Tuesday, May 28, 2019

നേർച്ചക്കോഴി

അവൻ അന്ന് പുലർച്ചെ ഉണർന്നു. അതങ്ങനെയാണ് സ്കൂളും മദ്രസയുമില്ലാത്ത ദിവസങ്ങളിൽ... ധൃതിയിൽ മിറ്റത്തേക്കിറങ്ങവേ അടുക്കളയിൽ നിന്നും തിത്ത്യാത്ത പറയുന്നു "ഓ ഇന്ന് സ്കൂളില്ലാ തോന്ന്ണൂ കുഞ്ഞാപ്പു നേരത്തെ ണീച്ചലോ".  അതു കേട്ട് ചിരിക്കുന്ന ഉമ്മയെ ശ്രദ്ധിക്കാതെ അവൻ പുറത്തിറങ്ങി. അടുക്കളമിറ്റത്തിന്റെ അതിരിലെ തെങ്ങിൻ ചുവട്ടിലെ ചരിലിലേക്ക് ശക്തിയായി മൂത്രമൊഴിച്ച്  പൊങ്ങിവരുന്ന വെളുത്തപത നോക്കി അല്പം നിന്നു. അതിനടിയിൽ നിന്നും ഇഴഞ്ഞിറങ്ങി  വലിയ ഒരു ഞാഞ്ഞൾ. പതുക്കെ       കുളത്തിലേക്ക് നടക്കാനൊരുങ്ങവേ  ദൂരെ നിൽകുകയായിരുന്ന വെല്ലിമ്മാന്റെ ചേവക്കോഴി ഓടിവന്ന് ഞാഞ്ഞളിനെ കൊത്തി ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതും  അതുകേട്ട മറ്റു കോഴികൾ ഓടിവന്ന് ഞാഞ്ഞളിനെ  കൊത്തിവിഴുങ്ങുന്നതും നോക്കി നില്പായി. ചേവക്കോഴി ചുവന്ന് തടിച്ച് മിടുക്കനാണ്. വീട്ടിലെ കോഴികളെയെല്ലാം ഭരിക്കുന്നത് മൂപ്പരാണ്. തിന്നാൻ പറ്റിയത് വല്ലതും കണ്ടാൽ മറ്റുകോഴികളെ വിവരമറിയിക്കും.അവർ തിന്നുന്ന നേരത്ത്  ആകാശത്തേക്കും നോക്കി ഗമിയിലങ്ങനെ നിൽകും. എറളാടിയോ പരുന്തോ  വന്നാൽ പ്രത്യേക ഒച്ചയുണ്ടാക്കും. അതുകേട്ടാൽ കോഴിക്കുഞ്ഞുങ്ങൾ തള്ളയുടെ ചിറകിനടിയിലേക്ക് ഓടിയൊളിക്കും. ഒരുദിവസം കോഴികളെല്ലാം കൂടി കൊക്കിപ്പാറാൻ തുടങ്ങി നോക്കിയപ്പോൾ വലിയൊരു പാമ്പ് ചക്കനും ചാത്തനുമൊന്നും കൊല്ലാൻ ധൈര്യമുണ്ടായില്ല. പിന്നെ മൂത്താപ്പ വന്ന് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ചേവക്കോഴി നേർച്ചക്കോഴിയാണത്രേ. പാമ്പുകൾ വരാതിരിക്കാൻ വെല്ലിമ്മ അതിനെ രിഫാ ഈൻ ശൈഖിന്റെ പേരിൽ നേർന്നിരിക്കയാണ്. കുറേ ദിവസം കഴിഞ്ഞാൽ  ഉസനിക്കയോ ചേക്കുമൊല്ലക്കയോ വന്ന്  മൗലൂദ് ഓതും  ശേഷം പൂവനെ അറുത്ത് ഉണ്ടാക്കിയ കറിയും പത്തിരിയും  എല്ലാവരും കൂടിതിന്നുകയും ചെയ്യും.
ഇറച്ചിയും പത്തിരിയും അവനിഷ്ടമാണെങ്കിലും ചേവലിനെ അറുക്കുന്ന കാര്യമോർത്തപ്പോൾ അവനു വലിയ സങ്കടം തോന്നി.
സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ.........
തൊടിയിൽ പ്രഭാതബേരി മുഴക്കുന്ന കിളികളെ കാര്യമാക്കാതെ അവൻ കുളത്തിലേക്കോടി. ഇന്നിനി എന്തെല്ലാം കളികൾ കിടക്കുന്നു. കൂട്ടുകാരിപ്പൊ വരും..

Saturday, May 25, 2019

സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ

നാം കണ്ട സ്വപ്നങ്ങൾ നമുക്ക് ശേഷം പൂവണിയുന്നത്, നാം തുടങ്ങിവെച്ചത് നമ്മുടെ പിൻ ഗാമികൾ ഭംഗിയായി പൂർത്തിയാക്കുന്നത് ഒക്കെ കാണാൻ ഭാഗ്യമുണ്ടാവുക എന്നത് ഒരു ഈശരാ നുഗ്രഹം തന്നെയാണ്. പെരുവണ്ണാമൂഴി   ഐ ഐ എസ് ആർ ഫാമിലെ ജലശേചന ശ്രോതസ്സായ ഓനിപ്പുഴ അതിന്റെ ഉത്ഭവസ്ഥാനത്തു വെച്ച് ബാണാസുര സാഗറിലേക്ക്  തിരിച്ചു വിടാനുളള ഒരു പദ്ധതി പണ്ടു മതലേ കേട്ടിരുന്നു.അങ്ങനെ വരുന്നപക്ഷം ഓനിപ്പുഴ വരണ്ടു പോകാനും ഫാമിലെ ജലശേചനം താറുമാറാകാനും സാദ്ധ്യത്യുണ്ട് എന്ന കാര്യം അന്നത്തെ ഇൻ ചാർജ്ജ് ശ്രീ മാത്യൂസാറുമായി പലപ്പോഴും ചർച്ച ചെയ്തിരുന്നു. അതിന്നു പ്രതിവിധിയായി ബ്ലോക്ക് എ യിലെ പാഡീഫീൽഡിന്റെ താഴെയും ജേം പ്ലസം നഴ്സറിക്കു താഴെയും വലിയ ഓരോ കുളങ്ങൾ കുഴിക്കുക എന്നതായിരുന്നു ഞങ്ങൾ കണ്ട മാർഗ്ഗം. എന്നും എനിക്ക്  പ്രചോദനമായിരുന്ന എന്റെ സഹായി ടെക് ഓഫീസർ  കുമാരനും പമ്പോപ്പറേറ്റർ സദാശിവനും വെളളം കിട്ടുമെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നില്ല. പലപ്പോഴും ഉന്നതതലത്തിൽ ഇക്കാര്യം ചർച്ച ചെയ്യപ്പെട്ടു. നിർഭാഗ്യവശാൽ ഡയറക്റ്റർ പാർത്ഥ സാരഥിയുടെ കാലം. മനസിലെ ഊർജ്വസ്വലതയുടെ  കനലുകളിൽ ജലം കോരി ഒഴിച്ച് കെടുത്തപ്പെട്ട കാലം. I don't want jumping horses I want yielding donkies എന്ന് പരസ്യമായി പ്രഖ്യാപിച്ച മഹാൻ.  മുന്നോട്ടുവെച്ച പദ്ധതികളൊക്കെ ഓരോ കാരണങ്ങൾ ചൊല്ലി നിഷേധിക്കപ്പെട്ടു. എന്നിട്ട് പിന്നീട് അതെച്ചൊല്ലിത്തന്നെ ഭത്സിക്കപ്പെട്ടു. അങ്ങനെ നനഞ്ഞ വെടിമരുന്നു പോലെയായി ഞാൻ. ഡയറകറ്റർക്ക് ഇഷ്ടപ്പെടുന്ന ഒരു yielding donky യാകാൻ കഴിയാതെ പോയതിനാൽ  ഒരു സ്വയം വിരമിക്കലിനെക്കുറിച്ച് എന്റെ ചിന്ത സജീവമാകവേ അതാ വരുന്നു  എന്നെ ഉണർത്താൻ ഡയറക്റ്ററായി അനന്ദരാജ് സാറും ഇൻ ചാർജ്ജായി SasikumarBhaskaran Pillai സാറും. സാന്ത്വനവും പിൻ തുണയും കൊണ്ട് അവരെന്നെ ഉത്തേജിപ്പിച്ചു. കരിഞ്ഞു പോയ സ്വപ്നങ്ങൾ പൂവണിയവേ എനിക്ക് പിരിയാൻ സമയമായി. മുപ്പത്തി മൂന്നോളം വർഷങ്ങൾ എന്നെപ്പോറ്റിയ എന്റെ സ്ഥാപനം കൂടുതൽ ഉയരത്തിലെത്തണേ എന്ന പ്രാർത്ഥനയോടെ ഉത്തരവാദിത്വവും ഒരുപാട് ഉപദേശങ്ങളും എന്റെ ജൂനിയർ Sujeesh Es നെ ഏല്പിച്ച് ഞാൻ പടിയിറങ്ങി. സുജീഷിലും പുതുതായി വന്ന രസ്മിഷ് ഹരീഷ് എന്നിവരിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അഴിമതിയെ വെറുക്കുന്ന ഊർജ്വസ്വലരായ ചെറുപ്പക്കാർ. നീണ്ട ഒന്നര വർഷത്തിനു ശേഷം ഇന്നലെ ഇരിക്കൽ കൂടി ഫാം സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. ഫാം മുഴുവനും ചുറ്റി നടന്ന് കണ്ടു. ശശികുമാർ സാറിന്റെ നേതൃത്വത്തിൽ ഫാം കൂടുതൽ പുരോഗതിയിലേക്കു തന്നെയാണു നീങ്ങുന്നത്. സുജീഷ് എന്റെ പ്രതീക്ഷ കാത്തിരിക്കുന്നു. ഞാനും കുമാരനും തുടങ്ങി വെച്ച പലതും നന്നായി വരുന്നു. കാട്ടാനകളുടെ ശല്ല്യം ഇപ്പോൾ വളരെ കുറഞ്ഞിരിക്കുന്നു എന്ന് Sadasivan TR പറഞ്ഞു. അതിന്റെ അംഗീകരത്തിന്ന് അർഹരിൽ പ്രഥമൻ സദാശിവൻ തന്നെ.
കൗസല്ല്യ ശാരദ തുടങ്ങിയ പഴയ സഹായികളെയൊക്കെ കണ്ടു. ചാക്കോച്ചനും ഉഷയുമൊക്കെ അവിടെത്തന്നെയുണ്ട്. കാഷ്വൽ തൊഴിലാളികൾ ബിനോയ് പപ്പൻ തുടങ്ങിയവരെയൊക്കെ കണ്ടു. സമയത്തിനു ശമ്പളം കിട്ടാത്തതിന്റെ ബേജാറിലായിരുന്നു അവർ. കേട്ടപ്പോൾ വലിയ ദുഖം തോന്നി.
നടേ പറഞ്ഞ ജലശേചന പദ്ധതികളിൽ ഒന്ന് ബ്ലോക്ക് എ യിലെ കുളം പൂർത്തി യായിരിക്കുന്നു. സ്ഥാപനത്തിന്റെ വളർച്ചയെക്കുറിച്ച് ഞാൻ കണ്ട സ്വപനങ്ങൾ എന്റെ അഭാവത്തിൽ നടപ്പിലാവുന്നതു കാണാൻ ഭാഗ്യം നൽകി അനുഗ്രഹിച്ച സർവ്വേശ്വരന്ന് നന്ദി. അതിന്നായി പ്രവർത്തിച്ചവരെയൊക്കെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...
Sasikumar B

Monday, May 20, 2019

സൈദ് എന്നും അതിശയിച്ചിരുന്നു

മാതാവോ പിതാവോ അദ്ദേഹം തനിക്ക്
ആരായിരുന്നു.....?
മുഹമ്മദ് നബി (സ) ക്ക്  ഖാസിം അബ്ദുല്ലഹ് എന്നിങ്ങനെ രണ്ടു പുത്രന്മാരാണ് പ്രിയ പത്നി ഖദീജയിൽ ജനിച്ചത്. വിധി വശാൽ രണ്ടു പേരും ചെറുപ്പത്തിലേ മരിച്ചു പോയി. ആൺ കുഞ്ഞുങ്ങൾക്ക് വലിയ പ്രാധാന്യം നൽകപ്പെട്ടിരുന്ന അക്കാലത്ത് ഈ വിയോഗങ്ങൾ ആദമ്പതികളെ വലിയ ദുഖത്തിലാഴ്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. നുബുവ്വത്തിനു ശേഷം ശത്രുക്കൾ അദ്ദേഹത്തെ വേരറ്റവൻ എന്ന് ചൊല്ലി  പ്പരിഹസിച്ച തിന്നും സർവ്വേശ്വരൻ അദ്ദേഹത്തെ സാന്ത്വനിപ്പിച്ചതിന്നും ഖുർ ആൻ സാക്ഷിയാണ്. അങ്ങനെ പുത്ര ദുഖം സഹിക്കവയ്യാതായപ്പോൾ ഖദീജ ഉക്കാളിലെ ചന്തയിൽ നിന്നും ഒരു അടിമയെ വാങ്ങി മുഹമ്മദിന്ന് സമ്മാനിച്ചു. അദ്ദേഹമവനെ മോചിപ്പിക്കുകയും സ്വന്തം മകനായി പ്രഖ്യാപിക്കുകയും ചെയ്തു. ആ കുട്ടിയാണ് ഇസ്ലാമിക ചരിത്രത്തിൽ വിഖ്യാതനായ സൈദ് ബിൻ ഹാരിസ. പ്രവാചത്വലബ്ദിക്ക് ശേഷം ദത്ത് സമ്പ്രദായം ഇസ്ലാം നിരോധിക്കുന്നതു വരെ അദ്ദേഹം സൈദ് ബിൻ മുഹമ്മദ് എന്നറിയപ്പെട്ടു. ഖദീജ അലിഎന്നിവർക്കു ശേഷം ഇസ്ലാം അസ്ലേഷിച്ചതും സൈദായിരുന്നു. സൈദ് വാസ്തവത്തിൽ ഉന്നത കുലജാതനായ കുട്ടിയായിരുന്നു. കൊളളക്കാരാൽ ചതിയിൽ പിടിക്കപ്പെട്ട അടിമച്ചന്തയിൽ വിൽകപ്പെട്ട ബാലൻ. ഈശ്വരാനുഗ്രഹത്താൽ അത് അദ്ദേഹത്തിന്ന് ഏറ്റവും വലിയ ഭാഗ്യമായി. ലോകാനുഗ്രഹിയുടെ തണലിൽ ജീവിതാവസാനം വരെ കഴിഞ്ഞു കൂടാനും ദൈവമാർഗ്ഗത്തിൽ രക്തസാക്ഷിയാവാനുമുളള ഭാഗ്യം. പിന്നീട് സൈദ് കുറൈശി പ്രമുഖൻ മുഹമ്മദിന്റെ ഉടമസ്തതിയിലുണ്ട് എന്ന് മനസ്സിലാക്കിയ മാതാപിതാക്കൾ മക്കയിൽ വരികയും കുട്ടിയെ മടക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. താങ്കൾ നിശ്ചയിക്കുന്ന എന്ത് നഷ്ട പരിഹാരവും നൽകാൻ ഞങ്ങൾ ഒരുക്കമാണ് ഞങ്ങൾക്ക് മകനെ മടക്കിത്തരാൻ ദയവുണ്ടാകണം അവർ അപേക്ഷിച്ചു. കാരുണ്യത്തിന്റെ പ്രവാചകൻ പറഞ്ഞു ഞാനായിട്ട് ഒരുമുടക്കവും പറയുകയില്ല. സൈദിനു സമ്മതമാണെങ്കിൽ കൊണ്ടു പോയ്
കൊളളൂക ഒരു നഷ്ട പരിഹാരവും നിങ്ങൾ  നൽകേണ്ടതില്ലാ. അവർ സൈദിനെ വിളിച്ചു.
സൈതിന്റെ മറുപടി വിചിത്രമായിരുന്നു നിങ്ങളെനിക്ക് മാതാ പിതാക്കൾ തന്നെ നിങ്ങളെ ഞാൻ സ്നേഹിക്കയും ചെയ്യുന്നു.  പക്ഷേ ഇദ്ദേഹത്തെ പിരിയാൻ എനിക്കു കഴിയുകയില്ല. ഈ ലോകത്ത് ആരു വന്ന് വിളിച്ചാലും ഇദ്ദേഹത്തെ വിട്ട് ഞാൻ
വരികയില്ല. മുഹമ്മത് തനിക്ക് മാതാവോ പിതാവോ എന്ന് സൈദിനറിയില്ലായിരുന്നു. പക്ഷേ തനിക്ക്  തന്റെ മാതാപിതാക്കളിൽ നിന്ന് ലഭിച്ചിട്ടുളളതിനേക്കാൾ വളരെ വലുതെന്തോ ആണു തനിക്കു മുഹമ്മദിൽ നിന്നു കിട്ടുന്നത് എന്ന് മാത്രം സൈദ് തിരിച്ചറിഞ്ഞു...
മകൻ തങ്ങളുടെ കൂടെയുളളതിനേക്കാൾ സന്തോഷത്തിലാണ് എന്ന് മനസിലാക്കിയ അവർ സമാധാനത്തോടെ മടങ്ങിപ്പോയി....
സൈദ് മുഹമ്മദിന്റെ സംരക്ഷണയിൽ വളർന്നു. പ്രവാചകന്റെ മാതുല പുത്രി സൈനബിനെ വിവാഹം കഴിക്കുകയും ചെയ്തു. നിർഭാഗ്യവശാൽ ആ ബന്ധം ഊഷ്മളമായിരുന്നില്ല. പിന്നീട് അത് വിവാഹ മോചനത്തിൽ കലാശിക്കുക യാണുണ്ടായത്. ദത്ത് സമ്പ്രദായം തീർത്തും ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി സൈനബിനെ പിന്നീട് പ്രവാചകൻ അല്ലാഹുവിന്റെ കല്പന പ്രകാരം വിവാഹം ചെയ്തത് ശത്രുക്കളുടെ വലിയ വിമർശനത്തിന്ന് ഇടയായ സംഭവമാണ്.
പ്രവാചകന്റെ ഏറ്റവും അടുത്ത അനുയായി എന്ന നിലക്ക് ഒരുപാട് ഉത്തര വാദിത്വങ്ങൾ അദ്ദേഹം വഹിക്കുകയുണ്ടായി. ബദർയുദ്ധ ത്തിലെ വിജയം മദീനയിൽ വിളംബരം ചെയ്യാൻ ചുമതലപ്പെട്ട രണ്ടു പേരിൽ ഒരാൾ സൈദായിരുന്നു. പ്രവാചകന്റെ ഖസ് വ എന്ന ഒട്ടകത്തിലേറിയാണ് അദ്ദേഹം ഇക്കാര്യത്തിന്ന് മദീനയിലേക്ക് പോയത്.
മുഅ്ത്വ യുദ്ധത്തിലെ ദ്വജവാഹകൻ
അദ്ദേഹമായിരുന്നു. ആ യുദ്ധത്തിൽ വെച്ച് അദ്ദേഹം രക്തസാക്ഷിയായി...

Thursday, May 16, 2019

നേരമ്പോക്ക്

തിരില്ല്വാമല കേറി വരും വഴി പഴയ ഇഷ്ടക്കാരൻ നാണ്വാരെകാണ്വണ്ടായി. മലമ്പുഴയിൽ നിന്നും ഇടവം ഒന്നിനു തുറന്നുവിട്ട വെളളം ചിരിച്ച് കളിച്ച് പടിഞ്ഞാറോട്ട് പായുന്നതും നോക്കി ലക്കിടി പാലാത്തിന്മേൽ രസിച്ചങ്ങനെ നിൽക്വായിരുന്നു മഹാൻ. ഭാവം ഗ്രഹിച്ച് അല്പനേരം ചില ഭോഷ്കുകൾ പറയാൻ ഭാഗ്യം ണ്ടായീന്ന് പറയാലോ പിന്നെ കുറച്ച്നേരം കുശലോം പറയ്വണ്ടായി

പ്പൊ പോക്കില്ല്യേ പട്ടാമ്പിക്കടുത്ത് കാരക്കാട്ട്ന്ന് കൊയിലാണ്ടിക്കട്ത്ത മുത്താമ്പി അഞ്ചാം പീടിക പേരാമ്പ്ര വഴി പെർവണ്ണാമൂഴീൽക്ക്....
ല്ല്യാ ഈശ്വര കടാക്ഷത്തോടെ അടുത്തൂൺ പറ്റി...
എന്ന് ?
സംഭവിച്ചിട്ടിപ്പോ വർഷൊന്ന് കഴിഞ്ഞു...
അപ്പൊ പിന്നെങ്ങന്യാ നേരമ്പോക്ക്...
അങ്ങനെ പണ്ടത്തേപോലെ സ്ഥിരായ്ട്ടൊന്നൂല്ല്യാ... പ്രഭാതത്തിലല്പം നടത്തം പിന്നെ കുറേ ഇരുത്തം പിന്നെ ഒരല്പം കിടത്തം പിന്നെ ശാപ്പാട് ... പിന്നെ വീണ്ടു മൊരു കിടത്തം പിന്നെ എണിറ്റൊരു നടത്തം വന്നൊര് ഇരുത്തം ഒരല്പമെന്തെങ്കിലും അകത്താക്കി വീണ്ടു മൊരു കിടത്തം അപ്പഴക്കും ഒരു ദിവസങ്ങ്ട്  കഴിഞ്ഞിട്ടുണ്ടാവ്വൈ... ഇതിനിടേല് മറ്റൊന്നിനും നേരൂം കിട്ടിണില്ല്യാന്ന് വെച്ചോളൂ..
അപ്പോ എങ്ങന്യാ ആധുനിക തലമുറ്യായ്ട്ട് ഒത്ത് പോക്വാ പിന്നിലായിപ്പോകില്ല്യേ....
ഇടക്കൊക്കെ അല്പം സോഷ്യൽ മീഡിയേടെ അസ്ക്യതണ്ടേയ്... അപ്പോ പിന്നെ പിന്നിലാവിണില്ല്യാന്ന് വെച്ചോളൂ....
അതൊക്കെ ശരി സൂക്ഷിക്കണംട്ടോ നാട്ട്വാർടെ കുറ്റം പറേലാണലോ പ്രധാന സോഷ്യല് സ്റ്റഡി ....
രാജാവിനെ കുറ്റം പറയിണത് സൂക്ഷിച്ച് വേണം അത് രാജ്യദ്രോഹാണേയ്... ജനദ്രോഹം അസാരം ആയാലും കുഴപ്പല്ല്യാ രാജ്യദ്രോഹം തീരെ വേണ്ടാട്ട്വോ
... ഒവ്വ
ആവും പോലെ സൂക്ഷിക്ക്ണ് ണ്ട്...
ന്നാ ഞാനങ്ങട്ട് ...
നടന്നോളൂ ....

Wednesday, May 8, 2019

സ്വപ്നത്താളുകൾ

ഉമ്മ അവനെ കുലുക്കിയുണർത്തുമ്പോൾ അവൻ സ്വപ്നത്തിലായിരുന്നു.
ഹരിതാഭമായ പുൽമേടുകൾ നിറയെ പലവർണ്ണത്തിൽ പൂത്തു നിൽകുന്ന കുറ്റിച്ചെടികൾ അവക്കിടയിലൂടെ കൂട്ടം കൂട്ടമായി  പാറി നടക്കുന്ന ചിത്രശലഭങ്ങൾ. അവക്കു പിറകെ ആർത്തുചിരിച്ചു കൊണ്ട് അവൻ ഓടുകയായിരുന്നു. ഒന്നിനെ കയ്യിൽ കിട്ടാറായപ്പോഴാണ് ഉമ്മായുടെ വിളി അവനെ ഉണർത്തിയത്. ദുഖത്തോടെ  കണ്ണു തിരുമ്മി എഴുന്നേറ്റപ്പോഴവൻ ഉമ്മായുടെ കയ്യിൽ അവന്റെ മനസിൽ നിന്നും ചീന്തിയെടുത്ത ആ സുന്ദര  സ്വപ്നത്തിന്റെ ഏടുണ്ടായിരുന്നു. വക്കിലൂടെ ചോര പൊടിഞ്ഞിരുന്ന സ്വപ്നത്തിന്റെ ഏട്....

പിന്നെയൊരിക്കൽ അവൻ കണ്ടു. പച്ചപ്പുല്ല് വിരിച്ച വിശാലമായ മൈതാനത്തിന്റെ അരികിൽ കളകളം പാടിയൊഴുകുന്ന അരുവി അതിനപ്പുറം വന്മരങ്ങൾ നിറഞ്ഞ കാട്. മൈതാനത്തിനു മേൽ താണു പറക്കുന്ന മഴത്തുമ്പികൾ തുമ്പികളുടെ പിറകെ കുറേ ഓടി മടുത്തപ്പോൾ അവൻ മൈതാനത്തിന്റെ അതിരിലെ അരുവിയുടെ വക്കിലെത്തി. അരുവിക്കരയിലെ പാറയിൽ ഇരുന്ന് അവൻ വെളളത്തിലേക്ക് കാലുകളിട്ടു. തെളിഞ്ഞവെളളത്തിൽ തിമിർത്തു കളിക്കുന്ന പരൽ മീനുകൾ അവന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി..
താമസിയാതെ ആ സ്വപ്നത്താളും ഉമ്മ കീറിയെടുത്തു....

Tuesday, May 7, 2019

ട്ടിക്കുറു...

ഒരു വെളളിയാഴ്ച സായാഹ്നം. അടുത്തരണ്ടു ദിവസങ്ങൾ പരോളിലാണല്ലോ എന്ന ആശ്വാസത്തിൽ കുട്ടി സ്കൂൾ വിട്ട് വീട്ടിലെത്തി. പുസ്തക സഞ്ചി  പൂമുഖത്തെ അലമാറയിൽ തനിക്കനുവദിച്ച സ്ഥലത്ത് വെച്ച് അകത്ത് പോയി തിത്യാത്ത കൊടുത്ത ചായയും കുടിച്ച് നേരെ തോട്ടത്തിലേക്കിറങ്ങി. തലേദിവസം വിരുന്നു വന്ന അമ്മായിയുടെ മകൻ കുഞ്ഞിപ്പ അവിടെ ഈത്തപ്പഴ പ്ലാവിന്നു ചുവട്ടിൽ വെല്ലിമ്മായുടെ അടുത്തായി നില്പുണ്ടായിരുന്നു. കൂട്ടുകാരനെ കണ്ടതും അവൻ ഓടി വന്നു.  കുളക്കരയിൽ ചക്കനും ചാത്തനും പൂളമരം വെട്ടാനൊരുങ്ങുകയാണ്.കിഴക്കു നിന്നുളള പാസഞ്ചർ വണ്ടി പിറകിലേക്ക് പുകതുപ്പി കൂവിയാർത്ത് പാഞ്ഞു പോയി. ചാത്തന് ധൃതിയായി. നേരം ഇര്ട്ടായി വേഗം നോക്ക്. അവർ പൂള വെട്ടിയിട്ടിട്ട് പോയാൽ മതി എന്ന് വെല്ലിമ്മായുടെ ആജ്ഞ അനുസരിക്കുകയായിരുന്നു.
പൂളമരത്തിന്റെ ഉയരത്തിൽ ഉണ്ടായിരുന്ന മാളങ്ങളിൽ നിന്നും തല പുറത്തേക്കിട്ട് ഇരിക്കാറുളളത് പക്ഷി വെട്ടാൻ തുടങ്ങിയതോടെ അടുത്ത മാവിലേക്ക് പറന്നു പോയി. കുറേ ദിവസമായി അത് അവിടെ ഉണ്ടായിരുന്നു എന്ന് അവൻ ഓർത്തു. അതിനകത്ത് അതിന്റെ കുട്ടികളുണ്ടാകു മെന്ന് ഇന്നലെ കുഞ്ഞാപ്പുട്ടി അവനോട് പറഞ്ഞിരുന്നു. ഒന്നിനെ കിട്ടിയാൽ വളർത്തി നോക്കാം എന്നവൻ ആശിച്ചിരുന്നു.
മരത്തിന്റ അടി വെട്ടി കവുങ്ങുകളില്ലാത്ത് ഭാഗത്തേക്ക് മരത്തെ അവർ തളളിയിട്ടു. വാ പോകാ നാളെ മുറിച്ച് അടുക്കാം എന്നും പറഞ്ഞ് വെട്ടുകാർ സ്ഥലം വിട്ടു.പ്ലാവിന്റെ ചുവട്ടിൽ നിന്ന് മേൽ നോട്ടം നടത്തുകയായിരുന്ന വെല്ല്യുമ്മ അവർക്ക് കൂലികൊടുക്കാൻ വീട്ടിലേക്കു പോയി. മരം വീണ ഉടൻ അണ്ണാന്മാരും കാക്കകളും കുറേ നേരം ബഹളമുണ്ടാക്കിയിരുന്നു. പിന്നെ ശാന്തമായി. നേരം ഇരുട്ടായിത്തുടങ്ങിയിരുന്നു. കുട്ടികൾ വീണുകിടക്കുന്ന മരത്തിന്റെ പൊത്തിനടുത്ത് ചെന്നു നോക്കി. അകത്തേക്ക് നോക്കിയിട്ടൊന്നും കാണാനില്ല. കുട്ടി പേടിയോടെ‌ പൊത്തിനകത്തേക്ക് കയ്യിട്ടു നോക്കി. എന്തോ അനങ്ങുന്നു. അവൻ പെട്ടന്ന് കൈ വലിച്ചു. പിറകിൽ നിന്ന് കുഞ്ഞിപ്പ ധൈര്യം കൊടുത്തു എട്ക്ക് പാമ്പൊന്നു ആകൂല തളള ക്കിളിയെ ഞമ്മള് കണ്ടതല്ലേ.പിന്നെ സംശയിച്ചില്ല
പതുക്കെ കയ്യിട്ട് പുറത്തെടുത്തു. ഒരു ഇറച്ചിക്കഷ്ണം. തൂവലുകളുടെ അടയാളം പോലുമില്ല. അകെക്കൂടി അറപ്പുതോന്നുന്ന രൂപം. കുട്ടികൾ അതിനെയെടുത്ത് വീട്ടിലേക്കോടി. അരുകാണാത്ത കോണിലിരുന്ന് ഇതിനെ എന്തു ചെയ്യും എന്ന് ചിന്തയായി. കിളിക്കുഞ്ഞ് കൊക്കു വിടർത്തി കീ കീ എന്നു കരയാൻ തുടങ്ങി. ശബ്ദം കേട്ട് തൊഴുത്തിൽ കന്നുകളെ കെട്ടുകയായിരുന്ന കോപ്പൻ ഓടി വന്നു. കുട്ടി കിളിക്കുഞ്ഞിനെ ട്രൗസറിന്റെ കീശയിലിട്ടു ഒന്നും അറിയാത്ത ഭാവത്തിൽ നില്പായി. കോപ്പൻ വെല്ല്യുമ്മാനോട് പറഞ്ഞു കുഞ്ഞ്ബാപ്പും കുഞ്ഞിപ്പീം ഏന്തോ വിഗ്ഗൃതി ഒപ്പിച്ചിട്ടുണ്ട് ന്ന് തോന്ന്ണു. തെക്കിനിയിൽ  മഗ്രിബ് നമസ്കരിച്ച് നിസ്കാരപ്പായിൽ ഇരിക്കുകയായിരുന്ന വെല്ലിമ്മ നയത്തിൽ വിളിച്ചു കുഞ്ഞാപ്പ്വോ‌ ബടെ വാ... പതുക്കെ നല്ലകുട്ടിയായി ഹാജറായി...
എന്താ അന്റെ കീശേല് ?. കുട്ടി പതുക്കെ‌ കിളിയെ പുറത്തെടുത്തു. പ്രതീക്ഷിച്ചപോലെ വെല്ലിമ്മ ദേഷ്യപ്പെട്ടില്ല. വിജാരണയും ശിക്ഷയും കാണാൻ നിന്ന് തിത്യാത്ത കോപ്പൻ തുടങ്ങിയവരെയൊക്കെ നിരാശപ്പെടുത്തി വെല്ലിമ്മ പറഞ്ഞു പടച്ചോനേ മുട്ടേന്ന് വിരിഞ്ഞിട്ടല്ലേ ഉളളൂ. ഇതിപ്പൊ ചാകുവോലോ... കുറച്ച് പൊടിയരി കൊണ്ട് വന്ന് കൊടുത്തു നോക്കി. കൊത്തിത്തിന്നുന്നില്ല. അപ്പോൾ കോപ്പൻ ഒരു വിദ്യ പറഞ്ഞുതന്നു. അരി കുട്ടി വായിലിടുക. എന്നിട്ട് കിളിയുടെ വിടർന്ന കൊക്കിനകത്തേക്ക് പതുക്കെ തുപ്പിക്കൊടുക്കുക. കുട്ടി അങ്ങനെ ചെയ്തു നോക്കി. കിളി തിന്നാൻ തുടങ്ങി. വയറു നിറഞ്ഞപ്പോൾ കീ കീ ന്നു ളള കരച്ചിൽ നിർത്തി. ഒരു കാർഡ്ബോഡ് പെട്ടിയിൽ പക്ഷിയെ ആക്കി. പൂച്ചക്ക് കിട്ടാത്തെടത്ത് വെക്കാൻ വെല്ലിമ്മ നിർദ്ദേശിച്ചു.
പിറ്റേന്ന് മുളയുടെ അലകുകൾ ചീന്തിയുണ്ടാക്കി‌ രണ്ടു പലകകളിൽ അടിച്ച് കുട്ടികൾ ഒരു കൂടുണ്ടാക്കി. നടുമിറ്റത്തിന്റെ അടുത്ത് ഉത്തരത്തിൽ തൂക്കിയിട്ടു. അതിനിടെ വിരുന്ന് കഴിഞ്ഞ് കുഞ്ഞിപ്പ പോയി. കുട്ടിയും പക്ഷിയും തനിച്ചായി. രാവിലെ സ്കൂളിൽ പോകും മുമ്പും വിട്ടു വന്ന ഉടനും കുട്ടി കിളിക്കുഞ്ഞിനമ്മയായി. കുട്ടി അരിവായിലിട്ടാൽ ഉടൻ കിളി കൊക്കുതുറന്ന് ചിറകടിച്ച് കരയാൻ തുടങ്ങും. അതിന്റെ കൊക്കിനകത്തേക്ക് കുട്ടി അരി നാവുകൊണ്ട് ഇട്ടുകൊടുക്കും. രണ്ടു മൂന്ന് നാൾ കഴിഞ്ഞപ്പോൾ അത് സ്വയം തിന്നാൻ തുടങ്ങി തൂവലുകൾ വലുതായി. കാണാൻ നല്ല ചന്തമുളള പച്ചക്കിളി. അത് എന്നും പുലർച്ചെ‌ വെല്ലിമ്മ സുബഹിന് ഉണരുന്ന സമയത്ത് ട്ടിക്കുർ ട്ടിക്കുർ എന്ന് പാടാൻ തുടങ്ങി. അതിനു കുട്ടി ട്ടിക്കുർ എന്ന് പേരിട്ടു. അരിക്ക് പകരം ചോറും പേരക്കയുമൊക്കെ തിന്നാൻ തുടങ്ങി. അങ്ങനെ സ്വന്തമായി ഒരു കുരുവിയെ വളർത്തുന്നവൻ എന്ന ഗമയിൽ കുട്ടി ശാന്ത ഗംഭീരനായി‌ കഴിഞ്ഞു കൂടവേ ഒരു ദിവസം സ്കൂൾ വിട്ട് വന്നയുടൻ കുരുവിക്ക് തീറ്റകൊടുക്കുകയായിരുന്ന കുട്ടിയെ വെല്ല്യുമ്മ സ്നേഹപൂർവം വിളിക്കുന്നു. മോനേ കുഞ്ഞ്വാപ്പ്വോ ബടവാ ... കുട്ടി ചെന്നു. സ്നേഹ പൂർവ്വമുളള വിളിയായതുകൊണ്ട് ഒരല്പം സൂക്ഷിച്ചാണ് ചെന്നത്. അതങ്ങനെ യാണ് എന്തെങ്കിലും പണിതരാനാണ് അങ്ങനെ വിളിക്കുക പതിവ്.
മോനേ അതു വലുതായി. നമുക്കതിനെ വിടാം. ഇണകളോടൊപ്പം ആകാശത്ത് പാറിനടക്കേണ്ട് കിളിയെ ഹബ്സിലിട്ടാൽ പാവാണ്. അല്ലാക്ക് അതിഷ്ടാകൂലാ... വെല്ല്യുമ്മാന്റെ കുട്ട്യേ ഈ മച്ചിലിട്ട് ആരെങ്കിലും പൂട്ടിയാൽ എങ്ങനെയുണ്ടാകും. കേട്ടത് ശരിയാണെന്ന് തോന്നി. വളരെ വേദനയോടെ അതിനെ വിട്ടയക്കാൻ കുട്ടി തീരുമാനിച്ചു. കൂടെടുത്ത്  കുളക്കരയിൽ ചെന്നു. അവിടെവെച്ച് മെല്ലെ കൂടു തുറന്നു. ആദ്യം അത് പുറത്തുവന്നില്ല. പിന്നെ മെല്ലെ കുട്ടിയുടെ കയ്യിലേക്കിറങ്ങിവന്നു. നാലുപുറം നോക്കി പിന്നെ കുളക്കരയിലുളള ചക്കരപ്പുളിമരത്തിലേക്ക് പറന്നു പോയി. പിന്നെ കുറേകാലം ട്ടിക്കുർ‌ എന്ന് പാടുന്ന കുരുവികളൊക്ക് എന്റെ ട്ടിക്കുർ ആണെന്ന് കുട്ടി വിശ്വസിച്ചു. എപ്പോഴെങ്കിലും അത് എന്റെ ചുമലിൽ പറന്നിറങ്ങുമെന്നും അവൻ കരുതി. പക്ഷേ പിന്നിട് ഒരിക്കലും അത് വന്നില്ല.

പിന്നീട് തന്റെ സുഹൃത്ത് പ്രതാപൻ നൽകിയ ഇന്ദുചൂടന്റെ കേരളത്തിലെ പക്ഷികൾ എന്ന പുസ്തകത്തിൽ നിന്നും അതിന്റെ പേര് ചിന്ന കുട്ടുറുവൻ എന്നാണെന്ന് അന്നത്തെ കുട്ടി മനസിലാക്കി... Prathapan Divakaran

പ്രാകൃത കവി.....

സ്ഥലത്തെ പ്രധാന കവി വലിയ പ്രകൃതിസ്നേഹി യായിരുന്നു. മണ്ണിനേയും മരങ്ങളേയും അളവറ്റ് സ്നേഹിക്കുന്നവൻ... തന്റെ വീടിന്റെ മിറ്റത്ത് തണലായി വളരുന്ന് രണ്ട് ഒട്ട് മാവുകളെ തന്റെ പ്രകൃതി സ്നേഹത്തിന്റെ ശഹാദത്താക്കി അദ്ദേഹം ഫെയ്സ്ബിക്കിലെഴുതുയ കവിതക്ക് കുറച്ചൊന്നുമല്ല ലൈക്കുകൾ കിട്ടിയത്....
മാവുകളുടെ ഇല വീണ് മിറ്റം വൃത്തികേടാകുന്നത് ഒരു വലിയ ദുരന്ത മാകുന്നു എന്ന നഗ്ന സത്യം അദ്ദേഹത്തെ തെര്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഭാര്യയാണ്. മിറ്റത്ത് വെളിച്ചം തട്ടാത്തതുകൊണ്ട് വീട്ടിനകത്തു കൂടി ഇരുട്ടാണെന്നും അവരദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. മിറ്റമടിക്കാൻ വേറെ ആളെ നോക്കിക്കൊള്ളണം എന്ന അന്ത്യ ശാസനം വരെ അദ്ദേഹം പിടിച്ച് നിന്നു. പിന്നെ രണ്ടു കല്പിച്ച് അവയെ വെട്ടി തമിഴന്മാരെക്കൊണ്ട് വിറക് ഉടപ്പിക്കുക എന്ന പ്രക്രിയയിലൂടെ കീറിച്ച് വിറകാക്കി....
അപ്പോഴാണ് മിറ്റത്ത് പെയ്യുന്ന വെള്ളം അവിടത്തന്നെ താണു പോകാൻ ഏർപ്പാടുള്ള കട്ടകളെക്കുറിച്ച് അദ്ദേഹം കേട്ടത്... പിന്നെ താമസിച്ചില്ല മിറ്റം കട്ട പതിച്ച് വൃത്തിയാക്കി. മഴവെള്ളം മിറ്റത്തു തന്നെ താഴുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി.....
പിറ്റേന്ന് ഫെയ്സ്ബുക്ക് തുറന്നപ്പോൾ രണ്ട് വർഷം മുമ്പ് താൻ മിറ്റത്തെ മാവുകളെക്കുറിച്ച് എഴുതിയ കവിത അന്നത്തെ മെമ്മറിയിൽ കിടക്കുന്നു. ഉടനദ്ദേഹം അത് ഷെയ്ർ ചെയ്തു വാട്ട്സപ്പിൽ കോപ്പി പേസ്റ്റും ചെയ്തു.
അനതരം അദ്ദേഹം തന്റെ കവിതക്ക് രണ്ടാം വട്ടവും കിട്ടാനിരിക്കുന്ന ലൈക്ക്കളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമസ്കാരത്തിലേക്ക് പ്രവേശിച്ചു.." യാ അയ്യുഹല്ലദീന ആമനൂ ലിമ തക്കൂലൂന മാലാ തഫ് അലൂൻ " ( സത്യ വിശ്വാസികളേ നിങ്ങൾ പ്രവൃത്തിക്കാത്തത് നിങ്ങൾ പറയരുത് ) എന്ന സൂക്തം പരായണം ചെയ്തുകൊണ്ട് നമസ്കരിക്കുകയും ചെയ്തു....... ശുഭം
akoyavk@gmail.com