Friday, August 22, 2014

അച്ഛനും മകനും


അതൊരു മകരമാസ സന്ധ്യയായിരുന്നു. ആറുമണി കഴിഞ്ഞപ്പോഴേക്കും മഞ്ഞു വീഴാന്‍ തുടങ്ങി. വൃദ്ധന്‍ ദിവസങ്ങളായി കിടപ്പിലായിരുന്നു. ഇടക്കിടെ വരുന്ന ശാസം മുട്ടലും ശരീരവേദനയുമെല്ലാം കൂടി അയാളെ അവശനാക്കി. പക്ഷേ അന്നെന്തോ അയാള്‍ക്ക് വലിയ ഉത്സാഹം തോന്നി. പുറത്ത് കുളിരുണ്ടായിരുന്നിട്ടും വരാന്തയില്‍ പോയിരുന്ന് പുറത്തെ കാറ്റേല്‍ക്കാനും മകന്‍ ജോലികഴിഞ്ഞു വരുന്നത് കാണാനും അയാള്‍ ആഗ്രഹിച്ചു. കട്ടിലിന്നു തലക്കല്‍ വെച്ചിരുന്ന വാക്കിങ്ങ്സ്റ്റിക്കെടുത്ത് അയാള്‍ മെല്ലെ പുറപ്പെട്ടു.
സ്വീകരണമുറിയില്‍ മരുമകള്‍ സീരിയല്‍ കാണുന്നു. അടുത്തിരുന്ന് പേരക്കുട്ടി ലാപ്‌ടോപ്പില്‍ ഗെയിം കളിക്കുകയാണ്‌‌. രണ്ടു പേരും വൃദ്ധനെ ശ്രദ്ധിച്ചതേയില്ല. അവരെ ശല്ല്യം ചെയ്യാതെ മെല്ലെ, ചാരിയട്ട മുന്‍ വാതില്‍ തുറന്ന് അയാള്‍ വരാന്തയിലെ ചാരു കശേരയില്‍ ഇരിപ്പായി. ദൂരെ കുന്നിന്‍ മീതെ തലയുയര്‍ത്തി നില്കുന്ന കരിമ്പനകള്‍ക്കുമുകളില്‍ കാച്ചിപ്പഴുപ്പിച്ച ചെമ്പു തളികപോലെ പൂര്‍ണ്ണ ചന്ദ്രന്‍. ഗേറ്റിനു മിന്നിലെ റോഡിലൂടെ ധാരമുറിയാതെ പാഞ്ഞു പോകുന്ന വാഹനങ്ങള്‍.
പണ്ട് താന്‍ ഓഫീസുവിട്ടെത്താന്‍ വൈകിയിരുന്ന ദിവസങ്ങളില്‍ പടിക്കലേക്കു നോക്കി നില്കുമായിരുന്ന തന്റെ പത്നിയേയും അവളുടെ ഒക്കത്തിരുന്നിരുന്ന തന്റെ മകനേയും അയാള്‍ ഓര്‍ത്തു. തന്റെ സ്ഥാനത്ത് ഇന്ന് അവനാണ്‌....അവന്റെ ഭാര്യയും കുഞ്ഞും അകത്ത് തിരക്കിലാണ്‌.
*******************************************************************************
കുറെ ദിവസങ്ങളായി ഭാര്യയേയും മകനേയും കൊണ്ടൊന്ന് പുറത്തിറങ്ങണമെന്ന് അയാളാശിക്കുന്നു. വെറുതെ ഒരു കറക്കം ഒരു സിനിമ പിന്നെ ഏതെങ്കിലും നല്ല ഹോട്ടലില്‍ നിന്ന് ഒരു അത്താഴവും. അതിനൊരുങ്ങിയിറങ്ങിയപ്പോഴാണ്‌‌. മേലാവിയുമായി ചര്‍ച്ച. പിന്നെ അയാളുടെ ദുര്‍മുഖം. റോട്ടില്‍ പതിവില്‍ കവിഞ്ഞ തിരക്കും വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന പിതാവിനെക്കുറിച്ചുള്ള ചിന്തകളും... എല്ലാം കൂടി അയാളെ ആവശ്യത്തില്‍ കൂടുതല്‍ അസ്വസ്ഥനാക്കി. വരണ്ട മനസുമായി വീട്ടില്‍ വന്നു കയറുന്ന തന്നെ കാത്തിരിക്കുന്ന വൃദ്ധനായ പിതാവിനെ ഒന്നു ശ്രദ്ധിക്കാന്‍ പോലും അയാള്‍ക്കു മനസ്സാന്നിദ്ധ്യമുണ്ടായില്ല. ഈ തണുപ്പില്‍ പുറത്തിറങ്ങി ഇദ്ദേഹം രോഗം അധികരിപ്പിക്കുമല്ലോ എന്ന വേവലാതിയായിരുന്നു അയാള്‍ക്ക്.
*******************************************************************************
ധൃതിയില്‍ കയറിവരുന്ന മകനെ അയാള്‍ അഭിമാനത്തോടെ നോക്കി പണ്ടത്തെ ഞാന്‍ തന്നെ. എന്നെക്കാള്‍ തലയേടുപ്പുണ്ട്. തന്റെ വിരലില്‍ തൂങ്ങി നടന്നിരുന്ന തന്റെ മകന്‍. അസുഖം ബേധമായി തന്നെ പുറത്തു കണ്ടതില്‍ അവന്‍ സന്തോഷിക്കുമെന്നും തന്റെയടുത്തു വന്ന് പണ്ട്‌താനവനോടു ചെയ്തിരുന്ന പോലെ തെന്റെ കയ്യിലോ നെറ്റിയിലോ സ്പര്‍ശിക്കുമെന്നും എന്തെങ്കിലും കൊച്ചു വര്‍ത്തമാനങ്ങള്‍ പറയുമെന്നു മൊക്കെ അയാള്‍ വെറുതെ ആശിച്ചു. പക്ഷേ അവന്‍ മങ്ങിയ മുഖവും കനത്ത കാല്‍വെപ്പുമായി അകത്തുകടന്ന്‌‌ ഭാര്യയോട് കയര്‍ക്കുന്നു. ഈ അച്ഛനിതെന്തു ഭാവിച്ചിട്ടാ. മഞ്ഞുകൊണ്ട് അസുഖ മധിക മാക്കിയാല്‍ ഞാന്‍ വേണമല്ലോ കഷ്ടപ്പെടാന്‍...
അസുകമധികമായാല്‍ എന്തുസംഭവിക്കാനാണ്‌ മകനേ മക്കളുടെ ശാസനക്കുകീഴില്‍ കഴിയേണ്ടി വരുന്ന വൃധനായപിതാവിനു കിട്ടുന്ന ഏറ്റവും വലിയ ഈശ്വരാനുഗ്രഹമായ മരണത്തില്‍ കവിഞ്ഞ്... എന്നയാള്‍ പറഞ്ഞില്ല. അവന്‍ താന്‍ കാരണം വേദനിക്കരുത് എന്ന് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു.
അയാള്‍ക്കറിയാം തന്റെ മകന്‍ തന്നെ സ്നേഹിക്കുന്നുണ്ട് എന്ന്...
അവര്‍ മുകളിലേക്ക് കയറിപ്പോകുന്ന ശബ്ദം കേട്ടപ്പോള്‍ അയാള്‍ തന്റെ മുറിയില്‍ കയറി കതകുചാരി...
പുറത്ത് കാല്‍ പെരുമാറ്റം ....
അച്ഛാ ഞങ്ങളൊന്നു പുറത്തുപോവുകയാണ്‌‌ കഞ്ഞി ഡൈനിങ്ങ് ടേബിളില്‍ മൂടി വെച്ചിട്ടുണ്ട് ....
അയാള്‍ മൂളി ... ങൂം പോയി വാ ...
വിളക്കണച്ചു തലയണയില്‍ മുഖമമര്‍ത്തി തന്റേതായ ഓര്‍മ്മകളില്‍ അയാള്‍ മുഴുകി..

No comments: