Monday, May 28, 2018

നേർച്ചക്കോഴി

അവൻ അന്ന് പുലർച്ചെ ഉണർന്നു. അതങ്ങനെയാണ് സ്കൂളും മദ്രസയുമില്ലാത്ത ദിവസങ്ങളിൽ... ധൃതിയിൽ മിറ്റത്തേക്കിറങ്ങവേ അടുക്കളയിൽ നിന്നും തിത്ത്യാത്ത പറയുന്നു "ഓ ഇന്ന് സ്കൂളില്ലാ തോന്ന്ണൂ കുഞ്ഞാപ്പു നേരത്തെ ണീച്ചലോ".  അതു കേട്ട് ചിരിക്കുന്ന ഉമ്മയെ ശ്രദ്ധിക്കാതെ അവൻ പുറത്തിറങ്ങി. അടുക്കളമിറ്റത്തിന്റെ അതിരിലെ തെങ്ങിൻ ചുവട്ടിലെ ചരിലിലേക്ക് ശക്തിയായി മൂത്രമൊഴിച്ച്  പൊങ്ങിവരുന്ന വെളുത്തപത നോക്കി അല്പം നിന്നു. അതിനടിയിൽ നിന്നും ഇഴഞ്ഞിറങ്ങി  വലിയ ഒരു ഞാഞ്ഞൾ. പതുക്കെ കുളത്തിലേക്ക് നടക്കാനൊരുങ്ങവേ  ദൂരെ നിൽകുകയായിരുന്ന വെല്ലിമ്മാന്റെ ചേവക്കോഴി ഓടിവന്ന് ഞാഞ്ഞളിനെ കൊത്തി ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതും  അതുകേട്ട മറ്റു കോഴികൾ ഓടിവന്ന് ഞാഞ്ഞളിനെ  കൊത്തിവിഴുങ്ങുന്നതും നോക്കി നില്പായി. ചേവക്കോഴി ചുവന്ന് തടിച്ച് മിടുക്കനാണ്. വീട്ടിലെ കോഴികളെയെല്ലാം ഭരിക്കുന്നത് മൂപ്പരാണ്. തിന്നാൻ പറ്റിയത് വല്ലതും കണ്ടാൽ മറ്റുകോഴികളെ വിവരമറിയിക്കും.അവർ തിന്നുന്ന നേരത്ത്  ആകാശത്തേക്കും നോക്കി ഗമിയിലങ്ങനെ നിൽകും. എറളാടിയോ പരുന്തോ  വന്നാൽ പ്രത്യേക ഒച്ചയുണ്ടാക്കും. അതുകേട്ടാൽ കോഴിക്കുഞ്ഞുങ്ങൾ തള്ളയുടെ ചിറകിനടിയിലേക്ക് ഓടിയൊളിക്കും. ഒരുദിവസം കോഴികളെല്ലാം കൂടി കൊക്കിപ്പാറാൻ തുടങ്ങി നോക്കിയപ്പോൾ വലിയൊരു പാമ്പ് ചക്കനും ചാത്തനുമൊന്നും കൊല്ലാൻ ധൈര്യമുണ്ടായില്ല. പിന്നെ മൂത്താപ്പ വന്ന് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ചേവക്കോഴി നേർച്ചക്കോഴിയാണത്രേ. പാമ്പുകൾ വരാതിരിക്കാൻ വെല്ലിമ്മ അതിനെ രിഫാ ഈൻ ശൈഖിന്റെ പേരിൽ നേർന്നിരിക്കയാണ്. കുറേ ദിവസം കഴിഞ്ഞാൽ  ഉസനിക്കയോ ചേക്കുമൊല്ലക്കയോ വന്ന്  മൗലൂദ് ഓതും  ശേഷം പൂവനെ അറുത്ത് ഉണ്ടാക്കിയ കറിയും പത്തിരിയും  എല്ലാവരും കൂടിതിന്നുകയും ചെയ്യും.
ഇറച്ചിയും പത്തിരിയും അവനിഷ്ടമാണെങ്കിലും ചേവലിനെ അറുക്കുന്ന കാര്യമോർത്തപ്പോൾ അവനു വലിയ സങ്കടം തോന്നി.
സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ.........
തൊടിയിൽ പ്രഭാതബേരി മുഴക്കുന്ന കിളികളെ കാര്യമാക്കാതെ അവൻ കുളത്തിലേക്കോടി. ഇന്നിനി എന്തെല്ലാം കളികൾ കിടക്കുന്നു. കൂട്ടുകാരിപ്പൊ വരും..

Sunday, May 27, 2018

സൈനുദ്ദീൻ...

സൈനുദ്ദീൻ...
***************
ആലിഹാജിയുടെ മൂത്തമകനായിരുന്നു സൈനുദ്ദീൻ, ഞങ്ങൾ  കൂട്ടുകാർ അവനെ സൈനു എന്ന് വിളിച്ചു. എന്റെ കിട, ഒന്നാം ക്ലാസുമുതൽ ഞങ്ങളൊന്നിച്ചു പഠിച്ചു. സ്കൂളിലും മദ്രസയിലും. രസികൻ വലിയ തമാശക്കാരൻ പഠിപ്പിനു അല്പം പിറകിലായിരുന്നതിനാൽ പഴയ പത്താം ക്ലാസുകാരനായ പിതാവിൽനിന്നും ധാരാളമായി അടിവാങ്ങുമായിരുന്നു. ആലിഹാജി അറിയാതെ അദ്ദേഹത്തിന്റെ വലിയ സൈക്കിളെടുത്ത് ത ണ്ടിനിടയിലൂടെ കാലിട്ട് ചവിട്ടി പഠിച്ചത് മൂപ്പരെ കിടക്കാർക്കിടയിൽ ഹീറോ ആക്കി. ഒഴിവുസമയങ്ങളിൽ ഞങ്ങളൊന്നിച്ച് കളിച്ചു. ഒരാളുടെ പിറകിൽ മറ്റേയാൾ പിടിച്ച് കാറോടിച്ച് കളിക്കുന്ന കളിയായിരുന്നു പ്രധാനം.                മൈകുവെച്ച കാറിന്റെ റോളാണെങ്കിൽ ഒരാൾ ഉച്ചത്തിൽ പാടുകയും ചെയ്യും.ആയിടെ ഇറങ്ങിയ  കുട്ടിക്കുപ്പായം  പോലുള്ള സിനിമയിലെ പാട്ടുകൾ. ഇപ്പോൾ ഓങ്ങല്ലൂര് സ്ബക്കാ ഹോട്ടൽ നടത്തുന്ന മൂസ നല്ലൊരു പാട്ടുകാരനായിരുന്നു. നേരത്തെ സ്കൂളിലെത്തിയാൽ ഞാൻ കൊള്ളിപ്പറമ്പത്തുനിന്നും വരേണ്ട സൈനുദ്ദീനെ കാത്ത് പടിഞ്ഞാട്ട് നോക്കി നിൽകും. പാതയോരത്തുകൂടി നടന്നുവരുന്ന കൂട്ടുകാരനെ കാത്ത് അക്ഷമയോടെ. ഒരുദിവസം ചിരിച്ചുകൊണ്ട് ഓടിവന്ന സൈനു പറഞ്ഞു ഇന്നലെ ന്റെ കുടീലൊരു കലീവവന്നു. " ന്നിട്ടോ", ഒരു പാട്ടു പാടി. " എന്തു പാട്ട്" ഞാൻ പാടിത്തരാ.." ന്നാപാട്". അവൻ പാടി
" അബൂബക്കർ കോയാ
മൂട്ടർ വിടാൻ പോയി
പാത്തുമ്മാനെ കെട്ടി
അതിലൊരു കുട്ടി
കുട്ടിക്ക് തൂറാൻ കുണ്ടില്ല"
കേട്ടു നിന്നവരെല്ലാം ചിരിക്കാൻ തുടങ്ങി. പെൺകുട്ടികളുമുണ്ടായിരുന്നു കൂട്ടത്തിൽ. എനിക്ക് ദേഷ്യവും സങ്കടവും വന്നു. സൈനു അപ്പോഴും അക്ഷോഭ്യൻ. ഞാനവനുമായി ഉടക്കി.. പിണങ്ങി... പിരിഞ്ഞു ... അതോടെ സൈനൂന്റെ പാട്ട് പ്രസിദ്ധമായതു മിച്ചം. പിറ്റേന്നും രാവിലെ പതിവു പോലെ അവനെ കാത്തു നിൽകുകയും ചെയ്തു. പിന്നീട് കുറെകാലം കൂട്ടുകാർ എന്നെ ചൊടിപ്പിക്കാൻ ആപാട്ട് ഉപയോഗിച്ചിരുന്നു. നാലാം ക്ലാസു വിട്ട് വാടാനാം കുറുശിയിലെത്തി. സ്കൂളിലേക്ക് എന്നും‌ ഒന്നിച്ചായിരുന്നുയാത്ര. മൂലേകാവ് കുന്നുകൾ കയ്യറിമറിഞ്ഞ് കളിച്ചും ചിരിച്ചും മുള്ളും പഴവും നെല്ലിക്കയുമൊക്കെ പറിച്ചും കാട്ടു പക്ഷികൾക്ക് കല്ലെറിഞ്ഞും ഞങ്ങളങ്ങനെ പോകുമായിരുന്നു. ചിലപ്പോൾ റോഡിലൂടെ നടന്ന് ഓങ്ങല്ലൂർ വഴിയും ചിലപ്പോൾ പുന്നിച്ചീരി വഴിയുമൊക്കെ ഞങ്ങൾ സഞ്ചരിച്ചു. ഒന്ന് രണ്ട് ക്ലാസുകളിൽ തോറ്റതോടെ അവൻ ഒരു മുതിർന്ന കുട്ടിയെപ്പോലെയായി. പഠിത്തം ഉപ്പാന്റെ നിലവാരത്തിൽ ഉയർത്താൻ കഴിയാഞ്ഞതിനാലാകാം ഇടക്കുവെച്ച് നാടുവിട്ട് ബോംബേയിലേക്കു പോയി. അവിടെ വെച്ച് എഴുപത്തി ആറിലാണെന്നു തോന്നുന്നു. ടൈഫോയ്ഡ് പിടിപെട്ട്  മരിച്ചു പോയി. അന്നവനു ഇരുപതോ ഇരുപത്തൊന്നോ വയസുകാണും. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. ബാല്യകാലസ്മരണകളിലെ വർണ്ണപ്പോലിമയാർന്ന ഒരദ്ധ്യായമായി അവനിന്നും എന്റെ മനസിൽ ജീവിക്കുന്നു.-

Friday, May 25, 2018

വെല്ലിപ്പാന്റെ കൂടെ നിളാതീരത്ത്

രണ്ട് ദിവസം തുടർച്ചയായി പെയ്ത മഴക്കു ശേഷം അന്ന് വെയിൽ തെളിഞ്ഞു. കുട്ടിക്ക് വളരേ സന്തോഷമായി... സ്കൂളില്ലത്ത ഒരു ദിവസം. കൂട്ടുകാർ ആരെങ്കിലും വരാതിരിക്കില്ല. മദാരി ഉമ്മർ മമ്മിക്കുട്ടി പൂളക്കലെ മാനു ഇബ്രാഹിം എന്നിങ്ങനെ ആരെങ്കിലും. അവൻ ഉമ്മ കാണാതെ  കമ്പനിത്തൊടിയിലേക്കിറങ്ങി. കൂട്ടുകാരോടൊപ്പം കളിക്കുന്നത് ഉമ്മാക്കുംവെല്ല്യുമ്മാക്കും അത്ര ഇഷ്ടമല്ല. അവർ വികൃതിയും അനാവശ്യ വർത്തമാനവും പഠിപ്പിക്കുമത്രേ...

തീവണ്ടിയാപ്പീസിൽ വന്നു നിന്ന മൂന്നരയുടെ ഷട്ടിലിൽ നിന്നും ഇറങ്ങി പടിഞ്ഞാട്ട് പോകുന്ന ആളുകളെ നോക്കി  അവൻ ഞവളു മരത്തിനു ചുവട്ടിൽ കാത്തുനിന്നു. പോട്ടർ കുഞ്ഞിരാമൻ ആളുകളുടെ കയ്യിൽ നിന്നും ടിക്കറ്റുകൾ വാങ്ങുന്നു. കുഞ്ഞിരാമനോടെന്തോ ഉറക്കെപ്പറഞ്ഞ് ചിരിച്ചുകൊണ്ട് വെള്ള മൂസക്ക. കൂട്ടുകാരെ ആരെയും കാണാനില്ല.. അസർ ബാങ്ക്  കൊടുത്ത് അല്പം കഴിഞ്ഞതേയുള്ളൂ. കുറച്ചുകൂടി കഴിഞ്ഞാൽ അവർ വരുമായിരിക്കും. അപ്പോഴതാ റെയിൽ കടന്ന് വെല്ല്യുപ്പവരുന്നു....

വെല്ല്യുപ്പ പറഞ്ഞു "ഞമ്മക്ക് മീം പുടിക്കാമ്പോകാ.. കുണ്ടട്ത്തൂണ്ട് വാ... രണ്ടു പരൽ കിട്ടുവോന്നു നോക്കാ.."

മീൻ പിടിക്കാൻ പോകുന്നത് അവനു വലിയ ഇഷ്ടമായിരുന്നു. യാത്രയി വെല്ലിപ്പ അവനു പലകഥളും പറഞ്ഞു കൊടുക്കും. ഒടിയന്റെ ജിന്നിന്റെയും ഒക്കെ കഥകൾ. ആയാത്രകൾ അവന്റെ കുഞ്ഞു മനസ്സ് നന്നായി ആസ്വദിച്ചു. അവൻ വീട്ടിലേക്കോടി. വേഗം മീൻ കുണ്ടയെടുത്തു കൊണ്ടു വന്നു. അപ്പോഴേക്കും വെല്ല്യുപ്പ വലയും തോളിലിട്ട് റഡിയായി നില്കുന്നു. പടികടന്ന് വീരാപ്പാന്റെ വീട്ടിന്റെ പിറകിലൂടെ അവർ കൂമുള്ളിപ്പാടത്തേക്കിറങ്ങി. പോത്താക്കൽ നിന്നും കയറിവരുന്ന കാങ്കനും കുഞ്ഞിക്കോരനും ചിരിച്ചുകൊണ്ട് വഴി യൊതുങ്ങി. വെല്ലിപ്പന്റെ പാടത്തെ പണിക്കാരാണ് രണ്ടു പേരും. കാങ്കൻ പോകും വഴി ചിരിച്ചുകൊണ്ട് അവന്റെ തലയിൽ തലോടി. രണ്ടു പേരേയും അവന്ന് ഇഷ്ടമായിരുന്നു.‌ വീട്ടിൽ വരുമ്പോൾ കമ്പനിത്തൊടിയിൽ നിന്നും പെറുക്കിയ പഴുത്ത കോമാങ്ങയും ഞട്ടങ്ങയും ഒക്കെ അവർ അവനു കൊണ്ടുവന്ന് കൊടുക്കാറുള്ളതാണ്.  തൊടിക്കപ്പുറം പാടം അതിനപ്പുറം പുഴ അക്കരെ കരിമ്പനകൾ നിറഞ്ഞ പാടങ്ങൾക്കപ്പുറം നീണ്ട് നിവർന്ന് ഗംഭീരനായി കൊണ്ടൂരക്കുന്ന്.  അവർ വഴിയിൽ നിന്നും വരമ്പിലേക്കിറങ്ങി. വരമ്പിൽ ഇരുന്നിരുന്ന ഒരു കണ്ണു തുറിയൻ പോക്കാച്ചിത്തവള പാടത്തെ വെള്ളത്തിലേക്ക് പ്ലും എന്ന് എടുത്ത് ചാടി.  ഒരു പാട് കൊറ്റികൾ പറന്നുയർന്നു. അവ കൂമുള്ളി ക്കുളത്തിന്റെ തേക്ക് കാലായ പൂളമരത്തിൽ പോയി ഇരിപ്പായി. മരത്തിൽ രണ്ട് നീലപൊന്മാൻ മാരും ഉണ്ട്.  വരമ്പിലെ മാളങ്ങൾക്ക് മുന്നിൽ നിന്നിരുന്ന ഞണ്ടുകൾ ധൃതിയിൽ അകത്ത് കയറി...  മേപ്പട്ട് നോക്കി നടന്നിട്ട് ചളീൽ വിഗ്ഗരുത്ട്ടോ എന്ന വെല്ലിപ്പാന്റെ മുന്നറിയിപ്പിന്ന് അവൻ മൂളി. 

കാഴ്ച്ചകൾ കണ്ട് പുഴയിലെത്തിയതറിഞ്ഞില്ല... മൂടിക്കെട്ടിയ ആകാശം.വല്ലിപ്പ പടിഞ്ഞാറോട്ട് നോക്കി സ്വയം ചോദിച്ചു മഴ പെയ്യ്വോണാവോ?. 

 പോത്താക്കൽ പാറ മൂടാറായിരിക്കുന്നു. വെല്ലിപ്പ വലവീശാൻ തുടങ്ങി.... ആദ്യത്തെ വലയിൽ ഒന്ന് രണ്ട് പരലും ഒരു ഞണ്ടും കുറെ ചപ്പും ചണ്ടിയും മാത്രം. കുട്ടിക്ക് നിരാശയായി. ഇന്നൊന്നും കിട്ടൂലേ ? പക്ഷേ അടുത്ത വല നിറയെ മീനായിരുന്നു. പരലുകളും വലിയ പൂഴാനും കുറുന്തലയും മറ്റും..... വെല്ലിപ്പ വല കുടഞ്ഞിട്ടു. കുട്ടി മീനെല്ലാം പെറുക്കി കുണ്ടയിലാക്കി. ഒന്ന് രണ്ട് പരലുകൾ വെള്ളത്തിലേക്ക് തന്നെ ചാടി... ജാള്യതയോടെ വെല്ലിപ്പാന്റെ മുഖത്ത് നോക്കിയപ്പോൾ  അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു പൊയ്കോട്ടെ അവർടെ ആയസ് ചുരുങ്ങീറ്റില്ലാ...

പോത്താക്കൽ നിന്നും പുഴായിലേക്കിറങ്ങി. ഒന്ന് രണ്ട് വലകൂടി വീശിയപ്പോഴേക്കും കുണ്ട നിയാറായി.... മാനം വീണ്ടും തെളിഞ്ഞു. അങ്ങ് പടിഞ്ഞാറ് ചെങ്ങണം കുന്നത്തി ആലിനും പിറകിലൂടെ താഴോട്ടിറങ്ങ് സൂര്യന് ചുവപ്പു നിറം...

വായോ ഇരുട്ടാവുമ്പളക്ക് പോവ്വ്വാ...വല ചുമലിലിട്ട്  വെല്ലിപ്പ നടക്കാൻ തുടങ്ങി കുണ്ടയുമായി കുട്ടി പിറകേയും..

പടിക്കലെത്തിയപ്പോൾ പള്ളയിൽ നിന്നും ചേക്ക്മൊല്ലക്ക മഗ്രിബ് ബാങ്കു കൊടുക്കുന്നു.... പൂമുഖത്ത് അലിയും ബൽക്കിസും കാത്തു നിൽകുന്നു. മീൻ പിടുത്തക്കരന്റെ ഗമയിൽ കുണ്ടയുമായി കുട്ടി അടുക്കളയിലേക്ക് ചെന്നു. ന്നെന്താ കിട്ടിട്ട്ണ്ടലോ എന്ന് ചിരിച്ചുകൊണ്ട് ഉമ്മയും വല്ല്യുമ്മയും.....

Monday, May 21, 2018

നാണ്വാര്

ആധുനിക മാനേജ്മെന്റെ സങ്കേതപ്രകാരം  അത്യാവശ്യങ്ങളൊക്കെ ഔട്ട് സോഴ്സി ങ്ങിലൂടെ നിവർത്തിച്ചു വരവേയാണ് നാണ്വാരാ കഥ കേട്ടത്. കേൾക്വാന്നല്ല പറയേണ്ടത് ടെലിവെഷത്തിൽ കാണ്വായിരുന്നു . മനോരമയിൽ. ആയുധം ചെത്തിയെറിയപ്പെട്ട അമ്പത്തഞ്ചുകാരനായ പാവം യുവാവിന്റെ കഥ. അമ്പത്തഞ്ചുകാരനായ യുവാവ് സ്ഥലത്തെ പ്രധാന ആസാമിയായിരുന്നു എന്ന് പിന്നീടറിഞ്ഞു. കഥ കേട്ട നായർ  അസാരം വെരണ്ടൂന്ന് പറഞ്ഞാമതിയല്ലോ. സാമാന്യം തരക്കേടില്ല്യാതെ ഒന്ന് ഞെട്ടുകയും ചെയ്തു. പണ്ടത്തെപ്പോല്യല്ലാ നി വിട്ന്ന ങ്ങട്ട് ത്തിരി സൂക്ഷിച്ചെന്നെവേണം നേരം പോക്ക് എന്ന ഉറച്ച തിരുമാനത്തിൽ മൂപ്പരെത്തി. മാനികൾക്ക് മാനഹാനി മൃതിയേക്കാൾ ഭയാനകം എന്നാണല്ലോ. ഇതിപ്പോ മാനം പോട്ടേന്ന് വെക്കാം യന്ത്രം പോയാലോ. വേണ്ടാ ഏത് ചൊല്ല് പതിരാണെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ദുഖിക്കാം എന്നതിൽ ഇല്ല പതിരൊട്ടുമശേഷം എന്നദ്ദേഹം തിരുത്തി ചൊല്ലിനെ ചെത്തി മിനുക്കി. ഊണിന്ന് ശേഷം മനോരാജ്യത്തിൽ മുഴുകിയപ്പോൾ അപ്പോ തോന്നീ കൂട്യേ കഴിയൂന്ന്. ഉണ്ടിരിക്കുമ്പൊഴാണല്ലോ വിളിതോന്ന്വാ.  കണക്റ്റിങ്ങ് റാഡിനു പരിക്കില്ലാത്ത ഒരു നേരം പോക്ക് തരാവണെങ്കി ഇനി പഴയന്നൂർ വരെ പോകണം എന്നായി സ്ഥിതി. ന്നാ പിന്നെ പോക്വെന്നേന്ന് നിരീച്ച് മൂപ്പരൊരുങ്ങി. ന്നാ ഒന്ന് കൂടി ആലോചിക്കാം എന്ന് കരുതി സതീർത്ഥ്യൻ ഹാജ്യാരെ വിളിച്ചു. ഉപ്പ് പുളിച്ചാ മൊട്ട ചതിക്കുമ്ന്നൊക്കെ പറഞ്ഞ് സ്കൂളീന്നേ പരിഹസിക്വ പതിവാണെങ്കിലും മാപ്ല നല്ലോനാ. നേരമ്പോക്കിന്റെ കാര്യത്തിലൊരു വിദഗ്ദനും. മൂപ്പരാവുമ്പൊ എതിരല്ലാതൊന്നും പറയില്ല. അങ്ങന്യൊന്ന് നിഷേധിച്ച് പോക്വാന്ന് വെച്ചാ അത് ഒരു ഹരാണേയ്.  ഒന്ന് പഴയന്നൂർ വരെ പോണലോ കോയാജീ..
എന്തേ പ്പോ ഈ നട്ടപ്പാതിരക്കൊരു തൂറാമ്മുട്ടല് ന്ന് ഹാജി ഏറനാടൻ ഭാഷയിൽ കാച്ചി.
ഒന്നൂല്ല്യാ ഒന്ന് പോയി വരണം അത്രെന്നേ...
ന്നാലേയ് അത് വേണ്ടാ. കാലം പോക്കാ. ഞാനും ചാകും നിന്നേം കൊല്ലും എന്ന ചേല്ക്ക്  അമ്പെയത് പോല്യാ ശകടങ്ങടെ പോക്ക്.. അത്വോണ്ട് രാത്രീല് യാത്ര വേണ്ടാ... പറഞ്ഞതില് കാര്യണ്ട് ന്ന് നായർക്കും തോന്നി. പ്രയാണം വെളിച്ചത്തിലേക്ക് മാറ്റി. അങ്ങനെ പിറ്റേന്ന് സന്ധ്യക്ക് മുമ്പായിരുന്നൂ പ്രയാണം. വളളത്തോൾ നഗർ പളളം തിരുവില്ല്വാമല വഴി പഴയന്നൂർക്ക്. പ്രയാണം വളരെ സുഖപ്രദമായി തട്ട് തടസ്സങ്ങളൊന്നും കൂടാതെ ലക്ഷ്യം പൂകി. ഈ പട്ടാപ്പകലങ്ങ് ചെന്ന് കയറിട്ട് കാര്യമൊന്നുമില്ല എന്ന് സ്വയം കല്പിച്ച് അവിടവിടങ്ങളിലൊക്കെ കറങ്ങി സന്ധ്യക്കു മുമ്പായിരുന്നു പ്രവേശം. വഴിയോരത്തട്ടുകടയിൽ നിന്നും അത്താഴവും താരാക്കിട്ടാണു ചെന്നുകയറിയത്. നിദ്രാഭംഗത്തിന് താമസമരുത് എന്നാണല്ലോ. ശീഘ്രസ്യ ശുഭം.കാലങ്ങൾക്ക് ശേഷം കാമനെക്കണ്ട കാതരഭാവമൊന്നും കാട്ടാതെ കശ്മല. നവരസങ്ങൾക്കൊപ്പം ജഗതി പഠിപ്പിച്ച ദശാംസവും അഭിനയിച്ച് അനുസരണയുളള കുഞ്ഞാടിനെപ്പോലെ നായർ ''സിന്ദ രഹ്നേ കെ ലിയേ തേരി കസം എക് മുലാകാത് ജരൂരീ ഹേ സനം''  എന്ന തിന്റെ മലയാണ്മ ഉരുവിട്ടുകൊണ്ട്  അറപൂകി. അപ്പോഴായിരുന്നു ഹാലിളക്കം. കശ്മല വിശാല ശയ്യയിൽ നെടുകെ ഒരു വരവരച്ചു. കാതരയായ് മൊഴിഞ്ഞു ഈ രേഖയെ ബേധിക്കണമെങ്കിൽ ഇന്നേക്ക് ഏഴു ദിനരാത്രങ്ങൾ കഴിയണം. കല്പന ദാ ഇപ്പൊ കിട്ടിയതേയുളളൂ... കേട്ടതും
കാറ്റു പോയ ബലൂൺ പോലെ ടിയാൻ ശയ്യയിലേക്കു ചരിയുകയായിരുന്നു. പോം വഴിയെക്കുറിച്ച് ചിന്തിച്ചു. ഒരല്പം ബലം പ്രയോഗിച്ചാൽ.... സാഹസത്തിനു മുതിർന്നാൽ....വേണ്ട. യന്ത്രം ഛേദിക്കപ്പെട്ട ആസാമിയെ ഓർത്തു. കഥ ചിലപ്പോൾ കശ്മലയും കേട്ടുകാണും. എങ്ങാൻ ഉത്തേജിതയായിട്ടുണ്ടെങ്കിലോ. സാമിയെ സ്വപ്നം കണ്ട് ഞെട്ടി നിദ്രയേ പ്രാപിച്ചു....
പുരുഷവർഗ്ഗത്തിന്റെ ഗതികേട് പറയാനും കേൾക്കാനും ഈ നാട്ടിലാരുമില്ലല്ലോ...

Saturday, May 12, 2018

രണ്ടു ചെറുകഥകള്‍

എന്റെ ബാല്യകാലസ്മരണകളെ പുരസ്കരിച്ച് പണ്ട്‌ ഞാന്‍ കൊച്ചു കൊചു ചെറുകഥകള്‍ എഴുതിയിരുന്നു 1980 ല്‍   ... ഒരു നോട്ടു പുസ്തകത്തില്‍ എഴുതി സൂക്ഷിച്ചിരുന്ന കഥകള്‍ ഒന്നും  തന്നെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാഞ്ഞത് അതത്ര നല്ല കഥകളൊന്നു മല്ല എന്ന തോന്നലോ സ്വയം  വിമര്‍ശനമോ ഒക്കെയായിരിക്കാം. അങ്ങനെ പത്തു പതിനഞ്ചു കൊല്ലത്തിനു ശേഷം  എന്റെ മകള്‍ അതെടുത്ത് വായിച്ചിട്ടു  പറഞ്ഞു ഉപ്പാ വളരെ നന്നായിട്ടുണ്ട്‌ഇത്ഏതെങ്കിലും  പത്രത്തിന്‌അയച്ചു കൊടുക്കണം...
അവള്‍ തന്നെ കടലാസിലേക്ക് അക്ഷരത്തെറ്റില്ലാതെ പകര്‍ത്തിത്തരികയും  ചെയ്തു. അങ്ങനെ സ്വന്തമെന്നു കരുതിയിരുന്ന ഒരു പത്രത്തില്‍ അത് കൊടുത്തു. ഒറ്റ അപേക്ഷയേഉണ്ടായിരുനുള്ളു. പ്രസിദ്ധീകരണയോഗ്യമല്ലെങ്കില്‍ മടക്കി അയക്കണം  അതിനുള്ള തപാല്‍ മുദ്രഒട്ടിച്ച് ലക്കോഡും  അടക്കം  ചെയ്തിട്ടുണ്ട്.   ആദ്യ കൃതി വെളിച്ചം  കാണുന്നതും  കാത്ത് ആകാം ഷയോടെ ഒരുപാടിരുന്നു. കാണാനില്ല. പിന്നെ കഥകള്‍ മടക്കിക്കിട്ടാനായി ശ്രമം  വിളിക്കും ... അസ്സലാമു അലൈകും  ഞാന്‍ .... രണ്ടു ചെറുകഥകള്‍‌ തന്നിരുന്നു. മറുപടി ..  "ളേക്കും  സ്ലാം" ഉടന്‍ അയക്കാം  ... മറ്റുതെരക്കുകളുള്ളതുകൊണ്ടും  ജീവസന്ധാരണത്തിന്ന്‌ ഈശ്വരന്‍ മറ്റു വഴികള്‍ കാണിച്ചു തന്നിരുന്നതുകൊണ്ടും  സമയം  പോകുന്നത് അറിഞ്ഞില്ല.. മൂന്നു നാലുതവണ ളേക്കും സ്ലാം  കിട്ടിക്കഴിഞ്ഞപ്പോഴേക്കും  മനസിലായി അതു മടക്കിക്കിട്ടാന്‍ പോകുന്നില്ല എന്ന്‌...
ദുര്യോഗം  നോട്ടു ബുക്ക് കാണാതായിരുന്നു.......
ഈയിടെ പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും  അതു വീണ്ടു കിട്ടിയപ്പോള്‍
ചിരിച്ചുകൊണ്ട്‌ഞാനോര്‍ത്തു ... "ലേക്കും  സ്ലാം "
"Yes it was a slam on my face .... "
എനിക്കു പിഴച്ചതെവിടെയാണ്‌....