Monday, April 29, 2019

മഴ

പണ്ട് ....മഴയുടെ മുന്നോടിയായി വീശിത്തുടങ്ങുന്നകാറ്റിന്റെ സ്വരം  പിന്നെ ഒന്നു രണ്ടു പിടി ചരല്‍ വാരി യെറിയുന്നപോലെ ഓടിന്നുമേല്‍ പതിക്കുന്ന പുതുമഴത്തുള്ളികളുടെ സ്വരം  പിന്നെ പുരയ്കുമേല്‍ തിമര്‍ത്തുപെയ്യുന്ന മഴയുടെ സംഗീതം  ഇതൊക്കെ കേട്ടത് നിങ്ങള്‍ ഓര്‍ക്കാറുണ്ടോ?... മിറ്റം  നിറഞ്ഞൊഴുകുന്ന കലങ്ങിയ മഴവെള്ളത്തെനോക്കി നിങ്ങള്‍ നില്കുമ്പോള്‍ അകത്തുപോ ഊത്താലടിച്ച് പനിപിടിക്കേണ്ട എന്ന ശാസനക്ക് എന്നെങ്കിലും  നിങ്ങള്‍  വിധേയനായിട്ടുണ്ടോ. മഴ തോര്‍ന്ന് മരങ്ങള്‍ പെയ്തുകൊണ്ടിരിക്കേ മാവിന്‍ ചുവട്ടിലേക്കോടുമ്പോൾ  മരങ്ങള്‍ക്കിടയിലൂടെ  തെളിഞ്ഞുകണ്ട ആകാശത്തെ ഈറന്‍ മേഘക്കീറുകടെ ഭംഗി എന്നെങ്കിലും  നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടോ..?
ഇല്ലെങ്കിൽ ഹാഫ് ഓഫ് യുവർ ലൈഫ് ഈസ് സ്പോയിൽഡ്.....

Saturday, April 6, 2019

കഅബ പൊളിക്കാൻ വന്നവർ

കൃസ്തുമത വിശ്വാസിയായിരുന്നു യമനിലെ രാജാവ്‌  അബ്രഹത്ത് . തന്റെ നാട്ടിൽ നിന്നും  ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുമെല്ലാം  ധാരാളം പേർ സമീപത്തുള്ള മക്കയിലെ വിഗ്രഹാരാധനനടക്കുന്ന ക അബ യിലേക്ക് തീർത്ഥയാത്ര പോകുന്നു എന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. കേട്ടെടത്തോളം  അതൊരു വലിയ കെട്ടിടമൊന്നുമായിരുന്നില്ല. സന്ദർശകരെ വിസ്മയിപ്പിക്കുന്ന ശില്പചാതുരിയൊന്നും  അതിന്മേലുണ്ടായിരുന്നില്ലതാനും. എന്നിട്ടും ദൂര രാജ്യങ്ങളിൽ നിന്നടക്കം  ധാരാളം പേർ ആ ദേവാലയത്തിലേക്കു സന്ദർശനത്തിനെത്തുന്നു. ആ ഒരൊറ്റ കെട്ടിടം കൊണ്ട് അവിടെ സാമ്പത്തിക പുരോഗതിയുണ്ടാകുന്നു. ജനങ്ങളുടെ ആത്മീയ ഉന്നമനമൊന്നു മായിരുന്നില്ല മറിച്ച് ആരാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടമായിരുന്നു രാജാവിന്റെ അസൂയക്കു മുഖ്യകാരണം.  അങ്ങനെ അദ്ദേഹം തന്റെ രാജ്യത്ത് ക അ ബ യെക്കാൾ മനോഹരമായ ഒരു ദേവാലയം  പണിതു. അങ്ങോട്ട് തീർത്ഥയാത്ര ചെയ്യാൻ നാടൊട്ടുക്ക് വിളംഭരവും  ചെയ്തു. പക്ഷേ  അത്ഭുതമെന്നു പറയാം മനുഷ്യ മനസുകളിൽ വിശുദ്ധപ്രവാചകൻ  അബ്രഹാമിന്റെ ദേവാലയത്തിനുണ്ടായിരുന്ന  സ്ഥാനം നേടാൻ അബ്രഹത്തിന്റെ പുത്തൻ പള്ളിക്കായില്ല.. അയാൾ ക്രുദ്ധനായി. മക്കയിലേക്കൊരു പടയോട്ടം നടത്തുവാനും  ശക്തി ഉപയോഗിച്ച് ക അ ബ പൊളിച്ചു കളയുവാനും   അയാൾ തീരുമാനിച്ചു. അബ്രഹത്തുനുറപ്പായിരുന്നു താൻ ചെയ്യുന്നത് ശരിയാണെന്ന്. മുന്നൂറിൽ പരം വിഗ്രഹങ്ങൾ വെച്ചു  പൂജിക്കുന്ന ക‌അബയേക്കാൾ എന്തുകൊണ്ടും   ഉത്തമം  ഞാൻ പണികഴിപ്പിച്ച ദേവാലയം തന്നെ...
താമസിച്ചില്ല കെട്ടിടം പൊളിക്കാൻ ആനകളടക്കമുള്ള സർവ്വ സന്നാഹങ്ങളുമായി അബ്രഹത്തിന്റെ പട്ടാളം  മക്കയിലേക്കു മാർച്ചു ചെയ്തു. മക്കയുടെ അടുത്ത്‌ ഒരു പ്രദേശത്ത് താവളമടിച്ചു. ഒരു പ്രകോപനമെന്ന നിലയിൽ അബ്ദുൽ മുത്തലിബിന്റെയും കൂട്ടരുടേയും ഒട്ടകങ്ങളെ പിടിച്ചു വെക്കുകയും ചെയ്തു.
മക്കയുടെ നായകനായിരുന്നു അബ്ദുൽ മുത്തലിബ്.  അബ്രഹത്തിന്റെ പട്ടാളം പടയോട്ടം നടത്താൻ പോകുന്നു എന്നും മുന്നോടിയായി തങ്ങളുടെ ഒട്ടകങ്ങളെ പിടിച്ചു വെച്ചിരിക്കുന്നു എന്നുമുള്ള വിവരങ്ങൾ അദ്ദേഹം അറിഞ്ഞു. അത്രയും വലിയ ഒരു സേനയോടേറ്റുമുട്ടാനുള്ള കെല്പ് തങ്ങൾക്കില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ക അ ബയെ രക്ഷിക്കാൻ അതിന്റെ ഉടമസ്ഥനായ അല്ലാഹുവിനു മാത്രമേ കഴിയൂ എന്നദ്ദേഹത്തിന്‌‌ ബോദ്ധ്യമായി.
താമസിയാതെ രാജ്യ മര്യാദയനുസരിച്ച് അബ്രഹത്ത് അബ്ദുൽ മുത്തലിബിനെ സംഭാഷണത്തിനായി തന്റെ പാളയത്തിലേക്കു വിളിപ്പിച്ചു.
എത്തിച്ചേർന്ന മക്കയുടെ നേതാവിനെ അബ്രഹത്ത്‌ ഉപചാര പൂർവ്വം  വരവേറ്റു. തന്റെ അടുത്ത് സ്വീകരിച്ചിരുത്തിയിട്ടു പറഞ്ഞു. നേതാവേ ഞങ്ങളുടെ ഉദ്ദേശം നിങ്ങളുടെ കാബ പൊളിക്കുക എന്നതു മാത്രമാണ്. ആൾ നഷ്ടമുണ്ടാക്കുന്ന ഒരു യുദ്ധത്തിലൂടെ വേണമോ അല്ല ഞങ്ങളെ അതിന്ന് അനുവദിക്കണമോ എന്ന് താങ്കൾ തീരുമാനിക്കുക. താങ്കൾക്കെന്തെങ്കിലും പറയാനുണ്ടോ അതു കേൾക്കാൻ ഞാൻ തയ്യാറാണ്‌ ...
അബ്ദുൽ മുത്തലിബു പറഞ്ഞു താങ്കളുടെ പട്ടാളക്കാർ എന്റെ കുറേ ഒട്ടകങ്ങളെ പിടിച്ചു കെട്ടിയിട്ടുണ്ട് അവയെ വിട്ടു തന്നാൽ ഞാൻ പൊയ്കൊള്ളാം  ജിവനഷ്ടമുണ്ടാക്കുന്ന ഒരു പോരാട്ടത്തിന്‌‌ ഞങ്ങളിപ്പോൾ തയ്യാറല്ല.
അബ്രഹത്തു പറഞ്ഞു  ഈ ജനതയുടെ നേതാവായ താങ്കളുടെ ഈ ഉദാസീനമായ പ്രതികരണം താങ്കളെക്കുറിച്ചുള്ള എന്റെ മതിപ്പു കെടുത്തിയിരിക്കുന്നു. നിങ്ങൾ തലമുറകളായി ആരാധിച്ചു വരുന്ന ദേവാലയം പൊളിക്കപ്പെടുമ്പോൾ താങ്കൾ സ്വന്തം ഒട്ടകങ്ങളെക്കുറിച്ചു വേവലാതിപ്പെടുന്നുവോ
അബ്രഹത്തിന്റെ അത്ഭുതപ്പെടുത്തിക്കൊണ്ടദ്ദേഹം പറഞ്ഞു
“ ഒട്ടകങ്ങൾ എന്റേതാണ്‌. അവയെ എനിക്കു വേണം.  എന്നാൽ ദേവാലയം അല്ലാഹുവിന്റേതാണ്‌‌‌‌‌‌. അവനു വേണമെങ്കിൽ അവനതു നിലനിർത്തിക്കൊള്ളും  അതല്ല പൊളിക്കപ്പെടാനാണ്‌‌ അവന്റെ വിധിയെങ്കിൽ അതു നടക്കുകയും ചെയ്യും  ഞാൻ വിചാരിച്ചിട്ടു കാര്യമില്ല. അദ്ദേഹം ഒട്ടകങ്ങളേയും കൊണ്ട്‌ മടങ്ങിപ്പോയി. ഗ്രാമീണരെയെല്ലാം ക അ ബക്കു ചുറ്റും വിളിച്ചു കൂട്ടി അതിന്റെ രക്ഷക്കായി അല്ലാഹുവോട്‌ പ്രാർത്ഥിച്ച ശേഷം  മലനിരകളിലേക്ക് പിൻവാങ്ങി. ക അ ബ യെ രക്ഷിക്കാൻ അതിലെ വിഗ്രഹങ്ങളെയൊന്നും അദ്ദേഹം ശുപാർശക്കു ക്ഷണിച്ചില്ല.
അവരുടെ വിശ്വാസം പൂർണ്ണമായും പുലർന്നതായിട്ടാണ്‌ പിന്നീടുണ്ടായ ചരിത്രം. ക അ ബക്ക് കാതങ്ങൾക്കകലെ വെച്ച് ആനകളിലെ പ്രധാനി  തിരിഞ്ഞോടി സേനക്ക് മേൽ കളിമൺ കട്ടകൾ വർഷിച്ചുകൊണ്ട് അബാബീൽ പക്ഷികളിറങ്ങി.. ശരീരങ്ങൾ പഴുത്തളിഞ്ഞ് സൈന്യം നിശ്ശേഷം നശിച്ചു പോയി. ചെങ്കടൽ കടന്നെത്തിയ കാറ്റിലൂടെയെത്തിയ വസൂരി രോഗം അവരെ നശിപ്പിച്ചു എന്ന് ആധുനിക ചരിത്രകാരന്മാർ പറയുന്നു.
*********************************
“ ആനക്കാരോട്‌ നിന്റെ നാഥൻ ചെയ്തതെന്ത് എന്നു നീകണ്ടില്ലേ
അവരുടെ കുതന്ത്രം  അവൻ പാഴാക്കിയില്ലേ
അവരുടെ മേൽ പക്ഷിക്കൂട്ടങ്ങൾ അയക്കപ്പെട്ടു
ചുട്ടെടുത്ത കല്ലുകൾകൊണ്ടവരെ തുടരെ എറിഞ്ഞു കൊണ്ട്
അവരെയവൻ ചവച്ചരച്ച കച്ചിത്തുരുമ്പുപോലാക്കിക്കളഞ്ഞു"
********************************************************

Photos from google

Monday, April 1, 2019

ബോബിയിലെ പാട്ടുകൾ...

തവനൂര് പഠിച്ചിരുന്ന കാലം എഴുപത്തിനാലിലായിരുന്നു എന്നാണ് ഓർമ്മ. അന്ന് എനിക്ക് വയസ് പതിനേഴ്. ഹിന്ദിസിനിമയിലെ വിപ്ലവങ്ങളുടെ രാജാവ് രാജ് കപൂർ തന്റെ മകൻ ഋഷിയെ നായകനും കൊച്ചു സുന്ദരി ഡിമ്പിൾ കപാടിയയെ  നായികയുമാക്കി കൗമാര പ്രണയത്തിന്റെ തീക്ഷ്ണത  പ്രമേയമാക്കി ഒരു പടമെടുത്തു. പ്രമേയത്തിന്റെ പുതുമകൊണ്ടോ നായികയുടെ നാമമാത്രമായ വാസ്ത്രം കൊണ്ടോ അതി മനോഹരങ്ങളായ ഗാനങ്ങൾകൊണ്ടോ എന്തോ പടം തകർത്താടി. നഗരങ്ങളിലൊക്കെ മാസങ്ങൾ നിറഞ്ഞോടി.
ഹം തും എക് കമരേമെ ബന്ധ് ഹോ എന്ന ഗാനം റേഡിയോയിൽ കേട്ടതുമുതൽ തുടങ്ങി ഈയുളളവനും പടം കാണാനുളള പൂതി. സ്റ്റഡി ടൂറിനിടെ മദുരയിൽ നിന്നും കോയമ്പത്തൂർ നിന്നും ശ്രമിച്ചെങ്കിലും തിരക്കുകൊണ്ട് ടിക്കറ്റു കിട്ടാതെ പോയി. പിന്നീട് മാസങ്ങൾക്കു ശേഷം സുഹൃത്ത് മാനുവിന്റെ ചെലവിൽ തൃശൂർ ഗിരിജയിൽ നിന്നാണ് കാണാനൊത്തത്. പടമൊരു സംഭവം തന്നെയായിരുന്നു എന്ന് എന്നെപ്പോലുളള ചെക്കന്മാർക്കും ചെറുപ്പക്കാർക്കുമൊക്കെ തോന്നി. പക്ഷേ പാട്ടുകൾ അതിനപ്പുറമായിരുന്നു. കേട്ടു കൊണ്ടേ ഇരിക്കണമെന്ന തോന്നൽ. എല്ലാ ചുണ്ടുകളിലും ബോബിയിലെ പാട്ടുകൾ.
അലിക്കാക്കയും മാനുവുമായിരുന്നു മറ്റു പ്രധാന ആസ്വാദകർ. ഒരു ദിവസം വൈകുന്നേരം തമ്മിൽ കണ്ടപ്പോൾ അലിക്കാക്ക പറഞ്ഞു. പൂവ്വത്തിങ്ങലെ മുഹമ്മദ് ഒരു റിക്കാർഡ് പ്ലെയർ കൊണ്ടു വന്നിട്ടുണ്ട്. ഒറ്റ റിക്കാർഡിൽ ബോബിയിലെ എല്ലാ പാറ്റുകളും ഉണ്ടത്രേ. കിട്ടിയാ നമൊക്കൊന്ന് പൂതിതീരുവോളം കേക്കായിരുന്നു. സംഗതി മാനുവും സമ്മതിച്ചു. പക്ഷേ ആര് ചോദിക്കും. വയ്യാട്ടിക്കാരല്ലേ അത്യാവശ്യം ഈഗോ പ്രോബ്ലം ണ്ടായിരുന്നേയ്... കൂട്ടത്തിൽ തൊലിക്ക് അത്യാവശ്യം കട്ടിയുണ്ടായിരുന്ന ഞാൻ ദൗത്യം ഏറ്റെടുത്തു. ആഢ്യത്വം കൊണ്ടിരുന്നാൽ പാട്ടു കേൾക്കാൻ പറ്റില്ലല്ലോ.റേഷൻ കടയടച്ച ശേഷം  ഞാനും അലിക്കാക്കയും മാനുവും  കൂടി അലിക്കാക്കാന്റെ വടക്കേ പറമ്പിലെ വീട്ടിലേക്ക് പോയി. അവിടെനിന്ന് ഞാനൊറ്റക്ക് അയൽ പക്കത്തുളള  മുഹമ്മദിക്കാടെ വീട്ടിൽ ചെന്നു. അദ്ദേഹം സ്നേഹാദരപൂർവ്വം സ്വീകരിച്ചു കുശലമന്വേഷിച്ചു. എന്താ കുഞ്ഞാപ്വോ പതിവില്ലാതെ ഈ നേരത്ത്... ഞാനൊന്ന് ചമ്മി... ബോബീലെ പാട്ടൊന്ന് കേക്കണം ന്നണ്ട്. ഇവടെ സാധനം ണ്ട് ന്ന് കേട്ടു...
അതിനെന്താടോ ഇത്ര ഒയലാനുളളത്. ങാ വെയ്യാട്ടിക്കാരനാണലോ... എന്നു കളിയാക്കിക്കൊണ്ട് അകത്തു പോയി ഉപകരണവും റിക്കാർഡും കൊണ്ടു വന്ന് തന്നു. ഒതുക്കമുളള ചൊങ്കൻ. പണ്ട് വീട്ടിലുണ്ടായിരുന്ന പത്തായം പോലത്തെ എച് എം വി യുടെ രണ്ടാം തലമുറ. കയ്യിൽ തൂക്കാവുന്ന വലിപ്പവും ഘനവും. ഒരു ഡിസ്കിൽ തന്നെ ധാരാളം പാട്ടുകൾ. ചാവികൊടുക്കേണ്ട ബാറ്ററിയിൽ പാടിക്കോളും. മുനതേയുമ്പോൾ മാറ്റിയിടേണ്ട സൂചിക്ക് പകരം വർഷങ്ങൾ ഈടു നിൽകുന്ന വജ്രസൂചി. സന്തോഷത്തോടെ ഞാൻ ചെല്ലുമ്പോൾ അലിക്കാക്കയും മാനുവും കാത്തിരിക്കിന്നു.
ഒരുപാടു നേരം ഇരുന്നും കിടന്നും ഞങ്ങൾ പാട്ടുകൾ കേട്ടു.
* ബാഹർ സെ കോയ് അന്തർ
*ബേഷാകെ മന്ദിര് മസ്ജിദ് തോഡോ
*ജൂട്ട് ബോലേ കവ്വാ കാട്ടേ
*മേം ഷായിർ തോ നഹി
* നാ മാങ്കു സോനാ ചാന്ദി..
പാട്ടു കേട്ട് കേട്ട് അവിടെതന്നെ കിടന്നുറങ്ങി പുലർച്ചെ ഉപകരണം തിരിച്ചേല്പിക്കുകയും ചെയ്തു...
ഇന്ന് പത്ത് നാല്പതു വരഷങ്ങൾക്കു ശേഷവും ആ പാട്ടുകൾ കാതിനിമ്പമായിത്തന്നെ നിലനിൽകുന്നു. പക്ഷേ കാഴ്ച പണ്ടത്തെയത്ര ആസ്വാദ്യകരമായി തോന്നുന്നില്ല... ഒരു പതിനേഴുകാരനും‌ അറുപതുകാരനും തമ്മിലുളള ആസ്വാദന നിലവാരത്തിന്റെ വ്യതിയാനമാകാം.
അതേസമയം സംഗീതം അത് സാർവ്വകാലികം തന്നെ....
ഇന്ന് തിരക്കില്ലാത്ത വേളകളിൽ എന്റെ ഫോണിൽ ശേഖരിച്ചിട്ടുളള അതുപോലുളള നിരവധി പാട്ടുകളിൽ നിന്നും ഞാൻ ബോബിയിലെ പാട്ടു തെരഞ്ഞെടുക്കുമ്പോൾ പോയി മതിയാക്വോളം കേട്ടോ എന്നും പറഞ്ഞ് മടികൂടാതെ വിലപ്പെട്ട പാട്ടുപെട്ടി എനിക്കു നേരെ നീട്ടി ചിരിച്ച, അകാലത്ത് ഞങ്ങളോട് വിട പറഞ്ഞ മുഹമ്മദിക്കാനെ ഞാൻ പ്രാർത്ഥനയോടെ ഓർക്കുന്നു...
സംഗീതത്തിൽ മുഴുകി ഒഴുകിനടക്കുന്ന ഇന്നത്തെ യുവത ഇതൊക്കെ വിശ്വസിക്കുമോ ആവോ..