Wednesday, June 25, 2014

പത്താം തരം പരീക്ഷ


ഉമ്മമരിച്ച് രണ്ടാഴ്ചകഴിഞ്ഞ പ്പോഴായിരുന്നു പത്താം തരം പരീക്ഷ ഒന്നും പഠിക്കാന്‍ തോന്നിയില്ല. പിന്നെയാരോ എന്നെ വാശികയറ്റിയപ്പോഴാണ് പരീക്ഷ എഴുതാന്‍ തന്നെ നിശ്ചയിച്ചത്എന്ന് തോന്നുന്നു. അവനേതായാലും തോല്കും അപ്പോ പിന്നെ അത് ഉമ്മ മരിച്ചകണക്കിലാക്കാന്‍ നോക്ക്വാ എന്ന് പറഞ്ഞതാരാണ്‌.?. അതോ അങ്ങനെ ആരെങ്കിലും പറയു മെന്ന് ഞാന്‍ സ്വയം ഭയന്നതാണോ ഓര്‍മ്മയില്ല.. ഏതായാലും പെട്ടന്ന് എഴുതിക്കളയാമെന്നു വെക്കുകയായിരുന്നു. ഉഴപ്പനായിരുന്നു ഞാന്‍. മനസു വെച്ചാല്‍ അമ്പതു ശതമാനത്തിനു മേല്‍ മാര്‍ക്കൊക്കെ കിട്ടു മായിരുന്നു. അന്ന് ഫസ്റ്റ് ക്ലാസ് എന്നാലൊരു സംഭവം തന്നെയായിരുന്നു. ഗുരുക്കന്മാരൊക്കെ അറു പിശുക്കന്മാര്‍....
പരീക്ഷയുടെ ദിവസം വന്നു. ഉമ്മമരിച്ചതിനു ശേഷം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. തറവാട്ടില്‍ നിന്നാണ്‌പരീക്ഷക്കിറങ്ങിയത്. ഞാനിറങ്ങാന്‍ തുടങ്ങവേ വീട്ടിലെ വനിതാ കാര്യസ്ഥ ബീവിയാത്ത പറഞ്ഞു നിക്ക്.. ഞാനാരെങ്കിലും വരുന്നുണ്ടോ എന്നു നോക്കട്ടെ .. ശകുനം നോക്കനുള്ളപരിപാടിയാണ്‌... അതൊരു ദൈവദോഷമാണെന്നൊന്നും അന്നെനിക്കറിയില്ലായിരുന്നു... അവര്‍ ഓടി മേലേ പടിപ്പുരയില്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു പോന്നോ ഉപ്പയാണു വരുന്നത്. ഞാന്‍ ബിസ്മിചൊല്ലി ഇറങ്ങി പടിപ്പുരയിലെത്തിയപ്പോള്‍‌ ശുഭ്രവസ്ത്ര ധാരിയായി ഉപ്പ വരുന്നു... എന്റെ മുഖത്തു നോക്കി ചിരിച്ചു കൊണ്ടുപ്പപറഞ്ഞു പേടിക്കെണ്ട പോയി വാ...,.
അതെ പത്താം തരം പരീക്ഷ അന്നൊരു പേടി തന്നെയായിരുന്നു....
ആഗ്രാമത്തില്‍ നിന്നും ആകൊല്ലം പരീക്ഷയെഴുതിയ രണ്ടു പേരില്‍ ഒരുവനായിരുന്നു ഞാന്‍ ....

Wednesday, June 18, 2014

നാടോടിക്കഥകള്‍

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...
ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........
പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....
ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....
അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ
പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.
പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................
പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......
 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 3, 2014

അബൂബക്കര്‍ കോയ വി. കെ ... ഹാജര്‍ ...

 
എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്നു എന്ന് എല്ലാവരും പറഞ്ഞു. അതിന്റെ ആവശ്യമില്ല എന്നു തന്നെയായിരുന്നു എന്റെ ഉറച്ച വിശ്വാസം... കാരണമുണ്ട്‌ ഞാന്‍ പത്തുവരെ കൃത്യമായി എഴുതുകയും എണ്ണുകയും ചെയ്യുമായിരുന്നു വല്ലോ. അതില്‍ കവിഞ്ഞെന്ത് പഠിക്കാനാ.... അങ്ങനെ ആദിവസം വന്നു 1961 ലെ ജൂണ്‍ മാസം. തിയ്യതി ഓര്‍മ്മയില്ല ... അന്ന് ഞാനും ഉമ്മയും അനുജന്‍ അലിയും ഉമ്മായുടെ വീട്ടിലായിരുന്നു. കാരക്കാട് റെയിൽവേ സ്റ്റേഷനടുത്ത്. അവിടെനിന്നും സ്കൂളിലേക്ക് കൊണ്ടു പോകാന്‍ വന്നത് ഉപ്പയായിരുന്നു.. പോകണ്ട എന്നു ഞാന്‍ വാശി പിടിച്ചു, പോയേ ഒക്കു എന്ന് ഉപ്പയും.  എന്നെക്കാള്‍‌വലിയ വശിയിലായിരുന്നു മൂപ്പർ ... പുതിയ ഉടുപ്പ് അണിയിക്കാനുള്ള എല്ലാവരുടേയും ശ്രമം ദയനീയമായിത്തന്നെ പരാജയപ്പെട്ടു... ഉപ്പ അടിയും തുടങ്ങി ദിഗംബരനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാനും ... കുട്ടിയേ അടിക്കല്ലേ എന്ന് വഴിയിലുള്ളവരെല്ലാം പറഞ്ഞു അതു കേള്‍ക്കുന്തോറും അടി കൂടിയതേയുള്ളൂ. അങ്ങനെ സ്കൂളിലെത്തി. ഓടിനടക്കുന്നകുട്ടികള്‍ കീറിയ കുപ്പായമിട്ടവര്‍ ചുവന്ന തുണിമാത്രമെടുത്ത് കുപ്പായമിടാത്ത കുട്ടികള്‍ അങ്ങനെ പലകാഴ്ചകള്‍ ഒന്നും ഞാന്‍ ശ്രദ്ധിച്ചതേയില്ല...മടുത്തപ്പോൾ‌ ഉപ്പ എന്നെ വിട്ട് പോയി. സ്കൂള്‍ മിറ്റത്തിന്റെ തെക്ക് പടിഞ്ഞാറേ മൂലയിലെ പുല്ലില്‍ കിടന്ന് ഞാൻ കുറേ കരഞ്ഞു. കളിക്കൂട്ടുകാരാന്‍ ഹംസു വന്നു കുറേ വിളിച്ചു സ്കൂളിൽ നിന്നു കിട്ടാൻ പോകുന്ന പല കാര്യങ്ങളും അവൻ എണ്ണിപ്പറഞ്ഞു. വസാനം ആരോ വന്ന് എന്നെ ഉടുപ്പുകളണിയിച്ചു. പക്ഷേ ആരൊക്കെ പറഞ്ഞിട്ടും ഞാൻ സ്കൂളിലേക്കു കയറിയില്ല. പിന്നീട് അമ്മാവൻ മണിക്കാക്ക വന്ന് എന്നെ വീട്ടിലേക്കുതന്നെ മടക്കിക്കൊണ്ടു പോവുകയായിരുന്നു.
പിറ്റേന്ന് അമ്മാവന്‍ ബാപ്പുട്ടികാക്ക എളാപ്പമാര്‍ തുടങ്ങിയവരെല്ലാം ചേർന്ന് -അവര്‍ മുതിര്‍ന്ന കുട്ടികളായിരുന്നു- മിട്ടായിയും മറ്റും കൈകൂലികളും തന്ന് എന്നെ അനുനയിപ്പിച്ച് സ്കൂളിലേക്ക് കൊണ്ടു പോയി. വാസ്ഥവത്തില്‍ ഇന്നലെ സ്കൂളില്‍ കുട്ടികളെയൊക്കെ കണ്ടപ്പോള്‍ തന്നെ അങ്ങ് കയറിയാലോ എന്നു തോന്നിയിരുന്നതാണ്‌. വാശി അതിനു സമ്മതിച്ചില്ല എന്നേയുള്ളൂ.
സ്കൂളിലെത്തി ഒന്നാം ക്ലാസില്‍ എന്റെ ഒരുപാട് കളിക്കൂട്ടുകാർ കുഞ്ഞാന്‍‌,മാനു, മുഹമ്മദലി, സൈനുദ്ദീൻ തുടങ്ങിയവര്‍, അവര്‍ വിളിച്ചു അബ്ബോക്കര്‍ കോയേ വായോ. എനിക്ക് കുഞ്നുബാപ്പു എന്നതിന്‌പുറമേ അബൂബക്കർ കോയ എന്നഒരു പേരുകൂടി ഉണ്ട്‌എന്ന് ഞാന്‍ അപ്പോള്‍‌ അറിയുകയായിരുന്നു. വീട്ടില്‍ ഞാന്‍ കുഞ്ഞുബാപ്പുവാണല്ലോ. അവരുടെ സ്നേഹപൂർവ്വമുള്ള ക്ഷണം സ്വീകരിച്ച് ഞാൻ കുഞ്ഞാന്റെയും മാനുവിന്റെയും ഇടക്ക് ഇരുന്നു. കാര്യം മൊത്തത്തില്‍ ഒരു ഹരമൊക്കെ തോന്നി. അപോള്‍‌ കയ്യില്‍ ഒരു തെങ്ങിന്‍ പൂകുലയില്‍ നിന്നും അടര്‍ത്തിയ കോച്ചിലു മായി മേനോന്‍ മാഷ് വന്നു. തലമുഴുവന്‍ നരച്ച അദ്ദേഹത്തെ എല്ലാവരും തന്ത മാഷ് എന്നാണ്‌ വിശേഷിപ്പിച്ചിരുന്നത്... കയ്യില്‍ ഹാജര്‍ പട്ടികയുമായി വന്ന അദ്ദേഹത്തെകണ്ടപ്പോള്‍‌ എല്ലാവരും എണീറ്റു നിന്നു. കൂടെ ഞാനും ... കുഞ്ഞാന്‍ പറഞ്ഞു മാഷ് അബൂബക്കര്‍കോയ വി.കെ എന്ന് വിളിക്കുമ്പോള്‍ യ്യ് ഹാജര്‍ എന്നു പറയണം ... നെഞ്ചിടിപ്പോടെ കാത്തിരുന്നു. മാഷ് വിളിച്ചു അബൂബക്കര്‍ കോയ വി. കെ ഞാന്‍ പറഞ്ഞു ഹാജര്‍ ...