Saturday, April 6, 2019

കഅബ പൊളിക്കാൻ വന്നവർ

കൃസ്തുമത വിശ്വാസിയായിരുന്നു യമനിലെ രാജാവ്‌  അബ്രഹത്ത് . തന്റെ നാട്ടിൽ നിന്നും  ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുമെല്ലാം  ധാരാളം പേർ സമീപത്തുള്ള മക്കയിലെ വിഗ്രഹാരാധനനടക്കുന്ന ക അബ യിലേക്ക് തീർത്ഥയാത്ര പോകുന്നു എന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. കേട്ടെടത്തോളം  അതൊരു വലിയ കെട്ടിടമൊന്നുമായിരുന്നില്ല. സന്ദർശകരെ വിസ്മയിപ്പിക്കുന്ന ശില്പചാതുരിയൊന്നും  അതിന്മേലുണ്ടായിരുന്നില്ലതാനും. എന്നിട്ടും ദൂര രാജ്യങ്ങളിൽ നിന്നടക്കം  ധാരാളം പേർ ആ ദേവാലയത്തിലേക്കു സന്ദർശനത്തിനെത്തുന്നു. ആ ഒരൊറ്റ കെട്ടിടം കൊണ്ട് അവിടെ സാമ്പത്തിക പുരോഗതിയുണ്ടാകുന്നു. ജനങ്ങളുടെ ആത്മീയ ഉന്നമനമൊന്നു മായിരുന്നില്ല മറിച്ച് ആരാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടമായിരുന്നു രാജാവിന്റെ അസൂയക്കു മുഖ്യകാരണം.  അങ്ങനെ അദ്ദേഹം തന്റെ രാജ്യത്ത് ക അ ബ യെക്കാൾ മനോഹരമായ ഒരു ദേവാലയം  പണിതു. അങ്ങോട്ട് തീർത്ഥയാത്ര ചെയ്യാൻ നാടൊട്ടുക്ക് വിളംഭരവും  ചെയ്തു. പക്ഷേ  അത്ഭുതമെന്നു പറയാം മനുഷ്യ മനസുകളിൽ വിശുദ്ധപ്രവാചകൻ  അബ്രഹാമിന്റെ ദേവാലയത്തിനുണ്ടായിരുന്ന  സ്ഥാനം നേടാൻ അബ്രഹത്തിന്റെ പുത്തൻ പള്ളിക്കായില്ല.. അയാൾ ക്രുദ്ധനായി. മക്കയിലേക്കൊരു പടയോട്ടം നടത്തുവാനും  ശക്തി ഉപയോഗിച്ച് ക അ ബ പൊളിച്ചു കളയുവാനും   അയാൾ തീരുമാനിച്ചു. അബ്രഹത്തുനുറപ്പായിരുന്നു താൻ ചെയ്യുന്നത് ശരിയാണെന്ന്. മുന്നൂറിൽ പരം വിഗ്രഹങ്ങൾ വെച്ചു  പൂജിക്കുന്ന ക‌അബയേക്കാൾ എന്തുകൊണ്ടും   ഉത്തമം  ഞാൻ പണികഴിപ്പിച്ച ദേവാലയം തന്നെ...
താമസിച്ചില്ല കെട്ടിടം പൊളിക്കാൻ ആനകളടക്കമുള്ള സർവ്വ സന്നാഹങ്ങളുമായി അബ്രഹത്തിന്റെ പട്ടാളം  മക്കയിലേക്കു മാർച്ചു ചെയ്തു. മക്കയുടെ അടുത്ത്‌ ഒരു പ്രദേശത്ത് താവളമടിച്ചു. ഒരു പ്രകോപനമെന്ന നിലയിൽ അബ്ദുൽ മുത്തലിബിന്റെയും കൂട്ടരുടേയും ഒട്ടകങ്ങളെ പിടിച്ചു വെക്കുകയും ചെയ്തു.
മക്കയുടെ നായകനായിരുന്നു അബ്ദുൽ മുത്തലിബ്.  അബ്രഹത്തിന്റെ പട്ടാളം പടയോട്ടം നടത്താൻ പോകുന്നു എന്നും മുന്നോടിയായി തങ്ങളുടെ ഒട്ടകങ്ങളെ പിടിച്ചു വെച്ചിരിക്കുന്നു എന്നുമുള്ള വിവരങ്ങൾ അദ്ദേഹം അറിഞ്ഞു. അത്രയും വലിയ ഒരു സേനയോടേറ്റുമുട്ടാനുള്ള കെല്പ് തങ്ങൾക്കില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ക അ ബയെ രക്ഷിക്കാൻ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനു മാത്രമേ കഴിയൂ എന്നദ്ദേഹത്തിന്‌‌ ബോദ്ധ്യമായി.
താമസിയാതെ രാജ്യ മര്യാദയനുസരിച്ച് അബ്രഹത്ത് അബ്ദുൽ മുത്തലിബിനെ സംഭാഷണത്തിനായി തന്റെ പാളയത്തിലേക്കു വിളിപ്പിച്ചു.
എത്തിച്ചേർന്ന മക്കയുടെ നേതാവിനെ അബ്രഹത്ത്‌ ഉപചാര പൂർവ്വം  വരവേറ്റു. തന്റെ അടുത്ത് സ്വീകരിച്ചിരുത്തിയിട്ടു പറഞ്ഞു. നേതാവേ ഞങ്ങളുടെ ഉദ്ദേശം നിങ്ങളുടെ കാബ പൊളിക്കുക എന്നതു മാത്രമാണ്. ആൾ നഷ്ടമുണ്ടാക്കുന്ന ഒരു യുദ്ധത്തിലൂടെ വേണമോ അല്ല ഞങ്ങളെ അതിന്ന് അനുവദിക്കണമോ എന്ന് താങ്കൾ തീരുമാനിക്കുക. താങ്കൾക്കെന്തെങ്കിലും പറയാനുണ്ടോ അതു കേൾക്കാൻ ഞാൻ തയ്യാറാണ്‌ ...
അബ്ദുൽ മുത്തലിബു പറഞ്ഞു താങ്കളുടെ പട്ടാളക്കാർ എന്റെ കുറേ ഒട്ടകങ്ങളെ പിടിച്ചു കെട്ടിയിട്ടുണ്ട് അവയെ വിട്ടു തന്നാൽ ഞാൻ പൊയ്കൊള്ളാം  ജിവനഷ്ടമുണ്ടാക്കുന്ന ഒരു പോരാട്ടത്തിന്‌‌ ഞങ്ങളിപ്പോൾ തയ്യാറല്ല.
അബ്രഹത്തു പറഞ്ഞു  ഈ ജനതയുടെ നേതാവായ താങ്കളുടെ ഈ ഉദാസീനമായ പ്രതികരണം താങ്കളെക്കുറിച്ചുള്ള എന്റെ മതിപ്പു കെടുത്തിയിരിക്കുന്നു. നിങ്ങൾ തലമുറകളായി ആരാധിച്ചു വരുന്ന ദേവാലയം പൊളിക്കപ്പെടുമ്പോൾ താങ്കൾ സ്വന്തം ഒട്ടകങ്ങളെക്കുറിച്ചു വേവലാതിപ്പെടുന്നുവോ
അബ്രഹത്തിന്റെ അത്ഭുതപ്പെടുത്തിക്കൊണ്ടദ്ദേഹം പറഞ്ഞു
“ ഒട്ടകങ്ങൾ എന്റേതാണ്‌. അവയെ എനിക്കു വേണം.  എന്നാൽ ദേവാലയം അല്ലാഹുവിന്റേതാണ്‌‌‌‌‌‌. അവനു വേണമെങ്കിൽ അവനതു നിലനിർത്തിക്കൊള്ളും  അതല്ല പൊളിക്കപ്പെടാനാണ്‌‌ അവന്റെ വിധിയെങ്കിൽ അതു നടക്കുകയും ചെയ്യും  ഞാൻ വിചാരിച്ചിട്ടു കാര്യമില്ല. അദ്ദേഹം ഒട്ടകങ്ങളേയും കൊണ്ട്‌ മടങ്ങിപ്പോയി. ഗ്രാമീണരെയെല്ലാം ക അ ബക്കു ചുറ്റും വിളിച്ചു കൂട്ടി അതിന്റെ രക്ഷക്കായി അല്ലാഹുവോട്‌ പ്രാർത്ഥിച്ച ശേഷം  മലനിരകളിലേക്ക് പിൻവാങ്ങി. ക അ ബ യെ രക്ഷിക്കാൻ അതിലെ വിഗ്രഹങ്ങളെയൊന്നും അദ്ദേഹം ശുപാർശക്കു ക്ഷണിച്ചില്ല.
അവരുടെ വിശ്വാസം പൂർണ്ണമായും പുലർന്നതായിട്ടാണ്‌ പിന്നീടുണ്ടായ ചരിത്രം. ക അ ബക്ക് കാതങ്ങൾക്കകലെ വെച്ച് ആനകളിലെ പ്രധാനി  തിരിഞ്ഞോടി സേനക്ക് മേൽ കളിമൺ കട്ടകൾ വർഷിച്ചുകൊണ്ട് അബാബീൽ പക്ഷികളിറങ്ങി.. ശരീരങ്ങൾ പഴുത്തളിഞ്ഞ് സൈന്യം നിശ്ശേഷം നശിച്ചു പോയി. ചെങ്കടൽ കടന്നെത്തിയ കാറ്റിലൂടെയെത്തിയ വസൂരി രോഗം അവരെ നശിപ്പിച്ചു എന്ന് ആധുനിക ചരിത്രകാരന്മാർ പറയുന്നു.
*********************************
“ ആനക്കാരോട്‌ നിന്റെ നാഥൻ ചെയ്തതെന്ത് എന്നു നീകണ്ടില്ലേ
അവരുടെ കുതന്ത്രം  അവൻ പാഴാക്കിയില്ലേ
അവരുടെ മേൽ പക്ഷിക്കൂട്ടങ്ങൾ അയക്കപ്പെട്ടു
ചുട്ടെടുത്ത കല്ലുകൾകൊണ്ടവരെ തുടരെ എറിഞ്ഞു കൊണ്ട്
അവരെയവൻ ചവച്ചരച്ച കച്ചിത്തുരുമ്പുപോലാക്കിക്കളഞ്ഞു"
********************************************************

Photos from google

No comments: