Monday, November 11, 2019

ഒരു വിരുന്നിന്റെ കഥ

പണ്ട് ഒരു ഭര്‍ത്താവും  ഭാര്യയുമൊന്നിച്ച് വിരുന്നിന്നു പോയി. ഒരുപാടാളു കൂടുന്ന വിരുന്ന്. രണ്ടു പേരും  ഉദ്യോഗസ്തര്‍ എങ്കിലും  പതിവുപോലെ സാമ്പത്തിക നിയന്ത്രണമൊക്കെ മൂപ്പരുടെ വകുപ്പായിരുന്നു... നാലും  രണ്ടും  വയസുകാരായ മക്കളെ ഭാവിയില്‍ എന്തൊക്കെയാണ്‌ആക്കിത്തീര്‍ക്കേണ്ടത് എന്ന് കശ്മല കഷ്ടകാലത്തിന്ന് അദ്ദേഹത്തോട് പറഞ്ഞു പോയി. മകളെ ഡോക്റ്ററും  മകനെ എഞ്ചിനീയറും. അന്നുതുടങ്ങിയതാണ്‌മൂപരുടെ ഒടുക്കത്തെ പിശുക്ക്... എടീ രണ്ടിനും  എന്റെ രൂപവും  നിന്റെ ബുദ്ധിയുമായതുകൊണ്ട് കോഴകൊടുക്കാതെ സീറ്റുകള്‍കിട്ടില്ല... നല്ലസ്ത്രീധനം  കൊടുക്കാതെ പെണ്ണിന്ന്‌ ചെക്കനേയും  കിട്ടില്ല അതിനാല്‍ നീ ദയവുചെയ്ത് സഹകരിക്കണം  എന്ന അപേക്ഷ അവള്‍ പൂര്‍ണ്ണമായും  അനുസരിച്ചു വരികയാണ്‌..രണ്ടു പേരും  ബസ് സ്റ്റോപ്പിലേക്കു നടക്കവേ ഭാര്യ ചോദിച്ചു എന്താ നിങ്ങളെ ഒരു വല്ലാത്ത നാറ്റം  ?. അദ്ദേഹം  പറഞ്ഞു ഞാന്‍ ഷോക്സ് മാറ്റിയിട്ടില്ല അതിന്റെയായിരിക്കും. ആരു ശ്രദ്ധിക്കില്ല നീ വാ. അത് കളയാതെ പോകാന്‍ പറ്റില്ല എന്ന് പത്നി.. എന്റെ കയ്യില്‍ കാശില്ല എന്ന് പതിയും,  തര്‍ക്കമായി.. അവസാനം  ഭാര്യ വാങ്ങിക്കൊടുക്കുകയാണെങ്കില്‍ സമ്മതിക്കാമെന്നായി മൂപ്പര്‍. അങ്ങനെ കടയില്‍ കയറി ഭാര്യ പുതിയതൊരെണ്ണം  വാങ്ങിക്കൊടുത്തു. അദ്ദേഹം  ആരും  കാണാത്തേടത്ത് പോയി ഷോക്സ് മറ്റി വന്നപ്പോഴേക്കും  ബസ്സും  വന്നു. അവര്‍ മുന്നിലും  അദ്ദേഹം  പിറകിലും  കയറി. വിരുന്നിലെത്തി.. ആള്‍കൂട്ടത്തില്‍ രണ്ടു പേരും  സ്വന്തം  സുഹൃത്തുക്കളുടെ കൂടെയായി. അവസാന വിരുന്നു കഴിഞ്ഞു മടങ്ങാന്‍ നേരം  ഭാര്യ മൂപ്പരുടെ അടുത്തെത്തി. പെട്ടന്ന് മുഖം  ചുളിച്ച് ചോദിച്ചു ഇപ്പോഴുമുണ്ടല്ലോ ആനാറ്റം ?. ചിരിച്ചുകൊണ്ട് ഒരു ജേതാവിന്റെ ഭാവത്തിലദ്ദേഹം  മന്ത്രിച്ചു. ഞാനത് പൊതിഞ്ഞ് കീശയിലിട്ടിട്ടുണ്ട് മോളേ.....

No comments: