Tuesday, May 28, 2019

നേർച്ചക്കോഴി

അവൻ അന്ന് പുലർച്ചെ ഉണർന്നു. അതങ്ങനെയാണ് സ്കൂളും മദ്രസയുമില്ലാത്ത ദിവസങ്ങളിൽ... ധൃതിയിൽ മിറ്റത്തേക്കിറങ്ങവേ അടുക്കളയിൽ നിന്നും തിത്ത്യാത്ത പറയുന്നു "ഓ ഇന്ന് സ്കൂളില്ലാ തോന്ന്ണൂ കുഞ്ഞാപ്പു നേരത്തെ ണീച്ചലോ".  അതു കേട്ട് ചിരിക്കുന്ന ഉമ്മയെ ശ്രദ്ധിക്കാതെ അവൻ പുറത്തിറങ്ങി. അടുക്കളമിറ്റത്തിന്റെ അതിരിലെ തെങ്ങിൻ ചുവട്ടിലെ ചരിലിലേക്ക് ശക്തിയായി മൂത്രമൊഴിച്ച്  പൊങ്ങിവരുന്ന വെളുത്തപത നോക്കി അല്പം നിന്നു. അതിനടിയിൽ നിന്നും ഇഴഞ്ഞിറങ്ങി  വലിയ ഒരു ഞാഞ്ഞൾ. പതുക്കെ       കുളത്തിലേക്ക് നടക്കാനൊരുങ്ങവേ  ദൂരെ നിൽകുകയായിരുന്ന വെല്ലിമ്മാന്റെ ചേവക്കോഴി ഓടിവന്ന് ഞാഞ്ഞളിനെ കൊത്തി ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയതും  അതുകേട്ട മറ്റു കോഴികൾ ഓടിവന്ന് ഞാഞ്ഞളിനെ  കൊത്തിവിഴുങ്ങുന്നതും നോക്കി നില്പായി. ചേവക്കോഴി ചുവന്ന് തടിച്ച് മിടുക്കനാണ്. വീട്ടിലെ കോഴികളെയെല്ലാം ഭരിക്കുന്നത് മൂപ്പരാണ്. തിന്നാൻ പറ്റിയത് വല്ലതും കണ്ടാൽ മറ്റുകോഴികളെ വിവരമറിയിക്കും.അവർ തിന്നുന്ന നേരത്ത്  ആകാശത്തേക്കും നോക്കി ഗമിയിലങ്ങനെ നിൽകും. എറളാടിയോ പരുന്തോ  വന്നാൽ പ്രത്യേക ഒച്ചയുണ്ടാക്കും. അതുകേട്ടാൽ കോഴിക്കുഞ്ഞുങ്ങൾ തള്ളയുടെ ചിറകിനടിയിലേക്ക് ഓടിയൊളിക്കും. ഒരുദിവസം കോഴികളെല്ലാം കൂടി കൊക്കിപ്പാറാൻ തുടങ്ങി നോക്കിയപ്പോൾ വലിയൊരു പാമ്പ് ചക്കനും ചാത്തനുമൊന്നും കൊല്ലാൻ ധൈര്യമുണ്ടായില്ല. പിന്നെ മൂത്താപ്പ വന്ന് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. ചേവക്കോഴി നേർച്ചക്കോഴിയാണത്രേ. പാമ്പുകൾ വരാതിരിക്കാൻ വെല്ലിമ്മ അതിനെ രിഫാ ഈൻ ശൈഖിന്റെ പേരിൽ നേർന്നിരിക്കയാണ്. കുറേ ദിവസം കഴിഞ്ഞാൽ  ഉസനിക്കയോ ചേക്കുമൊല്ലക്കയോ വന്ന്  മൗലൂദ് ഓതും  ശേഷം പൂവനെ അറുത്ത് ഉണ്ടാക്കിയ കറിയും പത്തിരിയും  എല്ലാവരും കൂടിതിന്നുകയും ചെയ്യും.
ഇറച്ചിയും പത്തിരിയും അവനിഷ്ടമാണെങ്കിലും ചേവലിനെ അറുക്കുന്ന കാര്യമോർത്തപ്പോൾ അവനു വലിയ സങ്കടം തോന്നി.
സങ്കടപ്പെട്ടിട്ട് കാര്യമില്ലല്ലോ.........
തൊടിയിൽ പ്രഭാതബേരി മുഴക്കുന്ന കിളികളെ കാര്യമാക്കാതെ അവൻ കുളത്തിലേക്കോടി. ഇന്നിനി എന്തെല്ലാം കളികൾ കിടക്കുന്നു. കൂട്ടുകാരിപ്പൊ വരും..

No comments: