Sunday, January 23, 2022

ചരിത്രകഥ

ഇത് പരാസിറ്റമോൾ ഒരു ദിവ്യൗഷധമായി കരുതപ്പെട്ടുതുടങ്ങുന്നതിനു മുമ്പുള്ള കഥയാണ്. അന്നൊന്നും സമ്പാദനത്തിനായി ആരും വൈദ്യം പഠിച്ചിരുന്നില്ല പഠിപ്പിച്ചിരുന്നും ഇല്ല. പുണ്യം മാത്രം ഉദ്ദേശിച്ചായിരുന്നു ഏർപ്പാട്. പിന്നീടാണ് പുണ്യം വേണ്ട പണം മതി എന്ന ദിവ്യ സൂക്തം അവതരിച്ചത്. " ഞങ്ങളുടെ കൂടെ നാലാളെ അയച്ചാൽ ഞങ്ങളവരെ വൈദ്യശാസ്ത്രം പഠിപ്പിക്കാം ഞങ്ങൾ വൈദ്യ ശാസ്ത്ര വിദഗ്ദരാണ് എന്ന് പറഞ്ഞവരോട് ഞങ്ങൾക്ക് വൈദ്യ ശാസ്ത്രത്തിന്റെ ആവശ്യമില്ല ഞങ്ങൾ വിശക്കാതെ ഭക്ഷിക്കാറില്ല ഭക്ഷിക്കുമ്പോൾ വയർ നിറക്കാറുമില്ല" എന്ന് പറഞ്ഞ നിരക്ഷരനായ ഗുരുവായിരുന്നു റോൾ മോഡൽ. അതുകൊണ്ടുതന്നെ ഭീമൻ തുകകൾ ചെലവാക്കിയുള്ള ചികിത്സ ഒരു അഭിമാനമായി ജനങ്ങൾ കരുതിയിരുന്നുമില്ല. മരണഭീതി പൊതുവേ കുറവായിരുന്നു. മൃത്യൂഭീതിയുടെ കച്ചവട സാദ്ധ്യത മനസിലാക്കപ്പെട്ടത് പിന്നീടാണ്.  മെട്രിക്കുലേറ്റായ കമ്പ്യൂട്ടർ വിദഗ്ദൻ ദുനിയാവിന്റെ  അരോഗ്യത്തിന്റെ നടത്തിപ്പ് മൊത്തത്തിൽ ഏറ്റെടുത്തതിനു ശേഷം.   കമ്പ്യൂട്ടർ വൈറസുകളെപ്പോലെ ജൈവ വൈറസുകളേയും ഉപയോഗപ്പെടുത്താമെന്ന മഹത്തായ ആശയം അയാളുടെ തലച്ചോറാകുന്ന കമ്പ്യൂട്ടറിൽ ഉദയം ചെയ്തത് ഈ ചരിത്രകാലത്താണ്. എന്നാൽ ചരിത്രാദീത കാലത്തുമുണ്ടായിരുന്നു നമ്മുടെ സീസണൽ ഫ്ലൂ. ചേറ് പൊടിയാകുമ്പോഴും പൊടി ചേറാകുമ്പൊഴും ഒന്നു പനിക്കും അത് കാര്യമാക്കാനില്ല എന്നാ അന്ധവിശ്വാസമായിരുന്നു നടപ്പ്. ആധുനിക ശാസ്ത്രമെന്ന സത്യവിശ്വാസം ഇത്രക്കങ്ങ് പ്രചരിച്ചിട്ടില്ലായിരുന്നു. വാർത്തക്കാരു വൈദ്യക്കാരും പരസ്പരം മുതുക് ചൊറിയാൻ തുടങ്ങുന്നതിനു മുമ്പ് ആരും സീസണൽ ഫ്ലൂവിന്റെ പിറകെ ക്യാമറയും തൂക്കി നടക്കാറില്ലായിരുന്നു.. നാട്ടിൽ നടക്കുന്ന മരണങ്ങളൊക്കെയും അതിന്റെ കണക്കിൽ എഴുതിച്ചേർക്കാറുമില്ല. പിന്നെ എങ്ങനെയാണ് ഈ മഹാമാരിയെ പ്രാകൃതർ അതിജീവിച്ചത് എന്നല്ലേ പറയാം...
നാട്ടു വൈദ്യമായിരുന്നു മുഖ്യം. ഹോമിയോപ്പതി പ്രകൃതിചികിത്സ തുടങ്ങിയ അപരിഷ്കൃത ഏർപ്പാടുകളും നടപ്പിലുണ്ടായിരുന്നു. വയറ്റിനു കനമുള്ള ഭക്ഷണമൊഴിവാക്കി ചുക്ക് കുരുമുളക് തുളസിയില പേരയില ചെറിയ ഉള്ളി കരിപ്പൊട്ടി ഇത്യാദികൾ കഷായം വെച്ച് കുടിച്ച്  മൂടിപ്പുതച്ച് കിടക്കുക. അതായിരുന്നു മുഖ്യ ചികിത്സ.  മലയാളത്തിലെ സാഹിത്യകാരനായ ഡോക്ടർ അതിനെപ്പറ്റി പറഞ്ഞത് ചികിത്സിച്ചാൽ ഒരാഴ്ച ഇല്ലെങ്കിൽ ഏഴു ദിവസം എന്നായിരുന്നു. 
ങൂം അങ്ങനെ എന്തെല്ലാം ചരിത്രങ്ങൾ....

Saturday, January 22, 2022

പൂരക്കാഴ്ചകൾ

സ്കൂളില്ലാത്ത ദിവസമാണ്‌. പോരാത്തതിന്ന്  വെള്ളിയാഴ്ചയും  സ്കൂളും മദ്രസയും ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടികൾക്ക് വലിയ സന്തോഷമാണ്. അയ്സ്ല് വാസികളായ കുഞ്ഞാപ്പുട്ടിയും ഹംസുവും നേരത്തേ വന്നു. കുഞ്ഞിബാപ്പുവും കുഞ്ഞിപ്പയും അലിയും മാളുവും കുഞ്ഞിമോളും ചാമിയുടെ മകൾ സരോജിനിയും. കുഞ്ഞിപ്പയും കുഞ്ഞിമോളും ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് വന്നിരിക്കയാണ്‌. നേരം വെളുത്ത് വൈകുന്നേരം വരെ കളിച്ചു തീർക്കേണ്ട കളികളെക്കുറിച്ച് ഒരേകദേശ രൂപം കുട്ടികളുടെ നേതാവായ കുഞ്ഞുബാപ്പു ഉണ്ടാക്കിവെച്ചിരുന്നു. തെറിച്ച വെയിൽ ഒട്ടും കളയാതെ തലയിൽ ഏറ്റുവാങ്ങുക എന്നത് തന്നെയാണ്‌ മുഖ്യ പരിപാടി. നാലുകെട്ടിന്റെ മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് കുട്ടികൾ പരിപാടികൾ അവലോകനം ചെയ്യവേ 
ചീക്കരത്തെ പാലത്തിന്റെ ഭാഗത്തുനിന്നും ചെണ്ടമേളം കേൾക്കുന്നു. വാദ്യം കേട്ട കുട്ടികൾ തറവാട്ടു വളപ്പിന്റെ പടിഞ്ഞാറേ മൂലയിലുള്ള കുളക്കരയിലേക്ക് ഓടി.
 അവിടെ നിന്നാൽ കാഴ്ചകൾ കാണാം. വേനലിൽ വരണ്ടു കിടക്കുന്ന കണ്ടാറിപ്പാടം. പാടത്തെ പകുത്ത് കിഴക്കുനിന്ന് പടിഞ്ഞാറേക്ക് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാതക്കുമപ്പുറം പഞ്ചാരമണൽതിട്ടക്ക് കുറുകെ മെല്ലെ പടിഞ്ഞാട്ടൊഴുകുന്ന പുഴ. പിന്നെയും പാടം അതും കഴിഞ്ഞ് ഒരു കോട്ടപോലെ കൊണ്ടൂരക്കുന്ന്. കുട്ടികൾ കുളത്തിന്റെ കരയിലെത്തി. വേനൽസ്രുതിയിൽ ശുഷ്കിച്ചു പോയകുളം.

 കുളക്കണ്ടത്തിലേക്കും കവുങ്ങിൻ തോട്ടത്തിലേക്കും ഏത്തമിട്ട് തേവുന്ന കൊട്ടത്തളങ്ങളിൽ മാത്രമേ വെള്ളമുള്ളൂ. കുട്ടികൾ ചെണ്ടമേളം കേട്ട ദിക്കിലേക്ക് നോക്കി. പാടത്തിനും മരങ്ങൾക്കുമപ്പുറം കുഞ്ഞിരാമൻ നായരുടെ വീട്ടിന്റെ ഭാഗത്തു നിന്നാണ്‌ ചെണ്ട മേളം കേൾക്കുന്നത്. മരങ്ങളുടെ മറവുകൊണ്ട് ഒന്നും കണ്ടുകൂടാ. കാണാമറയത്തു നടക്കുന്ന കൗതുകങ്ങൾ മനസിൽ കണ്ട് കുട്ടികൾ നിന്നു. അവർ പാടത്തേക്ക് ഇറങ്ങിവരികയാണെങ്കിൽ കാണാമല്ലോ. അങ്ങിങ്ങ് മേഞ്ഞു നടക്കുന്ന കുറേ കന്ന് കാലികളും അവയുടെ ചുറ്റും കൊത്തിപ്പെറുക്കുന്ന കൊക്കുകളും ഒഴിച്ചാൽ  പാടം  വിജനമാണ്. പാടത്ത് പരന്ന വെയിൽ മൂത്ത് വരുന്നതേയുള്ളൂ. ഉച്ചത്തിൽ കൂവിയാർത്ത് പിറകിലേക്ക് പുകപറത്തിക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. കൽക്കരി വണ്ടിയുടെ താളത്തിനൊപ്പം കുട്ടികൾ പാടി " കുട്ടിപ്പട്ടരു ചത്തേൽ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ലാ...ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ...
ചെണ്ട കൊട്ടിന്റെ താളം മുറുകി പിന്നെ നിശബ്ദമായി. കുറച്ചു കഴിഞ്ഞപ്പോൾ വരിവരിയായി കുറേ പേരുടെ അകമ്പടിയോടെ പൂതനും തിറയും പാടത്തേക്കിറങ്ങി. ഇപ്പോൾ അവർക്ക് പുരുഷാരത്തെ വ്യക്തമായി കാണാം.
 പൂതനും തിറയും ചെണ്ടക്കാരും കൂടെ കുറേ പേരും. "ചൊവ്വാഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാണ് അതിന്റെ പിരിവാ" സരോജനി പറഞ്ഞു. സരോജനിയുടെ ഭാഗ്യം. അച്ചന്റെയും അമ്മയുടേയും കൂടെ അവൾക്ക് പൂരത്തിനു പോകാം. 
പൂതനും കൂട്ടരും പ്രാന്തൻ കണ്ടത്തിന്റെ വലിയ വരമ്പിലൂടെ വടക്കോട്ട് പോയി കുഞ്ചു വൈദ്യരുടെ വയൽ വക്കത്തുള്ള വീട്ടിലേക്ക് കയറി. കുട്ടികൾ ഓടി കുളത്തിനപ്പുറം വളപ്പിന്റെ പടിഞ്ഞാറേ കോണിൽ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നാൽ പാടത്തിനപ്പുറം കുഞ്ചുവൈദ്യരുടെ വീട്ടുമിറ്റത്ത് നിന്ന് പൂതനും തിറയും കളിക്കുന്നത് വ്യക്തമായി കാണാം...
ചെണ്ടയുടെ താളത്തിൽ ചുവടുവെക്കുന്ന പൂതനും തിറയും. കളി കഴിയും വരെ കുട്ടികളത് കണ്ടു നിന്നു. കളികഴിഞ്ഞ പൂതനും തിറയും പാടത്തേക്കിറങ്ങി പിന്നെ ബാപ്പു ഹാജിയുടെ വീട്ടിനതിരിലെ ഇടവഴിയിലൂടെ പടിഞ്ഞാട്ട് പോയി മറയും വരെ കുട്ടികൾ നോക്കിനിന്നു. 
സരോജിന്യേ പൂരത്തിന് എന്തോക്കേണ്ടാക്വാ. കുഞ്ഞ്ബാപ്പു ചോദിച്ചു. സരോജിനി വാചാലയായി. കാളകളിണ്ടാകും പഞ്ച വാദ്യണ്ടാകും തായമ്പകണ്ടാകും പിന്നെ പുലർച്ചെ മരുന്ന് പണീണ്ടാകും. പൊരി ഉറിയപ്പം ഈത്തപ്പഴം അലുവ കളിപ്പാട്ടങ്ങൾ ഒക്കെ വിൽക്കുന്ന കച്ചവടക്കാരുണ്ടാകും, വളയും മാലയും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുണ്ടാകും,  മരണക്കിണറിൽ മൂട്ടർസൈക്കിളോടിക്കുന്ന സർക്കസ്കാരുണ്ടാകും. യന്ത്ര ഊഞ്ഞാലും ണ്ടാകും. ഒന്ന് വെച്ചാൽ രണ്ട് കിട്ടുന്ന  കിലുക്കിക്കുത്തും ആനമയിൽ ഒട്ടകവും ഉണ്ടാകും. ഇതൊക്കെ കണ്ട് രസിക്കാൻ അണിഞ്ഞൊരുങ്ങിവന്നവർ ഒരുപാടുണ്ടാകും 
ഇതുവരെ പൂരത്തിനു പോയിട്ടില്ലാത്ത മറ്റു കുട്ടികളുടെ മനസുകളിൽ സരോജിനിയുടെ വിവരണം  പൂരത്തിനു കൊടിയേറ്റി. അത്  മനസിൽ  കണ്ട് രസിച്ചു കൊണ്ട് മാവിൻ തണലിലിരിക്കുമ്പോൾ കുഞ്ഞാപ്പുട്ടി പറഞ്ഞു ഞമ്മക്ക് ആരൂച്ചിടെ ചോട്ടീ പോയി നോക്കാം മാങ്ങ വീണിട്ടുണ്ടാകും. മറ്റുള്ളവർ ഉത്സാഹത്തോടെ എഴുന്നേറ്റു....

Saturday, January 15, 2022

ഒറ്റക്കൊരാൾ ..

അതൊരു മഴക്കാലമായിരുന്നു. എന്റെ ഒരു സുഹൃത്തിനെ സന്ദർശിച്ച ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ബസ്സ് കാത്ത് നിൽകുകയായിരുന്നു ഞാൻ. ഗ്രാമത്തിൽ നിന്നും ടൗണിലേക്കുള്ള അവസാനത്തെ ബസ്സായിരുന്നു. കവലയിൽ ആളുകൾ വളരെ കുറവ്. ദൂരെ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷകളുടെ സാരഥികളും കടയുടെ തിണ്ണയിലുണ്ടായിരുന്ന രണ്ടുമൂന്നു പേരുമൊഴിച്ചാൽ പരിസരം തീർത്തും വിജനം. ബസ്സെങ്ങാൻ  മുടങ്ങിയാൽ വീണ്ടും സുഹൃത്തിനെ ശല്ല്യം ചെയ്യേണ്ടി വരുമല്ലോ എന്ന ചിന്ത എന്നെ അലട്ടാൻ തിടങ്ങി. വലിയൊരാൽ മരത്തിന്റെ ചുവട്ടിൽ കത്തി നിൽകുന്ന തെരുവു വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന ഇയ്യാം പാറ്റകളെ നോക്കി ഞാൻ നിന്നു. വൈകുന്നേരം അല്പം ശമിച്ചിരുന്ന മഴ വീണ്ടും തുടങ്ങാനുള്ള പുറപ്പാടാണെന്നു തോന്നുന്നു, ഒരു പിടി ചരൽ പോലെ തണുത്ത മഴത്തുള്ളികൾ മുഖത്ത് പതിച്ചപ്പോൾ ഞാൻ പഴകി ദ്രവിച്ച ഷെഡിലേക്കു കയറി. അവിടെ ഷെഡിന്റെ പൊളിഞ്ഞു തുടങ്ങിയ സിമിന്റു തിണ്ണയിൽ കിടക്കുക യായിരുന്നു അയാൾ. ഞാൻ കയറിച്ചെന്നപ്പോൾ സ്വാഗത ഭാവത്തിൽ ചിരിച്ചുകൊണ്ടയാൾ എഴുന്നേറ്റിരുന്നു. തൂവെള്ള മുടിയും താടിയും നീട്ടിവളർത്തിയിരുന്നു. മെലിഞ്ഞ് 
നീണ്ട ശരീരം. അവാച്യമായ ശാന്തി തുളുമ്പുന്ന മുഖം.എന്തോ എനിക്കയാളോട് വലിയ ആദരവു തോന്നി. ചാറ്റൽ മഴ കനക്കാൻ തുടങ്ങി. പെട്ടെന്ന് ഒരോട്ടോറിക്ഷ ഷെഡിനരികിൽ വന്നു നിന്നു. ഡ്രൈവർ ഇറങ്ങി കൈകൊണ്ട് തല പൊത്തി ഷെഡിൽ കയറി. കീശയിൽ നിന്നും ഒരു പത്തു രൂപ നോട്ട് എടുത്ത് അദ്ദേഹത്തിന്റെ നേരെനീട്ടി.
കേട്ടു നിൽകുന്ന എന്നെ അതിശയിപ്പിച്ചു കൊണ്ടദ്ദേഹം പറഞ്ഞു. "" മതി മോനേ ഇന്നത്തെ അത്താഴം കഴിഞ്ഞു. നാളെ രാവിലെ ഒരുകഷ്ണം പുട്ടും ഒരു പപ്പടവും ഒരു ചായയും കഴിക്കാൻ വേണ്ട  രൂപ കയ്യിലുണ്ട്... അതു കഴിഞ്ഞു വേണ്ടത് നാളെ ദൈവം തരും.'' ആദരവുകൊണ്ട് ഞാനദ്ദേഹത്തെ മനസാ നമിച്ചു... സ്നേഹപൂർവ്വം അദ്ദേഹത്തെ മാറോട് ചേർത്ത് ആലിംഗനം ചെയ്യാനുണ്ടായ അഭിനിവേശം ഞാൻ പണിപ്പെട്ടു നിയന്ത്രിക്കുമ്പോഴേക്കും ദൂരെ ബസ്സിന്റെ ഇരമ്പൽ കേൾക്കാൻ തുടങ്ങി. ബാഗിൽ നിന്നും കുട തപ്പിയെടുത്ത് നിവർത്തി ഞാൻ റോട്ടിലേക്കിറങ്ങി.... ബസ്സ് ഇങ്ങെത്തിപ്പോയി...