Saturday, April 19, 2008

എനിക്കൊരനുജന്‍

6.06.06

6.06.06
എനിക്കൊരനുജന്‍
അന്ന് എന്താഴ്ചയായിരുന്നു എന്നോ എത്രാം തിയ്യതിയായിരുന്നുവെന്നോ എനിക്കറിഞ്ഞുകൂടാ. എങ്കിലും അതൊരു തെളിഞ്ഞപ്രഭാതമായിരുന്നു എന്ന് ഓര്മ്മയുണ്ട്. എനിക്കന്ന് മൂന്നുവയസ്സു കഴിഞ്ഞിട്ടേയുണ്ടാകൂ. എന്റെ ഉമ്മായുടെ വീടിന്റെ അപ്പുറത്താണ്‌ വീരാപ്പവെല്ലിപ്പാന്റെ വീട്. ഉമ്മയുടെ മൂത്താപ്പയകുന്നു വീരാപ്പ. ബീരാന്‍  എന്നാകുന്നു മൂപ്പരുടെ പേര്. വീരാപ്പ എന്നത് അദ്ദേഹത്തെ ഉമ്മവിളിക്കുന്നതാണ്. അവിടത്തെ കജ്ജമ്മു എളേമാക്കും ബാപ്പുട്ടികാക്കാക്കും എന്നെ വലിയ ഇഷ്ടമായിരുന്നു. അതിനാൽ ഉമ്മായുടേ വീട്ടിൽ വാന്നാൽ അവിടെപ്പോയാണ്‌ കളികൾഅവരുടെ വീട്ടിന്റെ മിറ്റത്ത് ഞാന്‍  നില്‍ക്കുന്നേടത്തുനിന്നും ഓര്‍മകള്‍  തുടങ്ങുന്നു. നീണ്ട ഒരുവടിനിലത്ത് കുത്തിപ്പിടിച്ച് വളച്ചുകൊണ്ട് ഞാന്‍  പുഴയിലേക്കു നോക്കി. ഇള വെയിലില്‍  വെട്ടിത്തിളങ്ങുന്ന പഞ്ചാരമണല്‍  നിരന്ന തിട്ടയും അതിനു രണ്ടു വശങ്ങളിലൂടെ ഒഴുകുന്ന തെളിഞ്ഞവള്ളവും കൗതുകത്തോടെ നോക്കിക്കൊണ്ട് ഞാൻ നിന്നു. ഒരുപാട് കന്നുകാലികളെ അക്കരെക്ക് മേയ്കാന്‍ കൊണ്ടു പോകുന്നതും കണ്ട്കൊണ്ട്. പുഴയെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മയാണത്. കാലികളില്‍ പോത്തുകളും കാളകളുംഉണ്ടായിരുന്നു. പശുവിനെയും എരുമയെയും അന്നെനിക്കു തിരിച്ചറിഞ്ഞുകൂടായിരുന്നു കൂട്ടത്തില്‍  വെളുത്തനിറത്തില്‍  കറുത്ത പാടുകളുള്ള ഒരു കാലിയെയും കണ്ടു.
ഞാനങ്ങോട്ട് വന്നതോ മറ്റോ എനിക്കോര്‍മയില്ല. പെട്ടന്ന് ഉമ്മയുടെ വീട്ടില്‍  നിന്നും വേലക്കാരി കുഞ്ഞാമിനാത്ത മതില്‍  കടന്ന് കയറിവന്നു. വരും വഴി എന്റെ അടുത്തുനിന്നിരുന്ന എന്റെ എളേമായോട് അവര്‍  പറഞ്ഞു. കജ്ജമ്മൂ മാളാത്ത പെറ്റു. ആങ്കുട്ട്യാ. എന്റെ ഉമ്മയെക്കുറിച്ചാണ് അവര്‍  പറഞ്ഞത് എന്നെ നിക്കുമനസ്സിലായി. പക്ഷേ അവര്‍ പറഞ്ഞതെന്താണെന്ന് ശരിക്കു മനസ്സിലായതുമില്ല. പിന്നെ ഞാനെങ്ങനെയാണ് വീട്ടിലെത്തിയത് എന്ന് ഓര്‍മയില്ല. വീട്ടില്‍  കുറെ പേരുണ്ടായിരുന്നു. ഉപ്പയും വെല്ലിപ്പയും മറ്റു പലരും. ഉപ്പ എന്തോ ഉച്ചത്തില്‍  പറഞ്ഞ് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. ഉമ്മയെ എവിടെയും കണ്ടില്ല. വടക്കേ അറ അടഞ്ഞുകിടക്കുകയായിരുന്നു. അതിനുള്ളില്‍ നിന്നും ഒരു കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍  ഞാന്‍കേട്ടു. പെട്ടന്ന് മുറിയുടെ വാതില്‍ തുറന്ന് ഒരു തള്ള പുറത്തുവന്നു. ആ തഞ്ചത്തിന് വാതിലിന്റെ വിടവി ലൂടെ ഞാന്‍  അകത്തേക്കുനോക്കി. ഉമ്മ അനങ്ങാതെ കട്ടിലില്‍  കിടക്കുന്നുണ്ട് കുട്ടി നിലത്ത്കിടന്നാണ് കരയുന്നത്. ഇത് ഏതു കുട്ടി എന്ന് പരിഭ്രമിച്ചിട്ടോ ഉമ്മായുടെ കിടപ്പുകണ്ട് ഭയപ്പെട്ടിട്ടോ എന്തോ ഞാന്‍  വലിയ വായില്‍  കരയാന്‍  തുടങ്ങി. എന്റെ കരച്ചില്‍ ആരും കര്യമാക്കിയെടുത്തില്ല.ചിലരൊക്കെ കളിയാക്കിചിരിക്കുകയും ചെയ്തു. ഇവിടെ നിന്ന് കരയേണ്ട അനക്കൊരനുസനു ണ്ടായിട്ടുണ്ട് എന്നും പറഞ്ഞ് കുഞ്ഞാമിനാത്ത എന്നെ എടുത്ത് വീട്ടില്‍  നിന്നും പുറത്തേക്ക് നടന്നു. അപ്പുറത്ത് റെയിൽ പാതയിലൂടെ ഉച്ചത്തിൽ കൂവി വിളിച്ചുകൊണ്ട് കിഴക്കോട്ട് പാഞ്ഞു പോയ തീവണ്ടിയുടെ ചിത്രത്തിൽ ഓര്‍മകള്‍ അവസാനിക്കുന്നു.
മുപ്പതാം വയസ്സില്‍ എന്നെ വിട്ടുപോയഎന്റെ പ്രിയപ്പെട്ട അനുജന്‍  അലിയുടെ ജനനം ….