Wednesday, May 8, 2019

സ്വപ്നത്താളുകൾ

ഉമ്മ അവനെ കുലുക്കിയുണർത്തുമ്പോൾ അവൻ സ്വപ്നത്തിലായിരുന്നു.
ഹരിതാഭമായ പുൽമേടുകൾ നിറയെ പലവർണ്ണത്തിൽ പൂത്തു നിൽകുന്ന കുറ്റിച്ചെടികൾ അവക്കിടയിലൂടെ കൂട്ടം കൂട്ടമായി  പാറി നടക്കുന്ന ചിത്രശലഭങ്ങൾ. അവക്കു പിറകെ ആർത്തുചിരിച്ചു കൊണ്ട് അവൻ ഓടുകയായിരുന്നു. ഒന്നിനെ കയ്യിൽ കിട്ടാറായപ്പോഴാണ് ഉമ്മായുടെ വിളി അവനെ ഉണർത്തിയത്. ദുഖത്തോടെ  കണ്ണു തിരുമ്മി എഴുന്നേറ്റപ്പോഴവൻ ഉമ്മായുടെ കയ്യിൽ അവന്റെ മനസിൽ നിന്നും ചീന്തിയെടുത്ത ആ സുന്ദര  സ്വപ്നത്തിന്റെ ഏടുണ്ടായിരുന്നു. വക്കിലൂടെ ചോര പൊടിഞ്ഞിരുന്ന സ്വപ്നത്തിന്റെ ഏട്....

പിന്നെയൊരിക്കൽ അവൻ കണ്ടു. പച്ചപ്പുല്ല് വിരിച്ച വിശാലമായ മൈതാനത്തിന്റെ അരികിൽ കളകളം പാടിയൊഴുകുന്ന അരുവി അതിനപ്പുറം വന്മരങ്ങൾ നിറഞ്ഞ കാട്. മൈതാനത്തിനു മേൽ താണു പറക്കുന്ന മഴത്തുമ്പികൾ തുമ്പികളുടെ പിറകെ കുറേ ഓടി മടുത്തപ്പോൾ അവൻ മൈതാനത്തിന്റെ അതിരിലെ അരുവിയുടെ വക്കിലെത്തി. അരുവിക്കരയിലെ പാറയിൽ ഇരുന്ന് അവൻ വെളളത്തിലേക്ക് കാലുകളിട്ടു. തെളിഞ്ഞവെളളത്തിൽ തിമിർത്തു കളിക്കുന്ന പരൽ മീനുകൾ അവന്റെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി..
താമസിയാതെ ആ സ്വപ്നത്താളും ഉമ്മ കീറിയെടുത്തു....

No comments: