Tuesday, February 26, 2019

നീലകണ്ഠന്മാർ

ബേപ്പൂർ സുൽത്താന്റെ ആനവാരിയും പൊൻ കുരിശും എന്ന ചരിത്രം വായിച്ച ശേഷമാണ് ആ ദുഖം തുടങ്ങിയത് . കഥയിലെ നായകൻ ചാത്തങ്കേരി മനക്കലെ കൊമ്പനാനയുടെ പ്രതികരണ സ്വാതന്ത്ര്യത്തിന്റെ ചരിത്രം. ലോകത്തുളള സർവ്വമാന കാട്ടാനകളുടെയും നാട്ടാനകളുടേയും കൂട്ടത്തിലെ ഏറ്റവും സ്വതന്ത്രനായ ഗജ പോക്കിരിയാണ് നീലകണ്ഠൻ .. കാരണം ദുനിയാവിന്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നിയാൽ ഉടൻ ഒരു പാപ്പാനെ കൊന്നുകൊണ്ട് പ്രതികരിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. തുമ്പിക്കൈ കൊണ്ട് പാപ്പാന്റെ കുടുമയിൽ പിടിച്ച് മരിത്തിലടിച്ചായുരുന്നു ക്രിയ നടത്തിയിരുന്നത്. നീലാണ്ഠന്റെ
ഈ ആവശ്യം പരിഗണിച്ച്  കുടുമക്കാരായ പാപ്പാന്മാരെ മാത്രമേ മനക്കൽ നിയമിച്ചിരുന്നുളളൂ എന്നും കഷണ്ടിക്കാരുടെ അപേക്ഷകൾ സ്ക്രീനിങ്ങിന്റെ തുടക്കത്തിലേ തളളാൻ ജ്യേഷ്ടൻ തിരുമേനി ഉത്തരവിട്ടിരുന്നു എന്നും വിനീതനായ ചരിത്രകാരൻ ഓർക്കുന്നുണ്ട്. ആ കഥ വായിച്ച ശേഷം ദുനിയാവിന്റെ നടത്തിപ്പിൽ എന്തെങ്കിലും അഹിതം തോന്നിയാലുടൻ ഒരു നീലാണ്ഠനായി ജനിക്കാൻ ഭാഗ്യമുണ്ടായില്ലല്ലോ എന്നോർത്ത് ഞാൻ നെടുവീർപ്പിടും. നെടുങ്കൻ കുടുമ കെട്ടി വിലസുന്ന എത്രയെത്ര പാപ്പാന്മാർ...........
ഒരാനയാകുന്നതും ഇവന്റെയൊക്കെ അഹന്തയുടെ കുടുമയിൽ പിടിച്ച് സ്റ്റൈലിൽ കറക്കി മരത്തിലടിക്കുന്നതു ഓർത്ത് രോമാഞ്ചം കൊളളുക എന്നത് ഈയിടെ എനിക്കൊരു പതിവായിരിക്കുന്നു. നടക്കാത്ത സ്വപ്നങ്ങളാണ് എന്നറിയാം എങ്കിലും നമുക്ക് അതിനൊക്കെയല്ലേ  കഴിയൂ....
പിന്നെ ആകെയുളള ഒരു സമാധാനം നീലാണ്ഠനെപ്പോലുളള ഭാഗ്യവാന്മാർ ഇന്നും ഉണ്ട് എന്നതാണ്..

No comments: