Wednesday, August 28, 2019

അടയാളങ്ങൾ

ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
*********************************************************************************************
ഖാലിദ്  കച്ചവടത്തിന്നു പോയതായിരുന്നു. തന്റെ ഒട്ടകപ്പുറത്ത് ചരക്കുകളെല്ലാം കയറ്റി മരുഭൂമിയിലൂടെ. വെയിലു മൂത്തതോടെ അയാൾടെ  മരുഭൂമിയുടെ അതിരിൽ  ഒരു മരത്തണലിലെത്തി. നല്ല ചൂടും ക്ഷീണവും ഇനിവെയിൽ ചാഞ്ഞിട്ടാകാം യാത്ര എന്നു വെച്ച്  ഒട്ടകത്തെ ഒരുകുറ്റിയിൽ കെട്ടി അയാൾ തണലിൽ തലചായ്ച്ചു. ക്ഷീണംകുണ്ടെത്രനേരം ഉറങ്ങിയെന്നറിയില്ല. ഉണർന്നു നോക്കിയപ്പോൾ വെയിൽ ചാഞ്ഞിരുന്നു... തന്റെ ഒട്ടകത്തെ അവിടെയൊന്നും കാണാനില്ല. അത് കെട്ട് പോട്ടിച്ച് പോയിരുന്നു. ബേജാറോടെ അയാൾ മരുഭൂമിയിലൂടെ ഒട്ടകതെരഞ്ഞലയാൻ തുടങ്ങി. ദുഖവും ഭയവും നിരാശയും അയാളെ തളർത്തി. കുറേദൂരം ചെന്നപ്പോൾ ഒരാൾ ആവഴി വരുന്നു. അദ്ദേഹത്തോട് ചോദിക്കാമെന്നു കരുതി ഖാലിദ് കാത്തുനിന്നു. അടുത്തത്തും മുമ്പു തന്നെ അയാൾ‌കാലിദിനെ അഭിവാദ്യം ചെയ്തിട്ടു ചോദിച്ചു താങ്കളുടെ ഒട്ടകത്തെ കാണാനില്ല അല്ലേ.. ഉത്സാഹത്തോടെ ഖാലിദ് പറഞ്ഞു അതെ...
അതിന്‌ ഒരു കണ്ണിന്‌ കാഴ്ചയില്ല അല്ലേ ?
അപരൻ വീണ്ടും ചോദിച്ചു.. ഒരു പല്ല് പൊഴിഞ്ഞതാണ്‌ അല്ലേ
അതെ സഹോദരാ എവിടെ എന്റെ ഒട്ടകം ദയവു ചെയ്ത് പറയൂ...
വീണ്ടും ചോദ്യം അതിന്റെ പുറത്ത് പഞ്ചസാരച്ചാക്കായിരുന്നു അല്ലേ ..
ഇത്രയും കേട്ടപ്പോൾ‌ഖാലിദിന്‌ ക്ഷമകെട്ടു അപരിചിതൻ തന്റെ ഒട്ടകത്തെ കണ്ടിട്ടും തന്നെ കളിപ്പിക്കുകയാണെന്ന് അയാൾ ധരിച്ചു.
അപരിചിതൻ ശാന്തനായി പറഞ്ഞു ഞാൻ കണ്ടിട്ടില്ല...
ഖാലിദിനു ദേഷ്യം വന്നു തന്റെ ഒട്ടകത്തിന്റെ എല്ലാ ലക്ഷണങ്ങളും കൃത്യമായി പറയുന്ന ഈ മനുഷ്യൻ തന്റെ ഒട്ടകത്തെ മോഷ്ടിച്ചിരിക്കുന്നു എന്നുറപ്പിച്ചു അയാളുമായി വഴക്കുതുടങ്ങി...
വഴക്കു മൂത്ത് അടിപിടിയോളമെത്തിയപ്പോൾ അതുവഴി വന്നവർ അവരെ ഞ്യായാധിപതിയുടെ സദസിലെത്തിച്ചു.
ഖാലിദു പറഞ്ഞു ഭഹുമാന്യരേ ഞാൻ കെട്ടിയിട്ടിരുന്ന ഒട്ടകത്തെ ഇയാൾ മോഷ്ടിച്ചിരിക്കുന്നു.
ഞ്യായാധിപൻ ആവലലാദികൾ മുഴുവൻ കേട്ടുകഴിഞ്ഞ് യാത്രക്കാരനോടു ചോദിച്ചു....
താങ്കളെങ്ങനെയാണ്‌ ഖാലിദിന്റെ ഒട്ടകത്തിന്റെ അടയാളങ്ങൾ‌ഇത്രയും കൃത്യമായി മനസിലാക്കിയത്....
അയാൾ പറഞ്ഞു അമീർ ഞാൻ വരുന്ന വഴിക്ക് ഒരൊട്ടകം മേഞ്ഞതിന്റെ അടയാളങ്ങൾ‌കണ്ടു അത് വഴിയുടെ ഒരു വശത്തുള്ള ചെടികളിൽ നിന്നു മാത്രമേ തിന്നിട്ടുണ്ടായിരുന്നു എന്നതിനാൽ അതിന്റെ ഒരു കണ്ണിനു കാഴ്ചയില്ല എന്നും ഇലകൾ കടിച്ച പാടുകളിൽ നിന്നും അതിന്‌ ഒരു പല്ല്‌ ഇല്ല എന്നും മനസിലാക്കി. കൂടാതെ നിലത്ത് ധാരാളം ഉറുമ്പുകൾ പഞ്ചസാരത്തരികൾ കൊണ്റ്റു പോകുന്നതുകണ്ടതുകൊണ്ട് ഒട്ടകത്തിന്റെ പുറത്തെ ചാക്കിൽ നിന്നും പൊഴിഞ്ഞതാകാമെന്നൂഹിക്കുകയും ചെയ്തു..
മേഞ്ഞ ഒട്ടകം ഇയാളുടേതുതന്നെയാണെന്നുറപ്പുവരുത്താൻ ഞാനീ അടയാളങ്ങൾ പറഞ്ഞപ്പോൾ അയാൾ‌ഞാനതിനെ കണ്ടിരിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ്‌. ഞാൻ ദൈവത്തെപിടിച്ചാണയിട്ടിട്ടും ഇയാളെന്നെ വിശ്വസിച്ചില്ല.
അമീറിനു കാര്യം മനസിലായി. അദ്ദേഹം ഖാലിദിനോടു പറഞ്ഞു
ഖാലിദ്... ചിലർ നേരിട്ടു കണ്ട് മനസിലാക്കുന്നു... ചിലർ അടയാളങ്ങളിൽ നിന്നു മനസിലാക്കുന്നു. മറ്റുചിലർ ഒരു നിലക്കും മനസിലാക്കുന്നുമില്ല. നിന്റെ സഹോദരനെ തെറ്റിദ്ധരിച്ച നേരം നീ അദ്ദേഹത്തെ വിശ്വസിച്ച് അദ്ദേഹം പറഞ്ഞ വഴിക്ക് തെരഞ്ഞിരുന്നെങ്കിൽ നിനക്കിപ്പോൾ നിന്റെ ഒട്ടകത്തെ കിട്ടിയിട്ടുണ്ടാകുമായിരുന്നു...
വേഗം പോയി അതിനെ തെരഞ്ഞു പിടിക്ക്
*******************************************************************************************
ചിലർ അടയാളങ്ങൾ നിരീക്ഷിച്ചറിയുന്നു..... ചിലർ അനുഭവിച്ചറിയുന്നു... മറ്റുചിലർ ഒരു നിലക്കും അറിയുന്നുമില്ല... ഖാലിദിന്‌‌ ഒട്ടകത്തെ കിട്ടിക്കാണും അല്ലേ .........................
പുനരാഖ്യാനം

Saturday, August 17, 2019

ബീഹാർ യാത്ര

04.08.19
പ്രിയപ്പെട്ടവരെ...
ഇൻശാഅല്ലാഹ്, ഒരു ഹ്രസ്വകാല യാത്രക്കുള്ള പുറപ്പാടാണ്. പാലക്കാട് ഹ്യൂമെൻ വെൽകെയർ ഫൗണ്ടേഷൻ ബീഹാറിൽ ദത്തെടുത്ത ഗ്രാമങ്ങളിലെ റിലീഫ് പ്രവർത്തനങ്ങളിൽ പങ്കു ചേരാനായി നാളെ ബീഹാറിലേക്ക് പോവുകയാണ്. യാത്ര വിജയകരമായിത്തീരാൻ പ്രാർത്ഥിക്കുമല്ലോ...

05.08.19
ബീഹാറിലേക്ക്
****************
പുലർച്ചെ രണ്ടേമുക്കാലിനുണർന്നു. സൈഫുസാഹിബിനെ വിളിച്ചപ്പോൾ അദ്ദേഹം കുളിമുറിയിലായിരുന്നു. പല്ലുതേപ്പും കുളിയും തഹജ്ജുദും കഴിച്ചശേഷം സഫീറിനെ വിളിച്ചു...
മൂന്നേ കാലിന് വീട്ടിൽ നിന്നിറങ്ങി. ഓങ്ങല്ലൂരെത്തിയപ്പോൾ സൈഫു വിളിച്ചു അദ്ദേഹം ആമയൂർ എത്തിയിരിക്കുന്ന് എന്ന്. സഫീറിനെ മടക്കി അയച്ച് ബസ്ഷെഡിൽ കാത്ത് നില്പായി.  റോഡിലൂടെ ഇടക്കിടെ അതിവേഗത്തിൽ പാഞ്ഞു പോകുന്ന വാഹനങ്ങൾ. ദൂരെ പച്ചക്കറിക്കടകളിലേക്ക് വന്ന വണ്ടികളിൽ നിന്ന് ചരക്കിറക്കുന്ന മൂന്ന്നാലു പേരൊഴിച്ചാൽ തെരുവ് വിജനം... നേരിയ മഴക്കാറുണ്ട്. ഇടക്കോരോ തുള്ളി പൊടിയുന്നു. നല്ല ഒരു മഴ പെയ്തെങ്കിൽ നന്നായുരുന്നു. വൈകാതെ സൈഫുദ്ധീൻ വന്നു. പറളിയിൽ നിന്നും ദിൽഷാദ് സാഹിബ് കൂടെ ചേർന്നു. പാലക്കാട് അടുത്തതോടെ നേരിയ ചാറ്റൽ മഴ തുടങ്ങി. ടൗണിന്നടുത്തുള്ള വീട്ടിൽ നിന്നും ഡ്രൈവർ ബിലാലിനെ കയറ്റി അഞ്ച് മണിയോടെ പാലക്കാട് അനഫി പള്ളിയിൽ എത്തി. ഫാറൂക്ക് സാഹിബ് പള്ളിയിൽ കാത്ത് നിന്നിരുന്നു. അദ്ദേഹം യാത്രയി കഴിക്കാൻ എന്ന് പറഞ്ഞ് ഒരു പൊതി ഏല്പിച്ചു. സുബഹി നമസ്കരിച്ച ശേഷം കോയമ്പത്തൂരിലേക്ക് പുറപ്പെട്ടു. പാലക്കാട് വിട്ടപ്പോഴേക്കും മഴകനത്തു. എയർപോർട്ട് റോഡിലേക്ക് തിരിയുന്നേടത്ത് ചെറിയൊരാശയക്കുഴപ്പം. വലത്തോട്ട് തിരിയേണ്ടത് ഇടത്തോട്ടായിപ്പോയി. ഭാഗ്യത്തിന് പെട്ടന്ന് മനസിലായതുകൊണ്ട് വൈകാതെ വിമാനത്താവളത്തി- -ലെത്തി. ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ സമയം കിട്ടിയില്ല എന്ന് മാത്രം. പരിശോധനകളും മറ്റും കഴിഞ്ഞ് നേരെ വിമാനത്തിലേക്ക്.‌  ചാറ്റൽ മഴയിൽ നിൽകുന്ന ഇന്റിഗോയിലേക്ക് നടന്നു. ഒരു പഴയ ശകടം.‌ പറഞ്ഞപോലെ സമയത്ത് തന്നെ മൂപ്പർ വാനം പൂകി. വയറ് പൊരിയാൻ തുടങ്ങിയിരുന്നു. വിമാനത്തിൽ നിന്ന് ഒന്നും കിട്ടില്ല. ഫാറൂക്ക് എഞ്ചിനീയർ തന്ന പൊതിയിൽ കുറച്ച് ചിപ്സും മറ്റുമുണ്ടായിരുന്നത് കൊണ്ട് കത്തലടക്കി. ഒമ്പതേമുക്കാലായിക്കാണും ബാംഗ്ലൂരിൽ ഇറങ്ങിയപ്പോൾ. ഇനി ഇവിടെനിന്ന് വേണം ബാഗ്ദോഗ്രയിലേക്ക് ചെയ്ഞ്ചോവർ. വേഗം ചെക്കിൻ കഴിച്ചു. എയർപോർട്ട്ലെ സ്റ്റാളിൽചെന്നു. ആദായ വില്പന സ്റ്റാളിലെന്ന പോലെ നല്ല തിരക്ക്. സൈഫു ഞങ്ങൾക്ക് വേണ്ടി വരിയിൽ കയറി. നോക്കുമ്പോൾ ശരിതന്നെ ആദായമുണ്ട്. ഉപ്പ്മാവിനും കാപ്പിക്കും ചട്ണിക്കും ആകെമൊത്തം ഇരുനൂറ്റിത്തൊണ്ണൂറ്റൊമ്പത് രൂപയേ ഉള്ളൂ. കാപ്പിയും ഉപ്പ്മാവും കഴിച്ചപ്പോഴേക്കും ഗേറ്റ് പതിനാല് തുറന്നു.  ഒന്നാമനെ അപേക്ഷിച്ച് മെച്ചമായവനും വലിയവനും. പന്ത്രണ്ടര മണിയോടെ കൽക്കത്തയിലിറങ്ങി. അരമണിക്കൂറിനു ശേഷം ബാഗ്ദോഗ്രയിലേക്ക് തിരിച്ചു. ലക്ഷ്യം അടുത്തായിരുന്നതു കൊണ്ടാകാം വിമാനം അധികം ഉയർന്നായിരുന്നില്ല പറന്നിരുന്നത്. അതുകൊണ്ട് താഴേക്ക് വ്യക്തമായി കാണാമായിരുന്നു. മേഘ പാളികളുടെ  തൊട്ട് മുകളിലൂടെയായിരുന്നു ഗമനം. പ്രളയം പിൻവാങ്ങിയ ഭൂപ്രദേശങ്ങൾ കലങ്ങി നിറഞ്ഞൊഴുകുന്ന പുഴകൾ, വിശാലമായ  വയല്പരപ്പുകൾക്കിടയിൽ അവിടവിടെ കൊച്ചു കൊച്ചു ജനപഥങ്ങൾ. ഇടക്കിടെ കുന്നുകളുടേയും മലകളുടേയും രൂപം പൂണ്ട തൂവെള്ള മേഘപാളികൾ ഭൂമിയെ മറയ്ക്കുന്നു. ചേതോഹരങ്ങളായ ഈ കാഴ്ച്ചകളിൽ മുഴുകി ഞാനിരുന്നു... മൂന്നേകാലിന് നിലത്തിറങ്ങി. റെയിൽ വേ സ്റ്റേഷനുകളോട് താരതമ്മ്യം ചെയ്യുകയാണെങ്കിൽ കാരക്കാട് സ്റ്റേഷനോട് തുല്ല്യമായ ഒരു കൊച്ചു വിമാനത്താവളം. വെസ്റ്റ് ബെങ്കാളിന്റെ വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന സിലിഗുരി പട്ടണത്തിലാണ് ഈ താവളം സ്ഥിതിചെയ്യുന്നത്. ഡാർജിലി ഗാങ്ങ്ടോക്ക് മുതലായ ഇടങ്ങളിലേക്കുള്ള ഗേറ്റ് വേ വിമാനത്താവളം കൂടിയാണ് ചെറുതെങ്കിലും ഈ താവളം. വലിയതിരക്കൊന്നുമില്ല. വേഗം തന്നെ ബാഗേജുകൾ ശേഖരിച്ച് ഞങ്ങൾ പുറത്ത് കടന്നു. ഹ്യൂമെൻ വെൽഫെയർ ഫൗണ്ടേഷന്റെ പ്രതിനിധി ഇല്ല്യാസ് ജീപ്പുമായി കാത്തു നില്പുണ്ടായിരുന്നു. അന്തരീക്ഷത്തിന് നല്ല ചൂട്. ആഴ്ചകൾക്ക് മുമ്പ് പേമാരിയുണ്ടായതുകൊണ്ടാകാം അവിടവിടെ ചെളിവെള്ളം കെട്ടിനിൽകുന്നു. കൂനയായി കിടക്കുന്ന മാലിന്യങ്ങൾ. തികച്ചും വൃത്തിഹീനമായ തെരുവുകൾ. ഞങ്ങളുടെ ജീപ്പ് പ്രധാന വീഥിയിൽ പ്രവേശിച്ചു. പത്തു പന്ത്രണ്ടും പേരെ കയറ്റിയ ഓട്ടോ റിക്ഷകൾ തലങ്ങും വിലങ്ങും പായുന്നതിനിടയിലൂടെ കൊള്ളാവുന്ന ഒരു ഹോട്ടലും തിരഞ്ഞ് കുറേ ഓടി. ഒരു വിധത്തിൽ ഒരിടം കണ്ടെത്തി. നല്ലവിശപ്പുണ്ടായിരുന്നു. എന്തൊക്കെയോ തിന്ന ശേഷം ഞങ്ങൾക്ക് എത്താനുള്ള അറേരിയയിലേക്ക് പുറപ്പെട്ടു. വിശാലമായ പാടശേഖരങ്ങൾക്ക് നടുവിലൂടെ ബംഗാളിനേയും  ബീഹാറിനേയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ ഞങ്ങളുടെ സ്കോർപ്പിയോ കുതിച്ച് പാഞ്ഞു. പാടങ്ങൾ ഇടക്കിടെ ചെറിയ ഗ്രാമങ്ങൾ. ഒട്ടും വൃത്തിയില്ലാത്ത തെരുവുകൾ. ആകർഷകമായി തോന്നിയത് പച്ചപുതച്ച് മലർന്ന് കിടക്കുന്ന വയലേലകൾ മാത്രം. യാത്രയിലുടനീളം സൈഫുക്കയും ദിൽഷാദും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു. അധികമൊന്നും പറയാതെ ഖലീൽ വക്കീലും. വെൽകം ടു ബീഹാർ എന്ന ബോഡ് പിന്നിട്ടപ്പോൾ സന്ധ്യയായി മെല്ലെ ഇരുട്ടായി. അകലെ പാടങ്ങൾക്കപ്പുറം കാണുന്ന കൊച്ചു കൊച്ചു വെളിച്ചങ്ങൾ ഒരു അമ്പതുവർഷം മുമ്പത്തെ പാലക്കാട് ജില്ലയെ ഓർമ്മിപ്പിച്ചു. എട്ട് മണിയോടെ അറേറിയയിലെ മില്ലേനിയം ഹോട്ടലിലെത്തി. അവിടെയാണ് ഞങ്ങൾക്ക് മുറികൾ ബുക്ക് ചെയ്തിരുന്നത്. റൂം നമ്പർ ഇരുപത്തി നാലും ഇരുപത്തഞ്ചും...

06.08.19
ബീഹാറിൽ ഒന്നാം ദിവസം
***************************
ബീഹാറിലെ അറേറിയ ജില്ലയിലെ അഞ്ച് ദരിദ്ര ഗ്രാമങ്ങൾ, പാലക്കാട്ടെ ഹ്യൂമൻ വെൽ കെയർ ഫൗണ്ടേഷൻ ദത്തെടുത്തിരിക്കുകയാണ്. വളരെ വളരെ പരിതാപകരമായ അവസ്ഥയിൽ കഴിയുന്ന മനുഷ്യർ അവർക്ക് ജാതിമത ബേദമന്യേ സഹായങ്ങൾ എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ഇത്തവണ ഈദ്നു വേണ്ട സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം..

06.08.19
സുബഹി ബാങ്ക് കേട്ടാണുറർന്നത് സമയം നാലേ പത്ത്. സൈഫുവിന്റെ നേരിയ കൂർക്കവലികേൾക്കാം. മൂപ്പർ സുഖസുഷുപ്തിയിലാണ്.  കുറേ നേരം കൂടി കിടക്കട്ടേ എന്ന് കരുതി ഉണർത്താൻ പോയില്ല. മുറി വല്ലാതെ തണുത്തിരിക്കുന്നു. എഴുന്നേറ്റ് എ സി ഓഫാക്കി കുളിമുറിയിൽ പ്രവേശിച്ചു. പ്രാധമികകൃത്യങ്ങളൊക്കെ കഴിച്ച് പുറത്തിറങ്ങി. സൈഫുവിനെ ഉണർത്തി. ജനൽ കർട്ടൻ നീക്കി നോക്കുമ്പോൾ സൂര്യനുദിക്കാറായിരുന്നു. ഇവിടെ ഉദയം വളരെ നേരത്തെയാണെന്നത് മറന്ന് പോയി. സുബഹി നഷ്ടപ്പെടാൻ പോകുന്നു. പെട്ടന്ന് സൈഫുവിനെ ഉണർത്തി.  സുബഹി നമസ്കരിച്ചു.
താഴെപോയി ഹലീലിനെ കൂട്ടി നടക്കാനിറങ്ങി നോക്കുമ്പോൾ ഗേറ്റ് തുറന്നിട്ടില്ല. കുറെ കാത്തു നിന്നു.  തുറന്നപ്പോൾ പുറത്തിറങ്ങി. തീർത്തും വൃത്തികെട്ട തെരുവ്. റോഡിനിരു വശവും കൂടിക്കിടക്കുന്ന ചപ്പ് ചവറുകൾ കെട്ടിക്കിടക്കുന്ന ചളിവെള്ളം അതിൽ മതിച്ച് നടക്കുന്ന പന്നികൾ. ചുരുക്കിപ്പറഞ്ഞാൻ സ്വച്ഛഭാരതിന്റെ ഒരു ഉദാഹരണംതന്നെ. കുറേ നടന്നു. തെരുവിലെ കടയിൽ നിന്നും ഒരു ചായയും കഴിച്ച് ഹോട്ടലിലേക്ക് മടങ്ങി. വസ്ത്രം മാറി പുറത്തിറങ്ങി.  ഒരു വിധം വൃത്തിയുള്ള ഒരു ഹോട്ടലിൽ കയറി. പ്രാതൽ കഴിച്ചു. കല്ലുപോലത്തെ ഇഡ്ലിയും രുചിയെന്തെന്ന് തിരിച്ചറിയാൻ വിഷമമുള്ള ചട്ണിയും.
എട്ട് മണി കഴിയുമ്പോഴേക്ക് ചൂട് തുടങ്ങിയിരുന്നു..
ഹിലാൽ ജീപ്പുമായി വന്നു. ഇന്നത്തെയാത്ര ഡേട്ടി എന്ന ഗ്രാമത്തിലേക്കാണ്. അവിടെ നമ്മൾ ദത്തെടുത്ത ഗ്രാമം സന്ദർശിക്കുകയായിരുന്നു പരിപാടി. പത്തര മണിയോടെ ഡേട്ടിയിലെത്തി. അവിടത്തെ ഒരു സ്കൂൾ വളപ്പിലുള്ള കാലിച്ചന്ത കണ്ടു. ദരിദ്രരായ ഗ്രാമീണർ അവരുടെ സമ്പാദ്യങ്ങളായ കാലികളെ വിൽകാൻ ചന്തയിലെത്തുന്നു. ആവശ്യക്കാർ അവിടെ വന്ന് ഉരുക്കളെ വാങ്ങുകയും‌ ചെയ്യുന്നു. കൊച്ചുകുട്ടികൾ തങ്ങളുടെ മൃഗത്തിന്റെ കയറും പിടിച്ച് ആവശ്യക്കാർ വരുന്നതും കാത്ത് നിൽകുന്ന കാഴ്ച കണ്ടപ്പോളെന്തോ സങ്കടം തോന്നി.
ഞങ്ങൾ ഡെട്ടിയിൽനിന്നും മറ്റൊരു ദത്തു ഗ്രാമമായ ബോച്ചിയിലേക്ക് തിരിച്ചു. ഇവിടെ ഹ്യൂമൻ വെൽകെയർ ഫൗണ്ടേഷൻ പണിതു നൽകിയ ഒരു കൊച്ചു പള്ളിയും ഏകാദ്യാപക വിദ്യാലയവും ഉണ്ട്. ഞങ്ങൾ പള്ളിയിൽ കയറി നമസ്കരിച്ച ശേഷം അവിടത്തെ പ്രവർത്തകനായ സയ്യാദിന്റെ വീട്ടിൽ വിശ്രമിക്കവേ വലിയ കാറ്റോടെ മഴതുടങ്ങി. ചുട്ട് പഴുത്തിരുന്ന അന്തരീക്ഷം പെട്ടന്ന് തണുത്ത് സുഖകരമായി.
കുറച്ച് നേരം കഴിഞ്ഞ് മഴയൊന്ന് ശമിച്ചപ്പോൾ ഞങ്ങൾ പൂർണ്ണിയയിലേക്ക് പുറപ്പെട്ടു. അവിടത്തെ ചന്തയിൽ നിന്ന് വേണം ഗ്രാമങ്ങളിൽ വിതരണം ചെയ്യാനുള്ള അരിയും മറ്റു സാധനങ്ങളും വാങ്ങാൻ. ബോച്ചിയിൽ നിന്നും പ്രളയം തകർത്ത റോഡ് വിട്ട് ഞങ്ങളുടെ സ്കേർപൊഇയോ പൂർണ്ണിയയിലേക്ക് പോകുന്ന ഹൈവേയിലേക്ക് കയറി.
വഴിക്ക് ഹോട്ടലിൽ കയറി ഉച്ചഭക്ഷണം കഴിച്ചപ്പോൾ മണി മൂന്ന് കഴിഞ്ഞിരുന്നു. ഭക്ഷണം കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു.  നല്ല റോഡും സാമാന്യം തരക്കേടില്ലാത്ത വേഗതയും. പെട്ടന്ന് വീണ്ടും മഴ ചെയ്യാൻ തുടങ്ങി. അഞ്ച് മണിയോടെ പൂർണ്ണിയയിലെത്തി. തിരക്കേറിയ പട്ടണം. മാർക്കെറ്റിൽ പോയി പല കടകളിൽ നിന്നും ക്വട്ടേഷൻ എടുത്ത് അവസാനം സന്ദീപ് എന്ന ചെറുപ്പക്കാരന്റെ കടയിൽ നിന്നും വാങ്ങാൻ തീരുമാനിച്ചു. അഡ്വാൻസ് നൽകി  സാധനങ്ങൾ കയറ്റി അയക്കാൻ ഏല്പിച്ച് മടങ്ങാനൊരുങ്ങവേ വീണ്ടും മഴ. ചളിപിളിയായ റോട്ടിലൂടെ ഒരു വിധത്തിൽ വണ്ടിയിൽ വന്ന് കയറി മടക്കയാത്ര ആരംഭിച്ചു. എട്ട് മണിയായിക്കാണും തിരിച്ച് റൂമിലെത്തിയപ്പോൾ ...

07.08.19

യാത്രയുടെ രണ്ടാം നാൾ.
07.08.19
ഇന്ന് പുലർച്ചെ നടക്കാൻ പോകാൻ ഫുൾ ടീമുമുണ്ടായിരുന്നു. കുറേ നടന്നു വഴിക്കൊരു ചായയും കുടിച്ചു. ഒരു പെട്ടിക്കട. ചുറ്റും പൊട്ടിപ്പൊളിഞ്ഞ കുറേ പ്ലാസ്റ്റിക്ക് കശേരകൾ.‌ അതിൽ ഉപവിഷ്ടരായ കുറേ മനുഷ്യർ. അവരുടെ ദേഹവും വസ്ത്രങ്ങളും ജനിച്ചതിന്റെ ശേഷം വെള്ളം കണ്ടിട്ടേയില്ല എന്ന് തോന്നും കണ്ടാൽ. ഔൺസ് ഗ്ലാസിലാണ് ചായ. തൊണ്ട നനയണമെങ്കിൽ ഡബിൾ ചായ ഓർഡർ ചെയ്യണം. പക്ഷേ ചായ മേത്തരം തന്നെ. വെട്ടിയാൽ മുറിയാത്ത ചായ എന്നൊക്കെ കേട്ടിട്ടില്ലേ. കുടിച്ച് കഴിഞ്ഞ് ഗ്ലാസ്  ഞാൻ ചായതന്നയാളുടെ നേരെ നീട്ടി. ഗ്ലാസ് കയ്യിൽ വാങ്ങുന്നില്ല. ഗ്ലാസ് നിലത്ത് വെക്കണം എന്നാണത്രേ ചട്ടം. വൃത്തിയും വെടിപ്പും തൊട്ട് തീണ്ടിയിട്ടില്ലെങ്കിലും ചട്ടങ്ങൾക്ക് കുറവൊട്ടുമില്ലല്ലോ സന്തോഷം എന്ന് മലയാളത്തിൽ മൊഴിഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഗ്ലാസ് താഴെ വെച്ചു. ഇന്ന് മണിക്പൂർ, ദേത്തി, ബസന്ത്പൂർ, മുതലായ ഗ്രാമങ്ങളാണ് സന്ദർശിക്കേണ്ടത്... ഒമ്പത് മണിയോടെ പുറപ്പെട്ടു. അരമണിക്കൂർ ജീപ്പ് ഓടിയ ശേഷം മെയിൻ റോട്ടിൽ വണ്ടി നിർത്തി. ഇനിയങ്ങോട്ട്  നടന്ന് വേണം പോകാൻ...വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ റോഡിന്റെ അസ്തികൂടത്തിനു മുകളിലൂടെ ഞങ്ങൾ ബസന്ത്പൂരിലേക്ക് നടന്നു. ചവിട്ടിയാൽ ഉറക്കാത്ത കുതിർന്ന കളിമൺ റോഡിലൂടെ നടത്തം വലിയ സാഹസം തന്നെയയിരുന്നു എങ്ങനെയോ ഒരു വിധത്തിൽ ഗ്രാമത്തിൽ എത്തിച്ചേർന്നു...
ചെറുയ ചെറിയ ഷെഡുകളിലാണ് ഇവിടെയുള്ളവർ കഴിഞ്ഞു കൂടുന്നത്. തട്ടികകൊണ്ട് മറച്ച് അതിനു മേൽ കളിമണ്ണ് കുഴച്ച് തേച്ച് പിടിപ്പിച്ച ചുമരുകൾ. ടിൻ ഷീറ്റ് മേഞ്ഞ മേൽകൂര ഇത്രയുമായാൽ വീടായി. പിന്നെ അവരുടെ പശുക്കളും ആടുകളും. അവിടത്തെ ഒരു പ്രൈമറി സ്കൂൾ കണ്ടു. സ്കൂളിൽ നിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കാൻ മാത്രമാണത്രേ കുട്ടികൾ ചെല്ലുന്നത്. അതു കഴിഞ്ഞാൽ അവർ മീൻ പിടിക്കാൻ പോകും. രക്ഷിതാക്കൾക്കും കുട്ടികകൾ പഠിക്കണം എന്നില്ലത്രേ. ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷന്റെ കഴിഞ്ഞ നാലഞ്ച് വർഷത്തെ ശ്രമങ്ങൾ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ സ്കൂളിൽ ഇരുന്ന് പഠിക്കാൻ തുടങ്ങിയിരിക്കുന്നു.  ഫൗണ്ടേഷൻ ദത്തെടുത്ത ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഏകാദ്യാപക സ്കൂളുകളിലും കുട്ടികൾ പഠിക്കുന്നുണ്ട്. ദത്തെടുക്കപ്പെട്ട ഗ്രമങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇല്ല്യാസ് എന്ന മലയാളി ചെറുപ്പക്കാരനാണ്. കോഴിക്കോടെ ജില്ലയിലെ ഓമശ്ശേരിക്കാരൻ. എല്ലായാത്രകളിലും ഇദ്ദേഹം ഞങ്ങളെ അനുഗമിക്കുന്നുണ്ട്. ഫൗണ്ടേഷന്റെ പദ്ധതികൾ വിജയകരമായി നടപ്പാക്കാൻ വലിയ ത്യാഗമാണ് ഈ ചെറുപ്പക്കാരൻ അനുഷ്ടിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ ഒരു ചെറുപ്പക്കാരൻ വള മാല മുതലായവ ഒരു ചെറിയ തട്ടികയിൽ നിരത്തി വിൽകാൻ വെച്ചിരിക്കുന്നു. പെരുന്നാൾ കച്ചവടമാണ്.  അതു പോലെ ഒരു ക്ഷുരകൻ നിലത്തിരുത്തി ഒരു കുട്ടിയുടെ മുടി വെട്ടുന്നു. ചുറ്റും തങ്ങളുടെ ഊഴം കാത്ത് ഒരു പാട് കുട്ടികൾ.  കൊടിയ ദാരിദ്ര്യത്തിനിടയിലും അവർ ബലിപെരുന്നാൾ ആഘോഷിക്കാൻ വട്ടം കൂട്ടുകയാണ്. അതിന്റെ കൊച്ചു കൊച്ച് സന്തോഷങ്ങൾ ഇവിടെ പ്രകടമാണ്. ഗ്രാമങ്ങൾ സന്ദർശിക്കലും വിവരശേഖരണവുമൊക്കെ കഴിഞ്ഞ് മടങ്ങിയപ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. വണ്ടിയിൽ ഇരിക്കവേ ഞാൻ അസ്വസ്ഥനായി. എന്റെ മനസ് കലുഷിതമായിരുന്നു. ഇതു പോലെ ഈ രാജ്യത്ത് എത്രയെത്ര ഗ്രാമങ്ങൾ, അവിടങ്ങളിൽ എത്രകോടി മനുഷ്യർ. ഇവരെ ഉയർത്തിക്കൊണ്ടു വരുവാൻ എത്ര വലിയ ശ്രമങ്ങൾ ആവശ്യം വരും. ഒന്നോ രണ്ടോ എൻ ജി ഒ കൾ ശ്രമിച്ചാൽ നേടാവുന്നതിന്നും പരിധിയില്ലേ. ആദ്യം തങ്ങൾ വളരെ പിൻ തള്ളപ്പെട്ടിരിക്കുന്നു എന്ന ബോധം അവരിൽഉണർത്തുകയാണ് വേണ്ടത്. ഇപ്പോൾ അവർക്ക് അതറിയില്ല എന്നതാണ് സത്യം. നേട്ടങ്ങളുണ്ടാക്കാനുള്ള ത്വര അവരിൽ വളർത്തിക്കൊണ്ടു വരണം. സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള തൊഴിലവസരങ്ങൾ അവർക്കുണ്ടാകണം. അങ്ങനെ അവരുടെ നിലയിൽ മാറ്റം വരുത്താൻ അവർ പരിശ്രമിക്കുമ്പോൾ അവരെ സഹായിക്കുകയാണ് സന്നദ്ധ സംഘടനകൾ ചെയ്യേണ്ടത്.
" ഒരു ജനത തങ്ങളുടെ നിലയിൽ മാറ്റം വരുത്താൻ ആഗ്രഹിക്കാത്തിടത്തോളം ഈശ്വരൻ അവരുടെ നിലയിൽ മാറ്റം വരുത്തുകയില്ല" എന്നത് വേദവാക്യമാകുന്നു. അല്ലാതെ ധനികരിൽ നിന്ന് ശേഖരിച്ചതുകൊണ്ട് അവർക്ക് ഭക്ഷണവും വസ്ത്രവും വാങ്ങിക്കൊടുക്കുന്നത് അവർക്ക് താൽകാലിക ആശ്വാസമാകുമെങ്കിലും ദീർഘകാല അടിസ്ഥാനത്തിൽ അവരെ മടിയന്മാരാക്കുകയേ ഉള്ളൂ എന്നെനിക്ക് തോന്നി... ചിലപ്പോൾ അതെന്റെ വെറും തോന്നൽ മാത്രമായിരിക്കാം ..
റൂമിലെത്തി അല്പം വിശ്രമിച്ചപ്പോഴേക്കും ഇല്ല്യാസ് വന്നു. കിറ്റിനുള്ള വസ്തുക്കൾ ഉടൻ എത്തും എന്നറിയിച്ചു. അരാരെ ജമാഅത്ത് ഓഫീസിനോട് ചേർന്നുള്ള സർക്കാർ ഗസ്റ്റ് ഹൗസിലായിരുന്നു പലവ്യഞ്ജനങ്ങൾ ശേഖരിച്ച് പാക്ക് ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്. അവിടെ നിന്നും വിവിധഗ്രാമങ്ബ്ഗളിലേക്ക് എത്തിച്ച് അവിടങ്ങളിൽ വെച്ച് വിതരണം ചെയ്യാനായിരുന്നു പരിപാടി. ഞാൻ ഗസ്റ്റൗസിലെത്തി മുറ്റത്ത് കിടന്നിരുന്ന കശേരയിൽ ഇരിപ്പായി. കൂട്ടുകാർ അടുത്തുള്ള ഓഫീസിലേക്ക് പോയി. താമസിയാതെ രണ്ട് ലോറികളിലായി വസ്തു വകകൾ എത്തി.  എല്ലാം ഭദ്രമാണെന്ന് ഉറപ്പായപ്പോൾ ഞാൻ സൈഫുവിനെ വിളിച്ച് മുറിയിലേക്ക് മടങ്ങി....

08.08.19
സെവൻ പ്ലേറ്റ്സിൽ നിന്നൊരു ഊണ്.
08.08.19
വിനോദയാത്രകളേക്കാൾ എനിക്ക് എന്നും ഇഷ്ടം ഔദ്യോകിക യാത്രകളായിരുന്നു.‌  ഒരു ഉത്തരവാദിത്വം പൂർത്തീകരിക്കാൻ ദൂരേക്ക് നിയോഗിക്കപ്പെടുക. അതിനായി അനുഭവിക്കുന്ന തത്രപ്പാടുകൾക്കിടെ വീണു കിട്ടുന്ന ആസ്വാദനങ്ങളും അശ്വാസങ്ങളുമയിരുന്നു എനിക്ക് ഹൃദ്യം. മറിച്ച് വിനോദത്തിന്ന് മാത്രമായി നടത്തുന്ന യാത്രകൾ ചെയ്തിട്ടുണ്ട് ഇനിയും നടത്തുകയും ചെയ്തേക്കാം പക്ഷേ ഔദ്യോകിക യാത്രകളുടെ അത്ര സന്തോഷം അവ എനിക്ക് പ്രധാനം ചെയ്യാറില്ല. അത്തരം യാത്രളിൽ എനിക്കേറ്റം ഹൃദ്യമായി എന്റെ ഈ യാത്ര...
പ്രഭാത സവാരികഴിഞ്ഞ് വന്ന് കുളിച്ചൊരുങ്ങി ഇറങ്ങി
മുറി പൂട്ടി പുറത്തിറങ്ങാനൊരുങ്ങുകയായിരുന്നു. ഉടൻ വക്കീലിനു ഫോൺ. അതങ്ങനെയാണ് ഈ വസനൊഴികെ എല്ലാവരും സദാസമയം ഫോണിലാണ്. ഇവർക്ക് എങ്ങനെ  കാഴ്ചകളോ അനുഭവങ്ങളോ ആസ്വദിക്കാൻ കഴിയും. കൂറ നടത്തിയ കപ്പൽ യാത്രപോലെയാകും ഇവരുടെ യാത്ര... വക്കീലിനെ കാത്ത് നിൽകവേ എതിരെ വന്നു വലിയ താടിക്കും മോഡിക്കും ഉടമയായ ഒരു യുവാവ്.  പേര് മുഹമ്മദ് സലീം. അദ്ദേഹം സൗഹൃദപൂർവ്വം സലാം പറഞ്ഞ് കൈനീട്ടി. കുശലം ചോദിച്ചപ്പോൾ ഞാൻ ഞങ്ങളുടെ യ്ത്രോദ്ദേശം വിവരിച്ചത് അദ്ദേഹത്തിനങ്ങ് രസിച്ചുവെന്ന് തോന്നുന്നു. ഞങ്ങളോട് വലിയ ബഹുമാനമായി. ഇന്ന് ഉച്ചക്ക് എന്തായാലും അദ്ദേഹത്തിന്റെ ഹോട്ടലിൽ ഊണിനു ചെല്ലണം എന്നായി. ബാംഗ്ലൂർ കാരനാണ്. ഇവിടെ ചെറിയ ഒരു ഹോട്ടൽ നടത്തുന്നു. സെവൻ പ്ലേറ്റ്സ്, സൗത്തിന്ത്യൻ ഫാസ്റ്റ് ഫൂഡ് എന്ന പേരിൽ. വയ്ക്ക് രുചിക്കുന്നത് വല്ലതും കഴിച്ചിട്ട് ദിവസം മൂന്നയതിനാലാകം ക്ഷണം ഐക്യകണ്ഠേന സ്വീകരിക്കപ്പെട്ടു... ഇൻശാ അല്ലാ...

ഇന്നത്തെ യാത്ര ഫോർബസ് ഗഞ്ചിനടുത്തുള്ള മെഹബൂബ് നഗറിലേക്കായിരുന്നു. മെഹബൂബ് നഗർ അങ്ങാടിക്ക് അടുത്തുള്ള ഗ്രാമം. രണ്ടാഴ്ചമുമ്പ് പ്രളയം തകർത്ത ഗ്രാമത്തിലെ നിവാസികളത്രയും ഇപ്പോൾ പാതയോരത്ത് പ്ലാസ്റ്റിക്ക് ഷീറ്റുകൾ കൊണ്ട് കെട്ടിയ കുടിലുകളിലാണ് താമസം. പ്രളയം നശിപ്പിച്ച വീടുകളും പള്ളിയുമൊക്കെ നടന്ന് കണ്ട ശേഷം ഞങ്ങൾ മണിക്ക് പൂരിലേക്ക് പോന്നു. അവിടത്തെ പണികൾ തീർന്നപ്പോഴേക്കും ഉച്ചയായി. വിശപ്പ് തുടങ്ങിയപ്പോൾ സ്വാഭാവികമായും സലീമിന്റെ രാവിലത്തെ ക്ഷണം ഓർമ്മ വന്നു. പിന്നെ സെവൻ പ്ലേസ് അന്വേഷിച്ചായി യാത്ര. രാജ വീഥിയോരത്തുള്ള ഒരു കൊച്ചുകട. വൃത്തിയും വെടിപ്പുമുണ്ട്. ഞങ്ങളെ വിരുന്നുകാരെ എന്ന പോലെ തന്നെയാണ് സ്വീകരിച്ചത്.  ചോറും മീനും ഇറച്ചിയും രുചികരമായ ഉപദംശങ്ങളുമൊക്കെക്കൂടി ഹൃദ്യമായ വിരുന്ന് ബില്ലു കൊടുക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും നടന്നില്ല. ഇനി നിങ്ങളിവിടെ വരികയാണെങ്കിൽ വാങ്ങിക്കൊള്ളാം എന്ന് അദ്ദേഹം വിനീതനായി. ഊണിന്റെ കനം കൊണ്ടാകാം തിരിച്ച് റൂമിലെത്തി ഒന്ന് വിശ്രമിക്കാം എന്നായി കളക്റ്റീവ് ഒപ്പീനിയൻ.‌ റൂമിലെത്തി കുറേ വിശ്രമിച്ചു. വൈകുന്നേരം മണിക്ക്പൂരിൽ പോയി അവിടത്തെ സ്കൂളും മറ്റും സന്ദർശിച്ചു. വൈകുന്നേരം സ്ഥലത്തെ പൗരപ്രാധാനിയായ സുബൈർ സാഹിബുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ഫൗണ്ടേഷനു വാഗ്ദാനം ചെയ്തിരുന്ന സ്ഥലത്തിന്റെ റജിസ്റ്റ്രേഷനെക്കുറിച്ച് ചർച്ച ചെയ്ത് റൂപിലേക്ക് മടങ്ങി.
അപ്പോഴാണ് ഇലട്രിക്കൽ ഓട്ടോ റിക്ഷയുടെ കാര്യം ഓർത്തത്. അതിലൊരു യാത്ര ആകാമെന്നായി എല്ലാവരും താമസിയാതെ അത്തരമൊന്ന് കിട്ടി. അതിൽ കയറി സെവൻ പ്ലേറ്റ്സിൽ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോൾ മണി പത്തോടടുക്കുന്നു...
ഇവിടത്തെ തിരക്കിനിടയിൽ നാടിനെ മറന്നിരിക്കയായിരുന്നു. ഇപ്പോഴാണ് ശ്രദ്ധിച്ചത്. അവിടെ
മഴ കനക്കുന്നു എന്ന വാർത്ത. നിലമ്പൂർ പട്ടണം മുങ്ങിയിരിക്കുന്നുവത്രേ  കഴിഞ്ഞ വർഷത്തേതിന്റെ ബാക്കി ഇനിയുമുണ്ടോ ആവോ....

09.08.19
ഇന്ന് കിറ്റ് വിതരണം ഉദ്ഘാടനമാണ്. രാവിലെ ബസന്ത് പൂരിലേക്ക് പുറപ്പെടാനൊരുങ്ങവേ വിഷൻ 26 ന്റെ വളണ്ടിയർമാരായ അബ്ദുള്ളയും നാസറും വന്നു. അവർടെ ടാർജറ്റായ ഗ്രാമങ്ങളിലേക്ക് പോകും വഴി കയറിയതാണ്. ഇന്ന് ഞങ്ങൾ വണ്ടി ഏർപ്പാടാക്കിയിരുന്നില്ല. ചിലവ് കഴിവതും കുറക്കുക എന്നനയത്തിൽ ഞങ്ങൾ ഏകാഭിപ്രായക്കാരായിരുന്നു. ഭാഗ്യം നാസറും അബ്ദുള്ള യും ഞങ്ങളെ ബസന്ത് പൂരിലെത്തിച്ചു.‌ പക്ഷേ വാഹന സൗകര്യം കിട്ടിയെങ്കിലും പ്രാതൽ കഴിക്കാൻ സമയം കിട്ടിയില്ല. റോഡ് പൂർണ്ണമായും തകർന്നിരുന്നതുകൊണ്ട് ബസന്ത് പൂരിലേക്ക് ചെന്നെത്തുക വളരെ പ്രയാസകരമായിരുന്നു. അതിനാൽ അതിർത്തി ഗ്രാമമായ മനിക്പൂരിൽ ഒക്ഷ്ഹിഞ്ഞു കിടക്കുന്ന ഒരു കെട്ടിടത്തിൽ വെച്ച് കിറ്റുകൾ വിതരണം ചെയ്തു. അത് വാങ്ങാൻ ഒത്തു കൂടിയ ഗ്രാമീണരുടെ ദയനീയഭാവം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല. കിറ്റും തലയിൽ വെച്ച് വഴുക്കുന്ന വർമ്പിലൂടെ നടങ്ങു നിങ്ങിയിരുന്ന മനുസഹോദരങ്ങളുടെ ചിത്രം കുറേകാലം എന്നെ വേട്ടയാടും എന്നുറപ്പ്. ഇടക്ക് മഴചാറാൻ തുടങ്ങി.  വല്ലാത്ത വിശപ്പ് വാച്ചിൽ നോക്കിയപ്പോൾ മണി പത്തര കഴിഞ്ഞിരുന്നു. വിതരണം തീർത്ത് ഒരു ഓട്ടോയെടുത്ത് സെവൻ പ്ലേറ്റ്സിൽ വന്ന് ഭക്ഷണം കഴിച്ചു. ദോശയും ചട്ണിയും അച്ചാറും എല്ലാം നാട്ടിലേപ്പോലെ. ബീഹാറിൽ വന്നശേഷം ആദ്യമായി കിട്ടിയ നാടൻ പ്രാതൽ. അത് കഴിഞ്ഞ് റൂമിൽ വന്ന് വിശ്രമിച്ചു. മണി പന്ത്രണ്ടായപ്പോൾ പള്ളിയിലേക്ക് തിരിച്ചു.  വഴിക്ക് വെച്ച് സഫീടിന്റെ ഫോൺ വന്ന് വീട്ടു വളപ്പിലേക്ക് വെള്ളം കയറിയിരിക്കുന്നു. മഴ തുടർന്നാലൊരു പക്ഷേ ......
എന്തോ ഒരു വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനത്തിന് വന്നവനായതുകൊണ്ടാകാം എനിക്ക് ഒരു വെപ്രാളവും തോന്നിയില്ല എന്റെ നാഥൻ അവ്ന്റെ ഇഷ്ടം... അവൻ കരുണാ നിധിയും യുക്തിമാനുമത്രേ. പള്ളിയിൽ നിന്ന് മടങ്ങവേ മൂഴിയിൽ നിന്ന് കുമാരൻ വിളിച്ചു. പെരുവണ്ണാമൂഴിയിൽ വലിയ വെള്ളപ്പൊക്കമാണത്രേ.
മലയിടിച്ച് വയൽ നികത്തിൽ മണൽ കോരി കെട്ടികങ്ങൾ പണിയൽ മിറ്റങ്ങളാകെ കട്ട വിരിക്കൽ മുതലായ വികസനങ്ങൾ ഫലം തരാൻ തുടങ്ങിയെന്നേ ഉള്ളൂ. സഹിക്കുകതന്നെ...
കൂട്ടുകാർ അത്താഴം കഴിക്കാൻ പുറത്ത് പോയി. ഞാൻ ഫേസ്ബുക്കിലൂടെ കണ്ണോടിച്ചു നോക്കി.നാട്ടിലെ പ്രളയ ദുരന്തങ്ങളുടെ വാർത്തകൾ ഫേസ്ബിക്കിൽ നിറഞ്ഞിരിക്കുന്നു. നിലമ്പൂരിലെ ഹതഭാഗ്യരുടെ കഥ... ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ എന്നല്ലാതെ എന്ത് പറയാൻ. കേട്ടിടത്തോളം കൊണ്ട് മനസിടിഞ്ഞു. ഇന്നിനി കിടന്നാൽ ഉറക്കം കിട്ടുമെന്ന് തോന്നുന്നില്ല. നാളെ മടങ്ങേണ്ടതാണ്. പുലർച്ചെ രണ്ട് മണിക്ക് റൂമിൽ നിന്നിറങ്ങുകയും വേണം. ഏതായാലും കിടന്ന് നോക്കാം....

10.08.2019
തിരികെ യാത്ര...
അഞ്ച് ദിവസങ്ങൾക്ക് മുമ്പ് ഈ യാത്രയുടെ തുടക്കത്തിൽ അതിരാവിലെ മൂന്നരക്ക് ഓങ്ങല്ലൂർ ബസ് വൈറ്റിങ്ങ് ഷെഡിൽ സഹയാത്രികൻ സൈഫ് സാഹിബിനെ കാത്ത് നിൽകവേ ഇരുണ്ട മാനത്തേക്ക് നോക്കി ഞാൻ പ്രാർഥിക്കുകയുണ്ടായി പടച്ചവനേ ഒന്ന് രണ്ട് മഴകളെങ്കിലും ഉടനെ നീ ഞങ്ങൾക്ക് തന്നില്ലയെങ്കിൽ ഈ വർഷം ഞങ്ങൾ ദാഹിച്ച് വലയുമല്ലോ... വെറും അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്ന് പുലർച്ചെ രണ്ടേകാലിന് തിരികെ പുറപ്പെട്ടിരിക്കുന്ന ഞാൻ പ്രാർത്ഥിക്കുന്നു നാഥാ ഞങ്ങളോട് പൊറുത്താലും. എന്റെ നാട്ടിനു മേൽ നീ വർഷിക്കുന്ന പേമാരി നീ ശമിപ്പിക്കുന്നില്ലെങ്കിൽ ഞങ്ങളെല്ലാം മുങ്ങിമരിക്കുമല്ലോ. ഈ മഴയെ നീ ഞങ്ങളിൽ നിന്നും അതിന്റെ ആവശ്യക്കാരിലേക്ക് തിരിച്ച് വിടണേ ...
പുലർച്ചെ ഒരുമണിക്കുണർന്നു. പല്ലുതേപ്പും കുളിയും മറ്റും കഴിച്ച് സൈഫു സാഹിബിനെ ഉണർത്തി. പാക്കിങ്ങും വേഷം മാറലും കഴിഞ്ഞപ്പോഴേക്കും ദിൽഷാദ് സാഹിബും ഹലീൽവക്കീലും ഒരുങ്ങിയിരുന്നു. പറഞ്ഞ പോലെ ഡ്രൈവർ ഹിലാലും ഇല്ല്യാസും റെഡി. പ്രാർത്ഥനയോടെ ഞങ്ങൾ പുറപ്പെട്ടു. വികസനങ്ങളുടെ ക്ഷതമേൽകാത്ത ബീഹാർ ഗ്രാമങ്ങളിലെ പാട ശേഖരങ്ങൾക്ക് നെടുകെ ഡാർജിലിങ്ങി ലേക്ക് നീണ്ടു കിടക്കുന്ന രാജ വീഥി. ഹിലാൽ നല്ല വേഗതയിൽ ജീപ്പ് പ്പ്ടിച്ചു. ഒരു മണിക്കൂർ കഴിഞ്ഞുകാണും ഞങ്ങൾ പശ്ചിമബംഗാളിൽ പ്രവേശിച്ചു. നമുക്കൊരു ചായ കുടിക്കാം എന്ന് ആരോ പറഞ്ഞപ്പോൾ വഴിയിൽ കണ്ട ഒരു ചെറിയ ചായമക്കാനിയുടെ മുന്നിൽ ഹിലാൽ കടിഞ്ഞാണിട്ടു സമയമപ്പോൾ നാലുമണി കഴിഞ്ഞു കാണും. കുറേ ലോറി ഡ്രൈവർമാർ കടക്ക് മുന്നിൽ നിരത്തിയ ബെഞ്ചിലും പ്ലാസ്റ്റിക്ക് കശേരകളിലും ഇരിക്കുന്നു. ചിലർ ഭവ്യതയോടെ  എഴുന്നേറ്റ് ഞങ്ങൾക്ക് ഇടമൊരുക്കി. രണ്ടു വനിതകൾ അമ്മയും മകളുമാണെന്ന് തോന്നുന്നു കച്ചവടക്കാർ.   ചെറിയ ഗ്ലാസുകളിൽ അവർ ചായ വിളമ്പി. കുടിച്ച ഗ്ലാസ് കയ്യിൽ വാങ്ങുകയും ചെയ്തു. ബീഹാറും ബംഗാളും തമ്മിലുള്ള വ്യത്യാസം. സമയം പോകുന്നു എന്ന് കണ്ടപ്പോൾ വാഹനത്തിൽ ഇരുന്നുകൊണ്ട് തന്നെ സുബഹി നമസ്കരിച്ചു. താമസിയാതെ വിമാനത്താവളത്തിൽ എത്തി. മുമ്പ് ഞാൻ കാരക്കാട് റെയിൽ വേസ്റ്റേഷനോട് ഉപമിച്ച താവളം. ബാഗ്ദോഗ്ര.  സമയം അഞ്ചര കഴിഞ്ഞതേയുള്ളൂ. അകത്ത് കയറണമെങ്കിൽ സമയമിനിയും കഴിയണം. അതുവരെ പുറത്ത് ഒഴിവുള്ള തിണ്ണമേലിരുന്ന് ഞങ്ങൾ കണക്കുകൾ പരിശോധിച്ചു. ആറരയോടെ അകത്തുകയറി ചെക്കിൻ ചെയ്തു. ബാഗ് ഡ്രോപ്പിങ്ങ് കഴിഞ്ഞു പ്രാതൽ കഴിച്ചു. ഓരോ സാന്റ്വിച്ചും കാപ്പിയും. വഴിയെ സെക്യൂരിറ്റി ചെക്കിങ്ങും കഴിച്ച് മൂന്നാം ഗേറ്റിനു സമീപം വന്ന് ഇരിപ്പായി. കണ്ണൂരിൽ നിന്നും വത്സൻ വിളിച്ച് വിശേഷങ്ങളന്വേഷിച്ചു. ടിവി യിൽ പ്രളയ വാർത്തകൾ കേട്ട് എന്റെ പഴയകാല സുഹൃത്ത്‌ ബേജാറായിരിക്കുകയാണ്. എന്തോ എനിക്ക് കരച്ചിൽ വന്നു.  1982 ൽ പിരിഞ്ഞ എന്നെ ഇന്നും അദ്ദേഹം ഓർക്കുന്നു. ഒരു സഹോദരനെപ്പോലെ എന്റെ കാര്യങ്ങള ന്വേഷിക്കുന്നു.  ഈശ്വരനവന് നല്ലതുവരുത്തട്ടേ. പെട്ടന്ന് വീട്ടിലെ ഓർമ്മകളെന്നെ അസ്വസ്ഥനാക്കാൻ തുടങ്ങി. പ്രളയത്തിന്റെ സ്ഥിതി എന്തായീ ആവോ. ശാഫിയെ വിളിച്ചു നോക്കി കിട്ടിയില്ല. സഫീറിനെ വിളിച്ചു. വലിയ പ്രശ്നങ്ങളില്ല എന്നറിഞ്ഞു അൽ ഹംദു ലില്ലാ. വിമാനത്തിലേക്കുള്ള വിളി വന്നു. ഞങ്ങൾ ചെന്ന് കയറി താമസിയാതെ ഒമ്പത് മണിയോടെ  പറന്നുയരുകയും ചെയ്തു. വിമാനത്തിലിരുന്ന് വിമാനത്തിലിരുന്ന് കുറിപ്പുകൾ തയ്യാറാക്കി.‌ വിമാനത്തിലിരുന്ന് കുറേ എഴുതി. പതിനൊന്നേ നാല്പതിന് വിമാനം ബാംഗ്ലൂരിലിറങ്ങി. പ്രഖ്യാപിച്ചിരുന്നതിൽ നിന്നും കുറേ നേരത്തെ...വേഗം പുറത്ത് പോയി ചായകഴിച്ചു. വിമാനം  മാറിക്കയറാനുള്ള പരിശോധനകൾ തീർത്ത് ഇരുപത്തിരണ്ടാം ഗേറ്റിൽ കാത്തിരിപ്പായി. ഗേറ്റിൽ നീണ്ട ക്യൂ ആയിരുന്നു. ഒന്നരയോടടുത്ത് വിമാനം കോയമ്പ്ത്തൂരിലേക്ക് തിരിച്ചു. ബാഗുകളെടുത്ത് പുറത്ത് കടന്നപ്പോൾ മണി മൂന്നോടടുത്തു. കാറുമായി ബിലാൽ കാത്ത് നില്പുണ്ടായിരുന്നു. നേരിയ മഴക്കാറ് മൂടിയ അന്തരീക്ഷം.  വഴിക്ക് വെച്ച് ഊണു കഴിച്ചു. ഹോട്ടൽ അന്നപൂർണ. രുചികരമായ തെന്നിന്ത്യൻ ഭക്ഷണം...
യാത്രക്കിടെ വയർ നിറഞ്ഞ ആലസ്യത്തിൽ നന്നായൊന്ന് ഉറങ്ങി. ഉണർന്നപ്പോൾ വണ്ടി കേരളത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞിരുന്നു. പുറത്ത് നേരിയ മഴ. അതിർത്തി കടന്നതും മഴതുടങ്ങി എന്നാണ് സൈഫു സാഹിബ് പറഞ്ഞത്. പാലക്കാടിനടുത്ത് വെച്ച് ഡ്രൈവർ ഇറങ്ങി. വണ്ടിയുടെ നിയന്ത്രണം സൈഫു ഏറ്റെടുത്തു. പാലക്കാട്ടെത്തിയപ്പോൾ മഴ ശമിച്ചിരുന്നു. പുതുപ്പാടി തെരുവിൽ വക്കീൽ ഇറങ്ങി. പറളിക്കടുത്ത് ദിൽഷാദ് സാഹിബും. ഏഴു മണിയോടെ ഓങ്ങല്ലൂരിലെത്തി. ഒരു ഓട്ടോയെടുത്ത് വീട്ടിലെത്തി. മിറ്റം കുളമായിരുന്നു. സർവ്വേശ്വരന്ന് സ്തുതി. കുളമല്ലേ ആയുള്ളൂ. പുഴയായില്ലല്ലോ. അകത്ത് കയറി വാർത്ത നോക്കി. മലപ്പുറം ജില്ലയിലൊരിടത്ത് നൂറോളം വീടുകൾ ഒലിച്ച് പോയിരിക്കുന്നു. നാഥാ മിറ്റത്തേക്കല്പം വെള്ളം കയറിയപ്പോഴേക്കും ബേജാറായിപ്പോയ  എന്നോട് പൊറുക്കുക...