Monday, June 17, 2019

കരളിന്റെ കശണങ്ങളേ

കരളിന്റെ കശണങ്ങളേ

***********************

പണ്ട് എന്ന് വെച്ചാൽ ഒരു പത്തമ്പത് വർഷങ്ങൾക്ക് മുമ്പ് കേട്ട അഭിസംബോധനയാണ്. ഗ്രാമത്തിലെ ദീനുൽ ഇസ്ലാമിന്റെ നടത്തിപ്പ് ക്രമീകരിക്കേണ്ടതിലേക്കായി  കൊല്ലത്തിലൊരിക്കൽ പാതിരാ പ്രസംഗങ്ങൾ നടത്തുന്ന പതിവുണ്ടായിരുന്നു. താഴത്തേലെ ഏന്തുക്ക മണ്ണേലെ അലവിക്ക മുതലായ കാരണവന്മാരുടെ ഉത്സാഹത്തിൽ മറ്റു കാക്ക കാരണവന്മാരുടെ ആശീർവാദത്തോടെ അത് നടന്ന് വന്നു. ആധുനിക വിദ്യാഭ്യാസം നേടിയ യുവതലമുറയുടെ പങ്കാളിത്തം സംഘാടനത്തിൽ കുറവായിരുന്നെങ്കിലും അവരും ഒരു ഉത്സവത്തിനെന്ന പോലെ അതിൽ കൂടിയാടിയിരുന്നു എന്നാണ് ചരിത്ര പടുക്കൾ സാക്ഷ്യപ്പെടുത്തുന്നത്. രാത്രി ഒമ്പതു മണിയോടെ തുടങ്ങി പാതിരാപിന്നിടു വോളം നീണ്ടു നിൽകുന്ന പ്രസംഗങ്ങൾ കേൾക്കാൻ ഗ്രാമത്തിലെ പെൺ പടക്കും അനുവാദമണ്ടായിരുന്നു. ജമാഅത്ത് മുജാഹിദ് പോലുള്ള പുത്തൻ പ്രസ്ഥാനക്കാർ പറയും പോലെ അവർ ജുമാ നമസ്കാരത്തിനൊഴികെ യാറം ഉറൂസ് നേർച്ച ചന്ദനക്കുടം പോലുള്ള പുണ്യകർമ്മങ്ങളിലൊക്കെ യഥേഷ്ടം പങ്കുകൊണ്ടിരുന്നു എന്നത് നാട്ടിൽ നിലനിന്നിരുന്നസ്ത്രീസ്വാതന്ത്ര്യത്തിന്റെ  തെളിവായി ഇന്നും ചരിത്ര വിദ്യാർത്ഥികൾ ഉദ്ധരിക്കാറുള്ള വസ്തുതയാണ്.

ആ വർഷം തീവണ്ടിയാപ്പീസിനടുത്ത് കുഞ്ഞരക്കാര് മ്യസ്ല്യാരുടെ പീടികക്ക് സമീപമായിരുന്നു വേദി. അന്ന്  അവിടെയുണ്ടായിരുന്ന കൊച്ചു നിസ്കാരപ്പള്ളിയുടെ സമീപത്തായികെട്ടിയുണ്ടാക്കിയ സ്റ്റേജിനു മുന്നിൽ നിരത്തിയ ബെഞ്ചുകളിൽ കാരണവന്മാരും പിൻ വശത്ത് ദിൽകൂഷിന്റെ പീടികയുടെ വരാന്തയിലും ചുറ്റുപാടുമായി സ്ത്രീജനങ്ങളും ഉപവിഷ്ടരാകും. അടുത്ത് ഹാൾട്ടു ചെയ്തിരുന്ന മയിൽ വാഹനം ബസ്സിൽ കൈക്കുഞ്ഞു ങ്ങളുമായി വന്ന ചില സ്ത്രീജനങ്ങൾ കയറി ഇരുന്നത് പിന്നീടൊരു  ഒരു വലിയ ചരിത്ര സംഭവമായി രേഖപ്പെട്ടകാര്യം  വഴിയെ വിസ്തരിക്കാം. കുഴിയിൽ അബ്വോക്കരിക്കാന്റെ പലചരക്കു കടക്കപ്പുറം തട്ടാൻ ബാലന്റെ പീടിക വരാന്തയിലായിരുന്നു ആധുനികന്മാരുടെ വിഹാരം. ഏന്തീൻ കുട്ടിക്കാടെ കുഞ്ഞാപ്പു, അബ്ദുലു , ഇമ്പിച്ചി ഹംസക്കോയ അബ്ദുറഹ്മാനിക്കാടെ ആലിക്കുട്ടി വീരാനിക്കാടെ വാപ്പുട്ടി പടിഞ്ഞാക്കര അബു തുടങ്ങി അന്നത്തെ ആധുനിക തലമുറ അവിടെ ഒത്തുകൂടി. കൂട്ടത്തിൽ പത്ത് വയസ്സുകാരനായ ഈ എളിയ ചരിത്രകാരനും  ഗാസ് ലൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന പെട്രോൾ മാക്സിന്റെ വെളിച്ചത്തിൽ ശുകപുരം ഉസ്താദ് പ്രസംഗം തുടങ്ങി. ആകർഷകമായ ഈണത്തിൽ ഇസ്ലാമിന്ന് ഉണ്ടായിരിക്കേണ്ട ഇൽമുകൾ അദ്ദേഹം വിവരിച്ചു. കുളിയുടെ കാര്യങ്ങൾ അത് നിർബന്ധമാകുന്ന ഘട്ടങ്ങൾ അങ്ങനെയങ്ങനെ.. 

പ്രസംഗത്തിലെ തമാശ തെരഞ്ഞിരിക്കുകയായിരുന്ന ആധുനികന്മാർ ഇടക്കിടക്ക് അദ്ദേഹം ജനക്കൂട്ടത്തെ കരളിന്റെ കശണങ്ങളേ എന്ന് വിളിക്കുന്നു എന്ന് കണ്ടു പിടിച്ചു. പിന്നെ അത് എണ്ണിത്തിട്ടപ്പെടുത്തലായി അവർക്ക് ഹരം. എടോ അതാ പത്ത് പതിനൊന്ന് എന്നിങ്ങനെ എണ്ണി ചെറുപ്പക്കാരെല്ലാവരും കൂടി ഉറക്കെ ചിരിക്കാൻ തുടങ്ങി. ഇതിനിടെ തള്ളമാരോടൊപ്പം ബസ്സിലിരിക്കുകയായിരുന്ന കൈക്കുഞ്ഞുങ്ങളിൽ ഒന്ന് ബസ്സിനുള്ളിൽ തൂറിയത് വയളിന്റെ ഭക്തിയിൽ മുഴുകിയിരുന്ന മാതാവറിഞ്ഞില്ല. ബസ്സിനകത്ത് ഇരുട്ടായിരുന്നല്ലോ.?  പരിപാടി കഴിഞ്ഞ് അവർ തിരിച്ചു പോയി. പിറ്റേന്ന് രാവിലെ ബസ്സ് വൃത്തിയാക്കാൻ തുടങ്ങിയ ക്ലീനറാണ് സംഗതി കണ്ടു പിടിച്ചത്. സമാധാനമായി രണ്ട് ഗ്ലാസ് കള്ളടിച്ച് കിടന്നുറങ്ങാൻ പറ്റാത്തതിൽ ഖിന്നരായിരുന്ന ബസ് ജീവനക്കാർ അത് ഒരു ഹേതുവായി എടുത്തു. അന്ന് തന്നെ കാരക്കാട്ടുകാർ ബസ്സിൽ തൂറുന്നു ഇനി അങ്ങോട്ട് പോകാൻ കഴിയില്ല എന്ന് മുതലാളിയോട് ആവലാതിപ്പെട്ട് ട്രിപ്പ് റദ്ദാക്കുകയും ചെയ്തു എന്നാണ് ചരിത്രം. കാരക്കാട്ടുകാരോട് അസാരം അസൂയ പുലർത്തിപ്പോരുന്ന വല്ലപ്പുഴ കണയം പൊയ്ലൂർ ദേശക്കാർ ഈ സംഭവത്തിന്ന് വലിയ പ്രചാരണമാണു കൊടുത്തത് എന്നാണ് ചരിത്രം. ഇന്നും കാരക്കാട്ടുകാരെ കളിയാക്കാൻ ഈ ചരിത്രത്തെ ദുരുപയോഗം ചെയ്യുന്നതായിട്ടാണ് മനസ്സിലാകുന്നത്...

Saturday, June 15, 2019

ഒരു പെരുന്നാൾ വിരുന്ന്

ആദ്യത്തെ പെരുന്നാളിന്റെ ഓർമ്മക്ക് എന്ത് പഴക്കം വരും എന്ന് ചോദിച്ചാൽ കഷ്ടി ഒരു അറുപത് വർഷം വരുമായിരിക്കും.  ഒരു മഴക്കാലത്തായിരുന്നൂ അത്.  പേമാരിയിൽ പുഴയും പാടവും തറവാട്ടിലെ കുളവും ഒന്നായി. ഭാഗ്യത്തിന്ന് അന്ന് മഴ ഇല്ലായിരുന്നു. രാവിലെ ഉമ്മ കുളത്തിൽ കൊണ്ടു പോയി കുളിപ്പിച്ചു. പുതു വസ്ത്രങ്ങളണിയിച്ചു. ട്രൗസറും കുപ്പായവും കോളറിന്നു പിറകിൽ ഒരു ടവ്വലും. ഒരു പഞ്ഞിയിൽ സെന്റ് നനച്ച് അത് ചെവിയിൽ വെച്ചു തരികയും ചെയ്തു. അങ്ങനെ  പെരുന്നാൾ കോടി അണിഞ്ഞ ആമോദത്തിൽ കുട്ടപ്പനായി എളാപ്പമാരുടെ കൂടെ തറവാട്ടിന്റെ പൂമുഖത്ത് നിൽകുകയായിരുന്നൂ ഞാൻ. പുറത്തു നിന്നും കയറിവന്ന മൂത്താപ്പ " ഹായ് ദാരാപ്പത് പുത്യാപ്ല്യായിട്ടിണ്ടല്ലോ" എന്നും പറഞ്ഞ് എന്റെ മുഖത്ത് കടിക്കുകയും കുറ്റിത്താടിവെച്ച് ഉരക്കുകയും ചെയ്തു" എനിക്ക് കരച്ചിൽ വന്നു. അപ്പോഴേക്കും" വേണ്ട വാപ്പുട്ട്യേ നല്ലോരു ദിവസായിട്ട് ആകുട്ട്യേ കരയിക്കണ്ട"  എന്നും പറഞ്ഞ് വെല്ലിമ്മ എന്നെ രക്ഷപ്പെടുത്തി. മിറ്റത്ത് അപ്പോഴും രാത്രി പെയ്ത മഴയുടെ ശേഷിപ്പ് കാണാമായിരുന്നു. മേലേ പടിപ്പുരയിറങ്ങി ഇക്കാക്ക വരുന്നു.  ഉപ്പാനെയും ഉമ്മാനെയും എന്നേയും കൂട്ടിക്കൊണ്ട് പോകാൻ വന്നിരിക്കയാണ്.  അന്ന്  അങ്ങനെയായിരുന്നു പതിവ്. അളിയൻ വന്ന് വിളിച്ചോണ്ട് പോകണം. ഇക്കാക്കയും എളാപ്പമാരും കൂട്ടുകാരാണല്ലോ. വന്ന ഉടൻ അവർ ചിരിച്ചാർത്ത് കുളത്തിലേക്ക് പോയി. കൂടെ ഞാനും.  നിറഞ്ഞൊഴുകുന്ന വെള്ളം കാണാൻ. ഒന്നായിക്കഴിഞ്ഞ കുളവും കണ്ടാറിയും പുഴയും അവയെ പകുത്തുകൊണ്ട് പടിഞ്ഞാറോട്ട് നീണ്ടു കിടക്കുന്ന തീവണ്ടിപ്പാത മാത്രമുണ്ട് മുങ്ങാതെ ബാക്കി. മഴയില്ലാത്തതുകൊണ്ട് കൊണ്ടൂരക്കുന്നും തെളിഞ്ഞ് കാണാം.  കുറേ നേരം കാഴ്ച്ചകൾ കണ്ട് കൊണ്ട് ഞങ്ങൾ നിന്നു. ഇക്കാക്കയും എളാപ്പമാരും എന്തൊക്കെയോ പറഞ്ഞുകൊണ്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. കൂവിയാർത്തുകൊണ്ട് ഒരു തീവണ്ടി കിഴക്കോട്ട് പാഞ്ഞു പോയി. എഞ്ചിന്റെ കുഴലിൽ നിന്നും കറുത്ത പുക പിറകോട്ട് നീണ്ട് പോയി... കുറേ നേരം കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. എല്ലാവരും കൂടി ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഇക്കാക്കാനോട് പറഞ്ഞു. " ന്നാ മണി നടന്നോ ഞങ്ങള് വൈന്നാരം അങ്ങട്ടെത്തിക്കോളാ "
വെല്ലിമ്മാനോടു ഉമ്മാനോടും യാത്രപറഞ്ഞ് ഇക്കാക്ക പോയി മടങ്ങി. മഗ്രിബ് നമസ്കാരം കഴിഞ്ഞപ്പോഴേക്ക് വസ്ത്രങ്ങളൊക്കെ ഒരു പെട്ടിയിലാക്കി ഉമ്മ യാത്രക്ക് തെയ്യാറായി. കുറെ കഴിഞ്ഞപ്പോൾ കോപ്പനും മയമ്മൗട്ടിക്കയും വന്നു. ഉപ്പ ഒരു ചെറിയ ടോർച്ചുമായി മുന്നിൽ. ഉപ്പാടെ പിറകിൽ എന്നെയും എടുത്ത് മയമ്മൗട്ടിക്ക. അതിന്ന് പിറകിൽ ഒരു കുടയും ചൂടി. ഉമ്മ. മഴയില്ലെങ്കിലും രാത്ര്യിലാണെങ്കിലും തറവാട്ടിലെ പെണ്ണുങ്ങൾ പുറത്തിറങ്ങുമ്പോൾ കുടപിടിക്കണം എന്നായിരുന്നു വെപ്പ്. വഴിയിൽ കാണുന്നവരൊക്കെ ഉപ്പാനോട് കുശലം പറഞ്ഞു ചിലർ എന്നെ തലോടുകയും കൊഞ്ചുകയും ചെയ്തു.  ഏറ്റവും പിറകിൽ പെട്ടി തലയിൽ വെച്ച് കയ്യിലൊരു റാന്തൽ വിളക്കുമായി കോപ്പാൻ. റോട്ടിൽ നിന്നും സ്കൂൾ വളപ്പിലൂടെ റെയിലിന്മേൽ കയറി കിഴക്കോട്ട്. അവിടെ നിന്നും ഇവിടെനിന്നുമെല്ലം പടക്കങ്ങൾ പൊട്ടുന്നത് കേൾക്കാമായിരുന്നു. സ്റ്റേഷന്റെ അടുത്തു നിന്നും റെയിൽ മുറിച്ച് കടന്ന് ഞങ്ങൾ ഉമ്മാന്റെ വീട്ടിന്റെ പടിക്കലെത്തി. ഇക്കാക്ക ഒരു കുപ്പി വിളക്കിന്റെ വെളിച്ചത്തിൽ പഠിക്കുകയായിരുന്നു. പടിക്കൽ ഞങ്ങളെ കണ്ടതും സ്നേഹം നിറഞ്ഞ സ്വരത്തിൽ " മ്മാ ആത്ത വന്നു"  എന്നും പറഞ്ഞുകൊണ്ട് ഇക്കാക്ക അകത്തേക്കോടി. വെല്ലിമ്മയും വെല്ലിപ്പയും ചിരിച്ചുകൊണ്ട്  പുറത്ത് വന്നു.‌ വെല്ലിമ്മ മയമ്മൗട്ടിക്കാന്റെ കയ്യിൽ നിന്നും എന്നെ വാങ്ങി. സ്റ്റേഷനിൽ നിന്നും നീണ്ട മണിയടി കേട്ടപ്പോൾ വെല്ലിപ്പ പറഞ്ഞു പെണ്ണേ ചോറ് വിളമ്പ് എട്ടരക്ക് ബ്ലാക്കായി...
ഭക്ഷണമൊക്കെ കഴിഞ്ഞ് മയമ്മൗട്ടിക്കയും കോപ്പനും മടങ്ങി. റാന്തലിന്റെ വെളിച്ചത്തിൽ പടികയറിപ്പോയ അവരുടെ ഓർമ്മയിൽ ആദ്യ പെരുന്നാളിന്റെ ദീപ്തമായ സ്മരണകൾ അവസാനിക്കുന്നു.

Friday, June 14, 2019

അടിവാര പ്രതിജ്ഞ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം അല്ലെങ്കിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ഭാഗം.  കരിന്തണ്ടൻ നയിച്ചു ഇഞ്ചിനീയർ സായ് വ് പിറകേനടന്നു... കരിന്തണ്ടൻ ആദിവാസി ഊരുകൾതെണ്ടി ആളെ കൊണ്ടു വന്ന് പണിയെടുത്ത് ചുരം പൂർത്തിയാക്കി........
നോക്കുമ്പൊ സായ് വ് വിചാരിച്ചപോലെല്ലാ നല്ല ചേലുണ്ട് ... വയനാട്ടിലേക്കുളള യാത്ര ഇനി സുഖകരം...

ഉദ്ഘാടന സുദിനം വന്നെത്തി വേദിയിലിരിക്കേണ്ടവരുടെ നാമവിവരപ്പാട്ടിക സെക്രട്ടേരി തയ്യാറാക്കി. സായ് വിന്നുമുമ്പിൽ ഹാജറാക്കി. കട്ടിക്കണണട വെച്ച് നോക്കിയതും മുമ്പിൽ നീണ്ടു നിവർന്നു കിടക്കുന്നത് പണിയൻ കർന്തണ്ടന്റെ നാമം...
ഇഞ്ചിനീയർ സെക്രട്ടേരിയെ വിളിച്ചു  നല്ല ആര്യ മലയാളത്തിൽ ചോദിച്ചു. വഴികണ്ടു പിടിച്ച പണിയന്റെ കൂടെയിരിക്കുന്ന ഇഞ്ചിനീർ സായ് വിന്ന് വല്ല വിലയുമുണ്ടാവോടാ ശുംഭാ...
വിരണ്ടു വിവശനായ സെക്രട്ടേരിയുടെ കീശയിൽ നിന്നും ചുവന്നമഷിപ്പെന്ന് വലിച്ചെടുത്ത് കരിന്തണ്ടന്റെ പേര് സ്വയം വെട്ടി വൃത്തിയാക്കി ലിസ്റ്റ് തിരികെ കൊടുത്തിട്ടു കല്പിച്ചു. നാട്ടുമുഖ്യനുണ്ടായിക്കോട്ടെ പ്രധാന എതിരൻ വേണ്ട. സെക്രട്ടേരി പറഞ്ഞു ഒവ്വ.

ഉദ്ഘാടന സുദിനം സമാഗതമായി.... കുരുത്തോലത്തോരണവും ഈന്തിൻ പട്ടയും കൊണ്ടലങ്കരിച്ച വേദിയിലേക്ക് നാട്ടു മുഖ്യൻ സ്വർണ്ണനൂലിൽതീർത്തകോട്ടണിഞ്ഞ സായ് വിനെ ആദരപൂർവ്വം ആനയിച്ചു....
സായ് വ് വേദിയിലെത്തി. വേദിയിൽ താനും നാട്ടു മുഖ്യനും മാത്രം. അദ്ദേഹത്തിന്റെ അഭി സംബോധനക്കുളള സമയമായി. അദ്ദേഹം എഴുന്നേറ്റു സദസ്സിനെ സിംഹാവലോകനം ചെയ്തു. വളരെ പിന്നിൽ വിളക്കു കാലിന്നു പിന്നിൽ നിൽകുകയായിരുന്ന കരിന്തണ്ടനെ നോക്കാതെ കണ്ടു... പിന്നെ കണ്ഠശുദ്ധി വരുത്തി ഘന ഗംഭീരമായ സ്വരത്തിൽ മൊഴിഞ്ഞു. എന്റെ പ്രിയപ്പെട്ട ദേശവാസികളേ എവിടെ ഞാൻ പറഞ്ഞു കൊടുത്തതു പ്രകാരം ചുരത്തിന്റെ പണിതീർത്ത എന്റെ സുഹൃത്ത് കരിന്തണ്ട നെവിടേ... ഈ നാട്ടിന്റെ പ്രധാന എതിരനെവിടേ.... അവരെ വിളിക്കൂ ഇവേദിയിൽ അവരില്ലാതെ എന്ത് ഉദ്ഘാടനം. ഇത്ര്യുമായപ്പോഴേക്കും അദ്ദേഹത്തിന്റെ തൊണ്ടയിടറി അദ്ദേഹം കരഞ്ഞു മൂക്കുപിഴിഞ്ഞു വിരലുകൾ വിലയേറിയ കോട്ടിൽ തുടച്ചു. സദസ്സിൽ നിന്നും വലിയ ആരവമുയർന്നു.. ഇതുവരെ കരിന്തണ്ടനെ ക്ഷണിക്കാഞ്ഞതിൽ വൈക്ലബ്യമുണ്ടായിരുന്ന  ജനങ്ങൾ സായ് വ്കീ ജൈ വിളിച്ചു... എത്രകനകപ്പെട്ട സായ് വിനെയാണു തങ്ങൾ തെറ്റിദ്ധരിച്ചത് എന്ന് പശ്ചാത്തപിച്ചു... നൂറ്റാണ്ടുകൾക്കു ശേഷം രണ്ടായിരത്തി പത്തൊമ്പതിൽ ഈ സായ് വെങ്ങാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കയാണെങ്കിൽ ഇദ്ദേഹത്തിനേ വോട്ടു ചെയ്യൂ എന്ന് പ്രേം നസീർ മോഡലിൽ സത്യം സത്യം സത്യം എന്ന് പ്രതിജ്ഞ ചെയ്തു.. പിൽകാലത്ത് ഈ പ്രതിജ്ഞ അടിവാരപ്രതിജ്ഞ എന്ന പേരിൽ അറിയപ്പെട്ടു....

Monday, June 10, 2019

ചേക്ക്രായീനിക്ക

ചേക്ക് രായീനിക്ക

******************

ഗ്രാമത്തിലെ ഒസാന്മാരിൽ മുഖ്യനായിരുന്നു ചേഖ് രായീനിക്ക.ഷൈക്ക് ഇബ്രാഹീ എന്നതിന്റെ കാരക്കാടൻ പ്രയോഗമായിരിക്കാം...സ്ഥലത്തെ മുഖ്യന്മാരുടെ വീടുകളിൽ പോയി ക്ഷൗരവും മുണ്ഢനവും ചെയ്തു കൊടുക്കുക ആൺകുട്ടികളുടെ സുന്നത്ത് നടത്തുക മുതലായ പുണ്യകർമ്മങ്ങൾ പ്രശംസനീയമായി അദ്ദേഹം നിർവ്വഹിച്ചു പോന്നു.. കാലം മാറിയപ്പോൾ അപ്പീസിന്റവിടെ ഒരു ബാർബർഷാപ്പ് തുറന്നു... സുന്നത്ത് കർമ്മം നാട്ടിൽ വലിയ ആഘോഷമായിരിക്കും. അന്ന് നല്ലൊരു സദ്യയുമണ്ടാകും. സുന്നത്ത് കഴിഞ്ഞ കുട്ടിയെ കാണാൻ വരുന്നവരൊക്കെ അവന്റെ കയ്യിൽ നാണയങ്ങൾ കെട്ടുന്ന പതിവുമുണ്ടായിരുന്നു. ഇന്നത്തെപ്പോലെ പെറ്റ് നാല്പതിനകം കർമ്മം നടത്താറില്ല. കുട്ടിക്ക് ചിലപ്പോൾ പത്തോ പന്ത്രണ്ടോ വയസൊക്കെ ആയിട്ടുണ്ടാകും.‌ അങ്ങനെ കുട്ടിയെ പിടിച്ചൊതുക്കി പുരുഷ ചിഹ്നത്തിന്റെ തുമ്പ് വെട്ടിമാറ്റി വിജയശ്രീലാളിതനായി പുറത്ത് വന്ന് ചേക്രായിനിക്കാന്റെ ഒരു ഡയലോഗുണ്ട് ... " കിറ്യൈഞ്ഞു". ക്രിയ കഴിഞ്ഞു എന്നതിന്റെ ചുരുക്ക രൂപം. ഇത് പിന്നീട് നാട്ടിലെ സരസന്മാർ ഏറ്റെടുത്ത് പ്രസിദ്ധമാക്കി...

അദ്ദേഹത്തിന്റെ മാതൃസ്നേഹം നാട്ടിൽ പ്രസിദ്ധമായിരുന്നു. ഉമ്മായുടെ പുന്നാരമകൻ എന്തു ചെയ്യുമ്പോഴും ഉമ്മായുടെ ഇഷ്ടത്തിന്ന് മാത്രം വില കല്പിച്ചു..... 

വയ്യാട്ടുകാവിലെ കുഞ്ഞിമരക്കാർ മുസ്ല്യാരുടെ കെട്ടിടത്തിൽ നടത്തിയിരുന്ന കുഴിയിലെ അബൂബക്കകറിക്കാന്റെ പലചരക്കു കടയിൽ കയറി അദ്ദേഹം ചോദിക്കും അബ്ബോക്കറേ ഒരു തീപ്പെട്ടിങ്ങട്ടെടുക്ക്... കയ്യിൽ കിട്ടിയ തീപ്പെട്ടി തിരിച്ചും മറിച്ചും നോക്കി മൂപ്പര്‌ പറയും ഇത് സിംഹമാർക്കല്ലേ .. ഒട്ടകമാർക്ക് മതി ഇതിമ്മാക്ക് പറ്റൂലാ... 

ഏതു വിഷയത്തെക്കുറിച്ചു സംസാരിക്കുമ്പോഴും ഒരുതവണയെങ്കിലും ഉമ്മ പരാമർശിക്കപ്പെടും ...

ഉച്ചക്ക് ഊണുകഴിക്കാൻ കടയടച്ചു പോവുകയാണ്‌ പതിവ്‌. ചിലപ്പോൾ തിരിച്ചു വരാൻ വൈകിയാൽ അദ്ദേഹം പറയും ... കഞ്ഞിക്ക് കൂട്ടാനില്ലാന്നു പറഞ്ഞു... വലയെടുത്ത് ചെങ്ങണോത്തിക്കിറങ്ങി... രണ്ടു വലവീശി മ്മാക്ക് ള്ള മീൻ കിട്ടി... 

എല്ലാകാര്യത്തിലും ഉമ്മായുടെ ഇഷ്ടം നോക്കി ജീവിച്ച മക്കൾക്ക്  വാഗ്ദാന ചെയ്യപ്പെട്ട പ്രതിഫലം നല്കി അദ്ദേഹത്തെ ഈശ്വരനനുഗ്രഹിക്കട്ടെ ...

Friday, June 7, 2019

തവളകളും മുഞ്ഞയും

ഇത് കുറേ തവളകളുടെ കഥയാണ്. അവനവന്റെ കാര്യം നോക്കി വല്ല കിണറുകളിലും കുളങ്ങളിലും കഴിഞ്ഞു കൂടിയിരുന്ന പോക്കാച്ചിത്തവളകളുടെ കഥയല്ല, പ്രത്യുത നിളയുടെ ഇരു കരകളിലുമുണ്ടായിരുന്ന പാടശേഖരങ്ങളിൽ കഴിഞ്ഞ്കൂടിയിരുന്ന സാമൂഹ്യ സേവകന്മാരായ തവളാച്ചികളുടെ കഥ. പാടങ്ങൾക്ക് ശത്രക്കളായ കീടങ്ങളെ മൃഷ്ടാന്നം ഭുജിച്ചും വർഷകാലാരംഭത്തിൽ പേക്രൊം പേക്രോം എന്ന് ഉച്ചത്തിൽ പ്രകീർത്തനം ചെയ്തും അവർ സാമോദം കഴിഞ്ഞു കൂടിയിരുന്ന കാലം... ആയിടക്കാണ് തവളയുടെ കാലുകൾ വളരേ രുചികരമായ ഭക്ഷണമാണെന്ന് സായിപ്പന്മാർ കണ്ടെത്തിയത്...  ഈ സാധനം അങ്ങ് കേരളത്തിലെ മലബാറിൽ‌ സുലഭമാണ് എന്നും അവർ മൻസ്സിലാക്കി. ഡോളർ കിട്ടുമെന്നായപ്പോൾ പെട്രോൾ മാക്സും ചാക്കുമായി തവളപിടുത്തക്കാർ പാടത്തിറങ്ങി. രാത്രി പുലരുവോളം അവർ തവളകളെ പിടിച്ചു. പകൽ അവയുടെ കാലുകൾ വെട്ടിയെടുത്ത് കയറ്റിയയച്ച് കാശുണ്ടാക്കി... ഒരിക്കൽ ഞാനും ഈ ക്രിയക്ക് സക്ഷ്ക്ഷിയാവുകയുണ്ടായി ആതാണ് കഥ...

കഥനടക്കുന്ന കാലത്ത് ഈയുള്ളവൻ തവനൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയായിരുന്നു. നിളക്കക്കരെ മാമ്മാംഗത്തിന്റെ ചരിത്രത്താൽ പ്രസിദ്ധമായ തിരുനാവായ. അവിടെനിന്നും നാലഞ്ചു കിലോമീറ്ററുകൾ അകലെ പട്ടർനടക്കാവിനടുത്ത് കുണ്ടിലങ്ങാടി എന്ന സ്ഥലത്തുള്ള എന്റെ അമ്മായിയുടെ വീട്ടിൽ താമസിച്ചായിരുന്നു പഠനം രാവിലെ എട്ട് മണിക്ക് വീട്ടിൽ നിന്നിറങ്ങിയാൽ കാൽനടയായി ഒമ്പതരക്ക് മുമ്പ് ക്ലാസിലെത്തും അതായിരുന്നു പതിവ്. നിറയെ മീൻ കച്ചവടക്കാരെയും അവരുടെ കൊട്ടകളേയും വഹിച്ചുകൊണ്ട് ആദവനാട്ട് നിന്നും തിരൂരിലേക്ക് പോകുന്ന പരപ്പിൽ ട്രാൻസ്പോർട്ടിൽ കയറി അഞ്ച് പൈസ കൊടുത്താൽ തിരുനാവായയി ലിറങ്ങാമായിരുന്നു. ബസ്സിലെ തിരക്കും മീൻ നാറ്റവും സഹിക്കാവുന്നതിലപ്പുറമായതുകൊണ്ട് ഞാൻ കാൽനട തന്നെ തെരഞ്ഞെടുത്തു. അഞ്ച് പൈസക്ക് പുറമെ ദിവാസ്വപ്നം കണ്ടുകൊണ്ട് കാലത്തും വൈകിയിട്ടുമുള്ള നടത്തം അത് ഞാൻ ശരിക്കും ആസ്വദിച്ചു. അഞ്ചാക്ലാസ് മുതൽ ആറു കിലോമീറ്റർ അകലെ വാടാനാംകുറുശിയിലേക്കും തിരിച്ചും നടത്തം പതിവായിരുന്നത്കൊണ്ട് ഈ നടത്തം ഒട്ടും വിഷമകരമായിരുന്നില്ല. ഈ നടത്തിനിടയിലൊരു ദിവസമാണ് ദാരുണമായ ആ കാഴ്ചക്ക് സാക്ഷിയാവേണ്ടി വന്നത്. അന്ന് പന്ത്രണ്ട് മണിതൊട്ടുള്ള ഗോപാലകൃഷ്ണൻ സാറിന്റെ അതി വിരസമായ സിഡി ആന്റ് എക്സ്റ്റൻഷൻ ക്ലാസ് കട്ട് ചെയ്ത് ഞാൻ പുറത്തിറങ്ങി. കുന്നിൻ മുകളിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്ന് താഴെ നിളയുടെ തീരത്തായിരുന്നു ഫാം. താഴെ വിശാലമായ നെൽ വയലുകളും കുന്നിൽ ചെരുവിൽ ഫലവൃക്ഷങ്ങളും കുന്നിൻ മുകളിൽ ഹോസ്റ്റലടക്കമുള്ള കെട്ടിടങ്ങളും എന്നിങ്ങനെയായിരുന്നു സ്ഥാപനം വയലിനുനടുവിലൂടെ പുഴവരെ വീതിയേറിയ ഒരു റോഡ്. റോഡിനിരുവശവും ഭംഗിയായി നട്ടു പിടിപ്പിച്ച തെങ്ങുകളും..ഫാം വിജനമായിരുന്നു. . ഞാൻ റോട്ടിലൂടെ പുഴയിറമ്പിലെത്തി. വേനലായതുകൊണ്ട് പുഴയുടെ നടുവിൽ ചെറിയ ഒരു നീർച്ചാലേ പുഴയായി അവശേഷിച്ചിരുന്നുള്ളൂ.... ബാക്കിയെല്ലാം മണൽ പരപ്പ്. അക്കരെ നവാമുകുന്ദാ ക്ഷേത്ര നടയിലൂടെ എനിക്ക് ഗാന്ധിപ്രതിമക്കടുത്ത്  റോഡിൽ കയറാം. പെട്ടന്ന് ദൂരെ നീർച്ചാലിനരികെ ഒരുപാട് കാക്കകൾ കലപില കൂട്ടുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൾ അവിടെ ഇരുന്ന് എന്തോ ചെയ്യുന്നുണ്ട്. എനിക്ക് കൗതുകമായി. മീൻ പിടിക്കുകയായിരിക്കും എന്ന് കരുതി ഞാൻ അങ്ങോട്ട് ചെന്നു. നോക്കുമ്പോൾ ഒരു ചാക്ക് നിറയെ വലിയ തവളകൾ. അയാൾ ഒറ്റക്കായിരുന്നു. അയാളുടെ മുന്നിൽ ഒരു മരമുട്ടിയുണ്ടായിരുന്നു. ചാക്കിൽ കയ്യിട്ട് അയാൾ തവളകളേ ഓരോന്നിനെ പുറത്തെടുത്ത് മുട്ടിയിൽ വെച്ച് മൂർച്ചയേറിയ മടവാൾ കൊണ്ട് ഓരോ വെട്ട്. കാല് വേറൊരു ചാക്കിലേക്കിട്ട് ബാക്കി ബാഗം വലിച്ചെറിയുന്നു. അയാൾക്ക് ചുറ്റും ജീവൻ പോകാതെ തുറിച്ച കണ്ണുകളുമായി പിടയുന്ന പാതിത്തവളകൾ. ഞാനൊന്നേ നോക്കിയുള്ളൂ നടുമുറിഞ്ഞ് ജീവൻ പോകാതെ പിടയുന്ന മിണ്ടാപ്രാണികളുടെ തുറിച്ച കണ്ണുകൾ. ആമനുഷ്യനെ ശപിച്ചുകൊണ്ട് ഞാൻ വേഗം മടങ്ങി... എനിക്കയാളോട് വലിയ വെറുപ്പ് തോന്നാനുണ്ടായ കാരണം ഒരുപക്ഷേ തവളകളേ ഉപദ്രവിക്കരുത് എന്ന് വെല്ല്യുമ്മ പഠിപ്പിച്ച പാഠമായിരിക്കാം... പിന്നീട് ഇടക്കൊക്കെ അരക്കുതാഴേ വേർപെട്ട് ചോരയിൽകുളിച്ച്  കണ്ണും തുറിച്ച് ആകാശത്തേക്ക് നോക്കി കിടന്നിരുന്ന് പിടഞ്ഞിരുന്ന ആ മിണ്ടാപ്രാണികളുടെ ചിത്രം എന്നെ വല്ലാതെ  അസ്വസ്ഥനാക്കിയിരുന്നു....

ആയിടെയാണ് നെൽകൃഷിയെ ബാധിക്കുന്ന മുഞ്ഞ എന്ന കീടം ശ്രദ്ധിക്കപ്പെട്ടത്. അതുവരെ നെല്ലിന് അങ്ങനെയൊരു ശത്രു അവതരിച്ചിട്ടുണ്ടായിരുന്നില്ല. അഗ്രോണമി ക്ലാസിൽ എന്റെ അഭിവന്ദ്യഗുരു ഇട്ടിയവര സാർ പറഞ്ഞു " എടോ മുഞ്ഞ പെരുകാൻ കാരണം നമ്മുടെ തവള പിടുത്തമാണ്. തവള ഈ വക കീടങ്ങളുടെ നാച്ച്വറൽ പ്രിഡേറ്ററാണ്.
താമസിയാതെ മുഞ്ഞയെ നിയന്ത്രിക്കാൻ ഡൈമക്രോൺ എന്ന കീടനാശിനിയും ഉപയോഗത്തിൽ വന്നു. ആകാശവാണി വാർത്തകൾക്ക് മുമ്പും പിമ്പും ഡൈമെക്രോണിന്റെ പരസ്യം സാധാരണയായി. പിറകെ ആ വിഷങ്ങളുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും സർവത്രയായി....

Tuesday, June 4, 2019

ലോക പരിസ്ഥിതി ദിനത്തിൽ ...

പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല...
അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
മലകളെയും മരങ്ങളേയും പുഴകളേയും വെറുതെവിടുക.......
ഒരിക്കൽ ഞാനും യാത്രക്കിടയിൽ കണ്ടുമുട്ടിയ ഒരു സുഹൃത്തുമായി ഒരു സംവാദമുണ്ടായി. പണ്ടൊക്കെ അങ്ങനെയായിരുന്നു. വണ്ടി കോഴിക്കോട്ടെത്തുമ്പോഴേക്കും പേരുപോലും അറിയാത്ത സഹയാത്രികനുമായി കുടുംബകാര്യങ്ങളടക്കം ഒരുപാടു കാര്യങ്ങൾ ചർച്ച ചെയ്തിരിക്കും. അന്ന്  അദ്ദേഹം എന്നെ ഉപദേശിക്കുകയായിരുന്നു നാം ജൈവ ശൃംഗലയിലെ അവസാനകണ്ണിയാണ്. അതിനാൽ പ്രകൃതിക്ക് നാം വരുത്തുന്ന നാശം നമ്മുടെതന്നെ നാശത്തിന്ന് വഴിവെക്കും. ഞാൻ പറഞ്ഞു ചെറിയൊരു ഭേദഗതിയോടെ ഞാൻ അംഗീകരിക്കാം. മനുഷ്യൻ ഈ ജൈവ സൃംഗലയുടെ ഭാഗമല്ല. അവൻ വേറെ തന്നെയാണ്. എങ്കിലും പ്രകൃതിയുടെ മേൽ അവൻ നടത്തുന്ന കയ്യേറ്റങ്ങൾ അവന്റെ തന്നെ നാശത്തിനു കാരണമാകും. ആദ്ദേഹത്തിന്റെ ആശയം ഞാൻ സ്വീകരിച്ചിട്ടും മനുഷ്യനെ ജൈവ ശൃംഗലയിൽ നിന്നും വേർപെടുത്തിയത് അദ്ദേഹത്തിന്ന് ഇഷ്ടമായില്ല. അദ്ദേഹം ഒരു ശാസ്ത്ര വിശ്വാസിയായിരുന്നു ഞാനാകട്ടെ ദൈവവിശ്വാസിയും. അദ്ദേഹം വിശദീകരണമാവശ്യപ്പെട്ടു. ഞാൻ പറഞ്ഞു ഇന്ന് ലോകത്ത് അറുനൂറു കോടി ജനങ്ങളുണ്ട്. ഇവരെ ഒന്നടങ്കം ഭൂമിയിൽ നിന്നങ്ങ് പിൻ വലിക്കുന്നു എന്ന് സങ്കല്പിക്കുക. രണ്ട് ക്യുബിക്ക് മൈൽ വലിപ്പമുള്ള ഒരു പെട്ടിയിൽ അടുക്കി ശാന്തസമുദ്രത്തിൽ താഴ്തിയാൽ സാധിക്കാവുന്നതേയുള്ളൂ. എന്നാൽ പിറ്റേദിവസം ഭൂമിയിൽ എന്ത് സംഭവിക്കും. കാര്യമായി ഒന്നും സംഭവിക്കില്ല. മലകളും മരങ്ങളും അവശേഷിക്കും നദികൾ സ്വയം ശുദ്ധമാകും. പിന്നെ പ്ലാസ്റ്റിക് മലിനീകരണമുണ്ടാകില്ല. ആവശ്യത്തിൽ കവിഞ്ഞ ഭക്ഷണമുണ്ടാക്കി വെളിയിലെറിയുന്നതു മൂലമുള്ള മലിനീകരണമുണ്ടാകില്ല ശബ്ദമലിനീകരണമോ ആണവ മലിനീകരണമോ ഉണ്ടാകില്ല സർവ്വം ശാന്തം സുന്ദരം. അതേ സമയം മനുഷ്യൻ നിസ്സാരമെന്ന് കരുതുന്ന ഏത് ജീവി ഇല്ലാതായാലും പ്രകൃതിയുടെ താളം തെറ്റും. ഉദാഹരണത്തിന് കാക്ക ഇല്ലാതായാൽ ഒരാഴ്ചകൊണ്ട് ഭൂമി മാലിന്യക്കുമ്പാരമാകും. അല്ലെങ്കിൽ ചിതൽ തെരുവുപട്ടികൾ എന്ന് വേണ്ട പ്രകൃതിയിലെ എല്ലാം അവയുടെ നിലനില്പിന്ന് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു... മനുഷ്യന്ന് പ്രകൃതിയിൽ നിന്ന് എടുക്കാനേ ഉള്ളൂ. പ്രകൃതിക്ക് ഒന്നും കൊടുക്കാനില്ല. അതുകൊണ്ടാണ് പ്രകൃതിയെ കേടുകൂടാതെ പരിപാലിക്കാൻ പ്രകൃതിയിലേക്ക് പ്രത്യേകമായി അയക്കപ്പെട്ട പ്രതിനിധിയാണു മനുഷ്യൻ എന്ന് ഈശ്വര വിശ്വാസികൾ വിശ്വസിക്കുന്നത്. അവന്റെ നിലനില്പിന്ന് ആവശ്യമായതുമാത്രം  പ്രകൃതിയിൽനിന്നെടുക്കാൻ അവന്ന് അനുമതിയുണ്ട്. അതിൽ അവൻ അതിരു കവിയുന്നുവോ എന്നതാണ് അവന്റെ യജമാനൻ അവന്ന്മേൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷണം. അതിൽ വിജയിച്ചാൽ ഇതിനേക്കാൾ മഹത്തായ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് അവൻ ഉയർത്തപ്പെടും. മറിച്ചായാൽ അവൻ തിരസ്കരിക്കപ്പെടുകയും ചെയ്യും.
അതിനാൽ പ്രകൃതിയെ സ്നേഹിക്കുന്നുവെങ്കിൽ നിങ്ങൾ അതിനു വേണ്ടി ഒന്നും ചെയ്യണ്ടതില്ല... അമിത ചൂഷണം ഒഴിവാക്കി അതിനെ അതിന്റെ പാട്ടിനു വിട്ടാൽ മാത്രം മതി...
എന്റെ വാദം അദ്ദേഹത്തിന്ന് സ്വീകാര്യമായോ എന്തോ?. വണ്ടി കല്ലായി കടന്നിരുന്നു. മറിച്ചൊന്നും പറയാതെ അദ്ദേഹം ഇറങ്ങാൻ വട്ടം കൂട്ടി. അദ്ദേഹത്തിന്റെ പേരു പോലും ചോദിച്ചില്ലല്ലോ എന്ന കുണ്ഠിതം ബാക്കിയുമായി...