Thursday, February 21, 2019

കൊഴുക്കട്ടപ്പണിക്കർ

കാര്യങ്ങൾ പറയുമ്പോൾ താൻ ഉദ്ദേശിച്ചകാര്യത്തിന്റെ കൃത്യമായവാക്ക് ഓർമ്മയിൽ വന്നുകിട്ടിയാൽ ജയിച്ചു. ഇനി കൃത്യമായ വാക്ക് പറഞ്ഞിട്ടും ശ്രോതാവിനതു മനസിലായില്ലെങ്കിൽ തോറ്റു എന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇതാകുന്നു ആശയ വിനിമയത്തിന്റെ ഒന്നാം തത്വം. ഇവിടെ കൃത്യമായ  വാക്ക് മാറിപ്പോയതുകൊണ്ടുണ്ടായ ഒരു ദുരന്തത്തിന്റെ കഥയാണ് പറയാൻ പോകുന്നത്. കുട്ടപ്പപ്പണിക്കർ സരസനും മതേതരനുമായിരുന്നു. വീട്ടിലല്പം മുൻശുണ്ഠിക്കാരനും. അങ്ങനെ ചേട്ടന്മാരും കാക്കാമാരുമായുമൊക്കെ വലിയ ചങ്ങാത്തത്തിലുമായിരുന്നു.
ഒരുദിവസം വകുന്നേരം നടക്കാനിറങ്ങിയ വഴിക്ക് മൂപ്പർ നസ്രാണി സുഹൃത്തായ ഉക്ക്രുച്ചേട്ടന്റെ വീട്ടിലൊന്ന് കയറി. വെറുതെയങ്ങു ചെന്ന് കയറിയതൊന്നുമല്ല വേലിക്കൽ നിൽകയായിരുന്ന ചേട്ടൻ സ്നേഹപൂർവ്വം " ദാരാപ്പത് മ്പടെ പണിക്കരേട്ടനല്ലേ വരീന്ന് ഒര് ളളാസ് കട്ടനടിച്ച് പോകാന്ന് ക്ഷണിച്ചതുകൊണ്ട് കയറിയതാ. അന്നാമ്മച്ചേട്ടത്തി കട്ടനോടൊപ്പം പലഹാരവും കൊണ്ടുവന്നു. പണിക്കർക്ക് പരിചയമില്ലാത്ത ഉരുണ്ട ഒരിനം. മൂന്നുനാലെണ്ണം വിളമ്പിയിരുന്നു എങ്കിലും മാന്യതയോർത്ത് അദ്ദേഹം ഒന്നേകഴിച്ചുള്ളൂ. നല്ല സ്വാദ്. എങ്കിലും വീട്ടിൽ പോയി ഭാര്യയെക്കൊണ്ട് ഉണ്ടാക്കിച്ച് കഴിക്കാം എന്നു കരുതി സമാധാനിച്ചു. പക്ഷേ പേരറിയണമല്ലോ. പലഹാരത്തിന്റെ പേരു ചോദിക്കുന്നതും മോശം. അപ്പോഴദ്ദേഹത്തിനൊരു ബുദ്ധി തോന്നി തൃശ്ശൂരൊക്കെ ഇതിനെന്ത്ന്നാ പറയ്വാ.... ചേട്ടത്തിപറഞ്ഞു " മ്മളിതിന് കൊഴുക്കട്ടാന്ന് പറയും"
ഓ അതിവിടെയും അങ്ങനെത്തന്നെ എന്നും പറഞ്ഞ് പണിക്കർ ധൃതിയിൽ എണീറ്റു. " ഹെയ് എന്താദ്പ്പൊരു ധൃതി ഒന്നൂടി കഴിക്കെന്നേയ് " എന്ന ചേട്ടന്റെ പ്രോത്സാഹനം സ്നേഹപൂർവ്വം നിരസിച്ച് പണിക്കർ പടിയിറങ്ങി. സ്വതവേ മറവിക്കാരനായിരുന്നതുകോണ്ട് നടപ്പിലുടനീളം കൊഴുക്കട്ട കൊഴുക്കട്ട കൊഴുക്കട്ട എന്നിങ്ങനെ ഉരുവിട്ടുകൊണ്ടായിരുന്നു യാത്ര. ചെത്തുവഴിയിൽ നിന്നും പാടത്തേക്കിറങ്ങി. പാടത്തിനരികിൽ ചെറിയൊരു തോടുണ്ടായിരുന്നു. അത് എടുത്തു ചാടിയതോടെ കൊഴുക്കട്ട കൊഴുക്കട്ട എന്ന മന്ത്രം തിത്തെയ് എന്നായിമാറി. സന്തോഷത്തോടെ വീട്ടിൽ ചെന്നുകയറി പ്രിയതമയോട് സ്നേഹപൂർവ്വം പറഞ്ഞു എടീ എനിക്കിന്ന് നാലു തിത്തെയ്ണ്ടാക്കിത്തരണം. പാവം അവർക്ക് കാര്യം മനസിലായില്ല. കൊഴുക്കട്ടയുടെ രുചിയും ആകൃതിയും മനസിൽ ധ്യാനിച്ച് വീണ്ടും പറഞ്ഞു പലഹാരം, ഉരുണ്ടിട്ട് തിത്തെയ്. കഥകളി ഭാഷയിലും പറഞ്ഞ് നോക്കി. കശ്മലക്ക് പിടി കിട്ടുന്നില്ല. അവർ പരിതപിച്ചു. ഇങ്ങേർക്ക് ഇതെന്തു പ്രാന്താ ഭഗവതി ഞാനിന്നേവരെ കേൾക്കാത്ത ഒരു പലഹാരം ഞാനെങ്ങനെണ്ടാക്കും വലഞ്ഞല്ലോ കണ്ണിൽ കണ്ട നസ്രാണ്യേൾടെം മാപ്ലാര്ടേം പെരേപോയി ഓരോന്ന് വാങ്ങിത്തിന്നിട്ട്പ്പൊ ബാക്കിള്ളോർക്ക് കെടക്കപൊറുതില്ല്യാണ്ടായലോ എന്ന് അവർ കരയാൻ തുടങ്ങി. ഭാര്യക്കുസങ്കടം വന്നാൽ ഭർത്താവിനു ദേഷ്യം വരണം എന്നാണല്ലോ അതിന്റെ ഒരു ഇത്. വന്നു കൂടെ ഒന്നും കൂടിതിന്നിട്ട് പോകാൻ ചേട്ടൻ ക്ഷണിച്ചിട്ടും തിന്നാതെ പോന്നതിന്റെ നിരാശയും. നിരാശയും കൊപവും ഒന്നിച്ചുവന്നാൽ വലിയ പ്രശ്നമാണ് എന്നാണല്ലോ മനശ്ശാസ്ത്ർജ്ഞന്മാർ പറയുന്നത്. പറഞ്ഞപോലെത്തന്നെ പ്രശ്നമായി. അദ്ദേഹം ഭാര്യയെ അടിക്കാനും തുടങ്ങി. നിലയും വിളിയും കേട്ട് ആളുകളോടിക്കൂടി. സ്ത്രീകൾ ഭാര്യയെ അകത്തുകൊണ്ടു പോയി സമാധാനിപ്പിൽകാൻ ശ്രമിച്ചു പുരുഷന്മാർ പണിക്കരെ ഉപദേശിക്കാനും. അപ്പോഴും പണിക്കരുടെ മൻസിലും നാവിലും പലഹാരമായിരുന്നു. അകത്തു നിന്നും ഒരു സ്ത്രീ വന്നിട്ട് പണിക്കരോട് പറഞ്ഞു എന്നാലും എന്റെ പണിക്കരേ എന്തു പാപാ നിങ്ങളു ചെയ്തത്. കൊഴുക്കട്ട മുഴുപ്പിലല്ലേ അതിന്റെ മേൽ മുഴച്ചിരിക്കുന്നത്. പണിക്കരുച്ചത്തിൽ പറഞ്ഞു "കിട്ടിപ്പോയി" കൊഴുക്കട്ടയുണ്ടാക്കാനല്ലേ ഞാൻ ഗുരുത്വം കെട്ടോളോട് പറഞ്ഞത്. അവൾക്ക് മനസിലാകാഞ്ഞിട്ടല്ലേ തല്ല് വേടിച്ചത്. നാട്ടുകാർക്കും കാര്യം മൻസിലായി. രാത്രിയിൽ പണിക്കർ ഭാര്യയെ തലോടിക്കോണ്ട് പറഞ്ഞു സാരല്ല്യ തോട് ഒത്തെടുത്ത് ചാട്യേപ്പൊ വാക്ക് മാറിപ്പോയതല്ലേ... അടുത്ത ചൊവ്വഴ്ച കടപ്പറമ്പത്ത് കാവിലെ പൂരാ... ഞാൻ നിനക്ക് മാലേം വളേം ഒക്കെ വാങ്ങിത്തരാ....കാര്യമങ്ങനെതീർന്നു. പിറ്റേന്ന് ചേട്ടത്തിയോട് ചോദിച്ച് പഠിച്ച് പണിക്കത്തി  പണിക്കർക്ക് ചൂടുള്ള കൊഴുക്കട്ട ഉണ്ടാക്കിക്കൊടു,ക്കുകയും ചെയ്തു....
പക്ഷേ പ്രശ്നം അവിടംകൊണ്ടവസാനിച്ചില്ല. പിന്നീട് ആരെങ്കിലും ഗ്രാമത്തിൽ വന്ന് കുട്ടപ്പപ്പണിക്കരെ അന്വേഷിച്ചാൽ ആര് നമ്മുടെ കൊഴുക്കട്ടപ്പണിക്കരല്ലേ  എന്നുചോദിച്ച് ഉറപ്പു വരുത്തുക നാട്ടിലൊരു പതിവായി എന്നു മാത്രം. നാട്ടിലൊരുപാട് കുട്ടപ്പപണിക്കരുമാരുള്ളപോലെ...

(  a folklore retold )

No comments: