Thursday, July 24, 2014

കലീവ....

എടപാട് തീർക്കുക എന്നൊരു ഏർപ്പാടുണ്ടായിരുന്നു പണ്ട്... തലാഖ് എന്ന പിൻതിരിപ്പൻ പരിപാടിയുടേയും ഡൈവോഴ്സ് എന്ന പുരോഗമന നടപടിയുടേയും പ്രാഗ്‌രൂപം.
ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഒന്നോരണ്ടോ പറഞ്ഞ് പിണങ്ങിയാൽ ഉടനെ  ഞാൻ നിന്റെ ഇടപാട് തീർത്തു എന്ന്‌ ഭർത്താവങ്ങു പറയുക എന്നതാണ്‌ നടപടിക്രമം. വളരെ ലളിതം. ദേഷ്യം തീർന്നാൽ മൂപ്പർക്കു തന്നെ അതു പിൻവലിക്കാവുന്നതേയുള്ളൂ. ഭർത്താവിന്റെ ദേഷ്യത്തിന്റെ കാഠിന്യമനുസരിച്ച് ഇടപാട്‌ മൂന്നും തീർത്തു എന്നെങ്ങാനും പറഞ്ഞു പോവുകയും മറ്റാരെങ്കിലും അതു കേൾക്കുകയും ചെയ്താലാണ്‌ കുഴയുന്നത്. അതോടെ സംഗതി സങ്കീർണമാകുന്നു. പിന്നെ മഹല്ല്‌ ഇടപെടണം. പെണ്ണിനെ മറ്റൊരുവൻ വിവാഹം ചെയ്ത് അയാൾ ഉപേക്ഷിച്ചെങ്കിലേ പിന്നീടവൾ ഈ അവിവേകിക്ക് അനുവദനീയയാവുകയുള്ളൂ.  അതായത് അവിവേകം കൊണ്ട് വിവാഹമോചനം ആവർത്തിക്കാതിരിക്കാൻ വെച്ച ഏർപ്പാട്. അതുകൊണ്ടൊന്നും അവിവേകങ്ങൾക്കൊരു കുറവും വരാഞ്ഞതിനാലും ദേഷ്യം വന്നപ്പോൾ എന്തോ പറഞ്ഞു എന്നല്ലാതെ അവളെക്കൂടാതെ തനിക്ക് ജീവിതം അസാദ്ധ്യമാണ്‌ എന്ന് ബോദ്ധ്യമുള്ളതിനാലും പുരുഷന്ന് ഈ നിയമം മറികടക്കേണ്ടത് അനിവര്യമായപ്പോൾ‌ കണ്ടു പിടിച്ച  സ്റ്റൈലൻ ഏർപ്പാടാകുന്നു ഇനി പറയാൻ പോകുന്ന കഥയുടെ തന്തു... ഏർപ്പാടിനെ ചടങ്ങ് എന്ന് വിളിച്ചു പോന്നു. അതായത് പരിത്യക്തയെ ഒരു താൽ കാലിക വിവാഹത്തിനു വിധേയയാക്കുക. മധുവിധു വിന്നു ശേഷം അവനിൽ നിന്നും വിവാഹ മോചനം വാങ്ങുക. പിന്നെ വീണ്ടും പഴയ ഭർത്താവ് അവളെ നിക്കാഹ്‌ ചെയ്യുക. മാന്യന്മാർക്ക് ചേർന്നപണിയല്ല എന്ന് ഉറപ്പുള്ളതുകൊണ്ടോ എന്തോ ഇങ്ങനെ താൽകാലിക വിവാഹം ചെയ്യാനും പിറ്റേന്ന് ഒഴിഞ്ഞു കൊടുക്കാനും തയ്യാറായ ത്യാഗിവര്യന്മാർ അന്ന്‌ വളരെകുറവായിരുന്നു. എന്നാൽ എവിടെയെങ്കിലും ഇത്തരം സഹായം ആവശ്യമുണ്ടോ എന്ന് അനേഷിച്ചു നടക്കുന്ന അപൂർവ്വം ചില മഹാന്മാരും അന്നുണ്ടായിരുന്നു കേട്ടോ. അക്കൂട്ടത്തിലൊരാളായിരുന്നു നമ്മുടെ നായകൻ. ഖലീവ എന്നപേരിലാണ്‌ ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. അജ്മീറിലേക്കും നാഗൂരിലേക്കുമൊക്കെ നേർച്ചകൾ പിരിച്ച് എത്തിക്കുക എന്നണ്‌ പറയപ്പെട്ടിരുന്നത്. കലീവയെ ഏല്പിച്ച നേർച്ചകൾതൽസ്ഥാനത്ത് എത്തും എന്ന് തന്നെ എല്ലാവരും വിശ്വസിച്ചു എത്തിയോ എന്നത് അല്ലാഹു അ അ് ലം .
പിന്നെ ഒരു പരോപകാരം എന്നനിലക്ക് അദ്ദേഹം ചെയ്തു വരുന്നതാണ്‌ ചടങ്ങു നിൽക്കൽ... അതും എല്ലാവർക്കും നിൽകില്ല ചെറുപ്പത്തിലേ തകർന്നു പോയ ദാമ്പത്യമാണെങ്കിൽ ഒരു ത്യാഗമെന്ന നിലയിൽ മാത്രം ....
ഏതുഗ്രാമത്തിൽ വന്നെത്തിയാലും നേർച്ചകൾ പിരിക്കുന്നതിനിടെ അദ്ദേഹം സ്വകാര്യമായി അന്വേഷിക്കും വല്ല ചെറുപ്പക്കാരികളും ഇടാപാട്‌ തീർത്ത് നികുന്നുണ്ടോ എന്ന്. ഉണ്ടെങ്കിൽ വേണ്ടപ്പെട്ടവർ നിർബന്ധിക്കുകയാണെങ്കിൽമാത്രം  മൂപ്പർ ആസഹായവും ചെയ്യും. ചെറുപ്പത്തിലേ അകന്നു പോയ ദാമ്പത്യം വിളക്കിച്ചേർക്കൽ എന്നമഹൽ കൃത്യം. എന്നാൽ എല്ലാത്തിനു മുണ്ടാകുമല്ലോ എതിരന്മാർ.. നട്ടിൽ കുറേ ചെറുപ്പക്കാർക്ക് കലീവക്കൊരു പണികൊടുക്കണമെന്ന് കലശലായ ആശയുണ്ടായി...
അവർ കെണിയൊരുക്കി. അത്തവണ കലീവ നാട്ടിൽ വന്നപോൾ ഒരാൾ ചെന്നു സ്വകാര്യം പറഞ്ഞു. ഒരു ചടങ്ങ്ണ്ടാർന്നു പറ്റ്വോ ?
ആദ്യം വലിയ താല്പര്യം കാണിക്കാതെ പുള്ളി പറഞ്ഞു ഇപ്പൊ അതിനൊന്നും നിക്കലില്ല കുട്ട്യേ...
പറ്റൂലെങ്കി വേണ്ട ... ന്നാ ഞാൻ പോട്ടേ..? വലിയ താല്പര്യം കാണിക്കാതെ മൂപ്പര്‌ ചോദിച്ചു ഓക്കെത്ര പ്രായണ്ട്... ന്റെ പെങ്ങളാ ....  ഈ റബീഉൽ അവ്വലിൽ ഇരുപത്തഞ്ചാകും. ന്നാ പിന്നെ ഞാമ്പോട്ടെ ങ്ങക്ക് പറ്റൂലലോ. ങാ  ... ഒരു കുട്ടീടെ ജീവിതത്തിന്റെ കാര്യല്ലേ നോക്കാ... പക്കേങ്കി  ക്ക് നാളെത്തന്നെ അജ്മീറിൽക്ക് പോണ്ടതാ...അതിനെന്താ ഇന്ന് തന്നെ ശരിയാക്കാലോ.
അന്ന് വൈകീട്ട്‌ ആളൊഴിഞ്ഞവീട്ടിൽ കുറേ ചെറുപ്പക്കാർ. ഇശാക്ക് നിക്കാഹ്‌... പിന്നെ വയറുനിറച്ച് അത്താഴം. അതുകഴിഞ്ഞ് മണിയറ... കലീവ അകത്തുകയറി... പുതു വസ്ത്രത്തിൽ മുഖം മറച്ചിരിക്കുന്ന വധുവിനെ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ കലീവ കണ്ടു.......
അദ്ദേഹം ശൃംഗാരഭാവത്തിൽ അടുത്തു ചെന്നു. അവൾ എഴുന്നേറ്റു.... മുൻകയ്യെടുത്തു.. ഒറ്റ ആലിംഗനം... മഹാഭാരതം വായിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം ധൃദരാഷ്ട്രരെക്കുറിച്ചൊന്നും ഓർത്തുകാണില്ല എങ്കിലും കലീവക്ക് തന്റെ വാരിയെല്ലുകൾ നുറുങ്ങുന്നതുപോലെയും ജീവൻ തൊണ്ടയിലൂടെ പുറത്തു ചാടുന്നതു പോലെയും അനുഭവപ്പെട്ടു... അടുത്തൊന്നും വീടുകളില്ലാത്തതു കൊണ്ട് കലീവയുടെ നിലവിളി പുറത്തുണ്ടായിരുന്ന നാലു ചെറുപ്പക്കാർ മാത്രമേകേട്ടുള്ളൂ.... അവരാകട്ടെ അത് പ്രതീക്ഷിച്ച് ഇരിക്കുകയുമായിരുന്നു... അവരുടെ കൂട്ടത്തിൽ ഏറ്റവും തടിമിടുക്കള്ളവനെയായിരുന്നല്ലോ പുത്യെണ്ണായി ചമയിച്ചൊരുക്കിയിരുന്നത്....
പിന്നീട് കലീവയെ ആവഴിക്കൊന്നും കാണുകയുണ്ടായില്ല എന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു......