Thursday, February 21, 2019

ഇബ്രാഹീമും ഐദ്രോസും

വല്ലവനും ഒരു മനുഷ്യജീവൻ രക്ഷിച്ചാൽ അത് മാനുഷകത്തെ മുഴുവൻ രക്ഷിച്ചതിനു തുല്ല്യമാകുന്നു. വി: ഖു.
**********************************************
പതിവു നടത്തത്തിലായിരുന്നു  ഞങ്ങൾ. ഞാനും അലിയും ഇബ്രാഹീമും.                 നീതിസ്റ്റോറിന്നടുത്തെത്തിയപ്പോൾ എതിരെ വരുന്നു ഐദ്രോസ്. വളരെ കാലം കുപ്പായമിടാതെ നടന്നവനും തടിയനും വയറനുമായ ഐദ്രോസ്.കൂടെയുണ്ടായിരുന്ന ഇബ്രാഹീമിനു നേരെ കൈചൂണ്ടി ഹൃദ്യമായി ചിരുച്ചുകൊണ്ട് ഐദ്രോസ് പറഞ്ഞു ദ് ആരാന്നറിയ്വോ ന്നെ കയത്തീന്ന് വലിച്ചു കേറ്റ്യേ ആളാ...ഐദ്രോസിന്റെ കണ്ണിൽ മിന്നിയ നന്ദി ശ്രദ്ധിച്ചു കൊണ്ട് ഞാൻ ചോദിച്ചു എന്താ ഇബ്രായീനേ പഹയൻ പറയണ്.
ഇബ്രാഹീം പറഞ്ഞു അതൊരു വലിയ കഥയാ.വിശദമായി പറ കേൾക്കട്ടെ... നടത്തം തുടർന്നുകൊണ്ട് ഇബ്രാഹീം കഥ പറഞ്ഞു. പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് നടന്ന ഒരു രക്ഷപ്പെടുത്തലിന്റെ കഥ. ഭാരതപ്പുഴയിലെ മണലെടുത്ത കുഴിയിൽ ആണ്ടു പോയ നീന്തലറിയാത്ത  ഐദ്രോസിനെ രക്ഷിക്കാൻ ഇബ്രാഹീം നിയോഗിക്കപ്പെട്ട കഥ. അന്ന്
ഉച്ചപ്പണി കഴിഞ്ഞപ്പോൾ ഇബ്രാഹീമിന്നു തോന്നി പുഴയിലിറങ്ങി കുളിച്ച് പള്ളിയിൽ പോയ് കളയാം. കൂമുളളി പാടത്തുകൂടി പോത്താക്കലിറങ്ങി
പുലിമുട്ടു കെട്ടിയതിന്നടുത്തെ മണലെടുത്ത സ്ഥലത്തെത്തി. അവിടെ പുഴക്ക് നല്ല ആഴ മുണ്ടായിരുന്നു. പുഴ്ക്കരയിലെ മണലിൽ മുന്ന് നാലു കുട്ടികൾ കയത്തിലേക്കു നോക്കി നില്പുണ്ടായിരുന്നു. ഉച്ച നേരമായതുകൊണ്ട് പുഴയിൽ ആളുകൾ വളരെ കുറവ്. തോർത്ത് മാറ്റി വെളളത്തിലിറങ്ങാൻ തുടങ്ങവേ  കുട്ടികളിരൊരുത്തൻ ആഴത്തിലേക്ക് കൈ ചൂണ്ടി  ഇബ്രാഹീമിനോട് പറഞ്ഞു ഐദ്രോസ് അതിൽക്ക് താന്നു പോയി.ഇബ്രാഹീം അത്രകാര്യമാക്കിയില്ല എന്നു കണ്ടപ്പോൾ ചെക്കൻ ഒരിക്കൽ കൂടി ആവർത്തിച്ചു കുപ്പായടാത്ത ഐദ്രോസ് വെളളത്തിൽ താണു പോയി. പെട്ടന്ന് കണ്ടു കരയിൽ അഴിച്ച് വെച്ച കളളിമുണ്ട്. രണ്ടാമതൊന്നു ചിന്തിക്കാതെ ഇബ്രാഹീം ആഴത്തിലേക്ക് ഊളിയിട്ടു. താഴെ കലക്കവെളളത്തിൽ മരണവെപ്രാളം അനുഭവിക്കുന്ന ഐദ്രോസിന്റെ കാലടിയുടെ വെളുപ്പ്. തന്നെ കയറി കെട്ടിപ്പിടിക്കാനിടകൊടുക്കാതെ തടിയനെ ഒരുവിധം വലിച്ച് കരക്കടുപ്പിച്ചപ്പോൾ നേരിയ അനക്കം മാത്രം ചെവികളിൽ നിന്നും കണ്ണുകളിൽ നിന്നും കിനിഞ്ഞിറങ്ങുന്ന രക്തം. കൂടുതലൊന്നും ചിന്തിക്കാതെ
മണൽ കൊണ്ട് വലിയൊരു‌ കൂനയുണ്ടാക്കി അതിന്മേൽ കമഴ്തിക്കിടത്തി അമർത്തുകയും തിരുമ്മുകയും മറ്റും ചെയ്തതോടെ വയറ്റിലുണ്ടായിരുന്ന പുഴവെള്ളം‌ മുഴുവൻ പുറത്തു ചാടി. ഐദ്രോസ് അനങ്ങാൻ തുടങ്ങി പിന്നെ കണ്ണു മിഴിച്ചു ഒന്നും സംഭവിക്കാത്ത പോലെ എഴുന്നേറ്റു മുണ്ടെടുത്ത് ഉടുത്ത് കയറിപ്പോവുകയും ചെയ്തു.
അത്ര ശാസ്ത്രീയമായി പ്രഥമശുശ്രൂഷ ചെയ്യാൻ തനിക്കു കഴിഞ്ഞതെങ്ങനെ എന്ന് തനിക്കിന്നും പിടി കിട്ടിയിട്ടില്ല എന്ന് പറയുമ്പോൾ ഇബ്രാഹീം വിനയാന്വിതനാകുന്നു... അവനെ രക്ഷിക്കാൻ ഈശ്വരൻ ഇബ്രാഹീമിനു തോന്നിച്ചതാകാം....

No comments: