Friday, January 5, 2024

അവസാനത്തെ ഉരുള

അടുക്കളയിൽ ഇരുന്നായിരുന്നു  ഊണ് പതിവ്. ഡൈനിങ്ങ് ടേബിളെന്ന പരിഷ്കാരം ഗ്രാമത്തിൽ നടപ്പിലായിട്ടുണ്ടായിരുന്നില്ല. ഒരത്താഴത്തിന് പലകകളിട്ട് ഉപ്പയും ഞാനും അലിയും ഇരുന്നു. ലൈലയും മണിയും നേരത്തെ ഉറങ്ങിയിരുന്നു. വലിയ വയറുമായി അല്പം ആയാസത്തോടെ ഉമ്മ ചോറു വിളമ്പി കറിയും ഉപ്പേരിയുമായിരുന്നു ഉപദംശങ്ങൾ. പെരുന്നാളടുത്ത കാലമായിരുന്നു. ഉമ്മായുടെ വീർത്ത വയറിലേക്കു നോക്കി ഞാൻ ചോദിച്ചു പെരുന്നാളിനു മുമ്പ് ഉമ്മ പ്രസവിക്ക്വോ ?. ഉപ്പായുടെ പാത്രത്തിലേക്ക് കറി ഒഴിക്കുകയായിരുന്ന ഉമ്മ മുഖമുയർത്തി. ങും എന്തേ?.പെട്ടന്ന് ഞാൻ പറഞ്ഞു ഉമ്മയില്ലാത്ത പെരുന്നാൾ ഒരു രസൂണ്ടാകൂലാ.
പെട്ടന്ന ഉപ്പ സ്വരമുയർത്തി എങ്ങട്ടാടാ ഉമ്മ പോണ്.... ഞാൻ ഞെട്ടി നാക്ക് പിഴ്ച്ചുവോ.എന്റെ ചമ്മൽ കണ്ട് ഉമ്മ സമാധാനിപ്പിച്ചു ഞാൻ വെച്ച് വെളമ്പാനില്ലെങ്കിൽ രസല്ലാന്നാ അവൻ പറയ്ണത്...
എനിക്കാശ്വാസമായി... പിന്നീട് പെരുന്നാൾ കഴിഞ്ഞ് ഒരു ദിവസം ഉമ്മ പറഞ്ഞു പുഴം പരല് കിട്ടീരുന്നെങ്കി മാങ്ങയിട്ട് വെക്കാര്ന്നു... ഞാൻ പറഞ്ഞു നോക്കട്ടെ.സ്കൂൾ വിട്ടുവന്നു ഞാൻ ചങ്ങാതി മാരായ കുഞ്ഞിപ്പയെയും കുഞ്ഞാപ്പുട്ടിയെയും കൂട്ടി കുഞ്ഞാപ്പു മൂത്താപ്പാന്റെ കോരു വല വാങ്ങി പുഴയിൽ പോയി. വേനലായിരുന്നു പുഴയിൽ വെള്ളം കുറവ്. വെള്ളം വലിഞ്ഞ കൊള്ളുകൾ തേടി ഞങ്ങൾ നടന്നു. അതൊരു നിലാവുള്ള രാത്രി യായിരുന്നു. കുടപ്പാറയിലും കണ്ണമ്പാറയിലുമൊക്കെ രാത്രി വൈകുവോളം വല‌ വലിച്ചു. കുറേ മീൻ കിട്ടി. വലയും വലയുടെ വിഹിതവും മൂത്താപ്പാന്റെ വീട്ടിലെത്തിച്ച്  സുഹൃത്തുക്കൾക്കുള്ളതും കൊടുത്ത് എനിക്കുള്ള  ഓഹരിയുമായി വീട്ടിലെത്തിയപ്പോൾ പാതിരാ കഴിഞ്ഞു കാണും....
ഉമ്മ പ്രസവിച്ചിരുന്നു. പെൺ കുട്ടി. വീട്ടിൽ ജോലിക്ക് മ്മാച്ചുത്ത വന്നിരുന്നു. ഉച്ചക്ക് ഞാൻ ഉമ്മ പ്രസവിച്ചു കിടക്കുന്ന മുറിയിലേക്കു ചെന്നപ്പോൾ വേലക്കാരി വെച്ച മീൻ കറിയും കൂട്ടി ഉമ്മ കട്ടിലിൽ കാൽ നീട്ടിയുരുന്നു ഊണു കഴിക്കുക യായിരുന്നു. ഉമ്മ എന്നെ നോക്കി ചിരിച്ചു. കറി ഒഴിച്ച് കുഴച്ചുരുട്ടിയ ഒരുരുള‌ എന്റെ നേരെ നീട്ടി. ഞാൻ വാപൊളിച്ച് ഉമ്മായുടെ നേരെ കുനിഞ്ഞു. ഉമ്മ ഉരുള എന്റെ വായിൽ വെച്ചു തന്നു. കൊതിയോടെ ചവച്ചിറക്കുന്ന എന്നോട് കൗതുകത്തോടെ ചോദിച്ചു മീൻ ചാറ് നന്നയ് ക്ക്ണോ?. ഞാൻ പറഞ്ഞു മ്മ വെക്ക്ണത്ര പോരാ... പക്ഷേ ഏത് കറി ആയാലും ഉമ്മകുഴച്ചുരുട്ടിയാൽ അതിനു പ്രത്യേക രുചിയായിരുന്നു. അതുകൊണ്ടു തന്നെ പതിനാറാമത്തെ വയസ്സിലും ഞാൻ ഉമ്മായുടെ ഉരുള വാങ്ങുക പതിവുമായിരുന്നു....
അത് ഉമ്മ എനിക്കു തന്ന അവസാനത്തെ ഉരുളയായിരുന്നു. ഒരാഴ്ചക്കു ശേഷം പതിനാറു വയസ്സുമുതിൽ ഏഴു ദിവസം വരെ പ്രായമുള്ള അഞ്ചു മക്കളെ ദുനിയാവിൽ വിട്ട് ഉമ്മ പോയി പര ലോകത്തേക്ക്...
സെറിബ്രൽ ഹെമറേജ്.......
അമ്മയുടെ വിയോഗം കൊണ്ടുണ്ടാകുന്ന അനാഥത്വത്തിന്‌ തീവ്രത കൂടുമെന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.
ഏകാന്തതയിലിപ്പോഴും എന്റെ നാവിലൂറി വരുന്നൂ ഉമ്മ ഉരിട്ടിത്തന്ന ചോറിന്റെ രുചി....