Tuesday, October 19, 2021

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു....