Thursday, February 28, 2019

ഈമാൻ.....

ഉസ്താദ് പിഞ്ചു കുഞ്ഞുങ്ങൾക്ക് ഈമാനിനെക്കുറിച്ചു പറഞ്ഞുകൊടുത്തു മക്കളേ ഈമാനുണ്ടെങ്കിൽ ദുനിയാവിൽ എന്തും  സാധിക്കും നിറഞ്ഞൊയുകുന്ന പുയയുടെ മേലെ മുണ്ടു ബിരിച്ച് പുയകടക്കാം. ബെള്ളത്തിന്റെ മീതെ നടക്കാം. ഈസാനബി പണ്ട് വെള്ളത്തിന്റെ മേലെ നടന്നിട്ടുണ്ട്. കുട്ടിയതു വിശ്വസിച്ചു. അവന്റെ വീട് പുഴക്കക്കരെയായിരുന്നു. മഴക്കാലമായാൽ തോണിക്കാരനെക്കാത്ത് മദ് രസയിലെത്താൻ വൈകേണ്ടല്ലോ എന്ന് അവൻ ആശ്വസിക്കയും ചെയ്തു..
വേനൽ പോയി മഴക്കാലമായി. മലയിൽ മഴപെയ്താലുടൻ കരകവിയുന്ന പുഴ. ഒരുദിവസം മഗ്രിബിന്  ഉമ്മപറഞ്ഞു മോനേ ഇന്ന് മുസ്ല്യാർക്ക് ഇവിടെനിന്നാണ് ചെലവ്. ഇശാ നിസ്കാരം കഴിഞ്ഞാൽ  മുസ്ല്യാരെ കൂട്ടിക്കൊണ്ടു വാ. നല്ല മഴക്കാറുണ്ടായിരുന്നു. മലക്ക് പെയ്യുന്ന മഴയെ തഴുകിവരുന്ന കാറ്റിനു കുളിര്. മിറ്റത്തേക്കിറങ്ങിയകുട്ടി തിരിച്ചു കയറി ഒരു തോർത്തു മു ണ്ടുമായി പുറത്തിറങ്ങി. പുഴ നിറഞ്ഞൊഴുകുന്നു. അവൻ ഉസ്താദുപറഞ്ഞപോലെ ബിസ്മിചൊല്ല തോർത്തുമുണ്ട് വെള്ളത്തിനു മേൽ വിരിച്ച് അതിനു മേൽ കയറി പുഴകടന്നു. ഇശാനമസ്കാരശേഷം ഉസ്താദിനെ കൂട്ടി കടവിലെത്തി. നിറഞ്ഞൊഴുകുന്ന പുഴ. തോണിക്കാരനെ തിരയുന്ന മുസ്ല്യാരു കണ്ടു തന്റെ കൊച്ചു മൊട്ടത്തലയിൽ നിന്നും മുണ്ട് അഴിച്ചെടുത്ത് വെള്ളത്തിനുമേൽ വിരിച്ച് അതിനു മേൽ യാത്രയാകുന്ന ശിഷ്യൻ... നിഷ്കളങ്കതയോടെ ഗുരുവിനെ ക്ഷണിക്കുന്നു. ഉസ്താദേ ബരീൻ നേരം പോയി.
ഉസ്താദല്പം ശങ്കിച്ചു വിറക്കുന്ന കൈകളോടെ തലിയിൽ കെട്ടഴിച്ചു വെള്ളത്തിനു മേൽ വിരിച്ച് അതിന്മേൽ കയറി. പ്ലും......
കുട്ടി അക്കരെയെത്തി തിരിഞ്ഞു നോക്കിയപ്പോൾ ഉസ്താദ് എത്തിയിട്ടില്ല.
കുറച്ച് നേരം കാത്തു ഉസ്താദ് വന്നില്ല എന്ന് ഉമ്മായോട് പറയുകയും ചെയ്തു.
അടുത്ത മൂന്നുദിവസം ഗ്രാമത്തിലെ മദ് രസക്ക് അവധിയായിരുന്നു.
ഉസ്താദ് അത്യാവശ്യമായി നാട്ടിൽ പോയിരിക്കയായിരുന്നത്രെ...
പണ്ട് പുഴയിൽ ചാടിയ മണ്ടൻ മുത്തപ്പയെപ്പോലെ അഞ്ചെട്ട് നാഴിക താഴെചെന്ന് കരപറ്റിയശേഷം അവിടെത്തെ പള്ളിയിൽ കൂടി ക്ഷീണം തീർത്ത ശേഷമാണ് മടങ്ങിയത് എന്നത് നാട്ടുകാരറിയാതെ പോയ രഹസ്യം
*******************************************
ഇതൊരു കഥയാകുന്നു... കഥ മാത്രം. ഈശ്വര വശ്വാസികൾക്കും അല്ലാത്തവർക്കും

Tuesday, February 26, 2019

നീലകണ്ഠന്മാർ

ബേപ്പൂർ സുൽത്താന്റെ ആനവാരിയും പൊൻ കുരിശും എന്ന ചരിത്രം വായിച്ച ശേഷമാണ് ആ ദുഖം തുടങ്ങിയത് . കഥയിലെ നായകൻ ചാത്തങ്കേരി മനക്കലെ കൊമ്പനാനയുടെ പ്രതികരണ സ്വാതന്ത്ര്യത്തിന്റെ ചരിത്രം. ലോകത്തുളള സർവ്വമാന കാട്ടാനകളുടെയും നാട്ടാനകളുടേയും കൂട്ടത്തിലെ ഏറ്റവും സ്വതന്ത്രനായ ഗജ പോക്കിരിയാണ് നീലകണ്ഠൻ .. കാരണം ദുനിയാവിന്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നിയാൽ ഉടൻ ഒരു പാപ്പാനെ കൊന്നുകൊണ്ട് പ്രതികരിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ട് പാപ്പാന്റെ കുടുമയിൽ പിടിച്ച് മരിത്തിലടിച്ചായുരുന്നു ക്രിയ നടത്തിയിരുന്നത്. നീലാണ്ഠന്റെ
ഈ ആവശ്യം പരിഗണിച്ച്  കുടുമക്കാരായ പാപ്പാന്മാരെ മാത്രമേ മനക്കൽ നിയമിച്ചിരുന്നുളളൂ എന്നും കഷണ്ടിക്കാരുടെ അപേക്ഷകൾ സ്ക്രീനിങ്ങിന്റെ തുടക്കത്തിലേ തളളാൻ ജ്യേഷ്ടൻ തിരുമേനി ഉത്തരവിട്ടിരുന്നു എന്നും വിനീതനായ ചരിത്രകാരൻ ഓർക്കുന്നുണ്ട്. ആ കഥ വായിച്ച ശേഷം ദുനിയാവിന്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നിയാലുടൻ ഒരു നീലാണ്ഠനായി ജനിക്കാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്നോർത്ത് ഞാൻ നെടുവീർപ്പിടും. നെടുങ്കൻ കുടുമ കെട്ടി വിലസുന്ന എത്രയെത്ര പാപ്പാന്മാർ...........
ഒരാനയാകുന്നതും ഇവന്റെയൊക്കെ അഹന്തയുടെ കുടുമയിൽ പിടിച്ച് സ്റ്റൈലിൽ കറക്കി മരത്തിലടിക്കുന്നതു ഓർത്ത് രോമാഞ്ചം കൊളളുക എന്നത് ഈയിടെ എനിക്കൊരു പതിവായിരിക്കുന്നു. നടക്കാത്ത സ്വപ്നങ്ങളാണ് എന്നറിയാം എങ്കിലും നമുക്ക് അതിനൊക്കെയല്ലേ  കഴിയൂ....
പിന്നെ ആകെയുളള ഒരു സമാധാനം നീലാണ്ഠനെപ്പോലുളള ഭാഗ്യവാന്മാർ ഇന്നും ഉണ്ട് എന്നതാണ്..

Monday, February 25, 2019

പ്ലിങ്ങ്

മലയാള ഭഷക്ക് പുതുതായി വീണുകിട്ടിയ പ്ലിംഗ് എന്ന വാക്കിനെക്കിനെക്കുറിച്ച് ലേഖനങ്ങൾ വരെ വരാൻ തുടങ്ങിയിരിക്കുന്നു. ബഹുമാനപ്പെട്ട സഹോദരി Asura Ali Namboorimadomഅഭിപ്രായപ്പെടുന്നത് മ്പടെ എഴുത്തച്ഛൻ സാഹിബ്‌ ഇന്നുണ്ടായിരുന്നെങ്കിൽ ഹൃദയാഘാതം വന്നു മരിച്ചേനേ എന്നാണ്‌‌. അപ്പോഴാണ്‌   "പ്ലും"എന്ന ഞങ്ങളുടെ ഗ്രാമത്തിലെ ഒരു പ്രയോഗത്തെക്കുറിച്ച് ഓർത്തത്. പ്ലിങ്ങിന്റെ എത്രയോ മുമ്പ് നടപ്പിലായതാണ്‌ പക്ഷേ അന്ന് ഫേസ് ബുക്കൊന്നും ഇത്ര പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് മലയാളത്തിലേക്കെടുത്തില്ല എന്നു തോന്നുന്നു. കാര്യമായിട്ടൊന്നുമില്ല രാമൻകുട്ടിയുടെ വീട്‌ വയലിനോട്‌ചേർന്നായിരുന്നു. പടികടക്കുന്നത് വരമ്പത്തേക്ക് വരമ്പിനോട് ചേർന്ന് പാടത്തെ വെള്ളത്തോടൊപ്പം നിറഞ്ഞു നില്കുന്ന ആൾമറയില്ലാത്ത ഒരു കിണർ. ഒരു ദിവസം അളിയൻവിരുന്നു വന്നു. വൈകുന്നേരം രണ്ടു പേരും കൂടി ഒന്നു പുറത്തു പോയി. അക്കരെ നാടൻ വില്കുന്നേടത്തു പോയി ഒന്നു മിനുങ്ങി മടങ്ങിയപ്പോൾ നേരം പതുക്കെ ഇരുട്ടിത്തുടങ്ങി. തമാശകളൊക്കെ പറഞ്ഞ് നാടൻ പാട്ടു മൂളി അളിയൻ മുന്നിലും രാമൻ കുട്ടി പിറകിലും... കിണറിനടുത്തെത്തിയപ്പോൾ രാമൻ കുട്ടി പറഞ്ഞു അളിയാ കിണറ്‌ ണ്ട് സൂക്ഷിക്കണം. അതുഞാൻ ച്ചെരീമ്പൊ കണ്ടതല്ലേ എന്ന മറുപടിക്കു ശേഷം ഉണ്ടായ ശബ്ദമാണ്‌  " പ്ലും " ഓർക്കാപ്പുറത്ത് അകത്തുചെന്ന  രണ്ട് കവിൾ വെള്ളം  നേരത്തെചെന്നതിന്റെ കടുപ്പമൽപം കുറച്ചു എന്നതൊഴികെ പ്രശ്നമൊന്നുമുണ്ടായില്ല.
**********************************************************************************************
ഓർക്കപ്പുറത്ത് പറ്റുന്ന രസകരമായ വീഴ്ചകൾ ചിത്രീകരിക്കാൻ ഞങ്ങൾ  കാരക്കാട്ടുകാരിപ്പൊഴും "പ്ലും" ഉപയോഗിക്കാറുണ്ട്‌...

Thursday, February 21, 2019

കൊഴുക്കട്ടപ്പണിക്കർ

കാര്യങ്ങൾ പറയുമ്പോൾ താൻ ഉദ്ദേശിച്ചകാര്യത്തിന്റെ കൃത്യമായവാക്ക് ഓർമ്മയിൽ വന്നുകിട്ടിയാൽ ജയിച്ചു. ഇനി കൃത്യമായ വാക്ക് പറഞ്ഞിട്ടും ശ്രോതാവിനതു മനസിലായില്ലെങ്കിൽ തോറ്റു എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതാകുന്നു ആശയ വിനിമയത്തിന്റെ ഒന്നാം തത്വം. ഇവിടെ കൃത്യമായ  വാക്ക് മാറിപ്പോയതുകൊണ്ടുണ്ടായ ഒരു ദുരന്തത്തിന്റെ കഥയാണ് പറയാൻ പോകുന്നത്. കുട്ടപ്പപ്പണിക്കർ സരസനും മതേതരനുമായിരുന്നു. വീട്ടിലല്പം മുൻശുണ്ഠിക്കാരനും. അങ്ങനെ ചേട്ടന്മാരും കാക്കാമാരുമായുമൊക്കെ വലിയ ചങ്ങാത്തത്തിലുമായിരുന്നു.
ഒരുദിവസം വകുന്നേരം നടക്കാനിറങ്ങിയ വഴിക്ക് മൂപ്പർ നസ്രാണി സുഹൃത്തായ ഉക്ക്രുച്ചേട്ടന്റെ വീട്ടിലൊന്ന് കയറി. വെറുതെയങ്ങു ചെന്ന് കയറിയതൊന്നുമല്ല വേലിക്കൽ നിൽകയായിരുന്ന ചേട്ടൻ സ്നേഹപൂർവ്വം " ദാരാപ്പത് മ്പടെ പണിക്കരേട്ടനല്ലേ വരീന്ന് ഒര് ളളാസ് കട്ടനടിച്ച് പോകാന്ന് ക്ഷണിച്ചതുകൊണ്ട് കയറിയതാ. അന്നാമ്മച്ചേട്ടത്തി കട്ടനോടൊപ്പം പലഹാരവും കൊണ്ടുവന്നു. പണിക്കർക്ക് പരിചയമില്ലാത്ത ഉരുണ്ട ഒരിനം. മൂന്നുനാലെണ്ണം വിളമ്പിയിരുന്നു എങ്കിലും മാന്യതയോർത്ത് അദ്ദേഹം ഒന്നേകഴിച്ചുള്ളൂ. നല്ല സ്വാദ്. എങ്കിലും വീട്ടിൽ പോയി ഭാര്യയെക്കൊണ്ട് ഉണ്ടാക്കിച്ച് കഴിക്കാം എന്നു കരുതി സമാധാനിച്ചു. പക്ഷേ പേരറിയണമല്ലോ. പലഹാരത്തിന്റെ പേരു ചോദിക്കുന്നതും മോശം. അപ്പോഴദ്ദേഹത്തിനൊരു ബുദ്ധി തോന്നി തൃശ്ശൂരൊക്കെ ഇതിനെന്ത്ന്നാ പറയ്വാ.... ചേട്ടത്തിപറഞ്ഞു " മ്മളിതിന് കൊഴുക്കട്ടാന്ന് പറയും"
ഓ അതിവിടെയും അങ്ങനെത്തന്നെ എന്നും പറഞ്ഞ് പണിക്കർ ധൃതിയിൽ എണീറ്റു. " ഹെയ് എന്താദ്പ്പൊരു ധൃതി ഒന്നൂടി കഴിക്കെന്നേയ് " എന്ന ചേട്ടന്റെ പ്രോത്സാഹനം സ്നേഹപൂർവ്വം നിരസിച്ച് പണിക്കർ പടിയിറങ്ങി. സ്വതവേ മറവിക്കാരനായിരുന്നതുകോണ്ട് നടപ്പിലുടനീളം കൊഴുക്കട്ട കൊഴുക്കട്ട കൊഴുക്കട്ട എന്നിങ്ങനെ ഉരുവിട്ടുകൊണ്ടായിരുന്നു യാത്ര. ചെത്തുവഴിയിൽ നിന്നും പാടത്തേക്കിറങ്ങി. പാടത്തിനരികിൽ ചെറിയൊരു തോടുണ്ടായിരുന്നു. അത് എടുത്തു ചാടിയതോടെ കൊഴുക്കട്ട കൊഴുക്കട്ട എന്ന മന്ത്രം തിത്തെയ് എന്നായിമാറി. സന്തോഷത്തോടെ വീട്ടിൽ ചെന്നുകയറി പ്രിയതമയോട് സ്നേഹപൂർവ്വം പറഞ്ഞു എടീ എനിക്കിന്ന് നാലു തിത്തെയ്ണ്ടാക്കിത്തരണം. പാവം അവർക്ക് കാര്യം മനസിലായില്ല. കൊഴുക്കട്ടയുടെ രുചിയും ആകൃതിയും മനസിൽ ധ്യാനിച്ച് വീണ്ടും പറഞ്ഞു പലഹാരം, ഉരുണ്ടിട്ട് തിത്തെയ്. കഥകളി ഭാഷയിലും പറഞ്ഞ് നോക്കി. കശ്മലക്ക് പിടി കിട്ടുന്നില്ല. അവർ പരിതപിച്ചു. ഇങ്ങേർക്ക് ഇതെന്തു പ്രാന്താ ഭഗവതി ഞാനിന്നേവരെ കേൾക്കാത്ത ഒരു പലഹാരം ഞാനെങ്ങനെണ്ടാക്കും വലഞ്ഞല്ലോ കണ്ണിൽ കണ്ട നസ്രാണ്യേൾടെം മാപ്ലാര്ടേം പെരേപോയി ഓരോന്ന് വാങ്ങിത്തിന്നിട്ട്പ്പൊ ബാക്കിള്ളോർക്ക് കെടക്കപൊറുതില്ല്യാണ്ടായലോ എന്ന് അവർ കരയാൻ തുടങ്ങി. ഭാര്യക്കുസങ്കടം വന്നാൽ ഭർത്താവിനു ദേഷ്യം വരണം എന്നാണല്ലോ അതിന്റെ ഒരു ഇത്. വന്നു കൂടെ ഒന്നും കൂടിതിന്നിട്ട് പോകാൻ ചേട്ടൻ ക്ഷണിച്ചിട്ടും തിന്നാതെ പോന്നതിന്റെ നിരാശയും. നിരാശയും കൊപവും ഒന്നിച്ചുവന്നാൽ വലിയ പ്രശ്നമാണ് എന്നാണല്ലോ മനശ്ശാസ്ത്ർജ്ഞന്മാർ പറയുന്നത്. പറഞ്ഞപോലെത്തന്നെ പ്രശ്നമായി. അദ്ദേഹം ഭാര്യയെ അടിക്കാനും തുടങ്ങി. നിലയും വിളിയും കേട്ട് ആളുകളോടിക്കൂടി. സ്ത്രീകൾ ഭാര്യയെ അകത്തുകൊണ്ടു പോയി സമാധാനിപ്പിൽകാൻ ശ്രമിച്ചു പുരുഷന്മാർ പണിക്കരെ ഉപദേശിക്കാനും. അപ്പോഴും പണിക്കരുടെ മൻസിലും നാവിലും പലഹാരമായിരുന്നു. അകത്തു നിന്നും ഒരു സ്ത്രീ വന്നിട്ട് പണിക്കരോട് പറഞ്ഞു എന്നാലും എന്റെ പണിക്കരേ എന്തു പാപാ നിങ്ങളു ചെയ്തത്. കൊഴുക്കട്ട മുഴുപ്പിലല്ലേ അതിന്റെ മേൽ മുഴച്ചിരിക്കുന്നത്. പണിക്കരുച്ചത്തിൽ പറഞ്ഞു "കിട്ടിപ്പോയി" കൊഴുക്കട്ടയുണ്ടാക്കാനല്ലേ ഞാൻ ഗുരുത്വം കെട്ടോളോട് പറഞ്ഞത്. അവൾക്ക് മനസിലാകാഞ്ഞിട്ടല്ലേ തല്ല് വേടിച്ചത്. നാട്ടുകാർക്കും കാര്യം മൻസിലായി. രാത്രിയിൽ പണിക്കർ ഭാര്യയെ തലോടിക്കോണ്ട് പറഞ്ഞു സാരല്ല്യ തോട് ഒത്തെടുത്ത് ചാട്യേപ്പൊ വാക്ക് മാറിപ്പോയതല്ലേ... അടുത്ത ചൊവ്വഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാ... ഞാൻ നിനക്ക് മാലേം വളേം ഒക്കെ വാങ്ങിത്തരാ....കാര്യമങ്ങനെതീർന്നു. പിറ്റേന്ന് ചേട്ടത്തിയോട് ചോദിച്ച് പഠിച്ച് പണിക്കത്തി  പണിക്കർക്ക് ചൂടുള്ള കൊഴുക്കട്ട ഉണ്ടാക്കിക്കൊടു,ക്കുകയും ചെയ്തു....
പക്ഷേ പ്രശ്നം അവിടംകൊണ്ടവസാനിച്ചില്ല. പിന്നീട് ആരെങ്കിലും ഗ്രാമത്തിൽ വന്ന് കുട്ടപ്പപ്പണിക്കരെ അന്വേഷിച്ചാൽ ആര് നമ്മുടെ കൊഴുക്കട്ടപ്പണിക്കരല്ലേ  എന്നുചോദിച്ച് ഉറപ്പു വരുത്തുക നാട്ടിലൊരു പതിവായി എന്നു മാത്രം. നാട്ടിലൊരുപാട് കുട്ടപ്പപണിക്കരുമാരുള്ളപോലെ...

(  a folklore retold )

ഇബ്രാഹീമും ഐദ്രോസും

വല്ലവനും ഒരു മനുഷ്യജീവൻ രക്ഷിച്ചാൽ അത് മാനുഷകത്തെ മുഴുവൻ രക്ഷിച്ചതിനു തുല്ല്യമാകുന്നു. വി: ഖു.
**********************************************
പതിവു നടത്തത്തിലായിരുന്നു  ഞങ്ങൾ. ഞാനും അലിയും ഇബ്രാഹീമും.                 നീതിസ്റ്റോറിന്നടുത്തെത്തിയപ്പോൾ എതിരെ വരുന്നു ഐദ്രോസ്. വളരെ കാലം കുപ്പായമിടാതെ നടന്നവനും തടിയനും വയറനുമായ ഐദ്രോസ്.കൂടെയുണ്ടായിരുന്ന ഇബ്രാഹീമിനു നേരെ കൈചൂണ്ടി ഹൃദ്യമായി ചിരുച്ചുകൊണ്ട് ഐദ്രോസ് പറഞ്ഞു ദ് ആരാന്നറിയ്വോ ന്നെ കയത്തീന്ന് വലിച്ചു കേറ്റ്യേ ആളാ...ഐദ്രോസിന്റെ കണ്ണിൽ മിന്നിയ നന്ദി ശ്രദ്ധിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്താ ഇബ്രായീനേ പഹയൻ പറയണ്.
ഇബ്രാഹീം പറഞ്ഞു അതൊരു വലിയ കഥയാ.വിശദമായി പറ കേൾക്കട്ടെ... നടത്തം തുടർന്നുകൊണ്ട് ഇബ്രാഹീം കഥ പറഞ്ഞു. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു രക്ഷപ്പെടുത്തലിന്റെ കഥ. ഭാരതപ്പുഴയിലെ മണലെടുത്ത കുഴിയിൽ ആണ്ടു പോയ നീന്തലറിയാത്ത  ഐദ്രോസിനെ രക്ഷിക്കാൻ ഇബ്രാഹീം നിയോഗിക്കപ്പെട്ട കഥ. അന്ന്
ഉച്ചപ്പണി കഴിഞ്ഞപ്പോൾ ഇബ്രാഹീമിന്നു തോന്നി പുഴയിലിറങ്ങി കുളിച്ച് പള്ളിയിൽ പോയ് കളയാം. കൂമുളളി പാടത്തുകൂടി പോത്താക്കലിറങ്ങി
പുലിമുട്ടു കെട്ടിയതിന്നടുത്തെ മണലെടുത്ത സ്ഥലത്തെത്തി. അവിടെ പുഴക്ക് നല്ല ആഴ മുണ്ടായിരുന്നു. പുഴ്ക്കരയിലെ മണലിൽ മുന്ന് നാലു കുട്ടികൾ കയത്തിലേക്കു നോക്കി നില്പുണ്ടായിരുന്നു. ഉച്ച നേരമായതുകൊണ്ട് പുഴയിൽ ആളുകൾ വളരെ കുറവ്. തോർത്ത് മാറ്റി വെളളത്തിലിറങ്ങാൻ തുടങ്ങവേ  കുട്ടികളിരൊരുത്തൻ ആഴത്തിലേക്ക് കൈ ചൂണ്ടി  ഇബ്രാഹീമിനോട് പറഞ്ഞു ഐദ്രോസ് അതിൽക്ക് താന്നു പോയി.ഇബ്രാഹീം അത്രകാര്യമാക്കിയില്ല എന്നു കണ്ടപ്പോൾ ചെക്കൻ ഒരിക്കൽ കൂടി ആവർത്തിച്ചു കുപ്പായടാത്ത ഐദ്രോസ് വെളളത്തിൽ താണു പോയി. പെട്ടന്ന് കണ്ടു കരയിൽ അഴിച്ച് വെച്ച കളളിമുണ്ട്. രണ്ടാമതൊന്നു ചിന്തിക്കാതെ ഇബ്രാഹീം ആഴത്തിലേക്ക് ഊളിയിട്ടു. താഴെ കലക്കവെളളത്തിൽ മരണവെപ്രാളം അനുഭവിക്കുന്ന ഐദ്രോസിന്റെ കാലടിയുടെ വെളുപ്പ്. തന്നെ കയറി കെട്ടിപ്പിടിക്കാനിടകൊടുക്കാതെ തടിയനെ ഒരുവിധം വലിച്ച് കരക്കടുപ്പിച്ചപ്പോൾ നേരിയ അനക്കം മാത്രം ചെവികളിൽ നിന്നും കണ്ണുകളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന രക്തം. കൂടുതലൊന്നും ചിന്തിക്കാതെ
മണൽ കൊണ്ട് വലിയൊരു‌ കൂനയുണ്ടാക്കി അതിന്മേൽ കമഴ്തിക്കിടത്തി അമർത്തുകയും തിരുമ്മുകയും മറ്റും ചെയ്തതോടെ വയറ്റിലുണ്ടായിരുന്ന പുഴവെള്ളം‌ മുഴുവൻ പുറത്തു ചാടി. ഐദ്രോസ് അനങ്ങാൻ തുടങ്ങി പിന്നെ കണ്ണു മിഴിച്ചു ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റു മുണ്ടെടുത്ത് ഉടുത്ത് കയറിപ്പോവുകയും ചെയ്തു.
അത്ര ശാസ്ത്രീയമായി പ്രഥമശുശ്രൂഷ ചെയ്യാൻ തനിക്കു കഴിഞ്ഞതെങ്ങനെ എന്ന് തനിക്കിന്നും പിടി കിട്ടിയിട്ടില്ല എന്ന് പറയുമ്പോൾ ഇബ്രാഹീം വിനയാന്വിതനാകുന്നു... അവനെ രക്ഷിക്കാൻ ഈശ്വരൻ ഇബ്രാഹീമിനു തോന്നിച്ചതാകാം....

Monday, February 18, 2019

യാത്ര

യാത്ര
വരൂ സമയമായി എന്ന സൗമ്യമായ ക്ഷണം കേട്ട് ഞാൻ മിഴികൾ തുറന്നു. എന്റെ നേരെ കൈകൾ നീട്ടിക്കൊണ്ടയാൾ‌ കട്ടിലിനു ചാരെ നില്കുന്നു.
പദ നിസ്വനങ്ങളൊന്നുമുണ്ടാക്കാതെ അയാളെന്റെ അടുത്തു വന്നതെങ്ങനെ എന്നു ഞാനതിശയിച്ചു. മുറിയുടെ വാതിലിപ്പോഴും അടഞ്ഞു തന്നെ കിടക്കുകയാണല്ലോ എന്നത് എന്നെ അന്ധാളിപ്പിക്കുകയും ചെയ്തു. പക്ഷേ അയാളുടെ മുഖത്തെ സൗമ്യഭാവം എന്നെ ഞെട്ടിക്കുകയോ  പരിഭ്രാന്തനാക്കുകയോ ചെയ്തില്ല. അയാൾ സുന്ദരനായിരുന്നു വെളുത്ത മുഖത്ത് വെട്ടിയൊതുക്കിയ കറുത്ത താടിയും  ജ്വലിക്കുന്ന കണ്ണുകളും  ചീകിയൊതുക്കിയ കറുത്ത മുടിയും  കരുത്തനായ ഒരു ചെറുപ്പക്കാരൻ. അവളുടെ കൈകൾ എന്റെ ശരീരത്തിൽ നിന്നും പതിയെ എടുത്തുമാഅറ്റി ഞാനെണീറ്റു അയഞ്ഞവസ്ത്രത്തിൽ നിന്നെന്നപോലെ ഞാൻ എന്റെ ശരീരത്തിൽ നിന്നും പുറത്തു കടന്നു അയാളെന്റെ കൈ പിടിച്ചു കൊണ്ട് നടക്കാൻ തുടങ്ങി അടഞ്ഞു കിടക്കുന്ന വാതിലിന്നടുത്തെത്തിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി കട്ടിലിൽ എന്റെ പ്രിയതമയുടെ കൂടെ ഞാൻ കിടക്കുന്നുണ്ടായിരുന്നു. അടഞ്ഞു കിടക്കുന്ന വാതിലുകളിലൂടെ തന്നെ ഞങ്ങൾ പുറത്തു കടന്നു. മിറ്റത്തിന്റെ വലത്തേ കോണിൽ രണ്ടു ചെറുപ്പക്കാർ കൂടിയുണ്ടായിരുന്നു. എന്നെ അവരെ ഏല്പിച്ചിട്ട് ആദ്യത്തെയാൾ പറഞ്ഞു വാഹനമിപ്പോൾ വരും  ഇയാളെ ലക്ഷ്യത്തിലെത്തിക്കുക. അയാൾ അപ്രത്യക്ഷനായി എനിക്കായി വരാനിരിക്കുന്ന വാഹനത്തിന്നായി ചക്രവാളത്തിലേക്കു കണ്ണു നട്ട് ഞങ്ങൾ കാത്തിരിക്കവേ എന്നെ ആരോ കുലുക്കി വിളിക്കുന്നു സുബഹിയാകാറായി ഇന്ന് തഹജ്ജുദ് നമസ്കരിക്കുന്നില്ലേ ...........
യാത്രകഴിഞ്ഞു തിരിച്ചെത്തിയ ഞാൻ വല്ലാതെ വിയർത്തിരുന്നു.അവൾ ചോദിച്ചു എന്തു പറ്റി .... ഞാൻ പറഞ്ഞു ഒന്നും പറ്റിയില്ല പറ്റാനിരിക്കുന്നത് ഭാവനയിൽ കണ്ടു എന്നേയുള്ളൂ

Friday, February 15, 2019

യാത്രാരംഭം

വീട്ടിൽ നിന്നിറങ്ങിയപ്പോൾ അല്പം വൈകി. അഞ്ചേ പത്തായി, ഇനി കാടമ്പുഴ കിട്ടുന്നകാര്യം കഷ്ടിയാണ് എന്ന് കരുതിയതാണ് പക്ഷേ കുറച്ചേ നടന്നുള്ളു പിറകിലൊരു ലോറിവന്ന് നിന്നു. നോക്കുമ്പോൾ അയൽ വാസി മുസ്തഫ. ഓങ്ങല്ലൂർ വരെ ലോറിയിൽ അവിടെയിറങ്ങിയതും  ബൈക്കിൽ ഒരു ചെറുപ്പക്കാരൻ ഹെൽമെറ്റിനാൽ മറഞ്ഞമുഖം, കുഞ്ഞാപ്പുകാക്ക കേറിക്കോളിൻ ഞാൻ പട്ടാമ്പിക്കാ... ആരായാലും എന്റെ ഓമനപ്പേരറിയുന്ന ആളെ നല്ലവണ്ണം മനസിലായി എന്ന് ഭാവിച്ച് കയറി നാട്ടുവർത്തമാനങ്ങൾ പറഞ്ഞ് പട്ടാമ്പി വലിയ പള്ളിയുടെ മുന്നിലിറങ്ങിയപ്പോൾ സമയൻ അഞ്ചര....
ഇതൊക്കെയാണ് മൂപ്പരുടെ കളികൾ നേരം വൈകുമെന്ന് കരുതിയ അന്ന് കുറേ നേരത്തെയെത്തുന്നു. പള്ളിയിൽ കയറി നമസ്കരിച്ചു മാർക്കറ്റ് റോടിന്റെ അറ്റത്ത് മീൻ നാറ്റം അല്പം കുറവുള്ള കടയിൽ കേറി സമൃദ്ധമായി പ്രാതൽ കഴിച്ചു. പുട്ട് പപ്പടം ഇത്യാദി. സ്റ്റേഷനിലേക്കുള്ള കുറുക്കുവഴി ഇരുൾ മൂടിക്കിടക്കുന്നു. വെറുതേ ആകാശത്തേക്കൊന്നു തലയുയർത്തി നോക്കി. ശോഷിച്ച ചന്ത്രക്കലക്ക് രണ്ടുമൂന്ന് ഇതളുകൾ... ങും... കണ്ണടയുടെ ദൂരക്കാഴ്ചയും മങ്ങിത്തുടങ്ങി. ചില്ലുകൾ മാറാൻ സമയമായി. മനസിനെ വിമൂകമാക്കുന്ന  പിൻ നിലാവിന്റെ മങ്ങിയ വെട്ടത്തിൽ മുഹിയദ്ദീൻ ശൈ ഖിന്റെ "നിസ്കാരമില്ലാ പള്ളി"യുടെ വശത്തുകൂടി തപ്പിത്തടഞ്ഞ് റെയിൽ പാതമേൽ കയറി സ്റ്റേഷനിലേക്ക്... ഇനി മെയിൽ വരുന്നതുവരെ കൊതുകുകടികൊള്ളാം  എഫ് ബി നോക്കാം അങ്ങനെ പല പരിപാടികൾ...

Wednesday, February 13, 2019

കൊണ്ടൂരക്കുന്ന്

വള്ളിട്രൗസറിട്ട ഒരു മെലിഞ്ഞകുട്ടി നാലുകെട്ടിന്റെ പൂമുഖത്തിണ്ണയില്‍  കമഴ്ന്നുകിടന്ന് തെക്കോട്ട് നോക്കുന്നു... തെങ്ങും കവുങ്ങും നിറഞ്ഞ തൊടിക്കപ്പുറം പച്ചപുതച്ച് പാടം പാടത്തെമുറിച്ച് പടിഞ്ഞാറോട്ട് നീളുന്ന റെയില്‍ പാളം അതിനപ്പുറം പഞ്ചാര മണല്‍ തിട്ടയ്കു നടുവിലൂടെ ഒഴുകുന്ന നിള ... പിന്നെ കരിമ്പനകള്‍ തലയുയര്‍ത്തി നില്കുന്ന വയലുകള്‍ക്കപ്പുറം ഒരു കോട്ടപോലെ കൊണ്ടൂരക്കുന്നും ... അതെ അതായിരുന്നു അവന്റെ  ആരാമം താഴ് വാരത്തിലൂടെ നിളയൊഴുകുന്ന ആരാമം
വാർദ്ധക്യത്തിലെ കറുത്തു മങ്ങിയ കാഴ്ചകൾ ബാല്ല്യത്തിലെ നിറമാർന്ന കാഴ്ചകളെ മായ്ക്കുന്നു. ഇന്ന് നാലുകെട്ടില്ല കമഴ്ന്ന് കിടന്ന് തെക്കോട്ടു
നോക്കാൻ പൂമുഖത്തിണ്ണയില്ല തെങ്ങും കവുങ്ങും നിറഞ്ഞിരുന്ന തൊടിയിൽ തൽസ്ഥാനത്തൊരുപാട് കോൺക്രീറ്റ് സൗദങ്ങൾ. പച്ചപിടിച്ചു കിടന്നിരുന്ന പാടങ്ങൾ കാടും പടലും പടർന്ന് കയറി ആൾപെരുമാറ്റമറ്റു വിജനമായി... ജീവനറ്റ പുഴയുടെ ജഡം പാഴ്ചെടികൾ മൂടിമറമാടി. കളിമണ്ണു കോരി വികൃതമാക്കപ്പെട്ട ജീവനറ്റ വയലുകൾക്കപ്പുറം... സ്വപനത്തിലൊരു കോട്ടപോലെ ഉയർന്നു നിന്ന കോണ്ടൂരക്കുന്ന് പാറ തുരന്നും മണ്ണിടിച്ചും തീരാറായി...
അതെ പഴയകാഴ്ചകൾ തീർത്തും മായ്കപ്പെടുകതന്നെ യാണ്. വരും തലമുറയ്ക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത വിധം....
*****************************************************
ദേശമംഗലത്തും പരസരത്തും ഇടക്കിടെ അനുഭവപ്പെടുന്ന ഭൂചലനങ്ങളിലൂടെ ഭാരതപ്പുഴിയിൽ നിന്ന് കോരിമാറ്റിയ മണലും പാടങ്ങളിൽ നിന്ന് കുഴിച്ചെടുത്ത കളിമണ്ണും കൊണ്ടൂരക്കുന്ന് പൊട്ടിച്ചെടുത്ത പാറകളും പരിസരവാസികൾക്ക് നൽകുന്ന സന്ദേശം ആരും വായിച്ചെടുക്കുന്നില്ലല്ലോ...
Musthafa Winner

Friday, February 8, 2019

ഗാർഡൻസ് ബൈ ദ ബേ

30.12.2017
തിയ്യതി മുപ്പതായി ഇനിയും എണ്ണിയാൽ തീരാത്തത്ര ഇടങ്ങൾ കാണാൻ കിടക്കുന്നു. ഏതായാലും ഇന്നത്തെ യാത്ര ഗാർഡൻസ് ബൈ ദ ബേയിലേക്കാണു നിശ്ചയിച്ചിരിക്കുന്നത്. മെറീനാ ഉൾകടലിന്റെ തീരത്തുള്ള മനോഹരങ്ങളായ തോട്ടങ്ങളാണ് ഇവ. ഇവയുടെ എതിർ വശത്താണ് മെർലയൺ പാർക്ക് സ്തിതി ചെയ്യുന്നത്.  വൈകുന്നേരം പോയാൽ ആദ്യം പകൽ വെളിച്ചത്തിൽ ചുറ്റി നടക്കാം പിന്നെ സന്ധ്യക്ക് ശേഷം ദീപാലങ്കാരവും കാണാം. വലിയ ഉയരത്തിൽ നിർമ്മിച്ചിട്ടുള്ള സൂപർ ട്രീ ഗ്രോവ് കൾ തമ്മിൽ ബന്ധിപ്പിച്ച തൂക്കു പാലത്തിലൂടെ നടന്ന് ദീപാലങ്കാരം കാണാൻ പ്രത്യേക ടിക്കറ്റ് വേണം. അത് ആദ്യമേ ശാഫി എടുത്ത് വെച്ചിരുന്നു. പതിവു പോലെ പ്രകൃതി മുഖം വീർപ്പിച്ചുതന്നെ നിൽകുകയാണ്. തീർത്തും മേഘാവൃതമായ വാനം. ഇടക്കിടെ ഇടിയും മിന്നലും. മൂന്ന് മണിക്ക് ഞങ്ങൾ ഇറങ്ങി. ഒരു കരുതൽ ആയിക്കോട്ടേ എന്നും പറഞ്ഞ് ശാഫി ഒരു വലിയ കാലൻ കുടയും എടുത്തു. നാലുമണിയോടെ ഞങ്ങൾ ബേ ഫ്രണ്ട് എം ആർ ടി സ്റ്റേഷനിൽ വണ്ടിയിറങ്ങി.  നേരെ സൗത് ഗാർഡനിൽ പ്രവേശിച്ചു. സന്ദർശകരുടെ വലിയ തിരക്കുണ്ടായിരുന്നു. ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും വന്നവർ. പ്രതിവർഷം എട്ട് ദശലക്ഷത്തിലധികം പേർ തോട്ടം സന്ദർശിക്കുന്നു എന്നാണത്രേ കണക്ക്. മറീനാ ഉൾക്കടലോട്  ചേർന്ന്കിടക്കുന്ന ഇരുനൂറ്റമ്പത് ഏക്കർ സ്ഥത്താണ് തോട്ടങ്ങൾ പിടിപ്പിച്ചിരിക്കുന്നത്.  തോട്ടങ്ങളിൽ ഏറ്റവും വലുത് നൂറ്റിമുപ്പത് ഏക്കറിൽ പരന്ന് കിടിക്കുന്ന ബേ സൗത്ത്‌ ഗാർഡനാണ്. സൗത്ത് ഗാർഡൻ നടന്ന് കണ്ട ശേഷം ഞങ്ങൾ ബേസെന്റ്രൽ ഗർഡനിൽ പ്രവേശിച്ചു. സൗത്തുഗാർഡനെയും ഈസ്റ്റ് ഗാർഡനേയും ഇണക്കുന്ന കണ്ണിയായി സെന്റ്രൽ ഗാർഡൻ സ്ഥിതിചെയ്യുന്നു. നദിയും തീരവും സസ്യ ലതാദികളും ചേർന്ന പ്രകൃതിക്ക് ഒരു കോട്ടവും തട്ടിക്കാതെ  സ്വാഭാവിക ഉദ്യാനങ്ങൾ പരിപാലിക്കുന്നത് ഞനതിശയത്തോടെ നടന്ന് കണ്ടു. മനുഷ്യൻ അവന്റെ സങ്കേതികതയോട് പ്രകൃതിയെ സമന്വയിപ്പിച്ചതിന്റെ ദൃഷ്ടാന്തങ്ങൾ ഭൂമിയിൽ സ്വർഗ്ഗമുണ്ടാക്കിയിരിക്കുന്നത് നമുക്ക്‌കാണാം.  ഇത്രയധികം സന്ദർശകർ വന്നു പോകുന്ന സ്ഥ്ലങ്ങളിലൊരിടത്തും യാതൊരു വിധമലിന്യങ്ങളും കാണാൻ കഴിഞ്ഞില്ല എന്നത് അതിശയകരം തന്നെയാണ്. പ്രസംഗത്തിന്ന് പ്രാമുഖ്യം നൽകുന്ന ജനതയും പ്രയത്നത്തിന്ന് പ്രാമുഖ്യം നൽകുന്ന ജനതയും തമ്മിലുള്ള അന്തരം ഞാനനുഭവിച്ച് അറിയുകയാണ്.  നേരം സന്ധയായി. ഇടക്ക് ഒന്നു രണ്ട് ചാറ്റൽ മഴയുമുണ്ടായി കൂടെ വലിയ മിന്നലും ഇടിയും. അതോടെ  ട്രീഗ്രോവിനുമേൽ നിന്ന് ദീപക്കാഴ്ച കാണാൻ ആകുമോ എന്ന് സംശയമയി. ഇടിമിന്നലുള്ളപ്പോൾ ട്രീഗ്രോവുകൾക്ക് മുകളിലേക്ക് പ്രവേശനം അനുവദിക്കുകയില്ലത്രേ. ഞങ്ങൾക്ക് നിരാശയായി. എങ്കിലും ഇവിടത്തെ മഴ വന്നപോലെ പെട്ടന്നുതന്നെ പോകും എന്നത് ഞങ്ങൾക്ക്  പ്രതീക്ഷനൽകി. ചാറ്റൽ ശമിച്ചപ്പോൾ ഞങ്ങൾ നടക്കാൻ തുടങ്ങി. നടന്ന് നടന്ന് ഞങ്ങളൊരു ആൺ കുഞ്ഞിന്റെ പ്രതിമയ്ക്കു മുന്നിൽ ചെന്നെത്തി. പ്ലാനെറ്റ് എന്നാണ് പേർ നൽകിയിരിക്കുന്നത്. ഒരു കയ് നിലത്ത് കുത്തി വായുവിൽ ചരിഞ്ഞു കിടക്കുന്ന ഒരാൺ കുഞ്ഞിന്റെ പ്രതിമ. കൈ കുത്തിയിരിക്കുന്നു എന്നത് സൂക്ഷിച്ചു നോക്കിയാൽ മമാത്രമേ കാണൂ. അല്ലെങ്കിൽ വായുവിൽ നിൽകുന്നു എന്ന് തോന്നും. ബൃട്ടീഷ്കാരനായ മാർക്ക് ക്വിൻ നിർമ്മിച്ചതാണത്രേ ഇത്. ഏഴു ടണ്ണാണ് പ്രതിമയുടെ ഭാരം. അതിശയകരമായ നിർമ്മിതി. കാറ്റുനിച്ച ബലൂൺ പ്രതിമ വായുവിൽ ഉയർന്ന് നിൽകുന്നു എന്നേ കാനികൾക്ക് തോന്നൂ. കുറേ നടന്ന് തളർന്നപ്പോൾ  ഞങ്ങൾ ഒരു ഹോട്ടലിൽ കയറി. കിട്ടാവുന്ന വിഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ ഒരു പെൺകുട്ടി അടുത്ത് വന്ന് കൗതുകത്തോടെ ചോദിച്ചു മലയളികളാണല്ലേ... ഞങ്ങൾക്ക് സന്തോഷമായി. അവിടത്തെ യൂണി വേഴ്സിറ്റിയിൽ പഠിക്കുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ പാർട്ട് ടൈം ജോലികൾ ചെയ്യുന്നു. അവർ മൂന്ന് നാലു പേരുണ്ടായിരുന്നു. ചായകുടിച്ച് ഇറങ്ങിയപ്പോഴേക്കും ഇടിയും മിന്നലും  ശമിച്ചിരുന്നു. ദൈവത്തെ സ്തുതിച്ച് ട്രീഗ്രോവിലേക്ക് കയറാനുള്ള വരുടെ നിരയിൽ ഞങ്ങളും ഇടം പിടിച്ചു. പതുക്കെപ്പതുക്കെ ഞങ്ങൾ ലിഫ്റ്റിന്ന് മുന്നിലെത്തി. ഇരുപത്തഞ്ച് മുതൽ  അമ്പതു മീറ്റർ ഉയരം വരുന്ന വൃക്ഷസമാനമായ നിർമ്മിതികളാണ് സൂപ്പർ ട്രീ ഗ്രോവുകൾ. വിശേഷപ്പെട്ട ചെടികളും വള്ളികളും ഓർക്കിഡ്കളും ഭംഗിയായി ഇവക്ക് മേൽ പടർത്തിയിരിക്കുന്നു. അവക്കിടയിൽ വൈദ്യുത ദീപാലങ്കാരവും. ഞങ്ങൾ കയറിയ ഉടൻ പശ്ചാത്തല സംഗീതത്തോടെ ദീപക്കാഴ്ച തുടങ്ങി. നയനാനന്ദകരമായ കാഴ്ച ഉയരത്തിൽ നിന്നുള്ള  പട്ടണത്തിന്റെയും ഉദ്യാനങ്ങളുടേയും ദൃശ്യങ്ങളുടെ മനോഹാരിത വർണ്ണനാതീതം എന്ന് പറയാം. ഏറ്റവും ഉയരം കൂടിയ ഗ്രോവുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെ നടന്ന് കാഴ്ചകൾ ആസ്വദിച്ച ശേഷം മറുതൽക്കലുള്ള ലിഫ്റ്റിലെത്തണം താഴെ ഇറങ്ങാൻ. ജീവിതത്തിലാദ്യമായി ചെറിയ പേടി അനുഭവപ്പെട്ടു. അതെ വയസ്സാവുകയാണെന്ന് മനസ്സ് ഓർമ്മിപ്പിക്കുന്നു. താഴെ ഇറങ്ങി. ടോയലറ്റിലൊന്ന് പോകണമെന്ന് തോന്നിയപ്പോൾ അതന്വേഷിച്ച് നടത്തം തുടങ്ങി. ആൾ പെരുമാറ്റകുറഞ്ഞ സ്ഥലങ്ങളിലൂടെയും ആർക്കും നിർഭയം നടക്കാം. ടൊയ്ലറ്റ് കണ്ടെത്തി. വൃത്തിയുള്ള മൂത്രപ്പുരകൾ സൗജന്യമായി ഉപയോഗിക്കുമ്പോഴൊക്കെ ഞാൻ, നമ്മുടെ നാട്ടിലെ  മൊഫ്യൂസൽ സ്റ്റസ്ന്റിലേയും പെരിന്തൽ മണ്ണ കെ എസ്‌ ആർ ടീസി യിലേയുമൊക്കെ കാശു കൊടുത്ത് ഉപയോഗിക്കുന്ന മൂത്രപ്പുരകളെ ഓർത്തു....
ഏട്ട് മണിയോടെ മടക്കയാത്ര തുടങ്ങി. ഇരുനില ബസ്സിനു മുകളിൽ ഇരുന്ന് നഗരം കാണണമെന്ന് തോന്നി യതിനാൽ മടക്കയാത്ര ബസ്സിലാകട്ടെ എന്ന് വെച്ചു. ബേഡോക്കിൽ ഇറങ്ങി ടാമ്പനീസിലേക്ക് ട്രൈൻ പിടിച്ചു. വീണ്ടു ലോയാങ്ങ് വാലിയിലേക്ക് ബസ്സിൽ.....  ഒമ്പതരകഴിഞ്ഞു വീടെത്തിയപ്പോൾ....
കൂടുതൽ ചിത്രങ്ങൾക്ക്:

https://photos.app.goo.gl/ykRkLn9aqonD02VP2