Friday, November 30, 2018

അന്ന് ഒരു മഴക്കാലത്ത്

അതൊരു കർക്കിടകമാസത്തിലായിരുന്നു തോരാതെ പെയ്യുന്നമഴയിൽ    തോടും പുഴയും പാടവും ഒന്നായി. പാടത്തെ പകുത്ത് പടിഞ്ഞാട്ടു പോകുന്ന റെയിൽ മാത്രമുണ്ട്‌ മുങ്ങാതെ. സ്കൂളില്ലാത്ത ദിവസം‌.സൂര്യനെകണ്ടിട്ട് രണ്ടു ദിവസമായിരുന്നു,.   ഒരു വികൃതിക്കും വകയില്ലാതെ മടുത്തും മുഷിഞ്ഞും  ഇരിക്കുകയായിരുന്നു ഞാൻ. അന്നെനിക്ക് വയസു പതിനൊന്ന്. നാലുകെട്ടിന്റെ കോലായിൽ ചാരുപടിമേൽ പുതച്ചു മൂടി കിടക്കുകയാണ്‌ ബാവഎളാപ്പ. പനിയാണ്‌. പൊടിയരിക്കഞ്ഞിയും  പപ്പടം ചുട്ടതും മാങ്ങ ഉപ്പിലിട്ടതും  കൂട്ടിക്കഴിച്ചശേഷം  കമ്പിളികൊണ്ട് പുതച്ച് മൂടിയാണ്‌കിടപ്പ്. എന്നാൽ പനി പോകുമത്രേ എന്നെക്കൊണ്ട് പറിപ്പിച്ച പേരയിലയും ,തുളസിയിലയും, ചുക്കും കുരുമുളകും ചേർത്തുണ്ടാക്കിയ കഷായവും കുടിക്കുന്നുണ്ട് ഇടക്കിടെ.  തലയിൽ ഒരു മഫളർ കെട്ടിയിട്ടുമുണ്ട്. പടിപ്പുരയിറങ്ങിവരുന്ന രാമകൃഷ്ണൻ മാസ്റ്ററെ കണ്ട എളാപ്പാക്ക് സന്തോഷമായി വാ ... വാ  രാമൻ കുട്ടി ഞമ്മക്ക് കുറച്ച് വർത്തമാനം  പറയാലോ‌‌‌‌‌   വെറുതെ കിടന്ന് മടുത്തു. സ്കൂൾ സംബന്ധമായ എന്തോ കടലാസ് വെല്ലിമ്മാനെക്കൊണ്ട് ഒപ്പിടുവിക്കാൻ വന്നിരിക്കയാണ്‌‌‌  മാഷ്. "യ്കന്റെ കളിക്ക് നിക്കാൻ നേരല്ല പോയിട്ട് വേറെ പണിണ്ട് "എന്നും പറഞ്ഞ് കുട ഇറയത്തു തൂക്കി  കോലായിലെ കസേരയിൽ ഇരുന്നിട്ടെന്നോട് പറഞ്ഞൂ കുഞ്ഞുബാപ്പൂ  മാനേജരെ  വിളിക്ക്. അദ്ദേഹം കുറച്ച് ഇരുന്നാൽ നന്നയിരുന്നു  എന്നെനിക്കുമുണ്ടായിരുന്നു പൂതി. കാരണം പലതമാശകളും കേൾക്കാം.........
മഴയിൽ നിന്നും രക്ഷപ്പെടാൻ കോലായിലേക്കു കയറിവന്ന വലിയ കൊറ്റനാടിനെ ഞാൻ വടക്കു വശത്തേക്കോടിച്ചു വിട്ടു. വെല്ലിമ്മാനോട് മാഷ് വന്നവിവരം പറയാൻ  അകത്തേക്കു പുറപ്പെടവേ പെട്ടന്ന് വടക്കുവശത്ത് കിണറ്റിൻ കരയിൽ നിന്നും ബഹളം...ഞാനോടിച്ചെന്നു. ഞാൻ ആട്ടി വിട്ട വെല്ലിമ്മാന്റെ കൊറ്റനാട് കിണറ്റിൽ വീണിരിക്കയാണ്‌. പെണ്ണുങ്ങളെല്ലാം കിണറിനു ചുറ്റും... ഞാൻ നോക്കുമ്പോൾ ആട്‌ കിണറിലൂടെ വട്ടത്തിൽ‌ നീന്തുകയാണ്‌. അസഹാബുൽ ബദ്‌രിങ്ങളെ അതിപ്പോ താഗ്വോലോ  എന്ന് വെല്ലിമ്മ നിലവിളിച്ചു. സാഹസങ്ങൾക്ക് വഴികിട്ടാതെ ഇരിക്കയായിരുന്ന ഞാൻ ഒന്നും   നോക്കാതെ കിണറ്റിലേക്കൊരു ചാട്ടം.   ചാടി ആടിനേയും  പിടിച്ച് ഒരു വേരിന്മേൽ‌‌‌‌  പിടിച്ചു നില്പായി... അപ്പോഴേക്കും മാഷും എളാപ്പയും എത്തിയിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്ന ചാത്തനും വന്നു ആകെ ബഹളം...
ഹീറൊയുടെ ഭാവത്തിൽ ഞാൻ മുകളിലേക്കു നോക്കി എല്ലാവരും  എന്നെ ശ്രദ്ധിക്കുന്നു. നിന്നെക്കൊണ്ടിതു വല്ലതും പറ്റുമോ എന്ന ഭാവത്തിൽ ഞാൻ  മൂത്താപ്പന്റെ മകൾ ‌മാളുവിനെ നോക്കി. അവൾക്കും എനിക്കും ഒരേ പ്രായമാണ്‌. ഞങ്ങൾ തമ്മിൽ എപ്പോഴും തർക്കങ്ങളുണ്ടായിരുന്നു. അപൂർവ്വം കയ്യാങ്കളികളും.  
ഞാനും  ആടും കൂടി താണു പോകുമോ എന്നായി പിന്നത്തെ പേടി. എളാപ്പ മാഷോട് പറയുന്നു രാമൻ കുട്ടീ ചാട്‌ നിക്ക് പനിയാ ... മാഷ് ചാത്തനോട് പറയുന്നു ചാത്താ ചാട്‌. യ്ക് വയ്യാന്ന് ചത്തനും. മാഷേ ഒന്ന് എറങ്ങീൻ എന്ന വെല്ലിമ്മാന്റെ  അപേക്ഷ പരിഗണിച്ചായിരിക്കണം  മാഷ് കയറിൽ തൂങ്ങി ഇറങ്ങാൻ തുടങ്ങി. ഞാൻ ഒരു ഭാഗത്ത് ആടിനെയും പിടിച്ചു കൊണ്ട്  നിൽ‌‌‌കുകയാണ്‌. പകുതി ഇറങ്ങിയതും  മാഷ് കൈ വിട്ട് കിണറ്റിലേക്ക് .... ബ്ലൂം  കാണികൾ ചിരിക്കാനും തുടങ്ങി.  മാഷ് താഴെയെത്തി ആടിനെ പിടിച്ചതും  ഞൊടിയിടകൊണ്ട് കയറിൽ തൂങ്ങി ഞാൻ മുകളിലെത്തി.
പിന്നെയാണ്‌ കഥ ഒരു പാട് കഷ്ടപ്പെട്ട് കൊട്ടകെട്ടി ആടിനെ വലിച്ചു കയറ്റി. ഇനി മാഷ് ക്ക് കേറണം  ഒന്നു കയറി പകുതിയെത്തി താഴെ വീണൂ പിന്നെ മുക്കാൽ ഭാഗം കയറി ഒരിക്കൽ കൂടി വീണു  ചുറ്റും  പെണ്ണ്‌‌‌ങ്ങളും അയൽ‌ പക്കക്കാരു മൊക്കെ കൂടി വലിയ ഒരു പുരുഷാരം. ചെറിയൊരു തോർത്തു മെടുത്ത് പെടാപ്പാട് പെടുന്ന മാഷെ കണ്ട് ആളുകൾ ചിരിക്കാൻ തുടങ്ങി. സ്കൂളിൽ നിന്നും അദ്ദേഹത്തിന്റെ പിച്ചും നുള്ളും ധാരാളം  കൊണ്ട കുട്ടികൾ കാഴ്ച ശരിക്കും ആസ്വദിക്കുകതന്നെ ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ . ഒരു വിധത്തിലദ്ദേഹം വലിഞ്ഞു കയറി മുകളിലെത്തിയപ്പോഴത്തെ കാഴ്ച...  ചുറ്റെത്താത്ത നനഞ്ഞതോർത്തു മെടുത്ത് മാഷ്‌ടെ രൂപം... പോക്യെടീ എല്ലാരും എന്നു ഒച്ചവെച്ച് വെല്ലിമ്മയും പെണ്ണുങ്ങളും മാറിനിന്നു. എങ്ങനെയൊക്കെയോ ഒരു വിധത്തിൽ  മാഷ് കരേറി. ഉടൻ മാളു ഉറക്കെ ചിരിക്കാൻ തുടങ്ങി.  എളാപ്പയും  ചിരിക്കുന്നു കൂടെ ചാത്തനും ഞാനും. മാഷ്‌ ക്ക് നല്ലദേഷ്യം  വന്നു.  ദേഷ്യം കടിച്ചമർത്തി  വസ്ത്രം ധരിച്ചു.  തലയെല്ലാം തോർത്തി  നാലുപുറവും നോക്കി ഉച്ചത്തിലൊരു ശപഥം ..
" ഇനി ഈ വയ്യാട്ടുകാവിലെ തറവാട്ടിൽ ഒരു മനുഷ്യന്റെ കുട്ടി കിണറ്റില്‌‌ വീണാലും ഞാൻ ചാടില്ലാ......"

Tuesday, November 27, 2018

കായ്കറിക്കൃഷി

കായ്കറിക്കണ്ടത്തിൽ കോപ്പനും കൂട്ടരും പണിയെടുക്കുന്നതും നോക്കിക്കോണ്ട് ചക്കപ്പുളിമൂച്ചിയുടെ ചുവട്ടിൽ  നിൽകുകയായിരുന്ന വെല്ലിമ്മായുടെ അടുത്തേക്ക് ചുമലിൽ നിന്നൂർന്നു പോകുന്ന ട്രൗസറിന്റെ വള്ളി നേരെയാക്കിക്കൊണ്ട് കുട്ടി ഓടിച്ചെന്നു. നേരം പുലർന്നിട്ട് അധികമായിട്ടില്ല. വേനൽ കാലമായിരുന്നു. കണ്ടാറിയിൽ പച്ചപിടിച്ചു നിൽകുന്ന പുഞ്ച. കായ്കറിക്കണ്ടത്തിൽ വളർന്ന് നിൽകുന്ന പച്ചക്കറി വള്ളികൾ. താഴേ എടമാറിയിലും കൂടി കായ്കറി നടാനുള്ള പണികളിലാണ് കോപ്പനും കൂട്ടരും. മാമാവിന്റെ തണലിൽ പുല്ലിന്റെ തണുപ്പിൽ ഇരിക്കുകയായിരുന്ന കണ്ണുതുറിയൻ പോക്കാച്ചിത്തവള ബ്ലും എന്നശബ്ദത്തോടെ അടുത്തുള്ള കുളത്തിലേക്കെടുത്തു ചാടി. തവള ജലത്തിലുയർത്തിയ ഓളങ്ങൾ വൃത്താകൃതിയിൽ‌ വ്യാപിക്കുന്നത് കാണാൻ നല്ല ഭംഗി. കായ്കറിക്ക് വെള്ളം തേവാനുള്ള ആകുളത്തെ എല്ലാവരും താഴത്തേകിണറ് എന്നു വിളിച്ചു. കുളത്തിന്റെ പടിഞ്ഞാറേ കോണിൽ ഏത്തം. നീലനിറമുള്ള വെള്ളത്തിലേക്ക് ഊളിയിട്ട തവള പതുക്കെ പൊങ്ങി വന്ന് ജലപ്പരപ്പിൽ നില്പായി. കുട്ടി ഒരു കല്ലു പെറുക്കി തവളിക്കിട്ട് ഒരേറ് കൊടുത്തു. ഏറു തവളക്ക് കൊണ്ടില്ല. വെല്ലിമ്മ പറഞ്ഞു വേണ്ട മോനേ കൊളത്തിലേക്ക് കല്ലെടുത്തെറിയാൻ പാടില്ല. കുളം തൂർക്കുന്നത് പാപമാണ്. മരിച്ച് ചെന്നാൽ മലക്കുകൾ മൂക്കിന്റെ പാലം കൊണ്ട് ആകല്ലുകൾ തിരിച്ചെടുപ്പിക്കും. പേടിച്ചുപോയ കുട്ടിപറഞ്ഞു ഞാൻ തവളനെ എറിഞ്ഞതല്ലേ.. ങേ തവളനെ എറിയാനും പാടില്ല. അത് അല്ലാഹൂനെ ശുക്ർ ചെയ്യ്ണ ജന്ത്വല്ലേ.. എപ്പൊ നോക്യാലും അതിന്റെ താടിങ്ങനെ ഇളക് ണ് കണ്ടിട്ടില്ലെ... തവളകള് തേടുന്നതുകൊണ്ടാ ഞമ്മക്ക് മഴ കിട്ട്ണത്.... തവളയും കുളവും ഒക്കെ വലിയ കാര്യങ്ങളാണെന്ന് വെല്ല്യുമ്മ കുട്ടിക്ക് പഠിപ്പിച്ചുകൊടുക്കുകയായിരുന്നു.......
പാടത്തിന്റെ വരമ്പിലൂടെ അബ്ദുക്കവരുന്നു.‌ കായ്ക്കറിക്ക് വെള്ളം തേവാൻ വരികയാണ്. അബ്ദുക്ക വെല്ലിമ്മാനോട് ചിരിച്ചു. വെയില് ചൂടാക്ണതിന്റെ മുമ്പെ പത്ത് കൊട്ട തേകാലോച്ച്ട്ടാ. അദ്ദേഹം ഏത്തത്തിന്റെ കയ്യീരിയുടെ അറ്റത്തെ വിടവിലേക്ക് തേക്കുകൊട്ട ചേർത്ത് വെച്ച് കൊട്ടക്കോൽ കോർത്ത് ഉറപ്പിച്ചു. പിന്നീട് കിണറിന്റെ കുറുകെയിട്ട പാലത്തിലൂടെ പിന്നോട്ട് നടന്ന് കൊട്ട വെള്ളത്തിൽ മുക്കി. വീണ്ടും കയ്യീരി മുകളിലേക്ക് ഉയർത്തിക്കൊണ്ട് മുന്നോട്ട്. കൊട്ടത്തളത്തിൽ എത്തിയ കൊട്ടയുടെ കോലിൽ ചവിട്ടി വെള്ളം തളത്തിലേക്ക്. അങ്ങനെ തേവിത്തേവി തളം നിറഞ്ഞ് തെളിഞ്ഞ വെള്ളം ചാലിലൂടെ ഒഴുകിമുന്നേറുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ട് കുട്ടി വെള്ളത്തിന്റെ ഒപ്പം കായ്ക്കറിക്കണ്ടത്തിലെത്തി. കോപ്പൻ വെണ്ണം ഓരോ തടങ്ങളിലേക്ക് തിരിച്ച് വിടാൻ തുടങ്ങി.‌ കോപ്പന്റെ ഇടത്തേ കൈമുട്ടിലെ ഒരു പന്തിന്റെ വലിപ്പമുള്ള മുഴ കൈയ്യ്നൊപ്പം കുലുങ്ങിയാടുന്നു. കോപ്പൻ ഒരു കുഞ്ഞു വെള്ളരിക്ക പറിച്ച് കുട്ടിക്ക് കൊടുത്തു. ഇത് തിന്നിട്ട് പോയ്കോളിൻ എളവെയില് കൊള്ളണ്ടാ. വലിയ ശബ്ദത്തോടെ കൂവിയാർത്ത്  പിറകിലേക്ക് പുകയൂതി കിഴക്കോട്ട് പാഞ്ഞുപോയ ചരക്കുവണ്ടിയെ നോക്കി കുട്ടേ കുറേ നേരം കൂടി അവിടെ നിന്നു. പിന്നെ ചുമലിൽ നിന്ന് ഊർന്നുപോയ ട്രൗസറിന്റെ വള്ളി നേരെയാക്കി കോപ്പൻ കൊടുത്ത വെള്ളരിപ്പൂവൽ കറുമുറാ ചവച്ചുകൊണ്ട് കുട്ടി മടങ്ങി  വെല്ലിമ്മായുടെ കൂടെ വീട്ടിലേക്ക്....

29.11.2015 ഒരു അവസാന രാത്രി

ഇന്ന് ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കുകയാണ്.ഇൻശാ അല്ലാഹ് ഇന്ന് വൈകീട്ട്ബ്നാട്ടിൽ പോകണം. പിന്നെ തിങ്കളാഴ്ച വന്ന് യാത്രയയപ്പിൽ പങ്കെടുക്കണം. നിലത്തു വിരിച്ച പുല്ലുപായിലാണു കിടപ്പ്. കട്ടിലുകളും മറ്റും കൊടുത്തയച്ചു കഴിഞ്ഞു.

നാലുമണിക്ക് ഉണർന്നു. നമസ്കരിച്ചു. ചുമരിനോടു ചേർത്തുവിരിച്ചപായിൽ ചുമരുചാരിയുരുന്ന് ഖുർആൻഓതാൻ തുടങ്ങവേ ജനൽ തിരശീല മറ്റി ഞാൻ പുറത്തേക്കു നോക്കി. നല്ല പൂപോലത്തെ നിലാവ്. ചീവീടികളുടെ ശബ്ദം. പിന്നെ കെട്ടിടത്തിന്റെ മുകളിലെ ടാങ്കിൽ നിന്നും താഴേ കിടക്കുന്ന പ്ലാസ്റ്റിക്ക് പാത്രത്തിന്മേലേക്ക് താളത്തിൽ ഒറ്റിവീഴുന്ന വെള്ളത്തിന്റെ  ശബ്ദവും. ഡബ് ഡബ് ഡബ്... ഓരോ ലബ് ശബ്ദവും കൂടിയുണ്ടായിരുന്നെങ്കിൽ ഒരു രാക്ഷസന്റെ ഹൃദയമിടിപ്പുകൾ എന്നു പറയാമായിരുന്നു.
ഒട്ടൊരു നിസ്സംഗതയോടെ ഞാൻ ഓർത്തു കഴിഞ്ഞു പോയത് ഈ കെട്ടിടത്തിലെ എന്റെ അവസാന രാത്രിയായിരുന്നു...

Friday, November 23, 2018

സിങ്കപ്പൂരിലെ ജുറോം പക്ഷി വളർത്തു കേന്ദ്രത്തിൽ

ബുധനഴ്ച ജെറോം പക്ഷി വളർത്തു കേന്ദ്രം കാണാനായിരുന്നു പരിപാടി. സമയമുണ്ടെങ്കിൽ ചൈനീസ്‌ ഗാർഡനും കാണാം. മകൻ ലീവെടുത്തു.  മകൻ മൂത്ത കുട്ടിയേയും കൂട്ടി നേരത്തേ ചൈന ടൗണിൽ  പോയി ടിക്കേറ്റെടുക്കുക. പിറകെ വരുന്ന ഞങ്ങളുമായി വഴിയിൽ വെച്ച്‌ സന്ധിക്കുക എന്നായിരുന്നു പരിപാടി. നിശ്ചയിച്ച പ്രകാരം മകൻ പുറപ്പെട്ടപ്പോൾ മൂത്തവൾ അഫ്ഷീനും അവന്റെ കൂടെ ചാടിപ്പുറപ്പെട്ടു. അരമണിക്കൂറിനു ശേഷം ഞങ്ങൾ ബസ്സിൽ പാസറിസിൽ നിന്നും മെട്രോ പിടിച്ചു. Green line എന്നറിയപ്പെടുന്ന. ഈസ്റ്റ്‌ വെസ്റ്റ്‌ മെട്രോ ലൈനിന്റെ തുടക്കം പാസറിസിൽ നിന്നാണ്. നാൽപത്തൊമ്പത്‌ ‌ കിലോമീറ്റർ ദൂരെയുളള ജൂകൂൻ പട്ടണം വരെ നീണ്ടു കിടക്കുന്ന ഈ പാത ഒരു പാട്‌ ട്യൂറിസ്റ്റ്‌ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. ഇവിടത്തെ എം ആർ ടി സർവ്വീസിന്റെ വിവരത്തിൽ താൽപര്യമുളളവർക്ക്‌ ഒന്നാമത്തെ ചിത്രം സഹായകമാകുമെന്ന് കരുതുന്നു. ഒരു പാടു തവണ യാത്ര ചെയ്തിട്ട്‌ ഒരിക്കൽ പോലും അഞ്ചു മിനിറ്റിൽ കൂടുതൽ കാത്തു നിൽകേണ്ടി വന്നില്ല എന്ന് പറഞ്ഞാൽ മതിയല്ലോ... വഴിക്ക്‌ പായാ ലെബറിൽ ഇറങ്ങി ഞങ്ങൾ മകനെ കാത്തിരുന്നു. അൽപസമയം കൊണ്ട്‌ മൂപ്പ്രെത്തി. അടുത്ത വണ്ടിയിൽ കയറി ബൂൺ ലേയിൽ ഇറങ്ങി. ബൂൺ ലേയ്‌ മാർക്കറ്റിൽ കുറേ ചുറ്റി നടന്ന് കാഴ്ചകൾ കണ്ടു പിന്നെ കോമളാസ്‌ എന്ന് വെജിറ്റേറിയൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ബൂൺ ലേ ബസ്‌ ഇന്റർ ചെയ്ഞ്ചിൽ എത്തി. രാജകീയം എന്ന് വിശേഷിപ്പിക്കാവുന്ന ബസ്‌ സ്റ്റേഷൻ. മനോഹരം ഗഭീരം. ഇവിടെ നിന്നും ജുറോമിലേക്ക്‌ ബസ്സ്‌ കയറി. പത്ത്‌ മിനിറ്റുകൊണ്ട്‌ സ്ഥതലത്തെത്തി. സമയം ഏകദേശം ഒന്നര കഴിഞ്ഞുകാണും പലതരം പക്ഷികൾ അതീവ ശൈത്യത്തിൽ മാത്രം വളരുന്ന പെങ്ങ്വിനുകളും ധ്രുവപ്പക്ഷികളും വിവിധയിനം മൂങ്ങകളും ഒട്ടകപ്പക്ഷികളും എമുക്കളും ഒക്കെ ഇവിടെ കൃത്രിമമായി സൃഷ്ടിച്ച സാഹചര്യങ്ങളിൽ വളർത്തപ്പെട്ടിരിക്കുന്നു. വിവിധയിനം തത്തകളും എരണ്ടകളും കൊക്കുകളും പൊന്മാന്മാരും പ്രാവുകളും ഒക്കെ ഉണ്ട്‌. മയിലുകളും പലയിനം വേഴാമ്പലുകളും. രാത്രീഞ്ചരന്മാരായ മൂങ്ങക്കളുടെ കൂട്ടത്തിൽ സൈബീരിയയിൽ വളരുന്ന  വെളുത്ത്‌ ഒരിനത്തേയും കണ്ടു. വിവിധയിനം പരുന്തുകളേയും കഴുകന്മാരേയും കണ്ടു. മകൻ അവന്റെ ക്യാമറയിൽ പകർത്തിയ അവിടത്തെ കാഴ്ചകളിൽ ചിലത്‌ ഞാൻ പങ്കു വെക്കുന്നുണ്ട്‌. എന്റെ ഫോണിലെ ചിത്രങ്ങളെക്കാൾ മികവുറ്റവ. മൂപ്പർ നല്ലൊരു ഛായാഗ്രഹകൻ കൂടിയാണ്. . ഒരു പാടു നേരം ചുറ്റി നടന്ന് കണ്ടു. മൂന്നു മണിക്കും നാലു മണിക്കും ഒരോ പക്ഷി പ്രദർശനങ്ങളും കണ്ടു. ആറു മണി കഴിഞ്ഞു പുറത്ത്‌ പോകണം എന്ന അറിയിപ്പുണ്ടാകും വരെ ഞങ്ങളവിടെയായിരുന്നു. കേന്ദ്രത്തിൽ നിന്നും പുറത്തു കടന്നു. ബൂൺ ലേയിൽ വന്നു ആയാത്ര ഞാൻ വേറെ പോസ്റ്റു ചെയ്തിട്ടുണ്ട്‌. വീണ്ടും കോമളാസിൽ നിന്നും ഭക്ഷണം ശേഷം മെട്രോയിൽ പാസറിസിലേക്കും ബസ്സിൽ ലോയാങ്ങ്‌ വാലിയിലേക്കും. പത്ത്‌ പത്തരയായിക്കാണും വീട്ടിലെത്തിയപ്പോൾ.

ബസ് ക്യാപ്റ്റൻ...

പബ്ലിക്ക് ബസ്സുകളൊക്കെ എല്ലാ ആധുനിക സൗകര്യങ്ങളുമുളള ബാക്ക് എഞ്ചിൻ ലോഫ്ലോർ ബസ്സുകളാണ്. ഓട്ടോമെറ്റിക്ക് ട്രാൻസ്മിഷനും പവർസ്റ്റിയറിങ്ങും.  രണ്ടു നില ബസ്സുകളും ധാരാളം.
മകൻ പറഞ്ഞു, ഇവിടെ പബ്ലിക് ബസ്സിന്റെ ഡ്രൈവർമാർ ബസ് ക്യാപ്റ്റൻ എന്നാണ് അറിയപ്പെ ടുന്നത്. കണ്ടക്റ്റർ ഇല്ല. യാത്രാക്കാരൻ സ്വയം ഫ്ലാഷ് കാർഡ് സ്വൈപ്പ് ചെയ്ത് കയറുന്നു. ഇറങ്ങുന്ന
സ്ഥലത്ത് സ്വൈപ് ചെയ്യുമ്പോൾ പൈസ പിടിക്കപ്പെടുകയും ചെയ്യുന്നു. ഒരുപാട് വനിതകളെ ക്യാപ്റ്റന്മാരായി കാണുകയുണ്ടായി. കൂട്ടത്തിൽ മഫ്ത ധരിച്ച വനിതകളേയും കണ്ടു. പുരുഷന്മാരിൽ മുക്കാൽ പാന്റും ഫ്രീക്കൻ മൂടിവെട്ടുമായി ചില ആധുനികന്മാരും ഉണ്ട്... ..
ഡ്രൈവിങ്ങ് പണ്ടു തൊട്ടേ എനിക്കൊരു ഹരമായിരുന്നു. ഇന്നും അങ്ങനെത്തന്നെ. ബസ്സിൽ കയറിയാൽ ഡ്രൈവറുടെ അടുത്ത സീറ്റ് കിട്ടുന്നത് വലിയ സന്തോഷമാണ്. പുറത്തെ പ്രകിത്യോടൊപ്പം ഡ്രൈവറുടെ ചെയ്തികളും ശ്രദ്ധിച്ചികൊണ്ടിരിക്കുക എനിക്കിഷ്ടമാണ്. ഒരുപാട് മനുഷ്യരെ അവരുടെ  ലക്ഷ്യങ്ങളിലേക്ക് എത്തിക്കേണ്ട ഉത്തരവാദിത്തം ഏല്പിക്കപ്പെട്ടയാൾ എന്ന നിലക്ക് ഡ്രൈവർ ആദരവർഹിക്കുന്ന ആളാണെന്ന് ഞാൻ കരുതി. എല്ലാവരും ഉറങ്ങുന്ന രാത്രികളിലും പകലുകളിലും സ്വയമുറങ്ങിപ്പോകാതെ  സുരക്ഷിതരായി നമ്മെയവർ  ലക്ഷ്യങ്ങളിലെത്തിക്കുന്നു.
ഇന്നലെ ജുറോങ്ങ് പക്ഷി സങ്കേതം കണ്ടു മടങ്ങുമ്പോൾ ജുറോങ്ങിൽ നിന്നും കയറിയ ബസ്സിന്റെ ക്യാപ്റ്റൻ ഒരു വനിതയായിരുന്നു. മുടി ബോബ് ചെയ്ത് ഫുൾ സ്ലീവ് ഷർട്ട് ഇൻസൈഡ് ചെയ്ത് എക്സിക്യൂട്ടീവ് രൂപത്തിൽ മെലിഞ്ഞ് കൃശഗാത്രയായ സുന്ദരി. കണ്ടാൽ ഒരു മാരുതി ഓടിക്കാനുളള കെല്പു പോലും മതിക്കില്ല. ശ്രദ്ധയോടെ  സൗമ്മ്യമായി വണ്ടി നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന അവരെ കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പരുക്കൻ റോഡുകളും അവയിലൂടെ ഞരങ്ങി നിലവിളിച്ച് ആടിയുലഞ്ഞോടുന്ന നമ്മുടെ കെ എസ് ആർ ടീസികളും അവയെ കഷ്ടപ്പെട്ട്  നിയന്ത്രിക്കുന്ന ഡ്രൈവർ മാരും എന്റെ ചിന്തയിൽ തെളിഞ്ഞു. കൂടെ മുമ്പൊരിക്കൽ ഞാനും കുറച്ചു സുഹൃത്തുക്കളും-കുമാരൻ വിപി ഫൈസൽ സദാശിവൻ തുടങ്ങിയർ- കോയമ്പത്തൂരിൽ ഐസിഎ ആർ സ്പോട്സിൽ പങ്കെടുക്കുന്നതിനിടെ ഒഴുവുകിട്ടിയ ഒരു ദിവസം പുലർച്ചെ ഊട്ടിയിലേക്കു പോയ കഥയും. ഒരു ജനപ്രതിനിധി വിമാനത്തിന്റെ പൈലറ്റിനെ ഗ്ലോറിഫൈഡ്  ഡ്രൈവർ എന്ന് അധിക്ഷേപിച്ച കാലം. ഊട്ടിപ്പട്ടണം കണ്ട് തിരിച്ചപ്പോൾ രാവേറെ ചെന്നിരുന്നു. ലാസ്റ്റ് ബസ്സ്, എനിക്ക് ഇഷ്ടമുളള ഡ്രൈവറുടെ അടുത്ത സീറ്റു തന്നെ കിട്ടി. ഡ്രൈവർമാരെ അധിക്ഷേപിച്ച ജനപ്രതിനിധിയെ ഓർത്തുകൊണ്ട് ഞാൻ ഞങ്ങളുടെ സാരഥിയെ നോക്കി. കാഴ്ചക്ക് തടിച്ച് കറുത്ത് പരുക്കനായ ദ്രാവിഡൻ. പെൺകുട്ടികൾ കണ്ടാൽ  കാണാനൊരു രസൂല്ലെടീ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന രൂപം. അദ്ദേഹം എന്നെ നോക്കി സ്വാഗത ഭാവത്തിൽ പുഞ്ചിരിച്ചു പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു.  പാതിരാവിൽ നിലാവിൽ കുളിച്ച് കിടക്കുന്ന നീലഗിരി മലനിരകളെടെ മേൽ കോടമഞ്ഞ് വെളള വെൽവെറ്റ് പുതപ്പിക്കുന്ന ഹൃദയഹാരിയായ കാഴ്ച. വശ്യമായ വന്യ സൗന്ദര്യമത്രയും ആസ്വദിക്കാൻ ഞാൻ 
ഒറ്റക്കേയുളളൂ എന്ന് ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോഴെ നിക്ക് മനസ്സിലായി. ബസ്സിൽ ഞാനും ഡ്രൈവറു മൊഴികെ
ഉളളവരെല്ലാം സുഖ സുഷുപ്തി യിലാണ്. വണ്ടി ചെറുതായൊന്ന് ഉലഞ്ഞപ്പോൾ എന്റെ ശ്രദ്ധ തീർത്തും ഡ്രൈവറിലേക്കായി. തണുപ്പിനെ ചെറുക്കാൻ തലയിലൊരു മഫ്ലർ  ചെവിയടക്കിക്കെട്ടി ശ്രദ്ധാപൂർവ്വം അദ്ദേഹം തേരു തെളിക്കുകയാണ്. ശ്രദ്ധയൊന്നു പാളിയാൽ ചെന്നു പതിക്കുക അഗാധമായ കൊക്കയിലേക്കാ യിരിക്കുമെന്ന് ഞാൻ ഉൾകിടിലത്തോടെ ഓർത്തു. ചില വളവുകളിൽ വണ്ടി നിർത്തി പിറകോട്ടെടുക്കേണ്ടി വരുന്നു വണ്ടി തിരിഞ്ഞുകിട്ടാൻ. ഇവർക്ക് ഏകാഗ്രത നൽകി അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിച്ചുപോയി പലപ്പോഴും. പുലർച്ചയോടെ കോയമ്പത്തൂരിൽ മടങ്ങി എത്തി എന്നാണോർമ്മ...
ഓർമ്മയിൽ നിന്നുണർന്നപ്പോ ഴേക്കും ബസ്സ് ജുറോങ്ങ് മെട്രോ സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു... ക്യാപ്റ്റൻ വണ്ടിയിൽ നിന്നിറങ്ങുന്ന കുച്ചുകുട്ടിഅളുടെ നേരെ കവീശി യാത്രാ മംഗളങ്ങൾ നേരുകയാണ്...ഞാൻ ഞെട്ടിയെഴുന്നേറ്റ് കാർഡ് സ്വൈപ് ചെയ്ത് വേഗം താഴെയിറങ്ങി... ഇവിടെ പബ്ലിക്ക്  ബസ് ഓടിക്കുന്നവർഅർഹിക്കും വിധം ആദരിക്കപ്പെട്ടിരിക്കുന്നു.

Thursday, November 22, 2018

നെല്ലുകുത്ത് ഒരു പുരാതന ആചാരം

അത്യാവശ്യം കൊയ്യാനും മെതിക്കാനുമുള്ള ഭവനങ്ങളിൽ  നിലനിന്നിരുന്ന പുരാതനമായ പല ആചാരങ്ങളിൽ പ്രമുഖമായിരുന്നു നെല്ല്കുത്ത്. പിന്നീട് മില്ലുകൾ നിലവിൽ വരുവോളം എന്റെ തറവാട്ടിലും ഈ ആചാരം മുടങ്ങാതെ നിലനിന്നു...
നെല്ല് മാന്വലായിട്ട് കുത്തി ഉമിയുംതവിടും കളഞ്ഞ് അരിയാക്കലായിരുന്നു പ്രക്രിയ. ഇതിലേക്കായി
കല്ലുരൽ കുന്താണി കുഴിയുരൽ ഉലക്ക മുതലായവയായിരുന്നു അക്സസറീസ്. കല്ലുകൊണ്ട് ഏകദേശം മൂന്നടി ഉയരത്തിൽ കൊത്തിമിനുക്കി നിറുകയിൽ ഒരറ്റി ആഴത്തിൽ ഒരു കുഴിയുമായവൻ കല്ലുരൽ. പ്ലാവിന്റെ കട വൃത്തത്തിൽ ചെത്തി പണിതീർക്കപ്പെട്ടവൻ കുന്താണി പിന്നെ ഇരുമ്പുകൊണ്ട് നാളത്തിന്റെ ആകൃതിയിൽ തീർത്ത് തറയിൽ ഉറപ്പിക്കപ്പെട്ടവൻ കുഴിയുരൽ പിന്നെ കരിമ്പനയുടെ ആരുകൊണ്ടോ പ്ലാവിൽ തടികൊണ്ടോ പണിത് രണ്ട് വശത്തും ലോഹംച്ചിറ്റ് പിടിപ്പിച്ചവൻ ഉലക്ക. നെല്ലിനെ പുഴുങ്ങി ഉണക്കിയെടുക്കുന്നതു മുതൽ കുത്തി അരിയാക്കി ചേറിപ്പെറുക്കി പാത്രത്തിലാക്കും വരെയുള്ള പ്രക്രിയകളത്രയും നിർവ്വഹിച്ചിരുന്നത് വനിതാ രത്നങ്ങളായിരുന്നു. നല്ല ആരോഗ്യമുള്ള വനിതകളെമാത്രമേ ഇതിലേക്കായി റിക്രൂട്ട് ചെയ്തിരുന്നുള്ളൂ. നാട്ടിലുള്ള വിശേഷങ്ങളത്രും വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത കുലീന വനിതകൾക്ക് എത്തിച്ചുകൊടുക്കുന്ന വാർത്താവിനിമയ മാധ്യമങ്ങളായും ഇവർ വർത്തിച്ചുവന്നു. ഇന്നത്തെ ജനം ടി വിയുടെ അത്രതന്നെ വരില്ലെങ്കിലും ഒരുവിധം അക്വറെറ്റായ വാർത്തകൾ വീട്ടിലെ മഹിളകൾക്ക് ലഭ്യമായിരുന്നതിനാൽ മഹിളകൾ ദുനിയാവിന്റെ വിവരങ്ങളിൽ അപ്ഡേറ്റായിരുന്നു എന്ന് പറയാം. പിന്നീട് ഈ ഉല്പന്നത്തെ വേവിച്ച് ചോറാക്കി ഉപദംശങ്ങൾ ചേർത്ത് ഇലയിലോ പിഞ്ഞാണത്തിലോ  വിളമ്പുക എന്ന വിശേഷ ക്രിയ നിർവ്വഹിച്ചിരുന്നതും വനിതകളായിരുന്നു. അവസാനം ചോറിനെ ഉരുളകളാക്കി തള്ളിക്കയറ്റുക എന്ന ഭാരിച്ച ഉത്തരവാദിത്ത്വം എന്നും ആൺ ശിങ്കങ്ങൾക്ക് തന്നെയായിരുന്നു. അവരത് സ്തുത്യർഹമാം വിധം നിർവ്വഹിച്ച് പോന്നു...
പിന്നീട് ഒരു ചെറുകിട വ്യവസായമായി നെല്ലുകുത്ത് അംഗീകരിക്കപ്പെടുകയും ഗ്രാമങ്ങൾ തോറും ചെറുകിട മില്ലുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തതോടെ ഈ ആചാരത്തിന്ന് പ്രസക്തിയില്ലാതായി. അവ്വണ്ണം നാട്ടിൽ സ്ഥാപിതമായ ഒന്നാമത്തെ മില്ല് വി പി രമന്റെ മില്ലായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഗ്രാമ വികസനത്തിനായി എൻ ഇ എസ്‌ ബ്ലോക്കുകൾ നിലവിൽ വന്നപ്പോൾ കൂട്ടത്തിൽ  തേനീച്ചക്കൃഷിയും പരിഗണിക്കപ്പെട്ടു. അതിലേക്കായി ഈച്ചക്കൂടുകൾ നിർമ്മിച്ച് സർക്കാരിലേക്ക് വിതരണം ചെയ്യാനുള്ള കരാറ് അദ്ദേഹത്തിനായിരുന്നതിനാൽ ഈച്ചപ്പെട്ടി രാമൻ എന്നും അദ്ദേഹം അറിയപ്പെട്ടു. കൂടാതെ അന്നത്തെ വയസന്മാർക്കിടയുൽ രാമനാശാരി എന്നും. അദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാരക്കാട് വാർഡിലേക്ക് ചെറിയ ബാപ്പുഹാജി ആലിഹാജി ദിൽകൂഷ് അബ്ദുറഹ്മാനിക്ക എന്നിവരോടൊപ്പം രാമേട്ടനും മത്സരിച്ചിരുന്നു... നെല്ലുകുത്തുകാരികളുടെ ലഭ്യത കുറഞ്ഞപ്പോൾ തറവാട്ടിൽ നിന്നും കൊള്ളിപ്പറമ്പത്തുള്ള മില്ലിലേക്ക് നെല്ലുകുത്താൻ കൊണ്ടു പോകുന്ന ആളുടെ കൂടെ ഈ വിനീതനായ ചരിത്രകാരനും പോവുകയുണ്ടായിട്ടുണ്ട് . ‌തേക്കോട്ടുള്ള വഴിയിലൂടെ പാടത്തിറങ്ങി പച്ചപുതച്ചുനിൽകുന്ന നെല്വരമ്പിലൂടെ റെയിൽ പാതമേൽ കയറി പടിഞ്ഞാട്ട് നടന്ന് കൊള്ളിപ്പറമ്പത്തെ ചെത്തു വഴിയിലൂടെ നെല്ലുചുമന്ന ചാമിയുടേയോ അയ്യപ്പന്റെയോ ഒക്കെഒപ്പം നടത്തിയ കാലനടയാത്രകൾ ...വലൽ വരമ്പിലെ പൊത്തുകളിൽ നിന്നും അകത്തേക്ക് വലിഞ്ഞ ഞെണ്ടുകളും പ്ലോം എന്ന ഒച്ചയിൽ പാടത്തേക്ക് ചാടിയ പോക്കാച്ചിത്തവളകളും റെയിലിലൂടെ പുകതുപ്പി കൂവിയാർത്ത് പാഞ്ഞുപോയ തിവണ്ടിയും മനസിൽ കോറിയിട്ട വർണ്ണ ചിത്രങ്ങൾ ഇന്നും‌ മനോഹരം.
പിന്നീട് ഓങ്ങല്ലൂരിൽ നായരുടെ മില്ല വന്നു. അങ്ങോട്ടും ഉണ്ടായിട്ടുണ്ട യാത്രകൾ കാരക്കാട് വിട്ടാൽ പിന്നെ പാറപ്പുറത്ത് രണ്ട് പീടികകളും ഗണപത്യേം കാവ് എന്ന് അറിയപ്പെട്ടിരുന്ന ഓങ്ങല്ലൂർ മൂന്നും കൂടിയേടത്ത് ഒരു പെട്ടിക്കടയും മാത്രമേ ഉണ്ടായിരുന്നുള്ളൂ...
പിന്നീട്‌ കകാരക്കാട്ടും വന്നു ഒരുമില്ല്.
കോൺഗ്രസ് നേതാവ് വയ്യാട്ടുകാവിലെ ഇമ്പിച്ചി മുഹമ്മദിന്റെ വക...
അത് വേറെ ചരിത്രമായിപ്പറയാം...
Photo: From Google
akoyavk

Monday, November 12, 2018

കട്ടോടൻ ചാത്തൻ

സന്ധ്യ. സൂര്യൻ അങ്ങ് ചെങ്ങണം കുന്നമ്പലമിറ്റത്തെ ആലിന്റെ പിറകിലൂടെ ഭാരതപ്പുഴയുടെ അപ്പുറത്തേക്ക് ഊർന്നിറങ്ങിയിട്ട് കുറച്ച് നേരമായി. പടിഞ്ഞാറൻ ചക്രവാളത്തിനു കുങ്കുമവർണ്ണം.
നട്ട് കരിയിട പേർന്നുനിൽക്കുന്ന കണ്ടാറിപ്പാടത്തിന്റെ ഇരുണ്ട ഹരിതാഭയിലൂടെ പതിനാറുകാരൻ നടക്കുകയാണ്.കയ്യിൽ തോക്കുണ്ട്. മൂത്താപ്പാന്റെ പെട്ടിയിൽ നിന്നും പൊക്കിയ ഒരു തിരയും. വെടി വെക്കാൻ  പഠിച്ചകാലം. പാടത്തിന്റെ അതിരുകളിലെ ഇല്ലിപ്പട്ടലിന്നിടയിലൂടെ കൊക്കിക്കൊണ്ട് കുളക്കോഴികൾ... പാടത്തേക്ക് ചാഞ്ഞു നിൽകുന്ന തെങ്ങുകളിലെ കൂടുകളിൽ കുഞ്ഞാറ്റക്കിളികൾ ചേക്കേറിക്കഴിഞ്ഞു. മുളം തുമ്പിൽ‌ നിന്നും തത്തകൾ കലപിലകൂട്ടി പറന്നു പോയി. പാടവരമ്പിലിരുന്നിരുന്ന കൊക്കുകളും കൂട്ടമയി പടിഞ്ഞാറേക്ക്  പറന്നുപോയി. പാതയോരത്ത് കന്നിനെ മേച്ചിരുന്നവർ അവയെ തെളിച്ച് മടക്കമായി. ഒന്നിനേയും തഞ്ചത്തിനു കിട്ടുന്നില്ല എന്ന് കണ്ട് ചെറുക്കനും മടങ്ങി. തറവാട്ടുവളപ്പിന്റെ തെക്കേ അതിരിൽ പാടത്തേക്കുള്ള പടി കടന്ന് അവൻ വളപ്പിലെത്തി. ചക്കപ്പുളി മൂച്ചിയുടെ തുമ്പിൽ നിന്നൊരു കൂജനം കേട്ട് അവൻ മുകളിലേക്കു നോക്കി. രണ്ടു വേഴമ്പലുകൾ. ഇവയുടെ പേര് കട്ടൊടൻ ചാത്തൻ എന്നാണെന്നും വേലക്കാർക്ക് ദാഹജലം കൊടുക്കാതിരുന്ന ഒരു ജന്മിക്ക് ശാപം കിട്ടിയതു കൊണ്ട് അയാൾ വേഴാമ്പലായി എന്നും വീട്ടിൽ പണിയെടുക്കുന്ന കോപ്പൻ അവനു പറഞ്ഞുകൊടുത്തിരുന്നു. കൊക്കിനു മുകളിലുള്ള പാത്തിയിലൂടെ കിട്ടുന്ന മഴവെള്ളം മാത്രമേ അതിനു ദാഹം മാറ്റാനുപകരിക്കൂ എന്നാണു കേട്ടത്. അതിനാൽ അവ വർഷകാലത്തിനായി ദാഹിച്ചുകൊണ്ട് വേനൽ ജീവിച്ചു തീർക്കുന്നു. താഴത്തേ കിണറിന്റെ വക്കിലുള്ള മുളം കൂട്ടത്തിലേക്ക് അവ പറന്നിറങ്ങി. അവൻ ഉന്നം നോക്കി കാഞ്ചി വലിച്ചു.. വെടികൊണ്ട പക്ഷി തഴേക്കു വീഴുന്നതോടൊപ്പം ദയനീയമായി കരഞ്ഞുകൊണ്ട് അതിന്റെ ഇണയും പറന്നിറങ്ങി. ഓടിച്ചെന്ന ചെറ്ക്കനെ കണ്ട് അത് ദൂരേക്ക് പറന്നു പോയി. വെടികൊണ്ടു ചത്ത പക്ഷിയെ എടുത്ത് വീട്ടിൽ പണിക്കുവരുന്ന കാളിക്ക് കൊടുത്തു. അവൾ സന്തോഷമായി എങ്കിലും അവനു വലിയ ദുഖമായി... വേണ്ടായിരുന്നു എന്ന തോന്നൽ അവനെ അലട്ടിക്കൊണ്ടേയിരുന്നു.‌ അമ്പെയ്തു പഠിക്കാൻ ജീവനുള്ളവയെ ഉപയോഗിക്കരുത് എന്ന് നബി പറഞ്ഞിട്ടുള്ളതായി ഉപ്പ അവനെ ഉപദേശിച്ചത് അവനോർത്തു. അവൻ പശ്ചാതാപ വിവശനായി...
പിന്നെരണ്ടു മൂന്നു ദിവസം  സന്ധ്യകളിൽ ദയനീയമായി കരഞ്ഞു കൊണ്ട് ആ പക്ഷി ഒറ്റക്ക് ... അവന്റെ സങ്കടം ഇരട്ടിച്ചു. മേലിൽ അനാവശ്യമായി ഒരു പക്ഷിയേയും വെടിവെക്കില്ല എന്ന് തീരുമാനമെടുത്തു. രണ്ടു മൂന്നു ദിവസങ്ങൾക്കു ശേഷം ഒരു ദിവസം സന്ധ്യക്ക് അവൻ വീണ്ടും കേട്ടു രണ്ടാമതൊരു പക്ഷിയുടെ കൂടി ശബ്ദം. അവൻ കൗതുകത്തോടെ ചെന്നു നോക്കി. അവനാശ്വാസമായി മുളയുടെ തുമ്പത്തിരുന്ന് അവൻ പുതിയൊരു ഇണയുമായി കൊക്കുരുമ്മുന്നു.....