Tuesday, November 16, 2021

ഒരു സന്ധ്യയുടെ ഓർമ്മ

സമയമിപ്പോൾ വൈകീട്ട് ഏഴര ... ഞാൻ വെറുതെ ക്വാർട്ടേഴ്സിന്റെ പുറത്ത് വന്നിരിക്കയാണ്. കിണിറിന്റെയടുത്ത് വഴിവിളക്കിന്റെ ചാരെ. കാട്ടാനകളുടെ ലക്ഷണമൊന്നും കാണാനില്ല. കഴിഞ്ഞദിവസങ്ങളിൽ അവർവന്നു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കൂട്ടമായിത്തന്നെ... നിങ്ങളുടെ കിടങ്ങൊക്കെ ഞങ്ങൾക്കു പുല്ലാണെന്ന വെല്ലുവിളിപോലെ കാര്യമായ നാശമൊന്നും വരുത്താതെ വന്നുപോയി. ഇനി അടുത്ത ട്രിപ്പ് എന്നാണാവോ?. 
എന്തോ എനിക്കിപ്പോഴവയെ വലിയ പേടിയൊന്നും തോന്നാറില്ല. എങ്കിലും വരുന്നപക്ഷം ഓടി വീട്ടിൽ കയറാൻ പാകത്തിനു തന്നെയാണ് ഇരിപ്പ്.മഴ ഒഴിഞ്ഞതിന്റെ ലക്ഷണമാണെന്നു തോന്നുന്നു നേരിയ തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രങ്ങൾ... ചീവീടുകളുടെ പാട്ടുകച്ചേരി. പതിവിനു വിപരീതമായി ദൂരെ ജേം പ്ലാസത്തിലെ ഈട്ടിമരിൽ നിന്നും രണ്ടു മൂങ്ങകളുടെ മൂളൽ... ങൂം...ങൂം ങൂം...  അതെന്നെ എന്റെ ബാല്ല്യത്തിലേക്കു കൊണ്ടു പോകുന്നു....
അന്ന്‌ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ഇത്തിക്കുട്ടി ആത്ത എന്നെയും അനുജന്മാരെയുമൊക്കെ എടുത്തു വളർത്തിയ വളർത്തമ്മ. നാലുകെട്ടിന്റെ പടിഞ്ഞാറേ വളപ്പിലെ ചക്കപ്പുളിമാവിൽ നിന്നും കൂമൻ മൂളുന്നത് കേട്ട് ഭയന്ന എനിക്ക് പറഞ്ഞുതന്നു... മാനേ കൂമൻ മൂളണ് വർക്കത്താ. കുറ്റിച്ചൂലാൻ കൂവ് ണതാ ചൂന്യം.
 ആദ്യം ആൺ മൂങ്ങ  ഒന്ന് മൂളും അപ്പോ പെണ്ണ് രണ്ട് മൂളണമത്രേ..
മടുത്താൽ പെണ്ണ് പറയുമത്രേ  കൊല്ലം കൊല്ലം പെറാനും ഒപ്പത്തിനൊപ്പം മൂളാനും ന്നെക്കൊണ്ട് പറ്റൂലാന്ന്. അങ്ങനെ പിണങ്ങിരണ്ട് പേരും മിണ്ടാണ്ടിരിക്കുമത്രേ...  കുറേകഴിഞ്ഞാൽ പിണക്കം മറന്ന്‌ പിന്നെയും തുടങ്ങും ...
വീടുകളിൽ ഉണ്ണി പിറക്കാറാകുമ്പോഴാണ് മൂങ്ങകൾ മൂളുക എന്നും മരണം അടുത്താലാണ് കുറ്റിച്ചൂലാൻ(കാലൻ കോഴി) കൂവുക എന്നും അവരെനിക്കു പറഞ്ഞു തന്നു.സത്യമെന്തായാലും എന്റെ ഉമ്മായുടെ മരണം നടന്ന കാലത്ത് ഞാൻ കേട്ട കാലൻ കോഴിയുടെ സ്വരം എന്നെ വല്ലാതെ ഭയപ്പെടുത്തി... ഞാൻ ഉമ്മയോടത് പറഞ്ഞപ്പോൾ തള്ള ഓരോന്ന് പറഞ്ഞ് കുട്ടികളെ പേടിപ്പിക്ക്വാ എന്നു പറഞ്ഞെങ്കിലും ഉമ്മായുടെ സ്വരത്തിലും ഭയമുള്ളതുപ്പോലെ എനിക്കുതോന്നി. അന്ന് ഉമ്മ ഗർഭിണിയായിരുന്നു. എനിക്ക് പതിനഞ്ച് വയസായിരുന്നു പ്രായം.ആപ്രസവം കഴിഞ്ഞ് ഏഴാം ദിവസം  1972 ഫെബ്രുവരി എട്ടിന് ഉമ്മ ഞങ്ങളെ വിട്ട് പോയി....ഉമ്മയില്ലാതാവുമ്പോഴാണ്‌ യഥാർത്ഥത്തിൽ മക്കൾ അനാഥരാകുന്നത് എന്നസത്യം ഞങ്ങളെ പഠിപ്പിച്ചു കൊണ്ട് .... 
മങ്ങിയ സന്ധ്യ കളിൽ കേൾക്കാറുള്ള പ്രത്യാശയുണർത്തുന്ന  മൂളലുകളും പാതിരാവുകളിൽ കേൾക്കാറുള്ള ഭീതിയുണർത്തുന്ന കൂവലുകളും അവയുടെ അനുരാഗപ്രകടനങ്ങളാണെന്ന് പിന്നീടു ഞാൻ പഠിച്ചു. എങ്കിലും കുഞ്ഞായിരിക്കെ എന്റെ ഇത്തിക്കുട്ട്യാത്ത പകർന്ന തന്ന വിജ്ഞാനം  മനസിൽ മായാതെ തന്നെ കിടക്കുന്നു