Wednesday, April 22, 2015

ഒരു പ്രഭാതസ്മരണ

പ്രഭാത സ്മരണ
തറവാടിന്റെ അടുക്കള ഭാഗത്ത് തൂക്കിയിട്ട ബക്കറ്റിൽ നിന്നും ഒരു പിടി ഉമിക്കരിയെടുത്ത് കുളത്തിലേക്കോടുകയായിരുന്ന കുട്ടി പിറകിൽ അടുക്കളക്കാരി തിത്ത്യാത്തായുടെ അഭിപ്രായം കേട്ടു ഓ ഇന്നു വെള്ളിയാഴ്ചയാണല്ലോ എന്ന്... വെള്ളിയാഴ്ച സ്കൂളും മദ്രസയുമില്ലാത്തതു കൊണ്ടാണ്‌ കുട്ടി നേരത്തെ ഉണർന്നിരിക്കുന്നത് എന്ന്.... ഉമ്മ അതു കേട്ട് ചിരിക്കുന്നുമുണ്ട് ചിരിക്കട്ടെ അവർക്ക് ചിരിച്ചാൽ മതിയല്ലോ ... ഈ തൊടിയിലും പാടത്തുമൊക്കെ വെറുതെയിങ്ങനെ ചുറ്റി നടക്കുമ്പോൾ കിട്ടുന്ന സുഖം അവർക്കറിയില്ലല്ലോ... എന്തെല്ലാം കൗതുകങ്ങൾ ... ചുമലിൽ നിന്നൂർന്നു പോന്ന ട്രൗസറിന്റെ വള്ളി നേരെയാക്കി അവൻ കുളത്തിലേക്കു നടന്നു. തൊടിയിൽ നിറയെ പല പലപക്ഷികളുടെയും പാട്ടുകൾ. ദൂരെയെവിടെനിന്നോ കോഴികൾ കൂവുന്നു.കാക്കകളുടെ കരച്ചിലും കേൾക്കുന്നുണ്ട്. ഒട്ടുമാവിന്റെ അടുത്തുള്ള ചക്കരപ്പുളിയുടെ തുമ്പിലിരുന്ന് ഒരു അരിപ്രാവ്‌ പാടുന്നു " എട്ടും കിട്ടി കുർ കുർ കുർ" എട്ടും കിട്ടി കുർ കുർ കുർ"
ആതാരാട്ടിന്റെ കഥ ഉമ്മ അവനു പറഞ്ഞു കൊടുത്തിട്ടുണ്ട്. കൂട്ടിൽ കുഞ്ഞിനെ എട്ടു പയറു മണികൾ ഏല്പിച്ചു പുറത്തു പോയ തള്ളപ്രാവ്‌ തിരിച്ചു വന്നപ്പോൾ ഒരു പയറ്‌മണി കാണാനില്ല. കുഞ്ഞ് താനറിയാതെ തിന്നിരിക്കുമെന്നു കരുതി ദേഷ്യത്തിൽ അതിനൊരു കൊത്തു കൊടുത്തു. കൊത്തു കൊണ്ട കുഞ്ഞ് ചത്തു പോയി. തള്ളയതറിഞ്ഞില്ല. കുറച്ചു കഴിഞ്ഞപ്പോൾ എട്ടാമത്തെ പയറുമണി കൂട്ടിനടിയിൽ നിന്നു കിട്ടുകയും ചെയ്തു. പ്രാവ്‌ സന്തോഷത്തോടെ കുഞ്ഞിനെ ഉറക്കാൻ താരാട്ടു പാടാൻ തുടങ്ങി " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" " എട്ടും കിട്ടി കുർ കുർ കുർ" എട്ട് പയറും കിട്ടി മോളുറങ്ങിക്കോ എന്ന്‌.
അവൻ ചോദിച്ചു തള്ള പ്രാവ്‌ മക്കളെ കൊല്ലുമോ ഉമ്മാ. ഇല്ല അത് അറിയാതെ പറ്റിയതായിരിക്കും എന്ന്‌ ഉമ്മ മറുപടി പറഞ്ഞു.
വെയിലുദിച്ചു വരുന്നതേയുള്ളൂ കുളവും തൊടിയുമൊക്കെ നിഴലിലാണ്‌. ദൂരെ വിളഞ്ഞു കതിർ ചാഞ്ഞു നില്കുന്ന പാടത്തിനു മേൽ പൊൻ പട്ടു പുതപ്പിക്കുന്ന വെയിൽ. വയിലിന്റെ വരവിൽ മെല്ലെ മറഞ്ഞു പോകുന്ന പുകപോലത്തെ മഞ്ഞ്. പാടത്തിനു നടുകേ പോകുന്ന റെയിലിനപ്പുറം പഞ്ചാരമണൽ പരപ്പിനു നടുവിലൂടെ പടിഞ്ഞാട്ടൊഴുകുന്ന പുഴ.
ഉമിക്കരിയിൽ വിരൽ മുക്കി വായിൽ തിരുകിനിന്നു കൊണ്ട്‌ കുട്ടി കാഴ്ചകൾ കാണുകയാണ്‌‌‌‌‌‌. പാടത്തേക്കു ചാഞ്ഞ തെങ്ങോലകളിലും ഇല്ലിപ്പട്ടലിന്റെ തുമ്പത്തും നിറയെ ഉച്ചത്തിൽ കലപില കൂട്ടിക്കൊണ്ട് തത്തകൾ. എന്നെങ്കിലും ഒന്നിനെ പിടിച്ച് കൂട്ടിലാക്കി സംസാരിപ്പികണമെന്നൊരു മോഹം അവനുണ്ട്. തത്തകൾ മനുഷ്യരെപ്പോലെ സംസാരിക്കുമത്രേ അവനിതുവരെ കേട്ടിട്ടില്ല കിഴക്കേചോലയിൽ കരിമ്പനകളുടെ പൊത്തിൽ തത്തകൾ കൂടുകൂട്ടിയിട്ടുണ്ടെന്ന് കൂട്ടുകാരൻ കുഞ്ഞാപ്പുട്ടി അവനോട്‌ പറഞ്ഞിട്ടുണ്ട്. മകരമാസത്തിലാണത്രേ തത്തകൾ മുട്ടയിടുക. ഒരു ദിവസം പോകണം. അവന്റെ മൂത്താപ്പന്റെ വീട്‌ ചോലയിലാണല്ലോ. തത്തകൾ കൂട്ടമായി വിളഞ്ഞു നില്കുന്ന പാടത്തേക്കു പറന്നിറങ്ങി ഓരോ കതിരുകൊത്തി മടങ്ങിവരുന്നു. കതിർ കാലുകൊണ്ട് പിടിച്ച് ഓരോ മണിയായി കൊത്തിത്തിന്നുകയാണ്‌ കലപിലക്കിടെ ഒരുത്തന്റെ കയ്യിൽ നിന്നും കതിർ താഴെവീണു. അവൻ കതിരെടുക്കാൻ പറന്നതും കയ്യിലുള്ളതെല്ലാം താഴെയിട്ട് കൂട്ടുകാരും കൂടെ. കതിർ കൊത്തിക്കൊണ്ടു വീണ്ടും ഓലത്തുമ്പുകളിലേക്ക് വരുന്നു. കാഴ്ചകൾ കണ്ടുകൊണ്ട് കുട്ടി നില്കുകയാണ്‌‌‌. വിരൽ വായിൽ തന്നെ പല്ലു തേപ്പ് ഇനിയും തുടങ്ങേണ്ടിയിരിക്കുന്നു...
വലിയ ശബ്ദത്തിൽ കൂവി പിറകിലേക്ക് പുകയൂതി ക്കൊണ്ട് ഒരു ചരക്കുവണ്ടി കിഴക്കോട്ടു പാഞ്ഞു പോയതിന്റെ പിറകെ തന്നെ വീട്ടിൽ നിന്നും ഉച്ചത്തിൽ വിളിക്കുന്നത് കുട്ടി കേട്ടു. ചായ ആയിട്ടുണ്ടാകും കുട്ടി വേഗം പല്ലു തേച്ച് തെളിഞ്ഞവെള്ളത്തിൽ പരൽ മീനുകൾ ഓടിക്കളിക്കുന്ന കുളത്തിലേക്കിറങ്ങി.....

വണ്ടിക്കു പുറത്ത് മഴ പെയ്യുമ്പോൾ


വൈകുന്നേരത്തെ ഷൊർണൂർ പാസഞ്ചറിൽ കാരക്കാട്ടേക്ക് വരികയായിരുന്നു ഞാൻ. മൂടിക്കെട്ടിയ ആകാശം ഓടുന്ന വണ്ടിക്കകത്തുപോലും പുകച്ചിലെടുക്കുന്ന ചൂട്. വല്ലാത്തദാഹവും. വണ്ടി തിരൂരെത്തിയപ്പോഴേക്കും യാത്രക്കാർ വളരെകുറഞ്ഞിരുന്നു. പെട്ടന്ന് കോരിച്ചൊരിയും പോലെ മഴപെയ്യാൻ തുടങ്ങി സുഖകരമായ തണുത്ത കാറ്റിന്റെ അകമ്പടിയോടെ. ചില്ലുജനൽ താഴ്തിയിടാൻ കഴിയാഞ്ഞതിനാൽ ഞാനും എതിർ വശത്തിരുന്നയാളും പുറത്തെ കഴ്ചയെ തീർത്തും മറക്കുന്ന ഷീറ്റ് കർട്ടൻ താഴ്തിയിട്ടു. പുറത്തെ മഴയുടെ കാഴ്ച നഷ്ടപ്പെടുമല്ലോ എന്നോർക്കവേ എന്റെ ജനലിനു ചതുരത്തിൽ ഒരു ചെറിയ ദ്വാരം. ജനലിനോട് ചേർന്നിരുന്ന് ആവിടവിലൂടെ പുറത്തെ മഴപെയ്യുന്ന രാവിനെ ആസ്വദിച്ചുകൊണ്ട് ഞാനിരുന്നു. മിക്കവാറും സ്ഥലങ്ങളിലെല്ലാം കരണ്ടു പോയിരുന്നു. ഇടക്കിടെ മിന്നലൊളിയിൽ പ്രത്യക്ഷപ്പെടുന്ന പാടങ്ങളും പറമ്പുകളും ഭാരതപ്പുഴയും കുന്നിൻ നിരകളും.
പെട്ടന്ന് എനിക്കൊരു തോന്നലുണ്ടായി ഈ കമ്പാർട്ടുമെന്റിൽ ഞാനൊറ്റക്ക് പുറത്തു കടക്കാൻ പാടില്ലാത്ത വിധം ബന്ധിതനാണെങ്കിലോ. ഒരു ജെയിലറയിൽ നിന്നും കൊച്ചു കിളിവാതിലിലൂടെ ആർത്തിയോടെ പുറം ലോകത്തെ നോക്കുന്ന നിരപരാധിയായ ഒരു തടവുകാരന്റെ കഥ ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ. എഡ്മണ്ട് ഡാന്റേ- കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ....