Wednesday, August 6, 2014

ശ്വാനപ്രമാണി



പുലര്‍ച്ചെ ആറുമണിക്കുള്ള വണ്ടി കാത്ത് പ്ലാറ്റ്ഫോമില്‍ ഇരിക്കുകയായിരുന്നു ഞാന്‍, നാലു പേര്‍ക്കിരിക്കാവുന്ന ഇരിപ്പിടത്തില്‍ ഒറ്റക്ക്. എനിക്കുമുകളിലെ ബള്‍ബിന്റെ വെളിച്ചത്തിനപ്പുറത്ത് നിഴലില്‍ നിന്നും അവന്‍ എന്നെ നോക്കി നില്കുന്നു. ശാന്തമായ കണ്ണൂകള്‍ തൂങ്ങിക്കിടക്കുന്ന വലിയ ചെവികള്‍ മങ്ങിയ കറുപ്പു നിറം രോമ നിബിഢമായ വാല്‍ ... പൊതുവേ നായ്കളെ ഇഷ്ടമായതു കൊണ്ട് ഞാനവന്റെ നേരെ കൗതുകപൂര്‍വ്വം വിരല്‍ ഞൊടിച്ചു. ക്ഷണം സ്വീകരിച്ച് സൗഹാര്‍ദ്ദപൂര്‍വ്വം വാലാട്ടിക്കൊണ്ടവനടുത്തു വന്നു. പൊഴിഞ്ഞുതുടങ്ങിയ രോമങ്ങള്‍ നരകയറിയിരുന്നു. ഞാന്നു കിടക്കുന്ന വൃഷണങ്ങള്‍, ആള്‍ പ്രായാധിക്യംകൊണ്ട് അവശനും വിവശനുമായിരിക്കുന്നു. എന്റെ കാല്‍കീഴില്‍ മുന്‍കാല്‍ നിവര്‍ത്തി അതില്‍ തലചായ്ച്ച് കിടന്നു കൊണ്ട്‌ അവന്‍ നെടുവീര്‍പ്പിട്ടു. എനിക്കു മനസിലായി യജമാനന്‍ ഉപേക്ഷിച്ച ദുഖത്തിലാണ്‌‌ ശ്വാനപ്രമാണി. ഒരുകാലത്തവന്‍ ആള്‌ പുലിയായിരുന്നിരിക്കണം. വീണ്ടും വിരല്‍ ഞൊടിച്ചപ്പോള്‍‌ എന്റെ നേരെ മുഖമുയര്‍ത്തി വലിയ വാല്‍ വീണ്ടും ആട്ടാന്‍ തുടങ്ങി. അവന്റെ ദുഖങ്ങള്‍ ആ കണ്ണുകളില്‍ നിന്നും എനിക്കു വായിച്ചെടുക്കാം. ഒരു ജന്മം മുഴുവന്‍ തന്റെ ജീവനെക്കാള്‍ സ്നേഹിച്ചു സേവിച്ച തന്റെ യജമാനന്‍ വയസ്സായി പല്ലും രോമവും കൊഴിയാന്‍ തുടങ്ങിയപ്പോള്‍ തന്നെ ഉപേക്ഷിച്ചതിലുള്ള ദുഖം ......
അവനെന്നോട് പറയുകയാണ്‌‌.. അദ്ദേഹം പുത്യൊരു നായെ കൊണ്ടു വരാന്‍ പോകുന്നു വത്രേ... അതിനേക്കാള്‍ ബേധം എന്നെ കൊല്ലുന്നതായിരുന്നു.. അവഗണനന സഹിക്കാന്‍ വയ്യതായപ്പോള്‍ ഇറങ്ങിപ്പോന്നതാ.
**************************************************************************
പണ്ട്‌ തങ്ങളുടെ വിശ്വാസത്തിന്റെ പേരില്‍ ജീവന്ന്‌ ഭീഷണി നേരിട്ട് നാട്ടില്‍ നിന്നും പലായനം ചെയ്ത ഇടയന്മാരുടെ കൂടെ കൂടിയ നായുടെ കഥ ഞാനോര്‍ത്തു. മുന്നൂറില്‍ പരം വര്‍ഷങ്ങള്‍ കാട്ടിലെ ഗുഹയില്‍ ഇശ്വരനുറക്കിക്കിടത്തിയ ഇടയന്മാര്‍ക്കു കാവലിരുന്ന ഖിത്‌മീര്‍ .... ഖുഹാമുഖത്ത് എത്തിനോക്കിയവര്‍ ആവലിയ നായ ഉണര്‍ന്നിരിക്കയാണെന്നു കരുതി. സത്യത്തില്‍ അവനും തന്റെ യജമാനന്‍മാരെപ്പോലെ ഉറങ്ങുക തന്നെയായിരുന്നു.മുന്നൂറു വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ വിശ്വാസം പുലര്‍ന്ന നീതിയുടെ ലോകത്തേക്ക് ഉണരാനുള്ള ഉറക്കം...
**************************************************************************
ക്രുദ്ധനാകുമ്പോള്‍ നന്ദികെട്ടനായേ എന്നാക്രോശിക്കുന്ന മനുഷ്യനേക്കാള്‍ വലിയ നന്ദികേട് നായ്കള്‍ ചെയ്യുന്നുണ്ടോ ...
നന്ദിയുടെ മാതൃകയായി ഈശ്വരന്‍ നായെ സൃഷ്ടിച്ചിരിക്കുന്നു. നന്ദികേടിന്റെ പ്രതീകമായി മനുഷ്യനേയും................................................................
വണ്ടി വരുന്നതിന്റെ അറിയിപ്പുണ്ടായി എന്റെ കൂട്ടുകാര്‍ അനിലും മറ്റും വരുന്നു ഞാനെഴുന്നേറ്റു ഒരു കേയ്ക്കു വാങ്ങി അവന്നിട്ടു കൊടുത്ത് അവന്റെ നെറുകയിലൊന്ന് മെല്ലെ സ്പര്‍ശിച്ച് മുന്നോട്ടു നടന്നു. എനിക്കു കയറാനുള്ള ബോഗി അങ്ങു മുന്നിലാണല്ലോ. നന്ദിയോടെ എന്നെ പിന്‍തുടരുന്ന അവന്റെ തരളമായ മിഴികള്‍ മനസ്സില്‍ കണ്ടുകൊണ്ട് ....

No comments: