Wednesday, October 17, 2018

എന്നേം സിൽമേലെടുത്തു....

പണ്ട് കൗമാരകാലത്ത് സിനിമ ഒരു ദൗർബ്ബല്യമായിരുന്നു. അന്നത്തെ എല്ലാ യുവാക്കളേയും പോലെ സിനിമയിലൊരവസരം കിട്ടിയാലെത്ര നന്നായിരുന്നു എന്ന് ഞാനും കൊതിച്ചിട്ടുണ്ട്... കൗമാരം പോയി യുവത്വവും പോയി ക്രമേണ സിനിമാ ലോകത്തിന്റെ തിളക്കങ്ങൾക്ക് പിറകിൽ ഒരു പാട് ചതിക്കുഴികളുണ്ട് എന്നും ധാർമ്മികമായി ചിട്ട പാലിക്കാൻ ആഗ്രഹിക്കുന്നയാൾക്ക് പറ്റിയ ലോകമല്ല അത് എന്നും മനസിലായി. അധാർമ്മികം എന്ന് 

കരുതിപ്പോന്നവയെല്ലാം ഏറിയോ കുറഞ്ഞോ ആലോകത്ത് സ്വാഭാവികം എന്ന് തിരിച്ചറിഞ്ഞപ്പോൾ ആമോഹത്തെ മനസ്സിന്റെ ഒഴിഞ്ഞ ഒരു കോണിൽ മറവു ചെയ്തു. സിനിമ കാണലും ആസ്വദിക്കലും ചിലപ്പോൾ അതെഴുതലും മാത്രമായി സിനിമയുമായുള്ള ബന്ധം. പിന്നീട് ഹ്രസ്വചിത്രങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ ഇതിലൊരു കൈ നോക്കിയാലോ എന്ന് ഇടക്കൊക്കെ ചിന്തിക്കാതിരുന്നില്ല. മനസിലുള്ള ഒന്നുരണ്ടു വിഷയങ്ങൾ ചിത്രങ്ങളാക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണലും പതിവാക്കി... സുഹൃത്ത് Abu Thai യുമായി ചർച്ച ചെയ്തപ്പോൾ വലിയ പണച്ചിലവുള്ള പണിയാണെന്ന് മനസിലായതോടെ അവ കേവലം സ്വപ്നങ്ങൾ മാത്രമായി...അങ്ങനെ എത്രയെത്ര നടക്കാത്ത സ്വപനങ്ങൾ എന്ന് നെടുവീർപ്പിട്ടു.

ശനിയാഴ്ച വൈകുന്നേരം പാലക്കാട്ട് നിന്നും യുവസുഹൃത്ത് നൗഷാദ് അലവിയുടെ വിളി... മുഖവുരയൊന്നും കൂടതെ ചോദിക്കുന്നു ഒരു ഷോട്ട് ഫിലിമിൽ അഭിനയിക്കാമോ എന്ന്.
അയ്യ്വോ മോനേ ഞാനല്പം സഭാകമ്പമുള്ള ആളാ... ഈ അറുപത്തിമൂന്ന് കൊല്ലത്തിനിടെ ഒരു ഏകാങ്കത്തിൽ പോലും മുഖം കാണിച്ചിട്ടില്ലാത്ത ആളാ... വേറെ ആരെയും കിട്ടിയില്ലേ.  പ്രചോദനാത്മകമായ സ്വരത്തിൽ പയ്യൻ പറയുന്നു പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വയസ്സായ ഒരാൾ തന്റെ നഷ്ടകാലങ്ങളെക്കുറിച്ച് ഓർക്കുകയാണ്. നിങ്ങൾക്കത് കഴിയും. ശരി വാതിൽകൽ വന്ന് മുട്ടിയ അവസരം പാഴാക്കേണ്ട എന്ന് കരുതി സമ്മതിക്കുകയും ചെയ്തു. നോക്കുമോൾ ചൊവ്വാഴ്ചയാണ് ഷൂട്ടിങ്ങ്. മനസിൽ നേരിയ വെപ്രാളം മുളപൊട്ടുന്നുവോ ? രണ്ടും കല്പിച്ച് മാനസികമായി തയ്യാറെടുത്തു...വരുന്നേടത്ത് വെച്ച് കാണാം. ഇൻശാഅല്ലാഹ് ചോവ്വാഴ്ച നേരത്തെ പുറപ്പെട്ടു ഓങ്ങല്ലൂർ നിന്നും നെടുമ്പാശ്ശേരി ബസ്സിൽ തൃശ്ശൂർ കെ എസ്‌ ആർ ട്ടീ സി സ്റ്റാന്റിൽ ഇറങ്ങി. വസന്ത ഭവനിൽ കയറി പ്രാതൽ കഴിച്ചപ്പോഴേക്കും നൗഷാദ് വണ്ടിയും കൊണ്ട് വന്നു... വണ്ടിയിൽ വെച്ച് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ജലരക്ഷാ ജീവരക്ഷ എന്ന പദ്ധതിക്ക് വേണ്ടി ജില്ലാ സോയൽ കൺസർവേഷൻ വകുപ്പ് മേധാവി ശ്രീമതി സിന്ധു മാഡത്തിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ ജില്ലാ ഭരണകൂടം നിർമ്മിക്കുന്ന ഹ്രസ്വചിത്രത്തിലാണ് ഞാൻ അഭിനയിക്കേണ്ടത്.  Noushad Alavi  നൗഷാദ് അലവി (സംവിധാനം) ഹാനി നീലമുറ്റം (തിരക്കഥ), അൻസാർ (ഛായാഗ്രഹണം) , മുഹ്‌സിൻ (സംയോജനം) എന്നിവരോടൊപ്പം ശ്രീ വിലാസ് ജിബിൻ എന്നിവർ സഹായികളായി ഉണ്ടായിരുന്നു.

കിഴക്കേകോട്ടയിലുള്ള TBPL Calandela എന്ന പതിനാലു നില ഫ്ലാറ്റ് സമുഛയത്തിലെ ഏറ്റവും മുകളിലെ ഫ്ലാറ്റുകളിലൊന്നിലാണ് ലൊക്കേഷൻ. വൈകാതെ ലോക്കേഷനിലെത്തി....
പതിനാലാം നിലയിലെ ഫ്ലാറ്റിന്റെ വരാന്തയിൽ ഇരുന്ന്  ഒരാൾ പത്രം വായിക്കുകയാണ്. പ്രളയദുരന്തങ്ങളെ ക്കുറിച്ചുള്ള വാർത്തകൾ അയാളെ ദുഖിതനാക്കുന്നു. അയാൾ നഷ്ടപ്പെട്ട തന്റെ ബാല്യകാലത്തെ ഓർത്ത് ദുഖിതനാകുന്നു. അയാളുടെ ഓർമ്മകളെ മുറിച്ചുകൊണ്ട് വാതിൽ മണിയുടെ ശബ്ദം. തിരിഞ്ഞു നോക്കുമ്പോ പ്ലാസ്റ്റിക്ക് പാത്രത്തിൽ കുടിവെള്ളവുമായി ചെറുപ്പക്കാരൻ. അവൻ വെള്ളം നിറച്ച് സ്ഥലം വിടുന്നേടത്ത് ചിത്രം അവസാനിക്കുന്നു... ഇതിലെ പതിനാലാം നിലയിൽ വാർദ്ധക്യമനുഭവിക്കുന്ന വൃദ്ധനായി ഞാൻ...
പതിനൊന്ന് മണിയോടെ ഫ്ലാറ്റിലെ ഷൂട്ടിങ്ങ് തീർന്നു. ബാക്കി പഴയന്നൂരിലും പരിസരത്തുമാണ്. വടക്കേ സ്റ്റാന്റിന്നടുത്തുള്ള് ഇന്ത്യൻ കോഫീഹൗസിൽ നിന്നും ഭക്ഷണം കഴിച്ച് ഞങ്ങൾ പിരിഞ്ഞു. വടക്കേസ്റ്റാന്റിൽ ഷൊർണ്ണൂരിലേക്ക് ബസ്സുകാത്തു നിൽക്കവേ ഒട്ടൊരു അതിശയത്തോടെ ഞാനോർക്കുകയായിരുന്നു എത്ര യാദൃശ്ചികമായിട്ടാണ് ചില ആഗ്രഹങ്ങൾ സഫലമാകുന്നത് ...

No comments: