Tuesday, November 19, 2013

മന്ത്രിച്ചൂതിയ നൂല്‌‌


ഒരു വൈകുന്നേരം സ്കൂളില്‍ നിന്നും വന്നു ഭക്ഷണവും  കഴിച്ച്  കളിക്കാന്‍ പോകാനുള്ളപുറപ്പാടിലയിരുന്നു അവന്‍. പുറത്ത് കമ്പനിത്തൊടിയിലോ പോത്താക്കല്‍ പുഴയുടെ തീരത്തോ എവിടെയെങ്കിലും അലഞ്ഞുനടക്കുക എന്നത കുട്ടിക്ക് വലിയ ഇഷ്ടമായിരുന്നു.. പോത്താക്കാല്‍ പുഴയുടെ തീരത്തു നിന്നു നോക്കിയാല്‍ പഞ്ചാരമണലിനെ പകുത്തൊഴുകുന്ന തെളിഞ്ഞപുഴ മങ്ങിയ വെയിലില്‍ മിന്നിത്തിളങ്ങുന്നതുകാണാം അതിന്നപ്പുറം കരിമ്പനകള്‍ തലഉയര്‍ത്തി നില്കുന്ന പാടങ്ങള്‍ പിന്നെ വലിയകോട്ടപോലെ കൊണ്ടുരക്കുന്ന് ...
കൗതുകപൂര്‍വ്വം അതുനോക്കിക്കൊണ്ട് സന്ധ്യ മയങ്ങുവോളം കുട്ടി നില്കും പലപ്പോഴും ഒറ്റയ്ക്. അല്ലെങ്കില്‍ ഏതെങ്കിലും കൂട്ടുകാരും കാണും...
അന്ന് ഉമ്മ അവനെ വിളിച്ചു കുറേ കറുത്തനൂല്‌ കയ്യില്‍ കൊടുത്തിട്ടു പറഞ്ഞു പോയി ചേക്കു മൊല്ലക്കാന്റെ അടുത്ത് കൊടുത്ത് മന്ത്രിച്ച് കൊണ്ടുവാ...
കുട്ടിക്കു മനസ്സിലായി ആര്‍ക്കും എന്തു രോഗമുണ്ടായാലും ആദ്യം മൊല്ലക്കാനെക്കൊണ്ട് നൂല്‌‌ ജപിച്ചു കെട്ടുക എന്നതായിരുന്നു പ്രാഥമ ചികിത്സ. നൂലു വാങ്ങി ട്രൗസറിന്റെ കീശയിലിട്ട് ഒരു കാറ്‌ ഓടിക്കുന്ന ഭാവത്തില്‍ കുട്ടി പള്ളിക്കു നേരെ വെച്ചു വിട്ടു. റെയില്‍ കടന്ന് മണ്‍ വഴിയിലൂടെ പള്ളിക്കടുത്തെത്തറായപ്പോളതാ പീടികകള്‍ക്കു മുന്നില്‍ ഒരാള്‍ കൂട്ടം തെരു വുസര്‍ക്കസ്സുകാര്‍ .. ചെണ്ടകൊട്ടിയും കുഴലൂതിയും അവര്‍ ആളുകളെ ആകര്‍ഷിക്കുന്നു... സര്‍ക്കസ്സുകാര്‍ക്കു ചുറ്റും കൂടിനില്കുന്ന കുട്ടികളിലൊരാളായി അവനും... പല്‍ അഭ്യസങ്ങളും വലിച്ചു കെട്ടിയ കമ്പിക്കു മീതെ നടക്കുക. ചെറിയ കമ്പി വളയത്തിലൂടെ വലിയ ഒരാള്‍ കടക്കുക. ഒരു കൊച്ചു പെണ്‍കുട്ടിയെ ഒരു കമ്പില്‍ കുത്തിഉയര്‍ത്തി ആ കമ്പ് തന്റെ മൂക്കില്‍ നിര്‍ത്തി ചുറ്റും നടക്കുക തുടങ്ങി പല്‍ വിധ രസങ്ങള്‍... കുട്ടി വെയില്‍ മാഞ്ഞു സന്ധ്യയായത് കുട്ടിയറിഞ്ഞില്ല. മഗ്രിബ്‌ ബാങ്കുകേട്ട് കുട്ടി ഞെട്ടി വന്നകാര്യം പാടേ മറന്ന് വീട്ടിലേക്കും ഒരോട്ടം കൊടുത്ത്... വീട്ടിലെത്താറായപ്പോള്‍ ഇരുള്‍ മയങ്ങിയിരുന്നു. മതിലിന്നും മുകളില്‍ വീട്ടിലെ വളര്‍ത്തു പൂച്ച എന്തിനേയോ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഇരിക്കുന്നു. കുട്ടി ഞെട്ടിപ്പോയി വലിയൊരു പാമ്പ് പൂച്ചക്കു നേരെ പത്തി വിടര്‍ത്തി ഊതുന്നു. കുട്ടി അല്പം പിറകോട്ടുമാറി പാമ്പ് പതിയെ ഇറങ്ങി ദൂരെ പോകുകയും ചെയ്തു. കിതപ്പോടെ വീട്ടിലെത്തിയതും ഉമ്മചോദിച്ചു എവിടെയെടാ നൂല്‍.. അപ്പോഴാണ്‌ നൂല്‍ മന്ത്രിക്കാന്‍ കൊടുത്തില്ലല്ലോ എന്ന കാര്യം മൂപ്പ രോര്‍ത്തത്.. മിണ്ടിയാല്‍ കിട്ടാന്‍ പോകുന്ന അടിപേടിച്ച് അവന്‍ കീശയില്‍ നിന്നും നൂലെടുത്ത് ഉമ്മാക്കു കൊടുത്തു. ചിമ്മിനി വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അവന്റെ മുഖം ഉമ്മയൊട്ട് കണ്ടതുമില്ല. എത്ര നേരമായി പോയിട്ട് പോരുന്നു പഠിക്ക്.
ഊതാത്ത നൂലു കെട്ടിയാല്‍ വല്ലകുഴപ്പവുമുണ്ടാകുമോ എന്നായിരുന്നു ആദ്യത്തെ പേടി... ബേജാറോടെ പഠിച്ചെന്നു വരുത്തി ചോറു തിന്നു കിടന്നുറങ്ങുമ്പോഴും ഉമ്മാന്റെ തല വേദന ബേധമാകണേ‌എന്ന പ്രാര്‍ത്ഥനയായിരുന്നു കുട്ടിയുടെ മനസ്സില്‍.. പിറ്റേന്ന് എണീറ്റ് ചെല്ലുമ്പോള്‍ മിറ്റമടിക്കുന്ന കാളിയോട്‌ സംസാരിച്ചുകൊണ്ട് നില്കുകയാണ് ഉമ്മ .. കാള്യേ ചേക്കുമൊല്ലക്ക മന്ത്രിച്ചൂതിയാ നല്ല ശിഫയാ. ഇന്നലെ വല്ലാത്ത തലേകുത്തായിരുന്നു. ഒരു നൂല് മന്ത്രിപ്പിച്ചു കെട്ടണ്ട താമസം വേദന മാറിട്ടോ..
കാളി ശരി വെച്ചു "അത് പിന്നെ പറ്യാണ്ടോ.."
കുട്ടി അതിശയപ്പെട്ടു ... മൊല്ലാക്ക് ഊത്യതുകൊണ്ടല്ലാ ഞാനല്ലാഹുനോട് തേട്യേതുകണ്ടാ എന്നു പറഞ്ഞാല്‍... വേണ്ട ഉമ്മാക്ക് ദേഷ്യം വരും  ദേഷ്യം വന്നാ ഉമ്മ അടിക്കുകതന്നെ ചെയ്യും ...
അവന്‍ ഉമിക്കരിയും  ഈര്‍ക്കിലയുമെടുത്ത് കുളത്തിലേക്കോടി 
 

Thursday, October 31, 2013

....ലാര്‍വ

....ലാര്‍വ
ലാര്‍വകളുടെ ഗുരു പറഞ്ഞു ലാര്‍വകളേ നിങ്ങള്‍ അതിരു കവിയരുത്. നിങ്ങളിപ്പോള്‍ പുഴുക്കള്‍ മാത്രമാകുന്നു.വേട്ടാളന്മാര്‍ക്കും ഉറുമ്പുകള്‍ക്കും ഓന്തുകള്‍ക്കും പല്ലികള്‍ക്കും പറവകള്‍ക്കും ഇരയാവുന്ന കേവലം പുഴുക്കള്‍. അതിനാല്‍ നിങ്ങള്‍ ഇലകളുടെ മറവില്‍ തളിരുകള്‍ കാര്‍ന്നു തിന്ന് കഴിഞ്ഞുകൂടുക. നിങ്ങളെ തിന്നാന്‍ നടക്കുന്നവയുടെ ദൃഷ്ടിയില്‍ പെടാതെ നോക്കണം. ഇതു ക്ഷണികമായ ഒരു ഘട്ടമാണ്‌. ശേഷം നിങ്ങള്‍ നിങ്ങളുടെ കൊക്കൂണൂകളില്‍ ഉറങ്ങും. പിന്നീട് നിങ്ങള്‍ എഴുന്നേല്പിക്കപ്പെടും. അപ്പോള്‍‌ നിങ്ങള്‍ക്ക് വര്‍ണ്ണപ്പകിട്ടുള്ള ചിറകുകളും സുന്ദരമായ മേനിയും ഉണ്ടാകും ... നിങ്ങളിതുവരെ ആസ്വദിച്ചിട്ടില്ലാത്ത, ഒരു പുഴുവും ഇതുവരെ വിഭാവന പോലും ചെയ്തിട്ടില്ലാത്ത ഭംഗിയുള്ള പൂക്കളിലെ മധുരമേറിയ തേന്‍ നിങ്ങള്‍ക്കുകിട്ടും നിങ്ങള്‍ക്ക് സ്വതന്ത്രമായി പാറിപ്പറന്നു നടക്കാം.
അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ അടങ്ങിയൊതുങ്ങി ജീവിക്കുക...
നിങ്ങളെ തിന്നാന്‍ നടക്കുന്നവന്നു പിടികൊടുക്കരുത്...
യുക്തിക്കു നിരക്കാത്ത ഈ വാദഗതിയെ ലാര്‍വകളിലധികവും പുച്ഛിച്ചുതള്ളി. കൊക്കൂണില്‍ നിന്നും ഒരു ഉയിര്‍ത്തെഴുന്നേല്പ് അതെങ്ങ്നെ സാധ്യമാകും? ... ഭംഗിയുള്ളപൂക്കളും മധുരമുള്ള തേനും പാറിപ്പറക്കാന്‍ ചിറകും ഫൂ .... ഈതളിരിലകളിലെ കവര്‍പ്പേറിയ തളിരിലകളേക്കാള്‍‌ സ്വാദുള്ള ഭക്ഷണമുണ്ടോ..
അതിനാല്‍ നമുക്കിഷ്ടമുള്ള പോലെ ജീവിക്കുക സ്വതന്ത്രരാകുക. ഇലകളുടെ നിഴലില്‍ നിന്നും പുറത്തിറങ്ങുക, ആസ്വദിച്ചു ജീവിക്കുക. കൊക്കൂണില്‍ നിന്നും പിന്നെയൊരു ഉയിര്‍ത്തെഴുന്നേല്പില്ല... ഇവിടെ കിട്ടിയതു കിട്ടി അത്രതന്നെ.
കുറേയെണ്ണം തിന്നു ചത്തു.. കുറേയെണ്ണത്തെ മറ്റുജീവികള്‍ക്കിരയായി ..
കുറച്ചെണ്ണം കൊക്കൂണിലെ നിദ്രക്കു ശേഷം പൂമ്പാറ്റകളായി... ഞങ്ങള്‍ക്കെന്തുണ്ടായി എന്നു പറഞ്ഞുകൊടുക്കാന്‍ അവയ്ക് ലാര്‍വകളുടെ ലോകത്തേക്കുള്ള വഴിയറിയില്ലായിരുന്നു. ലാര്‍വകളുടെ ഭാഷയും അവ മറന്നു പോയിരുന്നു.....

Monday, August 26, 2013

എഴുതാത്തകഥയില്‍ നിന്ന് ...


ഒരു കുപ്പി വെള്ളവും ഒരു കുല മുന്തിരിയും ഈ കടം ഞാനെങ്ങിനെ വീട്ടും

ഞാന്‍ എന്റെ കുടുംബത്തോടൊപ്പം കാറില്‍ യാത്രചെയ്യുകയായിരുന്നു 2001 ജൂണ്‍ ഒന്നാം തിയ്യതി. ജോലിസ്ഥലമായ് പെരുവണ്ണാമൂഴിയില്‍ നിന്ന് ഒറ്റപ്പാലത്തേക്ക്... രാവിലെ പത്തു മണി കഴിഞ്ഞ് കാണും അങ്ങാടിപ്പുറത്ത് വെച്ച് ഞാനോടിച്ചിരുന്ന മാരുതി കാര്‍ ഒരു ലൈലന്‍ഡ് ലോറിയുടെ മുന്‍ ചക്രത്തില്‍ ഇടിച്ചു.ഓടിച്ചുകൊണ്ടിരിക്കേ ഞാന്‍ ഉറങ്ങിപ്പോയോ അതോ എനിക്ക് തലചുറ്റി യോ അല്ലാഹുവിന്നറിയാം.... ... എന്റെ വാരിയെല്ല് പൊട്ടി കരളിന്മേല്‍ കോര്‍ത്തു ആന്തര രക്ത ശ്രാവം തുടങ്ങി ... മകന്ന് പരിക്കൊന്നും ഇല്ലായിരുന്നു മകള്‍ക്കും ഭാര്യക്കും പരിക്കേറ്റു ഉടന്‍ ആശുപത്രിയിലെത്തിയില്ലെങ്കില്‍ ഞാന്‍ മരിച്ചു പോകുമെന്ന അവസ്ഥ. എന്റെ കാറിന്നു പിറകില്‍ ഒരു ബൈകില്‍ രക്ഷകനുണ്ടായിരുന്നു അല്ലാഹു നിയോഗിച്ചവന്‍ ഇന്നും എനിക്ക് പേരറിയാത്തവന്‍ ഒരു ചെറുപ്പക്കാരന്‍... ഞൊടിയിടയില്‍ അയാള്‍ പിറകെ വന്ന ഒരു ജീപ്പ് തടഞ്ഞു ഓടിക്കൂടിയ നല്ലവരായ ആള്‍ക്കൂട്ടത്തിന്റെ സഹായത്താല്‍ എന്നെയും കുടുംബത്തെയും അതില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു എനിക്കു വേണ്ടതെല്ലാം ചെയ്തു. എന്റെ വസ്തു വകകളെല്ലാം ബദ്രമായി സൂക്ഷിക്കാന്‍ ഏര്‍പ്പാടുചെയ്തു ഐ സി യു വില്‍ കിടക്കുന്ന എനിക്കും വേറെ മുറിയില്‍ കിടക്കുന്ന എന്റെ മകള്‍ക്കും ഭാര്യക്കും വേണ്ടതെല്ലാം ചെയ്തു എന്റെ ബന്ധുക്കളെത്തിയപ്പോള്‍ അവരെ ഏല്പിച്ചു .... ഒരു മേജര്‍ ഓപ്പറേഷന്നു വിധേയനായിരുന്ന എനിക്കു ബോധം വരുന്നതു വരെ ഐ സി യു വിന്നു മുന്നില്‍ കാവല്‍ നിന്നു. ഞാന്‍ അപകട നില തരണം ചെയ്തു എന്നുറപ്പായപ്പോള്‍ ഒരു കുപ്പി മിനറല്‍ വാട്ടറും കുറേ മുന്തിരിയുമായി എന്റെ ഭാര്യയുടെ മുറിയില്‍ ചെന്ന്അത് അവള്‍ക്കു കൊടുത്തിട്ടയാള്‍ പറഞ്ഞു ഭര്‍ത്താവിന്റെ ഓപ്പറേഷനെല്ലാം കഴിഞ്ഞു. ഇനി പേടിക്കാനില്ല .. ഞാന്‍ ഇനി പോകട്ടെ... സ്വന്തം പേരോ വിലാസമോ അയാള്‍ പറഞ്ഞില്ല. പരിഭ്രമിച്ചു പോയ എന്റെ ഭാര്യയോ മക്കളോ അതൊട്ടു ചോദിച്ചു മില്ല..
അയാള്‍ പോയി എന്റെ രക്തത്തിന്റെ പാടുകള്‍ അപ്പോഴും അയാളുടെ കുപ്പായത്തിലുണ്ടായിരുന്നു.. അയാള്‍ ജുമ അ ക്ക് പോകാനിറങ്ങിയതായിരുന്നു....ഇപ്പോള്‍ സമയം വൈകീട്ട് ആറ് മണി
അയാളോടൊപ്പം ഒരു പാടുപേര്‍ എന്നെ സഹായിച്ചിട്ടുണ്ട് അവരില്‍ ഒരാള്‍ എന്റെ നെ ഏല്പിച്ചിരുന്ന വിലാസ പ്രകാരം വിളിച്ച് നനദി പറഞ്ഞു മറ്റെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചി ഇന്നും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു എല്ലാതെ എനിക്കെന്തു കഴിയും .....
ഒരു വയാഴവട്ടാക്കാലത്തിന്നു ശേഷം ഇന്ന് ഞാനതോര്‍ത്ത് പോയി പ്രാര്‍ത്ഥനയോടെ... അന്ന് പകടത്തില്‍ എന്നോടൊപ്പ മുണ്ടായിരുന്ന പത്നി ഇന്നില്ല.. പകരം മറ്റൊരാള്‍വന്നു മക്കള്‍ വലുതായി ..
ഇപ്പോഴോര്‍ക്കുന്ന് സ്വന്തം പേരുപോലും പറയാതെ .. നിസ്വാര്‍ത്ഥ സേവനം എങ്ങനെ എന്നെന്നെ പഠിപ്പിച്ച ആസഹോദരന്‍ ഇന്നെവിടെ യായിരിക്കും ... എവിടെ യാണെങ്കിലും അല്ലാഹു അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എന്നെ സഹായിച്ച എല്ലാവരേയും ..... മറ്റെല്ലാവരേയും

Tuesday, August 20, 2013

ഒന്നു പരിഭവിച്ചോട്ടേ


സര്‍വ്വേശ്വരാ... യാ ഇലാഹീ
നിനച്ചിരിക്കാതെ എനിക്കു നീനല്കി ഞാനര്‍ഹിക്കാത്ത പലതും
വലിയ രോഗങ്ങളൊന്നുമില്ലാത്ത ശരീരവും
ഉള്ളതുകൊണ്ടോണം തീര്‍ക്കാന്‍ കെല്പുള്ള ഒരു മനസ്സും
ഒരു കൊച്ചുഭവനവും കണ്ണിന്നു കുളിര്‍മ്മയായി അതിലേക്കൊരിണയും
പിന്നെ സമര്‍ത്ഥരായ മക്കളും,മരുമക്കളും പേരക്കിടാങ്ങളും
ഏതു പ്രതിസന്ധിയിലും എന്നോടൊത്തുനില്കുന്ന സഹോദരങ്ങളും
എന്റെ ഉന്നതിയില്‍ ആത്മാഭിമാനം കൊള്ളുന്ന രക്ഷിതാക്കളും
എന്റെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണി ച്ചെന്നെ തിരുത്താന്‍ ശ്രമിക്കുന്ന
സ്നേഹസമ്പന്നരായ ചങ്ങാതിമാരുടെ ഒരു കൂട്ടവും
ഇനിയെനിക്കെന്തുവേണമെന്നു ഞാനതിശയം കൂറവേ
ഇതാ
ഇവയിലേറ്റവും മുഖ്യമെന്നു വൈകിമാത്രം ഞാന്‍ തിരിച്ചറിഞ്ഞ
എന്റെ ഇണയെ നീ തിരിച്ചെടുത്തിരിക്കുന്നു....
നിന്റെ അനുഗ്രഹങ്ങള്‍ ഞാന്‍ തിരിച്ചറിഞ്ഞത് അവളിലൂടെയായിരുന്നു എന്ന്
ഒരു നടുക്കത്തോടെ ഞാനറിയുന്നു
ആ അറിവ് എന്നെ കാലിയാക്കുന്നു...
ഞാനിതാ ഇവിടെയൊറ്റയ്ക്ക് , ഹരിതാഭ മാഞ്ഞുപോയ പുല്‍മേടുപോലെ
ആളൊഴിഞ്ഞ ഭവനംപോലെ ... ഉറവവറ്റിയ കിണറുപോലെ
മണല്‍ കോരിവികൃതമാക്കപ്പെട്ട പുഴപോലെ വറ്റി വറുതിപൂണ്ട തടാകം പോലെ
മരണത്തിന്നുമുന്നേ ആത്മാവു കൈമോശം വന്ന മനുഷ്യ നെപ്പോലെ
വിമൂകമാമൊരു ഒരു വേനല്‍ കാല സന്ധ്യ പോലെ …..
നിന്റെ സൃഷ്ടികള്‍ക്ക് നന്മയല്ലാതൊന്നും നീ വരുത്തുകയില്ല എന്ന്
എന്റെ മനസ്സിനെ ബോധിപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് കൊണ്ട്‌ തന്നെ
എന്റെ നാഥാ
ഞാന്‍ നിന്നോടൊന്ന് പിണങ്ങിക്കോട്ടേ ചെറുതായിട്ടൊന്ന് പരിഭവിച്ചോട്ടേ ….