Thursday, June 25, 2020

പത്താം തരം പരീക്ഷ

ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം  തരം പരീക്ഷ ഒന്നും  പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത് എന്ന് തോന്നുന്നു. അവനേതായാലും  തോല്കും  അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന്  പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും  പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും  പെട്ടന്ന് എഴുതിക്കളയാ മെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍.  മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം  തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍.... പരീക്ഷയുടെ ദിവസം  വന്നു. ഉമ്മമരിച്ചതിനു ശേഷം  വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും  വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം  നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും  അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം  തരം  പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും  ആകൊല്ലം  പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Thursday, June 18, 2020

മരുന്നുകൾ

മരുന്നുകൾ
***************
മേലാസകലം കുളിർ കോരിയിട്ടുകൊണ്ട് മൂപ്പർ വന്നത് നോമ്പിനോടൊപ്പമായിരുന്നു.  ഗ്രാമത്തിൽ ഡങ്കിപ്പേടി കൊടുമയാർന്നകാലം. നാലുപേരുടെ ഉയിരെടുത്ത്കൊണ്ട് അവൻ അഴിഞ്ഞാടിക്കൊണ്ടിരിക്കിന്നു. നോമ്പു കാലമായതുകൊണ്ട് ആയുർവേദ വിധിപ്രകരം പനിചികിത്സയുടെ ഒന്നാം ഘട്ടമായ ബന്ധനം ( പട്ടിണി കിടക്കൽ ) ആചരിക്കാൻ വിഷമമുണ്ടായില്ല... പിന്നെത്തെ ചികിത്സ ഗുരു പറഞ്ഞ പ്രകാരമായിരുന്നു. ഭക്ഷണമായിരിക്കട്ടേ നിനക്കുളള മരുന്ന് എന്ന് ഹിപ്പോക്രാറ്റ് പറഞ്ഞ പോലെ. മരുന്നായിരിക്കട്ടെ നിന്റെ പ്രധാനഭക്ഷണം എന്ന് അദ്ദേഹത്തിന്റെ ആധുനിക 
ശിഷ്യന്മാരും പറയുന്നുണ്ട്. ഏതായാലും ഞാനിപ്പോഴും ഗുരുവിന്റെ പക്ഷത്താണ്... 
ആദ്യ ദിവസം പട്ടിണിമാത്രം കിടന്നു മരുന്നൊന്നും കഴിച്ചില്ല. രണ്ടാം ദിവസം നോമ്പു തുറന്ന ഉടൻ ഒരു ഡോസ് ബ്രയൊണിയ. മൂന്നാം ദിവസവും പനി പഴയപടി തന്നെ..  ചുക്ക് കുരുമുളക്  തുളസിയില പേരയില ചുവന്നുളളി തുടങ്ങിയവയുടെ കഷായം ഓരോഗ്ലാസ്സ് നോമ്പു തുറന്ന ഉടനും പുലർച്ചെ  അത്താഴത്തിനു ശേഷവും... 
നാലാം ദിവസം പനിയില്ല. അത്യാവശ്യ ത്തിനു ക്ഷീണം മാത്രം. പിന്നെ ദോഷം പറയരുതല്ലോ ഭക്ഷണം എന്ന വസ്തുക്കളുടെ രുചിയെന്താണെന്ന് മറന്നുകഴിഞ്ഞിരുന്നു.. മധുരവും പുളിയും അറിയാം പക്ഷേ രുചിയെപറ്റി ഒന്നും ചോദിക്കരുത്. അനാർ മാങ്ങ മുതലായവ തിന്നിട്ടായിരുന്നു നോമ്പ്.  വിശപ്പുണ്ടെങ്കില ല്ലേ മറ്റു വല്ലതും വേണ്ടൂ...
ഇതിങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രുചിയായി അല്പം കഞ്ഞിയെങ്കിലും കുടിച്ചില്ലെങ്കിൽ കിടപ്പിലാകുമല്ലോ....
ഭക്ഷണം തന്നെയാകട്ടെ മരുന്ന്. ഒച്ച ഉയർത്താതെ കശ്മലയെ വിളിച്ചു ഹോമിയോ ഭാഷയിൽ കല്പിച്ചു. അല്പം  കാപ്സിക്കം ആലിയം സെപ്പ സോഡിയം ക്ലോറൈഡ് എന്നിവയെടുക്കുക. അടുക്കളയുടെ മൂലയിൽ പൊടിപിടിച്ചു കിടക്കുന്ന മുട്ടിക്കോരി എന്ന ഗ്രൈന്റർ നന്നായി കഴുകി അതിന്മേ ലിട്ട് ചിരട്ടക്കയിൽ കൊണ്ട് നന്നായി പട്ടു പോലെ അരക്കുക അതിനു മേൽ നാരിയേൽ കി തേൽ തൂവി കുഴമ്പു പരുവത്തിലാക്കുക. ഇവനെയെടുത്ത് നാവിന്റെ കടക്കൽ പുരട്ടിയാൽ അടഞ്ഞുപോയ രുചിയുടെ വാതിലുകൾ തുറന്നു കിട്ടുമെന്ന് വെളിപാടുണ്ടായിട്ടുണ്ട്. അന്തം വിട്ട് വാപൊളിച്ചു നിൽകുന്നവളോട് പറഞ്ഞു എടീ അല്പം ചുട്ട ഉണക്കമുളക് ചുവന്നുളളി എന്നീ ഹോമിയോ മരിന്നുകൾ മുട്ടിക്കോരിമേലിട്ട് ഉപ്പ് ചേർത്തരച്ച് വെളിച്ചെണ്ണ തൂവി കഞ്ഞിയോടൊപ്പം താ എന്ന് ....
ഇതങ്ങ് മലയാളത്തിൽ പറഞ്ഞുകൂടേ എന്നായി ...അരമണിക്കൂർ കൊണ്ട് മരുന്ന് റെഡി... ഏഴു ദിവസങ്ങൾക്ക് ശേഷം വയർ നിറയെ കഞ്ഞി കുടിച്ച് പളളിയിൽ പോയി
ശുഭം...

Tuesday, June 16, 2020

ഇന്ദിരാ പ്രിയദർശിനി....

ഇന്ദിരാ പ്രിയദർശിനിയെ എനിക്കെന്നും ഇഷ്ടമായിരുന്നു. കുഞ്ഞായിരുന്നപ്പോഴേ അന്നത്തെ കുട്ടികൾക്ക് പ്രിയപ്പെട്ടവനനായിരുന്ന ചാച്ചാജിയുടെ മകളെന്ന നിലക്ക് അവരെനിക്കു പരിചിതയായി. പിന്നീട് ഞാനൊരു കെ എസ്‌ യു കാരനും യൂത്തുകോൺഗ്രസു കാരനുമൊക്കെയായപ്പോൾ അവരെനിക്ക് പ്രിയപ്പെട്ട നേതാവായി. പിന്നീടവരെന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയായി. കരുത്തുറ്റ രാഷ്ട്ര നായികയായി. രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ബഹുമാന്യയും ആരാധ്യയുമായ നേതാവ്. പിന്നീട് അടിയന്തരാവസ്ഥ വന്നു. അവർ നൽകിയ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഉപചാപക സംഘം അഴിഞ്ഞാടി. സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടികൾ തുടങ്ങി ഒരുപാടു കരിനിഴലുകൾ വീഴ്ത്തിയ ചരിത്ര സംഭവങ്ങൾ മെല്ലെ അവരെക്കുറിച്ച് മനസിലുണ്ടായിരുന്ന രൂപത്തിനു മങ്ങലേല്പിച്ചു. ഒരു ചരിത്ര വനിത എന്നതിൽ കവിഞ്ഞതൊന്നും അവരെക്കുറിച്ച് മനസിലില്ലാതായി. 
യക്ഷിയായും ഭാരതമാതാവിന്റെ വീര പുത്രിയായും രക്തസാക്ഷിയായും നന്മയുടെ ദേവതയായും അവർ കൊണ്ടാടപ്പെട്ടപ്പോൾ  ഇവക്കു മധ്യേ ഭാരത ചരിത്രത്തിലെ സുപ്രധാനമായ ഒരദ്ധ്യായത്തിന്റെ രചയിതാവായി മാത്രം, ആവേശമുണർത്തുന്ന ആരാധനാഭാവമൊന്നും കൂടാതെ ഒരു യാഥാർത്ഥ ചരിത്ര വനിതയായി അവരെന്റെ മനസിൽ നിലനിന്നു. മനുഷ്യൻ അവന്റെ നിയന്ത്രണങ്ങൾക്കപ്പുറം ചില നിയോഗങ്ങൾക്കു വിധേയനാണ് എന്ന വിശ്വാസം എന്നിലുരുവായ ശേഷം പ്രിയദർശിനിയെ ഒരിക്കൽകൂടി ഒന്ന് വിലയിരുത്താൻ ഈയിടെ ഞാൻ  നടത്തിയ ഡൽഹിയാത്ര ഒരു കാരണമായി. സഫ്ദർജങ്ക് റോഡിലെ അവർ താമസിച്ചിരുന്ന വീട് ഇന്ന് അവരുടെ സ്മാരകമായിനിലനിർത്തിയിരിക്കുകയാണ്. അവരുടെ സ്വകാര്യ മുറികളും അവരുടെ ഭൗതികാവശിഷ്ടങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ആവീടിന്റെയും അവിടെ അവരുപയോഗിച്ചിരുന്ന ഉപകരണങ്ങളുടേയും ലാളിത്യം എന്നിൽ വല്ലാത്ത മതിപ്പുളവാക്കി. മൊസൈക്കു പതിച്ച നിലം ഇടത്തരം വലിപ്പം മാത്രമുള്ള മുറികൾ ലളിതവും കുലീനവുമായ ഫർണിച്ചറുകളും ഉപകരണങ്ങളും. ധൂർത്തിന്റെയോ ധരാളിത്തത്തിന്റെയോ ലാഞ്ഛന പോലും ഞാനെവിടെയും കണ്ടില്ല. തീർച്ചയായും എതിരാളികൾ വിമർശിക്കും വിധം ഒരു സ്വാർത്ഥയും അഹങ്കാരിയുമായ ഏകാതിപതിയുടെ ഗേഹത്തിന്റെ ലക്ഷണമായിരുന്നില്ല അവരുടെ ഭവനത്തിന്. അധികമായി അവിടെ കണ്ടത് അറിവിന്റെ ബണ്ഡാരങ്ങളായ ഗ്രന്ധങ്ങൾ മാത്രമായിരുന്നു.വെടിയേറ്റു വീണ നിമഷത്തിൽ അവർ ധരിച്ചിരുന്ന സാരിയും ചെരുപ്പും സഞ്ചിയും അവരുടെ ലാളിത്യത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്  ഇന്നും അവിടെയുണ്ട്. നാലായിരം പട്ടുസാരിയും രണ്ടായിരം ചെരുപ്പുകളും സ്വർണ്ണനൂലിൽ പേരു നെയ്ത കോട്ടുകളും ഒക്കെ പ്രസിദ്ധമായ ഇക്കാലത്ത് ഇത് നമ്മിൽ അതിശയം ജനിപ്പിൽക്കുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുക്കത്തിൽ ഇപ്പോഴത്തെ ഒരു മണ്ഡലം നേതാവിന്റെയോ, ആക്രിക്കച്ചവടക്കാരന്റെയോ വീട്ടിൽ കാണുന്ന ആഡംബരം പോലും അവിടെ ഞാൻ കണ്ടില്ല.
അവിടെ സൂക്ഷിച്ചിരിക്കുന്ന ഒരുപാടു ചിത്രങ്ങളിൽ ഒരു ചിത്രം എന്റെ മനസിൽ പതിഞ്ഞു. അവരുടെ ബാല്യകാല ചിത്രം. മുഖത്തിന്റെ കുലീനതയേക്കാൾ അവരുടെ കണ്ണുകളിലെ ശോകഭാവമാണ് എന്റെ മൻസിൽ തട്ടിയത്. അതു വരെ ഞാൻ കണ്ടിട്ടില്ലാത്ത ഒരു കോണിലൂടെ അവരെ നോക്കാൻ, ഒരു പെൺ കുട്ടിയുടെ വിധി എന്നരൂപത്തിലവരുടെ ജീവിതത്തെ വിലയിരുത്താൻ ലളിതമായ അവരുടെ ഭവനവും ആചിത്രവും എന്നെ പ്രചോദിപ്പിക്കുകയായിരുന്നു. രാജകുടുംബങ്ങൾക്കു സമാനമായ കുടുംബത്തിൽ പിറന്നകുട്ടി. ഇന്ത്യ വിലക്കു ചോദിച്ച പിതാമഹന്റെ പേരക്കുട്ടി,  പിതാവിന്റെ ഏകപുത്രി, എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് വളരേണ്ടിയിരുന്നവൾ പക്ഷേ ചെറുപ്പത്തിലേയുണ്ടായ മാതാവിന്റെ വിയോഗവും അങ്ങേ അറ്റം സ്നേഹിച്ച പിതാവിന്റെ ഇടക്കിടെയുള്ള‌ ജെയിൽ വാസവും മൂലം അനാഥവും സംഘർഷ പൂരിതവുമായ ഒരു ബാല്യം അനുഭവിച്ചു വളരാനാണവർക്ക് വിധിയുണ്ടായത്. അതേസമയം മഹാത്മാ ഗാന്ധിജിയെപ്പോലുള്ള മഹാന്മാരുടെ സഹവാസം അറിവിന്റെ വിശാലമായ ലോകം അവർക്ക് മുന്നിൽ തുറന്നു കൊടുത്തു. ജയിലിൽ നിന്നും പിതാവ് അവർക്കയച്ചിരുന്ന കത്തുകൾ മതി ചെറുപ്പത്തിലേ  അവർക്ക് ലഭിച്ചിരുന്ന അറിവിന്റെ ഘഹനത മനസ്സിലാക്കാൻ. മകൾക്കദ്ദേഹം പറഞ്ഞു കൊടുത്തത് കഥകളോ വെറും ഉപദേശങ്ങളോ ആയിരുന്നില്ല മറിച്ച് ലോക ചരിത്രത്തിന്റെ സംഗ്രഹം തന്നെയായിരുന്നു. Glimpses of world history എന്ന പേരിൽ വിഖ്യാതമായ ഈകത്തുകൾ "ഒരച്ഛൻ മകൾക്കയച്ച കത്തുകളെ"ന്ന പേരിൽ മലയാളത്തിലും ലഭ്യമാണ്.  ബാല്യ  കൗമാരങ്ങളിൽ അവരനുഭവിച്ച ഈ അനുഭവങ്ങളും ലോകത്തിന്റെ ചരിത്രത്തെക്കുറിച്ച അവർക്കു ലഭിച്ച അതിരുകളില്ലാത്ത അറിവും ആകാം ഒരു പക്ഷേ താൻ ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങളുടെ വിജയത്തിന്നായി ഏതറ്റം വരെയും പോകാനുള്ള  നിശ്ചയദാർഢ്യവും കാർക്കശ്ശ്യവും അവരിൽ വളർത്തിയത്. അങ്ങനെ ബാല്ല്യം കഴിഞ്ഞു. യൗവനത്തിൽ അതിനെക്കാൾവലിയ സംഘർഷങ്ങൾ അവരെ വരവേറ്റു.അവർ സ്വയം തെരഞ്ഞെടുത്ത ഇണ ഫിറോസ് , അവർ ജീവനെക്കാൾ സ്നേഹിച്ച പിതാവിന്റെ രാഷ്ട്രീയ എതിരാളിയായി മാറിയതുകൊണ്ടോ തന്റെ സജീവമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസം കൊണ്ടോ  എന്തോ‌ ആ ദാമ്പത്യ ബന്ധം അസുഖകരമായി അവസാനിച്ചു. ക്ഷയരോഗ ബാധിതനായി ഫിറോസ് അകാല മൃത്യുവിന്നിരയായകാലത്ത് തന്റെ രണ്ടു മക്കളോടൊപ്പം അവർ വേർപെട്ട് താസിക്കുകയായിരുന്നു‌. മരണ സമയത്ത് അവർ കൂടെയുണ്ടായിരുന്നു എന്നു മാത്രം.
അങ്ങനെ അകാലത്ത് അവർ വിധവയായി. പിന്നീട് രഷ്ട്രീയത്തിൽ സജീവമായി. കോൺഗ്രസിന്റെ അദ്ധ്യക്ഷയായി പ്രധാനമന്ത്രിയായി. . അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ‌ അതിനിടെ രാഷ്ട്രീയത്തിൽ തന്റെ പിൻ ഗാമിയായി താൻ വളർത്തിക്കൊണ്ടു വരാൻ ശ്രമിച്ച സഞ്ചെയ് ഗാന്ധിയുടെ അപകടമരണം. സ്വാർത്ഥികളുമായ ഉപചാപ സംഘം കാട്ടിക്കൂട്ടിയ പാപാങ്ങളഖിലവും പേറി തെരഞ്ഞെടുപ്പിൽ  ഏറ്റുവാങ്ങിയ വൻപരാജയം തുടങ്ങിയ കൈപേറിയ അനുഭവങ്ങൾ....
 താമസിയാതെ തന്നെ മുരുക്കിനെ പേടിച്ച് തങ്ങൾ കയറിയിരിക്കുന്നത് മുള്ളിലവിന്മേലാണെന്ന് തിരിച്ചറിഞ്ഞപോലെ ജനം അവരെത്തന്നെ പ്രധാനമന്ത്രിയായി വൻ ഭൂരിപക്ഷത്തോടെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. രാഷ്ട്രീയതന്ത്ര മെന്ന നിലക്ക് അവർ ചെയ്ത പല പ്രവൃത്തികളും പിന്നീട് അവർക്കുതന്നെ ദോഷകരമായി ഭവിച്ചതു നാം കാണുന്നു. സുവർണ്ണ ക്ഷേത്രത്തിൽ പട്ടാളനടപടി സ്വീകരിക്കാൻ ഉത്തര വിട്ടതിന്റെ പേരിൽ  സിഖ് മതവിശ്വാസികൾ തനിക്കെതിരാണെന്ന് അറിഞ്ഞിട്ടും ആവിഭാഗത്തിൽ പെട്ടവരെ തന്റെ അംഗരക്ഷകരായി നിലനിർത്തിയത് അവരുടെ നിഷ്കളങ്കതയായി മനസിലാക്കാം. അവർക്കവരെ വിശ്വാസമായിരുന്നു. രാജ്യത്തിന്റെ നന്മക്കായി താനെടുത്ത നടപടികൾ താൻ തന്റെ ജീവനു കാവലായി വിശ്വസിച്ചേല്പിച്ചവരിൽ ഇത്രകൊടിയ പക വളർത്തുമെന്ന് അവർ സ്വപ്നേഭി കരുതിയിരിക്കില്ല. അവസാനം അവരുടെ കൈകൊണ്ടുതന്നെ അവരുടെ അന്ത്യം സംഭവിക്കുകയും ചെയ്തു.എന്നും രാവിലെ അവർ വിക്കറ്റ് ഗേറ്റിലൂടെ അക്ബർ റോട്ടിലിറങ്ങി കുറേദൂരം അവർ നടക്കുമായിരുന്നു. പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ട്.
അന്നും പതിവുപോലെ കാലത്ത് അവർനടക്കാനിറങ്ങിയതായിരുന്നു..
**********************************
തങ്ങളുടെ നിയോഗം പൂർത്തിയാക്കിയശേഷം എല്ലാവരും മരിക്കുന്നു. മരണം ഓർമ്മകളെ മായ്ച്ചുകളയുന്ന മറവിയാകുന്നു... അപൂർവ്വം ചിലർ സ്വന്തം രക്തംകൊണ്ട് തന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നു. പെട്ടന്നൊന്നും മാഞ്ഞു പോകാത്ത അടയാളങ്ങൾ.  അതുകൊണ്ട് തന്നെ  നാം എല്ലാവരും പറയുന്നു രക്തസാക്ഷികൾ മരിക്കുന്നില്ല എന്ന്.

Monday, June 15, 2020

പെരുന്നാൾ വിരുന്ന്

പെരുന്നാൾ വിരുന്ന്
********************
ആദ്യത്തെ പെരുന്നാളിന്റെ ഓർമ്മക്ക് എന്ത് പഴക്കം വരും എന്ന് ചോദിച്ചാൽ കഷ്ടി ഒരു അറുപത് വർഷം വരുമായിരിക്കും.  ഒരു മഴക്കാലത്തായിരുന്നൂ അത്.  പേമാരിയിൽ പുഴയും പാടവും തറവാട്ടിലെ കുളവും ഒന്നായി. ഭാഗ്യത്തിന്ന് അന്ന് മഴ ഇല്ലായിരുന്നു. രാവിലെ ഉമ്മ കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചു. പുതു വസ്ത്രങ്ങളണിയിച്ചു. ട്രൗസറും കുപ്പായവും കോളറിന്നു പിറകിൽ ഒരു ടവ്വലും. ഒരു പഞ്ഞിയിൽ സെന്റ് നനച്ച് അത് ചെവിയിൽ വെച്ചു തരികയും ചെയ്തു. അങ്ങനെ  പെരുന്നാൾ കോടി അണിഞ്ഞ ആമോദത്തിൽ കുട്ടപ്പനായി എളാപ്പമാരുടെ കൂടെ തറവാട്ടിന്റെ പൂമുഖത്ത് നിൽകുകയായിരുന്നൂ ഞാൻ. പുറത്തു നിന്നും കയറിവന്ന മൂത്താപ്പ " ഹായ് ദാരാപ്പത് പുത്യാപ്ല്യായിട്ടിണ്ടല്ലോ" എന്നും പറഞ്ഞ് എന്റെ മുഖത്ത് കടിക്കുകയും കുറ്റിത്താടിവെച്ച് ഉരക്കുകയും ചെയ്തു" എനിക്ക് കരച്ചിൽ വന്നു. അപ്പോഴേക്കും" വേണ്ട വാപ്പുട്ട്യേ നല്ലോരു ദിവസായിട്ട് ആകുട്ട്യേ കരയിക്കണ്ട"  എന്നും പറഞ്ഞ് വെല്ലിമ്മ എന്നെ രക്ഷപ്പെടുത്തി. മിറ്റത്ത് അപ്പോഴും രാത്രി പെയ്ത മഴയുടെ ശേഷിപ്പ് കാണാമായിരുന്നു. മേലേ പടിപ്പുരയിറങ്ങി ഇക്കാക്ക വരുന്നു.  ഉപ്പാനെയും ഉമ്മാനെയും എന്നേയും കൂട്ടിക്കൊണ്ട് പോകാൻ വന്നിരിക്കയാണ്.  അന്ന്  അങ്ങനെയായിരുന്നു പതിവ്. അളിയൻ വന്ന് വിളിച്ചോണ്ട് പോകണം. ഇക്കാക്കയും എളാപ്പമാരും കൂട്ടുകാരാണല്ലോ. വന്ന ഉടൻ അവർ ചിരിച്ചാർത്ത് കുളത്തിലേക്ക് പോയി. കൂടെ ഞാനും.  നിറഞ്ഞൊഴുകുന്ന വെള്ളം കാണാൻ. ഒന്നായിക്കഴിഞ്ഞ കുളവും കണ്ടാറിയും പുഴയും അവയെ പകുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാത മാത്രമുണ്ട് മുങ്ങാതെ ബാക്കി. മഴയില്ലാത്തതുകൊണ്ട് കൊണ്ടൂരക്കുന്നും തെളിഞ്ഞ് കാണാം.  കുറേ നേരം കാഴ്ച്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ നിന്നു. ഇക്കാക്കയും എളാപ്പമാരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. കൂവിയാർത്തുകൊണ്ട് ഒരു തീവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. എഞ്ചിന്റെ കുഴലിൽ നിന്നും കറുത്ത പുക പിറകോട്ട് നീണ്ട് പോയി... കുറേ നേരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എല്ലാവരും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഇക്കാക്കാനോട് പറഞ്ഞു. " ന്നാ മണി നടന്നോ ഞങ്ങള് വൈന്നാരം അങ്ങട്ടെത്തിക്കോളാ " 
വെല്ലിമ്മാനോടു ഉമ്മാനോടും യാത്രപറഞ്ഞ് ഇക്കാക്ക പോയി. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴേക്ക് വസ്ത്രങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഉമ്മ യാത്രക്ക് തെയ്യാറായി. കുറെ കഴിഞ്ഞപ്പോൾ കോപ്പനും മയമ്മൗട്ടിക്കയും വന്നു. ഉപ്പ ഒരു ചെറിയ ടോർച്ചുമായി മുന്നിൽ. ടോർച്ച് അന്നൊരു അപൂർവ്വ വസ്തുവായിരുന്നു. ഒരാഢംബരം. ചൂട്ടുകറ്റയായിരുന്നു പതിവ്. പിറകിൽ എന്നെയും എടുത്ത് മയമ്മൗട്ടിക്ക. അതിന്ന് പിറകിൽ ഒരു കുടയും ചൂടി. ഉമ്മ. മഴയില്ലെങ്കിലും രാത്രിയാണെങ്കിലും തറവാട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുമ്പോൾ കുടപിടിക്കണം എന്നായിരുന്നു വെപ്പ്. വഴിയിൽ കാണുന്നവരൊക്കെ ഉപ്പാനോട് കുശലം പറഞ്ഞു ചിലർ എന്നെ തലോടുകയും കൊഞ്ചുകയും ചെയ്തു.  ഏറ്റവും പിറകിൽ പെട്ടി തലയിൽ വെച്ച് കയ്യിലൊരു റാന്തൽ വിളക്കുമായി കോപ്പാൻ. റോട്ടിൽ നിന്നും സ്കൂൾ വളപ്പിലൂടെ റെയിലിന്മേൽ കയറി കിഴക്കോട്ട്. അവിടെ നിന്നും ഇവിടെനിന്നുമെല്ലം പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാമായിരുന്നു. സ്റ്റേഷന്റെ അടുത്തു നിന്നും റെയിൽ മുറിച്ച് കടന്ന് ഞങ്ങൾ ഉമ്മാന്റെ വീട്ടിന്റെ പടിക്കലെത്തി. ഇക്കാക്ക ഒരു കുപ്പി വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്നു. പടിക്കൽ ഞങ്ങളെ കണ്ടതും സ്നേഹം നിറഞ്ഞ സ്വരത്തിൽ " മ്മാ ആത്ത വന്നു"  എന്നും പറഞ്ഞുകൊണ്ട് ഇക്കാക്ക അകത്തേക്കോടി. വെല്ലിമ്മയും വെല്ലിപ്പയും ചിരിച്ചുകൊണ്ട്  പുറത്ത് വന്നു.‌ വെല്ലിമ്മ മയമ്മൗട്ടിക്കാന്റെ കയ്യിൽ നിന്നും എന്നെ വാങ്ങി. സ്റ്റേഷനിൽ നിന്നും നീണ്ട മണിയടി കേട്ടപ്പോൾ വെല്ലിപ്പ പറഞ്ഞു പെണ്ണേ ചോറ് വിളമ്പ് എട്ടരക്ക് ബ്ലാക്കായി...
ഭക്ഷണമൊക്കെ കഴിഞ്ഞ് മയമ്മൗട്ടിക്കയും കോപ്പനും മടങ്ങി. റാന്തലിന്റെ വെളിച്ചത്തിൽ പടികയറിപ്പോയ അവരുടെ ഓർമ്മയിൽ ആദ്യ പെരുന്നാളിന്റെ ദീപ്തമായ സ്മരണകൾ അവസാനിക്കുന്നു.

Sunday, June 14, 2020

അല്പം സെൻസിറ്റിവിറ്റിയും വേണം....

ഒരല്പം ലജ്ജയുണ്ട് എന്നാലും പറയുക യാണ്. കേന്ദ്ര സർക്കാർ ഇപ്പോൾ മനസ്സിലാക്കിയിട്ടുളളതു പോലെ മനുഷ്യർ മറ്റു മൃഗങ്ങളെപ്പോലെ വംശവർദ്ധനക്കു വേണ്ടി മാത്രം ഇണ ചേരുന്ന ഒരു മൃഗമല്ല. വളരെ സെൻസിറ്റീവായ അത് ഇണകൾക്ക് ഒരു നിർവൃതികൂടിയാണ്. എന്ന് വെച്ച് വെറും നിർവൃതിക്കായി മാത്രം നടത്തേണ്ട് ഒരു നേരമ്പോക്കുമല്ല അത്. നമ്മുടെ വംശ വർദ്ധനക്ക് സർവ്വേശ്വരൻ നിശ്ചയിച്ച പവിത്രമായ കർമ്മം കൂടിയാണ്. ഒരു യോഗി അഗ്നിയിൽ ഹവിസ്സർപ്പിക്കുന്ന മനോഭാവത്തോടെ പൂർത്തിയാക്കേണ്ടത്.
ഗർഭാവസ്ഥയിൽ സ്ത്രീ പതിവിൽ കവിഞ്ഞ ലാളനയും പ്രോത്സാഹനവുമൊക്കെ ആഗ്രഹുക്കും. അതവൾക്ക് നൽകുന്നതിൽ മറുവശം ആനന്ദിക്കയും ചെയ്യും. അതിനിടെ ചിലപ്പോൾ നേരം പോക്കും നടന്നെന്നിരിക്കും. അല്ലാതെ മതിയിളകുന്ന ദിവസം നോക്കി ചവിട്ടിക്കാ*വുന്ന ഒരു മൃഗമല്ല മനുഷ്യസ്ത്രീ...
ഇതൊക്കെ മനസിലാകണമെങ്കിൽ ആർഷഭാരത സംസ്കാരത്തിൽ പറഞ്ഞിട്ടുളള ഗൃഹസ്താശ്രമത്തിന്റെ ബാല പാഠങ്ങളെങ്കിലും അറിഞ്ഞിരിക്കണം. പിന്നെ മമ്മുട്ടി പറഞ്ഞപോലെ സെൻസ് വേണം അല്പം സെൻസിറ്റിവിറ്റിയും....

* ചവിട്ടിക്കുക...  പശുവിനെ ഇണ ചേർക്കുന്നതിന്റെ പാലക്കാടൻ പ്രയോഗം.

Tuesday, June 9, 2020

തവളകളും മുഞ്ഞയും

ഇത് കുറേ തവളകളുടെ കഥയാണ്. അവനവന്റെ കാര്യം നോക്കി വല്ല കിണറുകളിലും കുളങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന പോക്കാച്ചിത്തവളകളുടെ കഥയല്ല, പ്രത്യുത നിളയുടെ ഇരു കരകളിലുമുണ്ടായിരുന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ്കൂടിയിരുന്ന സാമൂഹ്യ സേവകന്മാരായ തവളാച്ചികളുടെ കഥ. പാടങ്ങൾക്ക് ശത്രക്കളായ കീടങ്ങളെ മൃഷ്ടാന്നം ഭുജിച്ചും വർഷകാലാരംഭത്തിൽ പേക്രൊം പേക്രോം എന്ന് ഉച്ചത്തിൽ പ്രകീർത്തനം ചെയ്തും അവർ സാമോദം കഴിഞ്ഞു കൂടിയിരുന്ന കാലം... ആയിടക്കാണ് തവളയുടെ കാലുകൾ വളരേ രുചികരമായ ഭക്ഷണമാണെന്ന് സായിപ്പന്മാർ കണ്ടെത്തിയത്...  ഈ സാധനം അങ്ങ് കേരളത്തിലെ മലബാറിൽ‌ സുലഭമാണ് എന്നും അവർ മൻസ്സിലാക്കി. ഡോളർ കിട്ടുമെന്നായപ്പോൾ പെട്രോൾ മാക്സും ചാക്കുമായി തവളപിടുത്തക്കാർ പാടത്തിറങ്ങി. രാത്രി പുലരുവോളം അവർ തവളകളെ പിടിച്ചു. പകൽ അവയുടെ കാലുകൾ വെട്ടിയെടുത്ത് കയറ്റിയയച്ച് കാശുണ്ടാക്കി... ഒരിക്കൽ ഞാനും ഈ ക്രിയക്ക് സക്ഷ്ക്ഷിയാവുകയുണ്ടായി ആതാണ് കഥ...

കഥനടക്കുന്ന കാലത്ത് ഈയുള്ളവൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. നിളക്കക്കരെ മാമ്മാംഗത്തിന്റെ ചരിത്രത്താൽ പ്രസിദ്ധമായ തിരുനാവായ. അവിടെനിന്നും നാലഞ്ചു കിലോമീറ്ററുകൾ അകലെ പട്ടർനടക്കാവിനടുത്ത് കുണ്ടിലങ്ങാടി എന്ന സ്ഥലത്തുള്ള എന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം രാവിലെ എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ കാൽനടയായി ഒമ്പതരക്ക് മുമ്പ് ക്ലാസിലെത്തും അതായിരുന്നു പതിവ്. നിറയെ മീൻ കച്ചവടക്കാരെയും അവരുടെ കൊട്ടകളേയും വഹിച്ചുകൊണ്ട് ആദവനാട്ട് നിന്നും തിരൂരിലേക്ക് പോകുന്ന പരപ്പിൽ ട്രാൻസ്പോർട്ടിൽ കയറി അഞ്ച് പൈസ കൊടുത്താൽ തിരുനാവായയി ലിറങ്ങാമായിരുന്നു. ബസ്സിലെ തിരക്കും മീൻ നാറ്റവും സഹിക്കാവുന്നതിലപ്പുറമായതുകൊണ്ട് ഞാൻ കാൽനട തന്നെ തെരഞ്ഞെടുത്തു. അഞ്ച് പൈസക്ക് പുറമെ ദിവാസ്വപ്നം കണ്ടുകൊണ്ട് കാലത്തും വൈകിയിട്ടുമുള്ള നടത്തം അത് ഞാൻ ശരിക്കും ആസ്വദിച്ചു. അഞ്ചാക്ലാസ് മുതൽ ആറു കിലോമീറ്റർ അകലെ വാടാനാംകുറുശിയിലേക്കും തിരിച്ചും നടത്തം പതിവായിരുന്നത്കൊണ്ട് ഈ നടത്തം ഒട്ടും വിഷമകരമായിരുന്നില്ല. ഈ നടത്തിനിടയിലൊരു ദിവസമാണ് ദാരുണമായ ആ കാഴ്ചക്ക് സാക്ഷിയാവേണ്ടി വന്നത്. അന്ന് പന്ത്രണ്ട് മണിതൊട്ടുള്ള ഗോപാലകൃഷ്ണൻ സാറിന്റെ അതി വിരസമായ സിഡി ആന്റ് എക്സ്റ്റൻഷൻ ക്ലാസ് കട്ട് ചെയ്ത് ഞാൻ പുറത്തിറങ്ങി. കുന്നിൻ മുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്ന് താഴെ നിളയുടെ തീരത്തായിരുന്നു ഫാം. താഴെ വിശാലമായ നെൽ വയലുകളും കുന്നിൽ ചെരുവിൽ ഫലവൃക്ഷങ്ങളും കുന്നിൻ മുകളിൽ ഹോസ്റ്റലടക്കമുള്ള കെട്ടിടങ്ങളും എന്നിങ്ങനെയായിരുന്നു സ്ഥാപനം വയലിനുനടുവിലൂടെ പുഴവരെ വീതിയേറിയ ഒരു റോഡ്. റോഡിനിരുവശവും ഭംഗിയായി നട്ടു പിടിപ്പിച്ച തെങ്ങുകളും..ഫാം വിജനമായിരുന്നു. . ഞാൻ റോട്ടിലൂടെ പുഴയിറമ്പിലെത്തി. വേനലായതുകൊണ്ട് പുഴയുടെ നടുവിൽ ചെറിയ ഒരു നീർച്ചാലേ പുഴയായി അവശേഷിച്ചിരുന്നുള്ളൂ.... ബാക്കിയെല്ലാം മണൽ പരപ്പ്. അക്കരെ നവാമുകുന്ദാ ക്ഷേത്ര നടയിലൂടെ എനിക്ക് ഗാന്ധിപ്രതിമക്കടുത്ത്  റോഡിൽ കയറാം. പെട്ടന്ന് ദൂരെ നീർച്ചാലിനരികെ ഒരുപാട് കാക്കകൾ കലപില കൂട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുന്നുണ്ട്. എനിക്ക് കൗതുകമായി. മീൻ പിടിക്കുകയായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഒരു ചാക്ക് നിറയെ വലിയ തവളകൾ. അയാൾ ഒറ്റക്കായിരുന്നു. അയാളുടെ മുന്നിൽ ഒരു മരമുട്ടിയുണ്ടായിരുന്നു. ചാക്കിൽ കയ്യിട്ട് അയാൾ തവളകളേ ഓരോന്നിനെ പുറത്തെടുത്ത് മുട്ടിയിൽ വെച്ച് മൂർച്ചയേറിയ മടവാൾ കൊണ്ട് ഓരോ വെട്ട്. കാല് വേറൊരു ചാക്കിലേക്കിട്ട് ബാക്കി ബാഗം വലിച്ചെറിയുന്നു. അയാൾക്ക് ചുറ്റും ജീവൻ പോകാതെ തുറിച്ച കണ്ണുകളുമായി പിടയുന്ന പാതിത്തവളകൾ. ഞാനൊന്നേ നോക്കിയുള്ളൂ നടുമുറിഞ്ഞ് ജീവൻ പോകാതെ പിടയുന്ന മിണ്ടാപ്രാണികളുടെ തുറിച്ച കണ്ണുകൾ. ആമനുഷ്യനെ ശപിച്ചുകൊണ്ട് ഞാൻ വേഗം മടങ്ങി... എനിക്കയാളോട് വലിയ വെറുപ്പ് തോന്നാനുണ്ടായ കാരണം ഒരുപക്ഷേ തവളകളേ ഉപദ്രവിക്കരുത് എന്ന് വെല്ല്യുമ്മ പഠിപ്പിച്ച പാഠമായിരിക്കാം... പിന്നീട് ഇടക്കൊക്കെ അരക്കുതാഴേ വേർപെട്ട് ചോരയിൽകുളിച്ച്  കണ്ണും തുറിച്ച് ആകാശത്തേക്ക് നോക്കി കിടന്നിരുന്ന് പിടഞ്ഞിരുന്ന ആ മിണ്ടാപ്രാണികളുടെ ചിത്രം എന്നെ വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു....

ആയിടെയാണ് നെൽകൃഷിയെ ബാധിക്കുന്ന മുഞ്ഞ എന്ന കീടം ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നെല്ലിന് അങ്ങനെയൊരു ശത്രു അവതരിച്ചിട്ടുണ്ടായിരുന്നില്ല. അഗ്രോണമി ക്ലാസിൽ എന്റെ അഭിവന്ദ്യഗുരു ഇട്ടിയവര സാർ പറഞ്ഞു " എടോ മുഞ്ഞ പെരുകാൻ കാരണം നമ്മുടെ തവള പിടുത്തമാണ്. തവള ഈ വക കീടങ്ങളുടെ നാച്ച്വറൽ പ്രിഡേറ്ററാണ്. 
താമസിയാതെ മുഞ്ഞയെ നിയന്ത്രിക്കാൻ ഡൈമക്രോൺ എന്ന കീടനാശിനിയും ഉപയോഗത്തിൽ വന്നു. ആകാശവാണി വാർത്തകൾക്ക് മുമ്പും പിമ്പും ഡൈമെക്രോണിന്റെ പരസ്യം സാധാരണയായി. പിറകെ ആ വിഷങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സർവത്രയായി....

Thursday, June 4, 2020

ലോക പരിസ്ഥിതി ദിനത്തിൽ ..

പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... 
അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
മലകളെയും മരങ്ങളേയും പുഴകളേയും വെറുതെവിടുക.......
ഒരിക്കൽ ഞാനും യാത്രക്കിടയിൽ കണ്ടുമുട്ടിയ ഒരു സുഹൃത്തുമായി ഒരു സംവാദമുണ്ടായി. പണ്ടൊക്കെ അങ്ങനെയായിരുന്നു. വണ്ടി കോഴിക്കോട്ടെത്തുമ്പോഴേക്കും പേരുപോലും അറിയാത്ത സഹയാത്രികനുമായി കുടുംബകാര്യങ്ങളടക്കം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തിരിക്കും. അന്ന്  അദ്ദേഹം എന്നെ ഉപദേശിക്കുകയായിരുന്നു നാം ജൈവ ശൃംഗലയിലെ അവസാനകണ്ണിയാണ്. അതിനാൽ പ്രകൃതിക്ക് നാം വരുത്തുന്ന നാശം നമ്മുടെതന്നെ നാശത്തിന്ന് വഴിവെക്കും. ഞാൻ പറഞ്ഞു ചെറിയൊരു ഭേദഗതിയോടെ ഞാൻ അംഗീകരിക്കാം. മനുഷ്യൻ ഈ ജൈവ സൃംഗലയുടെ ഭാഗമല്ല. അവൻ വേറെ തന്നെയാണ്. എങ്കിലും പ്രകൃതിയുടെ മേൽ അവൻ നടത്തുന്ന കയ്യേറ്റങ്ങൾ അവന്റെ തന്നെ നാശത്തിനു കാരണമാകും. ആദ്ദേഹത്തിന്റെ ആശയം ഞാൻ സ്വീകരിച്ചിട്ടും മനുഷ്യനെ ജൈവ ശൃംഗലയിൽ നിന്നും വേർപെടുത്തിയത് അദ്ദേഹത്തിന്ന് ഇഷ്ടമായില്ല. അദ്ദേഹം ഒരു ശാസ്ത്ര വിശ്വാസിയായിരുന്നു ഞാനാകട്ടെ ദൈവവിശ്വാസിയും. അദ്ദേഹം വിശദീകരണമാവശ്യപ്പെട്ടു. ഞാൻ പറഞ്ഞു ഇന്ന് ലോകത്ത് അറുനൂറു കോടി ജനങ്ങളുണ്ട്. ഇവരെ ഒന്നടങ്കം ഭൂമിയിൽ നിന്നങ്ങ് പിൻ വലിക്കുന്നു എന്ന് സങ്കല്പിക്കുക. രണ്ട് ക്യുബിക്ക് മൈൽ വലിപ്പമുള്ള ഒരു പെട്ടിയിൽ അടുക്കി ശാന്തസമുദ്രത്തിൽ താഴ്തിയാൽ സാധിക്കാവുന്നതേയുള്ളൂ. എന്നാൽ പിറ്റേദിവസം ഭൂമിയിൽ എന്ത് സംഭവിക്കും. കാര്യമായി ഒന്നും സംഭവിക്കില്ല. മലകളും മരങ്ങളും അവശേഷിക്കും നദികൾ സ്വയം ശുദ്ധമാകും. ആകാശവും ഭൂമിയോടൊപ്പം ശുദ്ധമാകും. ഓർസോൺ പാളികളിൽ മനുഷ്യൻ വീഴ്തിയ തുളകൾ സ്വയം അടയും. പിന്നെ പ്ലാസ്റ്റിക് മലിനീകരണമുണ്ടാകില്ല. ആവശ്യത്തിൽ കവിഞ്ഞ ഭക്ഷണമുണ്ടാക്കി വെളിയിലെറിയുന്നതു മൂലമുള്ള മലിനീകരണമുണ്ടാകില്ല ശബ്ദമലിനീകരണമോ ആണവ മലിനീകരണമോ ഉണ്ടാകില്ല സർവ്വം ശാന്തം സുന്ദരം. 
അതേ സമയം മനുഷ്യൻ നിസ്സാരമെന്ന് കരുതുന്ന ഏത് ജീവി ഇല്ലാതായാലും പ്രകൃതിയുടെ താളം തെറ്റും. ഉദാഹരണത്തിന് കാക്ക ഇല്ലാതായാൽ ഒരാഴ്ചകൊണ്ട് ഭൂമി മാലിന്യക്കുമ്പാരമാകും. അല്ലെങ്കിൽ ചിതൽ തെരുവുപട്ടികൾ എന്ന് വേണ്ട പ്രകൃതിയിലെ എല്ലാം അവയുടെ നിലനില്പിന്ന് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു... മനുഷ്യന്ന് പ്രകൃതിയിൽ നിന്ന് എടുക്കാനേ ഉള്ളൂ. പ്രകൃതിക്ക് ഒന്നും കൊടുക്കാനില്ല. അതുകൊണ്ടാണ് പ്രകൃതിയെ കേടുകൂടാതെ പരിപാലിക്കാൻ പ്രകൃതിയിലേക്ക് പ്രത്യേകമായി അയക്കപ്പെട്ട പ്രതിനിധിയാണു മനുഷ്യൻ എന്ന് ഈശ്വര വിശ്വാസികൾ വിശ്വസിക്കുന്നത്. അവന്റെ നിലനില്പിന്ന് ആവശ്യമായതുമാത്രം  പ്രകൃതിയിൽനിന്നെടുക്കാൻ അവന്ന് അനുമതിയുണ്ട്. അതിൽ അവൻ അതിരു കവിയുന്നുവോ എന്നതാണ് അവന്റെ യജമാനൻ അവന്ന്മേൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷണം. അതിൽ വിജയിച്ചാൽ ഇതിനേക്കാൾ മഹത്തായ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് അവൻ ഉയർത്തപ്പെടും. മറിച്ചായാൽ അവൻ തിരസ്കരിക്കപ്പെടുകയും ചെയ്യും.
അതിനാൽ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... അമിത ചൂഷണം ഒഴിവാക്കി അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
എന്റെ വാദം അദ്ദേഹത്തിന്ന് സ്വീകാര്യമായോ എന്തോ?. വണ്ടി കല്ലായി കടന്നിരുന്നു. മറിച്ചൊന്നും പറയാതെ അദ്ദേഹം ഇറങ്ങാൻ വട്ടം കൂട്ടി. അദ്ദേഹത്തിന്റെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കിയുമായി...

Monday, June 1, 2020

റൈഡർ ഓൺ ദ റൈൻ


സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...