Tuesday, October 5, 2010

എന്റെ ഗ്രാമം


ഈ മനോഹരതീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന് കവിപാടിയത് എന്റെ ഗ്രാമത്തെക്കുറിച്ചാണെന്ന് വീമ്പു പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്...
അന്ന് പഞ്ചാര മണല്‍ നിറഞ്ഞ നിളയും അതിനു തെക്ക് കരിമ്പനക്കൂട്ടങ്ങള്‍ നിറഞ്ഞ നമ്പറവും അതിനുമപ്പുറം തലയുയര്‍ത്തിനില്ക്കുന്ന കൊണ്ടൂരക്കുന്നും വടക്ക് കാലന്‍ കുളവും തുലാമിറ്റവും... അര്‍ദ്ധ പട്ടിണിയിലും നന്മ കൈവിട്ടിട്ടില്ലാത്തഗ്രാമീണരും എല്ലാം....ഓര്‍ മകള്‍ മാത്രമായ്മാറുന്നു.
ഇന്ന് പുഴയിലെ മണലും കുന്നുകളിലെമണ്ണും പാടങ്ങളിലെ കളിമണ്ണൂം വില്പനച്ചരക്കുകളായി. . സുഖത്തിന്നു പുതിയ നിര്‍ വചനങ്ങളായി... പ്രധാന ദൈവം ധനമായി. അതുണ്ടാക്കാന്‍ പുതിയ മാര്‍ഗങ്ങളും ആയി.
കുപ്പകള്‍ ചിനക്കിയാല്‍ മാണിക്യം കിട്ടുമെന്ന് കവി കടമ്മനിട്ട അവര്‍ക്കുപാടിക്കൊടുത്തു. അങ്ങനെ അവര്‍ കുപ്പകള്‍ പെറുക്കാന്‍ തുടങ്ങി. അപ്പോള്‍ സംഗതി ശരിതന്നെ. കുപ്പയില്‍ നിറയെ മാണിക്യങ്ങള്‍. ഉന്മത്തരായി അവര്‍ നാട്ടിലെ മുഴുവന്‍ കുപ്പകളും വിലക്കുവാങ്ങി ഗ്രാമത്തില്‍ കൊണ്ട് വന്ന്കൂട്ടാന്‍ തുടങ്ങി. ഗ്രാമം കുപ്പയില്‍ മൂടി. കുപ്പക്കിടയില്‍ മാണിക്യകൊട്ടാരങ്ങള്‍ തലഉയര്‍ത്തി. അഭിമാനപൂര്‍വം അവര്‍ കുപ്പക്കച്ചവടത്തില്‍ മുഴുകി...ഉപദേശകരും രക്ഷകന്മാരുമൊക്കെ അവര്ക്കുപ്രോല്‍സാഹനങ്ങളുമായെത്തി. ഇപ്പോള്‍ നാട്ടില്‍ സുഖമാണ് എല്ലാം വലിയ വലിയ കാര്യങ്ങള്‍.. വലിയവീടുകള്‍, വലിയകാറുകള്‍. വലിയരോഗങ്ങള്‍ കഴിഞ്ഞ അഞ്ചു വര്ഷത്തിനിടെ നാട്ടില്‍ മരിച്ചവരത്രയും കാന്‍സര്‍ രോഗികള്‍ .......
കുപ്പയില്‍ മൂടി ശ്വാസം മുട്ടി ഈ ജനം നശിക്കുന്നതുകാണാന്‍ ഞാനായിട്ടു ബാക്കിയാവില്ലല്ലോ‌ എന്ന് സമധാനം ഞാനും അവരുടെ കൂടെ യാണല്ലോ....
അവസാനകാലം കഴിച്ചുകൂട്ടാന്‍ ഞാന്‍ തിരഞ്ഞെടുത്തത് എന്റെ ഗ്രാമം തന്നെ യാണല്ലോ...
എന്റെ ഗ്രാമമേ എന്നോടും എന്നെപ്പോലെ നിന്റെ നാശത്തിനെതിരെ ഒന്നും ചെയ്യാനാവാതെ നെടുവീര്പ്പിടുന്ന എന്നെപ്പോലുള്ളവരോടും പൊറുക്കുക....
നിനക്കൊരുദിവസം വരുന്നുണ്ട് ... നിന്നെ പരിപാലിക്കാനേല്പിക്കപ്പെട്ടവന്‍ നിന്നെ വിറ്റുതിന്നതിന്റെ പരാതി നിന്റെ നാഥനോടു ബോധിപ്പിക്കാന്‍ നിനക്കനുവദിക്കപ്പെട്ട ദിവസം അതുവരെ നീക്ഷമിക്കുക.... ഈശ്വര സ്രൃഷ്ടികളില്‍ ഏറ്റവും ക്ഷമയുള്ളതു നിനക്കായതുകോണ്ടാണല്ലോ ഭൂമിയെപ്പോലെ ക്ഷമിക്കുന്നഎന്നൊക്കെ സാഹിത്യകാരന്മാര്‍ വെച്ചു കാച്ചുന്നത്.
" ഭൂമി അതിന്റെ കുലുക്കത്താല്‍ പ്രകമ്പനം കൊള്ളുമ്പോള്‍
അവളവളുടെ ഭാരം പുറം തള്ളൂമ്പോള്‍
മനുഷ്യര്‍ ചോദിക്കും ഇവള്‍ ക്കെന്തു പറ്റിപ്പോയീ എന്ന്
അവളുടെ നാഥന്‍ അവള്‍ക്കുല്ബോധനം നല്കിയതിന്‍ ഫലമായ്
അന്ന് അവളവുടെ വ്രൃത്താന്തങ്ങള്‍ അവള്‍ പറയും ......"
വിശുദ്ധ ഖുര്‍ ആന്‍