Sunday, November 20, 2022

സഹചാരി

നീ എത്തുമെന്നെനിക്കറിയാം. 
നീതിയുടെ ലോകത്തേക്കെന്നെ കൈപിടിച്ചുയർത്താൻ. നിശ്ചയമായും നീഎത്തുമെന്ന് എനിക്ക് നന്നായറിയാം....

ഇരയുടെ ദയാഹരിജികളൊന്നും പരിഗണിക്കാൻ നിനക്കനുവാദമില്ല എന്നും എനിക്കറിയാം എങ്കിലും നീ കേൾക്കണം 
മിന്നായം പോലൊരു മുന്നറിയിപ്പും കൂടാതെ
നീ വന്നേക്കരുത്. അവധിക്കൊരുപാട് മുന്നെ വന്ന് എന്നെ നീചുറ്റിക്കയും അരുത്....

ഒരു പാടു തവണ നീ എന്റെ ചാരെ വന്ന് തിരിച്ച് പോയതാണല്ലോ..,.
*************

അവനെപ്പോഴും എന്റെ കൂടെയുണ്ട് ....എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ ക്ഷമയോടെ ഈശ്വരന്റെ കല്പന കാത്തുകൊണ്ട് നില്‍ക്കുന്ന അവന്റെ സാനിദ്ധ്യം ഞാനറിയുന്നുണ്ട്.
അമ്പത്തേഴു വര്‍ഷങ്ങള്‍ക്കിടെ, 
 കുഞ്ഞായിരിക്കേ തവളയെ കണ്ടു പേടിച്ചു ജ്വരം ബാധിച്ചപ്പോള്‍ 
ബാല്യത്തില്‍ രണ്ട്തവണ തറവാട്ടിലെ കുളത്തില്‍ മുങ്ങിത്താണപ്പോള്‍ 
ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയില്‍ നിന്നും താഴെവീണപ്പോള്‍ 
ആറളം ഫാമില്‍ വെച്ച് എന്നെ കടിച്ച  പാമ്പിന്റെ പല്ലുകള്‍ പാന്റ്റ്സിന്റെ ഇമ്മില്‍ കുടുങ്ങിയപ്പോള്‍ ഞാനോടിച്ച കാര്‍ പെരിന്തല്‍ മണ്ണയില്‍ വെച്ച് ഒരു ലോറിയുമായി കൂട്ടി മുട്ടിയപ്പോള്‍ ഇതാ ഈ കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ വെച്ച് മോട്ടോറ്‌‌ സൈക്കിളിടിച്ച് താഴെവീണപ്പോള്‍ അപ്പോഴൊക്കെ ക്ഷമയോടെ ഒഴിഞ്ഞുനിന്ന അവന്റെ സാന്നിദ്ധ്യം എന്റെ ചാരേ ഞാന്‍ അനുഭവിച്ചതാണ്.... എന്ന് എവിടെവെച്ച് എങ്ങനെ അവന്‍ അവന്റെ ദൗത്യം പൂര്‍ത്ത്യാക്കും എന്ന് ചിന്ത പലപ്പോഴും എന്നെ ചകിതനാക്കുന്നു... സര്‍വ്വേശ്വരാ ഭയ മുക്തനായി നിന്നിലേക്കു തിരിച്ചുവരാന്‍ എന്നെ നീ അനുഗ്രഹിക്കേണമേ

Thursday, April 28, 2022

മയിൽ പീലികൾ

മങ്ങിത്തുടങ്ങിയ ഓർമ്മകളിൽ കുറേ മയിൽ പീലികൾ....

ചെക്കാ അനക്ക് മയിൽ പീലിവേണോ എന്ന് ആർദ്രമായ സ്വരത്തിലാരാഞ്ഞവളാരായിരുന്നു കാച്ചിത്തുണിയും പുള്ളിക്കുപ്പായവും കണ്ണാടിമാളികത്തട്ടവുമിട്ട മയിൽ പീലിപോലെ  വിടർന്നകണ്ണുകളുള്ള കൊച്ചു ഹൂറി. നബീസയോ കദീജയോ കുഞ്ഞീരുമ്മയോ ആമിനുവോ പാത്തുണ്ണിയോ... 

ചെത്തുവഴിയുൽ നിന്ന്  സ്കൂളിലേക്ക് നീളുന്ന നടവഴിക്ക് താഴെക്കൂടി പുഴയിലേക്കൊഴുകുന്ന കൈത്തോട്ടിന്റെ അരികിൽ തോട്ടിലേക്ക് ചാഞ്ഞു നിക്കുന്ന പൊടിയെണ്ണി മരത്തിൽ ചാരിനിന്ന് തോട്ടിലെ തെളിഞ്ഞ വെള്ളത്തിൽ നീന്തിക്കളിക്കുന്ന പരൽ മീനുകളെ നോക്കി നിൽക്കയായിരുന്നു അന്നവൻ ...

അവന്റെ പിറകിൽ നിന്നും അവൾ ചോദിച്ചു ചെക്കാ അനക്ക് മയില്പീലി വേണോ?. അവൻ തിരിഞ്ഞു നോക്കി കയ്യിലിരിക്കുന്ന മയിൽ പീലിയുടെതിനേക്കാൾ വിടർന്ന കണ്ണുകളുമായി തന്നെ നോക്കി നിൽക്കുന്ന കുട്ടി. അവന്റെ സമ്മതത്തിനു കാത്തു നിൽക്കാതെ പീലിയിൽ നിന്ന് അടർത്തിയ ഒരു ഇതൾ അവന്റെ നേരെ നീട്ടിക്കൊണ്ട് അവൾ പറഞ്ഞു "ന്നാ ബുസ്തകത്തിന്റെ ഉള്ളില് വെച്ചാമതി. പീലി പെറ്റ് പെരുകിക്കോളും." കേട്ടപ്പോളവനും തോന്നി കൊള്ളാമല്ലോ.  അവനത് വാങ്ങി. തോളിൽ തൂക്കിയിരിക്കുന്ന പുസ്തക സഞ്ചിയിൽ നിന്ന് കേരള പാഠാവലി മലയാളം എടുത്തി വിടർത്തി അതിന്റെ നടുവിൽ പീലി വെച്ച് പുസ്തകം സഞ്ചിയിൽ തന്നെയിട്ട് സ്കൂളിലേക്ക് നടന്നു.... മനസു നിറയെ പീലിപെറ്റുകൂട്ടാനിരിക്കുന്ന മയിൽ പീലികൾ. വിടർന്ന കണ്ണുകളുള്ള മയിൽ പീലികൾ .. രാത്രിയിലുറങ്ങാൻ കിടക്കുമ്പോഴും അവന്റെ മനസു നിറയെ വിടർന്ന കണ്ണുകളുള്ള മയിപീലികളായിരുന്നു...
പിന്നെ ക്രമേണ അവനത് മറന്നു. അവളും അത് മറന്നുകാണണം....
ഇപ്പോൾ ഈ വൈകിയവേളയിൽ അങ്ങു ദൂരെ ഓർമ്മയുടെ ചക്രവാളത്തിൽ നിന്നവൾ വിളിച്ചു ചോദിക്കുന്നു... ചെക്കാ നിനക്ക് ഞാൻ അന്ന് തന്ന മയിൽ പീലിയെവിടെ... പുസ്തകത്തിൽ വെച്ച് വിരിയിച്ചെടുക്കാൻ ഞാനേല്പിച്ച മയിൽ പീലി.. നീയത് കളഞ്ഞു അല്ലേ .... ? 

പാതിയുറക്കത്തിൽ അവൻ പറഞ്ഞു ഇല്ല ആയുസിന്റെ പുസ്തകത്താളുകൾക്കിടയി  ഞാനത് സൂക്ഷിച്ചിട്ടുണ്ട്....

Monday, March 21, 2022

എന്റെ ആദ്യ വാഹനം...

സ്വന്തമായി ഒരു വാഹനം കുഞ്ഞുന്നാൾ മുതൽ  എല്ലാവരുടെയും സ്വപ്നമായിരിക്കും. ആദ്യം ഒരു കളിപ്പാട്ടമായിരിക്കും സ്വപനത്തിൽ. പിന്നീട് ആൾ  വളരുന്നതിനനുസരിച്ച്  ഉരുട്ടിക്കൊണ്ട് നടക്കാനുള്ള ഒരു ചക്രത്തിൽ നിന്ന് തുടങ്ങി സൈക്കിളിലേക്കും മോട്ടോർ സൈക്കിളിലേക്കും കാറിലേക്കുമൊക്കെ അത്  വളർന്ന് പന്തലിക്കുന്നു. കുട്ടികളുടെ ഇത്തരം സ്വപ്നങ്ങൾക്ക് പകിട്ട് കൂടുതലാണ്. ഞങ്ങൾക്കും ഉണ്ടായിരുന്നു അത്തരം ചില സ്വപനങ്ങൾ...

സ്കൂളില്ലാത്ത ദിവസങ്ങളിൽ കുട്ടികൾക്ക് ചില പ്രത്യേക ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ടായിരുന്നു. പാട്ടാമ്പിയിൽ നിന്നും മൊത്തമായി വാങ്ങി സൂക്ഷിക്കാറുള്ള പലവ്യഞ്ജനങ്ങളിൽ വല്ലതും തീർന്ന് പോയിട്ടുണ്ടെങ്കിൽ അത് ആലിക്കാന്റെ പലചരക്കു പീടികയിലോ മീതു മൊയ്ല്യാരുടെ പീടികയിലോ പോയി വങ്ങിക്കൊണ്ടു വരിക, മൂത്താപ്പാക്ക് ഗണേശ് ബീഡി കൊണ്ടു വരിക, അത് മാനുക്കാന്റെ പീടികയിൽ നിന്ന് തന്നെ വേണം അവിടെയേ ഒറിജിനൽ കിട്ടൂ എന്നാണ് മൂപ്പർ പറയുന്നത്, ഹംസക്കോയ എളാപ്പാക്കോ കുഞ്ഞുട്ടി എളാപ്പാക്കോ എപ്പോഴെങ്കിലും വിരുന്നു വരാറുള്ള കുഞ്ഞുമോൻ കാക്കാക്കോ പാസിങ്ങ്ഷോയോ സിസറോ വാങ്ങ്ക്കൊണ്ടു വരിക, ഫ്ലാസ്ക്കുമായി ചെന്ന് കാക്കൂന്റെ ചായപ്പീടികയിൽ നിന്നും ചായ വാങ്ങിക്കൊണ്ടുവരിക, അതിനു മുണ്ട് ഒരുപാട് നിബന്ധനകൾ സമാവറിൽ നിന്നും തിളച്ച വെള്ള മൊഴിച്ച് ഫ്ലാസ്ക് കഴുകിയിട്ടേ ചായ ഒഴിക്കാവൂ കാക്കൂന്റെ പീടികയിൽ നിന്ന് തന്നെ വേണം. ഹോട്ടൽ ഓക്കാനിയയിൽ നിന്ന് വാങ്ങരുത്, എന്നിങ്ങനെ. ചുരുക്കിപ്പറഞ്ഞാൽ കുട്ടികളുടെ ഒഴിവു വേളകളുടെ നിറം കളയാൻ തക്ക ഉത്തരവാദിത്വങ്ങളേറെയുണ്ടായിരുന്നു തറവാട്ടിൽ എന്ന് പറയാം. 
അതിൽ നിന്ന് ഒരു ആശ്വാസം കിട്ടും എന്ന നിലക്കാണ് ഒരു വണ്ടി കിട്ടിയിരുന്നെങ്കിൽ പോക്കു വരവ് എളുപ്പമാകുമായിരുന്നു എന്ന് കുട്ടികൾ ചിന്തിച്ചത്. വണ്ടി എന്ന് പറഞ്ഞാൽ, മൂന്ന് ചക്രമുള്ള സൈക്കിളിന്മേലേക്ക് പെറ്റ് വീണ് പിച്ചവെച്ചു തുടങ്ങും മുമ്പ് ഇരുചക്ര സൈക്കിളുകളിലേക്ക് പ്രമോഷൻ കിട്ടുന്ന 
ഇന്നത്തെ മക്കൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത വണ്ടി. അവനൊരു ചക്രമാകുന്നു. തേയ്മാനം കൊണ്ട് ഉപേക്ഷിച്ച ലോറീ ടയറിന്റെ അരിക് വൃത്തിയായി ചെത്തിയെടുത്ത ചക്രം. സോഡാകുപ്പികളുടെ അടപ്പുകൾ പരത്തി അണിയടിച്ച് അലങ്കരിച്ചിരിക്കും. അതിനെ ഒരു മരക്കമ്പുകൊണ്ട് അടിച്ച് വേഗത്തിൽ ചക്രത്തിനൊപ്പം ഓടുക എന്നതാകുന്നു സവാരി. ഇത്തരം ഒരു ചക്രം -ഞങ്ങളതിനെ വട്ട് എന്ന് വിളിച്ചു-  അന്നത്തെ കുട്ടികളുടെ അഭിമാനമായിരുന്നു. പല കൂട്ടുകാരും അവരുടേത് ഒന്ന് ഓടിക്കാൻ ചോദിച്ചിട്ട് തന്നില്ല എന്നത് വലിയ അഭിമാനപ്രശ്നമായി.  ഇതൊന്ന് ഉണ്ടെങ്കിൽ കടവരെ നടന്നു പോയി സാധനങ്ങൾ വാങ്ങിക്കൊണ്ടു വരുന്നതിനേക്കാൾ വേഗം പോയിവരാമല്ലോ. ആ സമയം കൂടി മറ്റു കളികളിൽ ഏർപ്പെടാം എന്നതായിരുന്നു ചിന്ത. 
അങ്ങനെ വണ്ടി വാങ്ങാനുള്ള വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ സാധനം ചെറുതുരുത്തിയിൽ ഒരു ചെരുപ്പുകുത്തി വശം ലഭ്യമാണെന്നും വണ്ടിയിൽ കയറ്റാൻ സമ്മതിക്കാത്തതുകൊണ്ട് ഉരുട്ടിക്കൊണ്ടു വരേണ്ടിവരുമെന്നും ഞങ്ങളേക്കാൾ അല്പം മുതിർന്ന കാദിരിക്ക പറഞ്ഞു. പക്ഷേ അതിന് കായിച്ചെലവ്ണ്ട്. ഷൊർണൂർക്ക് തീവണ്ടിയിൽ പോകണം ചെറുതുരുത്തിക്ക് ബസ്സ്. പത്ത് പൈസ ചക്രത്തിന്റെ വില, പിന്നെ അവിടെ നിന്ന് കാരക്കാട് വരെ ഉരുട്ടിക്കൊണ്ടു വരാൻ എല്ലാം കൂടി അമ്പത് പൈസവേണ്ടി വരും എന്ന് കണക്ക് കൂട്ടി. പിന്ന് കാശ് ഒപ്പിക്കാനുള്ള ശ്രമമായി. പെരുന്നാളിന്ന് കരുതിവെച്ചതും വേളേരിപ്പറമ്പിലെ പറിങ്കിമാവിന്റെ ചുവട്ടിൽ നിന്ന് പെറുക്കിയ അണ്ടി വിറ്റുകിട്ടിയതു എല്ലാം കൂടി നാല്പത് പൈസ ഒത്തു. ഇനിയും വേണം പത്ത് പൈസ ഉപ്പാനോടും മൂത്താപ്പാനോടും എളാപ്പാരോടും ഒക്കെ ഒന്നും രണ്ടും പൈസയായി ഒപ്പിച്ചു. ഒരു ദിവസം മഗ്രിബിന്റെ നേരത്ത് സ്കൂൾ മിറ്റത്ത് വെച്ച് ഞാനും കുഞ്ഞാപ്പുട്ടിയും കുഞ്ഞിപ്പയും ഹംസുവും  കൂടി എട്ടണ ആഘോഷമായി കാദറിക്കാനെ ഏല്പിച്ചു. അദ്ദേഹം വലിയഒരു ത്യാഗം പോലെ പുലച്ചെ ഷട്ടിലിന് ഷൊർണൂറ് പോയി വണ്ടി ഡെലിവറി എടുക്കാം എന്ന് സമ്മതിച്ചു.... പൈസ കൊടുത്തതുമുതൽ ഒരു വണ്ടി ബുക്ക് ചെയ്ത്
 കാത്തിരിക്കുന്നവരെപ്പോലെ ഞാനും കൂട്ടുകാരും. ആ കാംക്ഷയോടെ വണ്ടിയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. വണ്ടി കിട്ടിയിട്ട് കളിക്കേണ്ട കളികളും മറ്റും... ചേക്കുമൊല്ലക്കായുടെ ബാങ്ക് വിളി കേട്ടപ്പോൾ ഞങ്ങൾ വീടുകളിലേക്ക് മടങ്ങി. പടിപ്പുര കടന്ന് വരുന്ന ഞങ്ങളെ നോക്കി കോലായിൽ നിൽക്കുകയായിരുന്ന വെല്ല്യുമ്മ ചോദിച്ചു ഇന്നെന്താ ഇരുട്ടായിട്ടും കൂടണയുന്നില്ലേ. മാളുവും കുഞ്ഞിമാളുവും പഠിക്കാൻ തുടങ്ങിയിരുന്നു. 
വേഗം കുളത്തിൽ പോയി കയ്യും കാലും കഴുകിവന്ന് പഠിച്ചതോദ്... ചിരിച്ചുകൊണ്ട് ഞങ്ങൾ കുളക്കരയിലേക്കോടി. 
അന്ന് രാത്രിയിൽ നാളെ കിട്ടാൻ പോകുന്ന വണ്ടിയെക്കുറിച്ചോർത്ത് ശരിക്ക് ഉറങ്ങിയില്ല. കുറേ നേരം കഴിഞ്ഞു പഞ്ചാരമണലിലൂടെ  വണ്ടിയുരുട്ടി വേഗത്തിലോടുന്നത് സ്വപനം കണ്ടു കൊണ്ട് ഉറങ്ങി. 
പിറ്റേന്ന് സ്കൂളില്ലാത്ത ദിവസമായിരുന്നു. പതിവിലും നേരത്തെ എഴുന്നേറ്റ് വരാനിരിക്കുന്ന വണ്ടിയെക്കുറിച്ചുള്ള ചർച്ച തുടങ്ങി. എങ്ങനെയായാലും ഉച്ചയാകും എത്താൻ എന്ന് കണക്കു കൂട്ടി. ഉച്ചയായപ്പോൾ കാക്കൂന്റെ പീടികക്കുമുന്നിൽ റെയിൽ പാതയിൽ കിഴക്കോട്ടും നോക്കി കാത്തു നില്പായി. കുറേ നേരം കാത്തു. ളുഹർ ബാങ്കു കൊടുത്തു കഴിഞ്ഞപ്പോളതാ അങ്ങ് ദൂരെ ചേരിക്കല്ല് കട്ടിയും കടന്ന് വണ്ടി ഉരുട്ടിക്കൊണ്ട് കാദറിക്ക വരുന്നു....
അങ്ങനെ സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലമായി. ഉരുളുമ്പോൾ കിലുങ്ങാൻ സോഡക്കുപ്പിയുടെ അടപ്പുകൊണ്ട് കിലുക്കുണ്ടാക്കി ഫിറ്റ് ചെയ്ത് കുറെകാലം ഉരുട്ടിക്കൊണ്ട് നടന്നു. പിന്നെ അത് കൂട്ടുകാർക്കാർക്കോ കൊടുത്തു എന്ന് തോന്നുന്നു.....

Saturday, March 5, 2022

വാകീറിയ ദൈവം....

പണ്ടൊരു രാജ്യത്ത് ജ്ഞാനിയായ ഒരു മനുഷ്യനുണ്ടായിരുന്നു. നല്ല അറിവാണ്‌പക്ഷേ അദ്ധ്വാനിക്കുന്നതിനോട് മൂപ്പര്‍ക്കത്ര യോജിപ്പുണ്ടായിരുന്നില്ല. പ്രപഞ്ചത്തെകുറിച്ചും അതിന്റെ സൃഷ്ടാവിനെക്കുറിച്ചുമൊക്കെ ധാരാളം ആലോചിച്ച് ദേവാലയത്തില്‍ കഴിച്ചുകൂട്ടുക എന്നതായിരുന്നു ശൈലി. വാകീറിയ ദൈവം അന്നവും തരുമെന്ന് മൂപ്പരുറച്ചുവിശ്വസിച്ചു. അരെങ്കിലും ക്ഷണിച്ചുകൊണ്ടു പോയി ഭക്ഷണം കൊടുത്തിരുന്നതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട അവശ്യമൊട്ടുണ്ടായില്ല താനും .
ഉത്പതിഷ്ണുവായ രാജാവിന്റെ ശ്രദ്ധയില്‍ ഇതുപെട്ടപ്പോള്‍ അദ്ദേഹം ജ്ഞാനിയെവിളിപ്പിച്ചു. വെറുതെയിരിക്കരുത് എന്നും നന്നേചുരുങ്ങിയത് ചെറിയ കച്ചവടങ്ങള്‍ക്കെങ്കിലും പോകണമെന്ന് കല്പിച്ചു. അതിനു മൂലധനമൊന്നുമില്ലല്ലോ തുരുമേനീ എന്നായി ജ്ഞാനി. . അതും രാജാവ്‌ സംഘടിപ്പിച്ചു കൊടുത്തു. അങ്ങനെ മനസ്സില്ലാമനസ്സോടെ ഒരൊട്ടകപ്പുറത്ത് കച്ചവടവസ്തുക്കളുമായി അദ്ദേഹം സാര്‍ത്ഥവാഹക സംഘത്തോടൊപ്പം പുറപ്പെട്ടു... മരുഭൂമിയിലൂടെയുള്ളയാത്ര.. വിജനമായ മരുഭൂമിയില്‍ തെളിഞ്ഞ ആകാശത്തിനു കീഴെയുള്ള രാത്രികള്‍ കത്തുന്ന പകലുകളിലൂടെ തണുത്ത രാവുകളിലൂടെ  ദീര്‍gഘമായ യാത്ര... മരുപ്പച്ചകളില്‍ വിശ്രമം. അങ്ങനെയൊരു വേളയില്‍ കൂട്ടുകാരെല്ലാം വിശ്രമിക്കവേ അദ്ദേഹം ഒറ്റയ്ക് കുറേദൂരം മരുഭൂമിയുടെ അകത്തേക്ക് നടന്നു പോയി. അവിടെ ഒരു ഈന്തപ്പനത്തണലില്‍ ഒരു പക്ഷിയിരിക്കുന്നു. നോക്കിയപ്പോള്‍ ആപക്ഷിക്ക് രണ്ടു കണ്ണുകളുമില്ലായിരുന്നു. സിദ്ധന് കൗതുകമായി. ഇതെങ്ങനെ ഈ മരുഭൂമിയില്‍ ഒറ്റയ്കു ജീവിക്കുന്നു. അദ്ദേഹം പക്ഷിയെ നിരീക്ഷിക്കാന്‍ തുടങ്ങി അത്ഭുതം മറ്റൊരു പക്ഷിയതാ കൊക്കില്‍ ഇരയുമായി വന്ന്‌കണ്ണുകാണാത്ത പക്ഷിയെ തീറ്റുന്നു. 
സിദ്ധന്‍ ഉടനെ കച്ച്വടമുപേക്ഷിച്ച് മടങ്ങി. വീണ്ടും ദേവാലയത്തില്‍ ചെന്ന് ഇരിപ്പായി. രാജാവ് വിവരമറിഞ്ഞു ജ്ഞാനിയെ  വിളിപ്പിച്ചു. കച്ചവടം പാതി വഴിക്കുപേക്ഷിച്ചതിന്റെ കാരണമാരാഞ്ഞു. അദ്ദേഹം മരുഭൂമിയില്‍ താന്‍ കണ്ട കാഴ്ച വിവരിച്ചിട്ടു പറഞ്ഞു. അതാണെന്റെ ദര്‍ശനം.  തിരുമനസ്സേ ആരും കഷ്ടപ്പെടേണ്ടതില്ല. വിജനമായ മരുഭൂമിയില്‍ അന്ധനായ പക്ഷിക്ക് അന്നമെത്തിക്കുന്ന ദൈവം എനിക്കുള്ളതും എത്തിച്ചുതരും ..........
രാജാവ്‌ചോദിച്ചു വിഡ്ഢീ അന്ധനായ പക്ഷിക്കു പകരം നിനക്കെന്തുകൊണ്ട് അതിനെ തീറ്റിയ പക്ഷിയെ മാതൃകയാക്കിക്കൂടാ.... ഈ ചോദ്യം അയാളുടെ കണ്ണു തുറപ്പിച്ചു. പിന്നീട് കഠിനാദ്ധ്വാനം ചെയ്ത് സമ്പാദിക്കുന്നതൊക്കെ അശരണര്‍ക്ക് വീതിച്ചുനല്കി ശിഷ്ടകാലം  ജീവിച്ചു എന്ന് കഥ...........

Sunday, February 27, 2022

ഒരൊഴിവു ദിനത്തിന്റെ ഓർമ്മ

മുതിർന്നവരുടെ പല ശാഠ്യങ്ങളോടും കുട്ടിക്ക് അഹിതമായിരുന്നു. വിശേഷിച്ചും നേരത്തെ ഉണരണം എന്നതിനോട്. പുലർച്ചത്തെ കുളിരിൽ മൂടിപ്പുതച്ച് കിടക്കുന്നതിന്റെ സുഖം ഇക്കൂട്ടർക്കെന്താണ് മനസിലാകാത് എന്ന് അവൻ അതിശയപ്പെട്ടു. ഉമ്മയോ തിത്യാത്തയോ പലവട്ടം വിളിക്കുകയോ ഈർക്കിൽ കൊണ്ട് ചന്തിക്ക് പിടക്കുകയോ ഒക്കെ ചെയ്യുന്നതുവരെ ചുരുണ്ട് കൂടിക്കിടക്കുകതന്നെയാണ് പതിവ്. എന്നാ ഇതൊരു സ്ഥിരം പതിവൊട്ടല്ലതാനും. സ്കൂളും മദ്രസയും ഇല്ലാത്ത ദിവസങ്ങളിൽ ചേക്കുമൊല്ലക്ക ബാങ്കുവിളിച്ച് അധികം കഴിയുന്നതിന് മുമ്പ് തന്നെ മൂപ്പരുണരും. അപ്പോഴേക്കും ഉമ്മയെഴുന്നേറ്റ് പോയിരിക്കും. കട്ടിലിൽ കിടക്കുന്ന ഉപ്പായേയും അനുജനേയും ശല്ല്യം ചെയ്യാതെ 

മുകളിലെ വടക്ക്യാറയുടെ ജനലിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടൊരു നില്പാണ്. പുറത്ത് മരച്ചില്ലകളിൽ വണ്ണാത്തിപ്പുള്ളുകൾ പാടുന്നത് കരിമ്പനമുകളിൽ ചാണാക്കിളികൽ കലപിലകൂട്ടുന്നതും കാക്കകൾ കരയുന്നതും കേട്ടുകൊണ്ട് പൊട്ടിവിരിയുന്ന പുലരിയേയും നോക്കിഅവൻ നിൽക്കും. പുറത്ത് ഇരുൾ മാഞ്ഞ് ആകാശത്ത് ചാരനിറം പടരുന്നതും പിന്നെ  കിഴക്ക് കുങ്കുമം പരക്കുന്നതും പാറ്റത്തെങ്ങിന്റെ തുമ്പിൽ പൊൻ കതിർ തെളിയുന്നതും കണ്ടുകൊണ്ട്…

അന്നൊരു ഞായറാഴ്ചയായിരുന്നു. സ്കൂളില്ലെങ്കിലും മദ്രസയിൽ പോകേണ്ടതുകൊണ്ട് ഞായറാഴ്ചകളോട് കുട്ടിക്ക് വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അന്ന് മുഹറം പത്തായതുകൊണ്ട് മദ്രസക്കും ഒഴിവ്.‌ അതിനാൽ തലേന്നുതന്നെ പദ്ധതികൾ ആസൂത്രണം ചെയ്തു കഴിഞ്ഞിരുന്നു.  അത്തരം ദിവസങ്ങളിലെ പതിവു പോലെ കുട്ടി നേരത്തെ ഉണർന്നു. 

ഇന്ന് സ്കോളും മദ്രസീം ല്ലാത്തതിന്റെ ഉസറാ അല്ലെങ്കിൽ കുണ്ടീല് വെയിലുദിച്ചാലും നീക്കാത്ത ആളാ… തിത്യാത്താന്റെ വക കമന്റ്. ഈ വകക്കൊന്നും ചെവികൊടുക്കേണ്ടതില്ല എന്ന് അവനറിയാം. കേൾക്കാത്ത മട്ടിൽ ചുമലിൽ നിന്നൂർന്ന് പോകുന്ന ട്രൗസറിന്റെ വള്ളി നേരെയാക്കി അവൻ പുറത്തേക്കിറങ്ങി. വടക്കിനി മുറ്റത്തിന്റെ അതിരിൽ നിൽക്കുന്ന തെങ്ങിൻ തുമ്പിൽ വെയിൽ നാളം പൊന്നുരുക്കുന്നത് നോക്കി അല്പം മിഴിച്ചു നിന്ന ശേഷം തെങ്ങിൻ ചുവട്ടിൽ മൂത്രമൊഴിക്കാനിരുന്നു. ചരലിലേക്കൊഴിച്ച മൂത്രം നുരയായി പൊങ്ങുന്നതും നോക്കി അല്പമിരുന്നു. വറ്റിപ്പോയ നുരക്കത്തുനിന്നും പുറത്തു വന്ന ഒരു ഞാഞ്ഞൂളിനെ കണ്ടപ്പോളവനോർത്തു ഇനി ചൂണ്ടയിടാൻ ഇരയെടുക്കാൻ ഇവിടെ കിളക്കാം. അമ്മിത്തറയുടെ അടുത്ത് കെട്ടിത്തൂക്കിയിരുന്ന പാളയിൽ നിന്നും ഒരു നുള്ള് ഉമിക്കരിയുമെടുത്ത് ഒരു കാറോടിക്കുന്ന ആംഗ്യങ്ങളോടെ കുളക്കരയിലേക്ക് ഒരോട്ടം വെച്ചുകൊടുത്തു. കുളക്കരയിലെ തെങ്ങിൻ തയ്യിൽ നിന്നും ഒരീർക്കൽ അടർത്തിയെടുത്ത് കുളത്തിലേക്കിറങ്ങി. അലക്കുകല്ലിൽ കയറിയിരുന്ന് പല്ലുതേപ്പും ഈർക്കിൽ കൊണ്ട് നാവ് വടിക്കലും കഴിച്ച് മുഖം കഴുകി വേഗം കുളത്തിൽ നിന്ന് കയറി. കുളക്കരയിൽ നിന്ന് അവൻ തെക്കോട്ട് നോക്കി. കുളത്തോട് ചേർന്ന് വിശാലമായ പാടം. പാടത്തിനു കുറുകെ പടിഞ്ഞാറോട്ട് നീണ്ട് കിടക്കുന്ന റെയിൽ പാളം. പാടത്തിന്റെ അതിരിൽ പഞ്ചാരമണൽ തിട്ടകൾക്കിടയിലൂടെ പടിഞ്ഞാട്ടൊഴുകുന്ന ഭാരതപ്പുഴ. കുട്ടിക്കേറ്റവുമിഷ്ടം പുഴയോടായിരുന്നു. പുഴക്കുമപ്പുറം വീണ്ടും പാടം പാടത്തിന്റെ തെക്കേയരികിൽ ഒരു കോട്ടപോലെ ഉയർന്നു നിൽക്കുന്ന കൊണ്ടൂരക്കുന്ന്. കൊണ്ടൂരക്കുന്നിനെ അവൻ ദൂരെ നിന്ന് കണ്ടിട്ടേയുള്ളൂ. എന്നെങ്കിലും തഞ്ചം കിട്ടിയാൽ വീട്ടിലറിയിക്കാതെ കൂട്ടുകാരെയും കൂട്ടി അതിന്റെ നെറുകിലൊന്ന് കയറണം എന്ന് അവൻ നിശ്ചയിച്ചിട്ടുണ്ട്. റബ്ബറിന് മരുന്നടിക്കാൻ വന്ന ഹെലിക്കോപ്റ്റർ കണ്ടപ്പോൾ തുടങ്ങിയതാണ് പൂതി. കാര്യം കുഞ്ഞാപ്പുട്ടി ഹംസു മുതലായവരുമായി കൂടിയാലോചിച്ചിട്ടുണ്ട്. ഇനി അടുത്ത തവണ റബ്ബറിന് മരുന്നടിക്കാൻ ഹെലിക്കോപ്റ്റർ വരുമ്പോഴാകട്ടേ എന്നാണ് തീരുമാനം. ചെങ്ങണം കുന്ന് കടവിൽ ആളുകളെ കയറ്റി അക്കരേക്ക്നീങ്ങുന്നതോണിയെ 

നോക്കിനിൽക്കവേ അവൻ കണ്ടു കുന്നിന്റെ മറുപുറത്ത് നിന്നും കയറിവരുന്ന കാർമേഘപടലങ്ങൾ. കുട്ടിയുടെ മനസ് മ്ലാനമായി. കാറെങ്ങാൻ പെയ്യാനൊരുങ്ങിയാൽ ഇന്നത്തേക്ക് പദ്ധതിയിട്ട കളികളെല്ലാം മുടങ്ങിയതുതന്നെ. മനസിലുണർന്ന നിരാശയെ ഒരു മൂളിപ്പാട്ടുകൊണ്ട് മായ്കാൻ ശ്രമിച്ചുകൊണ്ടവൻ വീട്ടിലേക്ക് നടന്നു. കൂട്ടുകാരെല്ലാം ഇപ്പൊഴിങ്ങെത്തും. 

വീട്ടിൽ പ്രാതൽ റെഡിയായിരുന്നു. കട്ടൻ ചായയും അരിമാവു തേങ്ങ ചേർത്ത് കുഴച്ച് ഇലയിൽ പരത്തിൽ മൺ ചട്ടിയിൽ ചുട്ടെടുത്ത അടയും. ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കവേ അവൻ കണ്ടു അടുക്കളയുടെ കിളിവാതിലിലൂടെ പാറി വീഴുന്ന വെയിൽ നാളങ്ങൾ മങ്ങുന്നു. മഴ വരി വക യാണ്. പുറത്തിറങ്ങിയുള്ള കളികളൊന്നും ഇന്ന് നടക്കുമെന്ന് തോന്നുന്നില്ല. പടിപ്പുരയിലോ വിറകു പുരയിലോ കളിക്കാവുന്ന കളികൾ സംഘടിപ്പിക്കേണ്ടി വരും. ഈ മഴ പെയ്തേ പോകൂ. 

പുറത്തുനിന്നും കാളി വിളിച്ച് പറയുന്നു. ചെറിയുമ്മേ വല്ല്യ മഴ വര്ണ്ട് ഇന്ന് നെല്ല് പുഴുങ്ങലൊന്നും നടക്കും ന്ന് തോന്ന്ണില്ലാ…

ചായകുടിച്ച് കുട്ടി കോലായിലെത്തി. ഇപ്പോൾ മുറ്റത്തും തൊടിയിലും വെയിലില്ല. കൊണ്ടൂരക്കുന്നിനു മേൽ തൂവെള്ള നിറത്തിൽ പെയ്തിറങ്ങുന്ന മഴ. നേരിയകാറ്റു വീശി. ഒപ്പം മഴയുടെ ഇരമ്പവും… പെട്ടന്ന് കുട്ടി മുസ്ല്യാർ പഠിപ്പിച്ചു തന്നത് ഓർത്തു. മഴയുടെ മുന്നോടിയായി കാറ്റിനെ അയക്കുന്നത് പടച്ചവനാകുന്നു. തന്റെ അടിമകളുടെ പ്രാർത്ഥന പടച്ചവൻ കേൾക്കും എന്നും അദ്ദേഹം പറഞ്ഞു. പെട്ടന്നവൻ പ്രാർത്ഥിച്ചു പടച്ചവനേ ഈ മഴ വേഗം തോർന്ന് കിട്ടണേ. കാറ്റിനു പിറകേ മഴയുമെത്തി. ഓട്ടിൻ പുറത്തേക്ക് ചരൽ വാരിയെറിയും പോലെ അല്പം. പിന്നെ ഇരമ്പലോടെ വലിയമഴ. കുട്ടിക്ക് കൗതുകമായി. കോലായുടെ അരത്തിണ്ണയിലേക്ക് കമഴ്ന്ന് ചാഞ്ഞ് കിടന്ന്  അവൻ മഴയെ കൗതുകപൂർവ്വം നോക്കി.‌ മിറ്റത്തും തൊടിയിലും പാടത്തുമെല്ലാം തിമർത്ത് പെയ്യുന്നമഴ.ഇപ്പോൾ കൊണ്ടൂരക്കുന്ന് കാണാനേയില്ല. മഴയുടെ കൗതുകം അവന്റെ മൻസിൽ അവനറിയാതെ അഹ്ലാദം നിറച്ചു. മിറ്റത്ത് വെള്ളം നിറഞ്ഞു. കലങ്ങിയവെള്ളം പടഞ്ഞാറേ തൊടിയിലേക്ക് ഒഴുകാൻ തുടങ്ങി. വെള്ളത്തിൽ ആഞ്ഞുപതിക്കുന്ന വെള്ളത്തുള്ളികളുണ്ടാക്കുന്ന വലിയ കുമിളകൾ കുറേദൂരം വെള്ളിത്തിലൊഴുകുന്നതും മറ്റൊരു മഴത്തുള്ളിയേറ്റ് ഉടഞ്ഞു പോകുന്നതും രണ്ട് കാക്കകൾ തൊഴുത്തിൽ കെട്ടിയിരിക്കുന്ന മൂരികളുടെ ചെവിയിൽ നിന്നും മുതുകിൽ നിന്നും ചെള്ളിനെ കൊത്തിയെടുക്കുന്നതും തൊഴുത്തിന്മേൽ പടർന്ന് വളരുന്ന മത്ത വള്ളിയിലെ പൂവ് മഴയിൽ വിറകൊള്ളുന്നതും മെല്ലാം നോക്കി അവനങ്ങനെ കിടന്നു. കൂവിവിളിച്ചുകൊണ്ട് കികിഴക്കോട്ട് പാഞ്ഞ് പോയ ചരക്കുവണ്ടി മഴകൊണ്ട് ശരിക്ക് കാണാൻ പറ്റുന്നില്ല. കുട്ടിയോർത്തു കഴിഞ്ഞ വിഷുക്കാലത്ത് കോപ്പൻ തൊഴുത്തിനു പിന്നിൽ കുത്തിയിട്ടതാണ് മത്തൻ. കുഴിയിൽ നിന്നും തൊഴുത്തിലേക്ക് ചാരിക്കൊടുത്ത ഇല്ലിത്തുമ്പിലൂടെ അത് പടർന്ന് തൊഴുത്തിന്മേൽ കയറിയിരിക്കുന്നു. കുട്ടി ചിന്തയിൽ നിന്നുണർന്നു. നോക്കുമ്പോൾ മഴ തോർന്നിരിക്കുന്നു. മിറ്റത്തും തൊടിയിലും വീണുകിടക്കുന്ന ഇളവെയിൽ നാളങ്ങൾ...കൊണ്ടൂരക്കുന്നിന്റെ തെക്ക് പടിഞ്ഞാറേ കോണിൽ കമാനം വർണ്ണഭംഗിയാർന്ന മഴിവില്ല്….


ഒരൊഴിവു ദിനത്തിന്റെ ഓർമ്മ (2)

*************************************

മഴവില്ലിന്റെൽ അഴകും നോക്കിയങ്ങനെ കിടക്കവേ അവൻ കേട്ടു. മേലേ പടിപ്പുരയുടെ മറവിൽനിന്നും ഉച്ചത്തിൽ വർത്തമാനം പറഞ്ഞ് ചിരിച്ചുകൊണ്ട് അവർ വരുന്നു. മൂത്താപ്പയും കാദറിക്കയുമാണെന്ന് ഒച്ച കേട്ടപ്പൊഴേ കുട്ടിക്ക് മനസിലായി. കാതറിക്ക ഏപ്പോഴും മൂത്താപ്പാന്റെ കൂടെയുണ്ടാകും. മുയൽവേട്ടക്കും മീൻ പിടുത്തത്തിനുമൊക്കെ കാദറിക്ക മൂത്താപ്പാന്റെ കൂടെയുണ്ടാകും. വേർപിരിയാത്ത കൂട്ടുകാർ. കുട്ടി പല നായാട്ടു കഥകളും കേട്ടിട്ടുണ്ട്. തനിക്കും അവരോടൊപ്പം പോകാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചിട്ടുമുണ്ട്. മൂത്താപ്പ നെറ്റിയിൽ ഹെഡ് ലൈറ്റ് കെട്ടി തോക്കും സഞ്ചിയുമെടുത്ത് ഇറങ്ങുമ്പോഴൊക്കെ ഞാനും പോരട്ടേ എന്നവൻ കെഞ്ചാറുണ്ട്. ഒരു നായാട്ട്വാരൻ വന്ന്ക്കുണൂ. പൊയ്ക്കൊ കൊഞ്ചാതെ എന്നും പറഞ്ഞ് മൂത്താപ്പ അവനെ ഒഴിവാക്കുകയാണ് പതിവ്. ഏതായാലും ഇന്ന് ഒന്ന് ശ്രമിച്ച് നോക്കുകതന്നെ എന്ന് കുട്ടി മനസിൽ ഉറച്ചു. രാത്രിയൊന്നുമല്ലല്ലോ…

ങൂം എന്താ ഇന്ന് മദ്രസയിൽ പോണ്ടേ എന്ന് ചോദിച്ച്കൊണ്ട് മൂത്താപ്പ കോലായിലേക്ക് കയറി. ഇന്ന് അസറാപത്തല്ലേ എന്ന് ചോദിച്ചുകൊണ്ട് കൂടെ കാദറിക്കയും. വാപ്പുട്ട്യേ വേഗം പോണം. ഉച്ചടെമുമ്പ് കൊളത്തിങ്ങലെത്യാലേ മീൻ പൊന്ത്വൊള്ളൂ. ഇന്ന് മീനിനെ വെടിവെക്കാനാണ് പുറപ്പാട് എന്ന് കുട്ടിക്ക് മനസിലായി. മൂത്താപ്പ അകത്തേക്ക് കയറിപ്പോയി. കയ്യിൽ തോക്കും ചുമലിൽ ഒരു സഞ്ചിയുമായി ഇറങ്ങിവന്ന മൂത്താപ്പാനോടവൻ ആശയോടെ ആരാഞ്ഞു. മൂത്താപ്പാ ഞാനും വരട്ടേ. ഹേയ് കുട്ട്യേളൊന്നും വരാൻ പാടില്ല. ഞങ്ങളക്കരക്കാ പോണ്. ഞാനും പോരും അവൻ ചിണുങ്ങി. മര്യേദിക്ക് ബടെ നിന്നോ. പറഞ്ഞത് കേട്ടില്ലെങ്കിൽ കുണ്ടിമ്മലേ തോല് ഞാനൂരും… അവൻ ചിരിച്ചു. അവനറിയാം ഉപ്പായെപ്പോലെ മൂത്താപ്പ കുട്ടികളെ അടിക്കാറില്ല. ഏറിയാൽ തലക്കൊരു കിഴുക്ക് അല്ലെങ്കിൽ ചീത്ത പറഞ്ഞ് നാണിപ്പിക്കും. അത്രേയുള്ളൂ. മൂത്താപ്പയുൻ കാദറിക്കയും തെക്കുവശത്തെ പടിയിറങ്ങി പാടത്തേക്കിറങ്ങിയപ്പോൾ അവനും വീട്ടിൽ നിന്നിറങ്ങി. അവരെ കാണാവുന്ന ദൂരത്തിൽ പിറകെ കൂടി. അവർ എന്തൊക്കെയോ പറഞ്ഞ് ചിരിച്ചുകൊണ്ട് തിരിഞ്ഞ് നോക്കാതെ നടക്കുകയാണ്. രണ്ട് പേരും ബീഡി വലിക്കുന്നുണ്ട്. തോക്ക് കാദറിക്കാന്റെ ചുമലിലാണ്. അവർ റെയിലിന്മേലേക്ക് കയറിയപ്പോൾ അവൻ പാടത്തേക്കിറങ്ങി. അവരിപ്പോൾ നല്ല വേഗത്തിലാണ്. അവർ കണ്ണിൽ നിന്നും മറയാതിരിക്കാൻ അവൻ ചെറുതായി ഓടാൻ തുടങ്ങി. റെയിലിന്മേൽ കയറിയപ്പോഴേക്കും അവൻ കിതച്ചു. തിരിഞ്ഞ് നോക്കിയ കാദറിക്ക അവനെകണ്ടു. ബാപ്പുട്ട്യേ മറ്റോൻ ഒപ്പണ്ട് ട്ടോ. ഓരി കൂട്യേ പോലെ കൂടീക്ക്വാ. വിട്ട് പോണ ലക്ഷണല്ലാ.  മൂത്താപ്പ തിരിഞ്ഞ് നോക്കി ചിരിച്ചുകൊണ്ട്  മര്യാദക്ക് വേഗം പൊയ്കോ ഞാൻ കല്ലെടുത്തെറിയും…. അവൻ ഭീഷണികാര്യമാക്കിയില്ല. ഏതായാലും അതൊന്നും സംഭവിക്കാൻ പോകുന്നില്ല എന്ന് അവനുറപ്പായിരുന്നു. പക്ഷേ മൂത്താപ്പ ചെറിയൊരു കല്ലെടുത്ത് എറിഞ്ഞു. പക്ഷേ കല്ല് അവന്റെ മേൽ കൊള്ളരുത് എന്ന് നിർബന്ധമുള്ള പോലെയായിരുന്നു ഏറ്. അത് കണ്ടപ്പൊഴേ അവന് സമാധാനമായി. നന്നായി എറിയാൻ കഴിയുന്ന മൂത്താപ്പ തന്നെ പേടിപ്പിച്ചതാണ് എന്ന് അവന് മനസിലായി.‌ തോട്ടത്തിലൂടെ ഓടുകയായിരുന്ന ഒരു വെമ്പാലയെ ഒറ്റയേറിൻ കൊന്നത് ഒർക്കലവൻ കണ്ടതാണല്ലോ. അവൻ റെയിലിരു വശത്തെയും കാഴ്ച്ചകൾ കണ്ടുകൊണ്ട് പതുക്കെ അവരെ പിൻ തുടർന്നു. റെയിൽ പാതക്കിരു വശവും പച്ച പുതച്ച നെല്പാടങ്ങൾ… പിന്നെ കലങ്ങിമറിഞ്ഞൊഴുകുന്ന പുഴ… പുഴക്കപ്പുറം വീണ്ടും അവിടവിടെ കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന പാടങ്ങൾ. അതിനതിരിട്ടുകൊണ്ട് കൊണ്ടൂരക്കുന്ന്. കുന്നിനിപ്പോൾ വീട്ടിൽ നിന്ന് കാണുന്നതിനേക്കാൾ ഭംഗിയുണ്ട്. അങ്ങോട്ടാണ് പോകുന്നതെങ്കിൽ കുന്നിനെ കുറേക്കൂടി അടുത്ത് കാണാമല്ലോ എന്നവൻ സന്തോഷത്തോടെ ഓർത്തു. ഇപ്പോൾ ആകാശം നന്നായി തെളിഞ്ഞട്ടുണ്ട്. രാവിലെ പെയ്തമഴയുടെ മേഘങ്ങളൊന്നും ആകാശത്തിപ്പോൾ ബാക്കിയില്ല. വെയിലിന് നല്ല ചൂട്. 

വിതകഴിഞ്ഞിട്ടില്ലാത്ത പാടങ്ങളിൽ കന്ന് പൂട്ടുന്നുണ്ട്. പൂട്ടുകാരുടെ പിറകെ കൊക്കുകളും കാക്കകളും പിന്നെ കുറേ ചാണാകിളികളും. കുട്ടിക്ക് മൊത്തത്തിൽ നല്ല ഉഷാറ് തോന്നി..പെട്ടന്ന് കുട്ടിക്ക് വേവലാതിയായി. അവൻ വീട്ടിൽ നിന്നിറങ്ങിയത് ആരും കണ്ടിട്ടില്ല. കുറച്ച് കഴിഞ്ഞാൽ ഉമ്മയോ വെല്ലിമ്മയോ അവനെ തിരക്കിയാൽ പ്രശ്നമാകും. ചിലപ്പോൾ ഉപ്പാനോട് പറഞ്ഞ് അടിവാങ്ങിത്തരാനും മതി…. ഏതായാലും ഇനി മടങ്ങേണ്ട്. കേസാവുകയാണെങ്കിൽ മൂത്താപ്പ അനുവദിച്ചതാണെന്ന് പറയാം. മൂത്താപ്പയും കാദറിക്കയും പാതയോരത്തെ ചായക്കടയിലേക്ക് കയറി. ചായക്കടയിലേക്ക് കയറുന്നത് ശരിയല്ല എന്ന ഒരു തോന്നലുണ്ടായപ്പോൾ കുട്ടി കടക്കടുത്തുള്ള മാവിന്റെ തണലിൽ കാത്തുനിന്നു. ബാപ്പുട്ട്യേ മൂച്ചിടെ ചോട്ടിലാരാ നിക്ക്ണ്ന്ന് നോക്കാ. കാദറിക്ക മൂത്താപ്പാനോട്… കുട്ടി തല താഴ്ത്തി. ബടവാ മൂത്താപ്പ വിളിച്ചു. അവൻ മടിച്ച് മടിച്ച് പതുക്കെ കയറിച്ചെന്നു മൂത്താപ്പ ആളുകൾക്കിടയിൽ വെച്ച് കളിയാക്കുമോ എന്ന് അവന് പേടിയുണ്ടായിരുന്നു… പക്ഷേ ദേഷ്യപ്പെടുന്നതിന് പകരം തന്നെ സന്തോഷത്തോടെ കടയിലുള്ളവർക്ക് പരിചയപ്പെടുത്തുകയാണ് ചെയ്തത്. അന്സന്റെ മകനാ അവന് നായാട്ടിന് പോരണത്രേ…

ങാ അനവും പഠിക്കട്ടെ അന്റെ പാരമ്പര്യം നിലനിക്കട്ടേ… നരച്ച തതാടിയും വെളുത്ത വട്ടമുഖവുമുള്ള ആൾ കടയുടമ അവനെ പിൻതാങ്ങി. അവരെ കൂടാതെ കടയിലുണ്ടായിരുന്ന രണ്ടു പേരും ചിരിച്ചു. കുഞ്ഞീതുക്കാ ഇവന് ചായ കൊടുക്കിൻ. മൂത്താപ്പ പറഞ്ഞു. വൈകാതെ ഗ്ലാസിൽ നുരപൊങ്ങുന്ന ചായയും പിട്ടും ഒരു വലിയ പപ്പടവും അവന്റെ മുന്നിലെത്തി…

അപ്പൊ പഹയാ അനക്കൊരു കുപ്പായടാർന്നിലേ. മൂത്താപ്പാന്റെ ചോദ്യം കേട്ടപ്പോഴാണ് താൻ അർദ്ധ നഗ്നനാണല്ലോ എന്ന കാര്യം അവനോർത്തത്. പെട്ടന്ന് ചമ്മിപ്പോയ കുട്ടിയെ കടക്കാരൻ ആശ്വസിപ്പിച്ചു. അതൊന്നും സാരല്ലാന്ന് മോൻ ചായ കുടിക്ക്. അവന് സമാധാനമായി. അവർ ചായകുടിച്ച് കഴിഞ്ഞിട്ടും അവന്റേത് പകുതിയായില്ല. ചായക്ക് നല്ല ചൂട്. അവൻ മെല്ലെ ചായ ഊതിക്കുടിക്കാൻ തുടങ്ങി. കടയിലിരുന്നവരും പുതുതായി വന്നവരുമൊക്കെ അവനോട് കുശലം പറയുകയും ചിരിക്കുകയും ചെയ്തു... 

ചായകുടിച്ചിട്ട് കുടീൽ പൊയ്ക്കൊട്ടോ ഞങ്ങള് പോഗ്വാണ് എന്നും പറഞ്ഞ് അവരിറങ്ങി. അവനൊന്നും മിണ്ടിയില്ല. ‌കുടിച്ചത് മതിയാക്കി അവൻ ഇറങ്ങി. കടയിൽ നിന്നും ദൂരെയെത്തിയപ്പോൾ ഒരിക്കൽ കൂടി മൂത്താപ്പ അവനെ മടക്കിയയക്കാൻ നോക്കി " പൊയ്കോ തോണിക്ക് കൊടുക്കാൻ എന്റേക്കെ പൈസല്ല". അതവന് വിശ്വാസ്യമല്ലായിരുന്നു. അവൻ പറഞ്ഞു. തോണി കണ്ടിട്ട് ഞാൻ മടങ്ങിപ്പോയ്ക്കോളാം. 

എന്തോ മൂപ്പർ പിന്നെയൊന്നും പറഞ്ഞില്ല. റെയിൽ മുറിച്ച് കടന്ന് കടവത്തേക്കുള്ള ഇടവഴിയിലേക്ക് കയറവേ കാദറിക്ക പൂഹോയ് പൂഹോയ് എന്ന് രണ്ട് തവണ നീട്ടിക്കൂവി. അവൻ ചോദിച്ചു എന്തിനാ കൂക്ക്ണ്. രണ്ടാള് വര്ണ് ണ്ട്ന്ന്. അന്നെ തോണീൽ കേറ്റണ്ടാന്ന അതിന്റെ അർത്ഥം കദറിക്ക ചിരിച്ചു. താമസിയാതെ അവർ ചെങ്ങണം കുന്ന് കടവത്തെത്തി. ഇടവഴിയുടെ അവസാനം കുത്തനെ ഒരിറക്കം. ഇറക്കം ചെന്നെത്തുന്നത് പഞ്ചാര മണൽ തിട്ടയിൽ പിന്നെ കലങ്ങിനുരകുത്തിയൊഴുകുന്ന പുഴ. പുഴയിൽ മൂന്ന് നാലുപേർ കയറിയ കടത്തു തോണി. തോണിയിലേക്ക് കയറുന്ന മുതിർന്നവരെ നോക്കിക്കൊണ്ട് ആശയുള്ളടക്കി കുട്ടിനിന്നു. അത് കണ്ട് തോണിക്കാരൻ കുട്ടിയെ ചൂണ്ടി മൂത്താപ്പാനോട് ചോദിച്ചു. "എന്തേ മൂപ്പരേ കൂട്ട്ണ്ല്ലേ… ". ഇല്ല ഞങ്ങൾ വരാൻ വെഗ്ഗും. കുറച്ച് നേരം ഇവിടെയൊക്കെ നിന്നിട്ട് പൊയ്കോളും". മൂത്താപ്പ പറഞ്ഞു. തോണിക്കാരൻ കുട്ടിയേ നോക്കിച്ചിരിച്ചു… തോണിക്കാരൻ തോണിയെ തള്ളി വിട്ട ശേഷം തോണിയിലേക്ക് കയറി വലിയ മുളകൊണ്ട് കുത്തി വിടാൻ തുടങ്ങി. അക്കരേക്ക് നീങ്ങുന്ന തോണിയിലിരുന്ന് കൊണ്ട് മൂത്താപ്പ പറഞ്ഞു " എടാ വെള്ളത്തിൽക്ക് എറങ്ങരുത് ട്ടോ… മലവെള്ളത്തിൽ പെട്ട പിന്നെ മജ്ജത്ത് കിട്ടണെങ്കിൽ പൊന്നാനീപോയി തപ്പണ്ടേരും" 

നുരയും പതയും നിറഞ്ഞ പുഴയിലെ ഓളങ്ങളെ മുറിച്ചു കൊണ്ട് അക്കരെക്കു പോകുന്ന തോണിയെ കൗതുകത്തോടെ നോക്കിക്കൊണ്ട് അവൻ നിന്നു. ആപ്രകൃതിയുടെ സൗന്ദര്യമൊട്ടാകെ തന്റെ കൊച്ചു മനസിലേക്ക് പകർത്തിക്കൊണ്ട്… വിജനമായ കടവിൽ‌ ഇപ്പോൾ അവനൊറ്റക്കാണ്...വെള്ളത്തോട് ചേർന്ന് മണലിൽ നിന്ന് എന്തോ കൊത്തിവലിച്ചു കൊണ്ട് രണ്ട് കാക്കകളും കുറച്ചപ്പുറത്ത് വെള്ളത്തിലേക്ക് നോക്കിക്കൊണ്ട് അനങ്ങാതെയിരിക്കുന്ന ഒരു വെള്ളക്കൊക്കും. കുറച്ചകലെ വരമ്പിലൂടെ രണ്ട് നായ്കൾ പുഴയുടെ നേരേ പാഞ്ഞു വന്നു. കുറച്ച് നേരം അകന്ന് പോകുന്ന തോണിയെ നോക്കി നിന്ന ശേഷം വന്ന ധൃതിയിൽ തന്നെ മടങ്ങിപ്പോവുകയും ചെയ്തു. തോണിയിൽ കയറിപ്പോയ ആരുടെയെങ്കിലും നാൽകളായിരിക്കും കുട്ടി ഓർത്തു. കുട്ടി വീണ്ടു അക്കരേക്ക് നോക്കി. തറവാട്ടിലെ കുളക്കരയിൽ നിന്നോ റെയിലിനും മുകളിൽ നിന്നോ കിട്ടുന്നതിനേക്കാൾ വ്യക്തമായ കാഴ്ചകൾ. കൊണ്ടൂരക്കുന്നും താഴ്വരകളും പാടങ്ങളും അവുടെയൊക്കെ നിൽക്കുന്ന കരിമ്പനകളും കരിമ്പനകളിലെ ഇരിക്കുന്ന പക്ഷികളെപ്പോലും വ്യക്തമായിക്കാണാം. ഇക്കരത്തെപോലെ പാടങ്ങൾ നട്ട് കഴിഞ്ഞിട്ടില്ല. കുറേ പാടങ്ങളിൽ കന്നുപൂട്ടി നിലമൊരുക്കുന്നതേയുള്ളൂ. നട്ടവതന്നെ പച്ചപിടിച്ച് വരുന്നതേയുള്ളൂ…നോക്കി നിൽക്കേ എങ്ങനെയെങ്കിലും

ഒന്ന് അക്കരെ പോകണം എന്ന ആശ അവനിൽ ബലപ്പെട്ടു. നീന്തലറിയാത്തതിൽ അവനും ദുഖം തോന്നി. എന്നാൻ ഒരു തോണിക്കാരനേയും ആശ്രയിക്കേണ്ടി വരില്ലായിരുന്നു. പെട്ടന്ന് തന്നെയവനോർത്തു നിന്തലറിയുമെങ്കിൽ തന്നെ തന്നെപ്പോലൊരു കുട്ടിക്ക് ഇത്ര വലിയ പുഴ നീന്തിക്കടക്കാനാകില്ലാ‌. വലിയ ഒരാളായാലൊരു പക്ഷേ തനിക്കതിന് കഴിയുമായിരിക്കും.

(തുടരും)   


ഒരൊഴിവു ദിനത്തിന്റെ ഓർമ്മ (3)

*************************************

തോണി അക്കരെയെത്തിയപ്പോഴേക്കും തലയിൽ ചുമടുമായി മൂന്ന് പേർ തിണ്ടിറങ്ങി വന്നു. തോണിയിലുണ്ടായിരുന്ന മൂത്താപ്പയും കാദറിക്കയും മറ്റുള്ളവരും മുണ്ട് പൊക്കിപ്പിടിച്ച് വെള്ളത്തിലേക്കിറങ്ങി. ചാക്കും ചുമന്ന് വന്നവർ തോണിയിലേക്ക് കയറി. അവരുമായി തോണി തിരിച്ച് വരുന്നതും നോക്കി കുട്ടി നിന്നു. മൂത്താപ്പയും കാദറിക്കയും നേരെ തെക്കോട്ടും ബാക്കിയുള്ളവർ കിഴക്കോട്ടും യാത്രയായി... അവർ കണ്ണിൽ നിന്ന് മറയുന്നതുവരെ അവൻ നോക്കി. തോണി ഇക്കരെയെത്തി. തോണിയിറങ്ങിയവർ അവരുടെ ചുമടുകളെടുക്കാൻ പരസ്പരം സഹായിച്ചു. മൂന്നാമത്തെയാളെ തോണിക്കാരനും സഹായിച്ചു. 

പുഴത്തിണ്ടിൽ വിഷണ്ണനായി നിൽക്കുന്ന കുട്ടിയെ നോക്കി തോണിക്കാരൻ ചോദിച്ചു ങ്ഹാ ജ്ജ് ദ് വരെ പോയിലേ… വാ ചോയ്ക്കട്ടേ… അവൻ മടിച്ച് മടിച്ച് കടവിലേക്കിറങ്ങിച്ചെന്നു. തോണിക്കാരനെ അപ്പോഴാണവൻ ശ്രദ്ധിച്ചത്. സൗമ്യമായമുഖം. ഒന്ന് അക്കരെക്ക് കടത്തിത്തരാൻ പറഞ്ഞാൽ ചെയ്യുമോ എന്ന് ശങ്കിച്ച് നിൽക്കുന്നതിനിടയി തോണിക്കാരന്റെ ചോദ്യം ങൂം എന്താ അനക്ക് അക്കരെ പോണം ന്ന് ണ്ടോ ? . അവൻ പതുക്കെപ്പറഞ്ഞു ന്റെ കയ്യീ പൈസല്ലാ..

അതൊന്നും സാരല്ലെ ടോ ജ്ജ് വാ… അവാച്യമായ നന്ദിയോടും ആശ്വാസത്തോടും അവനയാളെ നോക്കി. സൗമ്യമായ മുഖത്ത് സ്നേഹം നിറഞ്ഞ ചിരി. അവൻ പതുക്കെ തോണിക്കു നേരെയിറങ്ങിച്ചെന്നു. മുട്ടോളം വെള്ളത്തിലെത്തിയപ്പോൾ അവന് പേടിയായി. തോണിക്കാരൻ ഇറങ്ങി വന്ന് അവനെ പൊക്കിയെടുത്ത് തോണിക്ക് വിലങ്ങനെ ഉറപ്പിച്ച പലകമേൽ ഇരുത്തി. കുട്ടിക്ക് സന്തോഷമായി അവന്റെ ആദ്യത്തെ തോണിയാത്ര….തോണിക്കാരൻ ചോദിച്ചു  ജ്ജ് ന്നെ അറിയ്വോ.. അവൻ ഇല്ലെന്ന് തലയാട്ടി. അയാൾ തന്റെ ഉമ്മയുടെ ബന്ധുവാണെന്ന് അവന്ന് പറഞ്ഞുകൊടുത്തു. 

അവന്ന് സന്തോഷമായി. തന്റെ ഒരു ഇക്കായുടെ കൂടെയാണല്ലോ യാത്ര. പേടിക്കാനില്ലാ… പുഴക്ക് വിലങ്ങനെ നീങ്ങുന്ന തോണിയിലിരുന്ന് അവൻ വെള്ളത്തിലേക്ക് നോക്കി. കലങ്ങിയ വെള്ളത്തിലൊഴുകിവരുന്ന നുരയും പതയും തോണിയിൽ തട്ടി മാറിയൊഴുകുന്നു… ചെറിയ കുലുക്കത്തോടെ തോണിൽ മണലിൽ ഉറച്ചു. കുട്ടുയെ എടുത്ത് കരക്ക് ഇറക്കി തോണിക്കാരൻ പറഞ്ഞു. വല്ല്യരമ്പിന് നേരെ തെക്കോട്ട് പൊയ്ക്കോ. അവിടെ ഒരു തമരക്കൊളണ്ട്. അന്റെ മൂത്താപ്പ അവടെണ്ടാകും. പോയിട്ട് വേഗം വരണം ക്ക് ച്ചാമ്പൊ കുടീൽ പ്പോണം. നന്ദിയോടെ ചിരിച്ച് അവൻ സമ്മതഭാവത്തിൽ തലയാട്ടി. മണലിലൂടെ നടന്ന് അവൻ പുല്ല് പടർന്ന് നിൽക്കുന്ന തിട്ടയിലൂടെ വീതിയേറിയ വരമ്പത്തേക്ക് കയറി. ഒരു കൈ ട്രൗസറിന്റെ കീശയിൽ തിരുകിനിന്നുകൊണ്ടവൻ നോക്കി. വിശാലമായ പാടവും അതിന്റെ അതിരിൽ ഉയർന്ന് നിൽക്കുന്ന കൊണ്ടൂരക്കുന്നും. പാടത്തവിടവിടെ തുരുത്തുകളിൽ ധാരാളം കരിമ്പനകളും മറ്റു മരങ്ങളും. മരങ്ങളിലൊക്കെ പലതരം പക്ഷികളും. അന്നോളം ദൂരെ നാലുകെട്ടിന്റെ കോലായിൽ നിന്നും കുളക്കരയിൽ നിന്നുമൊക്കെ കണ്ട സുന്ദരമായ ദൂരക്കഴ്ച കൺ കുളിർക്കെ കണ്ടാസ്വദിച്ചു കൊണ്ടവൻ നിന്നു. ഇനിയെങ്ങോട്ട് പോകണം എന്നാലോചിച്ചു പകച്ചു നിൽക്കവേ അവൻ കേട്ടു ദൂരെനിന്നും ഒരു വെടിയൊച്ച. ദൂരെ ഒരാൽ മരത്തിന്റെ ചുവട്ടിൽ നിന്നും മുകളിലേക്ക് പൊങ്ങുന്ന വെളുത്ത പുക. പിന്നെ അവനൊന്നും നോക്കിയില്ല പാടത്ത് കന്നു പൂട്ടുന്നവരേയോ നടുന്നവരെയോ അവരോടൊപ്പം കൂട്ടമായി ഇരതേടുന്ന പക്ഷികളേയോ ഒന്നും ശ്രദ്ധിക്കാതെ അവനൊരൊറ്റ ഓട്ടം വെച്ചുകൊടുത്തും നേരേ വലിയവരമ്പിലൂടെ വെടിയുടെ പുക കണ്ട ദിക്കിലേക്ക്. ഓടിക്കിതച്ച് അവനെത്തിയത് വലിയൊരു കുളത്തിന്റെ കരയിലേക്കായിരുന്നു. വിശാലമായ കുളം നിറയെ താമരപ്പൂക്കൾ. അതു വരെ ചിത്രത്തിൽ മാത്രം കണ്ടിട്ടുള്ള താമരപ്പൂക്കൾ. കുളത്തിന്റെ കരയിലുടനീളം മെത്തപോലെ പടർന്ന് വളരുന്ന മിനുസമേറിയ പുൽത്തകിടി. നാലു മൂലകളിലും പന്തലിച്ചി നിൽക്കുന്ന വലിയ ആൽമരങ്ങളും അവയിൽ നിറയെ ആലിൻ പഴം കൊത്തിത്തിന്നുന്ന പലതരം പക്ഷികളും അവയുടെ കള കൂജനങ്ങൾ കൊണ്ട് മുഖരിതമായ പരിസരം. തറവാട്ടിലെ കുളമാണ് ഏറ്റവും വലുത് എന്നായിരുന്നു മൂപ്പരുടെ ധാരണ. ഇതിപ്പൊ തറവാട്ടിലെ കുളത്തിന്റെ പത്തിരട്ടി വലിപ്പം കാണും. 

വെയിലിനു നല്ല ചൂട്. വിയർത്തൊലിച്ച് കയറിച്ചെന്ന കുട്ടിയെ ആദ്യം കണ്ടത് കാദറിക്കയായിരുന്നു. ഇപ്പോൾ അവരുടെ കൂടെ വീട്ടിൽ ജോലിക്ക് വരാറുള്ള ണ്ണ്യേപ്പനും ഉണ്ട്. മൂപ്പരുടെ കയ്യിൽ ഒരു ചൂണ്ടലുമുണ്ട്. എടോ ദാ വന്ന് ക്ക്ണൂ നമ്മടെ മഹാൻ. അവൻ അടുത്തെത്തിയപ്പോൾ മൂത്താപ്പ പറഞ്ഞു ഇവൻ പിന്നാലെ കൂട്യേതോണ്ടാ ഒന്നും കിട്ടാഞ്ഞത് ന്നാ തോന്ന് ണ്…കുട്ടിക്ക് സങ്കടമായി. അപ്പൊ വെടി വെച്ചിട്ട് ഒന്നും കിട്ടിയില്ലായിരിക്കുമോ. കുട്ടിയുടെ മുഖം വാടിയത് ശ്രദ്ധിച്ച ണ്ണ്യേപ്പൻ കുട്ടിയോട് മൂത്താപ്പാന്റെ പിറകിലേക്ക് നോക്കാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. മൂത്താപ്പ ഗൗരവത്തിൽ കുളത്തിലേക്ക് നോക്കി നിൽക്കുകയാണ്. കുറച്ചകലെ കാദറിക്കയും നിൽക്കുന്നുണ്ട്. കുട്ടി ണ്ണ്യേപ്പൻ കാണിച്ചേടത്തേക്ക് നോക്കി ഒരു വലിയ വരാലിനെ കരിമ്പനയോലകൊണ്ട് മൂടിയിട്ടിരിക്കുന്നു. കുട്ടിക്ക് പെരുത്ത് സന്തോഷമായി. ഞാൻ കൂടെക്കൂടിയതുകൊണ്ട് കിട്ടിയില്ലയെന്ന് പറയില്ലല്ലോ. മീൻ വലിയതുമാണ്…..


ഒരൊഴിവു ദിനത്തിന്റെ ഓർമ്മ (4)

*************************************

കുളത്തിനു കുറച്ചകലെയുള്ള അമ്പലമിറ്റത്തുകൂടി  തുണിക്കെട്ടുകളുമായി രണ്ടു സ്ത്രീകൾ കുളക്കടവിലേക്കിറങ്ങിവന്നപ്പോൾ മൂത്താപ്പ പറഞ്ഞു. "നേരം കൊറേ ആയി നമ്മക്ക് പനങ്ങരക്കൊളത്തിലും കൂടി നോക്കീട്ട് മടങ്ങാ"

… "മീൻ ഇവന്റെര്ത്ത് കൊടുത്തലക്കാം." കാദറിക്ക നിർദ്ദേശിച്ചു. മൂത്താപ്പാക്ക് സമ്മതമായി. എടാ ഇത് കുടീൽ കൊണ്ടോയ് കൊട്ക്ക്. വെല്ലിമ്മാനോട് നന്നായി പൊരിപ്പിക്കാൻ പറയ്. പനങ്ങരക്കൊളത്തിൽക്ക് ഞാനും വരട്ടേ എന്നവൻ ചോദിക്കാതിരുന്നില്ല. വേണ്ട ഞങ്ങൾ മടങ്ങുമ്പളക്കും നേരം മോന്ത്യാകും. അവൻ പിന്നെ കെഞ്ചാനൊന്നും നിന്നില്ല ഇതുവരെ വരാൻ പറ്റിയത് ഭാഗ്യം എന്നവൻ സമാധാനിച്ചു.

"ണ്ണ്യേപ്പാ ഈ മീനൊന്ന് പൊതിഞ്ഞ് കൊടുക്ക് " നാട്ട്കാര് കണ്ടാ കൊതികൂടും. മൂത്താപ്പ പറഞ്ഞു. കേൾക്കേണ്ട താമസം ണ്ണ്യേപ്പൻ മീനിനെ അവനു തൂക്കിപ്പിടിക്കാൻ പാകത്തിന് പനയോലയിൽ പൊതിഞ്ഞ് കെട്ടിക്കൊടുത്തു. വരാലിന്റെ തലയുടെ അല്പഭാഗവും പളുങ്ക് ഗോട്ടികളേ പോലെയുള്ള കണ്ണുകളും അവനുകാണാം. ങും വേഗം പോയ്ക്കോ. തട്ടിത്തിരിഞ്ഞ് നേരം കളയണ്ട മീൻ കേട് വരും… 

കുളത്തിൽ വിടർന്ന് നിൽക്കുന്ന താമരപ്പൂവിനു നേരേ ചൂണ്ടി അവൻ ചോദിച്ചു ആ പൂവ് നിക്ക് പറിച്ച് തര്വോ… അയ്ക്കൂലല്ലോ മുസീബത്ത്. മൂത്താപ്പാക്ക് ദേഷ്യം വന്നത് കണ്ട് അവൻ പതുക്കെ തിരിച്ച് നടക്കാൻ തുടങ്ങി. നിക്ക് മാന്വോ ണ്ണ്യേപ്പൻ പിറകിൽ നിന്ന് വിളിച്ചു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ണ്ണ്യേപ്പൻ ചൂണ്ടൽ കമ്പുമായി വെള്ളത്തിലേക്കിറങ്ങുകയാണ്. അരയോളം ണ്ണ്യേപ്പൻ വെള്ളത്തിലിറങ്ങി ചൂണ്ടക്കമ്പിൽ കൊളുത്തി പൂ പറിച്ചെടുത്ത് കയറിവന്നു. പാവം മുണ്ടെല്ലാം നനഞ്ഞിരിക്കുന്നു. പൂ കുട്ടിക്ക് കൊടുത്ത് ണ്ണ്യേപ്പൻ മരത്തിന്റെ ചുവട്ടിലേക്ക് മാറിനിന്ന് നനഞ്ഞ മുണ്ട് അഴിച്ച് പിഴിയാൻ തുടങ്ങി. കുട്ടി നോക്കിയപ്പോൾ മൂപ്പർ ഒരു കോണകം മാത്രമേ ഉടുത്തിട്ടുള്ളൂ. കുട്ടി നാണത്തോടെ തിരിച്ച് നടന്നു. പാടത്ത് കുറെ കൊക്കുകളും കാക്കകളുമൊഴികെ ആരുമുണ്ടായിരുന്നില്ല. വരമ്പിന്മേൽ ഇരുന്നിരുന്ന പോക്കാച്ചിത്തവളകൾ പാടത്തേക്ക് ചാടിയതും വരമ്പിൽ തങ്ങൾ തുരന്നുണ്ടാക്കിയ മാളങ്ങളുടെ വക്കത്തിരുന്നിരുന്ന ഞണ്ടുകൾ ധൃതിയിൽ മാളത്തിലേക്കിറങ്ങിയതുമൊന്നും ശ്രദ്ധിക്കാതെ അവൻ നേരേ പുഴയിലേക്കോടി.

 പുഴന്തിണ്ടിൽ  മേഞ്ഞുനടക്കുന്ന രണ്ട് പോത്തുകളും ഒരു പുള്ളിപ്പശുവും. അവൻ അടുത്തെത്തിയപ്പോൾ വഴിയുടെ അടുത്ത് മേയുന്ന പോത്ത് ശബ്ദത്തിൽ ശ്വാസം വിട്ടുകൊണ്ട് തലയുയർത്തി അവനെ കണ്ണ് തുറിച്ച് നോക്കുന്നു. പേടി തോന്നിയ അവനല്പം മാറിനിന്നു. പോത്ത് പുല്ലിലേക്കു തന്നെ തലതാഴ്ത്തിയപ്പോൾ അവൻ തിണ്ടിന്മേൽ കയറി നിന്നുകൊണ്ട് കടവിലേക്ക് നോക്കി.  തോണിക്കാരൻ തോണിയുടെ കൊമ്പിൽ ചാഞ്ഞ് കിടക്കുന്നുകൊണ്ട് ബീഡി വലിക്കുകയാണ്. അവനു സമാധാനമായി. അവൻ പുഴയിലേക്കുള്ള ചരുവ് ഓടിയിറങ്ങി. "വേഗം വായെടോ ഞാനന്നെ കാത്തിരിക്ക്വാണ്." അദ്ദേഹത്തിന്റെ കൈപിടിച്ച് തോണിയിലേക്ക് കയറുമ്പോൾ അവൻ ശ്രദ്ധിച്ചു.പുഴയിൽ വെള്ളം കൂടിയിട്ടുണ്ട്. പുഴക്ക് കുറുകെ നീങ്ങുന്ന തോണിയിലിരുന്ന് കൊണ്ടവൻ കാഴ്ചകൾ കണ്ടു. കലങ്ങിയ വെള്ളത്തിൽ ഒഴുകിയകലുന്ന നുരയും പതയും ചപ്പുചവറുകളും തോണിമേൽ തട്ടി വഴിമാറി ഒഴുകുന്നത് കൗതുകത്തോടെ നോക്കിക്കൊണ്ടിരിക്കെ അവൻ കേട്ടു കാരക്കാട്ടെ പള്ളിയിൽ നിന്നും ചേക്കു മൊല്ലക്കാന്റെ ളുഹർ നമസ്കാരത്തിനുള്ള വിളി… പതിയെ ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് തോണിക്കാരൻ തോണി കുത്തുകയാണ്….

കരക്കണഞ്ഞ തോണിയിൽ നിന്ന് അവനെ ഇറങ്ങാൻ സഹായിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു വേഗം പൊയ്കോ. വണ്ടി വരാറായിട്ടുണ്ട്. റെയിലിന്റെ അരൂൽകൂടെ പോണം. കുടീലെത്ത്യാ മ്മാനോട് ചെറ്യയമ്മദ്ക്ക ചോയ്ച്ചൂന്ന് പറേണട്ടോ. അവൻ സമ്മത ഭാവത്തിൽ തലയാട്ടി. തീർച്ചയായും അവൻ പറയും. അദ്ദേഹത്തിന്റെ സൗമനസ്യം കൊണ്ട് തരമായ സൗജന്യ തോണിയാത്ര അവൻ പറയാതിരിക്കുമോ ? 

മീനും താമരപ്പൂവും കയ്യിലേന്തി അവൻ ധൃതിയിൽ നടക്കാൻ തുടങ്ങി. ഒറ്റക്കൊടിമരത്തിന്റെ അടുത്തെത്തിയപ്പോൾ അവൻ തറവാടിന്റെ ഭാഗത്തേക്ക് നോക്കി. താഴത്തേ കിണറിന്നടുത്തെ ചക്കപ്പുളി മൂച്ചിയുടെ ചുവട്ടിൽ മൂന്ന് സ്ത്രീകൾ നിൽക്കുന്നു. അവർ അവന്റെ നേരെ വിരൽ ചൂണ്ടി എന്തോ പറഞ്ഞുകൊണ്ട് വീടിന്റെ ഭാഗത്തേക്കുതന്നെ നടന്നു. വെല്ലിമ്മയും ഉമ്മയും

ഐസാത്തയുമാണെന്നും അവർ തന്നെ തിരയുകയാണെന്നും അവനു മനസിലായി. കാര്യം കേസായിട്ടുണ്ട് എന്നുറപ്പ്. ഉപ്പ അറിഞ്ഞിട്ടുണ്ടെങ്കിൽ അടിയും റെഡി… കയ്യിൽ തൂങ്ങുന്ന മീൻ അവനു ധൈര്യം നൽകിയെങ്കിലും അവൻ നടത്തത്തിനു വേഗത കൂട്ടി. തെക്കേ പടിയിറങ്ങി താഴത്തേ കിണറ്റിൻ കരയിലൂടെ വന്ന കോപ്പൻ പറഞ്ഞു വൗസായിട്ട്ണ്ട്. ഉപ്പ വടീം വെട്ടി കാത്തിരിക്ക്ണ് ണ്ട്. ഇന്ന് രണ്ട് കിട്ടാതിരിക്കൂല. ഓരോര കുരുത്തക്കേട്കള്. ആരോടും മുണ്ടാതെ വെളുക്കുമ്പൊ പോയതല്ലേ. മനുസൻ തെരയാത്ത കുണ്ടും കൊളൊം ബാക്കില്ല. കോപ്പന്റെ വർത്തമാനം കേട്ടപ്പോളവനു പേടി തോന്നി. ഉപ്പാക്ക് ദേഷ്യം വന്നിട്ടുണ്ടെങ്കിൽ കാര്യം വിഷമമാണ്. ആരു തടഞ്ഞാലും അടി കിട്ടാതിരിക്കില്ല. പണ്ടൊരിക്കൽ നെഹറൂനെക്കാണാൻ കരഞ്ഞതിനു കിട്ടിയ അടി അവനോർത്തു. കുട്ടി പേടിയോടെ മിറ്റത്തേക്ക് കയറി. രാവിലെ കുഠിർന്ന് കിടന്നിരുന്ന മിറ്റമെല്ലാം ഉണങ്ങി വൃത്തിയായിരിക്കുന്നു. പടിഞ്ഞാറേ മൂലയിൽ നിറയെ പൂത്ത് നിൽക്കുന്ന അശോകത്തിന്റെ തണലിൽ ഉപ്പയും എളാപ്പയും കൂടെ രാമകൃഷ്ണൻ മാസ്റ്ററുമുണ്ട്. അവർ എന്തോ പറഞ്ഞ് ചിരിക്കുന്നു. കോപ്പൻ പേടിപ്പിച്ചപോലെ ഉപ്പ അവനോട് ദേഷ്യപ്പെട്ടൊന്നുമില്ല.  പരമ്പിൽ പുഴുങ്ങി ഉണങ്ങാൻ ഇട്ടിരിക്കുന്ന നെല്ലിന്റെ മണം. പരമ്പിലിരുന്ന് നെല്ല് കൊറിക്കുന്ന രണ്ട് അണ്ണാന്മാർ അവനെക്കണ്ടപ്പോൾ മാവിനു നേരേ ഓടി. ബടെ കൊണ്ടു വാ നോക്കട്ടേ. ഉപ്പ വിളിച്ചു. അഭിമാനത്തോടെ അവൻ മീൻ ഉപ്പാക്ക് കൈമാറി. തരക്കേടില്ല രണ്ട് കിലോണ്ടാകും എന്നും പറഞ്ഞ് ഉപ്പ മീൻ അവന്റെ കയ്യിൽ തന്നെ കൊടുത്തു. വെല്ലിമ്മാ മൂത്താപ്പ ഇത് നന്നായി പൊരിക്കാൻ പറഞ്ഞു എന്നും പറഞ്ഞ് അവൻ മീൻ വെല്ലിമ്മായുടെ കയ്യിൽ കൊടുത്തു. വെല്ലിമ്മ അതുമായി അടുക്കളയിലേക്ക് നടന്നു. ഒരു കുപ്പീല് വെള്ളം ഇട്ത്ത് പൂവ് അതിലിട്ട് വെച്ചള ന്നാ വാടൂല. എളാപ്പ ഉപദേശിച്ചു… അവൻ തലയാട്ടി. കുട്ടിക്ക് സന്തോഷം തോന്നി. പേടിച്ച പോലെ ആരും വഴക്ക് പറഞ്ഞില്ല. തുടർന്നുള്ള കളികൾക്ക് പകത്തിന് പരിസരമെല്ലം ഉണങ്ങിയിരിക്കുന്നു. അപ്പോഴാണവനൊരു കാര്യം ശ്രദ്ധിച്ചത് തനിക്ക് നന്നായി വിശക്കുന്നുണ്ട്. ഏതായാലും മീൻ പൊരിച്ച് തീരുമ്പോഴേക്ക് സമയമൊരു പാട് കഴിയും. അത് വരേക്ക് വല്ലതും കിട്ടിയിരുന്നെങ്കിൽ എന്നീർത്തതേയുള്ളൂ ദുന്യാവ് മുഴുവൻ തേരോടി നടന്നിട്ട് പൈക്ക്ണുണ്ടാകും ഇത് തിന്നോ  എന്നും പറഞ്ഞുകൊണ്ട് വെല്ലിമ്മ രാവിലത്തെ അടയുടെ ഒരു കഷ്ണം അവനു നീട്ടി. അവനതും തിന്നുകൊണ്ട് കോലായിലേക്ക് നടന്നു വെയിലാറിയിട്ട് കളിക്കേണ്ട കളികളും ഓർത്തുകൊണ്ട്….

Sunday, January 23, 2022

ചരിത്രകഥ

ഇത് പരാസിറ്റമോൾ ഒരു ദിവ്യൗഷധമായി കരുതപ്പെട്ടുതുടങ്ങുന്നതിനു മുമ്പുള്ള കഥയാണ്. അന്നൊന്നും സമ്പാദനത്തിനായി ആരും വൈദ്യം പഠിച്ചിരുന്നില്ല പഠിപ്പിച്ചിരുന്നും ഇല്ല. പുണ്യം മാത്രം ഉദ്ദേശിച്ചായിരുന്നു ഏർപ്പാട്. പിന്നീടാണ് പുണ്യം വേണ്ട പണം മതി എന്ന ദിവ്യ സൂക്തം അവതരിച്ചത്. " ഞങ്ങളുടെ കൂടെ നാലാളെ അയച്ചാൽ ഞങ്ങളവരെ വൈദ്യശാസ്ത്രം പഠിപ്പിക്കാം ഞങ്ങൾ വൈദ്യ ശാസ്ത്ര വിദഗ്ദരാണ് എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് വൈദ്യ ശാസ്ത്രത്തിന്റെ ആവശ്യമില്ല ഞങ്ങൾ വിശക്കാതെ ഭക്ഷിക്കാറില്ല ഭക്ഷിക്കുമ്പോൾ വയർ നിറക്കാറുമില്ല" എന്ന് പറഞ്ഞ നിരക്ഷരനായ ഗുരുവായിരുന്നു റോൾ മോഡൽ. അതുകൊണ്ടുതന്നെ ഭീമൻ തുകകൾ ചെലവാക്കിയുള്ള ചികിത്സ ഒരു അഭിമാനമായി ജനങ്ങൾ കരുതിയിരുന്നുമില്ല. മരണഭീതി പൊതുവേ കുറവായിരുന്നു. മൃത്യൂഭീതിയുടെ കച്ചവട സാദ്ധ്യത മനസിലാക്കപ്പെട്ടത് പിന്നീടാണ്.  മെട്രിക്കുലേറ്റായ കമ്പ്യൂട്ടർ വിദഗ്ദൻ ദുനിയാവിന്റെ  അരോഗ്യത്തിന്റെ നടത്തിപ്പ് മൊത്തത്തിൽ ഏറ്റെടുത്തതിനു ശേഷം.   കമ്പ്യൂട്ടർ വൈറസുകളെപ്പോലെ ജൈവ വൈറസുകളേയും ഉപയോഗപ്പെടുത്താമെന്ന മഹത്തായ ആശയം അയാളുടെ തലച്ചോറാകുന്ന കമ്പ്യൂട്ടറിൽ ഉദയം ചെയ്തത് ഈ ചരിത്രകാലത്താണ്. എന്നാൽ ചരിത്രാദീത കാലത്തുമുണ്ടായിരുന്നു നമ്മുടെ സീസണൽ ഫ്ലൂ. ചേറ് പൊടിയാകുമ്പോഴും പൊടി ചേറാകുമ്പൊഴും ഒന്നു പനിക്കും അത് കാര്യമാക്കാനില്ല എന്നാ അന്ധവിശ്വാസമായിരുന്നു നടപ്പ്. ആധുനിക ശാസ്ത്രമെന്ന സത്യവിശ്വാസം ഇത്രക്കങ്ങ് പ്രചരിച്ചിട്ടില്ലായിരുന്നു. വാർത്തക്കാരു വൈദ്യക്കാരും പരസ്പരം മുതുക് ചൊറിയാൻ തുടങ്ങുന്നതിനു മുമ്പ് ആരും സീസണൽ ഫ്ലൂവിന്റെ പിറകെ ക്യാമറയും തൂക്കി നടക്കാറില്ലായിരുന്നു.. നാട്ടിൽ നടക്കുന്ന മരണങ്ങളൊക്കെയും അതിന്റെ കണക്കിൽ എഴുതിച്ചേർക്കാറുമില്ല. പിന്നെ എങ്ങനെയാണ് ഈ മഹാമാരിയെ പ്രാകൃതർ അതിജീവിച്ചത് എന്നല്ലേ പറയാം...
നാട്ടു വൈദ്യമായിരുന്നു മുഖ്യം. ഹോമിയോപ്പതി പ്രകൃതിചികിത്സ തുടങ്ങിയ അപരിഷ്കൃത ഏർപ്പാടുകളും നടപ്പിലുണ്ടായിരുന്നു. വയറ്റിനു കനമുള്ള ഭക്ഷണമൊഴിവാക്കി ചുക്ക് കുരുമുളക് തുളസിയില പേരയില ചെറിയ ഉള്ളി കരിപ്പൊട്ടി ഇത്യാദികൾ കഷായം വെച്ച് കുടിച്ച്  മൂടിപ്പുതച്ച് കിടക്കുക. അതായിരുന്നു മുഖ്യ ചികിത്സ.  മലയാളത്തിലെ സാഹിത്യകാരനായ ഡോക്ടർ അതിനെപ്പറ്റി പറഞ്ഞത് ചികിത്സിച്ചാൽ ഒരാഴ്ച ഇല്ലെങ്കിൽ ഏഴു ദിവസം എന്നായിരുന്നു. 
ങൂം അങ്ങനെ എന്തെല്ലാം ചരിത്രങ്ങൾ....

Saturday, January 22, 2022

പൂരക്കാഴ്ചകൾ

സ്കൂളില്ലാത്ത ദിവസമാണ്‌. പോരാത്തതിന്ന്  വെള്ളിയാഴ്ചയും  സ്കൂളും മദ്രസയും ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടികൾക്ക് വലിയ സന്തോഷമാണ്. അയ്സ്ല് വാസികളായ കുഞ്ഞാപ്പുട്ടിയും ഹംസുവും നേരത്തേ വന്നു. കുഞ്ഞിബാപ്പുവും കുഞ്ഞിപ്പയും അലിയും മാളുവും കുഞ്ഞിമോളും ചാമിയുടെ മകൾ സരോജിനിയും. കുഞ്ഞിപ്പയും കുഞ്ഞിമോളും ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് വന്നിരിക്കയാണ്‌. നേരം വെളുത്ത് വൈകുന്നേരം വരെ കളിച്ചു തീർക്കേണ്ട കളികളെക്കുറിച്ച് ഒരേകദേശ രൂപം കുട്ടികളുടെ നേതാവായ കുഞ്ഞുബാപ്പു ഉണ്ടാക്കിവെച്ചിരുന്നു. തെറിച്ച വെയിൽ ഒട്ടും കളയാതെ തലയിൽ ഏറ്റുവാങ്ങുക എന്നത് തന്നെയാണ്‌ മുഖ്യ പരിപാടി. നാലുകെട്ടിന്റെ മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് കുട്ടികൾ പരിപാടികൾ അവലോകനം ചെയ്യവേ 
ചീക്കരത്തെ പാലത്തിന്റെ ഭാഗത്തുനിന്നും ചെണ്ടമേളം കേൾക്കുന്നു. വാദ്യം കേട്ട കുട്ടികൾ തറവാട്ടു വളപ്പിന്റെ പടിഞ്ഞാറേ മൂലയിലുള്ള കുളക്കരയിലേക്ക് ഓടി.
 അവിടെ നിന്നാൽ കാഴ്ചകൾ കാണാം. വേനലിൽ വരണ്ടു കിടക്കുന്ന കണ്ടാറിപ്പാടം. പാടത്തെ പകുത്ത് കിഴക്കുനിന്ന് പടിഞ്ഞാറേക്ക് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാതക്കുമപ്പുറം പഞ്ചാരമണൽതിട്ടക്ക് കുറുകെ മെല്ലെ പടിഞ്ഞാട്ടൊഴുകുന്ന പുഴ. പിന്നെയും പാടം അതും കഴിഞ്ഞ് ഒരു കോട്ടപോലെ കൊണ്ടൂരക്കുന്ന്. കുട്ടികൾ കുളത്തിന്റെ കരയിലെത്തി. വേനൽസ്രുതിയിൽ ശുഷ്കിച്ചു പോയകുളം.

 കുളക്കണ്ടത്തിലേക്കും കവുങ്ങിൻ തോട്ടത്തിലേക്കും ഏത്തമിട്ട് തേവുന്ന കൊട്ടത്തളങ്ങളിൽ മാത്രമേ വെള്ളമുള്ളൂ. കുട്ടികൾ ചെണ്ടമേളം കേട്ട ദിക്കിലേക്ക് നോക്കി. പാടത്തിനും മരങ്ങൾക്കുമപ്പുറം കുഞ്ഞിരാമൻ നായരുടെ വീട്ടിന്റെ ഭാഗത്തു നിന്നാണ്‌ ചെണ്ട മേളം കേൾക്കുന്നത്. മരങ്ങളുടെ മറവുകൊണ്ട് ഒന്നും കണ്ടുകൂടാ. കാണാമറയത്തു നടക്കുന്ന കൗതുകങ്ങൾ മനസിൽ കണ്ട് കുട്ടികൾ നിന്നു. അവർ പാടത്തേക്ക് ഇറങ്ങിവരികയാണെങ്കിൽ കാണാമല്ലോ. അങ്ങിങ്ങ് മേഞ്ഞു നടക്കുന്ന കുറേ കന്ന് കാലികളും അവയുടെ ചുറ്റും കൊത്തിപ്പെറുക്കുന്ന കൊക്കുകളും ഒഴിച്ചാൽ  പാടം  വിജനമാണ്. പാടത്ത് പരന്ന വെയിൽ മൂത്ത് വരുന്നതേയുള്ളൂ. ഉച്ചത്തിൽ കൂവിയാർത്ത് പിറകിലേക്ക് പുകപറത്തിക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. കൽക്കരി വണ്ടിയുടെ താളത്തിനൊപ്പം കുട്ടികൾ പാടി " കുട്ടിപ്പട്ടരു ചത്തേൽ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ലാ...ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ...
ചെണ്ട കൊട്ടിന്റെ താളം മുറുകി പിന്നെ നിശബ്ദമായി. കുറച്ചു കഴിഞ്ഞപ്പോൾ വരിവരിയായി കുറേ പേരുടെ അകമ്പടിയോടെ പൂതനും തിറയും പാടത്തേക്കിറങ്ങി. ഇപ്പോൾ അവർക്ക് പുരുഷാരത്തെ വ്യക്തമായി കാണാം.
 പൂതനും തിറയും ചെണ്ടക്കാരും കൂടെ കുറേ പേരും. "ചൊവ്വാഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാണ് അതിന്റെ പിരിവാ" സരോജനി പറഞ്ഞു. സരോജനിയുടെ ഭാഗ്യം. അച്ചന്റെയും അമ്മയുടേയും കൂടെ അവൾക്ക് പൂരത്തിനു പോകാം. 
പൂതനും കൂട്ടരും പ്രാന്തൻ കണ്ടത്തിന്റെ വലിയ വരമ്പിലൂടെ വടക്കോട്ട് പോയി കുഞ്ചു വൈദ്യരുടെ വയൽ വക്കത്തുള്ള വീട്ടിലേക്ക് കയറി. കുട്ടികൾ ഓടി കുളത്തിനപ്പുറം വളപ്പിന്റെ പടിഞ്ഞാറേ കോണിൽ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നാൽ പാടത്തിനപ്പുറം കുഞ്ചുവൈദ്യരുടെ വീട്ടുമിറ്റത്ത് നിന്ന് പൂതനും തിറയും കളിക്കുന്നത് വ്യക്തമായി കാണാം...
ചെണ്ടയുടെ താളത്തിൽ ചുവടുവെക്കുന്ന പൂതനും തിറയും. കളി കഴിയും വരെ കുട്ടികളത് കണ്ടു നിന്നു. കളികഴിഞ്ഞ പൂതനും തിറയും പാടത്തേക്കിറങ്ങി പിന്നെ ബാപ്പു ഹാജിയുടെ വീട്ടിനതിരിലെ ഇടവഴിയിലൂടെ പടിഞ്ഞാട്ട് പോയി മറയും വരെ കുട്ടികൾ നോക്കിനിന്നു. 
സരോജിന്യേ പൂരത്തിന് എന്തോക്കേണ്ടാക്വാ. കുഞ്ഞ്ബാപ്പു ചോദിച്ചു. സരോജിനി വാചാലയായി. കാളകളിണ്ടാകും പഞ്ച വാദ്യണ്ടാകും തായമ്പകണ്ടാകും പിന്നെ പുലർച്ചെ മരുന്ന് പണീണ്ടാകും. പൊരി ഉറിയപ്പം ഈത്തപ്പഴം അലുവ കളിപ്പാട്ടങ്ങൾ ഒക്കെ വിൽക്കുന്ന കച്ചവടക്കാരുണ്ടാകും, വളയും മാലയും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുണ്ടാകും,  മരണക്കിണറിൽ മൂട്ടർസൈക്കിളോടിക്കുന്ന സർക്കസ്കാരുണ്ടാകും. യന്ത്ര ഊഞ്ഞാലും ണ്ടാകും. ഒന്ന് വെച്ചാൽ രണ്ട് കിട്ടുന്ന  കിലുക്കിക്കുത്തും ആനമയിൽ ഒട്ടകവും ഉണ്ടാകും. ഇതൊക്കെ കണ്ട് രസിക്കാൻ അണിഞ്ഞൊരുങ്ങിവന്നവർ ഒരുപാടുണ്ടാകും 
ഇതുവരെ പൂരത്തിനു പോയിട്ടില്ലാത്ത മറ്റു കുട്ടികളുടെ മനസുകളിൽ സരോജിനിയുടെ വിവരണം  പൂരത്തിനു കൊടിയേറ്റി. അത്  മനസിൽ  കണ്ട് രസിച്ചു കൊണ്ട് മാവിൻ തണലിലിരിക്കുമ്പോൾ കുഞ്ഞാപ്പുട്ടി പറഞ്ഞു ഞമ്മക്ക് ആരൂച്ചിടെ ചോട്ടീ പോയി നോക്കാം മാങ്ങ വീണിട്ടുണ്ടാകും. മറ്റുള്ളവർ ഉത്സാഹത്തോടെ എഴുന്നേറ്റു....

Saturday, January 15, 2022

ഒറ്റക്കൊരാൾ ..

അതൊരു മഴക്കാലമായിരുന്നു. എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ബസ്സ് കാത്ത് നിൽകുകയായിരുന്നു ഞാൻ. ഗ്രാമത്തിൽ നിന്നും ടൗണിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു. കവലയിൽ ആളുകൾ വളരെ കുറവ്. ദൂരെ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ സാരഥികളും കടയുടെ തിണ്ണയിലുണ്ടായിരുന്ന രണ്ടുമൂന്നു പേരുമൊഴിച്ചാൽ പരിസരം തീർത്തും വിജനം. ബസ്സെങ്ങാൻ  മുടങ്ങിയാൽ വീണ്ടും സുഹൃത്തിനെ ശല്ല്യം ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടാൻ തിടങ്ങി. വലിയൊരാൽ മരത്തിന്റെ ചുവട്ടിൽ കത്തി നിൽകുന്ന തെരുവു വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന ഇയ്യാം പാറ്റകളെ നോക്കി ഞാൻ നിന്നു. വൈകുന്നേരം അല്പം ശമിച്ചിരുന്ന മഴ വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു, ഒരു പിടി ചരൽ പോലെ തണുത്ത മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ പഴകി ദ്രവിച്ച ഷെഡിലേക്കു കയറി. അവിടെ ഷെഡിന്റെ പൊളിഞ്ഞു തുടങ്ങിയ സിമിന്റു തിണ്ണയിൽ കിടക്കുക യായിരുന്നു അയാൾ. ഞാൻ കയറിച്ചെന്നപ്പോൾ സ്വാഗത ഭാവത്തിൽ ചിരിച്ചുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. തൂവെള്ള മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. മെലിഞ്ഞ് 
നീണ്ട ശരീരം. അവാച്യമായ ശാന്തി തുളുമ്പുന്ന മുഖം.എന്തോ എനിക്കയാളോട് വലിയ ആദരവു തോന്നി. ചാറ്റൽ മഴ കനക്കാൻ തുടങ്ങി. പെട്ടെന്ന് ഒരോട്ടോറിക്ഷ ഷെഡിനരികിൽ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി കൈകൊണ്ട് തല പൊത്തി ഷെഡിൽ കയറി. കീശയിൽ നിന്നും ഒരു പത്തു രൂപ നോട്ട് എടുത്ത് അദ്ദേഹത്തിന്റെ നേരെനീട്ടി.
കേട്ടു നിൽകുന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു. "" മതി മോനേ ഇന്നത്തെ അത്താഴം കഴിഞ്ഞു. നാളെ രാവിലെ ഒരുകഷ്ണം പുട്ടും ഒരു പപ്പടവും ഒരു ചായയും കഴിക്കാൻ വേണ്ട  രൂപ കയ്യിലുണ്ട്... അതു കഴിഞ്ഞു വേണ്ടത് നാളെ ദൈവം തരും.'' ആദരവുകൊണ്ട് ഞാനദ്ദേഹത്തെ മനസാ നമിച്ചു... സ്നേഹപൂർവ്വം അദ്ദേഹത്തെ മാറോട് ചേർത്ത് ആലിംഗനം ചെയ്യാനുണ്ടായ അഭിനിവേശം ഞാൻ പണിപ്പെട്ടു നിയന്ത്രിക്കുമ്പോഴേക്കും ദൂരെ ബസ്സിന്റെ ഇരമ്പൽ കേൾക്കാൻ തുടങ്ങി. ബാഗിൽ നിന്നും കുട തപ്പിയെടുത്ത് നിവർത്തി ഞാൻ റോട്ടിലേക്കിറങ്ങി.... ബസ്സ് ഇങ്ങെത്തിപ്പോയി...