Saturday, July 27, 2019

യാത്രക്കിടെ

ഫാമിലൂടെ ഒരാവൃത്തി അലഞ്ഞശേഷം ഓഫീസിൽ വന്നുകയറിയതേയുള്ളൂ. ഉടൻ വന്നു മേലെനിന്നും വിളി. ഡയറക്റ്ററുടെ പി വിജയനാണ്. തൊഴിലാളികളുമായുള്ള കേസിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഉടൻ എത്തണം. ഡയറക്റ്റർ വിളിക്കുന്നു. എതിർവായില്ലല്ലോ  തലപ്പത്ത് നിന്നുള്ള വിളിയല്ലേ. ക്വാർട്ടേഴ്സിലേക്ക് വിളിച്ചു " ഞാൻ കോഴിക്കോട് ഓഫീസിലേക്ക് പോവുകയാണ് ഉച്ചക്ക് ഊണിന് ഉണ്ടാകില്ല." കെവികെ യിൽ അന്വേഷിച്ചപ്പോൾ ജീപ്പില്ല ബൈകേ യുള്ളൂ ഈ ഉച്ചക്ക് വയ്യ ബൈക്കോടിക്കാൻ. ഏതായാലും കടിയങ്ങാട്ട് ചെന്ന് കെ എസ് ആർ ട്ടീ സി പിടിക്കാം. സദാശിവൻ ബൈകിൽ കടിയങ്ങാട്ടെത്തിച്ചു. ഉടൻ വന്ന ആനവണ്ടിയിൽ കയറി ഡ്രൈവറുടെ പിറകിൽ ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിപ്പായി.
വണ്ടി ഓടിമ്പോൾ പോലും കുറവില്ലാത്ത ചൂട്. പുറത്ത് പ്രകൃതി തപിച്ചുരുകുകയാണ്. വണ്ടി പേരാമ്പ്രയിലെത്തി. കുറേപേരിറങ്ങി കുറെയാളുകൾ കയറുകയും ചെയ്തു. എന്റെ വലതുവശത്തെ സീറ്റൊഴികെ എല്ലാത്തിലും ആളായി. ഡബിൾ ബെല്ലടിച്ചു‌ വണ്ടിയെടുക്കാൻ ഒരുങ്ങുകയായിരുന്ന ഡ്രൈവർക്കു നേരെ കവീശിക്കൊണ്ട് അവനോടിവന്നു. പിറകിലെ വാതിലിലൂടെ അവൻ കയറി എന്നു കണ്ണാടിയിൽ നോക്കി ഉറപ്പാക്കി ഡ്രൈവർ വണ്ടി വിട്ടു. എന്റെ വലത്തുവശത്തെ സീറ്റുമാത്രമേ ഒഴിവുണ്ടായിരുന്നുള്ളു എന്നതിനാൽ അയാൾ വരുന്നത് പ്രതീക്ഷിച്ച് ഞാൻ തിരിഞ്ഞു നോക്കി.   കാഴ്ചക്ക് ഇരുപത്തഞ്ചു തോന്നിക്കുന്ന പയ്യൻ. കുത്തനെ നിർത്തിയ മുടി. കണ്ണും മുഖത്തിന്റെ പാതിയും മറക്കുന്ന കറുത്ത കണ്ണട. കഴുത്തിൽ ഉറുക്കുകളും ഏലസുകളും രുദ്രാക്ഷവും കോർത്തിട്ട മാലകൾ. ഒരു ചെവി തുളച്ച് ഒരു ചെറിയ കടുക്കനിട്ടിരുന്നു.‌ കയ്യിലും ചുറ്റിയിരിക്കുന്നു ഈ വകയൊക്കെ. വിരലുകളിൽ പലനിറത്തിലുള്ള കല്ലുകൾ പതിച്ച മോതിരങ്ങൾ... ആൾ ഒരു വിശ്വാസിതന്നെ. വിശ്വാസ വൈജാത്യത്തിന്റെ  ഈ ബന്ധനങ്ങളിൽ നിന്ന് എന്നെങ്കിലും ഇവൻ മോചിതനാകുമോ എന്ന് ഞാൻ വെറുതെ ഓർത്തു..
മറ്റെവിടെയും സീറ്റില്ലെന്ന് ബോദ്ധ്യമായപ്പോൾ സ്വല്പം നിരാശയോടെ എന്റെ സീറ്റിനു നേരെ തിരിഞ്ഞപ്പോഴാണ് എന്റെ വലതു വശത്ത് ഒഴിഞ്ഞ് കിടക്കുന്ന സീറ്റ് അവൻ കണ്ടത്. സൗഹൃതഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് ഞാൻ ഒന്നുകൂടി ഒതുങ്ങിയിരുന്നിട്ടും അവനിൽ ഒരു ഭാവമാറ്റവും ഉണ്ടായില്ല.  പേശികളും ഞരമ്പുകളും പരമാവധി മുറുക്കിപ്പിടിച്ച് മുഖത്ത് മൃദു ഭാവങ്ങളൊന്നും പ്രത്യക്ഷപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് മൂപ്പർ എന്റെ ചാരേ ഉപവിഷ്ടനായി. എന്റെ ശരീരത്തിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട്...
ബസ് പുറപ്പെട്ട്അധിക നേരം കഴിഞ്ഞില്ല എന്റെ സഹയാത്രികൻ ഉറക്കം തൂങ്ങാൻ തുടങ്ങി. ഓരോ തവണയും തൂങ്ങും എന്റെ ശരീരത്തിൽ മുട്ടി ഞെട്ടിയുണരും അങ്ങനെ അങ്ങനെ. ആദ്യം എന്നോട് ചിരിക്കാൻ മടികാണിച്ചിരുന്ന ആൾ ഇപ്പോൾ എന്റെ മുഖത്ത് നോക്കി ദൈന്യഭാവത്തിൽ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.  ബലം പിടിച്ച് ഉറങ്ങാതിരിക്കാൻ ശ്രമിക്കും പിന്നെയും തൂങ്ങും ആദ്യമൊക്കെ എനിക്കലോസരം തോന്നിയെങ്കിലും ദയനീയമായ ചിരിയും വെപ്രാളവും കണ്ട് പാവം തോന്നിയ ഞാൻ അത് പുറത്ത് കാണിച്ചില്ല. ഞെട്ടിയും ഉറങ്ങിയും വണ്ടി നടുവണ്ണൂരെത്തിയപ്പോഴേക്കും മൂപ്പർ പൂർണ്ണ സുഷുപ്തിയിലാണ്ടു. ഞാനുണർത്താൻ നിന്നില്ല. കയറിവന്നപ്പോൾ എന്നോട് പുഛഭാവം കാണിച്ച അവൻ ഇപ്പോൾ എന്റെ ചുമലിൽ ചാഞ്ഞ് സുഖമായി ഉറങ്ങുകയാണ്. ഇടയിലെപ്പൊഴോ ഞാൻ അവന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി. ഇപ്പോൾ ഗർവ്വിന്റെ ഭാവമില്ല. വെറുപ്പും പുഛവുമില്ല. നിദ്ര മനുഷ്യനു നൽകുന്ന നിഷ്കളങ്ക ഭാവം മാത്രം. ഈ മുടിയും താടിയും ഒന്ന്  വെട്ടി ഒതുക്കിയാൽ ഇവന് എനിക്ക് പരിചയമുള്ള ആരുടെയോ മുഖം. ഞാനൊന്നുകൂടി ശ്രദ്ധിച്ചു നോക്കി.‌‌ അതെ ചെറുപ്പത്തിൽ  മരിച്ചു പോയ എന്റെ അനുജന്റെ മുഖം. അല്ലെങ്കിലും ഇവൻ എന്റെ ഒരനുജനാണല്ലോ. ആദംസന്തതികളുടെ വംശവൃക്ഷത്തിൽ‌ എന്റെ വേരുകൾ‌ ഇവന്റേതുമായി കൂട്ടിമുട്ടുന്നത് എവിടെ വെച്ചാണാവോ എന്ന്
കൗതുകത്തോടെ ഓർത്തുകൊണ്ട് ഞാനിരിക്കവേ അവൻ തല ചായ്ച്ച എന്റെ ചുമലിൽ‌ നേരിയ തണുപ്പ്. നോക്കിയപ്പോൾ അവന്റെ വായിൽ നിന്നും തെളിഞ്ഞ ഉമിനീർ ഒരു നൂലുപോലെ ഒഴുകുകയാണ്. എന്തോ എനിക്കവനെ ഉണർത്താൻ തോന്നിയില്ല. കോഴിക്കോട്ടിറങ്ങി കഴുകിക്കളയാം. ഞാൻ കരുതി. പുതിയങ്ങാടിയിൽ എത്തിയപ്പോൾ ഞാനവനെ ഉണർത്തി. ഉണർന്നപ്പോൾ അവൻ പഴയ സ്റ്റാറ്റസുള്ള യുവാവായി. ഫാത്തിമാ ഹോസ്പിറ്റൽ സ്റ്റോപ്പിൽ ഒരു പരിചയവും ഭാവിക്കാതെ മൂപ്പരിറങ്ങിപ്പോവുകയും ചെയ്തു. ഇപ്പോഴത്തെ കുട്ടികളുടെ കാര്യം എന്നോർത്തപ്പോഴേക്കും വണ്ടി മാവൂർ റോഫിലെത്തി  ഞാനിറങ്ങി. ഉമിനീര് നനഞ്ഞ ഭാഗം കഴുകാൻ വെളളം എവിടെ കിട്ടും എന്നോർത്ത് ഞാൻ നോക്കി. അതവിടെയില്ല പാടുപോലും അവശേഷിപ്പിക്കാതെ അവിടം ഉണങ്ങി വൃത്തിയായിരിക്കുന്നു. ഞാൻ മാനാഞ്ചിറയിലേക്ക് ഓട്ടോ പിടിച്ചു. അവിടെനിന്ന് വേണം ചെലവൂരിലേക്ക് ബസ്സ് പിടിക്കാൻ...

Thursday, July 18, 2019

വായനയുടെ വിത്ത്

നാല് കെട്ടിന്റെ മുകളിലെ വടക്കേ അറയിലായിരുന്നു അവർ കിടന്നിരുന്നത്. കട്ടിലിൽ കോസടിയിൽ ഉമ്മയും ഉപ്പയും ചാരെ തൊട്ടിലിൽ അനുജൻ, താഴെ തഴപ്പായിൽ കുട്ടി. തഴപ്പായിലോ എന്ന് അതിശയപ്പെടേണ്ട അന്ന് അത് തന്നെ വലിയ ലക്ഷുറിയായിരുന്നു. കൂടാതെ പായിൽ മൂത്രമൊഴിക്കുന്ന സ്വഭാവമുണ്ടായിരുന്നതുകൊണ്ട്‌ ഉമ്മാക്കത് സൗകര്യവുമായിരുന്നു.
സ്കൂളുള്ള ദിവസങ്ങളിൽ വൈകിയും ഇല്ലാത്ത ദിവസങ്ങളിൽ പതിവിലും നേരത്തെയും  ഉണരുക എന്നതായിരുന്നു മൂപ്പരുടെ പതിവ്. അന്ന് കണ്ണൂ തുറന്നപ്പോൾ മുറിയിലവൻ തനിച്ചായിരുന്നു. ഉമ്മയുമുപ്പയും  അനുജനെയും കൊണ്ട് എഴുന്നേറ്റ് പോയിരുന്നു. ഇളവെയിൽ ജനൽ പാളികളിലൂടെ കുട്ടിയുടെ പായിലെത്തിയിട്ടും  കുട്ടി പായിൽ തന്നെയായിരുന്നു എന്നതിൽ നിന്നം അന്ന് സ്കൂളുള്ള ദിവസമായിരുന്നു എന്ന് മനസിലാക്കാവുന്നതാണ്‌. അല്ലെങ്കിലിപ്പോൾ‌ മൂപ്പർ കുളക്കരയിലോ‌ വയൽ വരമ്പിലോ ഒക്കെ എത്തിയിരിക്കേണ്ടതാണ്‌. അവൻ പതുക്കെ കണ്ണൊന്ന് തിരുമ്മിത്തുറന്നു. കിഴക്കു ഭാഗത്തെ കരിമ്പനത്തലപ്പിനു പിറകിൽ സൗമ്മ്യനായ സൂര്യൻ. കരിമ്പനമേൽ ഇരുന്ന് കലപിലകൂട്ടുന്ന രണ്ട് മൂന്ന് ചാണാക്കിളികൾ. തൊടിയിൽ നിന്നും കേൾക്കുന്ന കോഴികളുടേയും  കാക്കകളുടേയും ശബ്ദങ്ങൾ ഇടക്കിടെ മൂത്താപ്പ കൊണ്ടു വന്ന പട്ടികളുടെ കുരയും. സ്കൂളില്ലായിരുന്നു എങ്കിൽ എന്തെല്ലാം കളികൾ കളിക്കാമായിരുന്നു. കുട്ടി നിരാശയോടെ ഓർത്തു. സ്കൂളിൽ പോക്കിൽ നിന്നും  ഇളവ് കിട്ടുന്ന വല്ല വേദനയും എവിടെയെങ്കിലും  ഉണ്ടോ എന്നും  പരിശോധിച്ചു. പല്ല് തല വയറ്‌ എവിടെയും ഒന്നും കാണാനില്ല.  താഴെ വട്ക്കിനിയിൽ നിന്ന് വെല്ലിമ്മന്റെയും ഉമ്മാന്റെയും ഇത്തിക്കുട്ട്യാത്താന്റെയും തിത്യാത്താന്റെയുമൊക്കെ വർത്തമാനങ്ങളും ചിരിയും കേൾക്കുന്നുണ്ട്. തിത്യാത്ത ഓരോ തമാശകൾ പറയുന്നതുകൊണ്ട്‌ അടുക്കളയിൽ എപ്പോഴും ബഹളമായിരിക്കും. അവർ പറയുന്നത് കേട്ട് മറ്റുള്ളവർ ചിരിക്കുന്നത് കാണാമെങ്കിലും കുട്ടിക്ക് കാര്യമായൊന്നും  മനസിലാകാറില്ല. കൂടുതല്ശ്രദ്ധിച്ചാൽ എന്തിനാടാ വയസായോര്ടെ തോള്ളേല്‌ക്ക് നോക്ക്യൂണ്ട്‌ നല്ക്ക്ണ്‌ എന്ന ശകാരവും കേൾക്കാം....
എഴുന്നേൽക്കാൻ ഇനിയും താമസിച്ചാൽ ഉമ്മകയറിവരുമെന്നും വരുന്നത് വെറും കയ്യോടെയായിരിക്കില്ല എന്നും തോന്നലുണ്ടായപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു. ട്രൗസറിന്റെ ഊർന്നുപോയ വള്ളി ചുമലിലേക്ക് വലിച്ചിട്ട് മൂക്കില്നിന്നൊലിച്ചത് പുതപ്പ് കൊണ്ട് തുടച്ച്
അവൻ ജനലരികിൽ പോയി പുറത്തേക്ക് നോക്കി നില്പായി. കോപ്പൻ തൊഴുത്തിൽ നിന്നും കന്നുകളെ വിടുകയാണ്‌. അഴിച്ചു വിട്ട കന്നുകൾ പടിപ്പുരക്ക് താഴെയുള്ള കന്നിടവഴിയിലൂടെ വരിയായി പുറത്തോട്ട് നടക്കുന്നു. തൊടിയിളേക്ക് തിരിഞ്ഞ കണ്ണപ്പൻ മൂരിക്ക്  ഉച്ചത്തിൽ ചീത്തപറഞ്ഞുകൊണ്ട്  കോപ്പൻ ഒരടികൊടുത്തു. അടികിട്ടിയതും മൂരി മറ്റു കന്ന് കളോടൊപ്പം വരിയിൽ നടപ്പായി.
കുറച്ചകലെ കരിമ്പനയിൽ കലപില കൂട്ടുന്ന കിളികൾ. കിണറ്റു വക്കത്തെ  മുരിങ്ങയുടെ തുമ്പിൽ രണ്ടുകാക്കകൾ. ഒന്ന് തന്റെ കൊക്കിൽ നിന്നും മറ്റേതിന്റെ കൊക്കിലേക്ക് എന്തോ ഇട്ടുകൊടുക്കുന്നത്  കണ്ടപ്പോൾ അവ തള്ളയും കുഞ്ഞുമാണെന്ന് അവനു മനസിലായി.... ദൂരെ ഇല്ലിപ്പട്ടലിന്റെ തുമ്പിൽ ഊഞ്ഞാലാടുന്ന കുറേ തത്തകൾ തെക്കുവശത്ത് റെയിലിലൂടെ പാഞ്ഞുപോയ തീവണ്ടിയുടെ കൂവൽ കേട്ടപ്പോൾ ചിലച്ചുകൊണ്ട് തെക്കോട്ട് പറന്ന് പോയി....
ആരോ കോണി കയറിവരുന്ന ശബ്ദം. ഉമ്മയാണെങ്കിൽ കയ്യിൽ വടിയുമായിട്ടായിരിക്കും വരവ് എന്നോർത്ത് അവൻ തിരിഞ്ഞു. വാതിൽകൽ മുഖം നിറയെ ചിരിയുമായി ഉപ്പ. കയ്യിലുണ്ടായിരുന്ന മാസിക അവന്റെ നേരെ നീട്ടി. പുറം ചട്ടയിൽ വലിയ ഒരു പക്ഷിയുടെ ചിത്രത്തിനു മേൽ ചിലമ്പൊലി എന്ന് വലിയ അക്ഷരത്തിലും കുട്ടികളുടെ മാസിക എന്ന് ചെറിയ അക്ഷരത്തിലും അച്ചടിച്ചിരുന്നു.  കൗതുകത്തോടെ അവൻ കൈ നിട്ടി അത് വാങ്ങി. ധൃതിയിൽ താളുകൾ മറിച്ച് നോക്കി. നിറയെ വർണ്ണ ചിത്രങ്ങളും കുട്ടിക്കഥകളും.സ്കൂളിൽ പോകാനുള്ള മടി പമ്പകടന്നു.   അവനു വലിയ സന്തോഷമായി. ഉപ്പ അവന്റെ മനസിൽ പാകിയ വായനയുടെ ആദ്യ വിത്ത്.
ഉപ്പായുടെ കൈപിടിച്ച് അവൻ കോണിയിറങ്ങി.. മാസിക പുസ്തക സഞ്ചിയിൽ വെച്ചിട്ട് അവൻ കുളക്കരിയിലേക്ക് നടന്നു. ഇന്ന് കൂട്ടുകാർക്കൊക്കെ മാസിക കാണിച്ച് കൊടുക്കുന്നത് അഭിമാനത്തോടെ ഓർത്തു കൊണ്ട്....

Monday, July 15, 2019

കർക്കിടകം ഒന്ന് ചില രാമായണ ചിന്തകൾ

അദ്ധ്യാത്മ രാമായണം കമ്പരാമായണം എന്നിങ്ങനെ രാമകഥകൾ പലതുണ്ട് എന്ന് ഹൈസ്കൂളിൽ മലയാളം പഠിപ്പിച്ച എഴുത്തശ്ശൻ മാഷ് പറഞ്ഞു തന്നിരുന്നു. എന്നാൽ മാപ്പിള രാമയണം എന്ന ഒന്നുണ്ട് എന്ന അറിവ് എനിക്ക് കിട്ടിയത് സ്വാതന്ത്ര്യ സമര സേനാനിയും സാഹിത്യകാരനുമൊക്കെയായ എ എ മലയാളിയിൽ നിന്നായിരുന്നു. 1970 കളുടെ അവസാനത്തിൽ മാതൃഭൂമിയുടെ പാലാക്കാട് ഏരിയാ ഫീൽഡ് ഓഫീസറായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കാരക്കാട്ട് മാതൃഭൂമി പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എന്റെ എളാപ്പാനെ കാണാൻ തറവാട്ടിൽ വന്നപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ പരിചയപ്പെടാൻ ഇടയായത്. അന്ന് എളാപ്പ Imbichi Mohammedvk Imbichi Muhammed Vayyattu Kavil യെക്കൊണ്ട് മാതൃഭൂമി ഏജൻസി എടുപ്പിച്ചതും മനോരമ പാര വെച്ചതിന്റെ ഫലമായി ഒരു സുപ്രഭാതത്തിൽ പത്ര വിതരണക്കാരൻ മുങ്ങിയതും തൽ സ്ഥാനത്ത് ഞാൻ അവരോധിതനായതുമൊക്കെ ഞാനും മാതൃഭൂമിയും എന്ന ചരിത്രത്തിലൂടെ ഒരിക്കൽ പങ്കുവെച്ചിട്ടുള്ളതാണ്.
പിന്നീട് എൺപതിൽ ഞാൻ‌ ആറളം ഫാമിലെ യൂണിറ്റ് അഞ്ചിൽ (കക്കുവാ) പണിയെടുക്കുന്നകാലം. ഞാനും സുഹൃത്തും ബോസുമായ ആദിത്യവർമ്മത്തമ്പുരാനും‌  ഫാം ഓഫീസായും താമസസ്ഥലമായും ഒക്കെ ഉപയോഗിക്കുന്ന ചെറിയ ഷെഡിലേക്ക് വിയർത്ത് കുളിച്ച് അദ്ദേഹം കയറിവന്നു.‌ അദ്ദേഹം എന്തോ ആവശ്യത്തിനായി കീഴ്പള്ളിയിൽ വന്നതായിരുന്നു. നേരം വൈകി തിരിച്ചു പോകാൻ ബസ്സ് രാവിലെയേ ഉള്ളൂ. അപ്പോഴാണ് അടുത്ത് ഒരു പട്ടാമ്പിക്കാരൻ ഉണ്ട് എന്ന് കേട്ടത്. നോക്കിക്കളയാം എന്ന്കരുതി വന്നതാണ് അന്ന് അദ്ദേഹം ഉള്ള സൗകര്യത്തിൽ തൃപ്തനായി ഞങ്ങളുടെ അതിഥിയായി കൂടി. അന്നദ്ദേഹം മാതൃഭൂമി വിട്ട് മലബാറിലെ മുസ്ലിംകളെപ്പറ്റി ഗവേഷണം ചെയ്യുകയായിരുന്നു. ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ സൂര്യനു കീഴിലുള്ള പലതും ചർച്ചാവിഷയ  മായകൂട്ടത്തിൽ മുസ്ലിം സമുദായത്തിന്റെ അന്നത്തെ വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ വിവരിക്കവേ അദ്ദേഹം പറഞ്ഞു " നമ്മളിങ്ങനെയൊന്നുമായിരുന്നില്ല കുട്ടിക്കറിയാമോ രാമായണം മലയാളത്തിൽ എഴുതപ്പെടുന്നതിന്നുമുമ്പ് അറബ് മലയാളത്തിൽ എഴുതപ്പെട്ടിരുന്നു. അന്നത്തെ മാപ്പിളമാർ അത് പാടിയിരുന്നു. അതൊക്കെയാണ് എന്റെ ഗവേഷണ വിഷയം. അന്നത് അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് പലപ്പോഴും ഞാനത് സൂചിപ്പിക്കാറുണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ അദ്ദേഹം പോയി. തന്റെ ഗവേഷണം പൂർത്തിയാക്കും മുമ്പേ അദ്ദേഹം കിടപ്പിലായതായി എന്നറിഞ്ഞു. പിന്നീടത് പൂർത്തിയാക്കിയോ ആവോ?. ഏതായാലും രാമായണ മാസം ഒന്നാം തിയ്യതീന്നാണല്ലോ എന്നോർക്കവേ ഈ ചിന്തകൾ മനസിലേക്ക് കയറി ‌വന്നു. പണ്ട് രാമൻ മലബാറിലെ മാപ്പിളമാർക്ക് അന്യനായിരുന്നില്ല. രാമായണം അവർ പഠിച്ചിരുന്നു. പാടിയിരുന്നു അസ്വദിക്കയും ചെയ്തിരുന്നു. ...
ഇനി ഇന്നത്തെ മാപ്പിളമാർക്കായി മാപ്പിള രാമായണത്തിൽ നിന്ന് അല്പം...

“പണ്ടു താടിക്കാരനൌലി പാടിവന്നൊരു പാട്ട്‌
കണ്ടതല്ലേ ഞമ്മളീ ലാമായണം കത പാട്ട്‌
കർക്കിടകം കാത്തുകാത്തു കുത്തിരിക്കും പാട്ട്
കാതു രണ്ടിലും കൈവിരലിട്ടോരികൂട്ടും പാട്ട്‌
മൂന്നുപെണ്ണിനെ ദശരതൻ നിക്കാഹ് ചെയ്ത പാട്ട്‌.
അമ്മികുമ്മായം മറിഞ്ഞും മക്കളില്ലാ പാട്ട്
പായസം കുടിച്ചു മൂന്നും നാലുപെറ്റ പാട്ട്
നാലിലും മൂത്തുള്ള ലാമന്റേലുകൂട്ടും പാട്ട്
കെട്ടിയോൾക്ക് വരംകൊടുത്തുസുയാപ്പിലായപാട്ട്
ലങ്കവാഴും പത്തുമൂക്കനെഹലാക്കിലാക്കിയപാട്ട്
നഞ്ഞുനക്കിയ പടച്ചോന്റെ വില്ലൊടിച്ച പാട്ട്
കുഞ്ഞുകുട്ടിത്തങ്കമോളെ കൈപിടിച്ച പാട്ട്
ഹാലിളകിത്താടിലാമൻ വൈ തടഞ്ഞ പാട്ട്
ഹാല്‌മാറ്റീട്ടന്നു ലാമൻ നാട്ടിലെത്തിയ പാട്ട്
നാടുവാഴാൻ ബാപ്പ ലാമനെയന്നൊരുക്കിയ പാട്ട്
കൂനിനൊണകേട്ടന്നെളോമ്മ വാശി കാട്ടിയ പാട്ട്
ലാമനെപ്പതിനാലുകൊല്ലം കാട്ടിലാക്കിയ പാട്ട്
കൂടെയനുശൻ കൂട്ടിനോളും കൂടിപ്പോയ പാട്ട്
മക്കളെക്കാണാഞ്ഞു ബാപ്പ വീണുരുണ്ട പാട്ട്
വിക്കിവിക്കി ലാശലാശൻ മൌത്തിലായ പാട്ട്
ഉമ്മ നാട്ടിനു പോയ വരതൻ ഓടി വന്ന പാട്ട്
ലാമനെക്കൂട്ടിവരുവാൻ പോയി വന്ന പാട്ട്”....
.............................
Sasikumar B

Tuesday, July 2, 2019

എളിയ ഒരു ബദർ സന്ദേശം

അതൊരു കല്പനയായിരുന്നു. ഇങ്ങോട്ടാക്രമിക്കുകയും സ്വന്തം ഭവനങ്ങളിൽ നിന്നും സ്വന്തം നാട്ടിൽ നിന്നുപോലും തങ്ങളെ ബഹിഷ്കരിക്കുകയും ചെയ്തതും പോരാഞ്ഞിട്ട് തങ്ങൾക്കഭയം കിട്ടിയേടത്തു വന്ന് തങ്ങളെ ഉന്മൂലനം ചെയ്യാൻ ഒരുങ്ങിപ്പുറപ്പെട്ട ആയിരത്തില്പരം സർവ്വസജ്ജരായ ഒരു വലിയ സൈന്യത്തെ  പ്രതിരോധിക്കാനുള്ള കല്പന.അങ്ങനെ കൈവശമുള്ള പരിമിതങ്ങളായ വിഭവങ്ങളുമായി തങ്ങളുടെ എല്ലാമെല്ലാമായ പ്രവാചകന്റെ നേതൃത്വത്തിൽ അവർ മുന്നൂറ്റിപ്പതിമൂന്നുപേർ പുറപ്പെട്ടു. അംഗബലത്തിൽ മാത്രമല്ല ആയുധങ്ങളുടെയും വാഹനങ്ങളുടേയും മറ്റെല്ലാ വിഭവങ്ങളുടെയും കാര്യത്തിലും  അവർ ദരിദ്രരായിരുന്നു. അചഞ്ചലമായ നിശ്ചയദാർഢ്യത്തിലും ഈശ്വരവിശ്വാസത്തിലും
മാത്രം അവർ മികച്ചുനിന്നു.വാഹനങ്ങൾ അവർ ഊഴമിട്ട് ഉപയോഗിക്കാൻ നിശ്ചയിച്ചു. വീതിച്ചപ്പോൾ മൂന്നു പേർക്ക് ഒരുവാഹനം എന്നായിരുന്നു കണക്ക്. നബി തിരുമേനിക്കും ഇക്കാര്യത്തിൽ പ്രത്യേകതയൊന്നുമുണ്ടായിരുന്നില്ല. ചെറുപ്പക്കാരായ ഹുബാബും അലിയുമായിരുന്നു അദ്ദേഹത്തിന്റെ പങ്കാളികൾ. തങ്ങൾ വാഹനപ്പുറത്തും നബി കാൽനടയായും സഞ്ചരിക്കുന്നത് യുവാക്കൾക്ക് സഹിച്ചില്ല. അവർ തങ്ങൾ നടന്നുകൊള്ളാമെന്നും തങ്ങളുടെ ഊഴം കൂടി നബി (സ) ക്ക് വിട്ടുകൊടുക്കാമെന്നും ഗുരുവിനെ ഉണർത്തി. സൗമ്യനായി അദ്ദേഹം പറഞ്ഞു " എന്നെക്കാൾ കൂടുതൽ നടക്കാൽ കെല്പുള്ളവരാണു നിങ്ങൾ എന്നു ഞാൻ കരുതുന്നില്ല. മറിച്ച് അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചാണ് നിങ്ങളീത്യാഗത്തിനൊരുങ്ങുന്ന തെങ്കിൽ ഞാനും നിങ്ങളെപ്പോലെതന്നെ അത് ആഗ്രഹിക്കുന്നവനാണ്."
ബദറിലെത്തുവോളം അദ്ദേഹം തന്റെ ഊഴം നടന്നുതന്നെ യാത്രചെയ്തു.
നീതിയുടെ കാര്യത്തിൽ നേതാവും അനുയായികളും തമ്മിലായാലും ഗുരുവും ശിഷ്യന്മാരും തമ്മിലായാലും ഒരുവിട്ടു വീഴ്ചയുമില്ല എന്ന് അദ്ദേഹം നമ്മെ പഠിപ്പിക്കുകയായിരുന്നു. പ്രപഞ്ചത്തെ അതിന്റെ നാഥൻ നീതിയുടെ മേൽ സ്ഥാപിച്ചിരിക്കുന്നു എന്നുമദ്ദേഹം മനുഷ്യകുലത്തിനു പറഞ്ഞു കൊടുത്തു..... അനീതിപെരുകിയാൽ പ്രപഞ്ചതാളം തെറ്റുകതന്നെ ചെയ്യും.

യൗമുൽ ഫുർഖാൻ

അവർ ദുർബലരായിരുന്നു. അവരിലേക്ക് അവരിൽ നിന്നും നിരക്ഷരനായ ഒരു പ്രവാചകൻ വന്നു. അബ്ദുല്ലായുടെ മകൻ മുഹമ്മദ്.(സ).‌ പ്രപഞ്ചസൃഷ്ടാവായ സർവ്വേശ്വരനൊഴികെ മറ്റാരേയും ആരാധിക്കരുത്, അവൻ മനുഷ്യരിലേക്ക് അയക്കുന്ന സന്ദേശവാഹകരെ വിശ്വസിക്കണം, ജീവിതത്തിന്ന് മരണാനന്തരം ഒരു കണക്കെടുപ്പുണ്ടാകും എന്നീ തത്വങ്ങളിലൂന്നി മനുഷ്യത്വത്തിന്റെ ബാലപാഠങ്ങൾ അവരെ അദ്ദേഹം പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ നിന്ദിതരും പീഢിതരും കൂട്ടം കൂട്ടമായി അദ്ദേഹത്തെ പിന്തുടരാൻ തുടങ്ങി. ഇത് ഉന്നതരെ അസ്വസ്ഥരാക്കി. ധനികരും പുരോഹിതരും പ്രമാണിമാരും ദുർബലരുടെ കൂട്ടയ്മക്കെതിരെ സംഘടിച്ചു.  ധനികരിൽ ഒന്നോരണ്ടോ പേരൊഴികെ എല്ലാവരും മറുചേരിയിലായിരുന്നു. കൂട്ടയ അക്രമങ്ങളെ പ്രതിരോധിക്കാൻ അവർക്കാകുമായിരുന്നില്ല. ശാരീരികവും മാനസികവുമാായ കൊടിയ പീഢനങ്ങൾ ഉപരോധം ചതി എന്നിവയിലൂടെ അവർ സ്വന്തം ജന്മനാട്ടിൽ നിന്നും തുരത്തപ്പെട്ടു. എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് വെറും കയ്യോടെ അവർക്ക് പലായനം ചെയ്യേണ്ടി വന്നു. അവർക്ക് തിരിച്ചടിക്കാൻ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അനുവാദം നൽകപ്പെട്ടില്ല. ക്ഷമിക്കാനായിരുന്നൂ കല്പന. 
തങ്ങൾ ജന്മദേശത്ത് ഉപേക്ഷിച്ച് പോന്നതൊക്കെയും ശത്രുക്കൾ കയ്യടക്കി എന്ന വേദനാജനകമായ വിവരം ദൂരെയിരുന്ന് കേൾക്കേണ്ടിവന്ന അവർ തിരിച്ചടിക്കാൻ അനുവാദം ചോദിച്ചുകൊണ്ടേയിരുന്നു. അങ്ങനെ ഒടുവിൽ അനുവാദം നൽകപ്പെട്ടു....
വലിയൊരു സമ്പത്തുമായി ശാമിൽ നിന്നും മടങ്ങു ശത്രുക്കളുടെ നേതാവ് അബൂസുഫ്യാന്റെ കച്ചവട സംഘത്തെ തടഞ്ഞ് സ്വത്ത് പിടിച്ചെടുക്കാൻ അവർ തീരുമാനിച്ചു. അതിന്നായി വിരലിലെണ്ണാവുന്ന സന്നാഹങ്ങളുമായി അവർ മുന്നൂറ്റിപ്പതിമൂന്ന് പേർ പുറപ്പെടുകയും ചെയ്തു. രണ്ടു കുതിരകളും എഴുപത് ഒട്ടകങ്ങളുമായിരുന്നു അവർക്കുണ്ടായിരുന്നത്. സന്നാഹങ്ങൾ കുറവാണെങ്കിലും ചെറിയ സംഘമായ വർത്തക സംഘത്തെ കിട്ടിയാൽ തങ്ങൾക്ക് എളുപ്പമായിരുന്നേനേ എന്നവർ അകമേ ആഗ്രഹിച്ചു. പക്ഷേ വിധി മറിച്ചായിരുന്നു. അവർ കച്ചവട സംഘം കടന്നു പോകേണ്ട ബദറിൽ തമ്പടിച്ചു. ഈ വിവരം നേരത്തെതന്നെ അങ്ങ് മക്കയിലറിഞ്ഞിരുന്നു. തങ്ങളുടെ നേതാവിന്റെ സ്വത്ത് പിടിച്ചെടുക്കാൻ മദീനയിൽ നിന്നും മുഹമ്മദും കൂട്ടരും പുറപ്പെട്ടിരിക്കുന്നു. ഉടൻ യുദ്ധ സജ്ജരാവുക. ഖുറൈശികളുടെ നേതാവ് അബൂജഹൽ വിളംഭരം ചെയ്തു. ആയിരത്തിൽ പരം പേർ, സർവ്വ സന്നാഹങ്ങളുമായി അവരും ബദറിലെത്തി. തൊള്ളായിരത്തമ്പത് കാലാൾപ്പട, നൂറ് കുതിരകൾ, നൂറ്റി എഴുപത് ഒട്ടകങ്ങൾ എന്നിവയൊക്കെ അടങ്ങിയതായിരുന്നു കുറൈശിപ്പട. തങ്ങൾ എത്തിയ വിവരം വർത്തക സംഘത്തെ അറിയിക്കാൻ അബൂജഹൽ ദൂതനെ അയച്ചു. ബദറിൽ മുഹമ്മദും കൂട്ടരും കാത്തു നിൽകുന്ന വിവരമറിഞ്ഞ അബൂസുഫ്യാൻ അബൂജഹൽ ഉദ്ദേശിച്ച പോലെ യുദ്ധത്തിന്ന് തയ്യാറായില്ല. അയാൾ തന്റെ കച്ചവട സംഘത്തെ ബദറിൽ നിന്നും അകലെയുള്ള മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് നയിച്ചു. മടങ്ങിയെത്തിയ ദൂതനിൽ നിന്നും വിവരമറിഞ്ഞ ഖുറൈശികളിൽ ഭൂരിഭാഗവും കച്ചവട സംഘം രക്ഷപ്പെട്ട സ്ഥിതിക്ക് ഏറ്റുമുട്ടൽ ഒഴിവാക്കാം എന്ന ചിന്തയിലായിരുന്നു. ബന്ധ്ക്കളും കുടുംബക്കാരുമായ മുസ്ലിം കളോട് അനാവശ്യമായ ഒരേറ്റുമുട്ടൽ അവർ ആഗ്രഹിച്ചില്ല. എന്നാൽ പ്രവാചകനോടും അദ്ദേഹത്തിന്റെ ആദർശത്തോടും ഒടുങ്ങാപകയുണ്ടായിരുന്ന അബൂജഹൽ പിന്മാറാൻ തയ്യാറല്ലായിരുന്നു. എല്ലാം കൊണ്ടും ദുർബലരായ മുസ്ലിംകളേയും മുഹമ്മദിനേയും ഈ ലോകത്ത് നിന്നും തുടച്ചു നീക്കാൻ ഇത്പോലൊരു അവസരം ഇനി ഒത്തു കിട്ടുകയില്ല എന്നയാൾ കണക്കാക്കി. സമാധാനത്തിനു വാദിച്ചവരെ സ്ത്രീകളെന്നും ഭീരുക്കളെന്നും വിളിച്ച്  അധിക്ഷേപിച്ചു. തങ്ങളുടെ ദൈവങ്ങളായ ലാത്തയേയും ഉസ്സയേയും തള്ളിപ്പറഞ്ഞവരെ തോല്പിക്കേണ്ടതിന്റെ ആവശ്യകത തന്റെ വാഗ്ദോരണികൊണ്ട് അയാൾ സ്ഥാപിച്ചെടുത്തു... എതിരഭിപ്രായക്കാരെ നിശ്ശബ്ദരാക്കി ആയാൾ സൈന്യത്തെ യുദ്ധ സജ്ജരാക്കി....
അതയിരുന്നു വിധി. ചുരുങ്ങിയ സമയം മാത്രം നീണ്ടു നിന്ന യുദ്ധത്തിൽ കരുത്തരും സർവ്വായുധ വിഭൂഷിതരുമായിരുന്ന ഖുറൈശി സൈന്യം നിലം പരിശായി അവരിൽ അബൂജാഹിൽ അടക്കം പ്രമുഖരായ എഴുപതോളം പേരും മുസ്ലിം കളിൽ നിന്നും പതിനാലു പേരും വധിക്കപ്പെട്ടു. മിഥ്യക്കുമേൽ സത്യത്തിന്റെ വ്യക്തമായ വിജയം. പിന്നീട് ആ ദിവസം യൗമുൽ ഫുർഖാൻ എന്ന് അറിയപ്പെട്ടു....

وَإِذْ يَعِدُكُمُ اللَّهُ إِحْدَى الطَّائِفَتَيْنِ أَنَّهَا لَكُمْ وَتَوَدُّونَ أَنَّ غَيْرَ ذَاتِ الشَّوْكَةِ تَكُونُ لَكُمْ وَيُرِيدُ اللَّهُ أَنْ يُحِقَّ الْحَقَّ بِكَلِمَاتِهِ وَيَقْطَعَ دَابِرَ الْكَافِرِينَ

രണ്ടു സംഘങ്ങളിലൊന്ന് നിങ്ങള്‍ക്ക് അധീനമാകുമെന്ന് അല്ലാഹു നിങ്ങളോട് വാഗ്ദാനം ചെയ്തിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക.) ആയുധബലമില്ലാത്ത സംഘം നിങ്ങള്‍ക്കധീനമാകണമെന്നായിരുന്നു നിങ്ങള്‍ കൊതിച്ചിരുന്നത്‌. അല്ലാഹുവാകട്ടെ തന്‍റെ കല്‍പനകള്‍ മുഖേന സത്യം പുലര്‍ത്തിക്കാണിക്കുവാനും സത്യനിഷേധികളുടെ മുരട് മുറിച്ചുകളയുവാനും ആണ് ഉദ്ദേശിച്ചിരുന്നത്‌.
-Sura Al-Anfal, Ayah 7