Friday, December 31, 2021

കൊയ്ത്തു കാലം

കൊയ്ത്തിനു മുമ്പാണ്‌ മമ്പണീ. മണ്ണുകൊണ്ടുള്ള പണിയെന്നതായിരിക്കാം മമ്പണിയായത്.  വിശാലമായ മിറ്റം അതിരുകളെല്ലാം മണ്ണു കുഴച്ച് തേമ്പി മിറ്റം ചാണകം മെഴുകി വൃത്തിയാക്കും. ഒരു ദിവസം മൂന്നിലോ നാലിലോ പഠിക്കുന്ന കാലം ഞാനും പെങ്ങൾ         ( മൂത്താപ്പാന്റെ മകൾ) മാളു വും സ്കൂൾ വിട്ടു വരികയാണ്‌. മിറ്റത്ത് മമ്പണി നടക്കുന്നു.കോപ്പൻ ചക്കൻ ചാത്തൻ നീലി കോച്ചി എന്നിങ്ങനെ ആണും പെണ്ണു മായി  ഒരു പാട് പേർ പണിയെടുക്കുന്നു. വഴിയിൽ വലിയൊരു കൂന മണ്ണ്‌ നനച്ച് ചളിയാക്കി കുഴച്ചിട്ടിട്ടുണ്ട്. ഞാൻ അതിൽ കയറാതെ വളഞ്ഞ് പോന്നു. കോലായിൽ കാര്യങ്ങൾ നിരീക്ഷിച്ച് ബാവ എളാപ്പ ഇരിപ്പുണ്ട്. മാളു ഏതിലെ വീട്ടിലേക്കു കയറണമെന്ന് ശങ്കിച്ച് നില്കുകയാണ്‌. എളാപ്പപറഞ്ഞു എളാപ്പടെ കുട്ടി നേരെ ഇങ്ങു പോന്നോളിൻ. കേൾക്കേണ്ടതാമസം അവൾ കുഴച്ച മണ്ണിൽ ചവിട്ടി ഉടൻ കാൽ ചെളിയിൽ പൂണ്ടു. അപ്പോൾ ഒരു കൈ കുത്തി അതും പൂണ്ടു. ഉടനെ കുനിഞ്ഞു നിന്ന് വലിയ വായിൽ കരച്ചിലും തുടങ്ങി. അകത്തു നിന്നും വെല്ലിമ്മയും മൂത്തമ്മയും ഉമ്മയുമൊക്കെ ഓടിവന്നു. എളാപ്പയുടെ കൂടെ അവരും ചിര്ച്ചെങ്കിലും വെല്ല്യുമ്മാക്ക് ദേഷ്യം വന്നു എളാപ്പാനെ കുറേ ശകാരിച്ചു. നിലം മെഴുകുകയായിരുന്ന ചക്കി കൈയ്യിലെ മണ്ണു കഴുകി ഓടി വന്ന് മാളുവിനെ പൊക്കിയെടുത്തു....
കൊയ്ത കറ്റയെല്ലാം മിറ്റത്ത് അട്ടിവെച്ച് പിന്നീടാണു മെതിക്കുക. മെതി കഴിഞ്ഞാൽ പൊലിയളക്കും കൊയ്ത്തു കാർക്ക് പതം നല്കും. ആദ്യം പത്തിനൊന്ന് എന്നായിരുന്നു. പിന്നെ എട്ടിനൊന്ന് ആറിനൊന്ന് എന്നൊക്കെയായി. ഇപ്പോൾ പതത്തിന്‌ ആരും കൊയ്യില്ലത്രേ കൂലിയേ വേണ്ടൂ... അതുപോലെ പാടത്തിട്ടു തന്നെ കൊയ്ത് മെതിച്ച് നെല്ല് വില്കുകയാണ്‌ ഇപ്പോഴത്തെ പതിവ്‌. എന്നിട്ട് ആന്ത്രയിൽ നിന്ന്‌ വരുന്ന അരി വാങ്ങി ഉണ്ണും. ലാഭം നോക്കി ലാഭം നോക്കി എത്തിയ സ്ഥിതയാണ്‌. 
എല്ലാവരും തന്ത മാഷ് എന്ന് വിളിച്ചിരുന്ന മേനോൻ മാഷ് പഠിപ്പിച്ചു തന്ന ഒരു പദ്യത്തിന്റെ ഓർമ്മയിൽ ബാക്കിയുള്ള വരികൾ 
നാട്ടിൻ പുറങ്ങളിലുള്ള 
കുട്ടികൾക്കു നല്ലൊരോണം 
വിട്ടാൽ പിന്നെ കൊയ്തുകാലം വിശേഷമല്ലോ...
...........................................................
വൈകോലെല്ലാം പുരയോളം പൊക്കത്തിൽ നൽകുണ്ടയാക്കി വെക്കുമതിൽ കേറി ബാലർ കേളിയാടീടും

Tuesday, December 28, 2021

ഏകാന്തത എന്റെ കൂട്ടുകാരൻ.

ഏകാന്തത എനിക്ക് എന്നും ഇഷ്ടമായിരുന്നു. ഹൈസ്കൂൾ പഠനത്തിനായി  കാരക്കാട്ടുനിന്നും വാടാനാംകുറുശ്ശിയിലേക്ക് അഞ്ച് വർഷം ഒറ്റക്ക് നടത്തിയ യാത്രകളും പിന്നെ ആറളം ഫാമിലെ വിജനതയിൽ അനുഭവിച്ച ഔദ്യോഗിക ജീവിതവും സമ്മാനിച്ച ശീലം.  പ്രവർത്തിസമയങ്ങൾക്ക് ശേഷം തീർത്തും വിജനമായിപ്പോകാറുള്ള ആറളം കൃഷിത്തോട്ടം. എസ്റ്റേറ്റുകളിലും ഫാമുകളിലുമൊക്കെ അങ്ങനെയാണ്. പ്രവൃത്തി സമയം കഴിഞ്ഞാൽ പിന്നെ ഏകാന്തതയായിരിക്കും കൂട്ട്...ചുറ്റുമുള്ള ഗ്രാമങ്ങളിൽ നിന്ന് വന്നിരുന്ന തൊഴിലാളികൾ പോയിക്കഴിഞ്ഞാൽ പിന്നെ എന്നെപ്പോലുള്ള അപൂർവ്വം ഉദ്യോഗസ്ഥരും വാച്ച് മാന്മാരും മാത്രം. തോട്ടമെന്ന് പറയാറായിരുന്നില്ല. വെട്ടിത്തെളിച്ച് തീയിട്ട് വൃത്തിയാക്കിയ കാട് എന്ന് വേണം പറയാൻ. തോട്ടമാകാൻ കാലമെടുക്കും. വന്യമൃഗങ്ങളുടേതും പേരറിയാത്ത 
പക്ഷികളുടേതുമൊക്കെയല്ലാതെ  മറ്റൊരു ശബ്ദവുമില്ലാത്ത ചുറ്റുപാട്. അങ്ങകലെ ഇടക്ക് ആനകളുടെ ചിന്നം വിളിയോ മാനിന്റെ ചെപ്പലോ കടുവയുടെ മുരളലോ ഒക്കെ ക്കേൾക്കാറുണ്ട് എന്ന് പറഞ്ഞാൻ വിശ്വസിക്കുമോ എന്തോ. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രായത്തിന്റെ തിളപ്പിൽ ഒരു സാഹസിക നോവലിലെ നായകനായി ഞാനങ്ങനെ കഴിഞ്ഞു കൂടി. അടുത്ത കൂപ്പുകളിൽ സഹപ്രവർത്തകർ ഉതുപ്പും വത്സനും പരിപ്പ് തോട് ഓഫീസിൽ ഞങ്ങളുടെ സീനിയറായ ഗോപാലകൃഷ്ണൻ നായരും.... അവിടെ രാജകീയ സെറ്റപ്പായിരുന്നു. എ കെ കുഞ്ഞിമോനാജി പണിയിപ്പിച്ച ബംഗ്ലാവിലായിരുന്നു യൂണിറ്റ് ആറിന്റെ ഓഫീസും കാന്റീനും മറ്റും. മൂന്നൂറേക്കർ വരുന്ന കൂപ്പ് നമ്പർ അമ്പത്തെട്ടിനു നടുക്ക് പണിത മൺകട്ട കെട്ടി ടാർഷീറ്റ് മേഞ്ഞ ഷെഡിൽ കൂടെ പ്പാർക്കാൻ മുഹമ്മദും ഗോപാലനും. മിക്കവാറും ദിവസങ്ങളിൽ അവർ എന്നെത്തനിച്ചാക്കി എവിടെയെങ്കിലും പോയിരിക്കും. എത്ര അടുത്താലും ഞാനവർക്ക് സാറായിരുന്നല്ലോ. അതുകൊണ്ട് അല്പം സ്വാതന്ത്യം വേണ്ടപ്പോൾ അവർ പുറത്ത് പോകും. പരിപ്പുതോട്ടിലെ ചായക്കടയിലിരുന്നു അവർക്കൊത്തവരോട് സൊറപറഞ്ഞിരിക്കും. രാത്രിയേറെ വൈകി ഷെഡിൽ വന്ന് കിടക്കുകയും ചെയ്യും.  ചിലപ്പോൾ വന്നില്ലെന്നും വരും. ഒരു ദിവസം രാത്രി. ഷെഡിൽ ഞാനൊറ്റക്ക്. ചുമരിലെ മൺ കട്ട കൾ കൊണ്ട് ഒരു ജനൽ പോലെ ഉണ്ടാക്കിയ പഴുതിൽ വെച്ചിരുന്ന കണ്ണാടിയിൽ എന്റെ രൂപം തന്നെ കണ്ട് പേടിച്ചതോർത്ത് ഇപ്പോഴും ചിരിക്കാറുണ്ട്. നിശ്ശബ്ദതയോട് സംവദിച്ചുകൊണ്ട് കഴിച്ചു കൂട്ടിയ ആ കാലത്തിന്റെ വിദൂരസ്മരണകൾ വല്ലാത്ത ഗൃഹാതുരത്വമുണ്ടാക്കിക്കൊണ്ടിരി ക്കവേ ഒരു ദിനം മകൻ പറഞ്ഞു ഉപ്പ ഒറ്റക്കാകുമല്ലോ എന്ന് കരുതിയിട്ടാ അല്ലെങ്കിൽ ഞാനൊരു യാത്ര പോയേനേ.  കമ്പ്യൂട്ടറിനു മുന്നിൽ അവൻ കഴിച്ചു കൂട്ടുന്ന വരണ്ട ദിവസങ്ങളെയോർത്ത് എതിരൊന്നും പറഞ്ഞില്ല. അങ്ങനെ തന്റെ ഭാര്യയേയും മക്കളേയും അവരുടെ വീട്ടിൽ വിട്ട് അവൻ പോയി. അയിഷാബി അതായത് ഭാര്യ ഒരത്യാവശ്യം പ്രമാണിച്ച് ആദ്യമേ അവളുടെ വീട്ടിൽ പോയിരുന്നു. അങ്ങനെ ഒത്തുവന്ന അവസരം. ഇവിടെ ഇപ്പോൾ ഞാൻ മാത്രം...ഞാനും എനിക്കിതുവരെ വരുതിയിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത എന്റെ ചിന്തകളും....

ഇൻശാഅല്ലാഹ് മറ്റന്നാൾ ഭാര്യ വരും പിന്നെ മകനും കൂടെ കുട്ടികളും വീട് വീണ്ടു ശബ്ദ മുഖരിതമാകും... അതുവരെ എനിക്കെന്റെ സ്മരണകളിലൂടെ മുങ്ങാംകുഴിയിടാം...

Thursday, December 9, 2021

കുഞ്ചു വൈദ്യർ

എന്റെ ഗ്രാമത്തിന്റെ വൈദ്യർ
ഒരു ദിവസം രാവിലെ എണിറ്റു നോക്കിയപ്പോൾ‌വെല്ല്യുമ്മാക്ക് മുടികെട്ടാൻ കൈ പൊങ്ങുന്നില്ല. കാര്യം വലിയ  പ്രശ്നമായി. ചർച്ചയായി. ആദ്യം പട്ടാമ്പീലെ നമ്പൂരി ഡൊക്റ്റർ നോക്കി. പിന്നെ തൃശൂരുള്ള ചില ഡോക്റ്റർമാർ നോക്കി. ഫലം നാസ്തി. വെല്ലിമ്മ ഹംസക്കോയ എളാപ്പാന്റെ ഫുൾ കൈ ഷർട്ടു മിട്ടുകൊണ്ട് തറവാട്ടിലെ രാജ്ഞിയായിത്തന്നെ എല്ലായിടത്തും ഓടി നടന്നു. ഒരു രോഗിയായി എന്ന ഭയമൊന്നും അവരിൽ കണ്ടില്ല. മുടി ആരെങ്കിലും കെട്ടിക്കൊടുക്കണമെന്നു മാത്രം... 
ബന്ധുക്കളും കുടുംബക്കാരും ആശ്രിതരും സ്കൂളിലെ മാഷമ്മാരുമൊകെ രോഗം കണാൻ വെല്ലിമ്മാനെ സന്ദർശിച്ചു. പലരും പലവിധം ഉപദേശങ്ങളും നല്കി. അതുപ്രകാരം അലോപ്പതിയും ഹോമിയോപ്പതിയും മറ്റു പല പൊതികളും നോക്കി. പിന്നെ മറ്റു വല്ല ദോഷങ്ങളുമുണ്ടോ എന്നു നോക്കാനും  ഉപദേശങ്ങളുണ്ടായി എങ്കിലും അങ്ങോട്ടൊന്നും പ്രവേശിക്കാൻ അവസരമുണ്ടായില്ല. അവസാനം മകളെക്കെട്ടിയ മരുമകൻ സൈതാലിക്കുട്ടി  സാഹിബിന്റെ വക പ്രസിദ്ധ ആയുർവ്വേദ വൈദ്യൻ തൈക്കാട്ട് മൂസിന്റെ ചികിത്സയും കഴിഞ്ഞു. ഒരു മാറ്റവുമില്ല. പതുക്കെ ഉപദേശകരും നിർദ്ദേശകരുമൊക്കെ പിൻ വലിഞ്ഞു. ശിഷ്ടകാലം ഫുൾകൈ ഷർട്ടു മിട്ട് കഴിഞ്ഞു കൂടാമെന്ന് വെല്ല്യുമ്മയും തീരുമാനിച്ചു. ആരും ആവിഷയമേ ഗൗനിക്കാതായപ്പോളതാവരുന്നു വെല്ലിമ്മാന്റെ കുടുംബ വൈദ്യൻ മെലിഞ്ഞ് കറുത്ത് ഉയരം കുറഞ്ഞ കുഞ്ചു വൈദ്യർ. തറവാട്ടു വളപ്പിന്നപ്പുറം പാടത്തിന്റെ അങ്ങേകരയിലാണ്‌‌ വീട്. ഓലമേഞ്ഞ ഒരു കൊച്ചു കൂര.  പാരമ്പര്യ വൈദ്യൻ. കുട്ടികൾക്ക് ചിരങ്ങും ചൊറിയുമുണ്ടാകുക, ആർക്കെങ്കിലും ദഹനക്കേടുണ്ടാകുകയൊക്കെ ചെയ്താൽ വെല്ലിമ്മ ആരെയെങ്കിലും വിട്ട് മൂപ്പരെ വിളിപ്പിക്കും. ചെറിയ ഒരു സഞ്ചിയുമായി മൂപ്പരുടെ വരവുകണ്ടാൽ എളാപ്പമാർ  പതുക്കെ തെല്ലൊരു പരിഹാസസ്വരത്തിൽ പറയും ഉമ്മാന്റെ ഡോക്റ്റർ വരുന്നുണ്ട്. വൈദ്യർ ചോദിച്ചു " സുഖ ല്ല്യാന്നു കേട്ടു. എല്ലാരെ നോട്ടവും കഴിഞ്ഞെങ്കി ഇനി ഞാനൊന്നു നോക്കട്ടെ...  
" വെല്ലിമ്മ ചിരിച്ചു കൊണ്ട്‌പറഞ്ഞു വെല്ല്യെ വെല്ലോരൊക്കെ നോക്കി മടുത്തതല്ലേ യ്യാ യിട്ടെന്തിനാ നോക്കാതിരിക്കണ്‌‌ നോക്കിക്കോ" 
എന്തൊക്കെ യോ ചോദിച്ചു മനസിലാക്കി വൈദ്യരു പോയി. പിറ്റേദിവസം ഒരു കുപ്പി എണ്ണകൊണ്ടു വന്നു... ഇത് തേച്ച് കുളിക്വ.. നോക്കാലോ......
പരീക്ഷണമെന്നനിലയിൽ വെല്ല്യുമ്മ അനുസരിച്ചു. കൃത്യം ഏഴാമത്തെ ദിവസം വെല്ല്യുമ്മ സ്വന്തം കൈകൊണ്ട് മുടി കെട്ടി... പിന്നീട് ദശാബ്ദങ്ങൾക്കു ശേഷമാണ്‌‌ വെല്ല്യുമ്മ മരിച്ചത് അതുവരെ ആരോഗമവർക്കു വന്നിട്ടില്ല... 
 എത്രാ അന്റെ ഫീസ് എന്ന ചോദ്യത്തിന് ഇവിടെന്നിഷ്ടമുള്ളതെന്താച്ചാ തന്നോളൂ എന്നായിരുന്നു മറുപടി.
രോഗം ബേധമായ സന്തോഷത്തിൽ വെല്ല്യുമ്മ എന്തോകൊടുത്തതല്ലാതെ ഒന്നും കണക്കു പറഞ്ഞു വാങ്ങിയില്ല.
ആമരുന്നൊന്ന്‌ എഴുതത്തന്നാ ഞങ്ങക്ക് അവശ്യള്ളപ്പോ കാച്ചായിരുന്നു എന്നു വല്ല്യുമ്മ പറഞ്ഞപ്പോൾ അതിനു ഞാൻ ഈ വിളിച്ചാ കേൾക്കുന്നേടത്തുണ്ടല്ലോ എന്നായിരുന്നു മറുപടി.. പക്ഷേ അധിക കാലം കഴിയുന്നതിന്നു മുമ്പ് അദ്ദേഹം മരിച്ചു പോയി വൈദ്യം കൊണ്ടൊന്നും സമ്പാദിച്ചില്ല. മക്കൾക്കാർക്കും അതു പകർന്നു കൊടുത്തുമില്ല. അതിനു യോഗ്യതയുള്ള മക്കൾ തനിക്കില്ല എന്നദ്ദേഹത്തിനു തോന്നികാണണം.
കാരക്കാട്ടങ്ങാടിയിൽ ആലിഹാജിയുടെ പീടികമുറിയിൽ കുറച്ചുകാലം അദ്ദേഹം ഒരു വൈദ്യശാല നടത്തിനോക്കുകയുണ്ടായി പക്ഷേ പച്ച പിടിച്ചില്ല. അന്നത്തെ കാരക്കാട്ടു കാരെല്ലാം പറയുമായിരുന്നു നല്ല കൈപുണ്യള്ളോനാ പറഞ്ഞിട്ടെന്താ പത്തു കായി ണ്ടാക്കാൻ പാഗ്യല്ല...

Tuesday, November 16, 2021

ഒരു സന്ധ്യയുടെ ഓർമ്മ

സമയമിപ്പോൾ വൈകീട്ട് ഏഴര ... ഞാൻ വെറുതെ ക്വാർട്ടേഴ്സിന്റെ പുറത്ത് വന്നിരിക്കയാണ്. കിണിറിന്റെയടുത്ത് വഴിവിളക്കിന്റെ ചാരെ. കാട്ടാനകളുടെ ലക്ഷണമൊന്നും കാണാനില്ല. കഴിഞ്ഞദിവസങ്ങളിൽ അവർവന്നു കുഞ്ഞുകുട്ടി പരാധീനങ്ങളോടെ കൂട്ടമായിത്തന്നെ... നിങ്ങളുടെ കിടങ്ങൊക്കെ ഞങ്ങൾക്കു പുല്ലാണെന്ന വെല്ലുവിളിപോലെ കാര്യമായ നാശമൊന്നും വരുത്താതെ വന്നുപോയി. ഇനി അടുത്ത ട്രിപ്പ് എന്നാണാവോ?. 
എന്തോ എനിക്കിപ്പോഴവയെ വലിയ പേടിയൊന്നും തോന്നാറില്ല. എങ്കിലും വരുന്നപക്ഷം ഓടി വീട്ടിൽ കയറാൻ പാകത്തിനു തന്നെയാണ് ഇരിപ്പ്.മഴ ഒഴിഞ്ഞതിന്റെ ലക്ഷണമാണെന്നു തോന്നുന്നു നേരിയ തണുത്ത കാറ്റ്. ആകാശം നിറയെ നക്ഷത്രങ്ങൾ... ചീവീടുകളുടെ പാട്ടുകച്ചേരി. പതിവിനു വിപരീതമായി ദൂരെ ജേം പ്ലാസത്തിലെ ഈട്ടിമരിൽ നിന്നും രണ്ടു മൂങ്ങകളുടെ മൂളൽ... ങൂം...ങൂം ങൂം...  അതെന്നെ എന്റെ ബാല്ല്യത്തിലേക്കു കൊണ്ടു പോകുന്നു....
അന്ന്‌ വീട്ടിൽ സഹായത്തിനു നിന്നിരുന്ന ഇത്തിക്കുട്ടി ആത്ത എന്നെയും അനുജന്മാരെയുമൊക്കെ എടുത്തു വളർത്തിയ വളർത്തമ്മ. നാലുകെട്ടിന്റെ പടിഞ്ഞാറേ വളപ്പിലെ ചക്കപ്പുളിമാവിൽ നിന്നും കൂമൻ മൂളുന്നത് കേട്ട് ഭയന്ന എനിക്ക് പറഞ്ഞുതന്നു... മാനേ കൂമൻ മൂളണ് വർക്കത്താ. കുറ്റിച്ചൂലാൻ കൂവ് ണതാ ചൂന്യം.
 ആദ്യം ആൺ മൂങ്ങ  ഒന്ന് മൂളും അപ്പോ പെണ്ണ് രണ്ട് മൂളണമത്രേ..
മടുത്താൽ പെണ്ണ് പറയുമത്രേ  കൊല്ലം കൊല്ലം പെറാനും ഒപ്പത്തിനൊപ്പം മൂളാനും ന്നെക്കൊണ്ട് പറ്റൂലാന്ന്. അങ്ങനെ പിണങ്ങിരണ്ട് പേരും മിണ്ടാണ്ടിരിക്കുമത്രേ...  കുറേകഴിഞ്ഞാൽ പിണക്കം മറന്ന്‌ പിന്നെയും തുടങ്ങും ...
വീടുകളിൽ ഉണ്ണി പിറക്കാറാകുമ്പോഴാണ് മൂങ്ങകൾ മൂളുക എന്നും മരണം അടുത്താലാണ് കുറ്റിച്ചൂലാൻ(കാലൻ കോഴി) കൂവുക എന്നും അവരെനിക്കു പറഞ്ഞു തന്നു.സത്യമെന്തായാലും എന്റെ ഉമ്മായുടെ മരണം നടന്ന കാലത്ത് ഞാൻ കേട്ട കാലൻ കോഴിയുടെ സ്വരം എന്നെ വല്ലാതെ ഭയപ്പെടുത്തി... ഞാൻ ഉമ്മയോടത് പറഞ്ഞപ്പോൾ തള്ള ഓരോന്ന് പറഞ്ഞ് കുട്ടികളെ പേടിപ്പിക്ക്വാ എന്നു പറഞ്ഞെങ്കിലും ഉമ്മായുടെ സ്വരത്തിലും ഭയമുള്ളതുപ്പോലെ എനിക്കുതോന്നി. അന്ന് ഉമ്മ ഗർഭിണിയായിരുന്നു. എനിക്ക് പതിനഞ്ച് വയസായിരുന്നു പ്രായം.ആപ്രസവം കഴിഞ്ഞ് ഏഴാം ദിവസം  1972 ഫെബ്രുവരി എട്ടിന് ഉമ്മ ഞങ്ങളെ വിട്ട് പോയി....ഉമ്മയില്ലാതാവുമ്പോഴാണ്‌ യഥാർത്ഥത്തിൽ മക്കൾ അനാഥരാകുന്നത് എന്നസത്യം ഞങ്ങളെ പഠിപ്പിച്ചു കൊണ്ട് .... 
മങ്ങിയ സന്ധ്യ കളിൽ കേൾക്കാറുള്ള പ്രത്യാശയുണർത്തുന്ന  മൂളലുകളും പാതിരാവുകളിൽ കേൾക്കാറുള്ള ഭീതിയുണർത്തുന്ന കൂവലുകളും അവയുടെ അനുരാഗപ്രകടനങ്ങളാണെന്ന് പിന്നീടു ഞാൻ പഠിച്ചു. എങ്കിലും കുഞ്ഞായിരിക്കെ എന്റെ ഇത്തിക്കുട്ട്യാത്ത പകർന്ന തന്ന വിജ്ഞാനം  മനസിൽ മായാതെ തന്നെ കിടക്കുന്നു 

Tuesday, October 19, 2021

ഉക്കുറു ഔല്യാനെ ഏറ്റിയപോലെ

കാരക്കാട്ട് കാർ ഉക്കുറു ഔല്യാനെ ഏറ്റിയപോലെ  എന്നാണ് ചൊല്ല്.  ഈ  പഴഞ്ചൊല്ലിന്റെ ഉൽപ്പത്തിയാകുന്നൂ കഥാബീജം. അതിനു മുമ്പ് എന്റെ അമുസ്ലിം  സഹോദരന്മാരുടെ അറിവിനായിപ്പറയട്ടേ ഔലിയ എന്നാൽ ദിവ്യനാകുന്നു അല്ലെങ്കിൽ  സിദ്ധൻ. ആധുനിക വ്യവഹാരങ്ങളിൽ ഇവർ ആൾ ദൈവം എന്നറിയപ്പെടുന്നു. സാധാരണ  മനുഷ്യർക്ക് ഈശ്വരൻ നിശ്ചയിച്ച പല്ല് തേപ്പ് കുളി മുതൽ നമസ്കാരം നോമ്പ്  സക്കാത്ത് എന്നിത്യാദി കടമകളൊന്നും ബാധകമല്ലാത്ത ഇക്കൂട്ടർ മാപ്ലാർക്ക്  ഔല്യയും അല്ലാത്തവർക്ക് സിദ്ധനോ ആൾ ദൈവമോ ഒക്കെയാകുന്നു എന്ന് ചുരുക്കം.  ഇവർക്ക് ജാതി മത ബേധങ്ങളൊന്നും ഇല്ലാ...
പണ്ടൊക്കെ എന്ന് വെച്ചാൽ  സലാത്തുകൾ ശേഖരിച്ച് വാട്സപ്പിലൂടെ മദീനയിലേക്കയക്കലും, ഇരുപത്തേഴാം രാവിന്  പാടത്തേക്കിറങ്ങി കൂട്ടപ്രാർത്ഥന നടത്തലും നബിദിനത്തിന്ന് വീട്ടുകൾതോറും  ചെന്നുള്ള മൊബൈൽ പ്രാർത്ഥനയും ഒക്കെ തുടങ്ങി വെക്കുന്നതിന്ന് വളരെ മുമ്പ്   ഗ്രാമത്തിൽ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഔല്യാക്കന്മാരായിരുന്നു  ഗ്രാമത്തിന്റെ ചൈതന്യം. അവരുടെ വെളിപാടുകളും കറാമത്തുകളും അന്നത്തെ  ഗ്രാമത്തിൽ ദീനിയായ ചൈതന്യം നിലനിർത്തി. ഔല്യക്കന്മാർ അവർ പടച്ചവന്റെ  അടുത്ത ആളുകളാണെന്നും അത്രക്കങ്ങ് അടുപ്പം സിദ്ധിച്ചിട്ടില്ലാത്ത  ഞങ്ങളെപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ള വിധി വിലക്കുകളൊന്നും അവർക്ക്  ബാധമമല്ല എന്നും ഞങ്ങൾ ബലമായിത്തന്നെ വിശ്വസിച്ചു. അതുകൊണ്ട് അവർ പള്ളിയിൽ  വരാത്തതോ നോമ്പുകാലത്ത് വെറ്റിലമുറുക്കി ഗ്രാമത്തിലൂടെ ഉലാത്തുന്നതോ  നോമ്പിന് കുട്ടന്റെ പീടികയിൽ കയറി ചായ കുടിക്കുന്നതോ ഒന്നും ഞങ്ങൾക്ക് പ്രശ്നമായില്ല. ഞങ്ങൾ അതിനപ്പുറവും  ചിലതും ചില ഔലിയാക്കന്മാരെപറ്റി കേൾക്കുകയുണ്ടായി പക്ഷേ ഞങ്ങൾ ഗീബത്ത്  (പരദൂഷണം) ഇഷ്ടപ്പെടാത്തവർ  അതൊന്നും ഗൗനിക്കാറേഇല്ല...അല്ലെങ്കിലും ഒരാൾ  തന്റെ ഭാര്യയെ മടുത്തപ്പോൾ മുത്തലാഖ് ചൊല്ലിയെങ്കിൽ‌ അതിന് ഔലിയാനെ കുറ്റം  പറഞ്ഞിട്ടെന്താ കാര്യം. പടച്ചോനേറ്റ് അടുത്തോരെപ്പറ്റി നൊനാമ്പ്രം പറഞ്ഞാ  പടച്ചോൻ പൊറുക്ക്വോ? . വെള്ളിയാഴ്ച ജുമഅക്ക് ഇറങ്ങിയവന്റെ തലയി  ആകാശത്തുകൂടി പോയ കാക്ക കൃത്യമായി തൂറിയതും വസ്ത്രം മാറാൻ മടങ്ങിച്ചെന്ന  അദ്ദേഹം വീട്ടിനകത്ത് വീടരെ ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഔലിയാനെ കണ്ടതും  ഒക്കെ വേണ്ടുകകൾ എന്ന് വെച്ച് മിണ്ടാതിരിക്കാതെ വലിയ കാര്യമാക്കേണ്ട വല്ല  കാര്യവുമുണ്ടോ.... 
ങാ അതൊക്കെ പോകട്ടെ അത് ഞങ്ങടെ മാലീസൗല്യാടെ കഥയാണ്...പറഞ്ഞ് തുടങ്ങിയത് ഉക്കുറു ഔല്യാടെ കഥയാണല്ലോ...
എല്ലാ  ദിവ്യന്മാരും ഗ്രാമത്തിൽ പെട്ടന്നങ്ങ് പ്രത്യക്ഷപ്പെടലായിരുന്നു പതിവ്.  എന്നാൽ ഉക്കുറൗല്യാനെ ഗ്രാമത്തിലെ ഇടയ ബാലർ കണ്ടെത്തുകയായിരുന്നു.  ഗ്രാമത്തിലെ കുട്ടികൾക്ക് ഓപ്ഷൻ രണ്ടായിരുന്നു. ഒന്നുകിൽ സ്കൂളിൽ പോവുക  അല്ലെങ്കിൽ ആടിനെ മേക്കാൻ പോവുക. സ്കൂളിൽ പോകുന്നതിനേക്കാൾ ഇഷ്ടം കുറേകൂടി  സ്വാതന്ത്ര്യം ലഭിക്കുന്നത് ഇടയവൃത്തിയായതുകൊണ്ട് കുട്ടികൾ അത് ഓപ്റ്റ്  ചെയ്തുവന്നു...
 നിർബന്ധിച്ച് സ്കൂളിലയക്കപ്പെട്ട അപൂർവ്വം ചിലർ  സർവ്വതന്ത്ര സ്വതന്ത്രരായ ഈ കൂട്ടുകാരെക്കുറിച്ച് വലിയ അസൂയയിലായിരുന്നു  എന്നാണ് ചരിത്രകാരന്മാർ പറയുന്നത്..
 ഗ്രാമത്തിന്റെ തെക്ക് ഭാരതപ്പുഴ  കിഴക്ക് ചേരിക്കല്ല്, അവിടം മുതൽ  വടക്ക് കാലൻ കുളംവരെ ഉയർന്ന് നിൽകുന്ന  മൊട്ടക്കുന്നുകൾ.‌ പടിഞ്ഞാറ് കൊണ്ടുക്കര പാടശേഖരം അങ്ങ പാമ്പാടിതൊട്ട്  ഭാരതപ്പുഴവരെ. ഇതിൽ വടക്ക് വശത്തെ  കുന്നുകളായിരുന്നു ഇടയ ബാലന്മാരുടെ  വിഹാര ഭൂമിക. ഇതിന്റെ വടക്ക് കിഴക്കേ കോണിലെ കുന്നിൻ മുകളിൽ പരന്ന്  കിടക്കുന്ന പീഢഭൂമിയുടെ പേരാകുന്നു തിലാമുറ്റം.  അതിന്റെ കിഴക്കേചെരുവിൽ  ഒരിക്കലും വറ്റാത്ത ഒരു ഉറവയുണ്ട്. ഒരു പാറയുടെ വിള്ളൽ പോലെ  കുന്നിനകത്തേക്ക് നീണ്ടു കിടക്കുന്ന ചെറിയ ഒരു കുഴിയിൽ ഒരിക്കലും വറ്റാത്ത  തണുത്ത തെളിനീർ. ആടു മേക്കാൻ വരുന്നവരും വിറകെടുക്കാൻ വരുന്നവരുമൊക്കെ  കൈക്കുടന്നയിൽ കോരിക്കുടിച്ച് ദാഹമകറ്റുന്ന തീർത്ഥം. ഒരു ദിവസം ആടു മേക്കാൻ  ചെന്ന കുട്ടികൾ വെള്ളം കുടിക്കാൻ ചെന്നപ്പോളാണത് കണ്ടത് ഉറവയുടെ അടുത്ത്  ചവതമരങ്ങളുടെ തണലിൽ ഒരാളിരിക്കുന്നു. ചെറിയ ഒരൊറ്റമുണ്ട് അരയിൽ  ചുറ്റിയതൊഴിച്ചാൽ വേറെ നൂൽ ബന്ധമില്ല. നിർബന്ധമുള്ളവർക്ക് അർദ്ധനഗ്നനായ  ഫക്കീർ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന രൂപം. ആരെന്ത് ചോദിച്ചാലും  മിണ്ടാട്ടമില്ല. കുട്ടികൾ പറഞ്ഞ് മുതിർന്നവരറിഞ്ഞു.‌ പലരും കാണാൻ ചെന്നു.  വേഷം കൊണ്ടും മൗനം കൊണ്ടും ഭക്തന്മാർക്ക് കാര്യം വേഗം മനസിലായി. സംഗതി ആൾ  ദിവ്യനാകുന്നു. ഉടനെ ചിലർ ഭക്ഷണമെത്തിച്ചു. ദിവ്യനെ പരിചരിക്കാൻ തുടങ്ങി.  ക്രമേണ സന്ദർശകർ കൂടി. എല്ലാവരും ആവലാതികൾ ബോധിപ്പിക്കാൻ തുടങ്ങി.  ബോധിപ്പിച്ചവർക്കൊക്കെ അദ്ദേഹം മരുന്നുകൾ കൊടുത്തു. മുന്നിൽ കണ്ട ചെടികളുടെ  ഇലകൾ തന്നെയായിരുന്നു മരുന്ന്...
 
നാല് ദിവസം കൊണ്ട് തെക്കേ  തലക്കലും ചേരിക്കല്ലിന്മേലും കൊള്ളിപ്പറമ്പത്തും ഗണപത്യേം കാവിലുമെല്ലാം  സംഗതി മശ്ഹൂറായി.... രോഗം മാറിയവരും വീണു പോയ മുതൽ കിട്ടിയവരും നാട് വിട്ട്  പോയ മകൻ തിരിച്ചെത്തിയ വരുമൊക്കെയായി ദിവ്യാത്ഭുതങ്ങൾക്ക് സാക്ഷികളേറെ...  ദിവ്യനെ ഇങ്ങനെ കാട്ടിൽ വിട്ടാൽ പറ്റില്ലല്ലോ അനുഗ്രഹം  നാട്ടിലെത്തിക്കുകയാണെങ്കിൽ വലിയ പുണ്യമായിരിക്കും എന്ന് കരുതി അദ്ദേഹത്തെ  പതുക്കെ നാട്ടിലേക്ക് കൊണ്ടു പോകാൻ ഭക്തന്മാരിൽ ചിലർ കച്ചകെട്ടി... 
  ഒരു ദിവസം പുലർച്ചെ ജന സഞ്ചാരം തുടങ്ങുന്നതിന്ന് മുമ്പ് തന്നെ അവർ  തുലാമിറ്റത്തെത്തി. ദിവ്യന്‌ അന്നപാനീയങ്ങളെത്തിച്ചു കൊടുക്കുന്ന നിഷ്കളങ്ക  ഭക്തർ സ്ഥലത്തെത്തും മുമ്പ് ഔല്യാനെ പൊക്കണം എന്നായിരുന്നു പരിപാടി.   പതിവു പോലെ മരച്ചുവട്ടിൽ പത്മാസനത്തിലിരിപ്പുണ്ട് ദിവ്യൻ. അവർ ചെന്ന്  ഔല്യാനെ വിളിച്ചു. ണീക്കിൻ ഉപ്പാപ്പ ഞമ്മക്ക് ഒർ വൈക്ക് പോകാനുണ്ട്. ഔല്യ  കേട്ടം ഭാവം നടിക്കുന്നില്ല എഴുന്നേല്ക്കുന്നുമില്ല. പിന്നെ പതുക്കെ ചെന്ന്  പിടിച്ചെണിപ്പിക്കാനായി ശ്രമം. അപ്പോഴാണ്‌ സംഗതി മനസിലാകുന്നത്.ഔല്യാന്റെ  അരക്ക്ന്ന് കീഴ്പോട്ട് തളർന്നതാണ്‌ എന്ന്. ഭക്തൻ മാരുടെ വീടുകൾ തോറും  ദിവ്യനെ കൊണ്ട്‌നടന്ന് ബർക്കത്ത് വിറ്റ് കാശാക്കാനായിരുന്നല്ലോ പദ്ധതി.  അതിൽ നിന്ന് പിറകോട്ട് പോകാൻ അവരേതായാലും തയ്യാറായില്ല. ഔലായാനെ ചുമക്കാം  എന്നായി സംഘം. അങ്ങനെ അവർ ദിവ്യനേയും ചുമലിലേറ്റി യാത്രയായി.  കുണ്ടനിടവഴികളിലൂടെ രാജ വീഥിയിലിറങ്ങി പടിഞ്ഞാട്ട് വെച്ചു.   നാലാള്‌ കൂടുന്ന കവലയായ ഗണപതിയൻ കാവായിരുന്നു ലക്ഷ്യം.ആദ്യം ചുമന്നവൻ വിയർത്ത് കുളിച്ചപ്പോൾ രണ്ടാമൻ പിന്നെ  മൂന്നാമൻ അങ്ങനെ മാറി മാറി നാലമത്തവൻ. വഴിക്ക് പല ഭക്തർക്കും ദർശനം നല്കി  ഗണപതിയൻ കാവിലെത്തിയപ്പോഴേക്കും  നേരം നട്ടുച്ച. നാലു പുറവും ആളു കൂടി.  ദിവ്യന്റെ മഹത്വം പ്രകീർത്തിക്കാൻ തുടങ്ങി ....  അപ്പോഴാണ്‌ അത്യാഹിതം  സംഭവിച്ചത്. വാണിയംകുളം ചന്തയിൽ നിന്നും പെരുമ്പിലാവ് ചന്തയിലേക്ക്  കന്നുകളെ കൊണ്ടു പോകുന്ന തൃശൂര്കാരൻ നസ്രാണി അന്തോണിച്ചനും കൂട്ടരും അവരുടെ  കാലികളുമായി ആവഴിവരുന്നു. കാഴ്ചകണ്ട നസ്രാണി കാര്യമന്വേഷിച്ചു. മേത്തന്റെ   ചുമലിലിരിക്കുന്ന മഹാൻ വലിയ ദിവ്യനാണെന്നും എന്ത് പറഞ്ഞാലും ഫലിക്കും  എന്നു മൊക്കെ കൂടെയുള്ളവർ പൊടിപ്പും തൊങ്ങലും വെച്ച് വർണ്ണിച്ചു. പുണ്യവും  പണവും എവിടെന്നായാലും ആരുടേതായാലും കളയരുത് എന്ന് തൃശ്ശിവപ്പേരൂർ  തത്വത്തിൽ വിശ്വസിക്കുന്ന അന്തോണിക്ക് ഹരം കയറി.  എന്നാപ്പിന്നെ ആ  മുഖമൊന്ന് കണ്ടിട്ടുതന്നെ കാര്യം എന്ന് തീരുമാനിച്ച് അന്തോണി ദിവ്യന്റെ  മുന്നിലെത്തി..... ദിവ്യന്റെ മുഖം കണ്ടതും അന്തോണിയൊരു ചോദ്യം ....
അല്ലെടാ  ദ് മ്പടെ ഉക്കുറ്വല്ലേന്ന്....അതും ചോദിച്ച് ചേട്ടനും കൂട്ടരും   കന്നുകളേയും കൊണ്ട്  സ്ഥലം വിട്ടു. അപ്പഴാണ്‌ നമ്മുടെ ഭക്തന്മാർക്ക് കാര്യം  പിടികിട്ടിയത്.ഈ വെയിലും കൊണ്ട് തങ്ങളേറ്റിക്കൊണ്ട് നടക്കുന്നത്  തൃശൂരങ്ങടിയിൽ ഇരുന്നു നിരങ്ങി ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന  ഉക്കുറുവിനെയാണ്‌എന്ന് ... 
പിന്നെ താമസിച്ചില്ല ദിവ്യനെ പാതവക്കിൽ  കല്ലന്മാർതൊടീക്കർ സ്ഥാപിച്ച കരിങ്കല്ലത്താണിമേൽ ഇറക്കി വെച്ച് ഭക്താന്മാർ  സ്ഥലം വിട്ടുഎന്നാണ്‌ ചരിത്രം പറയുന്നത്... നട്ടുച്ചയായിരുന്നു.  കരിങ്കല്ലത്താണി വെയിലേറ്റ് പതച്ചിരുന്നു എന്നതൊന്നും അവർക്ക്  പ്രശ്നമായില്ലത്രേ...  ആള്‌ ദിവ്യനാണല്ലോ... വലിയ ചൂടൊന്നും പ്രശ്നമാകില്ല  എന്ന് അവർ കരുതിക്കാണും .... ആര്‌ ദിവ്യനെ എടുത്ത്  താഴെ ഇറക്കിയെന്നോ  അദ്ദേഹമെങ്ങനെ സ്ഥലം വിട്ടു എന്നോ ഒന്നും ചരിത്രത്തിൽ കാണുന്നില്ല.  കാരക്കാട്ടുകാർ ഉക്ക്‌റൂനെ ഏറ്റിയപോലെ എന്ന് ചൊല്ലിന്‌ ജന്മം ലഭിച്ചേടത്ത്  ചരിത്രം അവസാനിക്കുന്നു....

Friday, August 27, 2021

ആലിഹാജിയോടൊപ്പം

ഒരാഴ്ചത്തെ ലീവിൽ നാട്ടിൽ വന്നതായിരുന്നൂ ഞാൻ. രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ ഒരു രണ്ടാം ശനിയാഴ്ചയും ഒഴിവു ദിവസങ്ങളിൽ ജോലിചെയ്തുണ്ടാക്കുന്ന  കോമ്പൻസേഷൻ ലീവും കൂട്ടിച്ചേർത്ത് ഒരാഴ്ചത്തെ അവധി അതായിരുന്നു പതിവ്...
അന്ന് വൈകുന്നേരം പുറത്തേക്കിറങ്ങി. കൂട്ടുകാരെയാരെയെങ്കിലും കിട്ടിയാൽ പുഴയിൽ പോകാം എന്നായിരുന്നു പദ്ധതി. 
ആലിഹാജിയുടെ വീടിനടുത്തെത്തിയപ്പോൾ ചെറിയൊരു വീശുവലയും മീൻ കുണ്ടയുമായി പുഴയിലേക്ക് പോകാനുള്ള ഒരുക്കത്തിൽ നിൽകുകയാണ് ആലിഹാജി. മൂപ്പരൊരു കൊച്ചു വലവാങ്ങിയതും അതുമായി പുഴയിലൂടെ അലഞ്ഞ് പലപ്പോഴും ഒന്നും കിട്ടാതെ മടങ്ങാറൂള്ളതും നാട്ടിൽ സംസാരമായിരുന്നു. ചെയ്ത ഏർപ്പാടുകളില്ലാം നഷ്ടം മാത്രം മിച്ചമാക്കി അദ്ദേഹമിപ്പോൾ സ്വസ്ഥനായിരുന്നു. 
ഹാജി എനിക്ക് ഗുരു തുല്ല്യനാണ്... ഉപ്പായുടെ സുഹൃത്തും അകന്ന ബന്ധുവും.... എന്റെ മനസിൽ അഴിമതി രഹിത ഔദ്യോഗിക ജീവിതം എന്ന ആശയം പാകിവളർത്തിയതിൽ ഹാജിയാർക്ക് വലിയ പങ്കുണ്ടായിരുന്നു. അവസാനം ഒരു പി ഡ്ബ്ലിയുഡി കോണ്ട്രാക്റ്ററായിനോക്കിയ അദ്ദേഹം അഴിമതിയോട് കലഹിച്ച് പണി വലിച്ചെറിഞ്ഞത് എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു. ചെറുപ്പത്തിലേ ബോബെയിൽ പോയി അവിടെ വെച്ച് മരിച്ച അദ്ദേഹത്തിന്റെ മകൻ സൈനുദ്ദീൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു. ചെറുപ്പത്തിലേ സർക്കാറുദ്യോഗസ്ഥനായി മാറിയ എന്നെ അദ്ദേഹത്തിന്ന് വലിയ ഇഷ്ടമായിരുന്നു. 
മീൻ പിടിക്കാൻ തുണയന്വേഷിച്ച് നിൽക്കുകയായിരുന്ന ഹാജ്യാർക്ക് എന്നെ കണ്ടപ്പോൾ സന്തോഷമായി. വരീൻ കുട്ടീ നമുക്ക് ഒരുപിടി പരൽ കിട്ടുമോ എന്ന് നോക്കാം. അവധിയിലെ ഒരു സായാഹ്നം എങ്ങനെ ചെലവഴിക്കണം എന്ന് ചിന്തിച്ചിരുന്ന എനിക്ക് ക്ഷണം സ്വീകാര്യമായി. ഭാര്യ അവളുടെ വീട്ടിലാണ്. ഇനി രാത്രിയിലേ അങ്ങോട്ട് എത്തേണ്ടതുള്ളൂ. സന്തോഷത്തോടെ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും മീൻ കുണ്ടയും വാങ്ങി ഞാനദേഹത്തെ പിന്തുടർന്നു... ഓവുപാലത്തിന്റെ അരികിലൂടെ റെയിലിന്മേൽ കയറി പടിഞ്ഞാട്ട് വെച്ചു. ചീക്കരത്തെ പാലത്തിന്റെയതിലേ കണ്ടാറിയിലേക്കിറങ്ങി അവുടെനിന്നും നിളയുടെ പഞ്ചാരമണൽ പരപ്പിലേക്ക്. മണലിൽ ആർത്തു ചിരിച്ചുകൊണ്ട് കളികളിലേർപ്പെട്ടിരിക്കുന്ന കുട്ടികൾ. കരിമ്പനയോലകൊണ്ട് ചക്രമുണ്ടാക്കി മണലിൽ വെക്കുമ്പോൾ കാറ്റിൽ ചക്രം കിഴക്കോട്ട് പായുന്നു. അതിനെപ്പിടിക്കാൻ കൂവിയാർത്ത് പിറകെ അവരും പായുകയാണ്.  പുഴയിലെത്തുമ്പോഴേക്ക് അദ്ദേഹം ഒരുപാട്  ചരിത്രങ്ങൾ പറഞ്ഞു തീർത്തു. വിട്ടു വീഴ്ച യില്ലാത്തെ നീതി ബോധം കാരണം പലപ്പോഴും ഉപേക്ഷിക്കേണ്ടി വന്ന നല്ല നല്ല ജോലികൾ. പിന്നീട് ഏർപ്പെട്ട ബിസിനസുകളിലെല്ലാം നേരിടേണ്ടി വന്ന നഷ്ടങ്ങൾ. ഏറ്റവും ഒടുവിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പിണിങ്ങി ഉപേക്ഷിക്കപ്പെട്ട പി ഡബ്ല്യുഡി കോണ്ട്രാക്റ്റ്. കൃത്യമായി സിമന്റും മണലും ചേർക്കുന്നില്ലേ എന്ന് പരിശോധിക്കേണ്ടവർ അത്രയും ചേർക്കേണ്ട കുറവു വരുത്തിയതിന്റെ വിഹിതം തങ്ങൾക്ക് എത്തിച്ചാൽ മതിയെന്ന് പറയുമ്പോൾ എങ്ങനെ അവരുമായി ഒത്തു പോകും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഞാനത് വേണ്ടെന്ന് വെച്ചു കൂട്ടി. നമുക്ക് മരിച്ച് പോകേണ്ടേ.... വലയും ചുമലിലിട്ട് കഥപറഞ്ഞ് കൊണ്ട് മുന്നിൽ നടക്കുന്ന അദ്ദേഹത്തെ മൂളിക്കേട്ടുകൊണ്ട് ഞാൻ പിൻ തുടർന്നു. എന്റെ നാട്ടിലെ അറിയപ്പെടാത്ത ഒരു മഹാന്റെ കൂടെയാണ് ഞാൻ നടക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. 

വേനലറുതിയിൽ മെലിഞ്ഞൊട്ടിയ പുഴ. അവിടവിടെ മാത്രം കുറേശ്ശെ വെള്ളം. ഇവിടെയൊക്കെ വീശിയാൽ വല്ലതും കിട്ടുമായിരിക്കും. വെയിലാറിവരുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ട് വീശുന്ന ഇളം കാറ്റ്. കുഞ്ഞിരാമൻ നായരുടെ പമ്പ് ഹൗസിന്റെ ഭാഗത്തുനിന്നും ഞങ്ങൾ വീശാൻ തുടങ്ങി. വീശി വീശി ഞങ്ങൾ മാമരു കുണ്ടിലെത്തി. ഇതുവരെ കുണ്ടയുടെ അടി പരന്നിട്ടില്ല. ഇന്നിനി മീനൊന്നും കിട്ടുമെന്ന് തോന്നുന്നില്ല എന്ന് ഞാൻ മനസിൽ പറഞ്ഞു. 
പകലസ്തമിക്കുകയാണ്. ഇപ്പോൾ പുഴയിലെങ്ങും വെയിലില്ല. ഗ്രാമത്തിന്റെ കിഴക്കേ അതിരിലെ വാടാനാംകുറുശ്ശി കുന്നുകളിൽ പോക്കുവെയിലിന്റെ പൊന്നൊളി. 
അക്കരെ നിന്നും കടവിലേക്കിറങ്ങിയ വല്ല്യാട്ടെ നാരായണന്റെ മകൻ മണി വിളിച്ചു ചോദിച്ചു ഹാജ്യാരെ മീൻ കിട്ട്യോ. ചിരിച്ചുകൊണ്ട് ഹാജ്യാർ പറഞ്ഞു ഒന്നും കിട്ടിണില്ലെടോ യ്യ് രണ്ട് വല വീശിക്കാട്ട്... മണി സമ്മതിച്ചു.  ഹാജ്യാരുടെ കയ്യിൽ നിന്നും വലവാങ്ങി അവൻ വെള്ളത്തിലേക്കിറങ്ങി. 
ഇടക്കിടക്ക് ഓരോ വലവീശി ഞാങ്ങൾ കിഴക്കോട്ട് നീങ്ങി. കുടപ്പാറ കയത്തിൽ  എത്തിയപ്പോഴേക്കും സൂര്യനസ്തമിച്ചിരുന്നു.
ആകാശത്തിലൂടെ കിഴക്കോട്ട് കൂട്ടമായി പറന്ന് പോകുന്ന കൊക്കുകളും കാക്കകളും മറ്റു നീർ പക്ഷികളും. 
വലിയപള്ളിയിൽ നിന്നും യൂസഫ് മുസ്ല്യാരുടെ ബാങ്കൊലി. പുഴയിൽ അധികമാരുമില്ല. കുണ്ടയിൽ ഇതു വരെ അരക്കിലോ പരൽ പോലും ആയിട്ടില്ല. ന്നാ ഞാനിഞ്ഞ് പോട്ടെ ഹാജ്യാരേ ഇക്ക് അക്കരെ പോയിട്ട് കുറച്ച് പണിയുണ്ട്. വല ഹാജ്യാരെ തിരിച്ചേല്പിച്ച് മണി കുട്ടന്റെ പീടികയുടെ വശത്തേക്ക് നടന്നു... പുഴയിൽ ഞങ്ങളൊറ്റക്കായി.
ന്ന് പ്പൊ ഇത് മതി മേൽകഴുകി പോകാൻ നോക്കാം എന്ന് പറഞ്ഞ് ഹാജ്യാർ മടങ്ങാൻ ഒരുങ്ങവേ "ഇതാരാ ഇപ്പൊ മീൻ പിടുത്തക്കര്" എന്നും ചോദിച്ചുകൊണ്ട് അദ്ദേഹം വന്നു. മങ്ങിയ വെളിച്ചത്തി ആൾ അടുത്തെത്തിയപ്പോഴാണ് മനസിലായത്.  പറമ്പിലെ ബാപ്പുഹാജി. ഞങ്ങൾ രണ്ടു പേരുടേയും ബന്ധു. വലിയൊരു വലയും ചുമലിലിട്ട് അദ്ദേഹം മീൻ പിടിക്കാൻ ഇറങ്ങിയിരിക്കയാണ്. ഇനി രാത്രി പത്തുമണി വരെ വീശി നിറയെ മീനും പിടിച്ചേ മൂപ്പർ മടങ്ങൂ. 
നോക്കട്ടെ മോനേ വല്ലതും കിട്ട്യോ അദ്ദേ ഹത്തിന്റെ സ്നേഹപൂർണ്ണമായ അന്വേഷണം. ഞാൻ ലജ്ജയോടെ ഞങ്ങളുടെ ശുഷ്കമായ കുണ്ട അദ്ദേഹത്തിന്റെ മുന്നിൽ വെച്ചു. അത് പൊക്കി നോക്കിയിട്ടദ്ദേഹം ഞങ്ങളെ കളിയാക്കി. ങ്ങാ നല്ല മീൻ പുടുത്തക്കാരാ... ഇത്ര നേരം അലഞ്ഞിട്ടും ഒരു റാത്തല് തികഞ്ഞിട്ടില്ലല്ലോ. കുണ്ട താഴെ വെച്ച് അദ്ദേഹം തന്റെ വലിയ വലയുമായി കൊടപ്പാറ കയത്തിലേക്കിറങ്ങി. അരയോളം വെള്ളത്തിലേക്കിറങ്ങി അദ്ദേഹം വീശി. വല വലിച്ചു നോക്കിയപ്പോൾ നിറയെ മീൻ. വല മണലിൽ വിരിച്ചിട്ടദ്ദേഹം പറഞ്ഞു "ങൂം വേഗം പെറുക്കി കുണ്ട നിറക്കിൻ". ഞങ്ങൾ ധൃതിയിൽ  മീൻ പെറുക്കി കുണ്ടയിലാക്കി. ഒരു വലകൂടി ഞങ്ങൾക്ക് വേണ്ടി അദ്ദേഹം വീശിയപ്പോഴേക്കും ഞങ്ങളുടെ കുണ്ട നിറഞ്ഞിരുന്നു..."ഞ്ഞ് വേഗം സ്ഥലം വിട്ടോളിൻ. ഞാൻ എനിക്ക് വല്ലതും കിട്ട്വോ നോക്കട്ടേ..." അദ്ദേഹം വലയും കുണ്ടയുമെടുത്ത് കിഴക്കോട്ട് നടക്കുന്നത് നന്ദിയോടെ നോക്കിക്കൊണ്ട് നിൽക്കവേ ഞാൻ കണ്ടു. അങ്ങകലെ മലയുടെ മറവിൽ നിന്നും ഉദിച്ചുയരുന്ന പൂർണ്ണ ചന്ദ്രൻ.
കൊടപ്പാറ ആശ്രമത്തിൽ നിന്നും മൈക്കിലൂടെ മുഴങ്ങുന്ന ജ്ഞാനപ്പാന....

ആലിഹാജി മേൽ കഴുകി വല ചുമലിലിട്ട് പുറപ്പെട്ടു. മീൻ കുണ്ടയുമായി പിറകെ ഞാനും. കുണ്ടയുടെ ഭാരം അനുഭവപ്പെടാൻ തുടങ്ങിയപ്പോൾ ഞാനോർത്തു...ബാപ്പുഹാജി വന്നില്ലായിരുന്നെങ്കിൽ ഒരാശ്വാസമായേനേ...
നിളയുടെ മണലിന്മേൽ പരന്നൊഴുകുന്ന നിലാവിൽ കുളിച്ചുകൊണ്ട് ഞങ്ങൾ കാരക്കാട് മുക്രിക്കടവ് ലക്ഷ്യമാക്കി നടന്നു. പുഴയിൽ നിന്നും പള്ളിക്കടവിലേക്കുള്ള ഇടവഴിയിലേക്ക് കയറുമ്പോൾ വലിയപള്ളിയിൽ നിന്നു. ഇശാ ബാങ്ക് കൊടുക്കുന്നു...

Friday, August 13, 2021

നീതി നന്മ വിട്ടുവീഴ്ച


ഖലീഫ ഉമറിന്റെ ഭരണകാലം നീതിയുടേയും നന്മയുടേയും പുഷ്കല കാലം. കുറ്റവിചാരണയിലും ശിക്ഷാ വിധികളിലും അത് നടപ്പാക്കുന്നതിലും അങ്ങേ അറ്റത്തെ കണിശത പുലർത്തപ്പെട്ടിരുന്ന കാലം. ഒരു ഭരണാധികാരി നീതിമാനാകുമ്പോൾ സ്വാഭാവികമായും ഭരണീയരും നീതിമാന്മാരായി മാറുന്നത് അദ്ദേഹത്തിന്റെ ചരിത്രത്തിൽനിന്ന് നമുക്ക് വായിച്ചെടുക്കാൻ കഴിയും. ഒരിക്കൽ അദ്ദേഹത്തിന്റെ കോടതിയിലേക്ക് ഒരാളെയും കൊണ്ട് രണ്ട് ചെറുപ്പക്കാർ കടന്നുവന്നു. അവരുടെ പിതാവിനെ അയാൾ കൊന്നുകളഞ്ഞു എന്നായിരുന്നു അവരുടെ പരാതി. ഖലീഫ പ്രതിയെ വിചാരണ ചെയ്തു. ഇവരുടെ പിതാവ് തന്റെ ഒട്ടകത്തെയുകൊണ്ട് എന്റെ കൃഷിയിടത്തിൽ കയറി. എന്റെ കൃഷി നശിപ്പിക്കാതിരിക്കാൻ ഞാൻ പറഞ്ഞിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. പെട്ടെന്നുണ്ടായ കോപത്താൽ ഞാൻ എറിഞ്ഞ കല്ല് അദ്ദേഹത്തിന്റെ മർമ്മത്ത് കൊണ്ടതിനാൽ അയാൾ മരണപ്പെട്ടു. ഇതായിരുന്നു പ്രതിയുടെ മൊഴി. വിസ്താരത്തിന്നു ശേഷം ഉമർ പ്രതിക്ക് വിധിച്ചത് വധശിക്ഷയായിരുന്നു. വധിക്കപ്പെട്ടയാളുടെ മക്കളോട് പ്രതിക്ക് മാപ്പു നൽകാൻ തയ്യാറുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോൾ അവരത് നിരസിക്കുകയാണു ചെയ്തത്. അതിനാൽ ശിക്ഷ ഉറപ്പിക്കപ്പെട്ടു. ശേഷം എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ കുടുംബത്തെ ഒന്ന് സന്ദർശിച്ച് വരാൻ അനുവാദം വേണമെന്ന് അയാൾ അപേക്ഷിച്ചു. തികച്ചും മാനുഷികമായ ആ അപേക്ഷ ആൾ ജാമ്മ്യത്തിന്റെ പുറത്ത് അനുവദിക്കാൻ കോടതി തയ്യാറായി. പക്ഷേ അപരിചിതനായ ഒരു വ്യക്തിക്ക് സ്വജീവൻ കൊണ്ട് ആരു ജാമ്മ്യം നിൽകും എന്നത് പ്രശ്നമായി. അപരിചിതനായ അയാൾക്ക് ജാമ്യം നില്‍ക്കാന്‍ ആരും തയാറായിരുന്നില്ല. മാപ്പുകൊടുക്കാന്‍ വാദികളും തയാറായില്ല.
ഈ അവസരത്തിൽ മുതിർന്ന സഹാബിയും പണ്ഡിതനുമായ    അബൂദര്‍രില്‍ ഗിഫാരി പ്രതിക്ക് വേണ്ടി ജാമ്യം നില്‍ക്കാൻ തയ്യാറായി. ഏതെങ്കിലും കാരണവശാൽ പ്രതി നിശ്ചിത സമയത്തിനകം ഹാജരാകാതെ വന്നാൽ ഗിഫാരിക്കുമേൽ ശിക്ഷ നടപ്പാക്കപ്പെടും എന്നായിരുന്നു ജാമ്മ്യവ്യവസ്ഥ.  മൂന്നാം നാള്‍ ശിക്ഷ നടപ്പാക്കുന്ന സന്ദര്‍ഭത്തില്‍ പ്രതി ഹാജരായില്ലെങ്കില്‍ നീതി നടപ്പാക്കുന്നതില്‍ പിന്നോട്ടുപോകില്ലെന്നും ഒരു ഇളവും പ്രതീക്ഷിക്കേണ്ടതില്ല എന്നുമുള്ള ഖലീഫയുടെ മുന്നറിയിപ്പിന്ന് " ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നു" എന്നായിരുന്നു  അബൂദര്‍റിന്റെ മറുപടി. മൂന്നാം ദിവസം കോടതികൂടി. പരാതിക്കാരും ജാമ്മ്യക്കാരനും എത്തി. ശിക്ഷക്ക് സാക്ഷികളാകാൻ ധാരാളം സത്യവിശ്വാസികളും ഹാജറായി. പക്ഷേ പ്രതിമാത്രം എത്തിയില്ല. സമയം തീരാറായപ്പോൾ ജാമ്മ്യക്കാരൻ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായി ജഡ്ജിക്ക് മുന്നില്‍ ഹാജരായി. അതൊരു വല്ലാത്ത സന്ദർഭമായിരുന്നു. നിരപരാധിയായ  തലമുതിർന്ന സഹാബി അപരിചിതനായ പ്രതിക്കു പകരം വധിക്കപ്പെടുക. അപ്പോഴതാ ഓടിക്കിതച്ച് അയാൾ വരുന്നു വധ ശിക്ഷ ഏറ്റുവാങ്ങാൻ. സദസ്സ് ആശ്വാസത്താൽ നെടുവിർപ്പിട്ടു. അതേസമയം പ്രതിയുടെ നടപടി കലീഫയടക്കം എല്ലാവരേയും അത്ഭുത് സ്തബ്ദരാക്കി. ഖലീഫ അയാളോട് ചോദിച്ചു. ജാമ്മ്യ വ്യവസ്ഥപ്രകാരം ആരും താങ്കളെ അന്വേഷിച്ച് വരില്ല എന്ന് ഉറപ്പായിട്ടും മരണമേറ്റുവാങ്ങാൻ ഓടിയെത്തിയ താങ്കളുടെ പ്രചോദനമെന്തായിരുന്നു. 
അപരിചിതനായ എന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത വ്യക്തിയോട് ഞാൻ ചെയ്ത കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ ലോകത്ത് കരാർ പാലനം എന്ന മൂല്ല്യം തന്നെ നശിച്ചതായി ലോകം മനസിലാക്കുമെന്ന് ഞാൻ ഭയപ്പെട്ടു. 
തുടർന്ന് ഖലീഫ അബൂദര്‍റിനോട് ചോദിച്ചു ‘ഗോത്രമേതെന്ന് പോലും അറിയാത്ത ഈ പ്രതിക്ക് സ്വജീവൻ കൊണ്ട് ജാമ്യം നില്‍ക്കാന്‍ അങ്ങയെ പ്രേരിപ്പിച്ചതെന്താണ്?’ അദ്ദേഹം പറഞ്ഞു ഞാന്‍ ഇദ്ദേഹത്തിനുവേണ്ടി ജാമ്യം നിന്നില്ലായിരുന്നുവെങ്കില്‍ ലോകത്ത് എല്ലാ നന്മയും നശിച്ചുവെന്ന് പില്‍ക്കാലത്ത് ജനങ്ങള്‍ പറയുമോ എന്ന് ഞാന്‍ ഭയന്നു’.
ഈ രണ്ടു മൊഴികളും ശ്രവിച്ച പരാതിക്കാരായ ചെറുപ്പക്കാർ കരഞ്ഞുകൊണ്ട് മുന്നോട്ടുവന്നിട്ട് പറഞ്ഞു. ഞങ്ങൾ ഈ സഹോദരന്ന് മാപ്പു കൊടുക്കുകയാണ്. ഞങ്ങൾ മൂലം വിട്ടുവീഴ്ച എന്ന നന്മ ലോകത്ത് ഇല്ലാതായീ എന്ന് ഭാവിയിൽ ജനങ്ങൾ പറയാനിടവരരുത് എന്ന് ഞങ്ങളാഗ്രഹിക്കുന്നു.
ഇത് കോട്ടതോടെ ഖലീഫയും സദസ്സും സർവ്വേശ്വരനെ വാഴ്തി ക്കൊണ്ട് പിരിഞ്ഞു പോയി.
akoyavk@gmail.com

Thursday, July 29, 2021

പെരുന്നാൾ

അന്നോക്കെ കാരക്കാട്ടെ പെരുന്നാള്‌ അങ്ങനെയായിരുന്നു ... ചെറിയവന്റെ വീട്ടിലും വലിയവന്റെ വീട്ടിലും ഒരേപോലെ .... തലേ ദിവസം തക് ബീർചൊല്ലി ഗ്രാമം മുഴുവൻ നടക്കുക. പിറ്റേദിവസം  കുഞ്ഞുങ്ങളടക്കം മൊട്ടത്തല നിറച്ചെണ്ണതേച്ച് ഭാരതപ്പുഴയിലോ വലിയകുളങ്ങളിലോ പോയി നന്നായൊരു കുളി. പ്രാതൽ മിക്കവാറും പുട്ടും പപ്പടവും, കഴിച്ച് പള്ളിയിലേക്ക് ... അവിടെനിന്നും വന്നാൽ ഏറ്റവും അടുത്ത രണ്ട് മൂന്നു കുടുംബങ്ങളിൽ കയറി ഉണ്ണുക. വിഭവങ്ങളെല്ലാം ഒരുപോലത്തന്നെയായിരിക്കും. ചോറ്. കുമ്പളങ്ങയും നേന്ത്രക്കായും മോരൊഴിച്ചു വെച്ച ഒരു കറി ഒന്നോ രണ്ടോ ഉപ ദംശങ്ങൾ പുളിയിഞ്ചി എന്നു വിളിക്കുന്ന അച്ചാറ്... വലിയ പപ്പടം പിന്നെ ഏറ്റവും പ്രധാനവിഭവമായ ഉണക്കസ്രാവ്‌ പൊരിച്ചതും ഇന്നത്തെപ്പോലെ നാലുകൂട്ടം ഇറച്ചികളും നയ്ച്ചോറും ബിരിയാണിയുമൊന്നും അന്നുണ്ടായിരുന്നില്ല. നൂഡിൽസ് ഫ്രൈഡ് റൈസ് എന്നൊന്നും അന്നാരും കേട്ടിട്ടുമുണ്ടായിരുന്നില്ല.   പിന്നെ ഭക്ഷണത്തിന്നു മേലെ പാലു പിഴിഞ്ഞത് എന്ന് വിളിക്കപ്പെട്ടിരുന്നു ശർക്കര പഴം ചെറിയഉള്ളി നാളികേരം മുതലായവ ചേർത്തുണ്ടാക്കിയ ഒരു പാനീയവും ... വേണമെങ്കിൽ മാപ്പളപ്പായസം എന്നു വിളിക്കാം. 
പിന്നീട് വൈകുന്നേരം കയ്യിലുള്ള ചില്ലറക്കാശ് തട്ടിക്കൂട്ടി പട്ടാമ്പിക്കോ ഷൊർണൂരിലേക്കോ ഒരു സിനിമക്ക് പോക്ക്... തൃശൂര്‌ പാലക്കാട്‌, കോഴിക്കോട്‌മുതലായ് ഇടങ്ങളീൽ പോയി സിനിമകണ്ടിരുന്ന അപൂർവ്വം ഭാഗ്യവാന്മാരെ മറക്കുന്നില്ല.... 
കാലം മാറി വിഭവങ്ങളും ആസ്വാദനങ്ങളും മാറി ... സിനിമയിലൊതുങ്ങിയിരുന്ന നേരമ്പോക്ക് മറ്റു പലതിനും വഴിമാറി.... ചൈനീസ് അമേരിക്കൻ അറേബ്യൻ വിഭവങ്ങളും ഇഷ്ട ഭോജ്യങ്ങളായി... തികയുമോ എന്നഭയത്താൽ പാകം ചെയ്ത ഭക്ഷണങ്ങൾ കൊണ്ടു പോയിക്കൊട്ടുന്നത് തിന്ന്‌ തെരുവുനായ്കൾക്കടക്കം ഒരു ഇമ്പീരിയൽ ലുക്ക് വന്നു... കണ്ടാലേതോ ശ്വാന സ്നേഹികൾ വള്ർത്തുന്നത് എന്ന് ധരിച്ചു പോയേക്കാവുന്ന നായ്കൾ നാട്ടിൽ പെരുകി... പക്ഷേ ഒരു കാര്യത്തിനു മാത്രം മാറ്റം വന്നില്ല ... ഉണക്ക സ്രാവ് നോടുള്ള കമ്പം ... ബിസിനസ് മാനേജുമെന്റ വിദഗ്ദന്മാർ അത് അറിഞ്ഞു തന്നെ കരുനീക്കുന്നു... ഒരു കിലോ ഉണക്ക സ്രാവിന്‌ വില  എഴുനൂറ്റമ്പതു മുതൽ എണ്ണൂറ് വരെ..
അപ്പോഴാണ്‌ ഞങ്ങളിൽ ചിലർ ആസത്യം കണ്ടെത്തി പ്രഖ്യാപിച്ചത് പെരുന്നാളിന്‌ സ്രാവ്‌ പൊരിച്ചില്ല എന്നുവെച്ച് " ദീനുൽ ഇസ്ലാമിൽ നിന്നും പുറത്താകുകയൊന്നുമില്ല എന്നസത്യം ... സ്രാവ് കടയിലിരുന്നു ഉണങ്ങിയെന്ന് കരുതി കേടു വരികയൊന്നുമില്ലല്ലോ ;)

Saturday, July 24, 2021

പിതാവിന്റെ തണലിൽ നിന്ന് പൊട്ടക്കിണറ്റിലേക്ക്

ഇബ്രാഹീമിന്റെ പൗത്രൻ ഇസ്രാഈലിന്ന് (യാക്കൂബ്)മൂന്ന് ഭാര്യമാരിലായി മക്കൾ പന്ത്രണ്ടായിരുന്നു. രൂബേൻ, ശിമയോൻ, ലേവി, യെഹൂദാ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബൂലൂൻ, യോസേഫ് , ബെന്യാമീൻ എന്നിങ്ങനെ.  അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യയിൽ ജനിച്ചമക്കളായിരുന്നു യൂസഫും ബെന്യാമീനും. ബിന്യാമിന്റെ പ്രസവത്തോടെ അവരുടെ അമ്മ മരിച്ചു പോയിരുന്നതുകൊണ്ടാവണം ഈ മക്കളോട് അദ്ദേഹത്തിനു പ്രത്യേക വാത്സല്ല്യമായിരുന്നു. ഇത് മറ്റു മക്കളിൽ കഠിനമായ അസൂയയും വെറുപ്പും ഉളവാക്കി.  പ്രത്യേകിച്ചും കൂട്ടത്തിലേറ്റവും സുന്ദരനായ യൂസഫിനോടുള്ള സ്നേഹം. അവരിലെ കുബുദ്ധികൾ എങ്ങനെയെങ്കിലും യൂസഫിനെ പിതാവിൽ നിന്ന് അകറ്റാനുള്ള വഴികൾ ആരാഞ്ഞുകൊണ്ടിരുന്നു.

ഒരു ദിവസം പുലർച്ചെ യൂസഫ് പിതാവിനോട് പറഞ്ഞു പിതാവേ ഇന്നലെ രാവിൽ ഞാനൊരു കിനാവു കണ്ടിരിക്കുന്നു. പതിനൊന്ന് നക്ഷത്രങ്ങളും സൂര്യചന്ദ്രാദികളും എന്നെ സാഷ്ടാംഗം പ്രണമിക്കുന്നതായി ഞാൻ കണ്ടു. പ്രവാചകനായ യാക്കൂബിന് കാര്യം മനസിലായി. തന്റെ വത്സല പുത്രൻ തന്റെ മാതാപിതാക്കളും സഹോദരങ്ങളും ബഹുമാനിക്കേണ്ട ഉന്നത പദവിയിൽ എത്തുമെന്ന് അദ്ദേഹം ദീർഘദർശനം ചെയ്തു. പൊതുവേ യൂസഫിനോട് അസൂയ പുലർത്തുന്ന അവന്റെ അപക്വമതികളായ സഹോദരന്മാർ ഇതറിഞ്ഞാൽ വല്ല അവിവേകവും പ്രവർത്തിക്കുമോ എന്ന് അദ്ദേഹത്തിന് ആശങ്കയുണ്ടായി. അതുകൊണ്ട് സ്വപ്നത്തിന്റെ വൃത്താന്തം സഹോദരന്മാരെ അറിയിക്കരുത് എന്നദ്ദേഹം യൂസഫിനെ താക്കീത് ചെയ്തു. 
യൂസഫിന് സർവ്വേശ്വരൻ സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചുകൊടുക്കുകയും അവന്റെ അനുഗ്രം പൂർത്തീകരിച്ചു കൊടുക്കുകയും ചെയ്യും എന്ന സന്തോഷവാരത്ത അറിയിക്കുകയും ചെയ്തു....
സഹോദരന്മാരുടെ അസൂയ വർദ്ധിച്ചു വരികയായിരുന്നു. മരുഭൂമിയിൽ ആടു മേച്ചു കൊണ്ടിരിക്കേ തരം കിട്ടുമ്പോഴൊക്കെ അവർ യൂസഫിനെതിരെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നു. എണ്ണത്തിൽ കൂടുതൽ നമ്മളാണെങ്കിലും യൂസുഫിനേയും അവന്‍റെ സഹോദരനേയുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാള്‍ ഇഷ്ടം. കണ്ടില്ലേ യൂസഫിനേയും ബിന്യാമിനേയും ആടുമേക്കാൻ പോലും അയക്കുന്നില്ല. 
നമ്മുടെ പിതാവിന്റെ രീതികൾ ശരിയല്ലാ. അതിനാൽ എങ്ങനെയെങ്കിലും യൂസഫിനെ കൊന്നിട്ടാണെങ്കിലും പിതാവിൽ നിന്നകറ്റണം. അതായിരുന്നു തീരുമാനം. അങ്ങനെയവർ യൂസഫിനെക്കൂടി ആടുമേക്കാൻ കൊണ്ടു പോകാൻ പിതാവിനോട് സമ്മതം ചോദിച്ചു. അവനും കളിച്ചുല്ലസിക്കയും മുരുഭൂജീവിതം പഠിക്കുകയും ചെയ്യട്ടേ എന്നവർ നിർദ്ദൃശിച്ചു. 
വേണ്ട നിങ്ങളുടെ ശ്രദ്ധയെങ്ങാനും തെറ്റിയാൽ അവനെ ചെന്നായ് പിടിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു എന്നായിരുന്നു പിതാവിന്റെ ആദ്യപ്രതികരണം . പക്ഷേ മക്കൾ വിടാൻ ഭാവമില്ലായിരുന്നു. ഞങ്ങൾ പത്തുപേർ കൂടെയുണ്ടായിരിക്കേ അവനൊരു കേടും പറ്റാതെ സൂക്ഷിക്കുന്നതാണ് എന്ന് അവർ പിതാവിനു വാക്കുകൊടുത്തു.ആദ്യമൊക്കെ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും മക്കളുടെ സ്നേഹപൂർണ്ണമായ നിരബന്ധത്തിന് മനസില്ലാ മനസോടെ അദ്ദേഹം വഴങ്ങി. അങ്ങിനെ അവർ ഒരു ദിവസം അവർ യൂസഫിനേയും കൂട്ടി മരുഭൂമിയിലേക്ക് യാത്രയായി.... 
മരുഭൂമിയിൽ ആടുകളെ മേയാൻ വിട്ട് അവർ യൂസഫിനെ കൂടാരത്തിൽ ഇരുത്തി ആടുകളെ നോക്കാനെന്ന ഭാവത്തിൽ പുറത്തിറങ്ങി ദൂരെ രഹ്സ്യയോഗം ചേർന്നു. കഴിയുന്നതും വേഗ യൂസഫിനെ ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചന തുടങ്ങി. യൂസഫിനെ കൊന്നുകളയാം എന്നായിരുന്നു ചിന്ത. എന്നാൽ ആ പത്തു പേരിലൊരാൾ അതിനെ ശക്തിയായി എതിർത്തു. എത്രയായാലും അവർ നമ്മുടെ രക്തമല്ലേ എന്നായിരുന്നു അയാളുടെ ചിന്ത. നമുക്കവനെ വരും വഴി കണ്ട പൊട്ടക്കിണറ്റിൽ ഉപേക്ഷിക്കാം. വല്ല വഴിപോക്കരും അവനെ എടുത്ത് ദൂരെ കൊണ്ടു പോയ്ക്കൊള്ളും... 
അവസാനം അങ്ങനെ തീരുമാനിക്കപ്പെട്ടു. അവർ അനുജനെ അവറ്റെ കുപ്പായം ഊരിയെടുത്ത ശേഷം കിണറ്റിൽ ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങി. പിതാവിന്റെ നാപ്പിഴതന്നെ അവർ തങ്ങൾക്ക് തെളിവായി ഉപയോഗിച്ചു. ഒരു ആടിനെ കൊന്ന് അതിന്റെ രക്തം യൂസഫിന്റെ കുപ്പായത്തിൽ പുരട്ടി അതുമായി കരഞ്ഞുകൊണ്ട് പിതാവിന്റെ മുന്നിലെത്തി. പിതാവേ അങ്ങ് ആശങ്കിച്ച പോലെത്തന്നെ സംഭവിച്ചു. തങ്ങൾ ആടുകളെ മേച്ചുകൊണ്ടിരിക്കെ വിശ്രമിക്കുകയായിരുന്ന യൂസഫിനെ ചെന്നായ പിടിച്ച് തിന്നുകളഞ്ഞു എന്നും പറഞ്ഞ് ആട്ടിൻ ചോരപുരണ്ട യൂസഫിന്റെ കുപ്പായം പിതാവിന്റെ മുന്നിൽ വെച്ചു....
എന്തുകൊണ്ടോ പിതാവിന് അവരുടെ വാക്ക് വിശ്വാസമായില്ല. അദ്ദേഹം പറഞ്ഞു എന്തോരു കടുകൈ ചെയ്യാൻ പിശാച് നിങ്ങൾക്ക് തോന്നിച്ചതാകുന്നു. ഇനി ഭംഗിയായി ക്ഷമിക്കുകയല്ലാതെ എനിക്കെന്ത് പോംവഴി. അദ്ദേഹം ദുഖിതനായി. ദുഖം സഹിക്കവയ്യതെ കരഞ്ഞു കരഞ്ഞ് അദ്ദേഹത്തിന്റെ കാഴ്ച മങ്ങിപ്പോയി....
അസൂയാലുക്കളായ സഹോദരന്മാർക്കുണ്ടോ ദൈവത്തിന്റെ മനമറിയുന്നു... 
തങ്ങൾ നിർദ്ദയം തള്ളിയിട്ട പൊട്ടക്കിണറ്റിൽ നിന്നും ഈജിപ്തിലെ രാജകൊട്ടാരത്തിലേക്കാണ് യൂസഫ് ഉയർത്തപ്പെടാൻ പോകുന്നത് എന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു... 
(തുടരും)

Sunday, July 11, 2021

ലോതർ സായിപ്പ്


മുഹമ്മദ് മാസ്റ്റർ തന്റെ കുടുംബത്തെ നാട്ടിൽ വിട്ട് ജോലിസ്ഥലമായ സിംഗപ്പൂരിലേക്ക് പോകും വഴിയായിരുന്നു. കപ്പലിന്റെ മേൽതട്ടിൽ കടലിന്റെ വിജനമായ വിശാലതയിലേക്ക് നോക്കിക്കൊണ്ട്  ഒറ്റക്കിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ അടുത്തേക്ക് വന്ന് അയാൾ ആഹ്ലാദപൂർവ്വം സ്വയം പരിചയപ്പെടുത്തി. പേര് ലോതർ. ലോതർ ഒരു ഹോളീഡേ ട്രിപിലയിരുന്നു. സിങ്കപ്പൂർ സന്ദർശിക്കാൻ പോവുകയാണ്. അല്പനേരം കൊണ്ട് മാസ്റ്റർക്ക് ലോതറെ ഇഷ്ടപ്പെട്ടു. രസികൻ സംസാരപ്രിയൻ. 
കപ്പൽ യാത്രയായതു കൊണ്ട് അടുത്ത് പരിചയപ്പെടാൻ ധാരാള സമയം കിട്ടി. കപ്പലിറങ്ങുമ്പോഴേക്കും തങ്ങളുടെ കുടുംബ ചരിത്രങ്ങളെല്ലാം പരസ്പരം കൈമാറും വിധം അരുടെ സൗഹൃദം വളർന്നിരുന്നു. എന്നെങ്കിലും കേരളം സന്ദർശിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്ന് പറഞ്ഞ ലോതറിന്‌ കുന്ദംകുളത്തിനടുത്തെ മുതുവമ്മലുള്ള തന്റെ വീട്ടിലേക്ക് എങ്ങെനെ എത്താമെന്നതിന്റെ രൂപരേഖ മാസ്റ്റർ കൈമാറി. ഒരു മര്യാദാ പ്രകടനം എന്ന നിലക്കത് ചെയ്തൂ എന്നല്ലാതെ ഒരിക്കലും തന്നെയന്വേഷിച്ച് എന്നെങ്കിലും ലോതർ എത്തുമെന്ന് മാസ്റ്റർ കരുതിയതുമില്ല...
കാലം കുറേ കഴിഞ്ഞു. മാസ്റ്റർ സിങ്കപ്പുരിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ താമസമായി. ഒരു ദിവസം വകുന്നേരം മാസ്റ്ററുടെ വീട്ടു മിറ്റത്ത് ഒരു കാർ വന്നു നിന്നു. മുഖം നിറയെ ചിരിയുമായി ലോതർ പുറത്തിറങ്ങി. വർഷങ്ങൾക്ക് മുമ്പ് താൻ വഴിയും വിലാസവും വരഞ്ഞുകൊടുത്ത രൂപരേഖയുമായി കൊച്ചിയിൽ വിമാനമിറങ്ങി എയർപോർട്ടിൽ നിന്നും ഒരു ടാക്സിയെടുത്ത് നേരെ മുതുവമ്മലെ മാസ്റ്ററുടെ വീട്ടിൽ വന്നിറങ്ങിയിരിക്കയാണ്. സ്ഥലത്തെത്തും വരെ ചിരകാല പരിചയമുള്ളയാളെപ്പോലെ തനിക്ക് വഴി പറഞ്ഞു തന്നു എന്ന് ടാക്സി ഡ്രൈവർ അതിശയം കൂറി... 
കുശലമൊക്കെ പറഞ്ഞു തീർന്ന ശേഷം ലോതർ കാര്യം പറഞ്ഞു. ജർമ്മനിയിൽ പണിയെടുക്കുന്ന ഒരു കോട്ടയത്തുകാരി നഴ്സുമായി ലോതറിനു കലശലായ പ്രണയം. വീട്ടുകാരുടെ സമ്മതത്തോടെയേ കെട്ടൂ എന്ന് പെൺകുട്ടി. വീട്ടുകാർക്കാണെങ്കിൽ കുട്ടിയെ സായിപ്പിനു കൊടുക്കുന്നതിനോട് അത്ര യോജിപ്പുമില്ല. അതിനാൽ ലോതറുടെ പ്രതിനിധിയായി മുഹമ്മദ് മാസ്റ്റർ പെൺകുട്ടിയുടെ വീട്ടുകാരോട് സംസാരിക്കണം. ചുരുക്കിപ്പറഞ്ഞാൽ  തൃശൂർക്കാരൻ മേത്തൻ കോട്ടയത്തുകാരൻ നസ്രാണി യോട് അവരുടെ മകളെ തന്റെ സുഹൃത്തും സായിപ്പുമായ നസ്രാണിക്ക് വേണ്ടി കെട്ടാലോചിക്കണം എന്ന്. സായിപ്പേ ഇത് കേരളമാണ് എന്ന് പറഞ്ഞ് ഒഴിയാനൊന്നും മാസ്റ്റർ ശ്രമിച്ചില്ല. പിറ്റേദിവസം ലോതറുമൊത്ത് കോട്ടയത്ത് പോയി കുട്ടിയുടെ രക്ഷിതാക്കളെ കണ്ട് സംസാരിച്ച് കാര്യാം ഉറപ്പിച്ച് മടങ്ങി.... ലോതർ ജർമ്മനിയിൽ ചെന്നാലുടെ കല്ല്യാണം എന്നായിരുന്നു തീരുമാനം.
തുടർന്ന് മൂന്നുനാലും ദിവസം ലോതർ മാസ്റ്ററുടെ അതിഥിയായി. കേരളം സന്ദർശിച്ച കൂട്ടത്തിൽ മാസ്റ്ററുടെ മരുമകനും എന്റെ എളാപ്പയുമായ Hamsakoya Vayyatukavil  മാസ്റ്ററുടെ വീട്ടിലും വന്നിരുന്നു. ഒരു പകൽ മുഴുവൻ അദ്ദേഹം ഞങ്ങളുടെ അതിഥിയായിരുന്നു. അന്ന് എന്റെ കൂടെ കണ്ടാറിപ്പാടത്തുകൂടിയും പുഴവക്കിലൂടെയുമൊക്കെ അദ്ദേഹം ചുറ്റി നടന്നു. ഇഞ്ചിയും മഞ്ഞളും കുരുമുളകുമൊക്കെ ഞാൻ മൂപ്പർക്ക് കാണിച്ചു കൊടുത്തു. നടത്തത്തിനിടെ താനൊരു മെക്കാനിക്കാണെന്നും കൊല്ലത്തിൽ ഒരു മാസം വെക്കേഷനിൽ ലോകം ചുറ്റലാണു വിനോദം എന്നും അദ്ദേഹം പറഞ്ഞു. അവിടെയൊക്കെ ജോലിചെയ്യുന്ന മണിക്കൂറിനാണു പ്രതിഫലം നൽകപ്പെടുന്നത് എന്ന് ആദ്യമായി ഞാൻ കേട്ടത് ലോതറിൽ നിന്നായിരുന്നു. പിറ്റേ ദിവസം ലോതർ ജർമ്മനിയിലേക്ക് മടങ്ങി. അവിടെ വെച്ച് അദ്ദേഹത്തിന്റെയും കോട്ടയത്തുകാരിയുടേയും വിവാഹം കഴിഞ്ഞു എന്ന് പിന്നീട് അറിഞ്ഞു....
*********
ലോതർ ഇപ്പോഴെവിടെയാണാവോ. ഒരു വേള മലയാളിയായ തന്റെ കളത്രത്തോടും പുത്രാദികളോടു മൊത്ത് ജർമ്മനിയിൽ എവിടെയെങ്കിലും  സുഖമായി കഴിഞ്ഞു കൂടുന്നുണ്ടാകാം. അങ്ങനെയാവട്ടേ. അല്ലെങ്കിലൊരു പക്ഷേ തന്റെ നിയോഗം പൂർത്തിയാക്കി മടങ്ങിയിട്ടുമുണ്ടാകാം. ജീവിച്ചിരിപ്പുണ്ടെങ്കിലിപ്പോൾ എൺപതിനോടടുത്ത പ്രായമുണ്ടാകും....

Wednesday, June 23, 2021

സ്വാലിഹ് പ്രവാചകന്റെ കഥ

 
സ്വാലിഹ് പ്രവാചകന്റെ കഥ
**************************
വിശുദ്ധഖുർ ആൻ മനുഷ്യർക്ക് നല്കുന്ന മുന്നറിയിപ്പുകളുടെ രീതി ഇങ്ങനെയാണ്‌. ദൈവ നിഷേധവും അഹങ്കാരവും അതിന്റെ പരിധി ലംഘിക്കുമ്പോൾ ഈശ്വരൻ ആ ജനതയിലേക്ക് മുന്നറിയിപ്പുകാരെ അയക്കുന്നു. എന്നിട്ടും തിരുത്താൻ തയ്യാറാകാതെ മനുഷ്യർ അവരുടെ അധർമ്മം തുടരുമ്പോൾ ആജനതയെ ഭൂമുഖത്തു നിന്നും തുടച്ചു മാറ്റപ്പെടുന്ന പ്രകൃതി കോപങ്ങ‌‌ൾക്ക് അവർ ഇരയാക്കപ്പെടുന്നു. ഇതു ചിലപ്പോൾ ശതാബ്ദങ്ങളോ സഹസ്രാബ്ദങ്ങളോ കൊണ്ട്‌ നിറവേറുന്ന ഒരു പ്രക്രിയയായിരിക്കും. അകൊണ്ടു തന്നെ അതനുഭവിക്കുന്ന ജനത അതൊരു ശിക്ഷയാണെന്ന് തിരിച്ചറിഞ്ഞു കൊള്ളണം എന്നില്ല. പക്ഷേ മനുഷ്യരാശിയുടെ ചരിത്രം പഠിക്കുന്നവർക്ക് അത് മനസിലാകും.വരും തലമുറകൾക്ക് മുന്നറിയിപ്പ് എന്ന നിലക്ക് അവ വിശുദ്ധ വേദത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നൂഹിന്റെ ജനതക്കുമേൽ സംഭവിച്ച പ്രളയം ആദിന്റെ മേല വീശിയടിച്ച കൊടുങ്കാറ്റ് സമൂദ് ജനത നശിപ്പിക്കപ്പെട്ട ഘോര ശബ്ദത്തെ തുടർന്നുണ്ടായ വിപത്ത് ലൂത്തിന്റെ ജനതയെ ചെങ്കടലിലാഴ്ത്തിക്കളഞ്ഞ പ്രകൃതിക്ഷോഭം മൂസയുടെ ശത്രുക്കൾ കടലിൽ മുക്കപ്പെട്ടത് എന്നിങ്ങനെ. ഇവയെല്ലാം സന്ദർഭോചിതമായി ഖുർആൻ പരാമർശിക്കുന്നു. അനുവാചകനെ കാര്യത്തിന്റെ ഗൗരവം ഉണർത്താനുതകും വിധം ആനുഷംഗികമായ ഹ്രസ്വ പരാമർശങ്ങൾ നൽകുന്നതൊഴികെ വിശദാംശങ്ങളൊന്നും നൽകാതെയാണ്‌‌ മിക്ക സംഭവങ്ങളും പരാമർശിക്കപ്പെട്ടിട്ടുള്ളത്. പ്രവചകൻ യൂസഫ്‌ അലൈസലാമിന്റെ ചരിത്രം കുറേക്കൂടി വിശദമായി കാണാം....
സമുദ് ഗോത്രത്തിന്റെ അത്യാചാരങ്ങൾക്ക് എതിരെ അവരെ താക്കീതു ചെയ്യാൻ നിയുക്തനായ പ്രവാചകനായിരുന്നു സ്വാലിഹ്. പേരിനെ അന്വർത്ഥമാക്കുന്ന സ്വഭാവ വൈശിഷ്ഠ്യത്തിന്ന് ഉടമ. ബഹുദൈവാരാധനയും അതിന്റെ അനുബന്ധ ചൂഷണങ്ങളും കൊണ്ട് കലുഷിതമായ സാമൂഹ്യാന്തരീക്ഷത്തിലേക്ക് ഏകദൈവാരാധനാ നിർദ്ദേശവുമായി കടന്നു വന്നതോടെ അതുവരെ സ്വാലിഹിനെ ആദരിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തെസംശയ ദൃഷ്ടിയോടെ വീക്ഷിക്കാൻ തുടങ്ങി. സ്വാലിഹ് ഒരു പാടുകാലം അദ്ദേഹത്തിന്റെ ജനതയെ ഉപദേശിച്ചു. മറ്റെല്ലാ പ്രവാചകന്മാരുടെയും പോലെ ലളിതമായ ഉപദേശം. പ്രപഞ്ച സൃഷടവായ സർവ്വേശ്വരനെയൊഴികെ ങ്ങൾ ആരാധിക്കരുത് എന്ന് മാത്രം.
"അദ്ദേഹം പറഞ്ഞു ജനങ്ങളേ നിങ്ങൾ സർവ്വേശ്വരനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങൾക്ക് യാതൊരു ആരാധ്യനുമില്ല. അവൻ നിങ്ങളെ ഭൂമിയിൽ നിന്ന് സൃഷ്ടിച്ച് വളർത്തുകയും ഭൂമിയിൽ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ അവനോട് പാപമോചനം തേടുകയും ഖേദിച്ച് മടങ്ങുകയും ചെയ്യുക. തീർച്ചയായും നിന്റെ രക്ഷിതാവ് സമീപസ്ഥനും പ്രാർത്ഥനക്ക് ഉത്തരം നൽകുന്നവനുമാകുന്നു 11:61" പക്ഷേ സമ്പന്നരുംസുഖലോലുപരുമായ ആ ജനത ഉപദേശങ്ങൾയ കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. അവർ പറഞ്ഞത് ഞങ്ങളുടെ സാംസ്കാരിക പൈതൃകങ്ങളെ ആരാധിക്കുന്നതിൽ നിനും നീ ഞങ്ങളെ വിലക്കുകയാണെങ്കിൽ ഞങ്ങളതിനെ നിരാകരിക്കുന്നു എന്നായിരുന്നു. അവർ പറഞ്ഞു
 "നീ വിശ്വസിക്കുന്നതിൽ ഞങ്ങൾ സംശയത്തിലാണ്‌". വീണ്ടും വീണ്ടും അദ്ദേഹമവരെ ഉപദേശിച്ചു ഞാൻ നിങ്ങളുടെ മേൽ അയക്കപ്പെട്ട ദൈവദൂതനാകുന്നു. നിങ്ങളെന്നെ അനുസരിക്കാത്ത പക്ഷം നിങ്ങൾ ദൈവ കോപത്തിന്ന് പാത്രമാകും എന്ന് ഞാൻ ഭയപ്പെടുന്നു. അതുകൊണ്ട് നിങ്ങളെന്നെ അനുസരിക്കുകയും അല്ലാഹുവെ മാത്രം ആരാധിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കിൽ നീ അതിനു തഎളിവു കൊണ്ടുവരിക എന്നായി ജനം. ഭൗമികമായ തെളിവുകളൊന്നും അവർക്ക് പോരായിരുന്നു തിച്ചും അഭൗമമായ തെളീവുതന്നെ വേണം. അത്തരം തെളിവുകൾ ചോദിക്കുന്നത് ദൈവകോപത്തിനു കാരണമാകുന്ന അവിവേകമാണെന്ന് അദ്ദേഹം അവരെ ഉപദേശിച്ചെങ്കിലും അവരത് കൈക്കൊള്ളാൻ തയ്യാറല്ലായിരുന്നു.... അവസാനം അല്ലഹുവിന്റെ ദൃഷടാന്തം ആവിർഭവിച്ചു. തികച്ചും അഭൗമമായ ദൃഷ്ടാന്തം. മലഞ്ചെരുവിലെ പാറയിൽ നിന്നും ഉരുവം കൊണ്ട ഗർഭിണിയായ ഒരൊട്ടകം. ഒട്ടകം ഉണ്ടായ ശേഷം സ്വാലിഹ് ജനങ്ങളോട് പറഞ്ഞു..
"എന്റെ ജനങ്ങളേ, നിങ്ങള് അല്ലാഹുവിനെ ആരാധിക്കുവിന്. അവനല്ലാതെ നിങ്ങള്ക്കു ഒരു ദൈവവുമില്ല. നിങ്ങളുടെ രക്ഷിതാവിങ്കല് നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങള്ക്കു വന്നിട്ടുണ്ട്‌. നിങ്ങള്ക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിന്റെ ഒട്ടകമാണിത്‌. ആകയാല് അല്ലാഹുവിന്റെ ഭൂമിയില് (നടന്നു) തിന്നുവാന് നിങ്ങള് അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്‌. ചെയ്താൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടുന്നതാണ്.....
ആദ് സമുദായത്തിനു ശേഷം അവന് നിങ്ങളെ പിന്ഗാമികളാക്കുകയും, നിങ്ങള്ക്കവന് ഭൂമിയില് വാസസ്ഥലം ഒരുക്കിത്തരികയും ചെയ്ത സന്ദര്ഭം നിങ്ങള് ഓര്ക്കുകയും ചെയ്യുക. അതിലെ സമതലങ്ങളില് നിങ്ങള് സൌധങ്ങളുണ്ടാക്കുന്നു. മലകള് വെട്ടിയെടുത്ത് നിങ്ങള് വീടുകളുണ്ടാക്കുകയും ചെയ്യുന്നു. അങ്ങനെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള് നിങ്ങള് ഓര്ത്ത് നോക്കുക. നിങ്ങള് നാശകാരികളായിക്കൊണ്ട് ഭൂമിയില് കുഴപ്പം സൃഷ്ടിക്കരുത്‌..."
വ്യക്തമായ താക്കീതുമായി ദൃഷ്ടാന്തം അവതരിച്ചതോടെ സമൂഹത്തിലെ ദുർബലർ കൂട്ടമായി സ്വാലിഹിനെ വിശ്വസിച്ചു. എന്നാൽ അവരിലെ ധനികരുടെ അഹങ്കാരം വർദ്ധിപ്പിക്കാനല്ലാതെ ഒന്നിനും ഈ തെളിവുകൾ ഉപകരിച്ചില്ല. അവർ വിശ്വാസികളോട് ചോദിച്ചു
"സ്വാലിഹ് തന്റെ രക്ഷിതാവിങ്കല് നിന്ന് അയക്കപ്പെട്ട ആള് തന്നെയാണെന്ന് നിങ്ങള്ക്കറിയുമോ? അവര് പറഞ്ഞു: അദ്ദേഹം ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതില് ഞങ്ങള് തീര്ച്ചയായും വിശ്വസിക്കുന്നവരാകുന്നു.
അഹങ്കാരം കൈക്കൊണ്ടവര് ദുർബലരായ വിശ്വാസികളോട് പറഞ്ഞു: നിങ്ങള് ഏതൊന്നില് വിശ്വസിക്കുന്നുവോ അതിനെ ഞങ്ങള് തീര്ത്തും നിഷേധിക്കുന്നവരാണ്‌".
തങ്ങൾക്ക് ചൂഷണം ചെയ്യാനുള്ള ഇരകളായ ദുരബലർ സത്യവിശ്വാസം കൈക്കൊള്ളുന്നത് അഹങ്കാരികളായ പ്രമുഖരെ അസ്വസ്ഥരും രോഷാകുലരുമാക്കി. സ്വാലിഹിനും അനുയായികൾക്കുമെതിരെ അവർ ഉടക്കമൊഴിച്ച് ഗൂഢാലോചന നടത്തി. അഭൗമിക ദൃഷ്ടാന്തമായ അല്ലാഹുവിന്റെ ഒട്ടകം വേണ്ടവർക്കെല്ലാം പാലും ചുരത്തിക്കൊണ്ട് സമൂഹത്തിലൂടെ നടക്കുന്നേടത്തോളം കാലം സ്വാലിഹിന് അനുയായികൾ വർദ്ധിച്ചുവരും എന്നവർ കണക്കുകൂട്ടി. അവസാനം അതിനെ ഇല്ലാതാക്കുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നവർ തീരുമാനിച്ചു. അതിന് ഒരു കാരണവും അവർ കണ്ടെത്തി ഒരു ദിവസത്തെ വെള്ളം ഒട്ടകത്തിനായി നീക്കി വെക്കേണ്ടതുകൊണ്ട് ജനങ്ങൾക്ക് ജലക്ഷാമം ഉണ്ടാകുന്നു. അങ്ങനെ അവരൊമ്പതുപേർ അതിനൊരുങ്ങിപ്പുറപ്പെട്ടു. അവരിലൊരാൾ ആ ക്രൂരകൃത്യം നടപ്പാക്കികയും ചെയ്തു. അവർക്ക് യഥേഷ്ടം പാൽ നൽകിക്കൊണ്ട് അവർക്കിടയിലൂടെ ശാന്തയായി നടന്നിരുന്ന ആ ഒട്ടകത്തെ അവർ കൊന്നുകളഞ്ഞു....
സ്വാലിഹ് പറഞ്ഞു. ഞാൻ നിങ്ങളുടെ അഭ്യുദയ കാംക്ഷിയായിരുന്നു. എന്നാലാവും വിധം നിങ്ങൾക്ക് ഞാൻ താക്കീത് നല്കി. നിങ്ങൾ ഗൗനിച്ചില്ല.ഇനി നിങ്ങളുടെ കർമ്മഫലം നിങ്ങളനുഭവിച്ചുകൊള്ളൂക.
ഖുർ ആൻ പറയുന്നു...
“പക്ഷെ , അവർ ആ ഒട്ടകത്തെ കൊന്നുകളഞ്ഞു.അപ്പോൾ സ്വാലിഹ് അവരോട് പറഞ്ഞു: ഇനി നിങ്ങൾ മൂന്ന് ദിവസം മാത്രം സ്വവസതിയിൽ കഴിഞ്ഞുകൊള്ളുക.ഒട്ടും തെറ്റിപ്പോകാത്ത ഒരു സമയനിർണ്ണയമാണിത് ”
( ഹുദ് 65 ).
ഇപ്രകാരം പറഞ്ഞുകൊണ്ട് ആ നാട് വിട്ടുപോയി: എന്റെ ജനമേ , എന്റെ റബ്ബിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിരുന്നു . ഞാൻ നിങ്ങളോട് ഏറെ ഗുണകാംക്ഷയുള്ളവനുമായി.പക്ഷെ , എന്തുചെയ്യാം! നിങ്ങൾക്ക് നിങ്ങളുടെ ഗുണകാംക്ഷികളെ ഇഷ്ടമായതേയില്ല” ( അഅ്റാഫ് 79 )....
അവർക്ക് ഇനി മൂന്ന് ദിവസം മാത്രമേ ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളൂ എന്ന് അവരെ അറിയിച്ചുകൊണ്ട് സാലിഹും അനുയായികളും ആ നാട്ടിൽ നിന്നും
പലായനം ചെയ്തു. നാലാം ദിവസം അതി ഘോരമായ ഒരു ശബ്ദത്തിന്റെ അകമ്പടിയോടെ ശിക്ഷ ആഗതമായി. അവർ ആ നാട്ടിൽ ജീവിച്ചിരുന്നൂ എന്നു പോലും തോന്നാത്ത വിധം ആ പട്ടണത്തെ വിജനമാക്കിക്കൊണ്ട്‌ അവരുടെ നാഗരീകതയുടെ അടയാളം പോലും അവശേഷിപ്പിക്കാത്ത വിധം അല്ലാഹു വിന്റെ ശിക്ഷ നടപ്പിലാക്കപ്പെട്ടു...
വരും തലമുറകൾക്ക് ദൃഷ്ടാന്തമായി ഇന്നും അവരുടെ അടയാളങ്ങൾ അവശേഴിച്ചിരിക്കുന്നു. മദീനയിൽ നിന്നും ഏകദേശം നാനൂറ്‌കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഹിജർ എന്ന സ്ഥലത്ത് ഇന്നും നമുക്കവ കാണാം.
ഒരു ഹദീസിൽ നമുക്കിങ്ങനെ കാണാം. അനുചരന്മാരോടൊപ്പം ഹിജറിൽ എത്തിയ പ്രവാചകൻ അനുയായികളോട് പറഞ്ഞു.
"‘അല്ലാഹുവിന്റെ ശാപത്തിന്നിരയായ ഒരു നാടാണിത് . കരഞ്ഞുകൊണ്ടല്ലാതെ നിങ്ങളതിൽ പ്രവേശിക്കരുത് ‘ഒരിടത്ത് ഒരു കിണർ ചൂണ്ടിക്കാണിച്ചുകൊണ്ട് , സ്വാലിഹ് നബിയുടെ ഒട്ടകം അതിൽ നിന്നാണ് വെള്ളം കുടിച്ചിരുന്നതെന്ന് നബി (സ്വ) പറഞ്ഞു . ആ കിണറിൽ നിന്ന് മാത്രമേ വെള്ളമെടുക്കാവു , മറ്റു കിണറുകളിൽ നിന്നെടുക്കരുതെന്ന് മുസ്ലീങ്ങളോട് നിർദ്ദേശിക്കുകയും ചെയ്തു."






Friday, June 18, 2021

കഥ

അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ...

ആവിഷ്കരിക്കുന്നവന്റെയും  ആസ്വദിക്കുന്നവന്റേയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

പണ്ട് തവനൂരില്‍ പഠിക്കുന്നകാലം. പട്ടര്‍നടക്കാവിന്നടുത്തുള്ള കുണ്ടിലങ്ങാടി എന്നസ്ഥലത്ത് എന്റെ അമ്മായിയുടെ വീട്ടില്‍ നിന്നാണ്‌ ഞാന്‍ പഠിച്ചിരുന്നത്. അവിടെ അവരുടെ ആശ്രിതനായ മുഹമ്മതിക്കയുണ്ടായിരുന്നു.അവിടെ ത്തന്നെ യായിരുന്നു താമസം .  ഒരുപാടു നാടന്‍ കഥകള്‍ അദ്ദേഹം  പറഞ്ഞു തന്നിട്ടുണ്ട് മുറം  രണ്ടു കക്ഷത്തും  വെച്ചു കെട്ടി കല്ലടിക്കോടന്‍ മലയിലേക്കു പറന്ന അഭ്യാസികളായ ഗുരുക്കന്മാരുടെ കഥകള്‍, ജിന്നു കളുടേയും  പിശാചുക്കളുടേയും  കഥകള്‍ അങ്ങനെ പലതും ....

ഇവയില്‍ പലതും  ഞാന്‍ പിന്നീട് പ്രസിദ്ധരായ എഴുത്തുകാരുടെ കൃതികളില്‍ കണ്ടിട്ടുണ്ട്....

അവയില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു കഥയുണ്ട്.. അതിങ്ങനെ

പണ്ട് ഒരാള്‍ വളരെ ദൂരെ ഒരു ദിക്കില്‍ നിന്നും  കച്ചവടം  കഴിഞ്ഞ് മടങ്ങുകയായിരുന്നു. യാത്രക്ഷീണത്തില്‍ അദ്ദേഹത്തിന്നു വഴി കുഴഞ്ഞു പോയി. ദിശമാറി കാട്ടിനകത്തെത്തി.... വഴിതെറ്റി  കുറേ നടന്നപ്പോള്‍ വലിയ ഒരു അങ്ങാടി ..ധാരാളം  കച്ചവടക്കാര്‍, കാളവണ്ടികള്‍ കുതിരവണ്ടികള്‍ ആണും  പെണ്ണുമായി സാധനങ്ങള്‍ വാങ്ങാന്‍ വന്ന ഒരു പാടു പേര്‍... അദ്ദേഹം  ഒരു ഹോട്ടലില്‍ കയറി ഭക്ഷണം  കഴിച്ചു. പിന്നീടവിടെ യെവിടെ യെങ്കിലും  കിടന്നുറങ്ങി കാലത്ത് മടങ്ങാമെന്നു തീരുമാനിച്ചു. കയ്യിലുള്ള പണക്കിഴി- തന്റെ ആകെയുള്ള സമ്പാദ്യം-  ഹോട്ടലിലെ കാശുവങ്ങുന്ന ആളെ ഏല്പിച്ചിട്ടു പറഞ്ഞു ഞാന്‍ നാളെ വാങ്ങിക്കൊള്ളാം  ഇവിടെ യെവിടെയെങ്കിലും  ഞാനൊന്നു വിശ്രമിച്ചോട്ടെ. അയാള്‍‌ സഞ്ചി വാങ്ങി മേശയില്‍ വെച്ചു. യാത്രക്കാരന്‍ അവിടെ യൊരു കോണില്‍ തന്റെ ചാക് വിരിച്ച് അതില്‍ കിടന്നുറങ്ങുകയും  ചെയ്തു. പിറ്റേന്ന് പക്ഷികളുടെ കളകൂജനങ്ങള്‍ കേട്ട് അയാളുണര്‍ന്നു നോക്കുമ്പോള്‍ വനമധ്യേ ഒരു മരത്തിന്റെ വേരില്‍ തലവെച്ച് അയാള്‍ കിടക്കുകയാണ്‌. ഭയവും  പണം  നഷ്ടപ്പെട്ട നിരാശയുമൊക്കെ അയാളെ തളര്‍ത്തി. കഷ്ടപ്പെട്ട് വഴി കണ്ടു പിടിച്ച് നാട്ടിലെത്തി... പണം  പോയതിനേക്കള്‍ ദുഖം  ആരും  അയാളെ വിശ്വസിച്ചില്ല എന്നതിലായിരുന്നു. പലരും  അയാളെകുറിച്ചപവാദവും  പറഞ്ഞു കാശ് മുഴുവനും   വല്ല പെണ്ണുങ്ങള്‍ക്കും  കൊണ്ടു പോയി കൊടുത്തിരിക്കും  അല്ലെങ്കില്‍ കള്ളുകുടിച്ചോ ചീട്ടു കളിച്ചോ കളഞ്ഞിരിക്കും. ഇതല്ലാതെ കാശുപോകുന്ന മറ്റൊരു വഴി അവര്‍ക്കറിയില്ലായിരുന്നു. അവസാനം  അയാള്‍ ഒരു ദിവ്യന്റെ അടുത്തു ചെന്നു തന്റെ കഥപറഞ്ഞു.... കുറെ നേരം  ആലോചിച്ചിട്ട് ദിവ്യന്‍  പറഞ്ഞു അത് ജിന്നുകളുടെ ചന്തയാണ്. പന്ത്രണ്ടു കൊല്ലത്തിലൊരിക്കല്‍ കൂടുന്ന ചന്ത. പന്ത്രണ്ടു വര്‍ഷം  കാത്തിരിക്കുക.   തി കയുന്ന അന്ന് നീ ചെന്ന്,  ഞാന്‍ ഇന്നലെ ഏല്പിച്ച സഞ്ചി തരൂ എന്നു ചോദിച്ചാല്‍ മതി.

പറഞ്ഞതു പോലെ പന്ത്രണ്ടു വര്‍ഷം കാത്തിരുന്ന് ചെന്നു ചോദിച്ചപ്പോള്‍‌ അയാളുടെ പണം  മടക്കിക്കിട്ടി എന്ന് കഥ...............................

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം  പുനത്തിലിന്റെ സ്മാരകശിലകളില്‍ ഇത് ആവിഷ്കരിച്ചു കണ്ടു......

 അതെ കഥ ഒന്നേയുള്ളൂ.... മനുഷ്യന്റെ കഥ... പറയുന്നവന്റെയും  കേള്‍ക്കുന്നവന്റെയും  മനസിനനു സരിച്ച് വ്യത്യാസപ്പെടുന്നു എന്നു മാത്രം  ..........

Tuesday, June 1, 2021

ഇടവപ്പാതി....

സന്ധ്യക്ക് ബൈക്കിൽ പളളിയിലേക്കു പുറപ്പെടുമ്പൊഴേ ഉണ്ടായിരുന്നു ചെറിയ ചാറ്റൽ. ശാസ്ത്രജ്ഞന്മാർ പ്രവചിച്ചപ്രകാരം കാലവർഷം തുടങ്ങാനിനിയും കഴിയണം അഞ്ചാറു ദിവസങ്ങൾ. രണ്ടും കല്പിച്ച് പുറപ്പെട്ടു. പളളിയിലെത്തി അധികം താമസിയാതെ തന്നെ മഴ കനത്തു. നമസ്കാരം കഴിഞ്ഞിറങ്ങിയപ്പോൾ നല്ല മഴ.കറന്റു പോയതിനാൽ ഇരുട്ടും. പെട്ടന്നു തോന്നി മഴയിൽ ഒരു സവാരി ആയാലോ. പിന്നെ താമസ്സിച്ചില്ല ഒരു റൈഡർ ഒൺ ദ റൈൻ ആയി... മഴ പേമാരിയായി...കറന്റു പോയിരിക്കുന്നു. കണ്ണടച്ചില്ലിൽ ആഞ്ഞുവീഴുന്ന മഴത്തുളളികൾ ആകെയൊരു പുക റോഡു പോലും അവ്യക്തം നല്ലതണുപ്പും...ഗേറ്റു തുറന്ന് അകത്ത് കടന്ന് ഇറയത്ത് കയറിയപ്പോഴേക്കും തോർത്ത് മുണ്ടു മായി മൂപ്പത്തി ഹാജറായി. മഴ മുഴുവൻ കൊണ്ട് രോഗങ്ങൾ വരുത്തി വെക്കാനാണ് എന്ന ശാസനയുമുണ്ടായി... ഭർത്താക്കന്മാരെ ശാസിക്കാൻ കിട്ടുന്ന ഒരവസരവും കശ്മലകൾ പാഴാക്കില്ല എന്നാണ് ചരിത്രം.
ഏതായാലും ഉണങ്ങിയതോർത്തു കൊണ്ട് തോർതിയപ്പോൾ നല്ല സുഖം. മുടി ചീകി കുപ്പായമിടാതെ വരാന്തയിൽ വന്നിരുന്നു. ഇടവിട്ടുളള മിന്നലോടെ മഴ തകർത്ത് പെയ്യു തന്നെയാണ്. കാറ്റിൽ ശരീരത്തിൽ പാറിവീഴുന്ന ഊത്താൽ ആസ്വദിച്ചുകൊണ്ട് ഞാൻ വരാന്തയിലിരുന്നു... മിന്നലിൽ വെളിവാകുന്ന തെങ്ങുകളുടെയും മരങ്ങളുടെയും കാഴ്ച. മഴയുടെ ഗാനത്തിനു പശ്ചാത്തല സംഗീതമായി പലസ്വരങ്ങളിൽ കരയുന്ന തവളകളും ചീവീടുകളും....
മനം നിറയെ ഇടവപ്പാതിയെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു ഇരുളിൽ ഒറ്റക്ക്..
ചിലവേളകളിൽ ഏകാന്തത വളരെ ആസ്വദനീയമാണ്...

Sunday, April 18, 2021

ഒരമ്മിച്ചോറിന്റെ ഓർമ്മ.

വേളേരിപ്പറമ്പിൽ ഉപ്പ പണിത പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് അധികകാലമായിരുന്നില്ല
വീടെന്ന് വെച്ചാൽ ഇന്നത്തെക്കണക്കിന് വളരെ  ചെറിയ ഒരു വീട്.  ഈങ്ങത്തോട്ട് വളപ്പിന്റെ വടക്ക് പടിഞ്ഞാറേ മൂലയിലായിരുന്നു വീട്. വേളേരിപ്പറമ്പ് എന്നറിയപ്പെട്ടിരുന്ന ഒന്നര ഏക്കർ സ്ഥലത്ത് ഓടു മേഞ്ഞ കൊച്ചു വീട്. ഇന്നത്തെപ്പോലെ ആളുകൾ പലിശക്കടം കൊണ്ട കാശുകൊണ്ട് കൊട്ടാരം പണിയുന്നകാലം തുടങ്ങിയിട്ടില്ലായിരുന്നു. കടമുണ്ടാവുന്നത് വലിയ മാനക്കേടും പലിശക്ക് കടമെടുക്കുന്നത് വൻ പാപവുമായി അന്നവർ കരുതി. ചെറിയ നാലു മുറികളും കോലായിയും അടുക്കളയും വരാന്തകളും ഒക്കെക്കൂടി ഒരെഴുനൂറ്റമ്പത് എണ്ണൂറ് സ്ക്വയർ ഫീറ്റ് കാണും അത്രേള്ളൂ. അന്നത് വലിയ വീടായിരുന്നു. അതു തന്നെ  പണി പൂർത്തിയാക്കാൻ ഉപ്പ വളരെ കഷ്ടപ്പെട്ടു. വീട്ടിൽ ഉപ്പയും ഉമ്മയും ഞങ്ങൾ നാലു മക്കളും സസുഖം വാഴുന്നു. ഞാൻ വാടാനാംകുറുശ്ശി ഹൈസ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്നു... കൃസ്മസ് അവധിക്കാലം. പുഴക്കരയിലൂടെയും വയൽ വരമ്പുകളിലൂടെയുമെല്ലാം പ്രത്യേകിച്ചൊരു ലക്ഷ്യമില്ലാതെ അലയുന്നതിൽ ഞാൻ വലിയ ആഹ്ലാദം കണ്ടെത്തി. മാവുകൾ പൂക്കാൻ തുടങ്ങുന്നതേയുള്ളൂ... രാവിലെ തുടങ്ങിയ ഒന്നാം ഷിഫ്റ്റ് അലച്ചിലുനു ശേഷം ഞാൻ കയറിവരുമ്പോളൊരു പത്ത് മണിയായിക്കാണും. ഉപ്പയും ഉമ്മയും മിറ്റത്തെ ആരുമൂച്ചിയുടെ ചുവട്ടിൽ നിൽക്കുന്നുണ്ട്. ഉപ്പ നിറയെ പൂത്ത മാവിലേക്ക് ചൂണ്ടി ഉമ്മാക്ക് എന്തോ കാണിച്ചു കൊടുക്കുകയാണ്. പഴുത്താൽ തേനിന്റെ മധുരമുള്ള ആ മാവിനെ ഞങ്ങൾ ആരുമൂച്ചി എന്ന് വിളിച്ചു. ഞാൻ ചെന്ന് നോക്കുമ്പോൾ മാവിന്റെ തുമ്പത്ത് ഇലകൾക്കിടയിൽ മറഞ്ഞു നിൽക്കുന്ന ഒരു കുല കണ്ണി മാങ്ങ. നേരത്തെ പൂത്തതായിരിക്കാം. ഉമ്മപറഞ്ഞു "കിട്ടിയിരുന്നെങ്കിൽ പ്പുമ്മൊള് (ചമ്മന്തി) അരക്കാം. മൊളു ചാറും വെക്കാം." കിട്ട്വോടാ..?
പറയേണ്ട താമസം ഞാനൊരു കല്ലെടുത്ത് മാവിലേക്ക് എറിയാനോങ്ങി. ഉപ്പപറഞ്ഞു. " എറിഞ്ഞ് പൂവ്വ് കൊഴിക്കണ്ട. കേറി പൊട്ടിക്കാൻ പറ്റ്വോ നോക്ക്". ഉമ്മ സ്നേഹപൂർവ്വം പറഞ്ഞു വേണ്ട പുളിറ്മ്പ് കടിക്കും. ഞാൻ കാര്യമാക്കിയില്ല. പറയേണ്ട താമസം. മാവിന്റെ തുഞ്ചത്ത് കയറി ഞാൻ അവ പറിച്ചെടുത്തു. നാല് അണ്ടിയുറച്ചിട്ടില്ലാത്ത മാങ്ങകൾ. മാങ്ങ ഉമ്മായുടെ കയ്യിൽ കൊടുത്ത് ഞാൻ മേല് കയറിയ പുളിയുറുമ്പുകളെ പെറുക്കാൻതുടങ്ങി. മാങ്ങയും കൊണ്ട് ഉമ്മ അടുക്കളയിലേക്ക് നടന്നു. പിറകേ ഉപ്പയും കുറച്ച് കഴിഞ്ഞ് ഞാൻ ചെല്ലുമ്പോൾ ഉമ്മ ചുട്ട വറ്റൽ മുളകും ഉപ്പും ചെത്തിയ മാങ്ങയുമെടുത്ത് അമ്മിയിലിട്ട് ചമ്മന്തിയരക്കുകയാണ്.  അടുത്ത് ഉപ്പയുമുണ്ട്.  അരച്ചുകൊണ്ടിരിക്കേ ഉമ്മ അമ്മിയിൽ നിന്നല്പം തോണ്ടി എന്റെ നാവിൽ തേച്ചുതന്നിട്ട് ചോദിച്ച് ഉപ്പുണ്ടോ. ഹാവ് എന്തൊരു രുചി. ഉണ്ട്മ്മാ നല്ല സ്വാദ്ണ്ട്. അമ്മിയിലെ ചമ്മന്തി വടിച്ചെടുത്ത് അകത്തു പോയ ഉമ്മ തള്ളക്കയിലിൽ നിറയെ ചൂടു ചോറുമായി വന്നു. ചോറ് അമ്മിമേലിട്ട് നന്നായി കുഴച്ച് ഒരുരുള എന്റെ വായിൽ വെച്ച് തന്നു.  ഒരുരുള ഉപ്പാക്കും കൊടുത്തു ബാക്കി ചേറിയ ഒരുരുള ഉമ്മയും തിന്നു. അതെ ഉമ്മ എപ്പോഴും ചെറിയ ഓഹരി കൊണ്ട് തൃപ്തയായിരുന്നു. തനിക്കുള്ളത് മാത്രമേ പാത്രത്തിൽ ബാക്കിയുള്ളു വെങ്കിലും വിശന്ന് വന്നവർക്കത് നീട്ടിക്കൊടുക്കുന്നതിൽ അവർ തൃപ്തയായി. അതെ ഗ്രാമത്തിൽ വിശപ്പ് അന്നൊരു പ്രശ്നം തന്നെയായിരുന്നു.
ഈ ദുനിയാവിൽ നിന്നും വളരെ ചെറിയ ഒരോഹരിയേ ഉമ്മ എടുത്തുള്ളൂ. മക്കൾ ഇന്നനുഭവിക്കുന്ന സൗഭാഗ്യങ്ങളൊന്നും സ്വപ്നം പോലും കാണാതെ തന്റെ മുപ്പത്തി മൂന്നാമത്തെ വയസ്സിൽ ഉമ്മപോയി... ഉമ്മ നമസ്കാരവും നോമ്പും സക്കാത്തുമെല്ലാം അനുഷ്ഠിച്ച ഒരുറച്ച വിശ്വാസിയായിരുന്നു. വാക്കുകൊണ്ട് വർണ്ണിക്കാനാകാത്ത ഒരു ലോകം വരാനിരിക്കുന്നു എന്ന ഉറച്ച പ്രത്യാശയോടെയാണവർ പോയത്. അവിടെ വെച്ച് സന്ധിക്കാമെന്ന പ്രത്യാശയോടെ ഈ മകനും കാത്തിരിക്കുന്നു....

Thursday, April 15, 2021

ഉറക്കം

കലാപഭൂമിയില്‍ നിന്നും  ഒരു വിധത്തില്‍ രക്ഷപ്പെട്ട് ഓടി വരികയായിരുന്നു അയാള്‍. തന്റെ കൂട്ടുകാര്‍ ഒളിച്ചുകഴിയുന്ന കെട്ടിടത്തിന്റെ  വാതിലിനടുത്ത് അയാളെത്തി. അതു ചാരിയിട്ടേ  ഉണ്ടായിരുനുള്ളൂ. അതിനകത്തുള്ളവര്‍ അത്രക്ക് സുരക്ഷിതബോധമുള്ളവരാണല്ലോ എന്നയാള്‍ അതിശയിച്ചു. മര്യാദയോര്‍ത്ത് അയാള്‍ വാതിലില്‍ മുട്ടി. അകത്തുനിന്നും  മറുപടിയൊന്നുമുണ്ടായില്ല. കുറേ നേരം  കാത്തുനിന്നശേഷം  പതുക്കെ അയാള്‍ ചാരിയിട്ട വാതിലിലൂടെ  അകത്തുകടന്നു... അതിശയം  ഈ പകലിലും  മുറിക്കകത്തുള്ളവര്‍ ഉറങ്ങുകയിരുന്നു... വെറുതെയല്ല താന്‍ മുട്ടിവിളിച്ചിട്ടും  ആരും  പുറത്തു വരാഞ്ഞത് എന്നയാള്‍ സമാധാനിച്ചു. എങ്കിലും  പുറത്തു നടക്കുന്ന കലാപത്തെക്കുറിച്ച് അവരോടു പറയാനയാള്‍ വെമ്പി. ഉടനെ എഴുന്നേറ്റ് രക്ഷപ്പെട്ടില്ലെങ്കില്‍ തങ്ങളുമതിന്നിരയാവുമെന്ന് അവരെ അറിയിക്കേണ്ടത് തന്റെ കടമയായി അയാള്‍ കരുതി. അയാള്‍ അവരെ ഊണര്‍ത്താന്‍ ശ്രമം  തുടങ്ങി. പടിച്ചപണി പതിനെട്ടും  പയറ്റിയിട്ടും  അവരുണരാനുള്ള ഭാവമില്ലായിരുന്നു. ഒരാളൊഴികെ ക്ഷീണിതനായ ഒരു വൃദ്ധന്‍. കണ്ണുതിരുമ്മി കോട്ടുവായിട്ട് അയാള്‍ സംഗതിയാരാഞ്ഞു. അയാള്‍ക്കു മുന്നറിയിപ്പു നല്കിയപ്പോള്‍ അയാള്‍ പറഞ്ഞു കുഞ്ഞേ കാതിനു കേള്‍വി കുറവായ എന്നെപ്പോലും  ഉണര്‍ത്തുമാറ്‌നീതൊള്ളയിട്ടിട്ടും  അവരുണര്‍ന്നില്ലെങ്കില്‍... എങ്കില്‍ അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌. ഉറക്കം  നടിക്കുനവനെയുണര്‍ത്താന്‍ ദൈവം  പോലും  മിനക്കെടില്ല..... 
അവര്‍ ഉറങ്ങുകയല്ല ഉറക്കം  നടിക്കുകയാണ്‌എന്ന് അയാള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും  കലാപകാരികളുടെ ആരവം   അടുത്തെത്തിക്കഴിഞ്ഞിരുന്നു.....
സഹതാപത്തോടെ കിടക്കുന്നവരെ നോക്കി അയാള്‍ വൃദ്ധനോടൊപ്പം   പിന്‍ വാതിലിലൂടെ പലായനം  തുടങ്ങി. അങ്ങു ദൂരെ കുന്നിന്‍ മുകളിലെത്തിയപ്പോള്‍  അവര്‍ തിരിഞ്ഞുനോക്കി. അപ്പോളവര്‍ കണ്ടു മുകളിലേക്കുയരുന്ന കറുത്ത പുകച്ചുരുളുകള്‍. ഉറക്കം  നടിച്ചവര്‍ക്കൊപ്പം  അവര്‍ സുരക്ഷിതമെന്നു വിശ്വസിച്ചിരുന്ന കെട്ടിടം  കത്തിയമര്‍ന്നു കഴിഞ്ഞിരുന്നു.

Saturday, March 27, 2021

കേവലൻ

കേവലൻ
*************
ഗ്രാമത്തിൽ ആധുനിക വിദ്യാഭ്യാസം ഒരു അപൂർവ്വ വസ്തുവായിരുന്നകാലം. എഎംഎൽപി സ്കൂളാ യിരുന്നു സ്ഥലത്തെ പ്രധാന കലാലയം. അവിടെനിന്നും സർട്ടിഫിക്കേറ്റ് നേടി ഉന്നത പഠനാർത്ഥം ആറു കിലോമീറ്റർ കുന്നും മേടും കയറി വാടാനാം കുറുശ്ശിയിലേക്ക് പോയിരുന്നവർ വർഷത്തിൽ മൂന്നോ നാലോ.... ബാക്കിയുള്ളവർ നേരിട്ട് ജീവിത സർവ്വകലാശാലയിലേക്ക്  പ്രവേശിക്കയായിരുന്നു പതിവ്. വാടാനാംകുറുശ്ശിക്ക് പോയവർ സനദ് കൈപ്പറ്റി വരുമ്പോഴേക്കും നേരിട്ട് ജീവിതത്തിലേക്ക് പ്രവേശിച്ച വർ ബിസിനസ് മാനേജ് മെന്റിൽ വിദഗ്ദരായി മാറുകയായിരുന്നു പതിവ്. ചിലർ കരിങ്കല്ലു പണിയിലും വൈദഗ്ദ്യം നേടി. ഇനിയുമൊരു കൂട്ടർ പത്താം ക്ലാസിലും നിൽകാതെ കോളേജ് അന്വേഷിച്ചു പോയി. അന്ന് പട്ടാമ്പിയിൽ കോളേജ് തുറന്നിട്ടുണ്ടായിരുന്നില്ല. ഒറ്റപ്പാലം എൻ എസ്‌ എസ്‌ കോളേജ് ഉണ്ടായിരുന്നു. 
എങ്കിലും കൂടുതൽ പേർക്കും ഫാറൂഖ് കോളേജിനോടായിരുന്നു പഥ്യം. പുലാക്കൽ ആലിമാഷ്. ഹംസക്കോയമാഷ് പുലാക്കൽ ബാപ്പുട്ടി എന്ന യൂസഫ് ദിൽകൂഷ് അബ്ദുറഹ് മാനിക്കാന്റെ ബാവ തുടങ്ങിയവർ ഈ ഗണത്തിൽ പെടുന്നു. 
അവധിക്കാലങ്ങളിൽ കോളേജിൽ നിന്ന് വന്നവരും സമപ്രായക്കാരായ കൂട്ടുകാരും ഒന്നിച്ച് സ്വാഭാവികമായും പല പല നേരം പോക്കുകളിലും വ്യാപൃതരാവും. ഭാരതപ്പുഴയിലെ പഞ്ചാര മണൽ തിട്ടകൾ അവരുടെ കളി തമാശകൾ കൊണ്ട് മുകരിതമാകും. ആയിടക്കൊരിക്കൽ എല്ലാവരും കൂടി ഒത്തുകൂടി അവരുണ്ടാക്കിയിരുന്ന വായന ശാലയുടെ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി... 
ചർച്ച പുരോഗമിക്കവേ ഫാറൂഖ് കോളേജിൽ പഠിക്കുകയായിരുന്ന പ്രസിഡന്റിന്റെ അഭിപ്രായത്തെ എതിർത്ത മെമ്പറോട് പ്രസിഡന്റ് പറഞ്ഞു " നീ മിണ്ടാതിരിക്ക് നീ കേവലം ഒരു മെമ്പറല്ലേ." അത് കേട്ട് എല്ലാവരോടുമൊപ്പം ചിരിച്ചെങ്കിലും വാചകത്തിന്റെ തുടക്കം മൂപ്പർക്ക് പിടി കിട്ടിയില്ല.... മീറ്റിങ്ങെല്ലാം കഴിഞ്ഞ് വീണ്ടും ഒരുപാടു നേരം മണൽ തിട്ടയിലിരുന്ന് കാകാറ്റുകൊണ്ട് വലിയപള്ളിയിൽ നിന്നും‌ ചേക്കുമൊല്ലക്ക ഇശാ ബാങ്ക് കൊടുത്തപ്പോൾ അവർ പിരിഞ്ഞു. വീട്ടിലെത്തിയപ്പോഴും മെമ്പർക്ക് കേവലം എന്നതിന്റെ അർത്ഥം കുറക്കനു കിട്ടിയ പൊതിക്കാതേങ്ങയായി. പിറ്റേന്ന് കവലയിലെത്തി ആദ്യം‌ കണ്ട കൂട്ടുകാരനോടാരാഞ്ഞു. " ഇന്നലെ അവനെന്നോട് പറയ്വാ കേവലം മെമ്പറായ ഞാൻ മിണ്ടരുത് ന്ന്. എന്താടോ ഈ കേവലം. ?"
കൂട്ടുകാരൻ ഞെട്ടലഭിനയിച്ചു. " ങേ അവനങ്ങനെ പറഞ്ഞിട്ടുണ്ടാവില്ല " 
"അല്ല പടച്ചോനെത്തന്നെ പറഞ്ഞു."
" ന്നാ മോശായിപ്പോയി. എന്തായാലും അങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നു...
കേവവലം എന്നാൽ എന്തോ വലിയ തെറിയാണ് എന്ന മട്ടിലായിരുന്നു ബോധനം. കേവലം എന്നത് എന്താണെന്ന് മൂപ്പർ ചങ്ങാതിമാരോടൊക്കെ ചോദിക്കും എന്ന് കണ്ട കൂട്ടുകാരൻ തന്റെ പ്രതികരണം എല്ലാ കൂട്ടുകാരെയും അറിയിച്ചിരുന്നു. അതു പ്രകാരം ചോദിച്ചവരൊക്കെ മറുപടികൊടുത്തു. ചങ്ങാതിക്ക് ദേഷ്യം വന്നു. അവനെ രണ്ടു പറഞ്ഞിട്ടു തന്നെ കാകാര്യമെന്ന് നിരൂപിച്ച് അന്വേഷിച്ച് ചെന്നപ്പോൾ അദ്ദേഹം ഫാറൂഖ് കോളേജിലേക്ക് പോയ് കഴിഞ്ഞിരുന്നു. ദേഷ്യ മനസിൽ വെച്ച് മടങ്ങി റോട്ടിലെത്തിയപ്പോൾ എതിരെ വരുന്നു പോസ്റ്റുമാൻ കൃഷ്ണൻ കുട്ടി നമ്പ്യാർ....
അദ്ദേഹം നമ്പ്യാരുടെ പക്കൽ നിന്നും ഒരു അഞ്ച് പൈസക്ക് ഒരു പോസ്റ്റ് കാർഡ് വാങ്ങി അതിൽ നിറയെ എഴുതി കേവലാ കേവലാ നൂറ് കേവലാ ആയിരം കേവലാ നീയാണെടാകേവലൻ. കാർഡ് മുഴുവൻ എഴുതി നിറച്ച് ഫാറൂഖ് കോളേജ് ആസാദ് ഹോസ്റ്റലിന്റെ വിലാസമെഴുതി പോസ്റ്റു ചെയ്തേ അദ്ദേഹം വിശ്രമിച്ചുള്ളൂ എന്ന് പറഞ്ഞാൽ മതിയല്ലോ ...