Friday, October 26, 2018

കാലം ഒരു സ്മാരകശിലകൂടി സ്ഥാപിച്ചിരിക്കുന്നു.

മലയാളത്തിന്റെ  പ്രിയപ്പെട്ട സാഹിത്യകാരൻ പുനത്തിൽ നമ്മെവിട്ടുപോയിരിക്കുന്നു. സ്മാരക ശിലകൾ, മരുന്ന്, കന്യാവനങ്ങകൾ, അലീഗഡിലെ തടവുകാരൻ, തുടങ്ങിയ നോവലുകളിലൂടെ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടു. അതിൽ സ്മാരകശിലകളോടാണു പെരുത്ത് ഇഷ്ടം. കാരണം സ്മാരകശിലകളുടെ പശ്ചാത്തലവും ഒരു  കാരക്കാട് എന്ന ഗ്രാമത്തിലായതുകൊണ്ടാകാം. ഗ്രാമത്തിന്റെ ഓരത്തൊരു വലിയപള്ളിയുണ്ട്. അതി പുരാതനമായ പളളി. പള്ളിയേയും ഗ്രാമത്തേയും മുറിച്ചു കൊണ്ട് കടന്നു പോകുന്ന തിവണ്ടിപ്പാതയുമുണ്ട്. ഇതൊക്കെ എന്റെ ഗ്രാമമായ കാരക്കാട്ടുമുണ്ട്. ഇവിടെ പള്ളിക്കു പുറകിൽ കടലിനു പകരം പുഴയാണെന്ന് മാത്രം. പുലർ കാലങ്ങളിൽ ഗ്രാമങ്ങളിലൂടെയും  കടൽ കരയിലൂടെ യുമൊക്കെ കുതിരപ്പുറത്ത്  ചുറ്റിയടിച്ച നാട്ടുപ്രമാണി ഖാൻബഹദൂർ പൂക്കോയത്തങ്ങൾക്ക് പകരം പുഴയോര ങ്ങളിലൂടെ  സവാരിചെയ്തത് വയ്യാട്ടുകാവിൽ ചേക്കാമു എന്ന പ്രാമാണിയായിരുന്നു എന്നും  കേട്ടിട്ടുണ്ട്.  അതുകൊണ്ടൊക്കെ കൂടിയാകാം സ്മാരകശിലകൾ എന്റെ മനസിൽ സ്ഥാപിതമായത്.
ഈയിടെയായദ്ദേഹം''യാഅയ്യുഹന്നാസ്'' ( അല്ലയോ ജനങ്ങളേ ) എന്ന ഒരു നോവലിന്റെ പണിപ്പുരയിൽ  ആയിരുന്നു എന്ന് മീഡിയാവണ്ണിനോടാണെന്ന് തോന്നുന്നു ഒരഭിമുഖത്തിൽ പറഞ്ഞതായി  ഓർക്കുന്നു....അത് അദ്ദേഹം എഴുതിത്തീർത്തുവോ ആവോ ?
അതേകുറിച്ചദ്ദേഹം സംസാരിച്ചപ്പോൾ ആസ്വരത്തിൽ തന്റെ പഴയ നിലപ്പടുകളിൽ നിന്ന് ഒരു തിരിച്ചു പോക്കിന്റെ ധ്വനിയുണ്ടായിരുന്നു....നോവലിനദ്ദേഹമിട്ട പേരിലും അത് പ്രകടമാണ് . അതെവിടെ എത്തയാവോ? മലയാള സാഹിത്യത്തിൽ മായാത്ത മുദ്ര ബാക്കിയാക്കി ത്തന്നെയാണദ്ദേഹം തിരിച്ചുപോയിരിക്കുന്നത്.
സ്‌മാരകശിലകൾ’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1999 ലെ മുട്ടത്തുവർക്കി സ്‌മാരക അവാർഡും ‘മരുന്നിന്’ വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാർഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവർത്തനത്തെ മുൻനിർത്തി രാജീവ് ഗാന്ധി ഫൗണ്ടേഷൻ അവാർഡും (1998) ഒക്കെ അദ്ദേഹം പതിപ്പിച്ച മുദ്രകൾ...
സർവ്വേശ്വരനദ്ദേഹത്തിനു പൊറുത്ത് കൊടുക്കുമാറാകട്ടെ. ആത്മാവിന്നു ശാന്തി നൽകുമാറാകട്ടെ ....

Wednesday, October 24, 2018

കൊടപ്പാറമുതൽ....

കൊടപ്പാറമുതൽ ചങ്ങണം കുന്നു വരെയാണ്‌ ഞങ്ങളുടെ പുഴ. കാരക്കാട്ടുകാരുടെ സ്വന്തം പുഴ....കൊടപ്പാറ കയം  മുക്രിക്കടവ് മാമരു കുണ്ട് പിന്നെ ചങ്ങണം കുന്നു കയവും   ....
കുളിക്കാനും കൃഷിനനക്കാനും പ്രകൃതിയുടെ വീളികേൾക്കാനും ഒക്കെ ഞങ്ങൾ പുഴയെ ആശ്രയിച്ചു. പുഴ ഞങ്ങൾക്കെല്ലാമായിരുന്നു. കുട്ടികൾക്ക് കളിസ്ഥലവും അദ്ധ്വാനിച്ചു തളർന്ന മുതിർന്നവർക്ക് വൈകുന്നേരങ്ങളിൽ വിശ്രമസ്ഥലവും. എപ്പോഴെങ്കിലും വായ്കു രുചിയുള്ള കറി വെയ്കാനുള്ള നല്ല പുഴമീനും നിള ഞങ്ങൾക്കുതന്നിരുന്നു.സ്വന്തമായി ഭൂമിയില്ലാത്തവർ പുഴക്കരയിൽ പച്ചക്കറികൃഷിയും ചെയ്യുമായിരുന്നു.
കിഴക്ക് കുടപ്പാറ് കാവ്.  കുടപ്പാറ പൂരം നടക്കുന്ന കൊടപ്പാറ കാവ് ഒരാലിൻ ചുവട്ടിലാണ്‌. അമ്പലമോ ക്ഷേത്രമോ അവിടെ ഇല്ല. അമ്പലം കൊടപ്പാറ കയത്തിനടിയിൽ ആണ്‌ എന്നാണ്‌ ഐതിഹ്യം അവിടത്തെ ദേവിയുടെ പേര്‌‌ കാരക്കാട്ടമ്മ എന്നാണെന്നും കേട്ടിട്ടുണ്ട്.പിന്നെ കാരക്കാട്ടെ വലിയ പള്ളിയും അതിനു ചുറ്റും മീസാൻ കല്ലുകൾ തലഉർത്തി നില്കുന്ന വലിയ ശ്മശാനവും. അതിന്നു തെക്കേ അരികിലൂടെ  പുഴ. ഈഭാഗത്തെ മുക്രിക്കടവ്‌ എന്നു വിളിക്കുന്നു.. മുക്രിക്കടവിനും  മാമരുകുണ്ടിനു മിടയിൽ പഞ്ചാരമണൽ തിട്ട.. പണ്ടത്തെ കാരക്കാട്ടെ കുട്ടികൾ ഓടിക്കളിച്ച് വളർന്ന മണൽ തുരുത്ത്. ഞങ്ങളതിനെ തിരുത്ത് എന്നു വിളിച്ചു. വൈകുന്നേരങ്ങളിൽ പടിഞ്ഞാറു നിന്നും വീശുന്നകാറ്റേറ്റ് കുട്ടികൾ മണൽ തിട്ടക്കു മേലെ ഓടിക്കളിക്കും... ഉണങ്ങിയ കരിമ്പനയോലകൊണ്ട്  ചക്രങ്ങളുണ്ടാക്കി നിലത്തു വെച്ചാൽ കാറ്റിൽ അത് വളരെ വേഗത്തിൽ കിഴക്കോട്ട് ഉരുണ്ടു പോകും അതിന്റെ പിന്നാലെ കുട്ടികളും  ചിലപ്പോൾ കുടപ്പാറവരെ ഓടിയാലും പിടിക്കാൻ പറ്റില്ല. മുപ്പതു വയസ്സിനു മേൽ പ്രായമുള്ള ഏതുകാരക്കാട്ടുകാരന്റെയും മനസിൽ തിളങ്ങുന്ന ഓർമ്മയായ് ഗൃഹാതുരത്വം സൃഷ്ടിച്ചുകൊണ്ട് പുഴ കുടികൊള്ളുന്നു.
പിന്നീട് ഒരു സെൽഫോണും മോട്ടോർ സൈക്കിളുംകൊണ്ട് സായൂജ്യമടയുന്ന പുതിയ തലമുറിയന്മാരുടെ കാലമായി  മണലിന്റെ മൂല്ല്യം  കണ്ടെത്തി. തൽ ഫലമായി പുഴ ഇന്ന് ഒരു ചെളിക്കുണ്ടായി... പിന്നെ കോഴിയിറച്ചിയുടെയും, ധൂർത്തടിച്ച് ഭാക്കിയാവുന്ന ഭക്ഷണങ്ങളുടേ യും പ്ലാസ്റ്റിക്കിന്റേയും അവശിഷ്ടങ്ങൾ കൊണ്ടു പോയ് തട്ടാനുള്ള ഇടവും ...

********************************************************************************
പതിനെട്ടു വയസ്സുമുതൽ എന്റെ ഗ്രാമത്തിൽ നിന്നകന്നു നിന്ന ഞാൻ, ജോലിചെയ്തിരുന്നേടത്ത് കുറഞ്ഞവിലക്ക് ഇതിനേക്കാൾ മനോഹരങ്ങളായ സ്ഥലങ്ങൾ കിട്ടാനുണ്ടായിട്ടും, അവിടെയുള്ളവരൊക്കെ സ്നേഹപൂർവ്വം ക്ഷണീച്ചിട്ടും ഞാനെന്റെ ഗ്രാമത്തിലേക്കോടി വന്നത് എന്റെ പുഴയുടെ മരണത്തിനു സാക്ഷിയാവാനായിരുന്നുവോ...?
ആയിരിക്കാം.....

തത്വ സംബന്ധി

ഇന്നല്പം  തത്വസംബന്ധിയായിരിക്കട്ടെ...
ഒരു തത്വത്തിനും മൂല്യം കല്പിക്കപ്പെടാത്ത ഈ തെരഞ്ഞെടുപ്പ് വേളയിൽ ഇത് അധികമാരും ശ്രദ്ധിക്കില്ല എന്നറിയാം എങ്കിലും അല്പം തത്വം....
മനുഷ്യ ഭാവനക്ക് പലപ്പോഴും പ്രവചനങ്ങളോടു സാമ്യമുണ്ട് എന്നും കലാകാരന്മാരുടെ ഭാവനകൾ പൽപ്പോഴും സത്യമായി പുലരാമെന്നും തന്റെ ''Islam between east and west '' എന്ന വിഖ്യാത കൃതിയിലൂടെ പ്രസിദ്ധ ബോസ്നിയൻ എഴുത്തുകാരൻ അലിജാ ഇസ്സത് ബെഗോവിച്ച് സിദ്ധാന്തിക്കുന്നുണ്ട്. (ഇസ്ലാം രാജമാർഗ്ഗം എന്ന പേരിൽ ഈപുസ്തകം എൻ പി മിഹമ്മദ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്... ഒരുമലയാളിക്കും ഈ മൗലികവാദം മനസിലാകരുത് എന്ന് വിവർത്തകനു നിർബന്ധമുണ്ടായിരുന്നു എന്നു തോന്നും വായിച്ചാൽ...)
ഇന്നു നടക്കുന്ന പലസംഭവങ്ങളും അതുപോലേ ഇന്നത്തെ പലകണ്ടു പിടുത്തങ്ങളും ദശാബ്ദങ്ങൾക്കു മുമ്പേ എഴുതപ്പെട്ടിരുന്നു എന്നു കാണുമ്പോൾ  മനുഷ്യ‌മനസ്സെന്ന അത്ഭുത പ്രതിഭാസത്തിനു മുന്നിൽ നാംസ്തബ്ദരായിപ്പോകുന്നു.ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ പ്രസിദ്ധീകരിച്ച ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ മൃത്യു കിരണം എന്ന നോവലിൽ ദൂരെ നിൽകുന്ന കപ്പലുകളെ മാരകമായ രശ്മി ഉപയോഗിച്ച് കത്തിച്ചു കളയുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. പിന്നീടെത്രയോ കാലങ്ങൾക്കു ശേഷം ലേസർ രശ്മിയുടെ കണ്ടു പിടുത്തത്തിലൂടെ ഇതു പ്രാവർത്തികമായി...
അതുപോലെ കാൻസറിന് ജീവനുള്ള മനുഷ്യ മാസം കൊണ്ട് ഇന്റർ ഫെറോൺ എന്ന മരുന്ന് ഉണ്ടാക്കുന്നതായും അതിന് വേണ്ടി മനുഷ്യരെ കൊണ്ടു പോയി കൊല്ലുന്നതായും കഥ എത്രയോ മുമ്പ്  എഴുതപ്പെട്ടു. പിന്നീട് വളരെ കാലങ്ങൾക്കു ശേഷം ഇന്റർ ഫെറോൺ എന്ന പേരിൽ തന്നെ സമാനരീതിയിൽ മരുന്ന് നിർമ്മിക്കപ്പെടുകയും ചെയ്തു. ആയിരത്തിതൊള്ളായിരത്തി അറുപതുകളിലെങ്ങോ മാധവിക്കുട്ടി എഴുതിയ വിശുദ്ധപശു എന്നൊരു കഥയുണ്ട്. ചവറ്റുകൊട്ടയിൽ നിന്നും പഴത്തൊലിപെറുക്കിതിന്നുകയായിരുന്നു തെരുവു ബാലൻ. അത് അപഹരിക്കാൻ വന്ന പശുവിനെ അവൻ  അടിച്ചോടിക്കുന്നു. അതുകണ്ടു വന്ന സന്യാസിമാർ നീഏതു മതക്കാരനാണെന്ന്  ചോദിക്കുന്നു. എനിക്കറിയില്ല എന്ന് മറുപടി പറഞ്ഞ ബാലനെ നീഒരു മുസ്ലിമാണ് എന്നു പറഞ്ഞ് അടിച്ചു കൊല്ലുകയും ചെയ്യുന്ന കഥ...
പിന്നീടിതാ തിന്നത് പശുവിറച്ചിയാണ് എന്ന സംശയത്തിന്റെ പേരിൽ മനുഷ്യൻ കൊല്ലപ്പെടുന്നു...
007 ജെയിംസ് ബോണ്ട് പടങ്ങളിലെ പല ഭാവനകളും ഇന്ന് പ്രാവർത്തികമായതു കാണാം...
ഇതു പോലെ ഒരുപാടു കാര്യങ്ങൾ ഭൂമിയിൽ സംഭവിക്കുന്ന തിന്നു മുമ്പു തന്നെ സാഹിത്യകാരന്മാർ അത് ഭാവനയിൽ കണ്ടിരുന്നതായി കാണാം. മനുഷ്യ ഭാവനക്ക് സത്യവുമായി അകന്ന ബന്ധമുണ്ട് എന്ന് ബെഗോവിച്ചിന്റെ തത്വം ഒരുപക്ഷേ ശരിയായിരിക്കാം....

Wednesday, October 17, 2018

എന്നേം സിൽമേലെടുത്തു....

പണ്ട് കൗമാരകാലത്ത് സിനിമ ഒരു ദൗർബ്ബല്യമായിരുന്നു. അന്നത്തെ എല്ലാ യുവാക്കളേയും പോലെ സിനിമയിലൊരവസരം കിട്ടിയാലെത്ര നന്നായിരുന്നു എന്ന് ഞാനും കൊതിച്ചിട്ടുണ്ട്... കൗമാരം പോയി യുവത്വവും പോയി ക്രമേണ സിനിമാ ലോകത്തിന്റെ തിളക്കങ്ങൾക്ക് പിറകിൽ ഒരു പാട് ചതിക്കുഴികളുണ്ട് എന്നും ധാർമ്മികമായി ചിട്ട പാലിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് പറ്റിയ ലോകമല്ല അത് എന്നും മനസിലായി. അധാർമ്മികം എന്ന് 

കരുതിപ്പോന്നവയെല്ലാം ഏറിയോ കുറഞ്ഞോ ആലോകത്ത് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞപ്പോൾ ആമോഹത്തെ മനസ്സിന്റെ ഒഴിഞ്ഞ ഒരു കോണിൽ മറവു ചെയ്തു. സിനിമ കാണലും ആസ്വദിക്കലും ചിലപ്പോൾ അതെഴുതലും മാത്രമായി സിനിമയുമായുള്ള ബന്ധം. പിന്നീട് ഹ്രസ്വചിത്രങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഇതിലൊരു കൈ നോക്കിയാലോ എന്ന് ഇടക്കൊക്കെ ചിന്തിക്കാതിരുന്നില്ല. മനസിലുള്ള ഒന്നുരണ്ടു വിഷയങ്ങൾ ചിത്രങ്ങളാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണലും പതിവാക്കി... സുഹൃത്ത് Abu Thai യുമായി ചർച്ച ചെയ്തപ്പോൾ വലിയ പണച്ചിലവുള്ള പണിയാണെന്ന് മനസിലായതോടെ അവ കേവലം സ്വപ്നങ്ങൾ മാത്രമായി...അങ്ങനെ എത്രയെത്ര നടക്കാത്ത സ്വപനങ്ങൾ എന്ന് നെടുവീർപ്പിട്ടു.

ശനിയാഴ്ച വൈകുന്നേരം പാലക്കാട്ട് നിന്നും യുവസുഹൃത്ത് നൗഷാദ് അലവിയുടെ വിളി... മുഖവുരയൊന്നും കൂടതെ ചോദിക്കുന്നു ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാമോ എന്ന്.
അയ്യ്വോ മോനേ ഞാനല്പം സഭാകമ്പമുള്ള ആളാ... ഈ അറുപത്തിമൂന്ന് കൊല്ലത്തിനിടെ ഒരു ഏകാങ്കത്തിൽ പോലും മുഖം കാണിച്ചിട്ടില്ലാത്ത ആളാ... വേറെ ആരെയും കിട്ടിയില്ലേ.  പ്രചോദനാത്മകമായ സ്വരത്തിൽ പയ്യൻ പറയുന്നു പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വയസ്സായ ഒരാൾ തന്റെ നഷ്ടകാലങ്ങളെക്കുറിച്ച് ഓർക്കുകയാണ്. നിങ്ങൾക്കത് കഴിയും. ശരി വാതിൽകൽ വന്ന് മുട്ടിയ അവസരം പാഴാക്കേണ്ട എന്ന് കരുതി സമ്മതിക്കുകയും ചെയ്തു. നോക്കുമോൾ ചൊവ്വാഴ്ചയാണ് ഷൂട്ടിങ്ങ്. മനസിൽ നേരിയ വെപ്രാളം മുളപൊട്ടുന്നുവോ ? രണ്ടും കല്പിച്ച് മാനസികമായി തയ്യാറെടുത്തു...വരുന്നേടത്ത് വെച്ച് കാണാം. ഇൻശാഅല്ലാഹ് ചോവ്വാഴ്ച നേരത്തെ പുറപ്പെട്ടു ഓങ്ങല്ലൂർ നിന്നും നെടുമ്പാശ്ശേരി ബസ്സിൽ തൃശ്ശൂർ കെ എസ്‌ ആർ ട്ടീ സി സ്റ്റാന്റിൽ ഇറങ്ങി. വസന്ത ഭവനിൽ കയറി പ്രാതൽ കഴിച്ചപ്പോഴേക്കും നൗഷാദ് വണ്ടിയും കൊണ്ട് വന്നു... വണ്ടിയിൽ വെച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ജലരക്ഷാ ജീവരക്ഷ എന്ന പദ്ധതിക്ക് വേണ്ടി ജില്ലാ സോയൽ കൺസർവേഷൻ വകുപ്പ് മേധാവി ശ്രീമതി സിന്ധു മാഡത്തിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിലാണ് ഞാൻ അഭിനയിക്കേണ്ടത്.  Noushad Alavi  നൗഷാദ് അലവി (സംവിധാനം) ഹാനി നീലമുറ്റം (തിരക്കഥ), അൻസാർ (ഛായാഗ്രഹണം) , മുഹ്‌സിൻ (സംയോജനം) എന്നിവരോടൊപ്പം ശ്രീ വിലാസ് ജിബിൻ എന്നിവർ സഹായികളായി ഉണ്ടായിരുന്നു.

കിഴക്കേകോട്ടയിലുള്ള TBPL Calandela എന്ന പതിനാലു നില ഫ്ലാറ്റ് സമുഛയത്തിലെ ഏറ്റവും മുകളിലെ ഫ്ലാറ്റുകളിലൊന്നിലാണ് ലൊക്കേഷൻ. വൈകാതെ ലോക്കേഷനിലെത്തി....
പതിനാലാം നിലയിലെ ഫ്ലാറ്റിന്റെ വരാന്തയിൽ ഇരുന്ന്  ഒരാൾ പത്രം വായിക്കുകയാണ്. പ്രളയദുരന്തങ്ങളെ ക്കുറിച്ചുള്ള വാർത്തകൾ അയാളെ ദുഖിതനാക്കുന്നു. അയാൾ നഷ്ടപ്പെട്ട തന്റെ ബാല്യകാലത്തെ ഓർത്ത് ദുഖിതനാകുന്നു. അയാളുടെ ഓർമ്മകളെ മുറിച്ചുകൊണ്ട് വാതിൽ മണിയുടെ ശബ്ദം. തിരിഞ്ഞു നോക്കുമ്പോ പ്ലാസ്റ്റിക്ക് പാത്രത്തിൽ കുടിവെള്ളവുമായി ചെറുപ്പക്കാരൻ. അവൻ വെള്ളം നിറച്ച് സ്ഥലം വിടുന്നേടത്ത് ചിത്രം അവസാനിക്കുന്നു... ഇതിലെ പതിനാലാം നിലയിൽ വാർദ്ധക്യമനുഭവിക്കുന്ന വൃദ്ധനായി ഞാൻ...
പതിനൊന്ന് മണിയോടെ ഫ്ലാറ്റിലെ ഷൂട്ടിങ്ങ് തീർന്നു. ബാക്കി പഴയന്നൂരിലും പരിസരത്തുമാണ്. വടക്കേ സ്റ്റാന്റിന്നടുത്തുള്ള് ഇന്ത്യൻ കോഫീഹൗസിൽ നിന്നും ഭക്ഷണം കഴിച്ച് ഞങ്ങൾ പിരിഞ്ഞു. വടക്കേസ്റ്റാന്റിൽ ഷൊർണ്ണൂരിലേക്ക് ബസ്സുകാത്തു നിൽക്കവേ ഒട്ടൊരു അതിശയത്തോടെ ഞാനോർക്കുകയായിരുന്നു എത്ര യാദൃശ്ചികമായിട്ടാണ് ചില ആഗ്രഹങ്ങൾ സഫലമാകുന്നത് ...

Sunday, October 14, 2018

കരണ്ട് കട്ട് നൽകുന്ന നിർവൃതി

പതിവു പോലെ ഇന്നും കൃത്യം ഏഴുമണിക്ക് കരണ്ട് പോയി.ഞാൻ ക്വാർട്ടേഴ്സിന്റെ മുന്നിലുള്ള റോഡിൽ വന്നിരിപ്പായി. വൈകുന്നേരം നല്ല ഇടിമിന്നലുണ്ടായിരുന്നു. നേരിയമഴയും.  എല്ലാം ശമിച്ചിരിക്കുന്നു.  സുഖകരമായ നേരിയ തണുപ്പ്. ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലുമില്ലാത്ത രാത്രി. ഞാൻ ആകാശത്തേക്കു നോക്കി. രാവിനു കട്ടിയേറും തോറുംനക്ഷത്രങ്ങൾക്ക് പ്രഭയുമേറുന്നു. രാപ്പാടികളാരും പാടുന്നില്ല എങ്കിലും  ചീവീടുകളുടെ ഗാനമേള കേൾക്കാം ദൂരെ ഡാമിന്റെ സ്പിൽ വേയിലൂടെ താഴേക്ക് പതിക്കുന്ന വേള്ളത്തിന്റെ ഇരമ്പവും ഇടക്കിടെ ദൂരെ പൂഴിത്തോട്ടേക്കുള്ള നിരത്തിലൂടെ പോകുന്ന വണ്ടികളുടെ ശബ്ദവും...
ശാന്തമായ രാവിന്റെ നിർവൃതിയിലാണ്ട് അനന്തമായ വാന ലോകത്തേക്ക് കണ്ണയച്ച് മനസിനെ ശൂന്യമാക്കി ഞാനിരിക്കവേ രസച്ചരടറുത്തുകൊണ്ട് കരണ്ട് വന്നു. അടുത്തൊരു പദവിന്യാസം.നോക്കുമ്പോൾ വലിയൊരു കാട്ടു മുയൽ രണ്ട് കാലിലുയർന്ന് നിന്ന് എന്നെ നോക്കുന്നു.                                     പോയിക്കിടന്നുറങ്ങെടാ ഞാനെന്തെങ്കിലും തിന്നട്ടെ എന്ന ഭാവത്തിൽ... എതിരൊന്നും പറയാതെ .ഞാനെണീറ്റു പോന്നു ഈ ഭൂമി അവനു കൂടി അവകാശപ്പെട്ടതാണെന്നാണല്ലോ സുൽത്താൻ പറയുന്നത്....

Thursday, October 11, 2018

ഖബറിലേക്ക് ഒരു കമ്പി സന്ദേശം .

ഇന്നത്തെപ്പോലെ ഇ മെയിലും വാട്ട്സപ്പുമൊന്നും ഇല്ലാതിരുന്ന കാലം, രണ്ടു നേരം പള്ള നിറച്ച് വല്ലതും തിന്നാനില്ലാതിരുന്നകാലം അതായത്  ദുനിയാവൊരു കൊച്ചു ഗ്രാമമായിമാറുന്നതിനു മുമ്പ്... അകലങ്ങളിള്ളവർ പരസ്പരം കത്തുകളിലൂടെ ബന്ധപ്പെട്ടു... അയച്ചു കഴിഞ്ഞ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിയും വിവരവും പേറി ശിപായി വീട്ടുമുറ്റത്തെത്താൻ. ഈയിടെ ഹോസ്റ്റലിലേക്ക് പോയ മകളുടെ ഫോൺ കേടായി വിളിക്കാനല്പം വൈകിയതിനാൽ വീട്ടിൽ വിളികാത്തിരുന്ന അമ്മ ടെൻഷൻ മൂത്ത് സിദ്ധികൂടിയതായി കേട്ടിട്ടുണ്ട്. അന്ന് ഇത്തരം ദുരന്തങ്ങൾ പതിവില്ലായിരുന്നു. പോയ മകളുടെ കത്ത് വരും വരെ അവർ ക്ഷമയോടെ കാത്തിരുന്നു.
ഇനി കത്തിനേക്കാൾ വേഗം വിവരമറിയിക്കേണ്ടവർ ടെലഗ്രാഫിനെ ആശ്രയിച്ചു. ഈ ഏർപാടിനെയാണ്  മലയാളത്തിൽ കമ്പിയടിക്കുക എന്ന് പറഞ്ഞിരുന്നത്.  കമ്പിയേക്കാൾ വേഗത്തിൽ പരക്കുന്ന ഒറ്റ ഏർപാടേ ഊണ്ടായിരുന്നുള്ളൂ നാട്ടിൽ.... നുണയും കെണിയും... ഇതിനെ കരക്കമ്പി‌ എന്നും വിളിച്ചു.
ഇക്കാലത്താണു കഥ നടക്കുന്നത്..
നട്ടിൽ പ്രമാണി കുഞ്ഞറമു ഹാജി മരിച്ചിട്ട് കാലമേറെയായിരുന്നു. പ്രമാണിയായതുകൊണ്ട് മൂപ്പരുടെ ഖബർ പള്ളിയുടെ അടുത്തു തന്നെയായിരുന്നു. സാധാരണയിൽ കവിഞ്ഞ ഉയരമുള്ള രണ്ടു മീസാൻ കല്ലുകൾ ഖബറിന്റെ രണ്ടങ്ങളിൽ തലയുയർത്തി നിന്നു.
പള്ളിയിൽ താമസമാക്കിയിരുന്ന മുസ്ല്യാരുകുട്ടികൾ ഈ മീസാൻ കല്ലിൽ നിന്നും പള്ളിയുടെ ഇറയത്തേക്ക് ഒരു കമ്പി വലിച്ചുകെട്ടി വസ്ത്രങ്ങൾ ഉണങ്ങാനിടാൻ അയലായി ഉപയോഗിച്ചുവന്നു... ഇക്കാലത്താണ് കുഞ്ഞറമു ഹാജിയുടെ ഭാര്യ മരണപ്പെട്ടത്. വിവരം ആദ്യം അറിയുക പള്ളിയിലാണ്. മരണവാർത്ത മുസ്ല്യാന്മാർക്കും കുട്ടികൾക്കും സന്തോഷകരം തന്നെയായിരുന്നു. മരിച്ചേടത്ത് ഓത്ത്.. മറവുചെയ്യുന്നേടത്ത് ദുആ പിന്നെ കത്തപ്പുരയിൽ ഓത്ത് ഇടക്കിടെ ഖബറിങ്ങൽ ദുആ തുടങ്ങി പല പല ഭക്തി നിർഭരങ്ങളായ ആചാരങ്ങൾ... എല്ലാത്തിലും ഇറച്ചി പത്തിരി ചോറ് ഇറച്ചി പിന്നെ അലുവ ഈത്തപ്പഴം തേങ്ങാപ്പൂള് ചക്കര തുടങ്ങിയവയൊക്കെ പ്രധാന ഘടകങ്ങളായിരുന്നതുകൊണ്ട് രുചികരങ്ങളായ ആചാരങ്ങൾ എന്നു വേണം പറയാൻ. അതിനാൽ വാർത്ത മുസ്ല്യാരുകുട്ടികൾ ആമോദത്തോടെ ചെവിയേറ്റു. കൂട്ടത്തിലൊരു വിദ്വാൻ ഒരു നല്ലകാര്യം ചെയ്യാൻ തീരുമാനിച്ചു. മൂപ്പരൊരു ഇരുമ്പു കഷ്ണവുമായി ഹാജിയുടെ മീസാൻ കല്ലിന്മേലേക്ക് വലിച്ചുകെട്ടിയ കമ്പിയിൽ തുടർച്ചയായി അടിച്ച് ഹാജിയാർക്ക് സന്ദേശം കൈമാറി. "' ഹാജ്യാരേ വീടര് ബ്ട്ന്ന് പൊറപ്പിട്ടിട്ട്ണ്ട്..ന്ന് ച്ച്യാമ്പൊ അങ്ങട്ടെത്തും '' ഉസ്താദ് സംഗതി കണ്ടെങ്കിലും കുട്ടിയെ അടിക്കനൊന്നും നിന്നില്ല.. അദ്ദേഹം അതാസ്വദിച്ചതേയുള്ളൂ....

Monday, October 8, 2018

അന്ധൻ കണ്ട പാൽ

പണ്ട്ഗ്രാമത്തിൽ ഒരു കുഞ്ഞ് പാൽ അധികം കുടിച്ച് ചത്തുപോയി.. ഈ കാര്യം ചർച്ച ചെയ്യുന്നേടത്ത് ഒരു അന്ധനും ഉണ്ടായിരുന്നു.. അയാൾ അടുത്തുണ്ടായിരുന്നയാളോട്‌തിരക്കി ങൂ എന്തേ എന്തേ കുട്ടിക്കു പറ്റീ... ജ്ഞാനിയും ആർക്കും എന്തും മനസ്സിലാക്കികൊടുത്തേ അടങ്ങൂ എന്ന് നിശ്ചയിച്ചുറച്ചവനുമായിരുന്ന വിദ്വാൻ  അന്ധനോടു പറഞ്ഞു. കുട്ടി പാലു കുടിച്ച് ചത്തുപോയി ... പാലോ അതെന്താ ?. അത് നമ്മളൊക്കെ കുടിക്കുന്ന വെളുത്ത ദ്രാവകം .. കുടിക്കുന്ന എന്നതും ദ്രാവകം എന്നതും മൂപ്പർക്ക് പിടികിട്ടി പക്ഷേ വെളുപ്പ് അതു പിടികിട്ടിയില്ല. അദ്ദേഹം ചോദിച്ചു വെളുപ്പോ അതെന്താ..? അത് നിറം കൊക്കിനെപ്പോലെ... മൂപ്പർക്ക് നിറവും മനസ്സിലായില്ല കൊക്കിനേയും മനസ്സിലായില്ല... അതെന്താ ഈ കൊക്ക്? ങേ അറിയില്ലേ പക്ഷി പറന്ന് പോകുന്ന നമ്മുടെ പാടത്തൊക്കെ കാണുന്ന പക്ഷി കഴുത്ത് വളഞ്ഞത് ... വളവോ അതെന്താ..എന്നായി അന്ധൻ .. എല്ലാമറിയുമെന്നും ആ അറിവ് ആർക്കും പകർന്നുകൊടുക്കാമെന്നു മൊക്കെ ഉള്ളാൽ അഹങ്കരിച്ചിരുന്ന വിദ്വാൻ കോപിഷ്ടനായി.. അന്ധന്റെ കൈപത്തി ശക്തിയായി പിടിച്ച് വളച്ചിട്ട് പറഞ്ഞു ഇത് ഇതു തന്നെ വളവ്‌... പാവം കണ്ണു പൊട്ടൻ വളച്ചു പിടിച്ച തന്റെ കൈ മറ്റേ കൈകൊണ്ട് തടവി നോക്കിയിട്ടു പറഞ്ഞു ഹോ കുറച്ച് വേദനിച്ചാലും കാര്യം മനസ്സിലായി... ഇതകത്തു ചെന്നാൽ കുട്ടി ചത്തില്ലെങ്കിലേ അതിശ്യള്ളൂ....ഈ കഥകൊണ്ട് ഞാനുദ്ദേശിക്കുന്നതും എല്ലാവർക്കും മനസ്സിലായിക്കാണും അന്ധന്‌‌പാലു മനസ്സിലായപോലെ... അന്ധന്‌ നിറം മനസ്സിലാക്കിക്കൊടുക്കാൻ പാടുപെടുന്നവൻ മന്ദ(ണ്ട)ൻ നാമൊക്കെ പലപ്പോഴും മണ്ടന്മാരാകുന്നു.

Sunday, October 7, 2018

കാബൂളി വാല

തീവണ്ടിയാപ്പീസിന്റെ അടുത്തായിരുന്നു ഉമ്മായുടെ വീട്‌... റെയിൽവേ സ്റ്റേഷനെ ഞങ്ങൾ കാരക്കാട്ടുകാർ ആപ്പീസ് എന്നു വിളിച്ചു. മറ്റൊരോഫീസും  നാട്ടിൽ ഇല്ലായിരുന്നതുകൊണ്ടാകാം. ചുറ്റും ഒഴിഞ്ഞു കിടന്നിരുന്ന സ്ഥലത്തെ കമ്പനിത്തൊടു എന്നും. ഉമ്മായുടെ വീട്ടിലേക്കു വിരുന്നു  പോയാൽ അവിടെയായിരുന്നു കളി. ഒരു പാടു കുട്ടികൾ‌‌ വരും ഇടക്കിടെ വരുന്ന വണ്ടികൾ‌കാണാം അതിൽ നിന്നിറങ്ങുന്ന നാട്ടുകാരും അല്ലാത്തവരുമായ ആളുകളെകാണാം . റെയിലിനപ്പുറത്തെ ചെത്തുവഴിയിലൂടെ പോകുന്ന കാളവണ്ടികളോ ഇടക്ക് റേഷൻ കടയിലേക്ക് വരുന്ന ലോറിയോ കാണാം. ചിലപ്പോൾ റെയിലിനു മേലെ പണിയേടുക്കുന്ന ഗാങ്കു പണിക്കാരെ കാണാം അതൊക്കെയായിരുന്നു വലിയ കാഴ്ചകൾ. അതുകൊണ്ട്‌ തഞ്ചം കിട്ടിയാൽ വീട്ടിൽ നിന്നിറങ്ങി കമ്പനിത്തൊടിയിൽ പോയി നില്കുക എനിക്കും അനുജൻ അലിക്കും  വലിയ ഇഷ്ടമായിരുന്നു.  ഇടക്കിടെ കെട്ടുകളും ബാണ്ഢങ്ങളുമായി നാടോടികൾ ഇറങ്ങും  അവരെ ഞങ്ങൾ കാബൂൾക്കാർ എന്നു വിളിച്ചു. അവ‌‌ർ വന്നാൽ ഉമ്മ ഞങ്ങളെ പുറത്തു പോകാനനുവദിക്കില്ല. അവർ കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നാണു പറയുന്നത്. ചെറിയ പെങ്ങൾ ബൽക്കീസ് കരയുമ്പോൾ കരയണ്ട കാബൂൾക്കാര്‌ പിടിച്ചു കൊണ്ടു പോകുമെന്നു പറയുന്നതും കേട്ടിട്ടുണ്ട് ... അതിനാലൊക്കെ കാബൂൾക്കാരെ എനിക്കും പേടിയായിരുന്നു.
പിന്നീട് വാടാനാംകുറുശ്ശി സ്കൂളിൽ അഞ്ചാം  ക്ലാസിൽ ചേർന്നപ്പോൾ വേണു മാഷ് എനിക്ക് ടാഗോറിന്റെ കഥാ സമാഹാരം വായിക്കാൻ തന്നു. അതിലുണ്ടായിരുന്ന കാബൂളിവാല എന്ന കഥ  വായിച്ചതോടെ കാബൂൾക്കാരെക്കുറിച്ചുള്ള എന്റെ ധാരണ പാടേ മാറിപ്പോയി
കഥയുടെ വിശദാംശങ്ങൾ നല്ല  ഓർമ്മയില്ല. രത്നച്ചുരുക്കം ഇങ്ങനെ ...
മിനിക്കുട്ടി എന്ന കുസൃതിക്കുടുക്കയും നാടോടി കച്ചവടക്കാരനായ കാബൂളിവാലയും  തമ്മിലുള്ള ഹൃദയം നിറഞ്ഞ നിഷ്‌കളങ്കസ്‌നേഹത്തിന്റെ
കഥയാണിത്. കുട്ടി  തലയില്‍ക്കെട്ടും ചുമലില്‍ ചാക്കും  അഴുക്കുപുരണ്ട വസ്ത്രധാരണവുമുള്ള കാബൂളിവാലയായ റഹ്മത്തുമായി വളരെ അടുപ്പത്തിലാകുന്നു.അയാൾ കമ്പിളി യും മറ്റു സാധനങ്ങളും  വിറ്റുകൊണ്ടു നാടോടുന്ന ഒരു കച്ചവടക്കാരനായിരുന്നു.  കുട്ടിക്കും  വീട്ടുകാർക്കു മൊക്കെ ആദ്യം  കാബൂളി വാല കുട്ടികളെ പിടിച്ചു കൊണ്ടു പോകും എന്നൊക്കെത്തന്നെ യായിരുന്നു വിശ്വാസം. ആഅദ്യമൊക്കെ കുട്ടി അയാളെ കണ്ടാൽ ഓടി ഒളിക്കുമായിരുന്നു.  പക്ഷേ റഹ്മത്തിന്റെ ഹൃദ്യമായ പെരുമാറ്റം  കുട്ടിയെ ആകർഷിച്ചു വിദ്യാസമ്പന്നനായ പിതാവ് പതിയെ അതിനു സമ്മതവും കൊടുത്തു. അങ്ങനെ ഇടക്കിടെ അയാൾ കുട്ടിയെ സന്ദർശിക്കും. ഓരോതവണ വരുമ്പോഴും എന്തെങ്കിലും  സമ്മാനം നല്കുകയും ചെയ്യും. അങ്ങനെ ആ അടുപ്പം വളർന്നു. ഒരു ദിവസം യാദൃശ്ചികമായി അയാൾ ഒരു കുത്തു കേസിൽ പെട്ടു.  പോലീസ് അയാളെ കൊണ്ടു  പോകുന്നത് കുട്ടിയുടെ പിതാവ്‌ കണ്ടു.അതോടെ അയാളെക്കുറിച്ച് അദ്ദേഹത്തിനുണ്ടായ മതിപ്പ് കുറഞ്ഞു. കാലം കഴിഞ്ഞു പോയി. പെൺകുട്ടി വളർന്നു വലുതായി. അവളുടെ വിവാഹ ദിനത്തിൽ കാബൂളി വാല വീണ്ടും വന്നു. അയൾ അന്ന് ജയിൽ മോചിതനായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ ശുഭദിനത്തിൽ അയാൾ തന്റെ മകളെ കാണേണ്ട എന്ന് അദ്ദേഹം  കരുതി. അയാളെ മടക്കി അയച്ചു. കുറച്ചു ദൂരം പോയ അയാൾ തിരിച്ചു വന്നു കയ്യിലുണ്ടായിരുന്ന കുറച്ച് ഉണക്കമുന്തിരിയും  നിലക്കടലയും മകൾക്ക്‌ കൊടുക്കാനേല്പിച്ചു.അതിന്റെ വില കൊടുക്കാൻ മുതിർന്ന പിതാവിനോടയാൾ പറഞ്ഞു ഞാനീ വീട്ടിൽ ഒരിക്കലും കച്ചവടത്തിന്നു കയറിയിട്ടില്ല.  അങ്ങു ദൂരെ കാബൂളിൽ താങ്കളുടെ മകളുടെ പ്രായക്കാരിയായ ഒരു മ്കൾ എനിക്കുണ്ട് താങ്കളൂടെ മകളിലൂടെ ഞാൻ അവളെ കാണുകയായിരുന്നു.
എന്നിട്ടയാൾ തന്റെ കുപ്പായത്തിനകത്തെ കീശയിൽ നിന്നും  പഴകി മുഷിഞ്ഞ ഒരു കടലാസെടുത്ത് അദ്ദേഹത്തെ കാണിച്ചു. വെള്ളക്കടലാസിൽ പതിപ്പിച്ച് ഒരു കൊച്ചു കൈപ്പത്തിയുടെ മുദ്ര. താൻ പോകുന്നേടത്തൊക്കെ തന്റെ മകളുടെ മുദ്രയും നെഞ്ചേറ്റി നടക്കുകയായിരുന്നു കാബൂളിവാല. എല്ലാം മറന്ന് പിതാവ്‌ തന്റെ മകളെകാണാൻ അയാളെ അനുവദിക്കുന്നു. ഒരു കുഞ്ഞിനെ പ്രതീക്ഷിച്ച അയാൾ നവോഢയായ യുവതിയെ കണ്ടതോടെ തന്റെ മകളിപ്പോൾ ഇതുപോലെ വളർന്നിരിക്കുമല്ലോ എന്ന് ഓർത്ത് വളരെ ദുഖിതനാകുന്നു. അതുമനസിലാക്കിയ മിനിയുടെ പിതാവ് മകളുടെ വിവാഹത്തിന്റെ ആഡംബരച്ചിലവുകളൊക്കെ വെട്ടിക്കുറച്ച് കുറേ പണം  റഹ്‌മത്തിനു നല്കി മകളെ പോയികാണാൻ ഉപദേശിക്കുന്നേടത്ത് കഥ അവസാനിക്കുന്നു. അദ്ദേഹത്തിനറിയാമായിരുന്നു തന്റെ മകൾക്ക് ആഡംബരത്തേക്കാൾ കൂടുതൽ ശ്രേയസ്കരം  തന്റെ ഈ പ്രവൃത്തിയായിരിക്കും എന്ന്‌.
എല്ലാ സൗകര്യങ്ങളുമുണ്ടായാലും  അകലെയുള്ള മക്കൾ പിതാക്കളുടെ മനസിലെപ്പോഴും  നൊമ്പരമായി നിലനില്കും... ക്യാമറ സർവത്രമല്ലാത്ത അക്കാലത്ത് മകളുടെ കൈപ്പത്തിയുടെ മുദ്രയും നെഞ്ചോടുചേർത്ത് പേറിക്കൊണ്ടു നടക്കുന്ന റഹ്‌മത്തെന്ന കാബൂളി വാലയും  ഫോണും ചാറ്റുമെല്ലാം ഉണ്ടായിട്ടും ദൂരെയുള്ള  മക്കളെക്കുറിച്ചുള്ള ഓർമ്മകളിൽ കഴിയുന്ന ഇന്നത്തെ  പിതാക്കന്മാരും  ഇക്കാര്യത്തിൽ സമം  തന്നെ...

Friday, October 5, 2018

പന്ന്യോത്സവം

പശുവിനേയോ പോത്തിനേയോ പന്നിയേയോ ഇഷ്ടമുള്ള മറ്റ് ഏതുമൃഗങ്ങളെയും   ഭക്ഷിക്കാൻ മനുഷ്യർക്ക് സ്വാതന്ത്ര്യമുണ്ട് എന്ന് ലോകത്ത് ഭൂരിഭാഗം മനുഷ്യരും  വിശ്വസിക്കുന്നു. ബീഫിന്റെ കാര്യത്തിൽ  ഈസ്വാതന്ത്ര്യം  ഹനിക്കപ്പെടുന്നതിനെ ചെറുക്കാനായി കുറേ പേർ ബീഫ് ഫെസ്റ്റു നടത്തി. ഉടൻ അതാ ഒരു കൂട്ടർ പോർക്ക്  ഫെസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നു. ദശാവതാരങ്ങളിൽ ഒന്നായിട്ടു പോലും  പോർക്കിനെ ആരും   തിന്നരുത് എന്നോ തിന്നുന്നവനെ കൊന്നു കളയുമെന്നോ ഉള്ള യതൊരു ഭീഷണികളും നിലവില്ല, എന്നിരിക്കെ  ഈ സഹോദരന്മാർ ഇതുകൊണ്ട് എന്താണ്‌ ഉദ്ദേശിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഒരുപിടിയും കിട്ടുന്നില്ല.ഒരു ദിവസം സമൃദ്ധമായ മാംസാഹാരമാണ്‌ ലക്ഷ്യമെങ്കിൽ ഒ കെ. അല്ലാതെ   ബീഫ് കഴിക്കുകയും  പന്നിയെ കഴിക്കാതിരിക്കുകയും ചെയ്യുന്നവരെ ചൊടിപ്പിക്കുക എന്നോ അവഹേളിക്കുക എന്നോ ഒക്കെയാണ്‌ ഉദ്ദേശമെങ്കിൽ അത് നടക്കുകയില്ല എന്നാണ്‌ ഈയുള്ളവന്ന് തോന്നുന്നത്. കാരണം ബീഫ് തിന്നുന്നവരാരും ഹിന്ദുവായാലും  മുസ്ലിമായാലും പോർക്കു തിന്നുന്നവരെ എതിർക്കുന്നില്ല. അത് തിന്നുന്നവരോട് അവർക്ക്  പ്രത്യേകിച്ചൊരു വിരോധവും ഒട്ടില്ലതാനും. നല്ലതും ശുദ്ധവുമായതെല്ലാം ഭക്ഷിക്കാനനുവദിച്ച ദൈവം പന്നിയെ വിലക്കിയിരിക്കുന്നത് പന്നിയുടെ കയ്യിലിരിപ്പ് അത്ര നന്നാല്ലാത്തതുകൊണ്ടു മാത്രമാണ്‌ . പഴഞ്ചനായ മതത്തിന്റെ വിലക്കാണെങ്കിലും  അതിന്ന് ചില യുക്തികളും  വിശ്വാസികളുടെ രക്ഷക്കായി ഉണ്ട്താനും. അതായത് " പന്നി മാംസം നിങ്ങൾക്കു വിലക്ക പ്പെട്ടിരിക്കുന്നു കാരണം അത് മാലിന്യമാകുന്നു"  എന്ന ഖുർആനിന്റെ ശാസനയാണ്‌ അവർ പന്നി മാംസം  ഉപയോഗിക്കാതിരിക്കാൻ കാരണം. അമുസ്ലിം സഹോദരന്മാരിൽ പലരും  പന്നിമാംസം  കഴിക്കാത്തതും  ഇക്കാരണത്താൽ തന്നെ എന്നാണ്‌ തോന്നുന്നത്. ശുചിത്ത്വം  എന്ന തല്ലാത്ത മറ്റൊരു കാരണവും  ആരും  പറയുന്നില്ല. പന്നി വൃത്തി കെട്ട മൃഗമാണ് എന്നതിന്ന് ഒരു ശാസ്ത്രീയ തെളിവും അതിനെ അറിയുന്നവർക്ക്  ആവശ്യമില്ല. അതിന്റെ ഏറ്റവും ഇഷ്ട ഭോജ്യം    മനുഷ്യന്റെയോ മറ്റു മൃഗങ്ങളുടേയോ തങ്ങളുടെ തന്നെയോ മലമാണ്‌. പിന്നെ ചത്തതും ചീഞ്ഞതുമായ എല്ലാ ജന്തുക്കളെയും അവൻ തിന്നും. ചീഞ്ഞഴുകിയതും   അട്ട പുഴു തേള്‌ പഴുതാര പാമ്പ് എന്നു വേണ്ട കേട്ടാൽ അറപ്പുതോന്നുന്നതെല്ലാം മൂപ്പർക്ക് പഥ്യമാണ്‌. ആധുനിക സാങ്കേതിക വിദ്യയിൽ വൃത്തിയുള്ള സാഹചര്യത്തിൽ വളർത്തിയാലോ കോയാ എന്ന് ആരെങ്കിലും ചോദിക്കുകയാനെങ്കിൽ പറ്റില്ല എന്നേ പറയാനോക്കൂ കാരണം ഒരു വൃത്തികേടും  കിട്ടിയില്ലെങ്കിൽ അവൻ തന്റെയോ കൂട്ടുകാരുടേയോ മലം തിന്നുമെന്ന്‌ ഉറപ്പ്. കൂട്ടിലുള്ള പന്നികളെയെല്ലാം  സ്നഗ്ഗി ഉടുപ്പിച്ചാൽ പുരോഗതിയുണ്ടാകുമോ എന്ന് പരീക്ഷിച്ചറിയേണ്ടതാണ്‌..  :)
ഈ കാരണങ്ങളാലാണ്‌  ഖുർ ആൻ പന്നിയിറച്ചി വിലക്കിയിട്ടുള്ളത് എന്ന് അറിയാവുന്ന ആരും ഈ വിലക്കിനെ അപലപിക്കുമെന്നും തോന്നുന്നില്ല. തന്നെയുമല്ല വിശന്നുവലഞ്ഞ് മറ്റൊന്നും കിട്ടാതൊരാൾ പോർക്കു ഫെസ്റ്റിവെല്ലിന്റെ പന്തലിലെത്തപ്പെട്ടാൽ അതിൽ നിന്നും  ജീവൻ നിലനിർത്താൻ വേണ്ടി രണ്ടു കഷ്ണം  കഴിച്ചു പോയാൽ അതുപോലും ഒരു തെറ്റല്ല എന്നുപഠിപ്പിക്കുന്ന വിശാലമായ നിലപാടാണ്‌ ഇസ്ലാമിന്‌ ഇക്കാര്യത്തിൽ ഉള്ളത്. എന്നിരിക്കെ പശുവിറച്ചിതിന്നുന്നവരോട് മറുത്ത് പോർക്കു തിന്നുന്നവർക്ക്, അവരത് പതിവാക്കിയവരാണെങ്കിൽ ഒരു ദിവസത്തെ മാംസം  കുശാലാകുമെങ്കിലും  ഇതുവരെ ശീലിച്ചിട്ടില്ലാത്തവർ ആരെയെങ്കിലും തോല്പ്പിക്കാനായിട്ടാണ്‌ തുടങ്ങുന്നതെങ്കിൽ ഒന്നുകൂടി ആലോചിച്ചിട്ടു മതി എന്ന് വിനീതമായ അഭിപ്രായമുണ്ട്‌.... നാടവിര,(Taenia solium tapeworm), Hepatitis E virus (HEV), PRRS (Porcine Reproductive and Respiratory Syndrome),Nipah virus,Menangle virus,പോലുള്ള ഒരുപാട് മാരക രോഗങ്ങൾക്ക് പന്നിയിറച്ചി കാരണമാകുന്നുണ്ട് എന്ന് വൈദ്യശാസ്ത്രം പറയുന്നു എന്നുകൂടി ഓർക്കുന്നത് നന്നായിരിക്കും... ആരോടെങ്കിലുമുള്ള വാശിക്ക് സ്വയം നശിക്കേണ്ടതുണ്ടോ ?