു കേസ് ഫയൽ ചെയ്തു. ഞാൻ വായിക്കുന്നതൊന്നും പഠിക്കാനുള്ള പുസ്തകങ്ങളല്ല. വലിയ വലിയ നോവലുകളും കഥകളുമാണ്‌ എന്ന്. നേരം പാതിരാവരെ ചിമ്മിനിയും കത്തിച്ച് നോവലു വായിച്ചാൽ ഇവന്റെ കണ്ണു കേടു വരില്ലേ. അറിയാതെ ഉറങ്ങിപ്പോയാൽ വിളക്കെങ്ങാൻ മറിഞ്ഞ് തീപിടിച്ചാൽ എന്തായിരിക്കും കഥ ഇതൊക്കെയായിരുന്നു ഉമ്മായുടെ ബേജാറുകൾ. നാലാം ക്ലാസ് മുതൽ കഥാ പുസ്തകങ്ങൾ വാങ്ങിക്കൊടുത്ത് ചെക്കനെ കേടുവരുത്തിയത് ഉപ്പതന്നെയാണ്‌‌ എന്ന് കോടിതിയുടെ മേലും ഒരു കേസ് ചാർത്തി ഉമ്മ. ഉപ്പാക്ക്  ദേഷ്യം വന്നു മര്യാദക്ക് പഠിച്ചില്ലെങ്കിൽ പാടത്ത് ചാണകം കൊണ്ടു പോയിടാനാക്കും എന്ന് ഒരു ഉഗ്രൻ  ഭീഷണി...
പെട്ടന്ന് എനിക്ക് നാടുവിട്ടു പോയ മച്ചുനനെ ഓർമ്മ വന്നു ആ ലൈനൊന്ന്‌ പരീക്ഷിച്ചാലോ ... നോക്കാം .
ഞാൻ പതുക്ക പറഞ്ഞു "ന്നെ ങ്ങനെ എടങ്ങറാക്ക്യാ ഞാൻ രാജ്യം വിട്ടു പോകും." ഉപ്പ ദേഷ്യപ്പെട്ടില്ല. നാടകീയമായി ഇടത്തേ കൈ കൊണ്ട് അരപ്പട്ടയുടെ കീശ തുറന്ന് പച്ച നിറത്തിലുള്ള ഒരഞ്ചു രൂപനോട്ടേടുത്ത് എനിക്കു നേരെ നീട്ടിയിട്ടു പറഞ്ഞു "പ്പാടടുത്ത് ഇതേയുള്ളു ഇതും കൊണ്ടു പൊയ്കോ... പക്ഷേ ഒരു കാര്യം ഒരിക്കലും, ഞാൻ മരിച്ചു എന്നു കേട്ടാൽ പോലും ഇങ്ങട്ട് വരാൻ പാടില്ല".... യ്ക്ക് ഇനി ഇങ്ങനെ ഒരു മകനില്ല. എന്റെ അടുത്തിരിക്കുന്ന അനുജൻ അലിക്കു കൂടിയുള്ള ഒരു സന്ദേശമായിരുന്നു അത് ...
ഒരു നിലക്കും ഒരു ഘർ വാപ്പസി ഉണ്ടാകില്ല എന്ന്  ... പേടിച്ചു പോയീ... പകച്ച് പോയീ എന്നും പറയാം.
ഒന്നും മിണ്ടാതെ ഇരുന്നു ചോറു വാരിത്തിന്ന് എണീറ്റു പോന്നു. മുകളിൽ എന്റെ മുറിയിൽ ദസ്തെവിസ്കി യുടെ കുറ്റവും ശിക്ഷയും എന്നെ കാത്തിരിക്കുന്നുണ്ടാ യിരുന്നു...

ഉപ്പാന്റെ മുന്നിലെപ്പോഴും ഭീരുവും ദുർബലനുമായിരുന്നൂ ഞാൻ ....
23-12- 2014

അമ്മാവന്റെ പാര...

മരുമക്കത്തായത്തിൽ നിന്നും മക്കത്തായത്തിലേക്കുള്ള പരിണാമം പുരോഗമിച്ചുകൊണ്ടിരുന്ന കാലം. നമ്മുടെ അമ്മാവന്ന് നാലു പെങ്ങന്മാരിലായി മരുമക്കൾ പതിനാറായിരുന്നു. മക്കൾ നാലും. ചുരുക്കിപ്പറഞ്ഞാൽ നാട്ടുനടപ്പു പ്രകാരം ന്യായമായും‌ മരുമക്കൾക്ക് കിട്ടേണ്ടിയിരുന്ന പല സ്വത്തു വഹകളും മക്കൾക്ക് കൊടുത്തതു സംബന്ധമായി അമ്മാവനും മരുമക്കളും തമ്മിൽ അസാരം അസ്വാരസ്യങ്ങളൊക്കെണ്ടായീന്ന് പറഞ്ഞാൽ മതിയല്ലോ. ഒന്നും രണ്ടു പറഞ്ഞ് വഴക്കങ്ങു മൂത്തു. കേസായി കൂട്ടമായി കേസിൽ അമ്മാവൻ തോൽകുക കൂടി ചെയ്തതോടെ അമ്മാവനും മരുമക്കളും വരമ്പത്തു വെച്ചു കണ്ടാൽ പോലും മിണ്ടാത്ത അവസ്ഥയിലുമായി. മരുമക്കളിൽ മൂത്തവൻ രാവുണ്ണിയായിരുന്നു ചെങ്കീരി. അവനാണു മറ്റുള്ളവരെ കൂടി പിഴപ്പിക്കുന്നത് എന്നായിരുന്നു അമ്മാവന്റെ പരാതി. അതിനാൽ രാവുണ്ണിക്കിട്ടൊന്ന് കൊടുക്കണം എന്ന ആഗ്രഹം അമ്മാവനിൽ വളർന്നു വന്നു. പക്ഷേ പ്രാപ്തനും എക്സ് മിലിറ്റിറിക്കാരനും ജനസമ്മതനുമൊക്കെയായിരുന്ന രാവുണ്ണിയുടെ നേരെ അമ്മാവന്റെ പരിപാടികൾ ഒന്നും തന്നെ ജയം കണ്ടില്ല. അതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കേ പെട്ടന്ന് അമ്മാവൻ രോഗിയായി. രോഗം മൂർച്ഛിച്ചു. മരണം ഏകദേശം ഉറപ്പായി ഒരു ദിവസം അമ്മാവൻ കാര്യസ്ഥനെ വിളിച്ചു പറഞ്ഞു താൻ പോയി രാവുണ്ണിയോടൊന്ന് ഇതുവരെ ഒന്ന് വരാൻ പറ. രാവുണ്ണിവന്നു. ബഹുമാനത്തോടെ അമ്മാവനെ മുഖം കാണിച്ചു. മുറിയിലുണ്ടായിരുന്നവരെയെല്ലാം പറഞ്ഞയച്ച്, മരുമകനെ അടുപ്പിച്ചു നിർത്തി കാതിൽ പറഞ്ഞു ഉണ്ണീ കഴിഞ്ഞതൊക്കെ കഴിഞ്ഞു. എനിക്ക് നിന്നോടൊരു വിരോദോല്ല്യ. എന്റെ സമയം അടുത്തിരിക്ക്ണു. അതുകൊണ്ട് നീ എന്റെ അരികിൽ വേണം . എന്റെ ഒരാഗ്രഹം പറഞ്ഞാൽ നീ അതു സാധിപ്പിച്ചു തരുമോ. താൻ ഒരിക്കൽ പോലും കണ്ടിട്ടൊല്ലാത്ത,അമ്മാവന്റെ സ്നേഹത്തിന്റെ മുഖം കണ്ട് രാവുണ്ണി വീണു പോയി. അമ്മാവൻ പറഞ്ഞോളൂ ഞാൻ സാധിപ്പിച്ചു തരാം. ''ഒന്നര ചാൺ നീളമുള്ള നല്ല ആരുള്ള മുള കൊണ്ടുണ്ടാക്കിയ ഒരു  പാരയുമായി നീ എന്റെ മരണസമയത്ത് എന്റെ അരികിൽ വേണം. മറ്റാരും അപ്പോഴവിടെ ഉണ്ടാകരുത്. മരണം ഉറപ്പായിക്കഴിഞ്ഞാൽ നീ ആപാര എന്റെ മലദ്വാരത്തിൽ അടിച്ചു കയറ്റണം. ഇതെന്റെ അന്ത്യാഭിലാഷമാണ്... സത്യം പറയാമല്ലോ ജീവിച്ചിരിക്കുമ്പോൾ തന്നെ താൻ അമ്മാവനു ചെയ്തു കൊടുക്കാനാഗ്രഹിച്ച കാര്യത്തിന് മരണശേഷത്തേക്കെങ്കിലും അനുവാദം നൽകിയ അമ്മാവനോട് രാവുണ്ണിക്ക് വലിയ മതിപ്പും സ്നേഹവും തോന്നി. ഉടൻ തന്നെ പാരയുടെ പണിയും തുടങ്ങി. അധികനാൾ കഴിയും മുമ്പുതന്നെ അമ്മാവന്ന് മരണം ആസന്നമായി വിവരമറിഞ്ഞ രാവുണ്ണി ചെത്തിമിനുക്കിയ കൃത്യ അളവിലുള്ള പാരയുമായി അമ്മാവന്നടുത്തെത്തി. അമ്മാവന്രെ ഒസിയത്ത് പ്രകാരം മക്കളെയടക്കം എല്ലാവരെയും മുറിയിൽ നിന്നും പുറത്താക്കി... മരണം സംഭവിച്ചു എന്നുറപ്പായ ഉടൻ പാര യഥാസ്ഥാനത്ത് ബദ്രമായി അടിച്ച് കയറ്റുകയും ചെയ്തു....
അനന്തരം ശരീരം വെള്ള പുതപ്പിച്ച് മുറിയുടെ‌ വാതിൽ തുറന്ന് മറ്റുള്ളവരെ അകത്തേക്ക് പ്രവേശിപ്പിച്ചു...
പെട്ടന്ന് പ്രശ്നങ്ങളൊന്നു മുണ്ടായില്ല. ശാരീരം കുളിപ്പിക്കാനെടുക്കുന്ന നേരത്താണ് പ്രശ്നം തലപൊക്കിയത്. മൂത്താരുടെ പൃഷ്ടത്തിൽ അടിച്ച് കയറ്റപ്പെട്ട മുളം പാര. പിന്നെ താമസമുണ്ടായില്ല മുൻ വൈരാഗ്യം മൂത്ത് മരുമകൻ അമ്മാവനെ മൂലത്തിൽ പാരകയറ്റിക്കൊന്നു എന്ന് പ്രസിദ്ധമാകാൻ. ശവം ചിതയിലേക്കെടുമ്മും മുമ്പ് തന്നെ രാവുണ്ണിയുടെ കയ്യിൽ വിലങ്ങു വീണൂ. മരുമകൻ അമ്മാവനിട്ടല്ല അമ്മാവൻ മരുമകനിട്ടാണ് പാരവെച്ചത് എന്ന് വിശ്വസിക്കാൻ സാമാന്യ ബുദ്ധിയുള്ള ആരും തയ്യാറല്ലായിരുന്നു രാവുണ്ണിയുടെ അമ്മ അമ്മാളു അമ്മയൊഴിച്ച്. പോലീസകമ്പടിയോടെ‌ ജീപ്പിലേക്ക് നടന്നു നീങ്ങുന്ന മകനോടവർ വിളിച്ചു ചോദിച്ചു മണ്ട ശിരോമണി എന്റെ ആങ്ങള എന്തു പറഞ്ഞാലും അത് കടലാസിൽ എഴുതി വാങ്ങണമെന്ന് നിന്നോട് ഞാൻ പലകുറി പറഞ്ഞതല്ലേ... നിന്റെ അമ്മാനാകുന്നതിന്നു മുമ്പ് അയാൾ എന്റെ ആങ്ങളയായതാ...
2015 Dec 23

Friday, December 21, 2018

വയനാട്ടിലൂടെ ...

ഔദ്യോകികമായി ഒരു യാത്ര വേണ്ടി വന്നു കല്പറ്റയിലേക്ക്. കൂടെ സദാശിവനും ചാക്കോച്ചനും. രാവിലെ പത്തരയോടെ അടിവാരത്തെത്തി. താമരശ്ശേരി ചുരം കയറുമ്പോൾ എന്റെ മനസിൽ പ്രസിദ്ധ ഹാസ്യനടൻ കുതിരവട്ടം പപ്പുവിന്റെ രണ്ട് കഥാപാത്രങ്ങളായിരുന്നു. ബാലനും സുലൈമാനും.
ബസ് കണ്ടക്റ്ററായ ബാലൻ ഒരു പൊതി മീനുമായി ഭാര്യവീട്ടിലെത്തി മുത്തശ്ശിയോടു ചുരത്തിൽ നിന്നും മറിഞ്ഞ് താഴോട്ടുരുണ്ട് വരുന്ന ബസ്സ് മുത്തശ്ശ്യേ എന്നു വിളിച്ചപ്പോൾ ഉണങ്ങിയ വാഴയിൽ തട്ടി നിന്നതിന്റെ ദിവ്യാത്ഭുതം വിവരിക്കുന്നു. കേട്ടുനിന്ന അനുജത്തിയുടെ  എത്രയടി താഴ്ചയിലേക്കാ ബാലേട്ടാ എന്ന ചോദ്യത്തിന്‌ "ചൊരം ഇടീണെയ്ന്റെ മുമ്പെ ആയിരത്തഞ്ഞൂറടി ഉയരേയിനി ഇടിഞ്ഞെയ്ന്റെ ശേഷം ആരാപ്പദ്  അളന്ന്വോക്കാൻ പോണത്‌ ന്ന്. എന്ന് പരിഹാസച്ചോദ്യം സുലൈമാൻ ചുരത്തിൽ നിന്നും ബ്രേക്ക് പൊട്ടിയ റോഡ് എഞ്ചിൻ കോഴിക്കോട് ചീഫെഞ്ചിനീയറുടെ ആഫീസിനു മുന്നിലെ ആൽ മരത്തിലിടിച്ചു നിർത്തിയപ്പോൾ‌"സുലൈമാനേ ജ്ജ് സുലൈമാനല്ല സാക്ഷാൽ ഹനു മാനാ എന്ന് അനുമോദിച്ച് എഞ്ചിനീയർ" ചുരം കയറുവോളം ഞാനൊർത്തു കൂടെ അദ്ദേഹത്തിന്റെ മറ്റു പല കഥാ പാത്രങ്ങളേയും... അനുഗ്രഹീതനായ കലാകാരൻ. 
കല്പറ്റയിൽ നിന്നും മടക്കം തരുവണ നിരവിൽ പുഴ വഴി കുറ്റ്യാഡി ചുരമിരങ്ങിയാകട്ടെ എന്നു കരുതി വയനാടിന്റെ തെക്കേഅറ്റം മുതൽ വടക്കേ അറ്റം വരെ  പടിഞ്ഞാറേ അതിരിലൂടെ ദീർഘമായ ഒരു യാത്ര. ഇരുവശങ്ങളിലും വളർന്നു നില്കുന്ന നാണ്യ വിളകത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയിലെന്റെ  ചിന്ത ഈ വനഭൂമിയെ മനുഷ്യ വാസയോഗ്യമാക്കി മാറ്റാൻ അന്നത്തെ മനുഷ്യർ ചിന്തിയ വയർപ്പിനെ ക്കുറിച്ചായിരുന്നു. അതിനായി ജീവൻ ത്യജിച്ച പാവങ്ങളെക്കുറിച്ചും. നമ്മുടെ പ്രിയപ്പെട്ട സാഹിത്യകാരൻ എസ് കെ പൊറ്റേക്കാട്‌ വിഷകന്യക എന്ന പേരിൽ എഴുതിയ നോവൽ എന്റെ മനസിൽ തെളിഞ്ഞു. മാത്തൻ ഭാര്യ മറിയം മക്കളായ മേരിക്കുട്ടിയും ജോണും ചെറിയാനും കുടുംബവും, വര്‍ഗീസും വര്‍ക്കിസാറും ആനിക്കുട്ടിയും അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കാനിറങ്ങിയ പാവം മനുഷ്യർ പക്ഷേ ഉള്ളതത്രയും വിറ്റു പെറുക്കി വയനാട്ടിൽ വന്ന അവരെ കാത്തു കിടന്നിരുന്നത്   മലമ്പനിയും മാറാവ്യാധികളും, കാട്ടാനകളും കാട്ടുപന്നി കളുമായിരുന്നു. പലരും മരിച്ചു എല്ലാം കൈവിട്ടു ജീവനും കൊണ്ടവർ മലയിറങ്ങുമ്പോൾ മറ്റൊരു കൂട്ടം മലകയറുന്നതായാണു കഥ.
കർത്താവിന്റെ ദാസനാകാൻ കച്ചകെട്ടിയ അന്തോണി എന്ന ചെറുപ്പക്കാരനെ വിലക്കപ്പെട്ട കനി തീറ്റി ഭ്രഷ്ടനാക്കിയ മാധവിയെയും ഞാനോർത്തു. ഇരുളേറിയ ഒരു തണുത്ത രാത്രിയിൽ മിന്നാമിന്നികൾ മിന്നിക്കുന്നത് തന്റെ ഇണയെ വിളിക്കാനാണ്‌ എന്ന് ഒറ്റക്കായിരുന്ന അന്തോണിയുടെ മുറിയിലേക്ക് ക്ഷണിക്കാതെ വന്നു കയറിയ അവ‌‌ൾ അന്തോണിക്കു പറഞ്ഞു കൊടുത്തു എന്നിട്ട് ചോദിച്ചു നീ മിന്നിച്ചിട്ടുണ്ടോ... ഒടുവിൽ വിലക്കപ്പെട്ട കനി തീറ്റിയിട്ടേ അവൾ ഒഴിഞ്ഞു പോയുള്ളൂ (ഓർമ്മയിൽ നിന്നാണ്‌ കെട്ടോ ചിലപ്പോൾ വ്യത്യാസമുണ്ടാകാം.)
അങ്ങനെ  വന്നവർ നട്ടു വളർത്തിയ തോട്ടങ്ങക്കു നടുവിലൂടെ ഞാൻ നടത്തിയ ഈ യാത്ര എനിക്ക് അനിർവജനീയമായ ഒരനുഭൂതി തന്നെയായിരുന്നു.  വൈകുന്നേരത്തോടെ പക്രംതളം വഴി ചുരമിറങ്ങുമ്പോൾ മലകൾ കോട മൂടിക്കിടക്കുകയായിരുന്നു....
മൂടുപടമണിഞ്ഞ വിഷകന്യക യെപ്പോലെ ....

Tuesday, December 18, 2018

തൃശൂർ രാഗത്തിൽ നിന്നും ഒരു സിനിമ

19-12-2014

തൊള്ളായിരത്തി എഴുപത്തി നാലിലാണെന്നു തോന്നുന്നു അല്ലെങ്കിൽ എഴുപത്തിമൂന്നിൽ  ഒരുദിവസം തറവാട്ടിലെ കോമാവിന്റെ തണലിൽ എന്റെ സൈക്കിൾ എണ്ണയിട്ടു മിനുക്കുകയായിരുന്നു ഞാൻ ഉച്ചയോടടുക്കുന്നനേരം... പിറകിൽ വന്നുനിന്ന മാനു വിളിച്ചു വേഗം വാ നമുക്ക് തൃശൂർ വരെ പോകണം. രാഗത്തിൽ പോയി നെല്ല് കാണണം.വത്സലയുടെ നെല്ല് എന്ന നോവൽ അത് പ്രസിദ്ധീകരിച്ച വർഷം തന്നെ വായിച്ചിരുന്നു. സിനിമ ഒരു സ്വപ്നമായി കൊണ്ടു നടന്ന കാലം വായിക്കുന്ന കഥകളൊക്കെ സിനിയാകുന്നതും സ്വപനം കണ്ടു. അങ്ങനെയിരിക്കിമ്പോഴാണ് രാമുകാര്യാട്ടും കെ ജി ജോജ്ജും ചേർന്ന് വത്സലയുടെ നെല്ലിനെ സെല്ലുലോയ്ഡിലോക്ക് പകർത്തിയത്. അത് കാണാനുള്ള അവസരം അങ്ങനെയാണ് വീണു കിട്ടിയത്. തൃശൂർ രാഗം തിയ്യേറ്റർ ഉത്ഘാടനം കഴിഞ്ഞകാലം. അതിൽ നിന്നൊരു പടം കാണുക എന്നത് ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ഹരം തന്നെയായിരുന്നു. കണ്ടു വന്ന പ്രധാനികൾ കാക്കുവിന്റെ ചായക്കടയിലിരുന്ന്‌ അനുഭവങ്ങളയവിറക്കുന്നതു കേൾക്കാൻ ഞങ്ങളെപ്പോലുള്ളവർ ചുറ്റും കൂടുമായിരുന്നു.  

എന്റെ സമപ്രായക്കാരനായ മാനു ബന്ധത്തിൽ എന്റെ എളാപ്പയാണ്‌. എങ്കിലും ഏറ്റവുമടുത്ത കൂട്ടുകാരൻ. മാനു അല്പം വാശിയിലായിരുന്നു. മൂപ്പരുടെ ജ്യേഷ്ടൻ കുഞ്ഞാൻ മൂപ്പരറിയാതെ കാര്യസ്തൻ ഹംസയേയും കൂട്ടി രാഗത്തിൽ ഉത്ഘാടന ചിത്രമായ നെല്ല്  കാണാൻ പോയിരിക്കയാണ്. ഓങ്ങല്ലൂർ വഴിയാണ് പോയിരിക്കുന്നത്.  അവർക്കുമുമ്പേ നമ്മൾ തൃശൂരെത്തണം അത്രയേയുള്ളു കാര്യം. ബാക്കിവരുന്നേടത്ത് വെച്ച് കാണാം. തെറ്റിദ്ധരിക്കണ്ട ആദ്യം കണ്ടത് ഞാനാണ്‌ എന്ന പത്രാസിനു വേണ്ടിയുള്ള മത്സരമാണ്‌‌ വേറെ പിണക്കമൊന്നുമില്ല. രണ്ടു പേരുടെ കയ്യിലും അത്യാവശ്യത്തിനുള്ള കാശുണ്ടാകുക പതിവാണ്‌‌. ഞാൻ പറഞ്ഞു എന്റെകയ്യിലൊരു ചില്ലിക്കാശില്ല. എന്നും അങ്ങനെയായിരുന്നു. പോകറ്റുമണിയുടെ കാര്യത്തിൽ ഞാനല്പം ദരിദ്രനായിരുന്നു. പക്ഷേ കുലീനനായ എന്റെ സുഹൃത്ത് എപ്പോഴും എന്നെ സഹായിച്ചു. അവന്റെ കയ്യിൽ പൈസയുള്ളപ്പോഴൊക്കെ എന്നെകൊണ്ടു പോകും എന്നെക്കൊണ്ട് ചെലവാക്കിക്കില്ല. മറിച്ച് എന്റെ കയ്യിൽ പൈസയുണ്ടായാൽ പൈസ കയ്യിലില്ലാത്ത എന്റെ മറ്റു സുഹൃത്തുക്കളെ കൊണ്ടു പോകും അതായിരുന്നു എന്റെ പതിവ്‌‌. അതിൽ മാനുവിന് പരിഭവവുമില്ലായിരുന്നു. അതൊരു നല്ല സ്വഭാവമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു.
തീരെ കാലിയായ കീശ എന്നെ വല്ലാതെ  വിഷമിപ്പിച്ചു. കുപ്പായം മുഷിഞ്ഞിരിക്കുന്നു എന്നെല്ലാം പറഞ്ഞു ഞാൻ ഒഴിയാൻ  നോക്കി. അതൊന്നും സാരല്ല നീ വാഎന്ന് പറഞ്ഞ്  അവനെന്നെയും കൂട്ടി   ധൃതിയിൽ പുറപ്പെട്ടു. പാടത്തുകൂടി  പാതയിൽ കയറി  എവിടെക്കാമക്കളേ ഈ പൊട്ടിത്തെറിച്ച വെയിലത്ത് എന്ന സ്നേഹാന്വേഷണങ്ങൾ അവഗണിച്ച് റെയിൽ മാർഗ്ഗം കിഴക്കോട്ട്...   കുഞ്ഞാനും ഹംസയും എത്തുന്നതിന്നു മുമ്പ് രാഗത്തിലെത്തണം എന്ന ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു മനസിൽ പിന്നെ എന്ത് വെയിൽ.  ഷൊർണൂർ നിന്നും എന്തോകഴിച്ചു കിട്ടിയ കെ എസ് ആർ ടിസിക്ക് തൃശൂരെത്തിയപ്പോൾ മാറ്റിനിയുടെ ടിക്കറ്റ് ബന്ധായിരുന്നു. വിയർത്തു കുളിച്ച് വിഷണ്ണരായി റൗണ്ടിലെ ഒരു മരത്തിനു ചുവട്ടിലേക്ക് മാറിനിന്നപ്പോഴതാ ദൂരെനിന്ന് കുഞ്ഞാനും ഹംസയും ഞങ്ങളെ നോക്കി ചിരിക്കുന്നു. അവർക്കും ടിക്കറ്റ് കിട്ടിയിട്ടുണ്ടായിരുന്നില്ല. തുല്ല്യ ദുഖിതരായതിനാൽ മത്സരം മറന്നു കൂട്ടായി. ഫസ്റ്റ് ഷോകാത്തു നില്പുമായി. ഹംസയെക്കൊണ്ട് ടിക്കറ്റെടുപ്പിച്ചു. നെല്ല് കണ്ടു.കദളി ചെങ്കദളി എന്ന ലതാമങ്കേഷകറുടെ പാട്ട് .... പ്രേം നസീറും സഹോദരം പ്രേം നവാസും ഒന്നിച്ചഭിനയിച്ച വർണ്ണ ചിത്രം. വയനാടിന്റെ പശ്ചാത്തലത്തിൽ....
എ സി തീയേറ്ററിലിരുന്ന് കളർ പടം കാണുക എന്നൊക്കെ പറഞ്ഞാൽ വലിയകാര്യമായിരുന്നു അന്ന്. പടം കണ്ടിറങ്ങിയപ്പോൾ മാനുവിനു പുതിയൊരാശ. ഗിരിജയിൽ ബോബി കളിക്കുന്നുണ്ട് അതും കൂടിക്കണ്ടാലോ എന്ന്.ഹം തും ഏക്ക് കമരേമെ ബന്ധ് ഹോ പോയ്കളയാം. കാശ് തികയുമോ? പോകറ്റിന്റെ ഘനം നോക്കി ഭക്ഷണം ബസ്സുകൂലി ഒക്കെ കണക്കാക്കി നോക്കിയപ്പോൾ ഏകദേശം       ഒ കെ. അങ്ങനെ നേരിയ ചാറ്റൽ മഴ വകവെക്കാതെ ഗിരിജയിലെത്തി.. ബോബികണ്ടു തിരിച്ച് കെ എസ് ആർ ടി സി യിലെത്തിയപ്പോൾ മിന്നൽ പണിമുടക്ക്. അഞ്ചുമണിവരെ. പുലരുവോളം ഓരോ തമാശകളും പറഞ്ഞ് സ്റ്റാന്റിലിരുന്നു. അതിനിടെ ഒരു ഹെഡ് ലൈറ്റ് പൊട്ടിപ്പോയ ഒരു ബസ്സിനെചൂണ്ടി ഹംസ ചോദിച്ചു എടോ ഇവനെവിടെ പ്പോണതാണാവോ...
മാനുചൂടായി ബാക്കി എല്ലാ ബസുകളും എവിടെ പോക്വാന്ന് അവൻ പഠിച്ചു ഇനി ഇതും കൂടിയേ ബാക്യൊള്ളൂ... ഒരുവിധത്തിൽ അഞ്ചു മണിവരെ കാത്തു  ആദ്യ പെരിന്തൽ മണ്ണ ബസിന് ഓങ്ങല്ലൂരിറങ്ങി. നേരം  പറ്റെ വെളുക്കും മുമ്പ് കൂടണഞ്ഞു ...

കാലം വേഗം കടന്നു പോയി ഒന്നു രണ്ടു വർഷത്തിനകം എനിക്ക് ആറളം ഫാമിൽ ജോലികിട്ടി... മാനു ദുബായിൽ പോയി പ്രസിദ്ധമമായ ഒരാശുപത്രിയിൽ തീയേറ്റർ ടെക്നീഷ്യനായി.. കുഞ്ഞാൻ ഉർദുമാഷായി ഹംസ എന്തോ ഉൾ വലിഞ്ഞു വീട്ടിൽ നിന്നും പുറത്തിറങ്ങാറേയില്ല....ഇന്നും അങ്ങനെ ത്തന്നെ....
നഷ്ട ബാല്ല്യങ്ങളിലേക്ക് ഇനിയുമൊരു തിരിച്ചു പോക്ക് അത് സാധിക്കില്ലായിരിക്കും അല്ലേ ?
കാലം അതൊഴുകുകതന്നെയാണ്‌... അനസ്യൂതമായ ഒരു പ്രവാഹം പോലെ ....തിരിച്ചൊഴുകാൻ കഴിയാത്തതിൽ നദിയിലെ ജലം ദുഖിക്കുന്നുണ്ടോ ആവോ

Monday, December 17, 2018

ഓട്ടെരുമ

ഓട്ടെരുമ എന്നും കോട്ടെരുമ എന്നുമൊക്കെ കേട്ടാൽ നമുക്കു തോന്നും വലിയൊരു മൃഗമാണെന്ന്.‌  എന്നാൽ  അല്ല. റബ്ബർ തോട്ടങ്ങളുടെ അടുത്തും വനപ്രദേശ ങ്ങളിലും താമസിക്കുന്ന വരുടെ വീടുകൾ വർഷ കാലാരംഭങ്ങളിൽ കൂട്ടമായി കൈയ്യേറുന്ന ചെറിയൊരു വണ്ടു മാത്രമാകുന്നു ഇവൻ.‌ കേരളത്തിൽ ഇവന്റെ ശല്ല്യം ആദ്യമായി ശ്രദ്ധിക്കപ്പെട്ടത് തൃശൂരിനടുത്ത് മുപ്ലിയത്തായതുകൊണ്ട് ഇവൻ മുപ്ലിവണ്ട് എന്ന പേരിൽ പിന്നീടു പ്രസിദ്ധനായി. അടുക്കളകളിലടക്കം ഇവൻ വന്നു കൂടുന്നതുകൊണ്ട് മനസ്സമാധാനത്തോടെ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാകും ഗൃഹവാസികൾ ‌കൂടാതെ വെളിച്ചത്തിൽ ആകൃഷ്ട നായതുകൊണ്ട് രാത്രിയിൽ‌ ശല്ല്യം കൂടുകയും ചെയ്യും.അപൂർവ്വം സന്ദർഭങ്ങളിൽ ഉറങ്ങുന്ന മനുഷ്യരുടെ ചെവിയിൽ കയറിക്കൂടുന്ന ഇവൻ വലിയ ഭീഷണിയായിത്തീരാറുണ്ട്. ചെവി തുളച്ച് തലച്ചോറിൽ കയറിക്കളയുമെന്ന് പലരും പേടിക്കുന്നു. ഇനി കേറില്ലെങ്കിലും  ഒരു ജീവി ചെവിയിൽ കയറുക എന്നത്‌ അത്ര സുഖമുള്ള ഏർപ്പാടല്ലല്ലോ. ഇവരെ ഞാൻ ആദ്യമായി പരിചയപ്പെട്ടത് ആറളം ഫാമിലെ പരിപ്പുതോട് ബ്ലോക്കിൽ വെച്ചാണ്. ജോലികിട്ടിയ ആയിരത്തിത്തൊള്ളായിരത്തി എഴുപത്തഞ്ച് കാലം. കാട്ടുരാജാവ് കുഞ്ഞുമോനാജി കെട്ടിയ പഴയ ബംഗ്ലാവിലായിരുന്നു മെസ്സും താമസവുമൊക്കെ. ആകെട്ടിടത്തിൽ സമൃദ്ധമായിരുന്ന ഈ കീടങ്ങൾ കുഞ്ഞുമോനാജിയുടെ കിങ്കരന്മാർ കൊന്ന മനുഷ്യരുടെ ആത്മാക്കളാണ് എന്ന് ഫാമിലുള്ളവർ തമാശ പറയുമായിരുന്നു. ആകെട്ടടത്തിലെ അടുക്കളയിൽ നിന്ന്‌ ഭക്ഷണം കഴിച്ചിരുന്നവർ ദിവസം ഒന്നിലധികം ഓട്ടെരുമകളെ അകത്താക്കി യിട്ടുണ്ടാകുമെന്നത് കട്ടായം.
കാലമേറെ കഴിഞ്ഞു 1998ൽ പെരുവണ്ണാമൂഴി സുഗന്ധം ഫാമിൽ ക്വാർട്ടേഴ്സു കിട്ടി സന്തോഷത്തോടെ പൊറുതി തുടങ്ങി.... ടൈപ്പ് 3 ഇരട്ടക്കെട്ടിടത്തിൽ അയൽ വാസികൾ  കെ വി കെ യിലെ ടെക്നിക്കൽ ഓഫീസർ മനോജും ഭാര്യയും മകളും.  രാത്രിയിൽ വീട്ടിലെത്തുന്ന ഓട്ടെരുമകളെ മനോജിനു വലിയ പേടിയായിരുന്നു. ചെവിയിൽ കടക്കുമോ എന്ന ഭയം. ഒടുവിൽ ഭയപ്പെട്ടതു തന്നെ ഭവിച്ചു.‌ ഒരു ദിവസം പുലർച്ചെ ചെവി പൊത്തിപ്പിടിച്ചു കരഞ്ഞു കൊണ്ട് മനോജ്‌. പെട്ടന്ന് എന്തു ചെയ്യണമെന്നറിയാതെ ഒന്നു പരുങ്ങി മനോജ് നന്നായി പേടിച്ചിരുന്നു. ഇ എൻ ടി സ്പെഷ്യലിസ്റ്റിന്റെ അടുത്ത് പോകണോ എന്ന് ഞാനും സം ശയിച്ചു. പെട്ടന്നെനിക്ക് ഒരു ഉപായം തോന്നി. ഞാനദ്ദേഹത്തെ എന്റെ ബെഡ് റൂമിലേക്കു കൊണ്ടു പോയി. ജനലും വാതിലും അടച്ചു ഇരുട്ടാക്കി. മനോജിനെ കിടക്കയിൽ കിടത്തി അദ്ദേഹത്തിന്റെ ചെവിയിൽ വെള്ളം നിറച്ച ശേഷം.ചെവിയിലേക്ക് ടോർച്ചടിച്ചു. അല്പം കഴിഞ്ഞു രണ്ടു മൂന്ന് ചെറിയ വായു കുമിളകൾക്കു പിറകെ അതാ വരുന്നു വില്ലൻ മുപ്ലി വണ്ട്....
ഹാവൂ ചില കൊച്ചു കാര്യങ്ങൾ  നമുക്ക് വലിയ ആശ്വാസം നൽകും... മനോജിനും എനിക്കും ഇത് അത്തരത്തിലുള്ള ഒരു അനുഭവമായി..

Wednesday, December 12, 2018

ലോകത്തെ മുഴുവൻ ശോകത്തിലാഴ്തിയ അന്ന് ഒരു റബീഉൽ അവ്വൽ പന്ത്രണ്ടായിരുന്നു.

ഹിജ്റ പതിനൊന്നാം കൊല്ലം റബീഉൽ അവ്വൽ പന്ത്രണ്ട്, കുറച്ചു ദിവസങ്ങളായി രോഗഗ്രസ്ഥനായിരുന്ന മുഹമ്മദ് റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം ഹസ്രത്ത് അലിയുടേയും ഫസ് ൽ ബിൻ അബ്ബാസിന്റെയും ചുമലുകളിൽ താങ്ങി, അന്ന് പളളിയിൽ വന്നു. അപ്പോൾ അബൂബക്കറിന്റെ നേതൃത്വത്തിൽ സുബഹ് നമസ്കാരം നടക്കുകയായിരുന്നു. നബിയുടെ സാന്നിദ്ധ്യമറിഞ്ഞ അബൂബക്കർ അല്പം പിറകോട്ടു മാറാൻ തുനിയവേ ദ്ദേഹത്തെ മുന്നോട്ടു തളളിയിട്ട് പ്രവാചകൻ പറഞ്ഞു താങ്കൾ തന്നെ നമസ്കാരത്തിന്ന് നേതൃത്വം നൽകുക. അബൂബക്കറിന്റെ വലതുവശത്ത് ഇരുന്നുകൊണ്ട് അദ്ദേഹവും നമസ്കാരത്തിൽ പങ്കുകൊണ്ടു. നമസ്കാരത്തിനു ശേഷം പളളിക്ക് പുറത്തുളളവർ പോലും കേൾക്കുമാറ് അദ്ദേഹം പറഞ്ഞു "" ജനങ്ങളേ അഗ്നി കൊളുത്തപ്പെട്ടു കഴിഞ്ഞു. തമ്മോമയങ്ങളായ നിശാഖണ്ഢങ്ങൾ പോലുളള കുഴപ്പങ്ങൾ വരാനിരിക്കുന്നു. അല്ലാഹുവാണെ ഇതിൽ ഞാൻ ഉത്തരവാദിയായിരിക്കില്ല. അല്ലാഹുവാണെ ഖുർ ആൻ അനുവദിച്ചതല്ലാതൊന്നും ഞാൻ അനുവദിച്ചിട്ടില്ല. ഖുർ ആൻ വിലക്കിയതല്ലാതൊന്നും ഞാൻ വിലക്കിയിട്ടുമില്ല. ശവകുടീരങ്ങൾ ആരാധനാലയങ്ങളാക്കിയ ജനതക്ക് ദൈവ ശാപം.''
സുഹൃത്ത് അബൂബക്കറിന്ന് ആശ്വാസമായി. റസൂലിന്റെ അസുഖം ബേധമായി എന്ന്  അദ്ദേഹം ധരിച്ചു. അത്യാവശ്യമായ ചിലകാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടാ- യിരുന്നതുകൊണ്ട് പ്രവാചകരോട് അനുവാദം വാങ്ങി അദ്ദേഹം മദീനക്കടുത്ത് സുൻഹിലുളള സ്വന്തം വീട്ടിലേക്കു പോയി.
അന്നൊരു ചൂടേറിയ ദിവസമായിരുന്നു
പളളിയിൽ നിന്നും തിരിച്ചെത്തിയ പ്രവാചകൻ പത്നി ആയിശാ(റ) യുടെ വീട്ടിൽ പ്രവേശിച്ചു. തിരുമേനിയുടെ ക്ഷീണം വർദ്ധിച്ചു വന്നു. അദ്ദേഹം കുറച്ച് വെളളം കൊണ്ടു വരാനാവശ്യപ്പെട്ടു. അതിൽ കൈമുക്കി ഇടക്കിടെ മുഖം തടവിക്കൊണ്ട് മരണവേദനയിൽ നിന്നും മുക്തിനൽകാൻ അല്ലാഹുവോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇടക്ക് പത്നിയുടെ കയ്യിൽ കണ്ട മിശ് വാക്ക് വാങ്ങി ദന്ധശുദ്ധി വരുത്തി. താമസിയാതെ പത്നിയുടെ മടിയിൽ കിടന്ന് ലോകാനുഗ്രഹി ദൈവ സന്നിധിയിലേക്ക് യാത്രയായി.. സുൻ ഹിൽ ഓടിക്കിതച്ചെത്തിയ ദൂതനിൽ നിന്ന് ദുഖ വാർത്തയറിഞ്ഞ അബൂബക്കർ പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായി സമചിത്തത കൈകൊണ്ട് ഉടൻ തന്നെ മദീനയിൽ, ആയിശായുടെ ഭവനത്തിലെത്തി. അവിടെ പുതപ്പിട്ട്  മൂടിക്കിടത്തിയിരിക്കുന്ന തന്റെ ആത്മസുഹൃത്തിന്റെ വദനത്തിൽ നിന്നും പുതപ്പു മാറ്റി അന്ത്യ ചുംബനമർപ്പിച്ച് പുറത്തു വന്നു. ജനങ്ങൾ ദുഖഭാരത്താൽ ഇതികർതവ്യാ മൂഢരായിരുന്നു. സുഹൃത്ത് ഉമറാകട്ടെ പ്രവാചകൻ മരിച്ചു എന്നാരെങ്കിലും പറഞ്ഞാൽ അവന്റെ തലയെടുക്കാനായി വാളുയർത്തി നിൽകുകയാണ്. സ്ഫോടനാത്മകമായ ഈ അന്തരീക്ഷത്തിൽ ഒട്ടും സമചിത്തത കൈ വെടിയാതെ അബൂബക്കർ ജനങ്ങളെ അഭിസംബോധന ചെയ്തു ...

""ജനങ്ങളേ ആരെങ്കിലും മുഹമ്മദിനെ ആരാധിച്ചിരുന്നുവെങ്കിൽ അദ്ദേഹമിതാ മരിച്ചുകഴിഞ്ഞിരിക്കുന്നു. ആരെങ്കിലും അല്ലാഹുവെയാണ് ആരാധിക്കുന്നത് എങ്കിൽ അല്ലാഹും മരണമില്ലാത്തവനും എക്കാലവും ജീവിച്ചിരിക്കുന്നവനുമാകുന്നു''
കൂടെ അദ്ദേഹം ഖുർ ആൻ സൂറ ആലി ഇമ്രാനിലെ 144 ആം വചനം ഓതുകയും ചെയ്തു...

'' മുഹമ്മദ് ഒരു പ്രവാചകൻ മാത്രമാകുന്നു. അദ്ദേഹത്തിനു മുമ്പും പ്രവാചകന്മാർ കഴിഞ്ഞ് പോയിട്ടുണ്ട്. അദ്ദേഹം മൃതിയടയുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിൻതിരിഞ്ഞോടുകയോ.
ആരെങ്കിലും അങ്ങനെ ചെയ്താൽ അവർ അല്ലാഹുവിന്ന് ഒരു ദോഷവും വരുത്താൻ പോകുന്നില്ല. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു തക്ക പ്രതിഫലം നൽകുന്നതാണ്.''
അതോടെ ഉമർ മനസ്സാന്നിദ്ധ്യം വീണ്ടെടുത്തു. പ്രക്ഷുബ്ദമായിരുന്ന അന്തരീക്ഷത്തിന്ന് അയവ് വന്നു. പ്രവാചകശിഷ്യന്മാർ അനന്തര കടമകളിൽ മുഴുകി...
ലോകത്തെ മുഴുവൻ ശോകത്തിലാഴ്തിയ  അന്ന് റബീഉൽ അവ്വൽ പന്ത്രണ്ടായിരുന്നു.
''അല്ലാഹുവും മാലാഖമാരും പ്രവാചകന്നുമേൽ സ്വലാത്ത് ചൊല്ലുന്നു. സത്യ വിശ്വാസികളേ നിങ്ങളും അദ്ദേഹത്തിന്നു മേൽ സ്വലാത്ത് ചൊല്ലുക.''
സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം...