Sunday, November 17, 2019

ഉസൈർ

ഗ്രാമത്തിൽ നിന്നകലെ സ്മശാനത്തിന്നപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടം.‌ അന്ന് അദ്ദേഹം വിളവെടുത്ത ശേഷം തന്റെ കഴുതയോടൊപ്പം ഗ്രാമതിലേക്കു മടങ്ങുകയായിരുന്നു. അദ്ദേഹം ശ്മശാനത്തിന്റെ ഓരത്തിലുള്ള വഴിയിലെത്തിയപ്പോൾ കഴുത വെറുതെ വിരളിയെടുക്കാൻ തുടങ്ങി.എന്നും ഇതു പതിവായിരുന്നു. താൻ കാണാത്തതെന്തോ ഈ മൃഗം കാണുന്നുണ്ടോ എന്നദ്ദേഹം സംശയിച്ചു. കഴുതയെ  ശാന്തനാക്കുന്നതിനിടെ അദ്ദേഹം വെറുതെ മരണത്തെക്കുറിച്ചും  മരണാനന്തര ജീവിതത്തെക്കുറിച്ചും ഉയിർത്തെഴുന്നേല്പിനെക്കുറിച്ചും ഒക്കെ  ഓർത്തു പോയി. 
വഴിയിൽ നിന്നും അകലെയുള്ള മരത്തണലിൽ കഴുതയെ കെട്ടി   ഭക്ഷണം കഴിച്ച് അല്പം വിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചു. പാത്രതിലേക്ക് അല്പം മുന്തിരി പിഴിഞ്ഞ് അപ്പം അതിൽ മുക്കി ഭക്ഷിക്കാനൊരുങ്ങവേ 
വീണ്ടുമദ്ദേഹമോർത്തു എങ്ങനെയായിരിക്കും ഈശ്വരൻ മരിച്ചവരെ ഉയിർത്തെഴുന്നേല്പിക്കുക... പെട്ടന്നൊരു മയക്കമദ്ദേഹത്തെ ബാധിച്ചു പിന്നെ അഘാതമായ നിദ്രയിലേക്കദ്ദേഹം ആഴ്ന്നുപോയി. ....
ഉസൈർ എഴുന്നേൽകുക എന്ന ദൈവത്തിന്റെ വിളി അദ്ദേഹത്തെ ഉണർത്തി. ചോദിക്കപ്പെട്ടു നീയെത്രകാലം ഉറങ്ങി... ?
 ഒരു ദിവസമോ അതിൽ നിന്നല്പമോ എന്നദ്ദേഹം ഉത്തരം നൽകി.അല്ല ഒരുനൂറ്റാണ്ടിനു മേൽ നീ ഉറങ്ങിയിരിക്കുന്നു. നിന്റെ കഴുതയിലേക്ക് നോക്കുക. നീപിഴിഞ്ഞ് വെച്ച മുന്തിരിച്ചാറിലേക്കും. നുരുമ്പിച്ചു കിടകുന്ന തന്റെ കഴുതയുടെ എല്ലുകളും ഒരു കേടും വന്നിട്ടില്ലാത്ത മുന്തിരി നീരും. നിമിഷങ്ങൾക്കകം എല്ലുകൾ കൂടിച്ചേർന്ന് മുട്ടുകുത്തി എഴുന്നേറ്റ് വാലും ചെവിയുമാട്ടിക്കൊണ്ട് തന്റെ കഴുത. അതിന്റെ പുറത്ത് അന്ന് താൻ പറിച്ച് വെച്ച മുന്തിരിയും... 
ഉസൈറിനെ ദൈവം പഠിപ്പിക്കുകയായിരുന്നു എങ്ങനെയാണ് ഉയിർത്തെഴുന്നേല്പിക്കുന്നത് എന്ന്....

Monday, November 11, 2019

ഒരു വിരുന്നിന്റെ കഥ

പണ്ട് ഒരു ഭര്‍ത്താവും  ഭാര്യയുമൊന്നിച്ച് വിരുന്നിന്നു പോയി. ഒരുപാടാളു കൂടുന്ന വിരുന്ന്. രണ്ടു പേരും  ഉദ്യോഗസ്തര്‍ എങ്കിലും  പതിവുപോലെ സാമ്പത്തിക നിയന്ത്രണമൊക്കെ മൂപ്പരുടെ വകുപ്പായിരുന്നു... നാലും  രണ്ടും  വയസുകാരായ മക്കളെ ഭാവിയില്‍ എന്തൊക്കെയാണ്‌ആക്കിത്തീര്‍ക്കേണ്ടത് എന്ന് കശ്മല കഷ്ടകാലത്തിന്ന് അദ്ദേഹത്തോട് പറഞ്ഞു പോയി. മകളെ ഡോക്റ്ററും  മകനെ എഞ്ചിനീയറും. അന്നുതുടങ്ങിയതാണ്‌മൂപരുടെ ഒടുക്കത്തെ പിശുക്ക്... എടീ രണ്ടിനും  എന്റെ രൂപവും  നിന്റെ ബുദ്ധിയുമായതുകൊണ്ട് കോഴകൊടുക്കാതെ സീറ്റുകള്‍കിട്ടില്ല... നല്ലസ്ത്രീധനം  കൊടുക്കാതെ പെണ്ണിന്ന്‌ ചെക്കനേയും  കിട്ടില്ല അതിനാല്‍ നീ ദയവുചെയ്ത് സഹകരിക്കണം  എന്ന അപേക്ഷ അവള്‍ പൂര്‍ണ്ണമായും  അനുസരിച്ചു വരികയാണ്‌..രണ്ടു പേരും  ബസ് സ്റ്റോപ്പിലേക്കു നടക്കവേ ഭാര്യ ചോദിച്ചു എന്താ നിങ്ങളെ ഒരു വല്ലാത്ത നാറ്റം  ?. അദ്ദേഹം  പറഞ്ഞു ഞാന്‍ ഷോക്സ് മാറ്റിയിട്ടില്ല അതിന്റെയായിരിക്കും. ആരു ശ്രദ്ധിക്കില്ല നീ വാ. അത് കളയാതെ പോകാന്‍ പറ്റില്ല എന്ന് പത്നി.. എന്റെ കയ്യില്‍ കാശില്ല എന്ന് പതിയും,  തര്‍ക്കമായി.. അവസാനം  ഭാര്യ വാങ്ങിക്കൊടുക്കുകയാണെങ്കില്‍ സമ്മതിക്കാമെന്നായി മൂപ്പര്‍. അങ്ങനെ കടയില്‍ കയറി ഭാര്യ പുതിയതൊരെണ്ണം  വാങ്ങിക്കൊടുത്തു. അദ്ദേഹം  ആരും  കാണാത്തേടത്ത് പോയി ഷോക്സ് മറ്റി വന്നപ്പോഴേക്കും  ബസ്സും  വന്നു. അവര്‍ മുന്നിലും  അദ്ദേഹം  പിറകിലും  കയറി. വിരുന്നിലെത്തി.. ആള്‍കൂട്ടത്തില്‍ രണ്ടു പേരും  സ്വന്തം  സുഹൃത്തുക്കളുടെ കൂടെയായി. അവസാന വിരുന്നു കഴിഞ്ഞു മടങ്ങാന്‍ നേരം  ഭാര്യ മൂപ്പരുടെ അടുത്തെത്തി. പെട്ടന്ന് മുഖം  ചുളിച്ച് ചോദിച്ചു ഇപ്പോഴുമുണ്ടല്ലോ ആനാറ്റം ?. ചിരിച്ചുകൊണ്ട് ഒരു ജേതാവിന്റെ ഭാവത്തിലദ്ദേഹം  മന്ത്രിച്ചു. ഞാനത് പൊതിഞ്ഞ് കീശയിലിട്ടിട്ടുണ്ട് മോളേ.....

Friday, November 8, 2019

ആദ്‌‌ - നശിപ്പിക്കപ്പെട്ട ഒരു പട്ടണത്തിന്റെ കഥ (Aadh tale of a lost city)



സർവ്വേശ്വരൻ ഏറ്റവും വെറുക്കുകയും അവന്റെ ശിക്ഷയെപറ്റി ഗൗരവമായി താക്കീത് ചെയ്യുകയും ചെയ്തിട്ടുള്ള പാപമാണ്‌ ശിർക്ക്. പ്രഞ്ച സൃഷ്ടാവായ സർവ്വേശ്വരന്ന് സമന്മാരെ കല്പിക്കുകയും അവന്‌ അർപ്പിക്കേണ്ട ആരാധനകൾ ഇവർക്ക് അർപ്പിക്കുകയും ചെയ്യുന്നതിനെയണ്‌‌ സാമാന്യമായി ശിർക്ക് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മനുഷ്യന്റെ ശാന്തിക്കും മോചനത്തിന്നും കാരണമാകേണ്ട ദൈവ വിശ്വാസം ശിർക്ക് മൂലം, ദൈവത്തിന്റെ തന്നെ പേരിലുള്ള ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും കാരണമായി ഭവിക്കുന്നു എന്നതായിരിക്കാം ശിർക്ക് ഏറ്റവും വലിയ പാപമായി പഠിപ്പിക്കപ്പെടാൻ കാരണം. മോചനത്തിന്റെ പ്രത്യയ ശാസ്ത്രം ചൂഷണത്തിന്ന് ഉപയോഗിക്കുന്നത് അതിന്റെ ഉപജ്ഞാതവ്‌ വെറുക്കുന്നു എങ്കിൽ അതിൽ അതിശയിക്കാനില്ലല്ലോ‌.
സമൂഹത്തിൽ ശിർക്ക് പടർന്ന് പിടിച്ചപ്പോഴൊക്കെ അത് കടുത്ത ദൈവനിഷേധമാണ്‌, ഈ ദുരാചാരം ആചരിക്കുന്നവർ‌ കടുത്ത ദൈവകോപത്തിന്ന് ഇരയാകേണ്ടി വരും, ഇതിൽ നിന്നും ഒഴിഞ്ഞു നില്കേണ്ടത് മോക്ഷത്തിന് അത്യന്താപേക്ഷിതമാണ്‌ എന്നും ഈശ്വരൻ മനുഷ്യർക്ക്‌ അവന്റെ പ്രവാചകന്മാരിലൂടെ മുന്നറിയിപ്പ് നൽകിപ്പോന്നു. ഇത്തരം മുന്നറിയിപ്പുകളോടൊപ്പം ഇത്തരം പാപങ്ങൾ മൂലം നശിപ്പിക്കപ്പെട്ട ജനതകളുടെ കഥകളും, വിശുദ്ധ ഖുർആൻ പല സാന്ദർഭങ്ങളിലായി പരാമർശിക്കുന്നുണ്ട്‌. ചരിത്രപരമായ വിശദാംശങ്ങളിലേക്കൊന്നും പോകാതെ വസ്തുതകളെ മാത്രം പരാമർശിക്കുന്ന ശൈലിയാണ്‌ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. കാരണം ഖുർആൻ ഒരു ചരിത്ര ഗ്രന്ഥമോ സാഹിത്യ ഗ്രന്ഥമോ അല്ല എന്നതു തന്നെ. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന് അനുവാചകനോട്‌ ആവശ്യപ്പെടുമ്പോൾ ആ കല്പന നിഷേധിക്കമൂലം നാശത്തിലകപ്പെട്ട ജനതകളെ പറ്റിയുള്ള ചില ഓർമ്മിപ്പിക്കലുകൾകൂടി നടത്തുന്നൂ എന്ന് മാത്രം. അവയിൽ പലതും പില്‍ക്കാലത്ത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതകളാണ്‌.
ഇത്തരം പരാമർശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്‌‌ ആദ് സമുദായത്തിന്റെ കഥ. മറ്റുപല സമുദായങ്ങളും നശിപ്പിക്കപ്പെട്ടതിന്റെ കഥകൾ ബൈബിളിലും മറ്റും പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. എന്നാൽ ആദ് സമുദായത്തിന്റെ കഥ ഖുർ ആനിൽ മാത്രമേ പറയപ്പെടുന്നുള്ളൂ.

1980 കളിൽ നടന്ന ഉദ്ഘനനങ്ങളിൽ ഈ പ്രദേശത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടത് വിശുദ്ധ ഖുർആനിന്റെ അമാനുഷികതക്ക് തെളിവായി ഉദ്ദരിക്കപ്പെടുന്നു…
ആറേഴായിരം വർഷങ്ങൾക്ക് മുമ്പാണ്‌, നൂഹിന്റെ കാലത്തുണ്ടായ മഹാപ്രളയത്തിനു ശേഷം ഭൂമിയിലവശേഷിച്ചവരുടെ പിൻമുറക്കാരിൽ നിന്ന് വളർന്നു വന്ന വളരെ പുരോഗതി പ്രാപിച്ച ഒരു ജനതയായിരുന്ന് ആദ്‌. ഇന്നത്തെ ഒമാനിൽ സ്ഥിതി ചെയ്യുന്ന ഉബാർ (അഅ്ഖാഫ്) പ്രദേശമായിരുന്നു അവരുടെ കേന്ദ്രം. അന്ന് ആ പ്രദേശം ഫലഭൂയിഷ്ടവും ജല സമൃദ്ധവും ആയിരുന്നു. ആദ് എല്ലാം തികഞ്ഞ ഒരു ജനസമൂഹമായിരുന്നു. ആകാര സൗഷ്ടവവംകൊണ്ടും കരുത്തുകൊണ്ടും അവരെ വെല്ലാൻ അക്കാലത്ത് ഭൂമിയിൽ മറ്റാരുമുണ്ടായിരുന്നില്ല എന്നാണ്‌ ഖുർആൻ തന്നെ സാക്ഷ്യപ്പെടുത്തുന്നത്. (തത്തുല്യമായിട്ടൊന്ന്‌ രാജ്യങ്ങളില്‍ സൃഷ്‌ടിക്കപ്പെട്ടിട്ടില്ലാത്ത ഗോത്രം.’ (89/8)..)
കൃഷിയും കച്ചവടവുമായിരുന്നു അവരുടെ വരുമാന മാർഗ്ഗം. വിശ്വാസപരമായി അവർ നൂഹിന്റെ ഏകദൈവ വിശ്വാസത്തിൽ‌ അധിഷ്ഠിതമായ അനുശാസനങ്ങൾക്ക് വിധേയരായിരുന്നു. കാലത്തിനൊപ്പം അവരുടെ ഭൗതികമായ അറിവുകൾ വികാസം പ്രാപിച്ചപ്പോൾ‌ അവർ ഈ അടിസ്ഥാന വിശ്വാസത്തിൽ നിന്നും അകന്നു പോയി.
ജല സമൃദ്ധമായ പ്രദേശങ്ങളിൽ അവർ അണക്കെട്ടുകളും തടാകങ്ങളും പണിതു. മനുഷ്യർക്ക് അത്യാവശ്യങ്ങളായ കാർഷികോത്പന്നങ്ങളും കുന്തിരിക്കം പോലുള്ള വിലപിടിപ്പുള്ള സുഗന്ധവസ്തുക്കളും നട്ട് നനച്ചുണ്ടാക്കി, അവ കച്ചവടം ചെയ്ത് അതി സമ്പന്നരായി. കൃഷിയെക്കൂടാതെ നിരമ്മാണ കലകളിലും അവർ‌‌‌ വിദഗ്ദരായിരുന്നു. സ്വാഭാവികമായും ഭൗതികജ്ഞാനത്തിന്റെ വികാസത്തോടൊപ്പം ആത്മീയ ജ്ഞാനത്തിന്ന് മങ്ങലും സംഭവിച്ചു. അതായിരുന്നു പതനത്തിന്റെ അടിസ്ഥാനം. ഭൗതികമായ അറിവ് അവരെ അഹങ്കാരികളാക്കി. അഷ്ടിക്ക് മുട്ടിലാതായപ്പോൾ മിച്ചം വന്ന ധനം മുഴുവൻ അവർ പൊങ്ങച്ചപ്രകടനങ്ങൾക്കായി ദുർവ്വിനിയോഗം ചെയ്യാൻ തുടങ്ങി. പിന്നീട് അവരുടെ പ്രയത്നം മുഴുവൻ ഭൂമിയിൽ അവരുടെ അഹങ്കാരത്തിന്റെ മുദ്രകൾ പതിപ്പിക്കാൻ വേണ്ടിയായി മാത്രമായി മാറി. അതിനായി അവർ മലകൾ തുരന്ന് കൂറ്റൻ കോട്ട കൊത്തളങ്ങൾ പണിതുയർത്താൻ തുടങ്ങി. ഉയരമേറിയ സ്ഥലങ്ങളിലെല്ലാം ഉന്നതങ്ങളായ സ്തൂപങ്ങൾ പണിതുയർത്തി. അങ്ങനെയവർ സ്തൂപങ്ങളുടെ ജനതയായി മാറി. ഇതൊന്നും സമൂഹ നന്മക്കായിട്ടായിരുന്നില്ല പ്രത്യുത തങ്ങളുടെ പൊങ്ങച്ചം പ്രകടിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.

ഇന്നും ലോകത്ത് ഇത്തരം പ്രവണതകൾ‌ നിലനില്ക്കുന്നത് നാം കാണുന്നുണ്ടല്ലോ. രാജ്യ നിവാസികളിൽ ഭൂരിഭാഗവും പട്ടിണിയിൽ ഉഴറുന്ന രാജ്യങ്ങൾപോലും കോടികൾ ചെലവഴിച്ച് വൻ പ്രതിമകൾ നിർമ്മിക്കുന്നതും ലോകത്ത് ഭഹുഭൂരി ഭാഗം പട്ടിണികിടക്കുമ്പോഴും സമ്പന്ന രാജ്യങ്ങൾ ബുർജ് കലീഫകൾ കെട്ടി ഉയർത്തുന്നതും ഇത്തരം ദുരഭിമാനപ്രകടനങ്ങൾ തന്നെ. ഈ വക ചെയ്തികൾ സർവ്വേശ്വരൻ ഒട്ടും‌‌ ഇതിഷ്ടപ്പെടുന്നില്ല എന്ന് ഓർ‌മ്മിപ്പിക്കാൻ കൂടിയാണ്‌‌ വിശുദ്ധ വേദം ഈ വക വിഷയങ്ങൾ‌ പരാമർശിക്കുന്നത്, അല്ലാതെ വെറുമൊരു കഥ എന്ന നിലക്ക് വായിച്ചു രസിക്കാനോ കവല പ്രസംഗങ്ങൾ നടത്താനോ‌ അല്ല....
നടേ പറഞ്ഞ പോലെ ആദ്യമാദ്യം ഭക്തരും വിനയശാലികളുമായിരുന്ന ആദ് ജനതയെ അവർ നേടിയ അറിവും സാമ്പത്തിക അഭിവൃദ്ധിയും, അഹങ്കാരികളും താൻപോരിമക്കാരുമാക്കി. നൂഹ് പഠിപ്പിച്ച ഏകദൈവ വിശ്വാസത്തിന്റെ പാഠങ്ങളവർ പാടേ മറന്നു. ധൂർത്തും സുഖലോലുപതയും അവരുടെ മുഖമുദ്രയായിമാറി. ഏക ദൈവ വിശ്വാസത്തിൽ നിന്നും തീർത്തും വ്യതിചലിച്ച അവർ സർവ്വേശ്വരനെക്കൂടാതെ അവരുടെ ഇഷ്ടങ്ങൾക്ക് ചേരുന്ന ദൈവങ്ങളെ സ്വയം മെനഞ്ഞുണ്ടാക്കി അവയെ ആരാധിക്കാൻ തുടങ്ങി. ഏറ്റവും വലിയ ദൈവനിന്ദയായ ബഹു ദൈവാരാധനയിൽ അവർ മുഴുകി, ഒപ്പം ശിർക്കിന്റെ ഉപോത്പ്പന്നങ്ങളായ മറ്റു പാപങ്ങളും. അവരെ നയിച്ചിരുന്നത് അഹങ്കാരവും താൻപോരിമയുമായിരുന്നു. ഞങ്ങൾ കരുത്തുറ്റ ജനതയാണ്‌ എന്നും ഞങ്ങളെ തോല്പിക്കാൻ ലോകത്ത് ആരുമില്ല എന്നും അവർ വീമ്പിളക്കാൻ തുടങ്ങി. തലമുറകൾ കഴിഞ്ഞു നിഷേധം അതിരു വിട്ടപ്പോൾ കരുണാമയനായ ഈശ്വരൻ അവരിലേക്ക് മാർഗ്ഗദർശനത്തിനായി അവരിൽ നിന്ന് തന്നെ ഒരു സന്ദേശവാഹകനെ നിയോഗിച്ചു....
അദ്ദേഹമായിരുന്നു ഹ:‌ ഹൂദ് (അലൈ സലാം)
അദ്ദേഹംഅവരോട് പറഞ്ഞു:
“തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ സർവ്വേശ്വരനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവീന്‍. ഇതിന്റെ പേരില്‍ ഞാന്‍ നിങ്ങളോട്‌ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്നു മാത്രമാകുന്നു”.
“വൃഥാ പൊങ്ങച്ചം കടിപ്പിക്കാനായി എല്ലാ കുന്നിന്‍ പ്രദേശങ്ങളിലും നിങ്ങള്‍ പ്രതാപചിഹ്നങ്ങള്‍ (ഗോപുരങ്ങള്‍) കെട്ടിപ്പൊക്കുകയാണോ? ഈ ഭൂമിയിൽ നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൗധങ്ങള്‍ പണിയുകയാണോ?
നിങ്ങള്‍ ബലം പ്രയോഗിക്കുമ്പോൾ നിഷ്‌ഠൂരമായിക്കൊണ്ട്‌ നിങ്ങള്‍ ബലം പ്രയോഗിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ തന്നെ അറിയാവുന്ന (സുഖസൗകര്യങ്ങള്‍) മുഖേന അവന്‍ നിങ്ങളെ സഹായിച്ചിരിക്കുന്നു.” (26/125-134) എന്നകാര്യം മറക്കാതിരിക്കുക…

അതൊരു തുടക്കമായിരുന്നു ദൈവം അവർക്ക് നല്കിയ അനുഗ്രഹങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടും അവർ ചെയ്യുന്ന നദികേടുകളെ എടുത്ത് പറഞ്ഞുകൊണ്ടും അദ്ദേഹം അവർക്കിടയിൽ സഞ്ചരിച്ചു…
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. “നിങ്ങള്‍ക്കു മുന്നറിയിപ്പ്‌ നല്‍കാന്‍ വേണ്ടി നിങ്ങളില്‍പെട്ട ഒരു പുരുഷനിലൂടെ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു ഉദ്‌ബോധനം നിങ്ങള്‍ക്കു വന്നുകിട്ടിയതിനാല്‍ നിങ്ങള്‍ അത്ഭുതപ്പെടുകയാണോ? നൂഹിന്റെ ജനതയ്‌ക്കു ശേഷം നിങ്ങളെ അവന്‍ പിന്‍ഗാമികളാക്കുകയും സൃഷ്‌ടിയില്‍ അവന്‍ നിങ്ങള്‍ക്കു (ശാരീരിക) വികാസം വര്‍ധിപ്പിക്കുകയും ചെയ്‌തത്‌ നിങ്ങള്‍ ഓര്‍ത്തുനോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം.’ (7/69)
“ആദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ ഹൂദിനെയും (നാം നിയോഗിക്കുകയുണ്ടായി.) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ കെട്ടിച്ചമച്ച്‌ പറയുന്നവര്‍ മാത്രമാകുന്നു.”(ഖുർആൻ 11:50)
അവരുടെ ധൃഷ്ടിൽ ഉറച്ചുനിന്നതല്ലാതെ ഹൂദിന്റെ സദുപദേശങ്ങളൊന്നും അവരുടെ ചെവിയിൽ കയറിയതേയില്ല.. അവർ അനുസരിക്കാൻ ഒട്ടും തന്നെ തയ്യാറല്ലായിരുന്നു.
“എന്നാല്‍ ആദ്‌ സമുദായം ന്യായം കൂടാതെ ഭൂമിയില്‍ അഹംഭാവം നടിക്കുകയും ഞങ്ങളെക്കാള്‍ ശക്തിയില്‍ മികച്ചവര്‍ ആരുണ്ട്‌ എന്ന്‌ പറയുകയുമാണ്‌ ചെയ്തത്‌. അവര്‍ക്ക്‌ കണ്ടു കൂടെ; അവരെ സൃഷ്ടിച്ച അല്ലാഹു തന്നെയാണ്‌ അവരെക്കാള്‍ ശക്തിയില്‍ മികച്ചവനെന്ന്‌? നമ്മുടെ മുന്നറിയിപ്പുകളെ അവര്‍ നിഷേധിച്ച്‌ കളയുകയായിരുന്നു.” (41:15)
നിഷേധം അതിന്റെ പാരമ്മ്യത്തിലെത്തി. പ്രവചകൻ ദൈവശിക്ഷയെപ്പറ്റി താക്കീത് ചെയ്തതൊന്നും അവർ ചെവിക്കൊണ്ടില്ല. അവർ ഹൂദിനെ പരിഹസിക്കുകയും ഭീഷണീപ്പെടുത്തുകയും ചെയ്തു. ഹൂദിനോടവർ പറഞ്ഞു നിനക്ക് ഭ്രാന്താണ്‌എല്ലെങ്കിൽ ഞങ്ങളുടെ ദൈവങ്ങളുടെ ശാപം നിനക്ക് ഏറ്റിട്ടുണ്ടാകും. പലപ്പോഴും അവർ തമ്മിൽ വാദപ്രതിവാദങ്ങളുണ്ടായി.
സ്നേഹത്തിന്റെ സ്വരം ഫലം ചെയ്യാതെ വന്നപ്പോൾ അവരെ അദ്ദേഹം ഭയപ്പെടുത്തിക്കൊണ്ട് താക്കീത് ചെയ്ത് നോക്കി.

“ഹൂദ്‌ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും (ഇതാ) നിങ്ങള്‍ക്ക്‌ വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില (ദൈവ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട്‌ തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌.
(വിഖു 7:71)”
ആദിന്‍റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക്‌ അദ്ദേഹം താക്കീത്‌ നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ്‌ അദ്ദേഹം താക്കീത്‌ നല്‍കിയത്‌.)(21)
ഈ വചനങ്ങളൊന്നും വകവെക്കാതെ അവർ അവരുടെ പരിഹാസം ആവർത്തിച്ചു. കളിയാക്കിക്കൊണ്ടവർ തങ്ങളുടെ പഴയ പല്ലവി ആവർത്തിച്ചു. നിനക്ക് ഞങ്ങളുടെ ദൈവങ്ങളിലൊന്നിന്റെ ശാപമേറ്റിരിക്കയാണ്‌. നിനക്ക് ദേവന്മാരുടെ ഗുരുത്വക്കേട് തട്ടിയിരിക്കുന്നു. അതാണ്‌നീയിങ്ങനെ ഭ്രാന്തന്മാരെപ്പോലെ സംസാരിക്കുന്നത്.
“ഞങ്ങളുടെ ദൈവങ്ങളില്‍ ഒരാള്‍ നിനക്ക്‌ എന്തോ ദോഷബാധ ഉളവാക്കിയിരിക്കുന്നു എന്ന്‌ മാത്രമാണ്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌.”
ഹൂദ്‌ പറഞ്ഞു: “നിങ്ങള്‍ പങ്കാളികളായി ചേര്‍ക്കുന്ന യാതൊന്നുമായും എനിക്ക്‌ ബന്ധമില്ല എന്നതിന്‌ ഞാന്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുന്നു. (നിങ്ങളും) അതിന്ന്‌ സാക്ഷികളായിരിക്കുക.”
(വി ഖു 11:54).
ദൈവ നിഷേധികൾക്ക് ഒരു ന്യായവും പറയാൻ ബാക്കിയില്ലാതായപ്പോ‌‌ൾ‌ സർവ്വേശ്വരൻ അവന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. വലിയ ഒരു വരൾച്ചയോടെയായിരുന്നു തുടക്കം. അവരുടെ തടാകങ്ങളും കിണറുകളും വറ്റി വരണ്ടു പോയി. കൃഷിയിടങ്ങൾ ഉണങ്ങി തരിശായി. മനുഷ്യരും വളർത്തു മൃഗങ്ങളും ദാഹിച്ച് ചാകാൻ തുടങ്ങി. അതൊടെ അവരുടെ വരുമാനം നിലച്ചു എന്നിട്ടും അതൊരു കേവല കാലാവസ്ഥാ വ്യതിയാനമാണ് എന്നല്ലാതെ തങ്ങുളുടെ കർമ്മ ഫലമായി ഭവിച്ച ദൈവകോപമാണ് എന്ന് അവർക്ക് മനസിലായില്ല.
ഹൂദ് അവരെ.സ്നേഹപൂർവ്വം വീണ്ടും വീണ്ടും ആഹ്വാനം ചെയ്തു.
“എന്റെ ജനങ്ങളെ നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചു മടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായ മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞുപോകരുത്‌.” (11/52)
ആദിന്റെ സഹോദരനെ (അഥവാ ഹൂദിനെ) പ്പറ്റി നീ ഓര്‍മിക്കുക. അഹ്ഖാഫിലുള്ള തന്‍റെ ജനതയ്ക്ക്‌ അദ്ദേഹം താക്കീത്‌ നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിന്‍റെ മുമ്പും അദ്ദേഹത്തിന്‍റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്‌. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌. നിങ്ങളുടെ മേല്‍ വന്ന് പതിച്ചേക്കാവുന്ന അതിഭയങ്കരമായ ഒരയെ ശിക്ഷയെ ഞാന്‍ ഭയപ്പെടുന്നു. (എന്നാണ്‌ അദ്ദേഹം താക്കീത്‌ നല്‍കിയത്‌.
അപ്പോഴും അവര്‍ പറഞ്ഞു.
" നീ ഞങ്ങളെ ഉപദേശിക്കേണ്ട. അതുകൊണ്ടൊന്നും കാര്യമില്ല. നീ പറയുന്നതുപോലെ ഒരു പുനരുത്ഥാനത്തില്‍ ഞങ്ങള്‍ക്ക്‌ വിശ്വാസമില്ല. ഞങ്ങളുടെ ബഹുദൈവവിശ്വാസം ഒഴിവാക്കുകയും ഇല്ല. ഞങ്ങള്‍ ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാരെ പിന്തുടരുകയാണ്‌. "
രാജ്യത്തെ ബാധിച്ച വരൾച്ച അതിന്റെ പാരമ്മ്യത്തിലെത്തി. എന്നിട്ടും അവർക്കൊരു മാറ്റവും വന്നില്ല. ദുരനുഭവങ്ങളിൽ നിന്ന് ഒരു പാഠവും അവർ ഉൾക്കൊണ്ടില്ല. അവരുടെ ആധുനികമായ അറിവിൽ ദൈവകോപം എന്ന ഒന്നുണ്ടായിരുന്നില്ല. പ്രകൃതി ദുരന്തങ്ങൾക്ക് അവർ പേരുകൾ നല്കി ഭൂചലനം, പേമാരി കൊടും‌‌കാറ്റ് പ്രളയം എന്നിങ്ങനെ വകതിരിച്ചു. അവയൊക്കെ സ്വാഭാവിക മെന്ന് വിശ്വസിക്കുകയും ചെയ്തു. താമസിയാതെ തന്നെ മഴ കിട്ടുമെന്നും തങ്ങളുടെ നഷ്ടപ്രതാപം കിരികെ കിട്ടുമെന്നും വ്യാമോഹിച്ചുകൊൊണ്ട് അവർ കഴിഞ്ഞു കൂടി. അതേസമയം ദൈവകോപം തിരിച്ചറിഞ്ഞ ഹൂദും വളരെ കുറച്ച് അനുയായികളും കാറ്റിനു മുമ്പ് തന്നെ അഅ്ഖാഫിൽ നിന്ന് പലായനം ചെയ്തു.
അങ്ങനെ ആ അവസരം വന്നെത്തി. കൊടിയ വരൾച്ചക്കൊടുവിൽ അവർ കണ്ടു… അകലെ മഴയുടെ ലക്ഷണങ്ങൾ. ചക്രവാളത്തിൽ നിന്നുയർന്ന് വരുന്ന കാർ‌മേഘശകലങ്ങൾ, കൂടെ മഴയുടെ ആഗമനം വിളിച്ചോതുന്ന തണുത്ത കാറ്റും. താമസിയാതെ വാനമൊട്ടാകെ മേഘാവൃതമായി ചാരെയെത്തിയ കുളിർ മാരിയെ പ്രതീക്ഷിച്ച് അവർ ആഹ്ലാദഭരിതരായി. പക്ഷേ വിധിമറിച്ചായിരുന്നു. മഴ പെയ്തില്ല. പതിയെ വീശിയിരുന്ന മന്ദമാരുതൻ കാറ്റായി. പിന്നീടത് കൊടും കാറ്റായി. മലകളെപ്പോലും ധൂളികളാക്കി പറപ്പിച്ച് കൊണ്ട് വീശിയടിച്ച കൊടുംകാറ്റ്. അത് മനുഷ്യരെ ആകാശത്തിലേക്കുയർത്തി തലകുത്തനെ താഴെയിട്ടു. കരുത്തന്മാർ‌ കടപുഴകിയ പനപോലെ നിലം പതിച്ചു. അവരുടെ കോട്ട കൊത്തളങ്ങളും അഭിമാന സ്തംബങ്ങളും സ്തൂപങ്ങളും തകർന്ന് തരിപ്പണമായി. തവിടു പൊടിയായ അവരുടെ സൗദങ്ങൾക്ക് മേൽ ധൂളികളായ പർവ്വതങ്ങൾ നിക്ഷേപിക്കപ്പെട്ടു. ഏട്ട് പകലുകളും ഏഴ് രാവുകളും വീശിയടിച്ച സർവ്വ സംഹാരിയായ കാറ്റ് ഒന്നിനേയും ബാക്കിവെച്ചില്ല. പ്രദേശമൊട്ടാകെ മണൽ മൂടി അപ്രത്യക്ഷമായി.. കനമുള്ള ഒരു വസ്തു ഇട്ടാൽ അത് വേള്ളത്തിലെന്ന പോലെ ആണ്ട് പോകുന്നത്ര നേർത്തമാണലിൽ മൂടപ്പെട്ട ആ പ്രദേശം പിന്നീട്നൂറ്റാണ്ടുകൾക്ക് ശേഷം‌ കണ്ടു പിടിക്കപ്പെട്ടു.

https://earthobservatory.nasa.gov/features/SpaceArchaeology
ഖുർആൻ പറയുന്നു…
എന്നാല്‍ ആദ്‌ സമുദായം അത്യന്തം ഭീകരമായ ഒരു ശിക്ഷ കൊണ്ട്‌ നശിപ്പിക്കപ്പെട്ടു. ആഞ്ഞുവീശുന്ന അത്യുഗ്രമായ ഒരു കാറ്റുകൊണ്ട്‌. തുടര്‍ച്ചയായ ഏഴു രാത്രിയും എട്ടു പകലും അത്‌ (കാറ്റ്‌) അവരുടെ നേര്‍ക്ക്‌ അവന്‍ തിരിച്ചുവിട്ടു. അപ്പോള്‍ കടപുഴകി വീണ ഈത്തപ്പനത്തടികള്‍പോലെ ആ കാറ്റില്‍ ജനങ്ങള്‍ വീണു കിടക്കുന്നതായി നിനക്ക്‌ കാണാം. ഇനി അവരുടേതായി അവശേഷിക്കുന്ന വല്ലതും നീ കാണുന്നുണ്ടോ? (69/6-8)
അങ്ങിനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളില്‍ അവരുടെ നേര്‍ക്ക്‌ ഉഗ്രമായ ഒരു ശീതക്കാറ്റ്‌ നാം അയച്ചു. ഐഹിക ജീവിതത്തില്‍ തന്നെ അവര്‍ക്ക്‌ അപമാനകരമായ ശിക്ഷ നാം ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെഅത്‌. എന്നാല്‍ പരലോകത്തിലെ ശിക്ഷയാണ്‌ കൂടുതല്‍ അപമാനകരം. അവര്‍ക്ക്‌ സഹായമൊന്നും നല്‍കപ്പെടുകയില്ല.” (41/16) ‌
ചിന്തിക്കുന്ന ജനങ്ങൾക്ക് ഇന്നും ദൃഷ്ടാന്തങ്ങൾ അവതരിക്കുന്നുണ്ട്. പക്ഷേ അവ അവഗണിക്കപ്പെടുന്നൂ എന്ന് മാത്രം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ ശാത്രീയമായി വിശകലനം ചെയ്ത് നല്കിയ ഓമനപ്പേരിട്ട് നാം വിളിച്ച് പോരുന്ന എത്രയോ ദൃഷ്ടാന്തങ്ങൾ നമ്മുടെ കർമ്മ ഫലങ്ങൾക്കുള്ള താക്കീതോ മുന്നറിയിപ്പോ ഒക്കെയല്ല എന്ന് എങ്ങനെ ഉറപ്പിക്കും ..
https://earthobservatory.nasa.gov/features/SpaceArchaeology