Saturday, January 22, 2022

പൂരക്കാഴ്ചകൾ

സ്കൂളില്ലാത്ത ദിവസമാണ്‌. പോരാത്തതിന്ന്  വെള്ളിയാഴ്ചയും  സ്കൂളും മദ്രസയും ഇല്ലാത്ത ദിവസങ്ങളിൽ കൂട്ടികൾക്ക് വലിയ സന്തോഷമാണ്. അയ്സ്ല് വാസികളായ കുഞ്ഞാപ്പുട്ടിയും ഹംസുവും നേരത്തേ വന്നു. കുഞ്ഞിബാപ്പുവും കുഞ്ഞിപ്പയും അലിയും മാളുവും കുഞ്ഞിമോളും ചാമിയുടെ മകൾ സരോജിനിയും. കുഞ്ഞിപ്പയും കുഞ്ഞിമോളും ഉമ്മാന്റെ വീട്ടിലേക്ക് വിരുന്ന് വന്നിരിക്കയാണ്‌. നേരം വെളുത്ത് വൈകുന്നേരം വരെ കളിച്ചു തീർക്കേണ്ട കളികളെക്കുറിച്ച് ഒരേകദേശ രൂപം കുട്ടികളുടെ നേതാവായ കുഞ്ഞുബാപ്പു ഉണ്ടാക്കിവെച്ചിരുന്നു. തെറിച്ച വെയിൽ ഒട്ടും കളയാതെ തലയിൽ ഏറ്റുവാങ്ങുക എന്നത് തന്നെയാണ്‌ മുഖ്യ പരിപാടി. നാലുകെട്ടിന്റെ മിറ്റത്തെ മാവിൻ ചുവട്ടിൽ നിന്ന് കുട്ടികൾ പരിപാടികൾ അവലോകനം ചെയ്യവേ 
ചീക്കരത്തെ പാലത്തിന്റെ ഭാഗത്തുനിന്നും ചെണ്ടമേളം കേൾക്കുന്നു. വാദ്യം കേട്ട കുട്ടികൾ തറവാട്ടു വളപ്പിന്റെ പടിഞ്ഞാറേ മൂലയിലുള്ള കുളക്കരയിലേക്ക് ഓടി.
 അവിടെ നിന്നാൽ കാഴ്ചകൾ കാണാം. വേനലിൽ വരണ്ടു കിടക്കുന്ന കണ്ടാറിപ്പാടം. പാടത്തെ പകുത്ത് കിഴക്കുനിന്ന് പടിഞ്ഞാറേക്ക് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാതക്കുമപ്പുറം പഞ്ചാരമണൽതിട്ടക്ക് കുറുകെ മെല്ലെ പടിഞ്ഞാട്ടൊഴുകുന്ന പുഴ. പിന്നെയും പാടം അതും കഴിഞ്ഞ് ഒരു കോട്ടപോലെ കൊണ്ടൂരക്കുന്ന്. കുട്ടികൾ കുളത്തിന്റെ കരയിലെത്തി. വേനൽസ്രുതിയിൽ ശുഷ്കിച്ചു പോയകുളം.

 കുളക്കണ്ടത്തിലേക്കും കവുങ്ങിൻ തോട്ടത്തിലേക്കും ഏത്തമിട്ട് തേവുന്ന കൊട്ടത്തളങ്ങളിൽ മാത്രമേ വെള്ളമുള്ളൂ. കുട്ടികൾ ചെണ്ടമേളം കേട്ട ദിക്കിലേക്ക് നോക്കി. പാടത്തിനും മരങ്ങൾക്കുമപ്പുറം കുഞ്ഞിരാമൻ നായരുടെ വീട്ടിന്റെ ഭാഗത്തു നിന്നാണ്‌ ചെണ്ട മേളം കേൾക്കുന്നത്. മരങ്ങളുടെ മറവുകൊണ്ട് ഒന്നും കണ്ടുകൂടാ. കാണാമറയത്തു നടക്കുന്ന കൗതുകങ്ങൾ മനസിൽ കണ്ട് കുട്ടികൾ നിന്നു. അവർ പാടത്തേക്ക് ഇറങ്ങിവരികയാണെങ്കിൽ കാണാമല്ലോ. അങ്ങിങ്ങ് മേഞ്ഞു നടക്കുന്ന കുറേ കന്ന് കാലികളും അവയുടെ ചുറ്റും കൊത്തിപ്പെറുക്കുന്ന കൊക്കുകളും ഒഴിച്ചാൽ  പാടം  വിജനമാണ്. പാടത്ത് പരന്ന വെയിൽ മൂത്ത് വരുന്നതേയുള്ളൂ. ഉച്ചത്തിൽ കൂവിയാർത്ത് പിറകിലേക്ക് പുകപറത്തിക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. കൽക്കരി വണ്ടിയുടെ താളത്തിനൊപ്പം കുട്ടികൾ പാടി " കുട്ടിപ്പട്ടരു ചത്തേൽ പിന്നെ ചക്കത്തുണ്ടം തിന്നിട്ടില്ലാ...ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ചക്കുച്ചക്കും ...
ചെണ്ട കൊട്ടിന്റെ താളം മുറുകി പിന്നെ നിശബ്ദമായി. കുറച്ചു കഴിഞ്ഞപ്പോൾ വരിവരിയായി കുറേ പേരുടെ അകമ്പടിയോടെ പൂതനും തിറയും പാടത്തേക്കിറങ്ങി. ഇപ്പോൾ അവർക്ക് പുരുഷാരത്തെ വ്യക്തമായി കാണാം.
 പൂതനും തിറയും ചെണ്ടക്കാരും കൂടെ കുറേ പേരും. "ചൊവ്വാഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാണ് അതിന്റെ പിരിവാ" സരോജനി പറഞ്ഞു. സരോജനിയുടെ ഭാഗ്യം. അച്ചന്റെയും അമ്മയുടേയും കൂടെ അവൾക്ക് പൂരത്തിനു പോകാം. 
പൂതനും കൂട്ടരും പ്രാന്തൻ കണ്ടത്തിന്റെ വലിയ വരമ്പിലൂടെ വടക്കോട്ട് പോയി കുഞ്ചു വൈദ്യരുടെ വയൽ വക്കത്തുള്ള വീട്ടിലേക്ക് കയറി. കുട്ടികൾ ഓടി കുളത്തിനപ്പുറം വളപ്പിന്റെ പടിഞ്ഞാറേ കോണിൽ പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിന്റെ ചുവട്ടിലെത്തി. ഇവിടെ നിന്നാൽ പാടത്തിനപ്പുറം കുഞ്ചുവൈദ്യരുടെ വീട്ടുമിറ്റത്ത് നിന്ന് പൂതനും തിറയും കളിക്കുന്നത് വ്യക്തമായി കാണാം...
ചെണ്ടയുടെ താളത്തിൽ ചുവടുവെക്കുന്ന പൂതനും തിറയും. കളി കഴിയും വരെ കുട്ടികളത് കണ്ടു നിന്നു. കളികഴിഞ്ഞ പൂതനും തിറയും പാടത്തേക്കിറങ്ങി പിന്നെ ബാപ്പു ഹാജിയുടെ വീട്ടിനതിരിലെ ഇടവഴിയിലൂടെ പടിഞ്ഞാട്ട് പോയി മറയും വരെ കുട്ടികൾ നോക്കിനിന്നു. 
സരോജിന്യേ പൂരത്തിന് എന്തോക്കേണ്ടാക്വാ. കുഞ്ഞ്ബാപ്പു ചോദിച്ചു. സരോജിനി വാചാലയായി. കാളകളിണ്ടാകും പഞ്ച വാദ്യണ്ടാകും തായമ്പകണ്ടാകും പിന്നെ പുലർച്ചെ മരുന്ന് പണീണ്ടാകും. പൊരി ഉറിയപ്പം ഈത്തപ്പഴം അലുവ കളിപ്പാട്ടങ്ങൾ ഒക്കെ വിൽക്കുന്ന കച്ചവടക്കാരുണ്ടാകും, വളയും മാലയും കളിപ്പാട്ടങ്ങളും വിൽക്കുന്നവരുണ്ടാകും,  മരണക്കിണറിൽ മൂട്ടർസൈക്കിളോടിക്കുന്ന സർക്കസ്കാരുണ്ടാകും. യന്ത്ര ഊഞ്ഞാലും ണ്ടാകും. ഒന്ന് വെച്ചാൽ രണ്ട് കിട്ടുന്ന  കിലുക്കിക്കുത്തും ആനമയിൽ ഒട്ടകവും ഉണ്ടാകും. ഇതൊക്കെ കണ്ട് രസിക്കാൻ അണിഞ്ഞൊരുങ്ങിവന്നവർ ഒരുപാടുണ്ടാകും 
ഇതുവരെ പൂരത്തിനു പോയിട്ടില്ലാത്ത മറ്റു കുട്ടികളുടെ മനസുകളിൽ സരോജിനിയുടെ വിവരണം  പൂരത്തിനു കൊടിയേറ്റി. അത്  മനസിൽ  കണ്ട് രസിച്ചു കൊണ്ട് മാവിൻ തണലിലിരിക്കുമ്പോൾ കുഞ്ഞാപ്പുട്ടി പറഞ്ഞു ഞമ്മക്ക് ആരൂച്ചിടെ ചോട്ടീ പോയി നോക്കാം മാങ്ങ വീണിട്ടുണ്ടാകും. മറ്റുള്ളവർ ഉത്സാഹത്തോടെ എഴുന്നേറ്റു....

No comments: