Friday, November 27, 2015

മലയിറക്കം



കോയ മലയിറങ്ങുന്നു,......


മലയാളികൾക്ക് പ്രിയപ്പെട്ട സാഹിത്യകാരൻ ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവലിൽ ഒരു പ്രയോഗമുണ്ട്‌.... മായൻ മലയിറങ്ങി എന്ന്‌. വയനാട്ടിൽ പോയി കച്ചവടം ചെയ്തു വലിയ പണക്കാരനായി നാട്ടിലേക്കു മടങ്ങുകയാണു മായൻ.മനസ്സിൽ കുഡിലമായ ഒരാഗ്രഹവുമായി, തന്റെ കളിക്കൂട്ടുകാരിയും താൻ ജീവിത സഖിയാക്കാൻ ആഗ്രഹിച്ചവളും വിധവശാൽ തന്റെ കൂട്ടുകാരൻ വീരാന്റെ ഭാര്യയായിത്തീർന്നവളുമായ ഉമ്മാച്ചുവിനെ സ്വന്തമാക്കാൻ. അവളെ മറക്കാൻ മായനു കഴിഞ്ഞില്ല. പണമുണ്ടാക്കി മലയിറങ്ങിയ മായൻ അവളെ സ്വന്തമാക്കുകതന്നെ ചെയ്തു ....അതൊരു വലിയ ദുരന്തത്തിന്റെ തുടക്കമായിരുന്നു.മായന്റെ അന്ത്യം കണ്ട ദുരന്തത്തിന്റെ തുടക്കം....അതു കഥ


ഇവിടെ പ്രണയമില്ല. ഒരുതരത്തിലുള്ള ദുരന്തങ്ങളുമില്ല. കുഡില മോഹങ്ങളില്ല. തന്റെ യാത്ര സഫലമോ വിഫലമോ എന്ന് തിരിച്ചറിയാൻ പാടുപെടുന്ന ഒരു സർക്കരുദ്യോഗസ്തന്റെ വിഹ്വലതകളല്ലാതെ. പത്തൊമ്പതു വയസ് തികയും മുമ്പേ സർക്കരുദ്യോഗമെന്ന പത്മവ്യൂഹത്തിൽ പെട്ടു പോയ ഒരുവന്റെ കഥ. ഒരു തുറന്ന ജെയിലിലെന്നപോലെ അയാൾ തന്റെ സ്ഥപനങ്ങളുടെ അതിരുകളിൽ തളച്ചിടപ്പെട്ടു. ജോലിചെയ്ത സ്ഥാപനങ്ങൾ രണ്ടും പശ്ചിമ ഘട്ടത്തിന്മേലായിരുന്നു എന്നതിനാൽ മാത്രം അവിടെ നിന്നും ഉള്ള മടക്കത്തെ അയാൾ തന്റെ മലയിറക്കമായി വിശേഷിപ്പിക്കുന്നു. ഒരിക്കൽ കയറിയവൻ എന്നെങ്കിലും ഇറങ്ങിയേ പറ്റൂ... അതെത്ര ഉയരത്തിൽ നിന്നായാലും ശരി. വീഴാതെ ഇറങ്ങാൻ കഴിഞ്ഞാൽ അത്  ഈശ്വരാനുഗ്രഹം