Thursday, July 18, 2019

വായനയുടെ വിത്ത്

നാല് കെട്ടിന്റെ മുകളിലെ വടക്കേ അറയിലായിരുന്നു അവർ കിടന്നിരുന്നത്. കട്ടിലിൽ കോസടിയിൽ ഉമ്മയും ഉപ്പയും ചാരെ തൊട്ടിലിൽ അനുജൻ, താഴെ തഴപ്പായിൽ കുട്ടി. തഴപ്പായിലോ എന്ന് അതിശയപ്പെടേണ്ട അന്ന് അത് തന്നെ വലിയ ലക്ഷുറിയായിരുന്നു. കൂടാതെ പായിൽ മൂത്രമൊഴിക്കുന്ന സ്വഭാവമുണ്ടായിരുന്നതുകൊണ്ട്‌ ഉമ്മാക്കത് സൗകര്യവുമായിരുന്നു.
സ്കൂളുള്ള ദിവസങ്ങളിൽ വൈകിയും ഇല്ലാത്ത ദിവസങ്ങളിൽ പതിവിലും നേരത്തെയും  ഉണരുക എന്നതായിരുന്നു മൂപ്പരുടെ പതിവ്. അന്ന് കണ്ണൂ തുറന്നപ്പോൾ മുറിയിലവൻ തനിച്ചായിരുന്നു. ഉമ്മയുമുപ്പയും  അനുജനെയും കൊണ്ട് എഴുന്നേറ്റ് പോയിരുന്നു. ഇളവെയിൽ ജനൽ പാളികളിലൂടെ കുട്ടിയുടെ പായിലെത്തിയിട്ടും  കുട്ടി പായിൽ തന്നെയായിരുന്നു എന്നതിൽ നിന്നം അന്ന് സ്കൂളുള്ള ദിവസമായിരുന്നു എന്ന് മനസിലാക്കാവുന്നതാണ്‌. അല്ലെങ്കിലിപ്പോൾ‌ മൂപ്പർ കുളക്കരയിലോ‌ വയൽ വരമ്പിലോ ഒക്കെ എത്തിയിരിക്കേണ്ടതാണ്‌. അവൻ പതുക്കെ കണ്ണൊന്ന് തിരുമ്മിത്തുറന്നു. കിഴക്കു ഭാഗത്തെ കരിമ്പനത്തലപ്പിനു പിറകിൽ സൗമ്മ്യനായ സൂര്യൻ. കരിമ്പനമേൽ ഇരുന്ന് കലപിലകൂട്ടുന്ന രണ്ട് മൂന്ന് ചാണാക്കിളികൾ. തൊടിയിൽ നിന്നും കേൾക്കുന്ന കോഴികളുടേയും  കാക്കകളുടേയും ശബ്ദങ്ങൾ ഇടക്കിടെ മൂത്താപ്പ കൊണ്ടു വന്ന പട്ടികളുടെ കുരയും. സ്കൂളില്ലായിരുന്നു എങ്കിൽ എന്തെല്ലാം കളികൾ കളിക്കാമായിരുന്നു. കുട്ടി നിരാശയോടെ ഓർത്തു. സ്കൂളിൽ പോക്കിൽ നിന്നും  ഇളവ് കിട്ടുന്ന വല്ല വേദനയും എവിടെയെങ്കിലും  ഉണ്ടോ എന്നും  പരിശോധിച്ചു. പല്ല് തല വയറ്‌ എവിടെയും ഒന്നും കാണാനില്ല.  താഴെ വട്ക്കിനിയിൽ നിന്ന് വെല്ലിമ്മന്റെയും ഉമ്മാന്റെയും ഇത്തിക്കുട്ട്യാത്താന്റെയും തിത്യാത്താന്റെയുമൊക്കെ വർത്തമാനങ്ങളും ചിരിയും കേൾക്കുന്നുണ്ട്. തിത്യാത്ത ഓരോ തമാശകൾ പറയുന്നതുകൊണ്ട്‌ അടുക്കളയിൽ എപ്പോഴും ബഹളമായിരിക്കും. അവർ പറയുന്നത് കേട്ട് മറ്റുള്ളവർ ചിരിക്കുന്നത് കാണാമെങ്കിലും കുട്ടിക്ക് കാര്യമായൊന്നും  മനസിലാകാറില്ല. കൂടുതല്ശ്രദ്ധിച്ചാൽ എന്തിനാടാ വയസായോര്ടെ തോള്ളേല്‌ക്ക് നോക്ക്യൂണ്ട്‌ നല്ക്ക്ണ്‌ എന്ന ശകാരവും കേൾക്കാം....
എഴുന്നേൽക്കാൻ ഇനിയും താമസിച്ചാൽ ഉമ്മകയറിവരുമെന്നും വരുന്നത് വെറും കയ്യോടെയായിരിക്കില്ല എന്നും തോന്നലുണ്ടായപ്പോൾ അവൻ മെല്ലെ എഴുന്നേറ്റു. ട്രൗസറിന്റെ ഊർന്നുപോയ വള്ളി ചുമലിലേക്ക് വലിച്ചിട്ട് മൂക്കില്നിന്നൊലിച്ചത് പുതപ്പ് കൊണ്ട് തുടച്ച്
അവൻ ജനലരികിൽ പോയി പുറത്തേക്ക് നോക്കി നില്പായി. കോപ്പൻ തൊഴുത്തിൽ നിന്നും കന്നുകളെ വിടുകയാണ്‌. അഴിച്ചു വിട്ട കന്നുകൾ പടിപ്പുരക്ക് താഴെയുള്ള കന്നിടവഴിയിലൂടെ വരിയായി പുറത്തോട്ട് നടക്കുന്നു. തൊടിയിളേക്ക് തിരിഞ്ഞ കണ്ണപ്പൻ മൂരിക്ക്  ഉച്ചത്തിൽ ചീത്തപറഞ്ഞുകൊണ്ട്  കോപ്പൻ ഒരടികൊടുത്തു. അടികിട്ടിയതും മൂരി മറ്റു കന്ന് കളോടൊപ്പം വരിയിൽ നടപ്പായി.
കുറച്ചകലെ കരിമ്പനയിൽ കലപില കൂട്ടുന്ന കിളികൾ. കിണറ്റു വക്കത്തെ  മുരിങ്ങയുടെ തുമ്പിൽ രണ്ടുകാക്കകൾ. ഒന്ന് തന്റെ കൊക്കിൽ നിന്നും മറ്റേതിന്റെ കൊക്കിലേക്ക് എന്തോ ഇട്ടുകൊടുക്കുന്നത്  കണ്ടപ്പോൾ അവ തള്ളയും കുഞ്ഞുമാണെന്ന് അവനു മനസിലായി.... ദൂരെ ഇല്ലിപ്പട്ടലിന്റെ തുമ്പിൽ ഊഞ്ഞാലാടുന്ന കുറേ തത്തകൾ തെക്കുവശത്ത് റെയിലിലൂടെ പാഞ്ഞുപോയ തീവണ്ടിയുടെ കൂവൽ കേട്ടപ്പോൾ ചിലച്ചുകൊണ്ട് തെക്കോട്ട് പറന്ന് പോയി....
ആരോ കോണി കയറിവരുന്ന ശബ്ദം. ഉമ്മയാണെങ്കിൽ കയ്യിൽ വടിയുമായിട്ടായിരിക്കും വരവ് എന്നോർത്ത് അവൻ തിരിഞ്ഞു. വാതിൽകൽ മുഖം നിറയെ ചിരിയുമായി ഉപ്പ. കയ്യിലുണ്ടായിരുന്ന മാസിക അവന്റെ നേരെ നീട്ടി. പുറം ചട്ടയിൽ വലിയ ഒരു പക്ഷിയുടെ ചിത്രത്തിനു മേൽ ചിലമ്പൊലി എന്ന് വലിയ അക്ഷരത്തിലും കുട്ടികളുടെ മാസിക എന്ന് ചെറിയ അക്ഷരത്തിലും അച്ചടിച്ചിരുന്നു.  കൗതുകത്തോടെ അവൻ കൈ നിട്ടി അത് വാങ്ങി. ധൃതിയിൽ താളുകൾ മറിച്ച് നോക്കി. നിറയെ വർണ്ണ ചിത്രങ്ങളും കുട്ടിക്കഥകളും.സ്കൂളിൽ പോകാനുള്ള മടി പമ്പകടന്നു.   അവനു വലിയ സന്തോഷമായി. ഉപ്പ അവന്റെ മനസിൽ പാകിയ വായനയുടെ ആദ്യ വിത്ത്.
ഉപ്പായുടെ കൈപിടിച്ച് അവൻ കോണിയിറങ്ങി.. മാസിക പുസ്തക സഞ്ചിയിൽ വെച്ചിട്ട് അവൻ കുളക്കരിയിലേക്ക് നടന്നു. ഇന്ന് കൂട്ടുകാർക്കൊക്കെ മാസിക കാണിച്ച് കൊടുക്കുന്നത് അഭിമാനത്തോടെ ഓർത്തു കൊണ്ട്....

No comments: